ഹിജാബ് ധാരി ബുക്കര്‍ പ്രൈസ് നേടുമ്പോള്‍
ജോഖ അല്‍ഹാര്‍തി എന്ന ഒമാനീ സ്ത്രീയുടെ സെലസ്റ്റിയല്‍ ബോഡീസ് എന്ന ഗ്രന്ഥത്തിന് മാന്‍ ബുക്കര്‍ പ്രൈസ് നേടിയെന്ന വാര്‍ത്ത വായിച്ചപ്പോള്‍ എന്‍റെ കണ്ണിലുടക്കി നിന്നത് അവരുടെ ഹിജാബായിരുന്നു. അവരുടെ ഒരു രചനയും മുമ്പ് ഞാന്‍ വായിക്കുകയോ അവരെക്കുറിച്ച് എന്തെങ്കിലും തരത്തിലുള്ള ധാരണ വെച്ചു പുലര്‍ത്തുകയോ ചെയ്തിരുന്നില്ലെങ്കിലും മഹത്തായ മാന്‍ ബുക്കര്‍ പ്രൈസ് ഒരു ഹിജാബ് ധാരിയായ മുസ്ലിം സ്ത്രീ നേടിയിരിക്കുന്നുവെന്നത് മാത്രം എന്‍റെ മനസ്സില്‍ തറച്ച് നിന്നു.
ഹിജാബ് ധരിച്ച സ്ത്രീകള്‍ (ഞാനടക്കമുള്ളവര്‍) ഉന്നതമായ നേട്ടങ്ങള്‍ കൈവരിക്കുമ്പോഴൊക്കെ പുതിയ ലോകത്തിന് വലിയ ഞെട്ടലാണുണ്ടാവുക. തങ്ങള്‍ ഇഷ്ടപ്പെടുന്ന വസ്ത്രം ധരിച്ചു എന്ന ഒറ്റക്കാരണത്താല്‍ അപമാനിക്കുകയും വെറുപ്പിന്‍റെ മുന്‍ധാരണ വെച്ച് പുലര്‍ത്തുകയും ആക്രമിക്കുക പോലും ചെയ്യുന്ന ഈ ലോകത്തിന് മുമ്പില്‍ ഒരു ഹിജാബ് ധരിച്ച സ്ത്രീ തലയുയര്‍ത്തി നില്‍ക്കുന്നതും ഹിജാബ് വിമര്‍ശകരുടെ വായയടപ്പിക്കുന്നതും ഏറെ ആശാവഹമായ കാഴ്ച തന്നെയാണ്.
ജോഖായുടെ വിജയം എന്നെ ഓര്‍മ്മിപ്പിക്കുന്നത് ഒരു അധമമായ ചിത്രത്തെയാണ്. ഒരു കൂട്ടം ഹിജാബ് ധരിച്ച സ്ത്രീകള്‍ ഒരു വശത്തേക്ക് സഞ്ചരിക്കുന്നതും അവര്‍ക്കിടയില്‍ നിന്ന് ഹിജാബ് ധരിക്കാത്ത മറ്റൊരു സ്ത്രീ കയ്യില്‍ ഒരു പുസ്തകവുമായി മറു വശത്തേക്ക് നീങ്ങുന്നതുമാണ് ആ ചിത്രം. ഹിജാബ് അടിച്ചമര്‍ത്തലിന്‍റെ പ്രതീകവും പുരോഗതിയുടെ എതിര്‍ദിശയുമാണെന്നാണ് ഈ ചിത്രം വിളിച്ച് പറയുന്നത്. ഈ ചിത്രം ഇന്‍റര്‍നെറ്റ് ലോകത്ത് ഏറെ പ്രചാരം നേടുകയും ഹിജാബ് വിരുദ്ധ കാമ്പയിന്‍റെ മുഖമുദ്രയാവുകയും ചെയ്തിരുന്നു.
ഒരു ഹിജാബ് ധരിച്ച സ്ത്രീ മാന്‍ബുക്കര്‍ പ്രൈസ് ഏറ്റ് വാങ്ങുമ്പോള്‍ ഈ അസഹിഷ്ണുത പ്രകടിപ്പിക്കുന്നവരുടെ പ്രതികരണം അറിയാനാശിച്ച് പോകുന്നു.
ഒരു ചെറിയ വസ്ത്രം എങ്ങനെയാണ് ഇത്തരം ആളുകളെ പ്രകോപിപ്പിക്കുന്നതെന്ന് എനിക്കിന്നും മനസ്സിലാവുന്നില്ല. എന്ത് കൊണ്ടാണ് വലിയ പുരാഗമനം പറയുന്നവര്‍ക്ക് മറച്ച് വെക്കാനുള്ള ഒരു സ്ത്രീയുടെ അവകാശത്തെ വകവെച്ച് കൊടുക്കാന്‍ സാധിക്കാത്തത്?
സ്കൂള്‍ ഗ്രന്ഥങ്ങള്‍ പലപ്പോഴും ഹിജാബിനെ സതിയുമായാണ് താരതമ്യം ചെയ്യുന്നത്. രണ്ടും അടിച്ചമര്‍ത്തലിന്‍റെ പ്രതീകങ്ങളായാണ് അതില്‍ പരിചയപ്പെടുത്തപ്പെടുന്നത്. എന്നാല്‍ രണ്ടും തമ്മിലുള്ള വ്യത്യാസം എത്ര വലുതാണ്! ഒന്ന് ജീവിക്കാനുള്ള ഒരു സ്ത്രീയുടെ അവകാശത്തെ ഇല്ലാതാക്കുന്നതാണ്. എന്നാല്‍ ഹിജാബ് പ്രതാപത്തോടെ ജീവിക്കാനുള്ള അവകാശം നല്‍കുകയാണ് ചെയ്യുന്നത്.
ഹിജാബ് ധരിക്കുക വഴി എന്ത് മഹത്വമാണ് ആര്‍ജ്ജിക്കാന്‍ സാധിക്കുകയെന്ന് അത് ധരിക്കുന്നവരോട് ചോദിച്ചാല്‍ അവര്‍ക്ക് വ്യക്തമാ ഉത്തരം പറയാനുണ്ടാവും; ശരീരഘടനയുടെയും സൗന്ദര്യത്തിന്‍റെയും അടിസ്ഥാനത്തില്‍ വിലയിരുത്തപ്പെടുന്നതില്‍ നിന്ന് രക്ഷ നല്‍കുന്നു എന്നതാണത്. മലീമസമായ മനസ്സുകളുള്ള ചില പുരുഷന്മാരുടെ കാമ വെറിയുടെ ഇരകളാവാതിരിക്കുന്നതില്‍ ഒരു മഹത്വമുണ്ട്. ഇത്തരം കാമവെറിയന്മാരുടെ എണ്ണമാവട്ടെ ദിനം പ്രതി വര്‍ധിച്ച് കൊണ്ടേയിരിക്കുകയുമാണ്.
വിവര്‍ത്തനം റാഷിദ് ഹുദവി ഓത്തുപ്പുരക്കല്‍
Leave A Comment