ശബരിമലയും ശരീഅത്തും: ഈ ചോദ്യങ്ങള്‍ക്ക് സംഘ്പരിവാര്‍ ഉത്തരം പറയുമോ?

സംഘ്പരിവാറിന്റെ രാഷ്ട്രീയ അജണ്ടകളെ നഗ്നമാക്കി കാണിക്കുന്നതാണ് പുതിയ ചര്‍ച്ചകള്‍. ശരീഅത്ത് വിഷയവും മുത്വലാഖും വരുമ്പോള്‍ കോടതി വിധിയെ ആഘോഷമാക്കിയവര്‍ ശബരിമല വിഷയം വരുമ്പോള്‍ കോടതി മതത്തില്‍ ഇടപെടുന്നതെന്തിനെന്ന് ചോദിക്കുന്നു. തീര്‍ത്തും വിരോധാഭാസപരമാണ് ഈ ചോദ്യം.

ശരീഅത്ത് വിഷയത്തിലും ശബരിമല വിഷയത്തിലും കോടതി ഇടപെടല്‍ സംബന്ധമായി ഭിന്നമായ രണ്ടു നിലപാടുകള്‍ സ്വീകരിക്കുന്നത് വലിയൊരു അജണ്ടയുടെ ഭാഗമാണ്. 

ശബരിമല വിഷയത്തില്‍ കേരള സര്‍ക്കാര്‍ സമീപനത്തിനെതിരെ ബി.ജെ.പി ഉന്നയിക്കുന്ന പ്രധാന വാദഗതികള്‍ ഇവയാണ്:

1. തന്ത്രിമാരാണ് ആചാരങ്ങളെ കുറിച്ച് അന്തിമ വാക്ക് പറയേണ്ടത്

2. ക്ഷേത്രാചാരങ്ങള്‍ സംബന്ധിച്ച് ആധികാരികമായി പറയുന്ന ട്രാവന്‍കൂര്‍ മാന്വല്‍ പരിശോധിക്കണം.

3. വനിതകള്‍ക്കിടയില്‍ ഹിതപരിശോധന നടത്താതെ അവരുടെ ക്ഷേത്രപ്രവേശന കാര്യത്തില്‍ തീരുമാനമെടുക്കരുത്.

എന്നാല്‍, ശരീഅത്ത് വിഷയം വരുമ്പോള്‍ ഇതേ ചോദ്യങ്ങള്‍ക്ക് അവിടെയും പ്രസക്തിയുണ്ടെന്ന കാര്യം ബന്ധപ്പെട്ടവര്‍ മറന്നുപോകുന്നു. ഇവിടെ ന്യായമായും ഉയര്‍ന്നുവരുന്ന ചില ചോദ്യങ്ങള്‍ ഇവയാണ്. സംഘ്പരിവാര്‍ ഇതിനു കൃത്യമായ മറുപടി നല്‍കിയേ മതിയാവൂ.

1. വിശ്വാസ ആചാര കാര്യങ്ങളില്‍ സര്‍ക്കാറും കോടതിയുമെല്ലാം തീരുമാനമെടുക്കാന്‍ ഇത്തരം രീതികളെല്ലാം അവലംബിക്കണമെങ്കില്‍ ശരീഅത്ത് നിയമത്തിന്റെയും ഇന്ത്യയിലെ മുസ് ലിം വ്യക്തിനിയമത്തിന്റെയും പരിധിയില്‍ വരുന്ന മുത്വലാഖ് കുറ്റകൃത്യമാക്കി ഓര്‍ഡിനന്‍സ് കൊണ്ടുവന്നപ്പോള്‍ നിങ്ങളുടെ മോദി സര്‍ക്കാര്‍ എന്തെല്ലാം വ്യവസ്ഥകളാണ് പാലിച്ചത് ?

 2.ഏത് പണ്ഡിതരോടാണ് അഭിപ്രായം തേടിയത് ?ഇസ്ലാമിന്റെ ഏതെല്ലാം പ്രമാണങ്ങളാണ് പരിശോധിച്ചത്?

 3. എത്ര മുസ് ലിം  സ്ത്രീകള്‍ക്കിടയിലാണ് ഹിതപരിശോധന നടത്തിയത് ?

ഏക സിവില്‍ കോഡ് വാദവുമായി ഇനി ബി.ജെ.പി രംഗത്തു വരുന്ന ഘട്ടങ്ങളിലെല്ലാം ഈ ചോദ്യങ്ങള്‍ അവരെ വേട്ടയാടും. ശരീഅത്തിലും ശബരിമലയിലും അവര്‍ സ്വീകരിച്ച ഇരട്ടത്താപ്പും കാപട്യവും പല്ലിളിച്ചു കാണിക്കും  തീര്‍ച്ച! 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter