അടിവസ്ത്രമഴിപ്പിക്കുന്ന ഉദ്യോഗസ്ഥരും അഴിച്ചുനല്‍കുന്ന പെണ്‍കുട്ടികളും

സ്ത്രീപീഡനങ്ങളും പെണ്‍കുട്ടികള്‍ക്കു നേരെയുള്ള കടന്നാക്രമണങ്ങളും തുടര്‍സംഭവങ്ങളായ ഇക്കാലത്ത് എരിതീയില്‍ എണ്ണയൊഴിക്കുന്ന പ്രതീതിയാണ് കഴിഞ്ഞ ദിവസം നീറ്റ് പരിക്ഷയെഴുതാന്‍ വന്ന പെണ്‍കുട്ടികള്‍ക്ക് കണ്ണൂരിലുണ്ടായത്. കോന്ദ്രസര്‍ക്കാറിന്റെ മേല്‍നോട്ടത്തില്‍ സി.ബി.എസ്.ഇ നടത്തുന്ന മെഡിക്കല്‍ പ്രവേശന പരീക്ഷക്കുപോലും പെണ്‍കുട്ടികള്‍ക്ക് നിര്‍ഭയം കയറിച്ചെല്ലാന്‍ പറ്റാത്ത അവസ്ഥ രാജ്യത്ത് സംജാതമായിരിക്കുന്നു. രാജാവിനെക്കാള്‍ രാജഭക്തിയുള്ള ഉദ്യോഗസ്ഥര്‍ നാട് വാഴുന്ന കാലത്ത് കാര്യങ്ങള്‍ സഭ്യതയുടെ സര്‍വ്വ സീമകളും ഭേദിച്ച് പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിക്കുന്നിടത്തുവരെ എത്തിക്കഴിഞ്ഞുവെന്നതാണ് ഈ സംഭവം സൂചിപ്പിക്കുന്നത്. രാജ്യവ്യാപകമായി നടക്കുന്ന ഏകജാലക പ്രവേശനപ്പരീക്ഷക്ക് അതിന്റെതായ നിയമവും അച്ചടക്കവും വേണമെന്നത് ശരിതന്നെ. കഷ്ടപ്പെട്ട് ഹോംവര്‍ക്ക് നടത്തിയെത്തുന്ന വിദ്യാര്‍ത്ഥികളെ കബളിപ്പിച്ച് ഒരാളും പിന്‍വാതിലിലൂടെയോ അവിഹിത വഴികളിലൂടെയോ യോഗ്യത നേടാന്‍ പാടില്ല. അതിന് ഉദ്യോഗസ്ഥവര്‍ഗം വഴിയൊരുക്കുകയും ചെയ്യരുത്. പക്ഷേ, ഈ ചുളിവില്‍, രാജ്യം ശാസ്ത്രീയമായും സാങ്കേതികമായും ഏറെ പുരോഗമിച്ച ഇക്കാലത്തും പരീക്ഷാര്‍ത്ഥികളുടെ അടിവസ്ത്രമഴിച്ച് പരിശോധിക്കേണ്ടിവരുന്നത് ഏറെ അപരിഷ്‌കൃതവും അതിലേറെ അപമാനകരവുമാണ്. രാജ്യത്ത് ഒരിക്കലും നടക്കാന്‍ പാടില്ലാത്ത കാര്യമാണ് സര്‍ക്കാറിന്റെ തന്നെ മേല്‍നോട്ടത്തില്‍ സംഭവിച്ചിരിക്കുന്നത്. പെണ്‍കുട്ടികളുടെ സുരക്ഷാകാര്യത്തില്‍ രാജ്യത്തെ ഔദ്യോഗികമായ നിയമവും സംവിധാനവും എത്രമാത്രം ദുര്‍ബലമാണെന്ന് ഇത് വ്യക്തമാക്കുന്നു.

12 ലക്ഷത്തോളം വരുന്ന കുട്ടികളാണ് കഴിഞ്ഞ ഞായറാഴ്ച രാജ്യത്തൊട്ടാകെ നടന്ന നീറ്റ് (നാഷ്‌നല്‍ എലിജിബിലിറ്റി എന്‍ട്രന്‍സ് ടെസ്റ്റ്) പരീക്ഷയെഴുതിയത്. ഇതില്‍ അധികം പേരും പെണ്‍കുട്ടികളായിരുന്നു. രക്ഷിതാക്കളുടെയും കുടുംബത്തിന്റെയും നൂറു നൂറു മോഹങ്ങള്‍ മനസ്സില്‍ നിറച്ചാണ് ഈ കുട്ടികള്‍ പരീക്ഷയെഴുതാനെത്തുന്നത്. മാസങ്ങളും വര്‍ഷങ്ങളും നീണ്ട തയ്യാറെടുപ്പുകളും ഇതിനുവേണ്ടി നടത്തുന്നവരാണവര്‍. എന്നിട്ട്, താന്‍ ധരിച്ച അടിവസ്ത്രത്തിലെ ലോഹഹുക്ക് കാരണം ഈ പരീക്ഷ എഴുതാന്‍ കഴിയാതെ വരികയോ, അല്ലെങ്കില്‍ പരീക്ഷ എഴുതാനായി അഭിമാനം മാറ്റിവെച്ച് ഉദ്യോഗസ്ഥര്‍ക്കുമുമ്പില്‍ അടിവസ്ത്രം അഴിച്ചുനല്‍കേണ്ടി വരികയോ ചെയ്യുന്നത് ഏറെ ആപല്‍കരമാണ്. നമ്മുടെ വ്യവസ്ഥയുടെ പോരായ്മകളാണ് ഇത് സൂചിപ്പിക്കുന്നത്. ഡ്രസ്‌കോഡിന്റെ വിഷയത്തില്‍ സുപ്രീംകോടതിക്ക് വ്യക്തമായ നിര്‍ദേശങ്ങളുണ്ടെങ്കിലും ഇത്തരം ചൂഷണങ്ങളും അവഹേളനങ്ങളും ഇല്ലായ്മ ചെയ്യാല്‍ അതില്‍ കൂടുതല്‍ വ്യക്തത വരുത്തേണ്ടതിന്റെ ആവശ്യകത ഇത്തരം സംഭവങ്ങള്‍ വ്യക്തമാക്കുന്നു. അല്ലാത്തപക്ഷം, 'തീവ്ര രാജഭക്തിയുള്ള മനോരോഗികള്‍' ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കാലമത്രയും ഇത്തരം പ്രശ്‌നങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കും. പഴുതടച്ച നിയമനിര്‍മാണത്തിലൂടെ വേണം ഇതിന് പരിഹാരം കാണാന്‍. അപരിഷ്‌കൃത രീതിയില്‍ പെണ്‍കുട്ടികളെ അവഹേളിക്കുന്ന ഇത്തരം ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നിയമങ്ങള്‍ ഉണ്ടായേ തീരൂ. 

രാജ്യവ്യാപകമായി പരീക്ഷ നടന്നിട്ടും നമ്മുടെ സംസ്ഥാനത്തുനിന്നു മാത്രമാണ് ഏറെ അപഹാസ്യകരമായ ഇത്തരമൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. അതുതന്നെ, കണ്ണൂര്‍ ജില്ലയിലെ കുഞ്ഞിമംഗലം കൊവ്വപ്പുറം ടിസ്‌ക് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍നിന്ന്. മാതാവിനോടും സഹോദരനോടുമൊപ്പം രാവിലെ പത്തുമണിക്ക് പരീക്ഷയെഴുതാന്‍ വന്ന പെണ്‍കുട്ടിയോട് ചുരിദാറിനോടൊപ്പമുള്ള കറുത്ത പാന്റ്‌സ് ധരിച്ച് പരീക്ഷാ ഹാളില്‍ കയറാന്‍ അനുവദിക്കില്ലെന്ന് പരിശോധകര്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥിനി പോയി മറ്റൊരു പാന്റ്‌സ് ധരിച്ചുവന്നു. പിന്നീട് നടന്ന പരിശോധനയില്‍ മെറ്റല്‍ ഡിറ്റക്ടര്‍ ബീപ് ശബ്ദമുണ്ടാക്കി. അത് അടിവസ്ത്രത്തിലെ ഹുക്ക് ലോഹംകൊണ്ടായതിനാലാണെന്നറിയിച്ചപ്പോള്‍ അതുംപോയി മാറ്റിവരാന്‍ പരിശോധകര്‍ പറഞ്ഞു. സമയം വളരെ വൈകിയതിനാല്‍ അവിടെവെച്ചുതന്നെ അടിവസ്ത്രം അഴിച്ചുനല്‍കി പെണ്‍കുട്ടി പരീക്ഷാ ഹാളിലേക്ക് കടക്കുകയായിരുന്നു.  

സംഗതി പ്രശ്‌നമായതോടെ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ പോലീസ് കേസെടുക്കുകയും അടിവസ്ത്രമഴിപ്പിച്ച സംഭവത്തില്‍ നാല് അധ്യാപികമാരെ സസ്‌പെന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയെ അപമാനിച്ചതിനും സ്വകാര്യതക്ക് ഭംഗംവരുത്തുന്ന പ്രവൃത്തികള്‍ നടത്തിയതിനും ഇന്ത്യന്‍ ശിക്ഷാനിയമം 509 പ്രകാരമാണ് പരിയാരം പോലീസ് കേസെടുത്തത്. മാനഹാനിയുടെ ഈ കൊടിയ നിലപാടിനെതിരെ നാനാഭാഗത്തുനിന്നും ഇതിനകം ശക്തമായ പ്രതിഷേധങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം നിയമസഭയിലും സംസ്ഥാനത്തിന് അപമാനമായി മാറിയ ഈ സംഭവത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. വിദ്യാര്‍ത്ഥികളുടെ വസ്ത്രമഴിച്ച് പരിശോധിച്ചത് അപരിഷ്‌കൃത നടപടിയാണെന്നും അതിനെതിരെ ശക്തമായി പ്രതിശേധിക്കുന്നുവെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കുകയുണ്ടായി. സഹോദരിമാരുടെ വസ്ത്രാക്ഷേപം നടത്തിയവര്‍ ദുശ്ശാസനന്മാരുടെ മനോഭാവമാണ് വെച്ചുപുലര്‍ത്തുന്നതെന്ന് സ്പീക്കറും തുറന്നുപറഞ്ഞു. കേരളത്തില്‍തന്നെ ചിലയിടങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ വസ്ത്രങ്ങളുടെ കൈ മുറിച്ചുമാറ്റുകയും ലോഹ ബട്ടണുകളും സിബ്ബുകളും ഇളക്കി മാറ്റുകയും ചെയ്തതായി വാര്‍ത്തയുണ്ട്. ഒരു പരീക്ഷയുടെ പടിവാതില്‍ കടക്കാന്‍ മാനുഷിക മഹത്വത്തിനു തന്നെ അപകീര്‍ത്തി വരുത്തുംവിധം കാടന്‍ രീതികള്‍ സ്വീകരിക്കുന്നത് ഈ പരിഷ്‌കൃത കാലത്ത് ഒരിക്കലും ന്യായീകരിക്കാവതല്ല. കാലങ്ങളായി മോഹിച്ചിരിക്കുന്ന പരീക്ഷ നിറമനസ്സോടെ എഴുതിയെടുക്കാന്‍ വരുന്ന പെണ്‍കുട്ടികളെ മാനസികമായും സാമൂഹികമായും പീഡിപ്പിക്കുകയാണ് ഉദ്യോഗസ്ഥര്‍ ഇത്തരം നിലപാടുകളിലൂടെ ചെയ്യുന്നത്. 

മുമ്പും സമാനമായ സംഭവങ്ങള്‍ കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. ശിരോവസ്ത്രം ധരിച്ചുവന്ന പെണ്‍കുട്ടികളോട് അത് അഴിച്ചുവെക്കാന്‍ പറഞ്ഞതായിരുന്നു അന്നത്തെ സംഭവം. പരീക്ഷയുടെ നിയമങ്ങള്‍ കര്‍ശനമാക്കുന്നിടത്ത് മനുഷ്യാവകാങ്ങള്‍ പോലും ഹനിക്കപ്പെടുന്നത് ഒരു നിയമത്തിനും ന്യായീകരിക്കാനാവാത്ത കാര്യമാണ്. അത് തലയിലെ വസ്ത്രമാണെങ്കിലും അരയിലെ വസ്ത്രമാണെങ്കിലും അടിവസ്ത്രമാണെങ്കിലും എല്ലാം ഒരുപോലെത്തന്നെ. പലര്‍ക്കുമത് പല നിലക്കായിരിക്കും അനുഭവപ്പെടുന്നത്. യൂറോപ്യരുടെ വസ്ത്ര സംസ്‌കാരം നോക്കി ഇന്ത്യക്കാരോട് തിരുത്താന്‍ പറയുന്നത് ശരിയല്ല. മതേതരത്വ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ ഭരണഘടന നല്‍കുന്ന ചില അവകാശങ്ങളും രീതികളുമുണ്ട്. പരീക്ഷകള്‍ പോലെയുള്ള ചില നിര്‍ണായക ഘട്ടങ്ങളില്‍ അധികാരികള്‍ ഇതിനെതിരെ തിരിയുന്നത് ഒരിക്കലും ന്യായീകരിക്കാവതല്ല. കടുത്ത മനുഷ്യാവകാശ ലംഘനവും അവകാശധ്വംസനവുമാണത്. 

അടിവസ്ത്രമഴിപ്പിക്കുന്ന ഉദ്യോഗസ്ഥരെപ്പോലെത്തന്നെ മറ്റൊരു വിഷയമാണ് ഇവിടെ അതഴിച്ചുനല്‍കുന്ന പെണ്‍കുട്ടികളും. നിവൃത്തികേടും നിസ്സഹായതയുമാവാം അവരെ ഇതിനു പ്രേരിപ്പിക്കുന്നത്. ഒന്നും രണ്ടും വര്‍ഷങ്ങള്‍ എന്‍ട്രന്‍സ് കോച്ചിങിനു പോയിട്ടായിരിക്കും അവര്‍ പരീക്ഷയെഴുതാന്‍ വരുന്നത്. അപ്പോഴാണ് ചില ഉദ്യോഗസ്ഥരുടെ വാശി കാരണം ഇത്തരം ദുരനുഭവങ്ങളുണ്ടാകുന്നത്. തങ്ങളുടെ അവസരം പാഴാവേണ്ട എന്നു കരുതി അവര്‍ അധികാരികള്‍ പറയുന്നതിനെല്ലാം തയ്യാറാവുന്നു. പക്ഷെ, തട്ടമഴിച്ചുവെച്ചും അടിവസ്ത്രം മാറ്റിവെച്ചും പരീക്ഷയെഴുതാനുള്ള ഈ തയ്യാറെടുപ്പ് പോസിറ്റീവായ ഒരു കുതിപ്പാണെന്ന് വിലയിരുത്താനാവില്ല. ആ ഒരു പ്രത്യേക മാനസികാവസ്ഥ ഏറെ വിശകലമര്‍ഹിക്കുന്നുണ്ട്. നിസ്സാഹയതയുടെ സൃഷ്ടിയാണെങ്കില്‍കൂടി ആ 'വിധേയപ്പെട'ലില്‍ ഒരു നെഗറ്റീവ് എനര്‍ജിയും ഇല്ലാതില്ല.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter