കേരള മുസ്‌ലിംകളും ഖിബ്‌ല തര്‍ക്കവും
1910 ഡിസംബര്‍ 20. പുളിക്കലില്‍ വെച്ച് ഒരു മഹാ സംവാദം നടന്നു. വിഷയം ഖിബ്ല നോട്ടം. ഒരുപക്ഷത്ത് മൗലാന ചലിലകത്ത് കുഞ്ഞഹ്മദാജി. മറുഭാഗത്ത് പൊന്നാനി പാരമ്പര്യക്കാര്‍.
സംഭവം ഇങ്ങനെ: കേരളത്തിനു പുറത്തു പോയി ഗണിത- ഗോള ശാസ്ത്രങ്ങളെല്ലാം അഭ്യസിച്ചുവന്ന മൗലാന പുതിയൊരു ദര്‍സ് തുടങ്ങി. പുതിയ 'സമന്വയ സിലബസി'ല്‍ നിന്ന് പഠിച്ചിറങ്ങിയ ചാലിലകത്തിന്റെ ചില ശിഷ്യന്മാര്‍ ആവേശം മൂത്ത് തങ്ങള്‍ പഠിച്ച ഗോള-ഗണിത ശാസ്ത്രം വെച്ച് പരിസരത്തെ ചില പളളികളുടെ ഖിബ് ല പരിശോധിച്ചു. നോക്കുമ്പോള്‍ അവയുടെ ഖിബ് ല തെറ്റ്!
അവരത് പരസ്യമായി വിളംബരം ചെയ്തു. ഖിബ് ല ശരിയല്ലാത്ത പഴയ പള്ളികള്‍ പൊളിച്ചുമാറ്റാന്‍ ആഹ്വാനം ചെയ്തു. സംഗതി വലിയ ഒച്ചപ്പാടായി. വിവാദമായി.മൗലാന ചാലിലകത്ത് ശിഷ്യന്മാര്‍ക്കു വേണ്ടി രംഗത്തിറങ്ങി. ജനം പുകള്‍പെറ്റ പൊന്നാനിയിലെ പാരമ്പര്യ പണ്ഡിതന്മാരെ സമീപിച്ചു. ചാലിലകത്തിന്റെ തന്നെ ഗുരുനാഥന്മാരായിരുന്ന തട്ടാങ്ങര കുട്ട്യാമു മുസ്ലിയാരും മഖ്ദൂം കുഞ്ഞന്‍ ബാവ മുസ്ലിയാരും വിഷയത്തില്‍ ഇടപെട്ടു.
കേരള മുസ്ലിംകളുടെ അവസാന വാക്കായിരുന്നു അവര്‍. തങ്ങള്‍ പഠിച്ചു ഗണിച്ച കണക്കുകള്‍ വെച്ചു ശരിയല്ലെന്നു തോന്നിയതുകൊണ്ടു മാത്രം, നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന പള്ളികള്‍ പൊളിക്കരുതെന്നും തലമുറകള്‍ നിസ്‌കരിച്ചു പോന്ന മിഹ്‌റാബുകളും ഖിബ് ലകളും തെറ്റാണെന്നു വിധിക്കരുതെന്നും അവര്‍ പറഞ്ഞു.
കണക്കുകളും മറ്റു വെച്ച് കഅബയുടെ സ്ഥാനം നിര്‍ണയിക്കുന്ന പ്രശ്‌നം തന്നെ ഉദിക്കുന്നത് കഅബയുടെ ഐനി(സ്വത്വം) ലേക്ക് തന്നെ തിരിയണമെന്ന വീക്ഷണപ്രകാരമാണെന്നും, എന്നാല്‍ കഅബ നിലകൊള്ളുന്ന ജിഹത്തി(ദിക്ക് ) ലേക്ക് തിരിഞ്ഞാല്‍ മതിയെന്ന വീക്ഷണവും ശാഫിഈ മദ്ഹബിയുണ്ടെന്നു അവര്‍ വ്യക്തമാക്കി. അതുകൊണ്ട് പള്ളികളൊന്നും പൊളിക്കേണ്ടതില്ലെന്ന് അവര്‍ വിശദീകരിച്ചു.
അതോടെ പണ്ഡിതന്മാര്‍ രണ്ടു ചേരിയിലായി. അങ്ങനെയാണ് 1910 ലെ പുളിക്കല്‍ സംവാദം അരങ്ങേറിയത്. പക്ഷേ 'മലബാറിലെ മുസ് ലിംകള്‍ അവരുടെ നാട്ടില്‍ നിന്ന് പടിഞ്ഞാറോട്ട് തിരിഞ്ഞു നിസ്‌കരിച്ചാല്‍ നിസ്‌കാരം ശരിയാവും' എന്ന പൊന്നാനി പക്ഷത്തിനാണ് പൊതു പിന്തുണ ലഭിച്ചത്. അതോടെ മൗലാന ചാലിലകത്ത് ഒറ്റപ്പെട്ടു. പിന്നീട് ചാലിലകത്തിന്റെ നേതൃത്വത്തില്‍ അരങ്ങേറിയ വിദ്യാഭ്യാസ പരിഷ്‌കരണങ്ങളെയെല്ലാം ജനം സംശയത്തോടെ നിരീക്ഷിക്കാന്‍ ഈ ഖിബ് ല തര്‍ക്കം കാരണമായിട്ടുണ്ട്.