ബീമാരിസ്താൻ: മൂല്യങ്ങളില്‍ പണിത ഇസ്‍ലാമിക ആതുരാലയങ്ങള്‍

നിങ്ങളുടെ ശരീരത്തിനും നിങ്ങളുടെ മേൽ അവകാശമുണ്ടെന്ന കല്പനയിൽ തുടങ്ങി ഔഷധമില്ലാതെ ഒരു രോഗവും അല്ലാഹു സൃഷ്ടിച്ചിട്ടില്ല എന്ന അദ്ധ്യാപനത്തിൽ വികസിക്കുന്നതാണ് ഇസ്‍ലാമിക നാഗരികതയിലെ ചികിത്സാലയങ്ങൾ. പാശ്ചാത്യരേക്കാള്‍ തൊള്ളായിരം വർഷം മുമ്പിൽ സഞ്ചരിച്ച ഇസ്‍ലാമിക ഹോസ്പിറ്റൽ സംവിധാനം ആധുനിക ലോകത്തിന് നൽകിയ സംഭാവനകൾ നിസ്തുലമാണ്. ബിമാരിസ്ഥാന്‍ അല്ലെങ്കിൽ ദാറുൽ മർദ എന്നപേരുകളിലായിരുന്നു ഈ ആശുപത്രികൾ അറിയപ്പെട്ടിരുന്നത്.


 
നൂതന ആശുപത്രികളോട് താരതമ്യം ചെയ്യുമ്പോൾ മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ ഇസ്‍ലാമികലോകത്തെ ചികില്‍സാ കേന്ദ്രങ്ങള്‍ വളരെ മുന്നിട്ട് നിന്നിരുന്നു. രോഗിയെ ചികില്സിക്കുന്നതിന് മരുന്നുകൾക് പുറമെ അനുവദനീയമായ വിനോദങ്ങളും ഹാസ്യ സാഹിത്യവും ശുഭാപ്തി വിശ്വാസം വര്‍ദ്ധിപ്പിക്കുന്ന തെറാപ്പികളുമെല്ലാം ഉള്‍പ്പെടുത്തി, മധ്യകാല പടിഞ്ഞാറിന് ചിന്തിക്കാൻ പോലും കഴിയാത്ത രീതിയിൽ ആശുപത്രി സമ്പ്രദായത്തിന്റെ വിപ്ലവം തന്നെ സൃഷ്ടിച്ചിരുന്നു ഇസ്‍ലാമിക രാഷ്ട്രങ്ങള്‍ സംവിധാനിച്ച ഈ ബീമാരിസ്ഥാനുകള്‍. രണ്ടു തരത്തിലുള്ള ബീമാരിസ്ഥാനകൾ നിലനിന്നിരുന്നു; ചലിക്കുന്നതും (മൊബൈൽ) സ്ഥിരമായതും (സ്റ്റേഷനറി).

പ്രവാചകർ മുഹമ്മദ് (സ്വ) തങ്ങളുടെ കാലഘട്ടത്തിൽ പേർഷ്യൻ സസാനിദ് സാമ്രാജ്യത്തിന്റെ കേന്ദ്രങ്ങളിലൊന്നായ ജൂണ്ടിസ്പുരിൽ ആതുരാലയം നിലനിന്നിരുന്നു. കിസ്റാ നിർമിച്ച ഈ മെഡിക്കൽ സ്കൂളിൽ നിന്നുമാണ് സ്വഹാബിയായ ഹാരിസ് ഇബ്ൻ കിൽദ വൈദ്യശാസ്ത്രം പഠിക്കുന്നത്. അക്കാലത്തു അനുചരന്മാരോട് പ്രവാചകർ(സ്വ) തങ്ങൾ ഹാരിസിൽ നിന്നും ചികിത്സ തേടാൻ നിർദേശിച്ചിരുന്നു.

ആശുപത്രി സംവിധാനത്തിൽ മറ്റു നാഗരികതകളിൽ നിന്നും മുസ്‍ലിം ആശുപത്രികളെ വ്യതിരിക്തമാക്കിയ ഘടകങ്ങൾ ഇസ്‍ലാം ഉയർത്തിപ്പിടിച്ച മാനുഷിക മൂല്യങ്ങളും വ്യവസ്ഥാപിതമായ നടത്തിപ്പും വൈദ്യ മേഖലയിലെ ഇസ്‍ലാമിന്റെ മുന്നേറ്റങ്ങളുമാണ്.

ഇസ്‍ലാമിൽ ആദ്യമായി ഒരു ഹോസ്പിറ്റൽ നിർമ്മിക്കപ്പെടുന്നത് അമവി ഖലീഫ വലീദ് ഇബ്ൻ അബ്ദുൽ മലികിന്റ കാലത്താണ്. പക്ഷെ, അത് പ്രധാനമായും കുഷ്ഠരോഗികളെ ശുശ്രുഷിക്കാനുള്ളതായിരുന്നു. ശമ്പളം നൽകി ഡോക്ടർമാരെ നിയമിക്കുന്നതിന് പുറമെ അന്ധർക്കും കുഷ്ഠരോഗികൾക്കും ധനസഹായവും നല്കപ്പെട്ടിരുന്നു. ഇത്തരം രോഗികളെ ക്വാറന്റൈൻ ചെയ്യാനും ഖലീഫ കല്പിച്ചതായി കാണാം.

ഖന്ദഖ് യുദ്ധ വേളയിൽ സഅദ്  ഇബ്ൻ മുആദ് (റ)വിന് വെട്ടേറ്റു കയ്യിന്റെ ഞരമ്പ് മുറിഞ്ഞപ്പോൾ, നബി(സ്വ) തങ്ങൾ തനിക്ക് ഇടയ്ക്കിടെ സന്ദർശിക്കാൻ തക്ക ദൂരത്തിലുള്ള  റൂഫയ്‌ദയുടെ തമ്പിലേക്ക് അവരെ മാറ്റാൻ കല്പിക്കുകയുണ്ടായി, ഇതാണ് ഇസ്‍ലാമിലെ ആദ്യത്തെ മൊബൈൽ ആശുപത്രിയായി എണ്ണപ്പെടുന്നത്. അതിനു ശേഷമാണ് ഖലീഫമാരുടെ കാലത്തു മൊബൈൽ ആശുപത്രികൾ എല്ലാ രീതിയിലുമുള്ള സൗകര്യത്തോട് കൂടി പ്രവർത്തിക്കാൻ തുടങ്ങിയത്. ഒരു രോഗിക്ക് ആവശ്യമായ മരുന്ന്, ഭക്ഷണ പാനീയം, വസ്ത്രങ്ങൾ, ഡോക്ടർമാർ, ഔഷധവിദഗ്ദർ എല്ലാം അതിൽ ലഭ്യമായിരുന്നു. സ്റ്റേഷനറി ഹോസ്പിറ്റൽസ് ലഭ്യമല്ലാത്ത ഗ്രാമാന്തരങ്ങളിൽ ചുറ്റിക്കൊണ്ടായിരുന്നു ഇവയുടെ പ്രവർത്തനം. സെൽജൂക് സുൽത്താൻ മഹ്‌മൂദിന്റെ കാലത്തുണ്ടായിരുന്ന ഒരു മൊബൈൽ ആശുപത്രി വഹിച്ചു കൊണ്ടുപോകാൻ നാല്പത് ഒട്ടകങ്ങൾ വേണ്ടി വന്നിരുന്നതായി ചരിത്രത്തിലുണ്ട്.

സ്റ്റേഷനറി ഹോസ്പിറ്റലുകൾ ചെറിയതും വലിയതുമായ എല്ലാ നഗരങ്ങളിലും സുലഭമായിരുന്നു. രാജാവിനും മന്ത്രിമാര്‍ക്കും മറ്റു മുതിർന്ന നേതാക്കന്മാർക്കും സൈന്യത്തിനും സ്പെഷ്യൽ ഹോസ്പിറ്റലുകൾ ഉണ്ടായിരുന്നു. ജയിൽ പുള്ളികളെ ചികില്സിക്കാനുള്ള പ്രത്യേക ആശുപത്രികൾ സജ്ജമാക്കാൻ ബഗ്ദാദിലെ മന്ത്രിയായ ഈസ ഇബ്ൻ അലി അൽജർറാഹ് അവിടുത്തെ ഡോക്ടർമാരുടെ തലവനായ സിനാൻ ഇബ്ൻ സാബിത്തിന് എഴുതിയ കത്തിൽ, എല്ലാ ദിവസവും തടവുകാർക്കു ആവശ്യമായ ചികിത്സ നല്കാൻ പ്രത്യേകം ഒരു ഡോക്ടറെ നിയമിക്കാനും കല്പിച്ചിരുന്നു.

ജനങ്ങൾ പൊതുവെ തടിച്ചു കൂടുന്ന സ്ഥലങ്ങളിൽ എമർജൻസി ഹോസ്പിറ്റലുകൾ തയ്യാറാക്കപ്പെട്ടിരുന്നു. ഈജിപ്തിലെ പ്രസിദ്ധമായ ഇബ്ൻ തൂലൂൻ മസ്ജിദ് നിർമിക്കപ്പെട്ട വേളയിൽ ഭരണാധികാരിയായ അഹ്‌മദ്‌ ഇബ്ൻ തൂലൂൻ, പള്ളിയോട് ചേര്‍ന്ന് ഒരു ഫർമസിയും പണിയുകയുണ്ടായി. എല്ലാ തരത്തിലുമുള്ള മരുന്നുകൾ ലഭ്യമായ ആ ഫാർമസി, നോക്കി നടത്താൻ പരിചാരകരും വെള്ളിയാഴ്ചകളിൽ ഡോക്ടർമാരും വന്നിരുന്നു.

അക്കാലത്ത് ഏറ്റവും വ്യവസ്ഥപിതമായി നടന്നു പോയിരുന്ന പബ്ലിക് ഹോസ്പിറ്റലുകളിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക ഭാഗങ്ങളായിട്ടായിരുന്നു ചികിത്സ നല്കിയിരുന്നത്. ഓരോ രോഗവിഭാഗങ്ങൾക്കും ഓരോ വാർഡുകളും പ്രത്യേകമുണ്ടായിരുന്നു. അതിൽ തന്നെ ആന്തരിക രോഗങ്ങൾക്കുള്ള വാർഡിനെ വ്യത്യസ്ത രോഗ ചികിത്സക്കായി ഒരുപാട് റൂമുകളാക്കി തിരിച്ചിരുന്നു. ഓരോ വിഭാഗത്തിലും ഡോക്ടർസ്, അവർക്കു മേലെ ഒരു ജനറൽ ഡോക്ടർ, ഷിഫ്റ്റായി പ്രവർത്തിക്കുന്ന ജോലിക്രമം, സാലറി പറ്റുന്ന ക്ലീനേഴ്‌സും നഴ്സുമാരും, ഹോസ്പിറ്റലും പരിസരവും ശുചിത്വം പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ ഇൻസ്പെക്ടർമാര്‍ എന്നിങ്ങനെ നാം ഇന്ന് കാണുന്ന എല്ലാ വ്യവസ്ഥകളോടെയും അന്ന് ആശുപത്രികൾ നടന്നിരുന്നു എന്നത് അത്ഭുതാവഹം തന്നെയാണ്.

എല്ലാ ഹോസ്പിറ്റലുകളിലും ഒരു ഫാർമസി (ഖസാനതു ശറാബ്) നിർബന്ധമായിരുന്നു. അതിൽ മരുന്നുകൾക് പുറമെ ഉയർന്ന മൂല്യമുള്ള സുഗന്ധ ദ്രവ്യങ്ങൾ, ശസ്ത്രക്രിയ ഉപകരണങ്ങൾ, തുടങ്ങിയവയും ലഭ്യമായിരുന്നു. 

ആശുപത്രിയിലേക്കുള്ള പ്രവേശനത്തിന് ഒരു പ്രത്യേക സിസ്റ്റം നിലനിന്നിരുന്നു. പാവങ്ങൾക്കും പണക്കാരനും അപരിചിതർക്കും സൗജന്യമായി പ്രവേശനം ലഭിച്ചിരുന്നു. ഒരു രോഗിയുടെ ചികിത്സയുടെ പ്രഥമ ഘട്ടത്തിൽ പുറത്തുള്ള വാർഡിൽ പരിശോധിച്ചതിനു ശേഷമേ അകത്തു കടക്കാനുള്ള അനുവാദം നല്‍കിയിരുന്നുള്ളൂ. നേരിയ തോതിലുള്ള രോഗമുള്ളവരാണെങ്കിൽ ഫാർമസിയിൽ നിന്നും മരുന്നു വാങ്ങാനുള്ള ഒരു കുറിപ്പടി കൊടുക്കുകയായിരുന്നു പതിവ്. രോഗത്തിന് ആശുപത്രി പ്രവേശനം അത്യാവശ്യമാണെങ്കിൽ അയാളുടെ പേര് രജിസ്റ്റർ ചെയ്തതിനു ശേഷം ബാത്‌റൂമിൽ പ്രവേശിച്ചിപ്പിച്ച് ധരിച്ചിരുന്ന വസ്ത്രം അഴിച്ചു ഒരു പ്രത്യേക സ്റ്റോറിൽ സൂക്ഷിക്കുകയും പുതിയ ഒരു ജോഡി ഹോസ്പിറ്റലിലെ പ്രത്യേക വസ്ത്രം ധരിച്ചു ഏത് രോഗത്തിനാണോ ചികിത്സ തേടുന്നത് അതിനു തയ്യാറക്കിയ വാർഡിൽ പ്രവേശിപ്പിക്കുകയും ചെയ്യുമായിരുന്നു. 

രോഗത്തിനാവശ്യമായ പ്രത്യേക ചികിൽസക്കാപ്പം സ്വന്തമായൊരു ബെഡും ആരോഗ്യം വീണ്ടെടുക്കാൻ തക്ക ഭക്ഷണങ്ങളും നൽകപ്പെട്ടിരുന്നു. മുന്തിയ ഇനം ഭക്ഷണം മാത്രമാണ് രോഗികൾക്ക് നല്കപ്പെട്ടിരിന്നത്. ഒറ്റ ഇരിപ്പിന് രോഗി ഒരു റൊട്ടി മുഴുവൻ തിന്നുന്നത് രോഗ ശമനത്തിന്റെ അടയാളമായി ഗണിക്കപ്പെട്ടിരുന്നു. ഈ സിസ്റ്റത്തിന്റെ ഏറ്റവും മനോഹരമായ രൂപങ്ങളിലൊന്നായിരുന്നു റിക്കവറി വാർഡ്. രോഗം ഏകദേശം ഭേദമായവരെ ഇവിടേക്ക് മാറ്റുകയും പൂർണമായ മുക്തി നേടിയാൽ ഒരു ജോഡി പുതിയ വസ്ത്രവും തുടർന്ന് ജോലി ചെയ്യാൻ ആരോഗ്യം നേടുന്നതുവരെ ചിലവഴിക്കാൻ ആവശ്യമായ ഒരു തുകയും സര്‍ക്കാര്‍ വക ലഭിച്ചിരുന്നു.

നാലു വലിയ ഹോസ്പിറ്റലുകൾ ഇസ്‍ലാമിക ലോകത്തു പ്രചാരം നേടിയിരുന്നു, ബഗ്ദാദിലെ അദാദി ഹോസ്പിറ്റൽ, നൂറുദിൻ അശാഹിദ്‌ നിർമിച്ച ഡാമസ്ക്കസിലെ നൂരി ഹോസ്പിറ്റൽ, ഈജിപ്തിലെ ഖലാവൂൻ (മൻസൂരി ഹോസ്പിറ്റൽ), ആഫ്രിക്കയിലെ മൊറോക്കോയിലെ ഹോസ്പിറ്റൽ എന്നിവയായിരുന്നു അവ. അദാദി ഹോസ്പിറ്റലിന് സ്ഥലം നിശ്ചയിച്ചത് ഇസ്‍ലാമിലെ പ്രസിദ്ധ ഡോക്ടർ ആയിരുന്ന അബുബക്കർ അൽ റാസി ആയിരുന്നു. എല്ലാ ഹോസ്പിറ്റലുകളും പോലെ തന്നെ ഇതിനോട് ചേർന്നുകൊണ്ട് ഒരു മെഡിക്കൽ ലൈബ്രറിയും പ്രവർത്തിച്ചിരുന്നു. രോഗികളുടെ മാനസിക നില മെച്ചപ്പെടുത്താൻ പലവിധ സസ്യങ്ങളും ഫലങ്ങളും നിറഞ്ഞ ഒരു തോട്ടവും ഇതിനടുത്തുണ്ടായിരുന്നു.

ചരിത്രപ്രസിദ്ധമായ നൂരി ഹോസ്പിറ്റൽ ദർശിക്കാനിടയായ ഒരു അനറബി അവിടുത്തെ സിസ്റ്റത്തിൽ അത്ഭുതം കൂറി ഡോക്ടർമാരെ ഒന്നു പരീക്ഷിക്കാൻ തുനിഞ്ഞതായി ചരിത്രത്തില്‍ കാണാം. രോഗിയായി അഭിനയിച്ച ഇദ്ദേഹത്തെ പൾസ് ചെക്ക് ചെയ്തതോടെ ഡോക്ടർക് കാര്യം പിടി കിട്ടി. മൂന്ന് ദിവസത്തേക്ക് നല്ല മധുര ഭക്ഷണവും കോഴിയും എല്ലാം നിർദേശിച്ച ഡോക്ടർ മൂന്നാം ദിനം ഒരു എഴുത്തു അവിടെ എഴുതി വെച്ചു, ഞങ്ങള്‍ക്ക് അതിഥി സൽക്കാരം മൂന്ന് ദിവസമാണെന്നായിരുന്നു അതിലുണ്ടായിരുന്നത്. ഇത് വായിച്ച അനറബിക്ക് കാര്യം മനസ്സിലാകുകയും അവരുടെ കാരുണ്യമനസ്കതയിൽ അതിശയം പ്രകടിപ്പിക്കുകയുമുണ്ടായിയത്രെ.

1789 ൽ, ഫ്രഞ്ച് അധിനിവേശം വരെ നിലനിന്ന ഈജിപ്തിലെ മൻസൂരി ഹോസ്പിറ്റലിന്റെ ഒരു മനോഹരമായ ശൈലിയായിരുന്നു വാങ്ക് വിളിച്ചിരുന്ന മുഅദിൻ സുബ്ഹ് നിസ്കാരത്തിന് മുമ്പ് വാങ്ക് വിളിച്ചതിന് ശേഷം വശ്യമായ ഈണത്തിൽ നഷീദ് പാടുക എന്നുള്ളത്. രോഗത്തിന്റെ ബുദ്ധിമുട്ടിൽ രാത്രി ഉറങ്ങാൻ കഴിയാതിരുന്നവരുടെ വേദനക്ക് ആശ്വാസം നൽകുക എന്നതായിരുന്നു ഈ രീതിയുടെ പിന്നിലെ ലക്ഷ്യം. ആധുനിക സ്പീച്ച് തെറാപ്പിയെന്ന് തന്നെ പറയാം.

എന്നാൽ ട്രിപ്പോളിയിലെ ചിത്രം ഇതിനേക്കാൾ വിചിത്രവും മാനുഷികവുമായിരുന്നു. രോഗത്തെ കുറിച്ച് ആലോചിച്ച് ആധിയിലാകുന്നത് രോഗം മൂർച്ഛിക്കാൻ കരണമാവുമെന്നതിനാൽ, ആശുപത്രികളിൽ സമാധാനപൂർണവും ശുഭാപ്തി വിശ്വാസമുളവാക്കുന്നതുമായ ഒരു അന്തരീക്ഷം നിലനിർത്താൻ അവർ ശ്രമിച്ചിരുന്നു. അതിന്റെ ഭാഗമായി ഹോസ്പിറ്റൽ നടത്തിപ്പിനായുള്ള ഗവണ്മെന്റ് വഖ്ഫ് പണത്തിൽ നിന്നും രണ്ടു പേരെ ആശുപത്രിയിൽ രോഗികൾക്ക് ചുറ്റും കറങ്ങി നടക്കാൻ മാത്രം ഏൽപ്പിച്ചിരുന്നു. രോഗികൾ കേൾക്കുന്ന രീതിയിൽ വളരെ ശാന്തമായി അവരുടെ രോഗം ഭേദപ്പെട്ടു കൊണ്ടിരിക്കുന്നു എന്ന് ഒരാൾ മറ്റൊരാളോട് സംസാരിച്ചു കൊണ്ടിരിക്കലായിരുന്നു അവരുടെ ജോലി.

മൊറോക്കോയിൽ അൽ മുവഹിദൂൻ ഭരണത്തിന് കീഴിൽ സുൽത്താൻ അൽമൻസൂർ അബു യൂസുഫാണ് പ്രശസ്തമായ മറാകിഷ് ഹോസ്പിറ്റൽ സ്ഥാപിച്ചത്. എല്ലാ വെള്ളിയാഴ്ചകളിലും രോഗികളുടെ അവസ്ഥ മനസ്സിലാക്കാനും ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും സുഖ വിവരങ്ങളറിയുവാനും രാജാവ് നേരിട്ട് അവിടെ സന്ദർശനം നടത്താറുണ്ടായിരുന്നുവത്രെ.

ഈ ആശുപത്രികളെല്ലാം എത്ര വിപ്ലവാത്മകരമായിരുന്നെന്നും  വ്യവസ്ഥപിതമായിരുന്നെന്നും അക്കാലത്തെ പടിഞ്ഞാറിന്റെ ദയനീയമായ ചിത്രത്തിൽനിന്നും മനസ്സിലാക്കാം. യൂറോപ്പിൽ ഒരു പബ്ലിക് ഹോസ്പിറ്റൽ നിലവിൽ വരുന്നത് തന്നെ, മൂന്നു നൂറ്റാണ്ട് മുമ്പ് 1710 ലാണ്. അപ്പോഴും രോഗികളെ പ്രത്യേക വീടുകളിലോ സ്വന്തം വീടുകളിലോ ആയിരുന്നു ചികിൽസിച്ചിരുന്നത്. മധ്യ കാല യൂറോപ്പിലെ ആദ്യ ഹോസ്പിറ്റൽ പാരീസിലെ ദിയു ഹോസ്പിറ്റൽ ആണെന്നാണ് പറയപ്പെടുന്നത്. ഇസ്‍ലാമിക നഗരങ്ങളിലെ ഹോസ്പിറ്റലറുകളുടെ ഏഴയലത്തു പോലും അവ എത്തിയിരുന്നില്ല എന്നതാണ് സത്യം. പരിമിതമായ ബെഡുകൾ, ഒരു ബെഡിൽ തന്നെ ഒരുപാട് രോഗികൾ, ആവശ്യമായ  വെളിച്ചവും വായുവുമില്ലാത്ത റൂമുകള്‍, തറകളില്‍ പോലും കിടക്കേണ്ടിവന്നിരുന്ന ദുരവസ്ഥ, രോഗികളുടെ മരണത്തിന് വരെ കാരണമായിരുന്ന വൃത്തിഹീനമായ അന്തരീക്ഷവും മലിനമായ ചുറ്റുപാടും വായുവും, ഇങ്ങനെ നീണ്ടുപോവുന്നു അവയുടെ ദുസ്ഥിതികള്‍. ഇവിടത്തെ ഏറ്റവും ക്രൂരമായ മുഖം ഡോക്ടർമാരുടെ നിർദ്ദയ സ്വഭാവമായിരുന്നു. പട്ടിണിയോട് മല്ലടിച്ചു ഒരു വിഭാഗം രോഗികൾ മരണത്തിനു മുഖാമുഖം നിൽക്കുമ്പോഴും കപടമായ അനുസരണ കാണിക്കുന്നവർക്ക് കൂടുതൽ രുചികരമായ ഭക്ഷണവും മദ്യം പോലും നല്കാൻ ഡോക്ടർമാർ മടി കാണിച്ചിരുന്നില്ലത്രെ. അഥവാ, സാധാരണ പാശ്ചാത്യ ലോകത്ത് കാണുന്നത് പോലെതന്നെ, മാനുഷിക മൂല്യങ്ങള്‍ക്ക് ഒട്ടും വില കല്പിച്ചിരുന്നില്ല എന്നര്‍ത്ഥം.

സാധാരണ ഹോസ്പിറ്റൽ എന്നതിലുപരി ഇസ്‍ലാമിക നഗരങ്ങളിലെ ആശുപത്രികളുടെ ഏറ്റവും വലിയ സവിശേഷത അത് ഒരു മെഡിക്കൽ കോളേജ് കൂടി ആയിരുന്നു എന്നുള്ളതാണ്. മെഡിക്കൽ ക്ലാസ്സുകളെടുക്കാനുള്ള ഒരു വലിയ ഹാളിൽ സീനിയർ ഡോക്ടർമാർ വിദ്യാർത്ഥികൾക്കൊപ്പം മെഡിക്കൽ ഉപകരണവുമായി ഇരുന്നു ക്ലാസ് എടുത്തിരുന്നു. ചികിത്സ കഴിഞ്ഞുള്ള സമയങ്ങളിൽ ഇങ്ങനെയുള്ള പഠന രീതികള്‍ പതിവായിരുന്നു. രോഗിയെ ചികില്‍സിക്കുമ്പോൾ ഡോക്ടര്‍ വിദ്യാർത്ഥികളെയും കൂടെ കൂട്ടുകയും പ്രായോഗിക പരിശീലനം നല്കുകയും ചെയ്തിരുന്നു. ഡമസ്ക്കസിലെ വൈദികനായിരുന്ന ഇബ്നു ഉസൈബിയ ഇത്തരം ഒരനുഭവം വിശദീകരിക്കുന്നുണ്ട്.

ഒരു ആശുപത്രിയിൽ നിയമിക്കപ്പെടണമെങ്കിൽ ഡോക്ടർമാർക്‌ ചില ടെസ്റ്റുകൾ പാസ്സ് ആവണമായിരുന്നു. രാജ്യത്തെ തല മുതിർന്ന ഡോക്ടർമാരുടെ മുമ്പിൽ മെഡിക്കൽ വിഷയങ്ങളിൽ താൻ റിസർച്ച് ചെയ്ത് പഠിച്ചു ഒരു തീസിസ് സമർപ്പിക്കണം. ആ തീസിസ് സംബന്ധിയായ എക്സാം വിജയിച്ചാൽ മാത്രമേ നിയമനം ലഭിക്കുമായിരുന്നുള്ളൂ. ഈ തീസിസ് സ്വന്തമായി എഴുതിയതോ അല്ലെങ്കിൽ മുതിർന്ന ഡോക്ടർമാർ എഴുതിയ ബുക്കുകൾക് വ്യാഖ്യാനം എഴുതിയതോ ആവണം. ആശുപത്രികളിൽ ജോലി ചെയ്യാനുള്ള ലൈസൻസ് ലഭിക്കാൻ ഇവ അത്യാവശ്യമായിരുന്നു.

എല്ലാ ഹോസ്പിറ്റലുകളോട് ചേര്‍ന്നും ഒരു ലൈബ്രറിയും പ്രവർത്തിച്ചിരുന്നു. വിദ്യാർത്ഥികൾ പഠിക്കുന്ന ഹോസ്പിറ്റലുകളിൽ അവ ആവശ്യമായിരുന്നു താനും. ഇബ്നു തൂലൂൻ ഹോസ്പിറ്റൽ ലൈബ്രറിയിൽ ശാസ്ത്രത്തിലെ എല്ലാ മേഖലയുടെയും ഒരു ലക്ഷത്തിൽ പരം ഗ്രന്ഥങ്ങള്‍ ലഭ്യമായിരുന്നതായി കാണാം.

ഒരിക്കൽ അബ്ബാസി ഖലീഫ അൽ മുഖ്‌തദിറിന്റെ കാലത്തു ബാഗ്ദാദിലെ ചില ഡോക്ടർമാരുടെ പിഴവ് ഒരു രോഗിയുടെ മരണത്തിന് വഴിയൊരുക്കി. ഇതറിഞ്ഞ ഖലീഫ ബാഗ്ദാദിലെ മുഴുവൻ ഡോക്ടർമാരെയും ചോദ്യം ചെയ്തു പരിശോധിക്കാൻ തീരുമാനിച്ചു. മുഴുവൻ ഡോക്ടര്‍മാരോടും ഹാജരാവാൻ പറഞ്ഞ ഖലീഫക്ക് മുന്നിൽ എണ്ണൂറ്റി അറുപതിൽ പരം  ഡോക്ടർമാർ എത്തിയെന്നാണ് പറയപ്പെടുന്നത്. പരിശോധന ആവശ്യമില്ലാത്ത വിധം സ്വീകാര്യരായിരുന്ന സീനിയര്‍ ഡോക്ടര്‍മാര്‍ വേറെയുമുണ്ടായിരുന്നു. ഇസ്‍ലാമിന്റെ സുവർണ്ണ കാലഘട്ടത്തിലെ ഒരു നഗരത്തിലെ മാത്രം ഡോക്ടർമാരുടെ എണ്ണമാണ് മേൽ പറഞ്ഞത്. അക്കാലത്തെ വൈദ്യരംഗം എത്രമാത്രം സമ്പുഷ്ടമായിരുന്നു എന്നാണ് ഇത് കാണിക്കുന്നത്. ഇന്ന് കാണുന്ന വൈദ്യരംഗത്തെ പുരോഗതികളെല്ലാം കടപ്പെട്ടിരിക്കുന്നത് ആ മുന്നേറ്റങ്ങളോടാണെന്ന് ഇനിയും പറയേണ്ടതില്ലല്ലോ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter