അറബുവസന്തവും മിഡിലീസ്റ്റും: 2012 വരും വര്‍ഷങ്ങളുടെ കൂടെ സൂചനയാണെന്ന് തോന്നുന്നു
ഇക്കഴിഞ്ഞ വര്‍ഷം, മൊത്തത്തിലെടുക്കുമ്പോള്‍, മിഡിലീസ്റ്റിനെ സംബന്ധിച്ചിടത്തോളം സംഘര്‍ഷങ്ങളുടെയും സംശയത്തിന്‍റേതുമായിരുന്നു. നിരവധി സ്വേഛാധിപതികള്‍ പ്രതിമകണക്കെ പ്രദേശത്ത് വീണുടഞ്ഞെങ്കിലും നീതിയും സ്വാതന്ത്ര്യവും ഇതുവരെ പുലര്‍ന്നു കണ്ടില്ല. ഇസ്‌ലാമിസ്റ്റുകള്‍ക്ക് ഇക്കഴിഞ്ഞ ഒരു വര്‍ഷം സന്തോഷത്തിന്‍റേതായിരുന്നു, ഭരണത്തിലേറിയ ആഘോഷത്തിന്റെയും. അതെ സമയം ലിബറലുകളുടെ മനസ്സില്‍ മറ്റൊരു സ്വേഛാധിപത്യത്തിന്‍റെ കരാള ഹസ്തം തങ്ങളെ ഗ്രസിക്കുന്നതിനെ കുറിച്ചുള്ള ആധിയുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അവര്‍ ഇക്കഴിഞ്ഞ വര്‍ഷം, അറബുവസന്തം പ്രദേശങ്ങളെ നടത്തിയ മാമോദീസക്ക് ശേഷവും, സമരമുഖത്തായിരുന്നതു സ്വാഭാവികം.
വര്‍ഷങ്ങളായി, ബാലറ്റ്പേപ്പറിലൂടെ ഇഷ്ടമുള്ളവരെ അധികാരത്തിലെത്തിക്കുന്നത് പ്രദേശത്ത് ഇത് ആദ്യമായിട്ടായിരുന്നു. അപ്പോഴും വെടിയൊച്ച നിലച്ചിട്ടില്ലെന്നത് ഖേദകരം തന്നെയാണ്. എന്നുമാത്രമല്ല, വിപ്ലവകാലത്ത് ഒപ്പമുണ്ടായിരുന്നവര്‍ പര്സപരമിന്ന് സംഘട്ടനത്തിന്‍റെ വക്കിലാണ്, പലേടത്തും പടുകുഴിയിലും. അറബുവസന്തം പുതിയ വിശദീകരണങ്ങള്‍ തേടിക്കൊണ്ടിരിക്കുകയാണിപ്പോള്‍, ഓരോരുത്തരും തങ്ങളുടെ കാഴ്ചപ്പാടനുസരിച്ച് വിശദീകരിക്കാനുള്ള ശ്രമം തുടരുകയും ചെയ്യുന്നു.
മുല്ലപ്പൂവിപ്ലവത്തോടെ ആഗോള ശ്രദ്ധവിട്ടിരുന്ന പ്രദേശത്തെ വിഷയങ്ങളും ഇടയ്ക്കാലത്ത് വീണ്ടും വാര്‍ത്തയായി. ഇറാനും പാശ്ചാത്യരാജ്യങ്ങളും പഴയപടി ശത്രുതയില്‍ തന്നെ തുടരുന്നുവെന്നതിന് പുതിയ തെളിവുകള്‍ കിട്ടി. തന്റെ രാജ്യം ഇറാനെ ആണവായുധമുപയോഗിച്ച് തകര്‍ക്കാന്‍ ആലോചിച്ചിരുന്നുവെന്ന് വരെ ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു പലപ്പോഴായി പ്രസ്താവനയിറക്കി, അടുത്ത കാലത്തായി അതാവര്‍ത്തിച്ചു കൊണ്ടുമിരിക്കുന്നു. മറ്റൊരു ശത്രുവായ ഹമാസിനെ ആക്രമിക്കുന്ന് ഭീഷണിപ്പെടുത്തുക മാത്രമല്ല, ആക്രമിക്കുക തന്നെ ചെയ്തു നെതന്യാഹു. മൂന്ന് വര്‍ഷം മുമ്പ് ഇതുപോലെ നടത്തിയ ആക്രമണത്തിന് വിരുദ്ധമായി കരമാര്‍ഗമൊരു ആക്രമണം അഴിച്ചുവിടും മുമ്പ് സന്ധിയിലേര്‍പ്പെടാന്‍ ഇത്തവണ ഇസ്രായേല്‍ തയ്യാറായെന്ന് മാത്രം. തുര്‍ക്കിയിലെ സേനയും അവിടത്തെ കുര്‍ദുവിമതരും തമ്മിലും പതിവുപോലെ സംഘര്‍ഷം നടന്നു, തുടര്‍ന്നുകൊണ്ടുമിരിക്കുന്നു. തുര്‍ക്കിയുടെ ചരിത്രത്തില്‍ ഇതുവരെ അരങ്ങേറിയവയില്‍ ഏറ്റവും ഭീകരമായ അക്രമങ്ങള്‍ നടന്നത് ഇക്കഴിഞ്ഞ വര്‍ഷമായിരുന്നു.
അറബുവസന്തത്തിലെ അവസാന അധ്യായമാണ് സിറിയ ആഗോളശ്രദ്ധ നേടിയത്. അതിപ്പോഴും അവസാനിക്കാതെ തുടരുകയും ചെയ്യുന്നു. എന്നുമാത്രമല്ല ദിവസം കഴിയും തോറും അവിടെ സ്ഥിതിഗതികള്‍ ഏറെ മോശമായി വരികയാണ്. സംഘര്‍ഷം സിറിയ വിട്ട് അടുത്ത പ്രദേശങ്ങളെയും ബാധിച്ചു തുടങ്ങിയിരിക്കുന്നുവെന്നതാണ് അത് നല്‍കുന്ന ഭീകരതയുടെ അവസാനത്തെ ചിത്രം.
മിഡിലീസ്റ്റിലെ തന്നെ ഏറെ രക്തരൂക്ഷിതമായ സംഘര്‍ഷമായി മാറി സിറിയയിലേത്. അതിപ്പോള്‍ ശിയാക്കളും സുന്നികളും തമ്മിലുള്ള സംഘര്‍ഷമായി മാറിയിരിക്കുന്നു. അവിടെ ഭരണത്തിലുള്ളത് ശിയാവിഭാഗമാണെന്നതാണ് അതിന്‍റെ കാരണം. അത് കൊണ്ട് തന്നെ ഇറാനും ലബനാനിലെ ഹിസ്ബുല്ലയും സിറിയയില്‍ ബഷാറുല്‍ അസദിന്റെ ഭരണകൂടത്തെ പിന്തുണക്കുന്നു. അതെ സമയം, ഖത്തര്‍, സുഊദി തുടങ്ങിയ രാജ്യങ്ങള്‍ അവിടത്തെ വിമതര്‍ക്കൊപ്പമാണ്. ഉര്‍ദുഗാന്‍റെ തുര്‍ക്കിയും അസദിനെതിരാകുന്നത് സ്വാഭാവികം. ലക്ഷക്കണക്കിന് സിറിയന്‍ അഭയാര്‍ഥികളെ തുര്‍ക്കി സുരക്ഷിതമായി പാര്‍പ്പിച്ചിരിക്കുന്നു.
സിറിയയില്‍ തുടരുന്ന സംഘര്‍ഷത്തിനിടെ തങ്ങളുടെ പരിസരത്ത് വന്നുവീഴുന്ന ആയുധങ്ങളെ തടുക്കാനായി നാറ്റോയുടെ പുതിയ മിസൈല്‍ കേന്ദ്രത്തിന് തങ്ങളുടെ പ്രദേശത്ത് സ്ഥലമനുവദിച്ചു തുര്‍ക്കിയുടെ തലസ്ഥാനമായ അങ്കാറ. അതും ഏറെ ബഹളത്തിനിടയാക്കി. പാശ്ചാത്യ ശക്തികള്‍ക്ക് സിറിയയിലിടപെടാന് അവസരമൊരുക്കുകയാണ് ഇതുവഴി തുര്‍ക്കി ചെയ്യുന്നതെന്ന് റഷ്യ പറഞ്ഞു. എന്നാല്‍ സിറിയയില്‍ നിന്ന് വരുന്ന മാരകായുധങ്ങളെ പ്രതിരോധിക്കുക മാത്രമാണ് ഇത്തരമൊരു പദ്ധതിയുടെ ലക്ഷ്യമെന്ന് തുര്‍ക്കി വിശദീകരിച്ചു. ഏതായാലും റഷ്യയുടെ സംശയം അപ്പാടെ തള്ളിക്കളയാനാകില്ലെന്നാണ് എന്‍റെ പക്ഷം. അവിടങ്ങളില്‍ നിന്നെല്ലാം കൂടിയും കുറഞ്ഞും സാമ്പത്തിക സഹായമെത്തുന്നുണ്ട് സിറിയയിലെ വിമതര്‍ക്ക്.
എന്താക്കെയാണെങ്കിലും ഇക്കഴിഞ്ഞ വര്‍ഷം മിഡിലീസ്റ്റിനെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയ ഇസ്‌ലാമിന്റേത് കൂടിയായിരുന്നു. ഫലസ്തീനിലെ ഹമാസ്. ടെല്‍ അവീവിലേക്ക് തിരിച്ച് റോക്കറ്റ് വിട്ടും അവസാനം അവരുമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചും ഹമാസിന് ലോകസമക്ഷം തങ്ങളുടെ അസ്തിത്വം ഉറപ്പിക്കാനായി. ഈജിപ്തിലെ മുഹമ്മദ് മൂര്‍സിയും ആഗോളതലത്തില് കൂടുതല്‍ വെളിച്ചപ്പെട്ടു കൊണ്ടിരുന്ന വര്‍ഷമായിരുന്നു കഴിഞുപോയത്. ഇസ്രായേലും ഫലസ്തീനും തമ്മില്‍ നടന്ന യുദ്ധത്തിന് അറുതി വരുത്തി പരസ്പരം വെടിനിര്‍ത്തലിന് കളമൊരുക്കിയത് മൂര്‍സിയായിരുന്നു. തൊട്ടുടനെ തന്നെ ഭരണഘടനാപരമായി ഒരു പരമാധികാരം സ്ഥാപിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമം രാജ്യവ്യാപകമായി എതിര്‍പ്പ് ക്ഷണിച്ചു വരുത്തി. ഈജിപ്ത് മറ്റൊരു അട്ടിമറിയുടെ വക്കത്താണെന്ന് നിരീക്ഷണം വരെ മാധ്യമങ്ങള്‍ മുന്നോട്ട് വെച്ചു. ഏതായാലും വിഷയം അദ്ദേഹം ജനഹിതത്തിന് വിട്ടിരിക്കുന്നു.
അറബുവസന്തത്തിന് തുടക്കം കുറിച്ചത് ടുണീഷ്യയായിരുന്നു. മുല്ലപ്പൂ വിപ്ലവമെന്ന പേര് പോലും അവിടെ നിന്ന് വന്നതാണ്. അവിടെ പിന്നെ ഭരണത്തില്‍ വന്ന അന്നഹ്ദ പാര്‍ട്ടി ജനാധിപത്യപരമെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും സാമ്പത്തിക അസമത്വം പരിഹരിക്കുന്നതില് പരാജയം തന്നെയാണ് എന്ന് തീര്‍ത്തു പറയേണ്ടിയിരിക്കുന്നു.
ഏതായാലും അറബുവസന്തത്തിന് കാരണമായ പൊതുനിരാശ പ്രദേശത്താകെ അപ്പടി തുടരുന്നുവെന്ന് തന്നെയാണ് തോന്നുന്നത്. ആ നിരാശയെ എന്തെങ്കിലും ചെയ്ത് കുപ്പിയലടച്ച് ജനങ്ങള്‍ക്ക് പ്രതീക്ഷപകരുക അസാധ്യമായി തുടരുമെന്നും.



Leave A Comment