'ദക്ഷിണാഫ്രിക്കയെ ചെയ്ത പോലെ ഇസ്രയേലിനെയും ബഹിഷ്‌കരിച്ച് ഒറ്റപ്പടുത്തുകയാണിനി വേണ്ടത്' പ്രഫസര്‍ രാമകൃഷ്ണന്‍ സംസാരിക്കുന്നു
ഡല്‍ഹി, ജവഹര്‍ലാല്‍ സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ വെസ്റ്റ് ഏഷ്യന്‍ സ്റ്റഡീസ് മുന്‍ ചെയര്‍പേഴ്‌സനും ഇപ്പോള്‍ പ്രഫസറുമാണ് ഏ.കെ രാമകൃഷ്ണന്‍. അമേരിക്കയോടും ഇസ്രയേല്‍ ആധിപത്യത്തോടും വിമര്‍ശം തുടരുന്ന ഇന്‍ര്‍നാഷനല്‍ റിലേഷന് പഠനവിഭാഗത്തില്‍ അറിയപ്പെട്ട ഇന്ത്യന്‍ അക്കാദമിക്കുകളില്‍ ഒരാളാണ് അദ്ദേഹം. ഇസ്ലാം, പശ്ചിമേഷ്യ, വിമര്‍ശനസിദ്ധാന്തത്തിലൊക്കെ വിദഗ്ദനായ രാമകൃഷ്ണന്‍, ഇസ്രയേല്‍ ഗസയില്‍ നടത്തിക്കൊണ്ടിരിക്കുന്ന  ക്രൂരഅതിക്രമങ്ങളെ ശക്തമായി അപലപിക്കുകയും വംശീയവിവേചനത്തിന്റെ പേരില്‍ അന്താരാഷ്ട്രസമൂഹം ദക്ഷിണാഫ്രിക്കയെ ബഹിഷ്‌കരിച്ച രീതിയില്‍ ഇസ്രയേലിനെയും പൂര്‍ണമായി ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവും നടത്തുന്നു. ഇസ്‍ലാം ഓണ്‍വെബിനു വേണ്ടി അഭയ്കുമാറും സയ്യിദ് മുഹമ്മദ് റഖീബും നടത്തിയ സംഭാഷണത്തില്‍, ഇസ്രയേല്‍ കടന്നേറ്റത്തെ കുറിച്ചും ചൈന, ഇന്ത്യ, അറബ് ലോകമടക്കമുള്ള അന്താരാഷ്ട്ര സമൂഹം ഫലസ്ഥീന്‍ സ്വതന്ത്ര പ്രസ്ഥാനത്തോടൊപ്പം പൂര്‍ണ ഐക്യദാര്‍ഢ്യം കാണിക്കുന്നതിലുണ്ടായ പരാജയങ്ങളെ കുറിച്ചും സംസാരിക്കുന്നു. ak ramakrisnan മാധ്യമവാര്‍ത്തകളനുസരിച്ച്, ഇസ്രയേല്‍ അതിക്രമം തുടരുകതന്നെയാണ്. നൂറുകണക്കിന് ഫലസ്ഥീനികളെ, അതിലേറെയും കുരുന്നുകളെയും സ്ത്രീകളെയും കൊന്നും, ആയിരങ്ങളെ ഭവനരഹിതരാക്കിയും പരിക്കേല്‍പിച്ചുമൊക്കെ. ഫലസ്ഥീന്‍'ഭീകരവാദികളു'ടെ 'ഭീഷണി'യില്‍നിന്ന് സ്വയം പ്രതിരോധിക്കുകയാണെന്ന ഇസ്രയേല്‍വാദത്തെ താങ്കള്‍ ന്യായീകരിക്കുന്നുണ്ടോ? അതിനൊന്നും ന്യായീകരണം തന്നെയില്ല. പ്രഥമവും പ്രധാനവുമായ സംഗതി ഫലസ്ഥീന്‍പ്രശ്‌നം ഒരു സുരക്ഷാവിഷയമാക്കി ചുരുക്കാനേ പറ്റില്ല എന്നതാണ്. അതൊരു രാഷ്ട്രീയ വിഷയമാണ്, രാഷ്ട്രീയമായി തന്നെ അത് കൈകാര്യം ചെയ്യപ്പെടണം. നിയമവിരുദ്ധമായ ഫലസ്ഥീന്‍'കുടിയേറ്റം' തന്നെയാണ് പ്രശ്‌നങ്ങളുടെ മര്‍മം. കോളനി അധിനിവേശമെന്ന യഥാര്‍ഥ സത്യത്തെ മറയത്തൊളിപ്പിച്ച്, ഫലസ്ഥീനിന്റെ ഭാഗത്തുനിന്നുള്ള 'ഭീകര'പ്രവര്‍ത്തനങ്ങളെ അവര്‍ക്കെതിരെ അക്രമം അഴിച്ചുവിടാനുള്ള സ്ഥിരം തന്ത്രമായി ഉപയോഗിക്കുകയാണ് ഇസ്രയേല്‍ ചെയ്യുന്നത്. സത്യത്തില്‍, ലോകത്തേറ്റവും വലിയ തുറന്ന ജയിലായി ഗസ തുടരുകയാണ്. ജനങ്ങളുടെ ചലനങ്ങള്‍നിയന്ത്രിക്കപ്പെട്ടിരിക്കുന്നു. ഭക്ഷണവും അത്യാവശ്യ ചരക്കുകളും ഫലസ്ഥീനിലേക്ക് വിതരണം ചെയ്യണമെങ്കില്‍ ഇസ്രയേല്‍ കനിഞ്ഞിട്ടുവേണം. ചുരുക്കത്തില്‍, ഫലസ്ഥീനികള്‍ പൂര്‍ണമായ ഉപരോധത്തിലാണ്. തൊട്ടടുത്തായി, ഹമാസ്, മുസ്‍ലിം ബ്രദര്‍ഹുഡ് വിരുദ്ധ ഭരണകൂടം ഈജിപ്തില്‍അധികാരമേറിയതോടെ സാഹചര്യമൊക്കെ ആകെ വഷളാകുകയും ചെയ്തു. ഏകദേശം എല്ലാ വഴികളുമടഞ്ഞതോടെ ഹമാസും ഫതഹും ഒരുമിച്ച് സഖ്യപ്പെടാന്‍ ശ്രമിച്ചു. അതുപക്ഷെ, ഇസ്രയേല്‍, തങ്ങളുടെ സിയോനിസ്റ്റ് താല്‍പര്യങ്ങള്‍ക്ക് ഭീഷണിയായാണ് കണ്ടത്. റ്റിപ്പിക്കല്‍ കോളനിമേലാളരെ പോലെ, ഫലസ്ഥീന്‍ നേതൃത്വം ഐക്യപ്പടാന്‍ ഇസ്രയേല്‍ താല്‍പര്യാപ്പെടുന്നില്ല. നിര്‍ബാധം തുടര്‍ന്നുകൊണ്ടിരിക്കുന്ന ഇസ്രയേല്‍ അതിക്രമങ്ങള്‍ അതുകൊണ്ടൊക്കെത്തന്നെ ഫലസ്ഥീന്‍ഐക്യത്തെ നിര്‍ത്തലാക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളായിരുന്നു.   ഹമാസ് ഇസ്രയേലിനെതിരെ റോക്കറ്റ് അക്രമണം നടത്തിയിരുന്നില്ലെങ്കില്‍ ഈ നൂറുകണക്കിന് ഫലസ്ഥീനികളൊന്നും കൊല്ലപ്പെടുമായിരുന്നില്ലെന്ന അഭിപ്രായത്തെ താങ്കളെങ്ങനെ നോക്കിക്കാണുന്നു? അത്തരം പ്രൊപഗണ്ടകള്‍ ഇസ്രയേല്‍ നടത്തുന്നത്, തങ്ങള്‍ ചെയ്യുന്നത് നിയമവിരുദ്ധമായ അധിനിവേശമല്ലെന്നുവരുത്തിത്തീര്‍ക്കാനാണ്. തങ്ങള്‍ക്കു നേരെയുള്ള കയ്യേറ്റങ്ങളോടു പൊരുതാന്‍ ഫലസ്ഥീന്‍ജനതയുടെ കയ്യിലെന്താണുള്ളത്. ആയുധസജ്ജരായ ഇസ്രയേലിന്റെ ശക്തിയും പരമദരിദ്രരായ നാടില്ലാത്ത ഫലസ്ഥീനികളുടെ ശക്തിയും തുലനംചെയ്ത് ഒരാള്‍ക്കും സംസാരിക്കാനാവില്ല. ഇസ്രയേലിനും ഹമാസിനുമിടയില്‍ പരസ്പരം പൊരുത്തപ്പെട്ടുപോകാത്ത പവര്‍റിലേഷനാണ് ഉളളതെന്നു മനസ്സിലാക്കണം. രാഷ്ട്രമില്ലാത്ത ഹമാസു പോലെയല്ല ഇസ്രയേല്‍ രാഷ്ട്രം. കണക്കുകൂട്ടലിനുമപ്പുറത്ത്, സങ്കല്‍പിക്കാവുന്നതിനുമപ്പുറത്ത് നാശം വിതക്കാന്‍ കെല്‍പുണ്ടതിന്.   പരാജയപ്പെട്ട ഇസ്രയേല്‍-ഫലസ്ഥീന്‍ വെടിനിര്‍ത്തല് കരാറിനെ കുറിച്ച് എന്തുപറയുന്നു? ഇസ്രയേല്‍ അനുകൂല മാധ്യമങ്ങളുമിപ്പോള്‍ ഗസയിലെ അതിക്രമങ്ങള്‍തിരിച്ചറിഞ്ഞിരിക്കുന്നു. വെടിനിര്‍ത്തലിലെത്താന്‍ അവര്‍ ഇസ്രയേലിനെ സമ്മര്‍ദ്ധം ചെലുത്തുന്നു. അതോടൊപ്പം, ഇസ്രയേല്‍ ഹമാസിന്റെ വേരുകള്‍ തകര്‍ക്കാന്‍ കഴിഞ്ഞില്ല എന്ന നിരാശയിലുമാണ്. ഹമാസിനതൊരു സുഖകരമായ അവസരമല്ല. 'സുരക്ഷാ'ഭീഷണി എന്ന പെരും പറഞ്ഞ് ഇസ്രയേല്‍ എന്തായാലും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കും.   ജൂലൈ എട്ടിനാണ് ഇസ്രയേല്‍ അക്രമമാരംഭിച്ചത്. ഇപ്പോഴുമത് അവസാനിക്കുമെന്ന രീതിയിലല്ല ഉള്ളത്. ശരിക്കുമത് അന്താരാഷ്ട്ര സമൂഹത്തിന്റെയും മനുഷ്യാവകാശ സംഘടനകളുടെയും പരാജയമല്ലേ ? കണക്കുകൂട്ടിയ പോലെത്തന്നെ, മനുഷ്യാവകാശത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും മേലാളന്മാരായി സ്വയം ഉയര്‍ത്തിക്കാണിക്കുന്ന പ്രഖ്യാപിത അന്താരാഷ്ട്രസമൂഹം, അധിനിവേശ വംശീയതയോട് പൊരുതിനില്‍ക്കാന്‍ ഫലസ്ഥീനികള്‍ക്ക് മുമ്പില്‍ തെല്ലൊരവസരം പോലും നല്‍കാതെ നിശബ്ദതമായി ഇസ്രയേലിന് പിന്തുണനല്‍കി. ഇസ്രയേല്‍---ഫലസ്ഥീന്‍ സംഘട്ടനമൊഴിവാക്കാന്‍ നടത്തുന്ന സമാധാന പ്രക്രിയകള്‍ പൊള്ളയാണെന്നും അര്‍ദ്ധമനസ്സോടെയുള്ളതാണെന്നുമുള്ള കാര്യത്തില്‍ സംശയമേയില്ല. ഫലസ്ഥീനികളുടെ ന്യായമായ അവകാശങ്ങള്‍ വകവെച്ചുകൊടുക്കാന്‍ ഇസ്രയേലിനും സഖ്യകക്ഷികള്‍ക്കും താല്‍‍പര്യമേയില്ല. നിര്‍‍ഭാഗ്യകരമായി, സമാധാനശ്രമങ്ങളൊക്കെ ഇസ്രയേലിന് നിയമവിരുദ്ധമായ അധിനിവേശം നടത്താനും ഫലസ്ഥീനിലെ കുടിയേറ്റങ്ങള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ വ്യാപിപ്പിക്കുവാനുമുള്ള തന്ത്രങ്ങളായിരിക്കുകയാണ്. അതോടൊപ്പം തന്നെ, സ്വതന്ത്ര രാഷ്ട്രം ഫലസ്ഥീനുകാരുടെ അവകാശമാണെന്ന കാര്യം തര്‍ക്കമില്ലാത്ത ഏറ്റവും വലിയ അന്താരാഷ്ട്രപ്രശ്നമായി നിലനില്‍ക്കുകയും ചെയ്യുന്നു. എന്നിട്ടും അതൊരു ‘വിവാദവിഷയ’മെന്ന രീതിയില്‍ ഉയര്‍ത്തിക്കാണിക്കപ്പെടുന്നു. ലോകത്തെല്ലാ രാഷ്ട്രങ്ങളും ഫലസ്ഥീനുകാര്‍ക്ക് അവരുടെ സ്വന്തമായൊരു സ്വതന്ത്രരാഷ്ട്രത്തിനുള്ള അവകാശം അംഗീകരിച്ചിട്ടുണ്ട്. ഇസ്രയേലുമായി പൂര്‍ണ സഖ്യത്തിലുള്ള അമേരിക്ക പോലും തത്ത്വത്തിലിത് അംഗീകരിക്കുന്നുണ്ട്. പക്ഷെ, നിര്‍ണായകഘട്ടത്തില് വെട്ടിത്തുറന്നു പറായാന്‍ ആരും തയ്യാറാകുന്നില്ല. ഇസ്രയേലിന്‍റെ അതിക്രമങ്ങളെ അപലപിക്കുക മാത്രമല്ല അന്താരാഷ്ട്ര സമൂഹം ചെയ്യേണ്ടത്, അവരുടെ നിയമവിരുദ്ധമായ കുടിയേറ്റത്തെ തള്ളിപ്പറയുകകൂടി വേണം. അവിടെയാണ് അന്താരാഷ്ട്ര സമൂഹം പരാജയപ്പെട്ടത്. കൊളോനിയലിസം ലോകത്തിന്‍റെ മറ്റു ഭാഗങ്ങളെ സംബന്ധിച്ചേടത്തോളം ഒരു ചരിത്രപരമായ അനുഭവമായിരിക്കാം. പക്ഷെ, ഫലസ്ഥീനുകാരെ ഏതു നിമിഷവുമത് വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. യൂറോപ്യന്‍കൊളോനിയലിസത്തിനു ശേഷം സ്വതന്ത്ര ദേശരാഷ്ട്ര രൂപീകരണത്തിന്‍റെ മൊത്തം യുഗം തന്നെ വന്നുപോയി. ഫലസ്ഥീനിലെ ഇസ്രയേല്‍വിവേചനങ്ങള്‍ക്കും അതോടെ അറുതിയാകുമെന്നാണ് എല്ലാവരും കരുതിയത്. പക്ഷെ, ഫലസ്ഥീനികളിപ്പോഴും രാഷ്ട്രമില്ലാത്ത ജനതയായി തുടരുന്നു. അന്താരാഷ്ട്ര സമൂഹത്തിന്‍റെ വഞ്ചനയായിരുന്നില്ലേ അത്? നിര്‍ഭാഗ്യമെന്നോണം, അധിനിവേശകരായ ഇസ്രയേല്‍ഘട്ടംഘട്ടമായി ഫലസ്ഥീനിനെ ഇല്ലായ്മചെയ്യുന്നതും അവരോട് വിവേചനം കാണിക്കുന്നതും ഉന്മൂലനാശം വരുത്തുന്നതുമൊന്നും പലപ്പോഴും ലോകസമൂഹം ദൈനംദിന പ്രശ്നമായേ കാണുന്നില്ല. ഇത് നിത്യവും വളരെ കൃത്യമായി അരങ്ങേറിക്കൊണ്ടിരിക്കുന്നു. ഞാന്‍ ഗസക്കാര്‍ എന്നു പറയുന്നത് ഗസാനിവാസികളെ മാത്രമല്ല, ഇന്ന് ഇസ്രയേല്‍ അധീനപ്പെടുത്തിവെച്ചിരിക്കുന്ന ഫലസ്ഥീനിന്‍റെ ഭാഗങ്ങളില്‍നിന്നൊക്കെ പലായനം ചെയതുപോയ ജനതയെ കൂടി ഉദ്ധേശിക്കുന്നുണ്ട്. എന്തുപറയാനാണ്, അന്താരാഷ്ട്രസമൂഹം ഈ ഫലസ്ഥീന്‍ഗെറ്റോയെ വിസ്മരിച്ചുകളയുന്ന കാര്യത്തില്‍ ഭയങ്കര സാമര്‍ഥ്യമാണ് കാണിക്കുന്നത്. അതിലും വലിയ പാപമെന്നോണം, ഇസ്രയേല്‍ ഫലസ്ഥീനില്‍ ജനസംഖ്യാപരമായി കാര്യമായ മാറ്റംതന്നെ വരുത്തിക്കഴിഞ്ഞിട്ടുണ്ട്. എന്നിട്ടും അന്താരാഷ്ട്രസമൂഹം കുറ്റകരമായ മൌനം തുടരുകതന്നെയാണ്.   ഒരുവേള കൊളോനിയലിസത്തിന്‍റെ ഇരകളായ, അറബ് രാജ്യങ്ങളും ചൈനയും ഇന്ത്യയും വംശീയതക്കും അധിനിവേശത്തിനുമെതിരെ പോരാടുമെന്ന തങ്ങളുടെ പ്രതിജ്ഞകള്‍ ഇതുവരെ പൂര്‍ത്തീകരിച്ചിട്ടില്ല. ഫലസ്ഥീന്‍വിഷയത്തിലുള്ള അവരുടെ അവസരവാദ നിലപാടിലും കുടിലമനസ്സിലും താങ്കള്‍ നിരാശനാണോ? സൌദിയും മറ്റു ഗള്‍ഫ് രാഷ്ട്രങ്ങളും ഫലസ്ഥീനെ സാമ്പത്തികമായി സഹായിക്കുന്നുണ്ട്. പക്ഷെ, അവര്‍ക്കൊന്നും ഫലസ്ഥീന്‍ സ്വതന്ത്ര്യരാഷ്ട്രമാകണമെന്നില്ലെന്ന സത്യം തിക്താനുഭവമായി നിലനില്‍ക്കുന്നു. പുരോഗമനപരവും മതേതരവുമായൊരു നേതൃത്വത്തിനു കീഴില്‍ ഫലസ്ഥീന്‍ സ്വതന്ത്രരാഷ്ട്രമായുണ്ടാകുന്നത് ഭീഷണിയായാണ് അറബ് മേഖലയിലെ ഏകാധിപതികളൊക്കെ കരുതുന്നത്. ഇസ്‍ലാമികശക്തികളില്‍നിന്ന് ആന്തരികമായ ഭീഷണി നേരിടുന്ന സൌദി, ഹമാസ് മുസ്‍ലിം ബ്രദര്‍ഹുഡ്, മറ്റു മതേതര സംഘടകള്‍ക്കൊക്കെ എതിരാണ്. ചൈനയാണെങ്കില്‍, ഇന്ന് ഏറ്റവും അപകടകാരിയായ മുതലാളിത്ത ഭരണകൂടമാണ്. പക്കാരാഷ്ട്രീയ താല്‍പര്യങ്ങളാണ് ചൈനയുടെ നയങ്ങളെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നത്. അവരുടെ “സമാധാനപരമായ ഉയര്‍ച്ച”ക്ക് ശല്യമുണ്ടാക്കുന്നത് അവരിഷ്ടപ്പെടുന്നില്ല. പശ്ചിമേഷ്യയില്‍നിലവിലുള്ള സ്ഥിതിയില്‍ മാറ്റമുണ്ടാകാനും അവര്‍ ആഗ്രഹിക്കുന്നില്ല. വളര്‍ന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക ശക്തിയെന്ന നിലക്ക്, പശ്ചിമേഷ്യയിലെ എണ്ണയില്‍ അവര്‍ കാര്യമായി ആശ്രയിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അവിടെയുള്ള ഒരു ഭരണകൂടത്തെയും ശത്രുവാക്കാന്‍ അവര്‍ താല്‍പര്യപ്പെടുന്നില്ല. സ്റ്റാറ്റസ്കോ നിലനിര്‍ത്തുക എന്ന ചൈനയുടെ ഗൈഡിങ് തത്ത്വം അവര്‍ക്ക് പെട്ടെന്നുള്ള വളര്‍ച്ചക്ക് സഹായകമാകും.   ഇന്ത്യയുടെ പങ്കിനെ കുറിച്ച് താങ്കള്‍ക്കെന്താണ് പറയാനുള്ളത്? കേന്ദ്രത്തിലുള്ള ബി.ജെ.പി ഭരണകൂടം ഇസ്രയേലിനെ ന്യായീകരിക്കുന്നുവെന്നു മാത്രമല്ല, ഇസ്രയേല്‍ വിരുദ്ധ സമരശബ്ദങ്ങളുടെ വായ്മൂടിക്കെട്ടുകകൂടി ചെയ്യുകയാണ്. കഴിഞ്ഞ ആഴ്ച ഇസ്രയേല്‍ എംബസിയിലേക്ക് സമാധാനപരമായി മാര്‍ച്ച് ചെയ്തവരെ മര്‍ദ്ധിക്കുകയും അറസ്റ്റുചെയ്യുകയും ചെയ്തു പോലീസ്. 1990 മുതല്‍തന്നെ ഇന്ത്യക്കും ഇസ്രയേലിനുമിടയിലുള്ള സുരക്ഷാബന്ധങ്ങള്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇസ്രയേല്‍ ആയുധങ്ങളുടെ ഏറ്റവും വലിയ ഉപഭോക്താക്കളിലൊന്നായിത്തീരാനിരിക്കുകയാണ് ഇന്ത്യ. ഭാവിയില്‍ ഇതിലും വേഗത്തില്‍ ഈ ബന്ധം വളരും. ഇസ്രയേലുമായുള്ള തന്ത്രപ്രധാനമായ ബന്ധങ്ങള്‍ ഫലസ്ഥീന്‍പ്രശ്നത്തോട് ഇന്ത്യ ചരിത്രപരമായി കാണിക്കുന്ന ആഭിമുഖ്യത്തോടൊപ്പം ഒത്തുപോകുന്നതാണെന്നാണ് ഭരണകൂടം ന്യായീകരണം പറയുന്നത്. അത്തരമൊരു വാദം അടിസ്ഥാനവിരുദ്ധമാണ്. ഫലസ്ഥീന്‍പ്രശ്നത്തോട് ചരിത്രപരമായി ഇന്ത്യ കാണിക്കുന്ന ആഭിമുഖ്യം അധിനിവേശകരായ ഇസ്രയേലുമായുള്ള ബന്ധത്തോടെ അപകടത്തിലാകുകയാണെന്ന കാര്യത്തില്‍ സംശയം തന്നെയില്ല. നിര്‍ഭാഗ്യകരമെന്നോണം, അവസരവാദനിലപാടുകളും തനിരാഷ്ട്രീയലക്ഷ്യങ്ങളും സ്വതന്ത്രവും തത്ത്വദീക്ഷയുള്ളതുമായ വിദേശനയത്തെക്കാളും പ്രാമുഖ്യം നേടുകയാണ്. അതുകൊണ്ടാണ് ഇസ്രയേല് അതിക്രമത്തെ ചോദ്യംചെയ്യാനുള്ള മനസ്സ് ഇന്ത്യന്‍ ഭരണകൂടം കാണിക്കാത്തത്.   ഫലസ്ഥീന് പ്രശ്നം ഒരു മാനവികപ്രശ്നമായി ഉയര്ത്തുന്നതിനു പകരം അതൊരു മുസ്‍ലിം വിഷയമായി ചെറുതാക്കുന്നതില് താങ്കള് നിരാശനാണോ? ഞാന് നേരത്തെ പറഞ്ഞ പോലെത്തന്നെ ഫലസ്ഥീന് പ്രശ്നം ഒരു രാഷ്ട്രീയപരവും മതേതരവുമായൊരു വിഷയമാണ്. അല്ലാതെ, ജൂതര്‍ക്കും മുസ്‍ലിംകള്‍ക്കുമിടയിലുള്ള മതപരമായ വിഷയമല്ല. പൊളിറ്റിക്കല്‍ ഇഷ്യൂ എന്നു പറഞ്ഞതിനര്‍ഥം സ്വതന്ത്ര രാഷ്ട്രത്തിനുള്ള ആവശ്യമാണ്. ജൂതരും മുസ്‍ലിംകളും ക്രിസ്ത്യാനികളും എല്ലാവരും ചേര്‍ന്നാണ് ഫലസ്ഥീന്‍ വിമോചനത്തിനു വേണ്ടി പോരാടുന്നത്. ഇസ്രയേലിന്റെ നിലപാടുകളും കൃത്യങ്ങളും ലോകത്തെല്ലാ ജൂതസമൂഹത്തിന്റെയും നിലപാടാണെന്നു തെറ്റിദ്ധരിക്കരുത്. ഫലസ്ഥീന്‍ മുസ്‍ലിംകളുടെ മാത്രമല്ല, ക്രിസ്ത്യാനികളുടെയും ജൂതരുടെയും കൂടി ഭൂമിയാണ്. മതപരമായ വിശ്വാസപരികല്‍പനകളില്ലാതെ, അവരെല്ലാം തങ്ങളുടെ പൊതുവായ രാഷ്ട്രീയലക്ഷ്യത്തിനു വേണ്ടി പോരാടുകയാണ്. അതിനൊക്കെപ്പുറമെ, ഇസ്രയേലിലും പുറത്തുമായി റബ്ബികളടങ്ങുന്ന ഒരുപാട് ജൂതന്മാര്‍ ഫലസ്ഥീന്‍റെ സ്വതന്ത്ര രാഷ്ട്രാവകാശത്തെ പിന്തുണക്കുന്നുണ്ട്. ലണ്ടനിലും ന്യൂയോര്‍ക്കിലുമൊക്കെ പല പ്രതിഷേധ പ്രകടനങ്ങളും അവര്‍ സംഘടിപ്പിക്കുകയുണ്ടായി. ഒന്നുകൂടി തറപ്പിച്ചുപറയുകയാണ്. അതൊരിക്കലും മുസ്‍ലിംകള്‍ക്കും ജൂതര്‍ക്കുമിടയിലുള്ള സംഘട്ടനമല്ലതന്നെ. പക്ഷെ, മുഖ്യധാരാ മാധ്യമങ്ങളതിന് മതകീയമാനങ്ങള്‍‍നല്‍കി പൊക്കിക്കാണിക്കുകയാണ്. അതുവഴി, തരണംചെയ്യാന്‍ കഴിയാത്ത പ്രശ്നമായി അതിനെ മുന്നോട്ടുവെക്കുകയാണ്. നാം വിഷയത്തിന്‍റെ രാഷ്ട്ട്രീയ മൂലത്തെ കാണുകയും അതിന് രാഷ്ട്രീയപരിഹാരം കണ്ടെത്താന്‍ ശ്രമിക്കുകയും വേണം.   ഫലസ്ഥീന്‍ പ്രശ്നത്തിന്‍റെ പരിഹാരവുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം നിനനില്ക്കുന്നുണ്ട്. ഈ വിഷയത്തില്‍ താങ്കളുടെ കാഴ്ചപ്പാട് എന്താണ്? ദ്വിരാഷ്ട്ര പരിഹാരം പൊതുവെ അംഗീകരിക്കപ്പെട്ട നിലപാടാണ്. എഡ്വേഡ് സൈദിനെ പോലുള്ള ബുദ്ധിജീവികള്‍ പൊതുരാഷ്ട്രീയ സ്വത്വത്തെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. ജൂതര്‍ക്കും മുസ്‍ലിംകള്‍ക്കുമിടയില്‍ പരസ്പര കൊണ്ടുക്കൊടുക്കലുകളുടെ ചരിത്രമുണ്ട്, അതുകൊണ്ടു തന്നെ അവരുടെ ഭാവിയും വിഛേദിക്കാനാവാത്തവിധം ബന്ധപ്പെട്ടുകിടക്കുന്നതാണെന്നാണ് അവര്‍ കാണുന്നത്. ഇതിനിടയില്‍, ഭീകരമായ തോതില്‍ ജനസംഖ്യാമാറ്റങ്ങള്‍ സൃഷ്ടിച്ച്, സ്വതന്ത്ര ഫലസ്ഥീന്‍ രാഷ്ട്രത്തിന്‍റെ എല്ലാ സാധ്യതകളും തകര്‍ക്കാന്‍ ശ്രമിക്കുകയാണ് ഇസ്രയേല്‍. എന്‍റെ അഭിപ്രായത്തില്‍ ഫലസ്ഥീനികള്‍ സ്വയം തന്നെയൊരു പരിഹാരത്തില്‍ എത്തിച്ചേരണമെന്നാണ്. അതുപക്ഷെ, അത്തരമൊരു സ്വതന്ത്ര രാഷ്ട്രത്തിനുള്ള എല്ലാ സാധ്യതകളും വളരെ കൃത്യമായി തന്നെ തകര്‍ക്കപ്പെട്ടിരിക്കുന്നുവെന്ന് അവരില്‍ ഭൂരിഭാഗവും തിരിച്ചറിഞ്ഞുകഴിഞ്ഞിട്ടുണ്ട്. അതാണു പറഞ്ഞത്, നാടുവിട്ടവര്‍ക്കൊക്കെ തിരിച്ചുവരാന്‍ അവകാശം നല്‍കുന്ന വ്യക്തമായ രേഖകളോടെയുള്ളൊരു സ്വതന്ത്രഫലസ്ഥീന്‍ രാഷ്ട്രത്തെ ഞാന്‍ അംഗീകരിക്കുന്നുവെന്ന്. അതായത്, നാടുവിട്ട ഫലസ്ഥീനികള്‍ക്ക് തിരിച്ചുവരാന്‍ സാധിക്കണം. ഒരൊറ്റയൊരു രാഷ്ട്രം സ്ഥാപിക്കപ്പെട്ടാല് മാത്രമേ, തിരിച്ചുവരാനുള്ള അവകാശം പൂര്‍ത്തിയാകൂ.   ആവഴിക്കിനി എന്താണ് ചെയ്യാനുള്ളത്? വംശീയവിവേചനത്തിന്‍റെ പേരില്‍ ദക്ഷിണാഫ്രിക്കയെ ലോകസമൂഹം ബഹിഷ്ക്കരിച്ച രീതിയില്‍ ഇസ്രയേലിനെയും ബഹിഷ്കരിക്കാനുള്ള സമയം അതിക്രമിച്ചുകഴിഞ്ഞിട്ടുണ്ട്. ഫലസ്ഥീനിനുവേണ്ടിയുള്ള അന്താരാഷ്ട്ര ഐക്യദാര്‍ഢ്യം വാക്കുകളിലൊതുങ്ങാതെ പ്രവര്‍ത്തികളിലൂടെയത് നടപ്പാക്കണം. സമുചിതമായൊരു കാംപെയ്ന്‍ ആവശ്യമാണതിന്. ഭീകരവും മനുഷ്യത്വരഹിതവുമായ ഗസാ അക്രമണങ്ങള്‍ പ്രശ്നങ്ങളെല്ലാം വിശദമായി പരിഹരിക്കപ്പെടമെന്ന ബോധ്യത്തിലേക്ക് ലോകത്തെ ഉണര്‍ത്തണം. ഫലസ്ഥീന്‍ പൌരന്മാര്‍ക്കു നേരെയുള്ള അത്തരം ലജ്ജാഹീനമായ അധികാരപ്രയോഗങ്ങള്‍ ന്യയമായ രാഷ്ട്രനിര്‍മാണത്തിനുള്ള നടപടികളായി മുദ്രചാര്‍ത്താന്‍ അനുവദിച്ചുകൂടാ.   അഭയ്കുമാര്‍ ജെ.എന്‍.യു ചരിത്രവിഭാഗത്തിലും സയ്യിദ് മുഹമ്മദ് റഖീബ് പശ്ചിമേഷ്യന്‍ പഠനത്തിലും ഗവേഷണം നടത്തുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter