അത് കൊണ്ട് ഞങ്ങളെ ശ്രവിക്കാന്‍ ക്ഷമയുണ്ടാകണം
(അബൂയാസന്‍. പലസ്തീനിലെ രാഷ്ട്രീയ പ്രവര്‍ത്തകന്‍. ഗാസ യൂത്ത് ബ്രേക്ക്സ് ഔട്ട് സംഘടനയിലെ അംഗം. ഇപ്പോള്‍ ജര്‍മിനിയില്‍. അവിടെ തുടര്‍‍പഠനം നടത്തുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി നിരവധി പീഢനങ്ങള്‍‍ സഹിക്കേണ്ടി വന്ന അബൂയാസന്‍ തന്റെ പ്രതീക്ഷകള്‍ പങ്കുവെക്കുന്നു, ആശങ്കകളും.)  width=ഫലസ്തീനികള്‍ക്ക് വേണ്ടി മാനിഫെസ്റ്റോ ഇറക്കിയിട്ട് രണ്ടു വര്‍ഷമായി. സത്യത്തിലത് മാനിഫെസ്റ്റോ ആയിരുന്നോ. എനിക്കറിയില്ല. പലപ്പോഴും തോന്നുന്നു അതൊരു വിലാപമായിരുന്നുവെന്ന്. ഇല്ലായ്മയെ കുറിച്ചുള്ള പരിഭവങ്ങള്‍. ജീവിത സാഹചര്യങ്ങള്‍ മാറണമെന്നത് കാലങ്ങളായി ഞങ്ങളുടെ ഉള്ളിലുണ്ടായിരുന്നു. മാനിഫെസ്റ്റോയിലൂടെ അതു പുറത്തെത്തി, അത്ര തന്നെ. അറബ് വസന്തത്തിന് കാരണമായ ജനകീയ പ്രക്ഷോഭങ്ങള്‍ തുടങ്ങുന്നതിനും മുന്നെയായിരുന്നു അത്. ടുണീഷ്യ, ഈജിപ്ത്, ലിബിയ, സിറിയ, ബഹ്റൈന്‍ തുടങ്ങി കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ ചുറ്റുവട്ടങ്ങള്‍ക്കൊക്കെ മാറ്റം സംഭവിച്ചു. അവിടങ്ങളില്‍ ഏകാധിപത്യം സൌകര്യത്തിന് വേണ്ടി പുതപ്പിച്ചിരുന്ന ഇരുട്ടിന്റെ മൂടുപടങ്ങള്ക്ക് മീതെ ഇപ്പോള്‍ വെളിച്ചം പരന്നിരിക്കുന്നു. അപ്പോഴും ഞങ്ങള്‍ ഇരുളില്‍ നിന്ന് ഇരുളിലക്ക് തന്നെ കൂപ്പുകുത്തിക്കൊണ്ടിരിക്കുന്നു. ഇവിടെയെവിടെയും പ്രകാശത്തിന്റെ ഇത്തിരിവെട്ടം പോലും കാണാനില്ല. 2009 ലെ ഇസ്രായേല്‍ അക്രമണം. യുദ്ധസമാനമായി നടത്തിയ ആ അക്രമങ്ങള്‍ക്ക് ശേഷമാണ് ഗാസയുടെ സ്ഥിതി ഇത്രയും വഷളായത്. 318 കുട്ടികളടക്കം 1,385 പേരാണ് കുറഞ്ഞ ദിനങ്ങള്‍ കൊണ്ട് അന്ന് വധിക്കപ്പെട്ടത്. ഗാസയെ അവര്‍ ശവപ്പറമ്പാക്കി, പുറമ്പോക്കും. അക്രമവസാനിപ്പിച്ച് ഇസ്രായേല്‍ പോയപ്പോള്‍ ഒന്നുമില്ലായിരുന്നു ഞങ്ങളുടെ പക്കല്‍. വെറും കൈകള്‍ കൊണ്ട് ഞങ്ങള്‍ ഗാസയെ പഴയ പോലെയാക്കി. സിമന്റ് പോലും അക്കാലത്ത് ഞങ്ങള്‍ക്ക് വിട്ടു തന്നില്ല ഇസ്രായേല്‍ ഭരണകൂടം. ഗാസക്ക് വേണ്ടി ജീവന്‍ വെടിഞ്ഞവരുടെ സ്വപ്നങ്ങള്‍ക്ക് മീതെ ഞങ്ങള്‍ വീണ്ടും പ്രതീക്ഷയുടെ കുടീരം കെട്ടിപ്പൊക്കി. രക്ഷപ്പെടാനായി ഞങ്ങളകപ്പെട്ടിരുന്ന- ഇപ്പോഴും തുടരുന്ന- നരകത്തെ കുറിച്ച് ലോകത്തോട് വിളിച്ചുപറഞ്ഞു. രാജ്യമൊട്ടുക്കും പ്രതിഷേധമാര്‍ച്ചുകള്‍ നടന്നു. പക്ഷേ ചുറ്റിലും നടന്നുകൊണ്ടിരിക്കുന്ന ഇതര പ്രക്ഷോഭങ്ങളില്‍ കണ്ണുടക്കി ക്കിടന്ന ലോകം ഞങ്ങളെ കണ്ടില്ലെന്ന് നടിച്ചു. 2011 മാര്‍ച്ച് 15 നാണ് ഗാസയിലും വെസ്റ്റുബാങ്കിലും വമ്പന്‍ പ്രതിഷേധറാലികള്‍‍ നടന്നത്. ജനസംഖ്യയുടെ നല്ലൊരു ശതമാനം ഇതില്‍ പങ്കുകൊണ്ടിരുന്നു. ഫലസ്തീന് വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന് അവകാശപ്പെടുന്ന പാര്‍ട്ടികള്‍ പരസ്പരം ഐക്യപ്പെടണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടു. ഇനിയും ഫലസ്തീന്‍ യുവത്വത്തിന്റെ പ്രതീക്ഷകളുടെ ആകാശത്ത് അവസര രാഷ്ട്രീയത്തിന്റെ മേഘം മൂടാന്‍ ഇടവരുത്തരുതെന്ന് അവരോട് കേണപേക്ഷിച്ചു. അധികാരക്കസേര കയ്യടക്കാന്‍ കാണിക്കുന്ന ഈ വെപ്രാളത്തിനിടയില്‍‍ ഒരു ജനതയെ മൊത്തം ബലക്കല്ലിലേക്കയക്കരുതെന്നും നേതൃത്വത്തെ ഓര്‍മപ്പെടുത്തി. ഈ ഒരൊറ്റ ആവശ്യത്തിന് വേണ്ടിയാണ് കാലങ്ങളിത്രയും ഞങ്ങള്‍ പ്രതിഷേധിച്ചുകൊണ്ടിരുന്നത്. ഇതിന്റെ പേരിലാണ് ഇസ്രായേല്‍ പട്ടാളം ഞങ്ങളെ ദേഹോപദ്രവം ചെയ്തുപോന്നതും. ഇതേ വിഷയത്തിന് തന്നെയാണ് ഞങ്ങളെ കാലങ്ങളോളം അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. ഇസ്രായേല്‍-ഫലസ്തീന്‍ സൌഹൃദചര്‍ച്ചകളെ കുറിച്ച് പറഞ്ഞു കേട്ടപ്പോള്‍ ഫലസ്തീനികള്‍ക്ക് പ്രതീക്ഷ തോന്നിത്തുടങ്ങിയത് സ്വാഭാവികം. പക്ഷേ നേതാക്കള്‍ നടത്തിയ വാഗ്ദാനങ്ങള്‍ വാഗ്ദാനങ്ങളായി ഒടുങ്ങി. പ്രതീക്ഷകളുടെ ചിറകുകള്‍ക്ക് മേല്‍ കാലം കത്തിവെച്ചു. മാനിഫെസ്റ്റോ എന്ന വാക്ക് കേട്ടപ്പോള്‍ ഭയങ്കര സംഭവമായി തോന്നിയിരുന്നു. വിജയമുറപ്പായ ഒരു യുദ്ധത്തിനിറങ്ങുന്ന പ്രതീതി ജനപ്പിച്ചിരുന്നുവത്. പക്ഷേ, എല്ലാം വെറുതെയായിരുന്നുവെന്ന് കാലവും നേതൃത്വവും തെളിയിച്ചു. ഫലസ്തീനികള്‍ക്ക് മടുത്തിരിക്കുന്നു. പ്രതീക്ഷ നല്‍കിയ വാഗ്ദാനങ്ങള്‍ക്ക് മേല്‍ കാലത്തിന്റെ കറുത്ത ചുവരെഴുത്തുകള്‍ തെളിഞ്ഞു കാണുന്നു. സമാധാനശ്രമങ്ങള്‍ നടക്കുന്നുവെന്നാണ് കേള്‍ക്കുന്നത്. സമാധാനം എന്ന വാക്കുപോലും ലജ്ജിക്കുന്ന തരം ശ്രമങ്ങള്‍. ഞങ്ങള്‍ക്കറിയില്ല ആരെ സുഖിപ്പിക്കാനാണ് ഇപ്പോഴും ഇത്തരം വാക്കുകള്‍ പൊതുബോധത്തില്‍ ഇടയ്ക്കിടയ്ക്ക് ഉപയോഗിപ്പെട്ടുകൊണ്ടിരിക്കുന്നതെന്ന്. തിരിച്ചറിവിന് ഒരു സമൂഹത്തിന് ഇത്രയൊന്നും കാലത്തിന്റെ ആവശ്യമില്ല്ലല്ലോ. ഉപരോധം: നരകത്തിന് പകരം വെക്കാവുന്ന പദം 2006 മുതല്‍ ഇസ്രായേല്‍ ഞങ്ങള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നു. എല്ലാവരും ഇതിന്റെ ദുരിതമനുഭവിക്കേണ്ടി വരുന്നു. ഫലസ്തീനിയായതിനുള്ള ശിക്ഷ. ഗാസയില്‍ ജനിച്ചുവീണത് കാരണം നിത്യവും ദുരിതമനുഭവിക്കേണ്ടി വരുന്നത് എന്തുമാത്രം കഷ്ടമല്ല. ആവശ്യത്തിന് മരുന്നോ സാമഗ്രികളോ ഇല്ലാത്തതിന്റെ പേരില്‍‍ ഞങ്ങളുടെ ആശുപത്രികള്‍ ഇടയ്ക്കിടക്ക് അടച്ചിടേണ്ടിവരുന്നു. ഇലക്ട്രിസിറ്റിയുടെ വിതരണം ഇടയ്ക്കിടെ തടസ്സപ്പെടുത്തുന്നതിനാല്‍ ഫലസ്തീനികള്‍ക്ക് ഇന്റര്‍നെറ്റ് ഉപയോഗിക്കാനാവുന്നില്ല, പുറം ലോകവുമായി ബന്ധം സ്ഥാപിക്കാനുള്ള ഏകവഴിയും അതുവഴി അടഞ്ഞു പോകുന്നു. ഫലസ്തീനികള്‍ക്ക് ആവശ്യമായ ഭക്ഷണം ലഭിക്കുന്നുണ്ടെങ്കില്‍ പിന്നെ മാധ്യമങ്ങളും ഉപരോധത്തെ കുറിച്ച് മിണ്ടാതെയാകുന്നു. ഇസ്രായേല്‍ ചിപ്സ്പാക്ക്റ്റ് ഫലസ്തീന്‍ കടകളില്‍ ലഭ്യമാണെന്ന വാര്‍ത്ത കൊടുത്ത് മാധ്യമങ്ങള്‍ ഈ ഉപരോധത്തെ പഴങ്കഥയായി അവതരിപ്പിക്കുന്നു. ഞങ്ങള്‍, ഫലസ്തീനികള്‍, മൃഗശാലയിലെ കൂട്ടിലടച്ച മൃഗങ്ങളൊന്നുമല്ല, സമയത്തിന് ഭക്ഷണം കിട്ടുന്നില്ലെന്ന് ഉറപ്പുവരുത്തി സഹതപിക്കാന്‍. ഞങ്ങള്‍ക്ക് വേണ്ടത് സഹായമായി തരുന്ന ഭക്ഷണപ്പൊതികളല്ല. ഇസ്രായേല്‍ കയറ്റിയയ്ക്കുന്ന ബ്രഡും ചിപ്സുമല്ല. ആവശ്യത്തിലധികം ഭക്ഷണസാധനങ്ങള്‍ ഉത്പാദിപ്പിച്ചിരുന്ന നിരവധി ഫാക്ടറികളുണ്ടായിരുന്നു ഇവിടെ. എല്ലാം ഇസ്രായേല്‍ പട്ടാളം ബോംബ് വര്‍ഷിച്ചു നശിപ്പിച്ചതാണ്. അവര്‍ താറുമാറാക്കിയ ഭുമികള്‍ മാത്രം മതിയായിരുന്നു ഫലസ്തിന് പുറമെ ഇതരരാജ്യങ്ങളിലേക്കും ഞങ്ങള്‍ക്ക് ഭക്ഷണം കയറ്റിയയക്കാന്‍.  ഇന്നും അവിടെ വത്തിറക്കാന്‍ ഈ ജൂതപ്പട്ടാളം ഞങ്ങളെ അനുവദിക്കുന്നില്ല. ഓരോ ദിവസവും പുതിയ ബുള്‍ഡോസര് ഉപയോഗിച്ച് അവര്‍ ഈ പാടങ്ങള്‍ നിരപ്പാക്കിക്കൊണ്ടിരിക്കുന്നു. നിത്യവും തുടര്‍ന്ന് കൊണ്ടിരിക്കുന്ന ഈ അക്രമങ്ങള്‍ മൂലമാണ് ഞങ്ങള്‍ തെരുവിലെ പിച്ചക്കാരെ പോലെയായത്. എന്നിട്ട് കുറച്ച് ഭക്ഷണപ്പൊതി എറിഞ്ഞു തന്നു ഉപരോധത്തെ കുറിച്ച് മൌനം പാലിക്കുന്നു. അവകാശങ്ങള്‍ ചോദിക്കുന്നവന് അതിന് പകരം ബ്രഡ്പായ്ക്കറ്റുകള്‍ നല്‍കി മിണ്ടാതിരിക്കാന്‍ പറയുകയോ. ചര്‍ച്ചകളെ കുറിച്ചും തെരഞ്ഞെടുപ്പിനെ കുറിച്ചുമായിരിക്കും പിന്നെ വരുന്ന വാര്‍ത്തകള്‍. കേട്ടു കേട്ടു ഫലസ്തീനികള്‍ക്ക് പോലും ചെടിച്ചു തുടങ്ങിയ വാര്‍ത്തകള്‍ ആഗോള മാധ്യമങ്ങള്‍ പ്രധാനഇനങ്ങളായി കൊണ്ടാടുന്നു. ഉണ്ട്, ഞങ്ങളെ ഗാസയിലെ ഈ ചെരുവില്‍ തളച്ചിടുന്നതിനോട് എതിര്‍പ്പുള്ള മുസ്ലിം ഭരണകൂടങ്ങളുണ്ട്. ഈജിപ്ത് പോലുള്ള അപൂര്‍വം രാജ്യങ്ങള്‍. പക്ഷേ, ഹമാസ് നേതാക്കള്‍ പല പ്രാവശ്യം കൈറോയില്‍ പോയി വന്നിട്ടും ഒരു മാറ്റവും കണ്ടില്ല. ഉറപ്പുകള്‍ക്കപ്പുറം സ്വാതന്ത്ര്യം കണ്‍വെട്ടത്ത് പുലരുന്ന ഒരു ദിനം എന്നു സാധ്യമാകുമെന്നാണ് ഞങ്ങള്‍ ചോദിക്കുന്നത്. അത്യാവശ്യം മരുന്നുകളുള്ള, സ്വാതന്ത്ര്യമുള്ള ഒരു രാജ്യത്തേക്ക് ഇവിടത്തെ കുഞ്ഞുങ്ങള്‍ക്ക് എന്ന് ജനിച്ചു വീഴാനാകും. ബോംബുവര്‍ഷങ്ങള്‍ അവരുടെ സ്വപ്നങ്ങളെ കെടുത്താതിരിക്കുന്ന കാലം എന്ന് വന്നണയും. ഫല്സ്തീനികള്‍ ഇപ്പോഴും യുവത്വമാണ്. നല്ല ഒരു ഭാവിക്ക് വേണ്ടിയുള്ള സമരം ഞങ്ങള്‍ക്കിനിയും തുടരാനാകും. പക്ഷേ അതിജീവനത്തിനു വേണ്ടിയുള്ള സമരങ്ങളില്‍ തട്ടി ഞങ്ങളുടെ സ്വപ്നങ്ങള്‍ തെറിച്ചു പോകുന്നു. അവകാശങ്ങള്‍ക്ക് പകരം അക്രമങ്ങള്‍ മാത്രം സമ്മാനിക്കുന്ന ഒരു ഭരണകൂടം ഞങ്ങള്‍ എത്രകാലം സഹിക്കണം. ഗാസ യൂത്ത് ബ്രേക്ക്സ് ഔട്ടിലെ മറ്റു അംഗങ്ങളുടെയും കഥ വിഭിന്നമല്ല. എനിക്ക് തന്നെ ഓര്‍മയില്ല, എത്ര പ്രാവശ്യം  ഈ രണ്ടു വര്‍ഷത്തിനിടയില്‍ ഞാന്‍ അറസ്റ്റുചെയ്യപ്പെട്ടിരിക്കുന്നുവെന്ന്. ഇസ്രായേല്‍ ജയിലുകളില്‍ അറസ്റ്റുചെയ്യപ്പെടുകയെന്നാല്‍ അതിനര്‍ഥം കൊടിയ പീഢനമെന്നാണ്, മനുഷ്യത്വപരമായ ഒരു സമീപനവും അവിടെ ജയിലുകളില്‍ ഇല്ല തന്നെ. എന്താണ് കുറ്റമെന്ന് തുറന്ന് പറയില്ല. കുടുംബക്കാരുമായി ബന്ധപ്പെടാനോ വക്കീലിനോ ഏര്‍പ്പാടാക്കാനോ അവസരം തരില്ല. മനുഷ്യത്വരഹിതമായ ഒരേര്‍പ്പാട്. പ്രദേശത്ത് കുറച്ചൊക്കെ അറിയപ്പെട്ട ഒരാളാണെന്നതിനാല്‍ എന്റെ വിഷയത്തില്‍ പൊതുജനങ്ങള്‍ ഏറെ ഇടപെട്ടിട്ടുണ്ട്. എന്നാല്‍ തീരെ അറിയപ്പെടാത്ത എത്രയോ പേര്‍‍ ഇതുപോലെ ജയിലിലടക്കപ്പെടുന്നുണ്ട്. അവരുടെ അവസ്ഥ ഏറെ ദയനീയമാണ്. പുറത്തു പലരാജ്യങ്ങളും സന്ദര്‍ശിക്കാന്‍ എനിക്ക് അവസരമൊത്തു വന്നിട്ടുണ്ട്. ഫലസ്തീനികളെ കുറിച്ച് ആശങ്കപ്പെടുന്ന അവിടത്ത ജനതയുമായി കാര്യങ്ങള്‍ പങ്കുവെച്ച് ഇവിടെ നാട്ടില്‍ തിരിച്ചിറങ്ങുന്നത് തന്നെ നേരെ ജയിലില്‍ പോകാനായിരിക്കും. അറസ്റ്റും ചോദ്യംചെയ്യലും; എന്തിനും എവിടെയും എപ്പോഴും... ഈജിപ്തിലും മറ്റുമെല്ലാം പ്രതിഷേധങ്ങള്‍ക്ക് ഒരു പൊതുസ്വഭാവമുണ്ടായിരുന്നു. അവിടത്തെ മിക്കവാറും ആളുകള്‍ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തിരുന്നു. ഫലസ്തീനില്‍ പക്ഷേ, പ്രതിഷേധങ്ങളില്‍ പങ്കുകൊള്ളാന്‍ വരെ പലരും മടിച്ചു തുടങ്ങിയിരിക്കുന്നു. ഒരേ സമയം പല വിധത്തിലുള്ള അധികാര ശക്തികളെ അവര്‍ക്ക് പേടിക്കേണ്ടി വരുന്നു. പലരുമിപ്പോള്‍ സ്വപ്നങ്ങള്‍ അന്യദേശത്തേക്ക് പറിച്ചുനടാന്‍ തുടങ്ങിയിരിക്കുന്നു. ഞങ്ങളുടെ വേദനയിലും ആശങ്കകളിലും സഹതപിക്കുന്ന അന്യരാജ്യങ്ങളിലാണ് ഞങ്ങള്‍ ഭാവി കാണുന്നത്, ആഗോളതലത്തില്‍ ഫലസ്തീന് വേണ്ടി നിലകൊള്ളാന്‍ ഭയക്കുന്നവയാണവയെങ്കിലും. അവസാനം ഞാന്‍ ഗാസ വിട്ടു. അതുപക്ഷേ, അറസ്റ്റിനെ ഭയന്നല്ല. മറിച്ച് ഫലസ്തീന് വേണ്ടിയുള്ള ഒറ്റക്കെട്ടായ കൂട്ടായ്മയുടെ അഭാവം എന്നെക്കൊണ്ടത് ചെയ്യിപ്പിക്കുകയായിരുന്നു. പ്രതിരോധം: കഥയിലെ ജീവിതം ഇപ്പോഴും ഗാസയിലെ ജനങ്ങളുമായി ബന്ധപ്പെടാറുണ്ട്. ഇപ്പോഴും അവര്‍ക്ക് സംസാരിക്കാനുള്ളത് പഴയ കാര്യങ്ങള്‍ തന്നെ; രാത്രിയില്‍ പരിസരത്ത് വര്‍ഷിക്കുന്ന ബോംബുകള്‍, ജൂതപ്പട്ടാളം കെട്ടിയ ചാടിക്കടക്കാനാവാത്ത മതില്‍, ഡിഗ്രി നേടിയിട്ടും ജോലിക്കായി അലയുന്ന യുവാക്കള്‍, ഭരണരംഗത്ത് ഹമാസ് അനാവശ്യമായി കാണിക്കുന്ന പിടിവാശി, ഇടയ്കിടെ കരന്റ് പോകുന്നത്... എല്ലാം പഴയകാര്യങ്ങള്‍ തന്നെ. മാറുന്നത് അവിടെ തലമുറകള്‍ മാത്രമാണ്. ഗാസ വിടുന്നതിനെ കുറിച്ചാണ് അവരും സംസാരിക്കുന്നത്. പലരും ഇതിനകം അവിടം വിട്ടുപോന്നു. ബാക്കിയുള്ളവരും വിട്ടുപോരണമെന്ന് പറയുന്നു. ജീവിതം കെട്ടിപ്പടുക്കണമെന്നുള്ളത് കൊണ്ടാണ് ഞങ്ങള്‍ മാനിഫെസ്റ്റോ തയ്യാറാക്കിയത്. ഭാവിയെ കുറിച്ച് സ്വപ്നം അന്യമായി പോകാന്‍ മാത്രം ആയുസിന്റെ മരുഭൂമിയിലെത്തിയിട്ടില്ല ഞങ്ങള്‍. നല്ലൊരു ഭാവിയെ കുറിച്ച് പ്രതീക്ഷിക്കാന്‍ ഗാസയുടെ നിലവിലെ സാഹചര്യങ്ങള്‍ വകനല്‍കുന്നില്ലെങ്കിലും. ഫലസ്തീനിലെ എന്റെ പൂവാടിയില്‍ ഒരു ഒലീവ് മരം നട്ടിരുന്നു. അതിന്റെ ചുവട്ടില്‍ എന്റെ മക്കള്‍ സന്തോഷത്തോടെ കളിക്കുന്ന പകലുകള്‍ ഞാന്‍ സ്വപ്നം കാണുന്നു. അവരുടെ ജീവിതത്തിലെ അസ്വസ്ഥകള്‍ക്ക് ഈ മരം തണല്‍ വിരിക്കുമെന്നാണ് പ്രതീക്ഷ. ആ പ്രതീക്ഷയിലാണ് ഇപ്പോഴും തുടരുന്ന ഈ പോരാട്ടം. ശരിയാണ്, ഞങ്ങള്‍ക്ക് പേടിയുണ്ട്. എന്നാലും ഫലസ്തീനികളുടെ ജീവിതചരിത്രം ഇതുവരെയെന്ന പോലെ തുടര്‍ന്നും പോരാട്ടത്തിന്റെത് തന്നെയായിരിക്കും. ഞങ്ങള്‍ക്ക് അവകാശപ്പെട്ട ഭൂമിയില്‍ ഒരു പറുദീസ പണിയും വരെ ഈ പോരാട്ടം തുടരും. സ്വര്‍ഗം പണിയാന്‍ വേണ്ടി പോരാട്ടത്തിലേര്‍പ്പെടേണ്ടി വന്നത് ചരിത്രത്തില്‍ ഒരു പക്ഷ, ഫലസ്തീനികള്‍ക്ക് മാത്രമായിരിക്കും. തടസ്സങ്ങള്‍ക്ക് മുന്നില്‍ നിസ്സഹയരാണെങ്കിലും ഭാവിയെ കുറിച്ചുള്ള പ്രതീക്ഷകള്‍ ഫലസ്തീനികളെ ഉണര്‍ത്തുന്നു. അത് ഞങ്ങളുടെ ജീവിതത്തിന് പുതിയ മാനം നല്‍കുന്നു. ആ പ്രതീക്ഷകളുടെ മുളയിലാണ് ഇവിടെ കലകളും കവിതകളും കഥകളും പൂഷ്പിക്കുന്നത്. ഫലസ്തീനികള്‍ക്ക് വേണ്ടി തയ്യാറാക്കിയ മാനിഫെസ്റ്റോ അത്ര സുഖകരമാകില്ലെന്നറിയാം. മുള്ളും കല്ലും നിറഞ്ഞ വഴിയായിരിക്കുമത്. നിരവധി ത്യാഗങ്ങളിലൂടെ മാത്രമേ അത് സാധ്യമായെന്നും വരൂ. എന്നാലും ഞങ്ങള്‍ പിന്നോട്ടില്ല, ആ ലോകം യാഥാര്‍ഥ്യമാകണം. അതിനായി ആ മാനിഫെസ്റ്റോ ഞങ്ങള്‍ ലോകജനതക്ക് മുന്നില്‍‍ അവതരിപ്പിച്ചു കൊണ്ടിരിക്കും. രണ്ടു വര്‍ഷം കടന്നുപോയെങ്കിലും ഞങ്ങള്‍ പറയുന്നു. മാനിഫെസ്റ്റോ യാഥാര്‍ഥ്യമാകും. അതിന് വേണ്ടി മാത്രമാണ് ഫലസ്തീനില്‍ ഒരു ഇല പോലുമനങ്ങുന്നത്. ഫലസ്തീനില്‍‍ സാഹിത്യങ്ങളുണ്ടാകുന്നത്. അത് കൊണ്ട് ഞങ്ങളെ ശ്രവിക്കാന്‍ ക്ഷമയുണ്ടാകണം. വിവര്‍ത്തനം: മന്‍ഹര്‍ യു.പി കിളിനക്കോട്

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter