മുത്ത്വലാഖ്: സര്‍ക്കാര്‍ നിലപാടും മതവിശ്വാസ സ്വാതന്ത്ര്യവും
talaaqമുസ്‌ലിം വ്യക്തിനിയമം പൂര്‍ണമായി എടുത്തുകളയണമെന്നാവശ്യപ്പെട്ട് ഉത്തരാഖണ്ഡ് സ്വദേശിനി ശയറാ ബാനു സമര്‍പ്പിച്ച ഹരജിയും വ്യക്തിനിയമത്തിനു കീഴില്‍ മുസ്‌ലിം സ്ത്രീകള്‍ വിവേചനം നേരിടുന്നുവെന്ന പരാതിയില്‍ സുപ്രിം കോടതി സ്വമേധയാ എടുത്ത കേസും പരിഗണിച്ച് മുസ്‌ലിം വ്യക്തിനിയമവുമായി ബന്ധപ്പെട്ട് കോടതി നടത്തിയ നിരീക്ഷണങ്ങളും അഭിപ്രായ പ്രകടനങ്ങളും മുസ്‌ലിം പൊതു മണ്ഡലങ്ങളില്‍ ആശങ്കകളുയര്‍ത്തുന്നതാണ്. യു.പി.എ. സര്‍ക്കാര്‍ക്കാറിന്റെ അവസാന കാലത്ത് സമര്‍പിക്കപ്പെട്ട റിപ്പോര്‍ട്ടില്‍ മുത്ത്വലാഖ് (മൂന്നു വിവാഹ മോചനങ്ങള്‍ ഒന്നിച്ചു നടപ്പാക്കല്‍), ബഹുഭാര്യത്വം തുടങ്ങിയ വിഷയങ്ങളില്‍ മുസ്‌ലിം സ്ത്രീകള്‍ വിവേചനം അനുഭവിക്കുന്നുണ്ടെന്നും അവ നിരോധിക്കണമെന്നതടക്കമുള്ള റിപ്പോര്‍ട്ട് കോടതിയുടെ മുമ്പാകെ സമര്‍പിക്കപ്പെട്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ മതവിഷയങ്ങളില്‍ കോടതികള്‍ ഇടപെടേണ്ടത് എപ്രകാരമാകണമെന്ന സുപ്രിംകോടതിയുടെ മുന്‍കാല വിധിന്യായങ്ങള്‍ പരിശോധിക്കേണ്ടത് അനിവാര്യമാണ്. വ്യത്യസ്ത മതങ്ങളും കാഴ്ച്ചപ്പാടുകളും വിഭിന്ന പശ്ചാത്തലങ്ങളുമുള്ള സമൂഹമാണ് ഇന്ത്യന്‍ ജനത. മതവും വിശ്വാസവും സ്റ്റേറ്റിന്റെ ഔദാര്യമല്ലെന്നതും അവ മനുഷ്യന്റെ അനിഷേധ്യവും അലംഘനീയവുമായ അവകാശമെണെന്നതും സാര്‍വലൗകികമായി അംഗീകരിക്കപ്പെട്ട തത്വമാണ്. ഭരണഘടന മതത്തെ കൃത്യമായി നിര്‍വചിക്കാത്തതു കൊണ്ടുതന്നെ അതു സംബന്ധിച്ച് വിത്യസ്ത അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. രതിലാല്‍ ഗാന്ധി (1954) കേസില്‍ മതം ദൈവവിശ്വാസത്തിലധിഷ്ഠിതമാവണമെന്നില്ലെന്നും വിശ്വാസവും കര്‍മവുമുള്‍ക്കൊള്ളുന്നതാണെന്നും കോടതി അഭിപ്രായപ്പെട്ടപ്പോള്‍ ശീരൂര്‍ മഠം (1954) കേസില്‍ മതം വ്യക്തിപരമോ സാമൂഹികപരമോ ആയ കാര്യമാകാമെന്നും ഭക്തര്‍ പിന്തുടരേണ്ട കേവലം ധാര്‍മിക നിയമാവലികള്‍ക്കപ്പുറത്ത് ആചാരനുഷ്ഠാനങ്ങള്‍, ആരാധനാരീതികള്‍ എന്നിവയും അതിനായുള്ള ഭക്ഷണ, വസ്ത്ര രീതികള്‍ വരെ നിയന്ത്രിക്കുന്നതാകാമെന്നുമാണ് ജസ്റ്റിസ് മുഖര്‍ജി നിരീക്ഷിച്ചത്. ഭരണഘടനയുടെ 25ാം അനുച്ഛേദം മതസ്വാതന്ത്ര്യം ഏതൊരു പൗരന്റെയും മൗലികാവകാശമായി പരിഗണിക്കുന്നു. എന്നാല്‍ മതസ്വാതന്ത്ര്യത്തിന്റെ പരിധി ഏതറ്റം വരെയാകാമെന്നത് എല്ലാ കാലവും കോടതിയെ മുള്‍മുനയില്‍ നിര്‍ത്തിയ ചോദ്യമാണ്. സര്‍ദാര്‍ സൈഫുദ്ദീന്‍ (1962) കേസില്‍, കേവലം മതതത്വങ്ങള്‍, വിശ്വാസ പ്രമാണങ്ങള്‍ എന്നിവയിലേക്ക് മാത്രം പരിമിതമാകുന്നതല്ല മതസ്വാതന്ത്ര്യം, വിശ്വാസത്തിന്റെ ഭാഗമായി രൂപപ്പെടുന്ന പ്രവര്‍ത്തനങ്ങള്‍, ആചാരങ്ങള്‍, ആരാധനകള്‍ എന്നിവ കൂടി അതില്‍ ഉള്‍പ്പെടും എന്നാണ് കോടതി വ്യക്തമാക്കിയത്. മതത്തിന്റെ പേരില്‍ ആചാരാനുഷ്ഠാനങ്ങളും മറ്റു കര്‍മങ്ങളും മതേതര വിഷയങ്ങളും കടന്നു വന്നപ്പോള്‍ മതസ്വാതന്ത്രത്തിന് പരിധി നിശ്ചയിക്കേണ്ടത് അവനിവാര്യമായി. മതത്തിന്റെ ലേബലില്‍ നടത്തപ്പെടുന്ന മതേതര പ്രവര്‍ത്തനങ്ങള്‍ മതസ്വാതന്ത്രത്തിന്റെ പേരില്‍ അനുവദിക്കപ്പെടുകയില്ലെന്നും ഒരു മതത്തിന്റെ അനിവാര്യവും അത്യന്താപേക്ഷികവുമായ കാര്യങ്ങള്‍ക്കു മാത്രമേ മതസ്വാതന്ത്ര്യത്തിന്റെ പരിരക്ഷ ലഭിക്കുകയുള്ളൂവെന്നുമാണ് അജ്മീര്‍ ദര്‍ഗ കമ്മിറ്റി (1961) കേസില്‍ സുപ്രിം കോടതി വ്യക്തമാക്കിയത്. മതത്തിന്റെ 'അനിവാര്യവും അത്യന്താപേക്ഷികവുമായ കാര്യങ്ങള്‍' തീരുമാനിക്കപ്പെടേണ്ടതും അതതു മതങ്ങളുടെ പ്രമാണങ്ങള്‍ക്കനുസരിച്ചാണെന്നും അതിനുള്ള പൂര്‍ണാധികാരം പ്രസ്തുത മതവിഭാഗങ്ങള്‍ക്കാണെ ന്നും പുറമെ നിന്നുള്ളവര്‍ക്ക് അതില്‍ ഇടപെടാനുള്ള അധികാരമില്ലെന്നുമുള്ള ശീരൂര്‍ മഠം (1954) കേസിലെ കണ്ടെത്തല്‍ ശ്രദ്ധേയമാണ്. ഹിന്ദു മതത്തിലെ പ്രത്യേക വിഭാഗങ്ങളുടെ ക്ഷേത്രങ്ങളിലേക്കുള്ള നിയമനങ്ങള്‍ ആഗമ വിധിപ്രകാരമാകണമെന്നും ഇതില്‍ നിന്നുള്ള വ്യതിയാനം ഭരണഘടന വിഭാവനം ചെയ്യുന്ന മതസ്വാതന്ത്ര്യത്തിന്റെ ലംഘനമാകുമെന്നുമുള്ള ആദി സൈവ ശിവാചാര്യസംഘം (2015) വിധിന്യായവും കൂട്ടിവായിക്കപ്പെടേണ്ടതുണ്ട്. ഒരു മതത്തിന്റെ അനിവാര്യവും അത്യന്താപേക്ഷികവുമായ കാര്യങ്ങള്‍ തീരുമാനിക്കപ്പെടേണ്ടത് അതതു മതങ്ങളുടെ പ്രാമാണിക തത്വങ്ങള്‍ക്കനുസരിച്ചാവണമെന്നും തദടിസ്ഥാനത്തില്‍ ദാവൂദി ബോറ സമുദായത്തലവന് സ്വസമുദായത്തിന്റെ നിയമങ്ങളുനസരിക്കാത്തവരെ തങ്ങളുടെ മതസ്ഥാപനങ്ങളില്‍ നിന്ന് ഭ്രഷ്ട് കല്‍പ്പിക്കാനുള്ള അധികാരവും സ്വാതന്ത്രവുമുണ്ടെന്നാണ് സൈഫുദ്ദീന്‍ (1962) കേസിലെ വിധിന്യായം സൂചിപ്പിക്കുന്നത്. ഭരണഘടനയുടെ 25(2) (ബി) പ്രകാരം സാമൂഹ്യക്ഷേമത്തിനും പരിഷ്‌കരണത്തിനും വേണ്ടിയുള്ള നിയമനിര്‍മാണങ്ങള്‍ മതത്തിന്റെ അസ്തിത്വത്തെയോ സവിശേഷതകളെയോതകര്‍ക്കുന്ന രീതിയിലാകരുത് എന്ന ജ: അയ്യങ്കാറിന്റെ നിരീക്ഷണം മതസ്വാതന്ത്ര്യത്തിന്റെ വ്യാപ്തിയും പരിമിതിയും വ്യക്തമാക്കുന്നു. സുപ്രിം കോടതി സ്വയം വിഭാവനം ചെയ്ത അനിവാരവും അത്യന്താപേക്ഷികവുമായ കാര്യങ്ങള്‍ക്കു മാത്രം പരിരക്ഷ നല്‍കുന്ന സമ്പ്രദായം പ്രയോഗിക്കുന്നിടത്ത് കോടതികള്‍ ചിലപ്പോഴെങ്കിലും പരാചയപ്പെട്ടിട്ടുണ്ടെന്നു മാത്രമല്ല മതപരമായ അവകാശ ലംഘനങ്ങള്‍ക്കു വരെ അവ കാരണമായിട്ടുണ്ട്. പള്ളികള്‍ മുസ്‌ലിം സമൂഹത്തിന്റെ ആരാധനകള്‍ക്ക് അനിവാര്യമല്ലെന്നതും നിസ്‌കരിക്കുന്നതിന് പ്രത്യേക സ്ഥലം ആവശ്യമില്ലെന്നുമുള്ള ഇസ്മാഈല്‍ ഫാറൂഖി (1994) കേസിലെ നിരീക്ഷണവും ജൈനമതത്തി ലെ സന്താര ആചാരം മതസ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരില്ലെന്നതും അവ നിര്‍ത്തലാക്കേണ്ടതാണെന്നുമുള്ള രാജസ്ഥാന്‍ ഹൈക്കോടതിയുടെ (2015) വിധിയും മതസ്വാതന്ത്ര്യത്തിന്റെ അര്‍ത്ഥവും വ്യാപ്തിയും നഷ്ടപ്പെടുത്തുന്നതാണെന്ന് പറയാതെ വയ്യ. വിശ്വാസത്തിന്റെയും മതാനുഷ്ടാനങ്ങളുടെയൂം ഭാഗമായി നിലനില്‍ക്കുന്ന സ്ഥാപനങ്ങളും സ്ഥാപനവല്‍കൃതസംവിധാനങ്ങളുടെ നടത്തിപ്പും മതസ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരില്ലെങ്കില്‍ മതസ്വാതന്ത്ര്യം അര്‍ത്ഥശൂന്യമാകുമെന്നത് തീര്‍ച്ചയാണ്. മതത്തിന്റെ അനിവാര്യവും അത്യന്താപേക്ഷിതവുമായ കാര്യങ്ങളില്‍ ആധുനിക വ്യാഖ്യാനങ്ങളും പടിഞ്ഞാറന്‍ കാഴ്ച്ചപ്പാടുകളും പ്രയോഗിക്കുന്നത് അനുചിതമാണ്. മതം അടിസ്ഥാനപരമായി വിശ്വാസത്തിലധിഷ്ഠിതമാണ്. അവിടെ യുക്തിഭദ്രത ചോദ്യം ചെയ്യുന്നത് അടിസ്ഥാനരഹിതവുമാണ്. മരണം വരെ ഉപവാസമനുഷ്ഠിക്കുന്ന സന്താര എന്ന ആചാരം ജൈനമതത്തിലെ അനിവാര്യവും അത്യന്താപേക്ഷിതവുമല്ലെന്ന ഹൈക്കോടതി വിധിയെ സുപ്രിം കോടതി സ്‌റ്റേ ചെയ്തത് ശ്രദ്ധേയമാണ്. സന്താര ആചാരം അനുഷ്ടിക്കുന്നവര്‍ക്കെതിരേ ഇന്ത്യന്‍ ശിക്ഷാനിയമം 306, 309 വകുപ്പുകള്‍ (ആത്മഹത്യാ പ്രേരണക്കുറ്റം, ആത്മഹത്യാ ശ്രമം) ചുമത്തണമെന്നും ഇത്തരം ആചാരങ്ങള്‍ നിര്‍ത്തലാക്കണമെന്ന് ഗവണ്‍മെന്റിന് നിര്‍ദേശം നല്‍കുകയും ചെയ്ത ഹൈക്കോടതി വിധി ജൈന മതത്തിന്റെ അടിസ്ഥാന തത്വങ്ങളെ മനസ്സിലാക്കാത്തതാണ്. ഇന്ത്യന്‍ മതങ്ങളിലെ ഉപവാസരീതികളും ജീവിതത്തോടുള്ള കാഴ്ച്ചപ്പാടുകളും പടിഞ്ഞാറന്‍ പരിപ്രേക്ഷ്യത്തില്‍ നിന്നു തികച്ചും വ്യത്യസ്തമാണ്. ജൈനമതത്തിലെ സന്താരയും ഹിന്ദുമതത്തിലെ ജലസമാധിയും ബുദ്ധമതത്തിലെ ആത്മാഹുതിയര്‍പ്പിക്കലും അതതു മതങ്ങളിലെ ആചാരങ്ങളും സമ്പ്രദായങ്ങളുമാണ്. വ്യക്തി നിയമങ്ങള്‍ അടിസ്ഥാനപരമായി മതനിയമങ്ങളും ആചാരാനുഷ്ഠാനങ്ങളുമാണ്. ശരീഅത്ത് ആക്ട്, 1937 പ്രകാരം വിവാഹം, വിവാഹ മോചനം വേര്‍പിരിയല്‍, ജീവനാംശം, അനന്തരാവകാശം, മഹ്‌റ്, രക്ഷാകതൃത്വം, വഖ്ഫ് തുടങ്ങിയ വിഷയങ്ങളില്‍ തീര്‍പ്പുകല്‍പ്പിക്കേണ്ടത് മുസ്‌ലിം വ്യക്തിനിയമം അനുശാസിക്കും വിധമാണെന്ന് നിഷ്‌കര്‍ഷിച്ചിരിക്കുന്നു. ഇത്തരം വിഷയങ്ങളില്‍ മതവീക്ഷണങ്ങളെ മാറ്റിനിര്‍ത്തി പുതിയ വ്യാഖ്യാനം നല്‍കുന്നത് ഭരണഘടന വിഭാവനം ചെയ്യുന്ന മതസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണ്. 1981ല്‍ ഗുവാഹത്തി ഹൈക്കോടതിയിലെ ജിയാഉദ്ദീന്‍ കേസിലാണ് ഇന്ത്യയിലാദ്യമായി മുത്ത്വലാഖ് (മൂന്ന് മൊഴിയും ഒരുമിച്ച് ചൊല്ലല്‍) അസാധുവാണെന്നും ഇത്തരം ഒരു നിയമം ഇസ്‌ലാമികമല്ലെന്നും ജസ്റ്റിസ് ബശ്ശാറുല്‍ ഇസ്‌ലാം വിധിപ്രസ്താവന ഇറക്കിയത്. മതിയായ കാരണം ചൂണ്ടിക്കാണിക്കാതെയും മധ്യസ്ഥ ശ്രമങ്ങള്‍ നടക്കാതെയുമുള്ള ത്വലാഖ് വിവാഹ മോചനമായി പരിഗണിക്കാനാവില്ലെന്ന മദ്രാസ് (1998) കര്‍ണാടക (2000) ബോംബെ (2002) ഹൈക്കോടതി വിധികളും ശമീം അറ (2002) കേസിലെ സുപ്രിം കോടതി വിധിന്യായവും ഇസ്‌ലാമിക നിയമത്തിനു വിരുദ്ധമാണെന്ന് പറയാതെ വയ്യ. ഇവിടെ മുത്ത്വലാഖ് ചൊല്ലിയാല്‍ ആ ത്വലാഖ് വിവാഹമോചനം സാധുവാകുമെന്ന് വിശ്വസിക്കുന്ന വ്യക്തിയെ സംബന്ധിച്ചിടത്തോളം തുടര്‍ബന്ധം നിഷിദ്ധവും കുറ്റകരവുമാണെന്നു മാത്രമല്ല വ്യഭിജാരത്തിന് തുല്യവുമാണ്. ശരീഅത്ത് സംബന്ധമായ വിഷയങ്ങളെ മോഡേണ്‍ കാഴ്ചപ്പാടുകളിലൂടെ അവതരിപ്പിക്കുന്നതിന് പകരം ഇസ്‌ലാമിക പ്രമാണങ്ങളുടെ കാഴ്ച്ചപ്പാടുകളും കര്‍മ്മശാസ്ത്ര സിദ്ധാന്തങ്ങളും സമന്വയ സാധ്യതകളും ഇസ്‌ലാമിക തത്വശാസ്ത്രങ്ങളുടെ അപഗ്രഥനങ്ങളും പരിഗണിച്ചുള്ള വിധിന്യായങ്ങള്‍ കൊണ്ട് ഊന്നല്‍ നല്‍കേണ്ടത് സാമൂഹ്യപരിഷ്‌കരണത്തിന്റെ പേരില്‍ വ്യക്തിനിയമത്തില്‍ വെള്ളം ചേര്‍ക്കുന്നതും മതത്തിന്റെ സവിശേഷതയെയോ അസ്ഥിത്വത്തെയോ ഇല്ലാതാക്കുന്ന വിധത്തില്‍ ഇടപെടലുകള്‍ നടത്തുന്നതും ഭരണഘടനയുടെ അന്തഃസത്തക്ക് നിരക്കാത്തതാണെന്നും പറയാതെ വയ്യ. ബന്ധപ്പെട്ട മറ്റു ലേഖനങ്ങള്‍ http://www.islamonweb.net/article/2012/07/4498/ http://www.islamonweb.net/article/2016/09/58397/

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter