ചരിത്രം, ചരിത്രപഠനം
മനുഷ്യവര്‍ഗ്ഗത്തിന്റെ സാംസ്‌കാരിക സാമൂഹിക രാഷ്ട്രീയ വൈജ്ഞാനിക വികാസത്തിന്റെ കഥയാണു ചരിത്രം. ത്രികാല ശൃംഖലയാണു ചരിത്രം. അതു ഭൂതത്തെയും വര്‍ത്തമാനത്തെയും ഭാവിയെയുമെല്ലാം കോര്‍ത്തിണക്കുന്നു. ചരിത്രപഠനം സഹസ്രാബ്ദത്തിലൂടെയുള്ള ലോകപര്യടനമാണ്. അറിവിന്റെ വ്യത്തവും അനുഭവത്തിന്റെ മണ്ഡലവും അതുമൂലം വിസ്തൃതി പ്രാപിക്കുന്നു.
പ്രകൃതിചരിത്രവും മനുഷ്യചരിത്രവും പരസ്പര പൂരകങ്ങളാണെങ്കിലും നാമിവിടെ അധികരണം നടത്തുന്നത് മനുഷ്യചരിത്രത്തെയാണ്. മതചരിത്രവും മനുഷ്യചരിത്രവും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. മനുഷ്യചരിത്രം തുടങ്ങുന്നിടത്തുനിന്നു മത ചരിത്രവും തുടങ്ങുന്നു. ഒന്നാമത്തെ മനുഷ്യന്‍ ഒന്നാമത്തെ നബിയും ഒന്നാമത്തെ റസൂലുമാണ്. മതത്തിന്റെ ചരിത്രമാണു യഥാര്‍ത്ഥ മനുഷ്യചരിത്രം.
ഇബ്‌നുഖല്‍ദൂം തന്റെ 'മുഖദ്ദിമ'യില്‍ രേഖപ്പെടുത്തുന്നത് കാണുക: മുസ്‌ലിം ചരിത്രകാരില്‍ പ്രമുഖര്‍ ചരിത്രസംഭവങ്ങള്‍ സമ്പൂര്‍ണമായി ശേഖരിച്ചു ഗ്രന്ഥരൂപത്തില്‍ എഴുതിയിരുന്നു. എന്നാല്‍, ചില അപക്വമതികള്‍ വന്നു ഈ വിഷയത്തില്‍ അസത്യങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ഊഹാപോഹങ്ങളെ അടിസ്ഥാനമാക്കിയോ നൂതനാശയങ്ങളെ അടിസ്ഥാനപ്പെടുത്തിയോ ആണവര്‍ ഈ അബദ്ധങ്ങള്‍ കൂട്ടിച്ചേര്‍ത്തത്. അതോടൊപ്പം ചില അതിശയോക്തികള്‍ കൂട്ടിച്ചേര്‍ത്തു പെരുപ്പിക്കുകയും ചെയ്തു. തുടര്‍ന്നുവന്ന നിരവധി പേര്‍ അവ ചരിത്രസത്യങ്ങളാണെന്നു കരുതുകയും കേട്ടപടി കൈമാറുകയും ചെയ്തു. (മുഖദ്ദിമ: പേജ് 3)
ചരിത്രപഠന ഗ്രന്ഥങ്ങള്‍ പലതും കറുത്ത കരങ്ങളാല്‍ വികലപ്പെടുത്തിയിട്ടുണ്ടെന്നാണു ഇബ്‌നുഖല്‍ദൂം പറയുന്നത്. ചരിത്രത്തില്‍ അസത്യവും അബദ്ധവും കടന്നുകൂടുന്ന പ്രധാന മാര്‍ഗ്ഗങ്ങള്‍ ഇബ്‌നുഖല്‍ദൂം സമര്‍ത്ഥിക്കുന്നതു ശ്രദ്ധിക്കുക: ''ചരിത്രപ്രതിപാദനത്തില്‍ സ്വാഭാവികമായും അസത്യം കടന്നുകൂടാന്‍ സാധ്യതയുണ്ട്. അതിനുള്ള കാരണങ്ങള്‍ പലതാണ്. വിവിധ അഭിപ്രായക്കാരും ആശയക്കാരും തങ്ങളുടെ അഭിപ്രായ-ആശയങ്ങളോട് ചേരുകയും അവയോടുള്ള പക്ഷാതിപത്യം വസ്തുതകളില്‍ പ്രകടിപ്പിക്കുകയും ചെയ്യുന്നുവെന്നതാണു അവയിലൊന്ന്.
ചരിത്രപഠനത്തില്‍ അസത്യം കടന്നുകൂടാനുള്ള മറ്റൊരു സ്വാഭാവിക കാരണം ചരിത്രോദ്ധാരകരെ കുറിച്ചുള്ള അമിത വിശ്വാസമാണ്. മറ്റൊന്ന് ലക്ഷ്യബോധമില്ലായ്മയാണ്. ചരിത്രനിവേദകരില്‍ അധികപേരും തങ്ങള്‍ നിരീക്ഷിച്ച വസ്തുതകളുടെയോ പറഞ്ഞുകേട്ട കാര്യങ്ങളുടെയോ യഥാര്‍ത്ഥ പ്രസക്തി അറിയാതെപോകും. നിജസ്ഥിതിയെ കുറിച്ചുള്ള മൂഢസങ്കല്‍പം മറ്റൊരു കാരണമാണ്. ഇതു സര്‍വ്വസാധാരണമാണ്. (മുഖദ്ദിമ: പേജ് 27)
അറബികളുടെ കയ്യില്‍ ലിഖിത ചരിത്രഗ്രന്ഥങ്ങളൊന്നും ഉണ്ടായിരുന്നില്ല. പരമ്പരാഗതമായി കൈമാറിവന്നിരുന്ന അനുശ്രാവിക കഥകളും വാര്‍ത്തകളും മാത്രമായിരുന്നു അവരുടെ ചരിത്രം. പിതാക്കളുടെ ധീരത, ഔദാര്യം, വാഗ്ദത്ത നിര്‍വ്വഹണം ആദിയായ അപദാനങ്ങള്‍, വംശസംബന്ധമായ വിവരങ്ങള്‍, ഗോത്രങ്ങള്‍ തമ്മില്‍ നടക്കുന്ന സംഖ്യങ്ങള്‍, വിശുദ്ധ കഅ്ബയുടെ ചരിത്രം, സംസമിന്റെ കഥകള്‍, ജുര്‍ഹൂം ഗോത്രത്തിന്റെയും ഖുറൈശ് ഗോത്രനായകരുടെയും വൃത്താന്തങ്ങള്‍, യമന്‍ നിവാസികളുടെ പ്രവാസത്തിനു കാരണമായ സബഇലെ മഅ്‌രിബ് അണക്കെട്ടിന്റെ തകര്‍ച്ച, ജിന്നു സേവകരുടെയും ജ്യോത്സ്യന്‍മാരുടെയും പ്രവചനങ്ങള്‍ എന്നിത്യാധി കാര്യങ്ങളെല്ലാം ഉള്‍ക്കൊള്ളുന്നതായിരുന്നു അവരുടെ ചരിത്രം. അറബികളുടെ സാമൂഹികവും രാഷ്ട്രീയവും മതപരവുമായ ജാഹിലിയ്യാ ജീവിതത്തെ ചിത്രീകരിക്കുന്നതാണു പ്രസ്തുത സംഗതികള്‍.
പ്രവാചകരുടെ ആഗമനത്തോടെ അറേബ്യയുടെ മുഖച്ഛായ മാറിയപ്പോള്‍ അവരുടെ ചരിത്രത്തിന്റെ മുഖച്ഛായയും മാറി. ഇസ്‌ലാമിന്റെ ആഗമന കാലത്തെ അറേബ്യന്‍ സാഹചര്യം മനസ്സിലാക്കാന്‍ സഹായകമായതുകൊണ്ട് മുന്‍വൃത്താന്തങ്ങള്‍ ചില ചരിത്രഗ്രന്ഥങ്ങളില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. പ്രവാചക ചരിത്രത്തോടെയാണു ഇസ്‌ലാമിന്റെ പുതിയ ചരിത്രം തുടങ്ങുന്നത്.
പ്രവാചക ഗോത്രത്തിന്റെ, വംശത്തിന്റെ, കുടുംബത്തിന്റെ, പ്രദേശത്തിന്റെ, രാജ്യത്തിന്റെ ചരിത്രം അതിന്റെ സുപ്രധാന ഘടകമാണ്. ജനനത്തിനുമുമ്പുണ്ടായ പ്രത്യേക സാഹചര്യം മുതല്‍ പ്രവാചകരുടെ ജനനം, ശൈശവ-ബാല്യ-യൗവ്വന ദശകളിലെ സകലവിവരങ്ങളും പ്രവാചകത്വ ലബ്ദിയും മതപ്രബോധനവും അതോടനുബന്ധിച്ചുണ്ടായ ബഹുമുഖ സംഭവങ്ങളും പരിവര്‍ത്തനങ്ങളും അനുകൂലികളുടെയും പ്രതികൂലികളുടെയും ശത്രുക്കളുടെയും മിത്രങ്ങളുടെയും അവരോടെക്കെ പ്രവാചകര്‍ സ്വീകരിച്ച നിലപാടുകളുടെയും നടപടികളുടെയും വിശദ രൂപങ്ങള്‍ ഉള്‍ക്കൊള്ളുന്ന നിസ്തുലമായ സമഗ്രചരിത്രമാണ് പ്രവാചക ചരിത്രം.
പ്രവാചക ചരിത്രത്തില്‍ രചന നടത്തിയ പ്രഥമ നിരയിലെ പ്രമുഖരാണ് ഉര്‍മത്തുബ്‌നു സുബൈര്‍, അബ്ബാനുബ്‌നു ഉസ്മാന്‍, വഹബുബ്‌നു മുനബ്ബിഹ് എന്നിവര്‍. പക്ഷെ, ഇവരുടെ ഗ്രന്ഥങ്ങള്‍ അപ്പടി അവശേഷിച്ചില്ല. ചില പൂര്‍വ്വീക ചരിത്രഗ്രന്ഥങ്ങളില്‍ ചിന്നിച്ചിതറി കിടക്കുന്ന ഉദ്ധരണികളും വഹബുബുനു മുനബ്ബിഹിന്റെ ഗ്രന്ഥത്തില്‍നിന്നു ജര്‍മനിയിലെ ഹെയ്ഡല്‍ ബര്‍ഗ് പട്ടണത്തില്‍ സൂക്ഷിക്കപ്പെട്ട ഒരു ഭാഗവും മാത്രമാണ് അവശേഷിച്ചിട്ടുള്ളത്.
പിന്നീട് ചരിത്രഗ്രന്ഥകാരന്മാരുടെ മറ്റൊരു നിര നിലവില്‍ വന്നു. അവരില്‍ ഏറ്റവും പ്രശസ്തര്‍ മൂസബ്‌നു ഉഖ്ബ, മുഅമ്മര്‍ബ്‌നു റാശിദ് എന്നിവരാണ്. ശേഷം വന്ന മറ്റൊരു നിരയിലെ പ്രമുഖരാണ് സിയാദുല്‍ബക്കായി, അല്‍വാഖിദീ, ഇബ്‌നുഹിശാം എന്നിവര്‍.
ഉപര്യുക്ത പണ്ഡിതരുടെ ഗ്രന്ഥങ്ങളില്‍നിന്നു ഏറ്റവും പ്രശസ്തമായത് ഇബ്‌നു ഇസ്ഹാഖി(റ)ന്റെ ചരിത്ര ഗ്രന്ഥമാണ്. അബ്ബാസിയ കാലഘട്ടത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ മന്‍സൂര്‍ ചക്രവര്‍ത്തിയുടെ നിര്‍ദ്ദേശപ്രകാരമാണത്രെ അദ്ദേഹം ഈ ഗ്രന്ഥം രചിച്ചത്. ഹിജ്‌റ: 85-ല്‍ മദീനയില്‍ ജനിച്ച അദ്ദേഹം 152-ല്‍ ബാഗ്ദാദില്‍ നിര്യാതനായി. ഇബ്‌നുഇസ്ഹാഖിന്റെ ചരിത്രഗ്രന്ഥം സംസ്‌കരിച്ചു സംക്ഷേപിച്ചത് ഉദ്ദേശം അര നൂറ്റാണ്ടിനു ശേഷം ഇബ്‌നുഹിശാം എന്ന പ്രസിദ്ധ ചരിത്ര പണ്ഡിതനാണ്. ബസ്വറയില്‍ ജനിച്ചുവളര്‍ന്ന ഇബ്‌നുഹിശാം (റ) 218-ല്‍ ഈജിപ്തിലെ ഫുസ്താത്തില്‍ മരണപ്പെട്ടു. ഇബ്‌നു ഇസ്ഹാഖിന്റെ വിസ്തൃത ചരിത്രഗ്രന്ഥത്തില്‍ നിന്നു പ്രവഞ്ചോല്‍പ്പത്തി മുതല്‍ക്ക് ഇസ്മാഈല്‍ നബി(അ) വരെയുള്ള ചരിത്രവും ഇസ്മാഈല്‍ സന്തതികളുടെ വിവരവും പ്രവാചക ചരിത്രവുമായി നേരിട്ടു ബന്ധമില്ലാത്ത മറ്റുചില വിഷയങ്ങളും കളഞ്ഞുകൊണ്ടാണ് ഇബ്‌നുഹിശാം(റ) സംക്ഷേപണം നടത്തിയിട്ടുള്ളത്. അതോടൊപ്പംതന്നെ ഇബ്‌നു ഇസ്ഹാഖി(റ)ന്റെ ഗ്രന്ഥത്തില്‍ ഇല്ലാത്തതും എന്നാല്‍ ആവശ്യവുമായ പല വിവരങ്ങളും കൂട്ടിച്ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്. അവ മൂലഗ്രന്ഥത്തില്‍ നിന്നു പ്രത്യേകമായിത്തന്നെ വേര്‍പ്പെടുത്തിയിട്ടുണ്ട്. ഈ ഗ്രന്ഥത്തിന്റെ പ്രശസ്തിയും അംഗീകാരവുംനിമിത്തം ഇതിനു വ്യാഖ്യാനമെഴുതിയും സംക്ഷേപണം നടത്തിയും പദ്യവല്‍ക്കരണം നടത്തിയും പലരും സേവനം ചെയ്തിട്ടുണ്ട്.
ഹദീസ് പണ്ഡിതന്മാരുടെ നിവേദനരീതി സ്വീകരിച്ചവരായിരുന്നു ആ പൂര്‍വ്വീകരായ അറബി ചരിത്രകാരില്‍ അധിക പേരും. നിവേദകരുടെ ശൃംഖലയോടെ ആയിരുന്നു അവര്‍ ഓരോ വസ്തുതയും നിവേദനം ചെയ്തിരുന്നത്. എന്നാല്‍ പില്‍കാലത്ത് അയോഗ്യരായ ചിലര്‍ നിവേദകപരമ്പര ഒഴിവാക്കി കണ്ടതൊക്കെ ഉദ്ധരിച്ചുതുടങ്ങി. നിരൂപണമോ പരിശോധനയോ നടത്താതെ അവര്‍ കൈമാറിയ വിവരങ്ങളില്‍ പാകപ്പിഴവുകള്‍ സംഭവിച്ചു.
ഹാഫിള് ഇബ്‌നു കസീര്‍(റ) ഇതില്‍ നിന്നു വ്യത്യസ്തമായി നിവേദകപരമ്പര കാണിക്കുകയും അതോടൊപ്പം ശക്തമായ നിരൂപണങ്ങളും വിമര്‍ശനങ്ങളും നടത്തി ഉദ്ധരണികളുടെ ബലാബലം തെളിയിച്ചു കാണിച്ചുകൊടുക്കുകയും ചെയ്തു. അതുകൊണ്ട് അദ്ദേഹത്തിന്റെ 'അല്‍ബിദായത്തുവന്നിഹായ' എന്ന ബൃഹത്തായ ചരിത്രഗ്രന്ഥം ആധികാരികവും പ്രധാനമര്‍ഹിക്കുന്നതുമാണ്. ആധികാരിക തെളിവിന്റെ വെളിച്ചത്തിലുള്ള സംഭവങ്ങള്‍ മാത്രമേ താന്‍ ഇതില്‍ രേഖപ്പെടുത്തുകയുള്ളൂവെന്നും അല്ലാത്തതു എപ്പോഴെങ്കിലും പറഞ്ഞാ ല്‍ അതിന്റെ തെളിവില്ലായ്മ വ്യക്തമാക്കുകയും ചെയ്യുമെന്നും അല്‍ ബിദായയുടെ ആമുഖത്തില്‍ പ്രസ്താവിച്ചിട്ടുണ്ട്. ഇബ്‌നു കസീര്‍(റ) തന്റെ അല്‍ബിദായത്തുവന്നിഹായ: എന്ന ഗ്രന്ഥത്തെ മൂന്നായി ഭാഗിച്ചിരിക്കുന്നു. പ്രഥമ ഭാഗം പ്രപഞ്ചോല്‍പത്തി മുതല്‍ ഹിജ്‌റ വരെയുള്ള സംഭവങ്ങളാണ്. രണ്ടാം ഭാഗം ഹിജ്‌റ: മുതല്‍ ഗ്രന്ഥകാരന്റെ കാലം (മരണം ഹി: 774) വരെയുള്ള സംഭവങ്ങളാണ്. മൂന്നാം ഭാഗം ഭവിഷ്യല്‍കാര്യങ്ങളും മരണാനന്തര സംഭവങ്ങളുമാകുന്നു.
ഇസ്‌ലാമിക ചരിത്രഗ്രന്ഥങ്ങളെ പൊതുവെ ഏഴിനമായി തരംതിരിച്ചിരിക്കുന്നു. ഒന്ന്, വംശ ചരിത്രം (അന്‍സാബ്) രണ്ട്, യുദ്ധചരിത്രം (മഗാസി), മൂന്ന്, വിജയചരിത്രം (ഫുതൂഹ്), നാല്, നിവേദന പണ്ഡിതരുടെ ചരിത്രം (ത്വബഖാത്ത്) അഞ്ച്, വ്യക്തി ചരിത്രം (സീറത്ത്) ആറ്, പൊതുചരിത്രം (താരീഖ് ആമ്മ) ഏഴ്, ചരിത്രവിജ്ഞാനകോശം (മആജിം). ഇബ്ന്‍ ഖല്ലികാന്റെ വഫയാത്തുല്‍ അഅ്‌യാന്‍ എന്ന ഗ്രന്ഥമാണ് ഏഴാം ഇനത്തില്‍ ഏറ്റവും പ്രസിദ്ധം.
എം.എ. ജലീല്‍ സഖാഫി പുല്ലാര

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter