മുഅമ്മര്‍ ഖദ്ദാഫിക്ക് ശേഷം ജനാധിപത്യത്തിലെത്താതെ ലിബിയ
ലിബിയ ആഗോളമാധ്യമങ്ങളില്‍ നിന്ന് മായുന്നേയില്ല. കഴിഞ്ഞ സെപ്തംബറില്‍ ‘ഇന്നസന്‍സ് ഓഫ് മുസ്‌ലിംസി’നെതിരെ മുസ്‌ലിം ലോകത്ത് നടന്ന പ്രതിഷേധത്തിനിടെ ബെംഗാസിയില്‍ കൊല്ലപ്പെട്ടത് നാലു അമേരിക്കക്കാരാണ്. അതിന് ശേഷം പിന്നെ മാധ്യമങ്ങള്‍ രാജ്യത്തെ സുരക്ഷാ പ്രശ്നത്തെയാണ് ചര്‍ച്ചക്കെടുത്തത്. എന്നാല്‍ ഇക്കഴിഞ്ഞ മാസത്തെ ലിബിയയില്‍ നിന്നുള്ള ഏറ്റവും വലിയ വാര്‍ത്ത അതൊന്നുമല്ല. മറിച്ച് ലിബിയയുടെ കാബിനറ്റിനെ കുറിച്ച് പുറത്തു വന്നു കൊണ്ടിരിക്കുന്നതാണത്. ഒരു മന്ത്രിസഭ രൂപീകരണം ഇത്രമാത്രം വാര്‍ത്തയാകുന്നത് ലിബിയയുടെ ഭാവിയെ കുറിച്ച് ചില സൂചനകള്‍ നല്‍കുന്നില്ലേ?
അറബ് വസന്തത്തിന് ശേഷം പുതിയ ഭരണകൂടം നിലവില്‍ വന്ന ഈജിപ്തിന് വിപരീതമായി ലിബിയയില്‍ ഭരണകൂട രൂപീകരണം സുഖകരമായിരിക്കുമെന്നാണ് നേരത്തെ രാഷ്ട്രീയ നിരീക്ഷണമുണ്ടായിരുന്നത്. ഈജിപ്തില്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടവും മിലിറ്ററിയും തമ്മില്‍ ചെറിയ ഉരസലിലാണ്. അത്തരം പ്രശ്നങ്ങളുണ്ടാവില്ലെങ്കിലും ഒരു കാബിനറ്റിന്‍റെ രൂപീകരണം ചില്ലറ പണിയൊന്നുമല്ലെന്ന് ഉറപ്പാണ്.
മതപരവും പ്രാദേശികവുമായ സംഘര്‍ഷങ്ങളുടെ ഇടക്കു കിടന്നുഴലുകയാണ് രാജ്യത്തെ രാഷ്ട്രീയം. അതിനിടയില്‍ പെട്ട് ആദ്യമായി വില നല്‍കേണ്ടിവന്നത് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട മുസ്ഥഫ അബൂശുഗാറാണ്. അദ്ദേഹത്തിന്റെ കാബിനറ്റിന് പൊതുജന അംഗീകാരം ലഭിച്ചില്ല. അവസാനം സ്ഥാനം രാജി വെച്ചൊഴിയേണ്ടി വന്നു അദ്ദേഹത്തിന്. രാജ്യത്തെ പ്രധാനപ്പെട്ട രണ്ടു രാഷ്ട്രീയ പാര്‍ട്ടികളെ തഴഞ്ഞ് മൂന്ന് പതിറ്റാണ്ടിലേറെയായി രാഷ്ട്രീയ വൃത്തത്തിലില്ലാതിരുന്ന ഒരു ചെറുപാര്‍ട്ടിക്ക് അമിത പ്രാധാന്യം നല്‍കിയതാണ് പ്രഥമ പ്രധാനമന്ത്രിക്ക് വിനയായത്. തന്റെ മുന്നണിയിലെ എല്ലാ പാര്‍ട്ടികളെയും തൃപ്തിപ്പെടുത്താനാവാത്തത് ശുഗൂറിനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ പരാജയമായിരുന്നു. അതിനദ്ദേഹം വില നല്‍കേണ്ടതായും വന്നു.
പ്രധാനപ്പെട്ട പല വകുപ്പുകളും അബൂശുഗൂര്‍ ഗദ്ദാഫിയുടെ അനുഭാവികള്‍ക്ക് നല്‍കിയെന്നാണ് പൊതുജനങ്ങളില്‍ ചിലര്‍ അഭിപ്രായപ്പെടുന്നത്. അതെ സമയം ഗ്രാമങ്ങളിലെ പ്രതിനിധികള്‍ക്ക് വേണ്ടത്ര പരിഗണന നല്‍കാതെ ഒരു നഗരകേന്ദ്രീകൃത മന്ത്രാലയ രൂപീകരണത്തിന് മുതിര്‍ന്നതാണ് ശുഗൂറിന് പറ്റിയ തെറ്റെന്നു പറയുന്നവരും ഏറെയുണ്ട്. ഏതായാലും ഒരു കാര്യം ഉറപ്പാണ്. വേണ്ടത്ര സുതാര്യതയില്ലാത്തെ സെലക്ഷന്‍ രീതിയാണ് അദ്ദേഹം കാബിനറ്റ് രൂപീകരണത്തില്‍ സ്വീകരിച്ചത്.
ഏതായാലും സ്ഥാനത്ത് തുടരുക സാധ്യമല്ലെന്ന് തിരിച്ചറിഞ്ഞ് ശുഗൂര്‍ സ്ഥാനം രാജിവെച്ചൊഴിഞ്ഞു. പ്രാദേശിക രാഷ്ട്രീയത്തിന്റെ സംഘര്‍ഷങ്ങളിലകപ്പട്ട ലിബിയന്‍ രാഷ്ട്രീയത്തിന്റെ ആദ്യഇര. രാജിവെച്ചൊഴിയേണ്ടി വന്ന ആദ്യപ്രസിഡണ്ട്.
ഉടനെ അഹ്മദ് സൈദാനോട് പുതിയ കാബിനറ്റ് രൂപീകരിക്കാന്‍ പ്രസിഡണ്ട് ആവശ്യപ്പെട്ടു. സൈദാന്റെ ശ്രമവും പരാജയപ്പെടുന്നിടത്താണ് കാര്യങ്ങള്‍. ശുഗൂര്‍ നേരിട്ട പ്രശ്നങ്ങള്‍ തന്നെയാണ് സൈദാനും നേരിടേണ്ടി വന്നത്. മുഅമ്മര്‍ ഖദ്ദാഫിയെന്ന മുന്‍ഭരണാധികാരിയോട് അനുഭാവം കാണിക്കാത്ത പുതിയ മുഖങ്ങളെ കണ്ടെത്താന്‍ പുതിയ നേതാവിനും കഴിയുന്നില്ല. മുന്‍ഭരണാധികാരിയോട് രാഷ്ട്രീയ വൃത്തത്തിലുള്ള എല്ലാവര്‍ക്കും അനുഭാവമുണ്ടായിരുന്നുവെന്നു വേണം മനസ്സിലാക്കാന്‍. സൈദാന്‍ പുതുതായി രൂപം കൊടുത്ത 32 അംഗ മന്ത്രിസഭയിലെ ആറിലേറെ മന്ത്രിമാരുടെ രാഷ്ട്രീയ നിലപാട് സംശയമുന്നയിച്ച് പലരും രംഗത്ത് വന്നു. അവര്‍ ഖദ്ദാഫിയോട് അനുഭാവം വെച്ചുപുലര്‍ത്തുന്നവരാണോ എന്നന്വേഷിക്കാന്‍ പ്രത്യേക കമ്മിറ്റിയെ ചുമതലപ്പെടുത്തേണ്ടി വരെ വന്നു അദ്ദേഹത്തിന്.
കമ്മിറ്റിയുടെ റിപ്പോര്‍ട്ട് വന്നു. ഈ മാസാരംഭത്തില്‍ സൈദാന് അംഗീകാരം ലഭിച്ചു. പുതിയ മന്ത്രസഭക്ക് സമ്മതമായി. സൈദാന് കീഴില് പുതിയ ഭരണകൂടം രാജ്യത്ത് നിലവില്‍ വന്നു. പക്ഷേ കഴിഞ്ഞ ആഴ്ച വീണ്ടും കാര്യങ്ങള്‍ കുഴഞ്ഞു മറിഞ്ഞു. ജനങ്ങള്‍ പാര്‍ലിമെന്‍റ് സെഷന്‍ നടന്ന് കൊണ്ടിരിക്കെ അവിടേക്ക് മാര്‍ച്ച് നടത്തി.
ഭരണകൂടത്തിന് പരമാധികാരമില്ലാതെ പോകുന്നുവോ എന്നതാണ് ലിബിയയെ സംബന്ധിച്ചിടത്തോളം ഉയരുന്ന പേടിപ്പെടുത്തുന്ന ചോദ്യം. തെരഞ്ഞെടുക്കപ്പെടുന്ന ഭരണകര്‍ത്താക്കളെ ഷണ്ഡീകരിച്ച് ചിലരവിടെ രാജാക്കളായി വാഴുന്നു. അവരുടെ നിര്‍ദേശത്തിന് അടിപ്പെട്ട് മന്ത്രസഭ രൂപീകരിക്കപ്പെടുന്നു. പിരിച്ചുവിടുന്നു. രാഷ്ട്രീയ നിരീക്ഷകരെ സംബന്ധിച്ചിടത്തോളം പ്രവചിക്കാനാകാത്ത പ്രദേശമായി മാറുകയാണോ ലിബിയയും.
ഇപ്പോഴും തുടരുന്ന ഈ അനിശ്ചിതത്വം ലിബിയയിലെ രാഷ്ട്രയത്തിന്‍റെത് മാത്രമല്ല, അവിടത്തെ ജനതയുടെ ഭാവിയുടെത് കൂടിയാണ്.



Leave A Comment