ആയതുല്‍ കുര്‍സിയ്യ്: കാവലിന്റെ കരുത്തും കരുതലും
ഖുര്‍ആന്‍ എന്നാല്‍ പാരായണം ചെയ്യപ്പെടുന്നത് എന്നര്‍ത്ഥം. ‘അങ്ങ് ഖുര്‍ആന്‍ സാവകാശം പാരായണം ചെയ്യുക’ എന്നത് നബി (സ്വ) തങ്ങളോടുള്ള അല്ലാഹുവിന്റെ കല്‍പനയാണ് (അല്‍ മുസ്സമ്മില്‍: 4). ‘നിങ്ങള്‍ ഖുര്‍ആന്‍ പാരായണം ചെയ്യുക. പാരായണം ചെയ്യുന്നവര്‍ക്ക് ശുപാര്‍ശകനായി ഖുര്‍ആന്‍ പുനരുത്ഥാന നാളില്‍ വരുന്നതാണ് എന്ന് നബി (സ്വ) പഠിപ്പിച്ചു (മുസ്‌ലിം).
ചില അധ്യായങ്ങളും സൂക്തങ്ങളും പാരായണം ചെയ്യലും പതിവാക്കലും പ്രത്യേകം പുണ്യമുള്ളതായി നബി തങ്ങള്‍ പഠിപ്പിച്ചിട്ടുണ്ട്. അതിലൊന്നാണ് അല്‍ ബഖറ അധ്യായം. തങ്ങള്‍ പഠിപ്പിച്ചു: അല്‍ ബഖറ അധ്യായം നിങ്ങള്‍ പാരായണം ചെയ്യുക. അത് മുറുകെ പിടിക്കല്‍ അനുഗ്രഹമാണ്. കൈയൊഴിയല്‍ ഖേദവും. അധര്‍മകാരികള്‍ക്ക് ഇത് മുറുകെ പിടിക്കല്‍ സാധ്യമല്ല (മുസ്‌ലിം).
അല്‍ ബഖറ അധ്യായത്തിലെ വളരെ മഹത്വമുള്ള വചനമാണ് ആയതുല്‍ കുര്‍സിയ്യ്. ഉബയ്യുബ്‌നു കഅ്ബ് (റ) വിനോട് റസൂല്‍ (സ്വ) ചോദിക്കുന്നുണ്ട്: അബുല്‍ മുന്‍ദിര്‍, നിന്റെ അടുക്കലുള്ള അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ മഹത്വമേറിയ സൂക്തം ഏതെന്ന് അറിയുമോ? അല്ലാഹു ലാഇലാഹ ഇല്ലാ ഹുവല്‍ ഹയ്യുല്‍ ഖയ്യൂം എന്നു തുടങ്ങുന്ന വചനമാണത് (അല്‍ ബഖറ: 255).
അര്‍ഥഗര്‍ഭവും സാരസമ്പൂര്‍ണവുമാണീ വചനം. അല്ലാഹുവിന്റെ ചില വിശിഷ്ട നാമങ്ങളെയും ഉദാത്ത ഗുണങ്ങളെയും ഉള്‍കൊള്ളുന്നു. ഹൃദയങ്ങള്‍ക്ക് ആശ്വാസമേകുന്ന അല്ലാഹു എന്ന നാമംകൊണ്ടാണ് വചനം തുടങ്ങുന്നതുതന്നെ.
അറിയുക; അല്ലാഹുവിനെ കുറിച്ചുള്ള ഓര്‍മകള്‍കൊണ്ടത്രെ മനസ്സുകള്‍ ശാന്തമായിത്തീരുന്നത് (അര്‍റഅ്ദ്: 28).
അഭയം തേടിയവനും നിര്‍ഭയം നല്‍കുന്നവനും സഹായം തേടിയവനു സുരക്ഷിതത്വം നല്‍കുന്നവനും ചോദിച്ചവനു നല്‍കുന്നവനുമാണ് അല്ലാഹു.
പ്രതിസന്ധിയിലായവന്‍ വിളിച്ചു പ്രാര്‍ത്ഥിച്ചാല്‍ അവനു ഉത്തരം നല്‍കുന്നവന്‍ ആരാണ്? (അന്നംല്: 62). അവന്‍ എന്നെന്നും ജീവിച്ചിരിക്കുന്നവനും എല്ലാം നിയന്ത്രിക്കുന്നവനുമത്രെ
ആയതുല്‍ കുര്‍സിയ്യില്‍ പരാമര്‍ശിക്കുന്ന അല്ലാഹുവിന്റെ രണ്ട് നാമങ്ങളാണ് ഹയ്യ് (എന്നെന്നും ജീവിച്ചിരിക്കുന്നവന്‍), ഖയ്യൂം (എല്ലാം നിയന്ത്രിക്കുന്നവന്‍) എന്നിവ. പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കാന്‍ ഏറെ സാധ്യതയുള്ള നാമങ്ങളാണിവ. ഈ നാമങ്ങള്‍ വിളിച്ച് അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ച ഒരാളെക്കുറിച്ച് തന്റെ അനുചരന്മാരോടായി നബി തങ്ങള്‍ പറഞ്ഞു:
എന്റെ ആത്മാവ് നിയന്ത്രിക്കുന്നവന്‍ തന്നെ സത്യം. അല്ലാഹുവിന്റെ മഹത്തരമായ നാമം കൊണ്ടാണ് അദ്ദേഹം പ്രാര്‍ത്ഥിച്ചിട്ടുള്ളത്. അതുകൊണ്ട്, പ്രാര്‍ത്ഥിച്ചാല്‍ അല്ലാഹു ഉത്തരം ചെയ്യും. ചോദിച്ചാല്‍ നല്‍കും (അബൂ ദാവൂദ്).
അല്ലാഹു സൃഷ്ടികളുടെ കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്നവനും അവര്‍ക്ക് അന്നപാനീയാദി സൗഖ്യ വകകള്‍ നല്‍കുന്നവനുമാണ്. അവരുടെ ജീവിതവും മരണവും ജീവിതോപാതികളും മടക്കവുമെല്ലാം അല്ലാഹുവിന്റെ നിയന്ത്രണത്തിലാണ്. കടലിലും കരയിലും ആകാശത്തും ബഹിരാകാശത്തും അവരെ സഞ്ചരിപ്പിക്കുന്നതും ്അവന്‍ തന്നെ.
ഓരോ വ്യക്തിയും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കാര്യത്തിനു മേല്‍നോട്ടം വഹിച്ചുകൊണ്ടിരിക്കുന്നവനാണവന്‍ (അല്‍ റഅ്ദ്: 33). ഖയ്യൂം എന്ന നാമത്തിന്റെ വിവക്ഷയാണിത്.
മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ലെന്ന് ആയതുല്‍ കുര്‍സിയ്യ് അല്ലാഹുവിനെ വിശേഷിപ്പിക്കുന്നു. ഉറക്ക് ബുദ്ധിയെയും ബോധത്തെയും കീഴ്‌പെടുത്തുന്നതാണ്. ക്ഷീണവും തളര്‍ച്ചയും സൃഷ്ടികളുടെ സ്വഭാവമാണ്. സ്രഷ്ടാവ് അത്തരം ന്യൂനതകളില്‍നിന്നെല്ലാം പരിശുദ്ധനാണ്. അവന്‍ പടപ്പുകളോട് സാദൃശ്യനല്ല.
ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവാകുന്നു അവന്‍. നിങ്ങള്‍ക്കുവേണ്ടി നിങ്ങളുടെ വര്‍ഗത്തില്‍നിന്നുതന്നെ അവന്‍ ഇണകളെ ഉണ്ടാക്കി. കന്നുകാലികളില്‍നിന്നും ഇണകളെ ഉണ്ടാക്കി. അതിലൂടെ നിങ്ങളെ അവന്‍ സൃഷ്ടിച്ച് വര്‍ദ്ധിപ്പിക്കുന്നു. അവനു തുല്യമായി യാതൊന്നുമില്ല. അവന്‍ എല്ലാം കാണുന്നവനും കേള്‍ക്കുന്നവനുമാകുന്നു (അശ്ശൂറാ: 11).
പ്രവാചകന്‍ പറഞ്ഞു: അല്ലാഹു ഉറങ്ങുന്നവനല്ല. ഉറക്കമെന്നത് അവന്റെ മഹത്വത്തിന് യോജിച്ചതല്ല. അടിമകളുടെ കര്‍മങ്ങളുടെ തുലാസ് ഉയര്‍ത്തുന്നവനും താഴ്ത്തുന്നവനുമാണ് അവന്‍. പകലിലെ കര്‍മത്തിനു മുമ്പ് രാത്രിയിലെ കര്‍മവും രാത്രിയിലെ കര്‍മത്തിനു മുമ്പ് പകലിലെ കര്‍മവും അവനിലേക്ക് ഉയര്‍ത്തപ്പെടുന്നു. പ്രകാശമാണവന്റെ മറ. അതിനെ അവന്‍ നീക്കുന്ന പക്ഷം അവന്റെ പ്രതാപത്തിന്റെ പ്രകാശധാവള്യം സകലതിനെയും കരിച്ചുകളയുന്നതാണ് (മുസ്‌ലിം).
ആകാശഭൂമികളിലുള്ളതെല്ലാം അവന്റെ ഉടമസ്ഥതയിലുള്ളതാണ്… എന്ന് ആയതുല്‍ കുര്‍സിയ്യ് തുടരുന്നു. എല്ലാം അല്ലാഹുവിന് വിനീതമാകുന്നതും അവനെ ആശ്രയിക്കുന്നതുമാണ്.
ആകാശങ്ങളിലും ഭൂമിയിലുമുള്ള ഏതൊരാളും ഒരടിമയെന്നോണം പരമ കാരുണികന്റെ സന്നിധിയില്‍ വരുന്നവനത്രെ (മര്‍യം: 99).
അവന്റെ അനുവാദപ്രകാരമല്ലാതെ അവന്റെയടുത്ത് ശുപാര്‍ശ നടത്താന്‍ ആരുണ്ടെന്ന് ആയതുല്‍ കുര്‍സിയ്യ് തുടര്‍ന്ന് ചോദിക്കുന്നു. അല്ലാഹുവിന്റെ അനുവാദമില്ലാതെ ഒരാള്‍ക്കും അവന്റെയടുക്കല്‍ ശുപാര്‍ശ ചെയ്യാന്‍ കഴിയുന്നതല്ല. നബി തങ്ങള്‍ പറഞ്ഞു:
ഉയര്‍ത്തെഴുന്നേല്‍പ്പു നാളില്‍ ജനങ്ങള്‍ അന്യേന്യം ഇളകിവശാകും. അങ്ങനെ ഞാന്‍ എന്റെ നാഥനോട് അനുവാദം തേടും. അങ്ങനെ എനിക്ക് അനുമതി ലഭിക്കും. ഇന്നേരം എനിക്ക് മനസ്സിലില്ലാത്ത പ്രത്യേകം സ്തുതികീര്‍ത്തനങ്ങള്‍ അറിയിക്കപ്പെടും. ആ സ്‌തോത്ര വചനങ്ങളാല്‍ നാഥനെ വാഴ്ത്തി ഞാന്‍ സാഷ്ടാംഗത്തില്‍ വീഴും. മുഹമ്മദേ, തല ഉയര്‍ത്തുക, പറയൂ, കേള്‍ക്കാം. ചോദിക്കൂ, നല്‍കാം. ശുപാര്‍ശ ചെയ്യൂ, സ്വീകരിക്കാം എന്ന് വിളംബരം ഉണ്ടാകും. അന്നേരം ഞാന്‍ പറയും: എന്റെ നാഥാ, എന്റെ സമുദായം… എന്റെ സമുദായം…. (ബുഖാരി, മുസ്‌ലിം).
അവരുടെ മുമ്പിലുള്ളതും അവര്‍ക്ക് പിന്നിലുഉള്ളതും അവന്‍ അറിയുന്നു.’ വെന്ന ആയതുകള്‍ കുര്‍സിയ്യുടെ ഭാഗം മഹത്തരമായ സന്ദേശങ്ങളിലേക്കും വലിയ സുരക്ഷിതത്വ ബോധത്തിലേക്കുമാണ് നമ്മെ ആനയിക്കുന്നത്. സംഭവിച്ചതും സംഭവിച്ചുകൊണ്ടിരിക്കുന്നതും സംഭവിക്കാനിരിക്കുന്നതുമായ സര്‍വ്വതും അല്ലാഹുവിന്റെ അറിവ് ഗ്രസിക്കുന്നു. ഒന്നും അവന്‍ അറിയാതെ പോകുന്നില്ല. ഒന്നും അവന് അവ്യക്തവുമല്ല. ‘ കണ്ണുകളുടെ നോട്ടവും ഹൃദയങ്ങള്‍ മറച്ചുവെക്കുന്നതും അവന്‍ അറിയുന്നു.’ (ഗാഫിര്‍ 19).
അവന്റെ പക്കലാവുന്നു അദൃശ്യകാര്യത്തിന്റെ ഖജനാവുകള്‍. അവനല്ലാതെ അവ അറിയുകയില്ല. കടലിലും കരയിലുമുള്ളത് അവന്‍ അറിയുന്നു. അവനറിയാതെ ഒരില പോലും വീഴുന്നില്ല. ഭൂമിയിലെ ഇരുട്ടുകള്‍ക്കുള്ളിലിരിക്കുന്ന ധാന്യമണിയാകട്ടെ, പച്ചയോ ഉണങ്ങിയതോ ആയ ഏതൊരു വസ്തുവാകട്ടെ, വ്യക്തമായ ഒരു രേഖയില്‍ എഴുതപ്പെട്ടതായിട്ടല്ലാതെ ഉണ്ടാവില്ല.'(അല്‍ അന്‍ആം 59).
‘ അദൃശ്യകാര്യങ്ങള്‍ അറിയുന്നവന്‍, ആകാശങ്ങളിലാകട്ടെ ഭൂമിയിലാകട്ടെ ഒരു അണുവിന്റെ തൂക്കുമുള്ളതോ അതിനേക്കാള്‍ ചെറുതോ വലുതോ ആയ യാതൊന്നും അവനില്‍ നിന്നു മാഞ്ഞുപോകുകയില്ല. സ്പഷ്ടമായ ഒരു രേഖയില്‍ ഉള്‍പ്പെടാത്തതായി യാതൊന്നുമില്ല.’ (സബഅ് 3).
ഇങ്ങനെ എല്ലാം സസൂക്ഷമം അറിയുന്ന അല്ലാഹുവിനെ ഭയന്നു ജീവിക്കുന്നവന്‍ തന്റെ മനസ്സും വാക്കും പ്രവര്‍ത്തിയും അല്ലാഹുവിന്റെ പൊരുത്തത്തിലാവാന്‍ യത്‌നിക്കുക. കാര്യങ്ങള്‍ അവനെ ഏല്‍പ്പിച്ചുകഴിഞ്ഞാല്‍ മനസ്സ് ആശ്വാസത്തിന്റെയും സ്ഥൈര്യത്തിന്റെയും ശക്തി കൈവരിക്കുന്നു.
അവന്റെ അറിവില്‍ നിന്ന് അവനിച്ഛിക്കുന്നതല്ലാതെ മറ്റൊന്നും അവര്‍ക്ക് സൂക്ഷമമായി അറിയാന്‍ കഴിയില്ല. അവന്റെ അധികാരപീഠം ആകാശഭൂമികളെ മുഴുവന്‍ ഉള്‍കൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവനു ഒട്ടും ഭാരമുള്ളതല്ല. അവന്‍ ഉന്നതനും മഹാനുമത്രെ’ എന്നിങ്ങനെയുള്ള ആശയങ്ങളാണ് ആയതുല്‍ കുര്‍സിയ്യ് അവസാനഭാഗം പറഞ്ഞുവെക്കുന്നത്. അല്ലാഹുവിന്റെ അറിവില്‍ നിന്ന് അവന്റെ അനുവാദമില്ലാതെ ഒരു സൃഷ്ടിക്കും ഒന്നും എത്തിനോക്കാനാവില്ല. അവന്റെ അനുമതി കൂടാതെ ഭൂമിയില്‍ വീണു പോകാത്ത വിധം ഉപരിലോകത്തെ അവന്‍ പിടിച്ചുനിര്‍ത്തുന്നു’ (അല്‍ ഹജ്ജ് 65). ആകാശഭൂമികളുടെയോ അവ ഉല്‍കൊള്ളുന്നതിന്റെയോ സംരക്ഷണം അല്ലാഹുവിനു ഭാരിച്ചതാകുന്നില്ല.
ആയതുല്‍ കുര്‍സിയ്യ് പാരായണം ചെയ്യലും ആശയം ഉള്‍കൊള്ളലും വിശ്വാസം വര്‍ധിപ്പിക്കുന്നതും ഹൃദയം ശുദ്ധമാക്കുന്നതുമാണ്. രോഗങ്ങളില്‍ നിന്നു ശമനവും പിശാചുക്കളില്‍ നിന്നു കാവലുമാണ്. പാരായണം പതിവാക്കല്‍ സ്വര്‍ഗ പ്രവേശം വരെ എളുപ്പമാക്കുന്നതാണ്. നബി (സ്വ) പറഞ്ഞു. എല്ലാ നിര്‍ബന്ധ നിസ്‌കാരങ്ങള്‍ക്കു ശേഷവും ആയതുല്‍ കുര്‍സിയ്യ് പാരായണം ചെയ്യുന്നവനു സ്വര്‍ഗപ്രവേശനത്തിനു മരിക്കുകയല്ലാതെ മറ്റൊരു തടസ്സവുമില്ല (നസാഈ). കുിടക്കപ്പായയിലെത്തി ആയതുല്‍ കുര്‍സിയ്യ് പാരായണം ചെയ്താല്‍ അല്ലാഹുവില്‍ നിന്നുള്ള കാവല്‍ അവനോടുകൂടെ ഉണ്ടാകും. പുലരി വരേക്കും പിശാചിനു അവനോട് അടുക്കാനാവില്ല.
Leave A Comment