മുത്ത്വലാഖും നമ്മുടെ പ്രധാനമന്ത്രിയും
സ്റ്റേജ് ലഭിക്കുന്നിടത്തെല്ലാം മോദി ഇന്ന് പറഞ്ഞുകൊണ്ടിരിക്കുന്നത് മുത്ത്വലാഖിനെ കുറിച്ചാണ്. ഭരണത്തിലേറിയതു മുതല്‍തന്നെ മുസ്‌ലിം സ്ത്രീകളുടെ 'കണ്ണുനീര്' അദ്ദേഹത്തെ 'വേദനിപ്പിക്കു'ന്നുണ്ട്. മോദിയുടെ നിരന്തരമായ പ്രസ്താവനകള്‍ കണ്ടാല്‍ തോന്നും ഇന്ത്യയിലെ സ്ത്രീകള്‍ ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം മുത്ത്വലാഖാണെന്ന്. ത്വലാഖ് തന്നെ മറ്റു മതങ്ങളെ അപേക്ഷിച്ച് കുറവാണ് മുസ്‌ലിംകള്‍ക്കിടയിലെന്ന് ഈയടുത്താണ് പഠനം പുറത്തുവന്നത്. മുത്ത്വലാഖ് ഇതില്‍ ന്യൂനാല്‍ ന്യൂനപക്ഷമാണെന്നത് ആര്‍ക്കും അറിയുന്നതാണ്. ഈയൊരു ഘട്ടത്തില്‍, മുസ്‌ലിം ശരീഅത്ത് ജനവിരുദ്ധമാണെന്ന് വരുത്തിത്തീര്‍ക്കല്‍ മോദിയുടെ അജണ്ടയാണ്. ഏക സിവില്‍ കോഡ് പോലെയുള്ള തങ്ങളുടെ ചിരകാല ലക്ഷ്യങ്ങള്‍ സാധ്യമാക്കാന്‍ ഇങ്ങനെയൊരു പിടിവള്ളി സഹായകമാകുമെന്ന് ആര്‍.എസ്.എസ് ഉറച്ചുവിശ്വസിക്കുന്നു. തെരഞ്ഞെടുപ്പുകള്‍ വരുമ്പോഴും അവസാനിക്കുമ്പോഴുമെല്ലാം വര്‍ഗീയദ്രുവീകരണം നടത്താന്‍, അതുകൊണ്ടാണ്, മോദി നിരന്തരം ഇത് പറഞ്ഞുകൊണ്ടിരിക്കുന്നത്. സത്യത്തില്‍, ഇന്ത്യയിലെ സ്ത്രീ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം മുത്ത്വലാഖാണോ? ഇനി, മുസ്‌ലിം സ്ത്രീയുടെ കാര്യമെടുത്താലും അവള്‍ അനുഭവിക്കുന്ന വലിയ പ്രശ്‌നം വിവാഹ മോചനമാണോ? അതിലും എത്രയോ പതിന്മടങ്ങ് ഭീകരമായ പ്രശ്‌നങ്ങളാണ് ഈ മോദി ഭരണകാലത്ത്/ ബി.ജെ.പി ഭരണ പ്രദേശങ്ങളില്‍ സ്ത്രീകള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. ആര്‍.എസ്.എസ്സിന്റെ പ്രത്യയശാസ്ത്ര അടിത്തറയായ മനുനിയമങ്ങള്‍ തന്നെ തീര്‍ത്തും സ്ത്രീ വിരുദ്ധമാണെന്നത് ലോകത്തിനറിയാവുന്നതാണ്. ലോകത്ത് ഇന്ന് ഏറ്റവും വലിയ വിവേചനവും അടിച്ചമര്‍ത്തലും നേരിടുന്നത് ആര്‍.എസ്.എസ് മനസ്സില്‍ കാണുന്ന സ്ത്രീ സമൂഹമാണ്. മനുസ്മൃതി അത്രമാത്രം തീക്ഷ്ണവും മൃഗീയവുമായ നിയമങ്ങളാണ് അവള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്നത്. ഇതിനെ മറച്ചുവെക്കാനാണ് ആര്‍.എസ്.എസ് നിരന്തരം മുസ്‌ലിം സ്ത്രീയുടെ വിഷയം ഉയര്‍ത്തിക്കാണിക്കാന്‍ ശ്രമിക്കുന്നത്. മനുസ്മൃതിയെ പിന്തുണക്കുന്ന മോദിക്ക് ഇന്ത്യയില്‍ സ്ത്രീയുടെ കാര്യം മിണ്ടാന്‍ പോലും അവകാശമില്ല എന്നതാണ് സത്യം. കടന്നട തത്ത്വചിന്തകന്‍ ബാസവേശ്വരയുടെ ജയന്തി ആഷത്തിലും മോദി തന്റെ ഈ വാദം ആവര്‍ത്തിച്ചിരിക്കുന്നു. മുത്ത്വലാഖ് വിഷയം രാഷ്ട്രീയവല്‍കരിക്കരുതെന്നാണ് ശരിക്കും ഇതിനു പിന്നില്‍ രാഷ്ട്രീയം കളിക്കുന്ന മോദി അവിടെനിന്നും പറഞ്ഞിരിക്കുന്നത്. മുത്ത്വലാഖ് വിഷയം ഊതിവീര്‍പ്പിച്ച് തനി പൊളിറ്റിക്‌സ് കളിക്കുകയാണ് ആര്‍.എസ്.എസ് എന്നത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. മതേതര രാഷ്ട്രീയ പാര്‍ട്ടികളെല്ലാം ഇതിനെതിരെ ശക്തമായി രംഗത്ത് വിരികയും ചെയ്തിട്ടുണ്ട്. മുത്ത്വലാഖ് വിഷയത്തില്‍ മാത്രമല്ല മുസ്‌ലിം സ്ത്രീകള്‍ നേരിടുന്ന മറ്റു വിഷയങ്ങളെക്കുറിച്ചും മോദി സംസാരിക്കണമെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അസം ഖാന്‍ ആവശ്യപ്പെട്ടത് ഈ പശ്ചാത്തലത്തിലാണ്. രാജ്യത്തെ സംഘപരിവാര്‍ സംഘമായ ഗൗരക്ഷക് പ്രവര്‍ത്തകര്‍ അടിച്ചുകൊന്നവരുടെ വിധവകളെ കുറിച്ചും ആര്‍.എസ്.എസ് നടത്തിയ വര്‍ഗീയ കലാപങ്ങളില്‍ ഭര്‍ത്താക്കന്മാരും പുത്രന്മാരും നഷ്ടപ്പെട്ട മുസ്‌ലിം സ്ത്രീകളുടെ പ്രശ്‌നങ്ങളെക്കുറിച്ചും മോദി വാചാലനാണമെന്നും അദ്ദേഹം ഓര്‍മിപ്പിക്കുകയുണ്ടായി. മോദി ഭരണത്തിലേറിയതിന് ശേഷം ഇന്ത്യയിലെ സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ കണ്ണീരൊഴുക്കിയത് ഇവിടത്തെ മുത്ത്വലാഖ് വിഷയത്തിലായിരുന്നില്ല. ആര്‍.എസ്.എസ് ഗുണ്ടകള്‍ അഴിച്ചുവിട്ട കലാപങ്ങള്‍ നിമിത്തമായിരുന്നു. അസം ഖാന്‍ സൂചിപ്പിച്ചപോലെ എത്രയെത്ര ദലിത് മുസ്‌ലിം സ്ത്രീകളാണ് ഗൗരക്ഷകരുടെ കൊലവിളികള്‍ക്കുമുമ്പില്‍ കണ്ണീരൊക്കിയത്! എത്ര സ്ത്രീകളാണ് വിധവകളായി മാറിയത്! എത്രയെത്ര പെണ്‍കുട്ടികളാണ് അനാഥകളായി മാറിയത്! വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഇത്തരം പ്രവണതകളെക്കുറിച്ചൊന്നും ഒരക്ഷരം ഉരിയാടാന്‍ പ്രധാനമന്ത്രി തയ്യാറാകുന്നില്ല. അത്തരം സംഭവങ്ങളെ കണ്ടതായി നടിക്കുകപോലും ചെയ്യുന്നില്ല. ്അതുകൊണ്ടുതന്നെ, ഗൗരക്ഷകരിന്ന് കൊലവിളിയുമായി നിറഞ്ഞാടുകയാണ് രാജ്യത്ത്. ഈയിടെ പശുവിനെ വാങ്ങാന്‍ പോയ യു.പിയിലെ പാവങ്ങള്‍ക്കെതിരെ ഉണ്ടായ കടന്നാക്രമണങ്ങള്‍ ഇതാണ് സൂചിപ്പിക്കുന്നത്. കിട്ടുന്ന സ്റ്റേജുകളിലെല്ലാം ഒരു പ്രഹസനം പോലെ മുസ്‌ലിംകള്‍ക്കിടയിലെ മുത്ത്വലാഖിനെ പറയുന്നതിനു പകരം മോദി സ്വന്തം അനുയായികള്‍ ചെയ്യുന്ന ഈ മൃഗീയതകള്‍ക്കെതിരെയാണ് ആദ്യമായി ഇറങ്ങിത്തിരിക്കേണ്ടത്. അടിച്ചേല്‍പ്പിക്കപ്പെട്ട ജാതീയത കാരണം വിവേചനം നേരിടുന്ന ദലിത് വനിതകളുടെ കാര്യം രണ്ടാമതായി പരിഹരിക്കപ്പെടേണ്ടതാണ്. ആര്‍.എസ്.എസ് ഉയര്‍ത്തിക്കാട്ടിക്കൊണ്ടിരിക്കുന്ന മനുസ്മൃതി നിയമങ്ങളെ തള്ളിപ്പറയുകയാണ് മൂന്നാമതായി ചെയ്യേണ്ടത്. ഇതെല്ലാം കഴിഞ്ഞിട്ടുമതി മുസ്‌ലിം സ്ത്രീകളുടെ കണ്ണീരിനെക്കുറിച്ച് വാ തുറക്കാന്‍.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter