ഹജ്ജിന്‍റെ അന്തസ്സത്ത ചോരുന്നുവോ
 width=ഞാന്‍ പരിശുദ്ധ ഹജ്ജ് കര്‍മ്മം ചെയ്യാന്‍ പുറപ്പെടുന്ന വിവരം അറിയിച്ചു കൊള്ളുന്നു. ഇന്ത്യയിലും വിദേശത്തും ജീവിച്ച എന്നില്‍ നിന്നും വാക്കാലോ പ്രവൃത്തിയാലോ വീഴ്ചകള്‍ എന്തെങ്കിലും ഉണ്ടായിട്ടുണ്ടെങ്കില്‍ വിട്ടുവീഴ്ച ചെയ്യണമെന്നും സാമ്പത്തികമായ ബാധ്യതകള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ തെളിവുകള്‍ സഹിതം ഞാനുമായി ബന്ധപ്പെട്ട് പരിഹരിക്കണമെന്നും അറിയിക്കുന്നതോടൊപ്പം എന്റെ ഹജ്ജ് കര്‍മ്മം മഖ്ബൂലും മബ്റൂറുമായി തീരാന്‍ പ്രാര്‍ത്ഥിക്കണമെന്നും ബന്ധപ്പെട്ട എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. എന്ന്................. അടുത്തകാലത്തായി പത്രങ്ങളില്‍ കണ്ടുകൊണ്ടിരിക്കുന്ന പരസ്യവാര്ത്തകളില്‍ കണ്ണുടക്കിയ ഐറ്റമാണിത്. പേരുവിവരവും മേല്‍വിലാസവും കൃത്യമായി പരാമര്‍ശിക്കുന്ന ഇത്തരം അറിയപ്പുപരസ്യങ്ങള്‍ കൊണ്ട് ഉദ്ദേശിച്ച ഫലങ്ങള്‍ നടക്കുന്നുണ്ടാകണം. എന്നാലും ഈ ഒരു രീതി അത്ര ശരിയാണോ എന്ന് ചിന്തിക്കാതിരിക്കാനാകുന്നില്ല.   ആരാധന അടിമത്തത്തിന്റെ അനുഭൂതിയാണ്. ആത്മാവിന് അന്നമാണത്. ഭൌതികമായ അന്നപാനീയങ്ങള്‍ മനുഷ്യശരീരത്തിന് ഊര്‍ജ്ജം പകരുമ്പോള്‍ ആത്മാവിന്റെ ചേതനയായി വര്ത്തിക്കുന്നത് അവന്‍ അനുഷ്ഠിക്കുന്ന സാധനകളാണ്. സ്രഷ്ടാവിനും സൃഷ്ടിക്കുമിടയിലെ വിദൂരതയെ ഇല്ലായ്മ ചെയ്യുന്നുണ്ടവ. അവര്ക്കിടയില് അദൃശ്യമായ നൂല്‍പാലം തീര്‍ക്കുന്നുമുണ്ട്. നമസ്കരിക്കുന്നവന്‍ ദൈവത്തോട് നേരിട്ട് സംവദിക്കുകയാണ്. അവിടെ ആത്മാവ് ശരീരം വിട്ട് സ്രഷ്ടാവില്‍ വിലയം പ്രാപിക്കുന്നു. മുഅ്മിനിന്റെ ആകാശാരോഹണമായി നിസ്കാരത്തെ വിശദീകരിച്ച ഹദീസിന്റെ സാംഗത്യമതാണ്. തന്റെ നെറ്റിത്തടം നിലത്ത് കുത്താനായി ഒരു വിശ്വാസി ആത്മാര്‍ത്ഥതയോടെ കുനിയുമ്പോള്‍ അവന്റെ ആത്മാവ് ഉന്നതി പ്രാപിക്കുകയാണ്. ഹജ്ജ്കര്മവും മനുഷ്യനെ ആത്മികമായി കഴുകിയെടുക്കുന്നു. ത്യാഗത്തിന്റെ അനുഷ്ഠാനങ്ങള്‍ അവന്റെ ആത്മാവിനെ അപ്രാപ്യമായ ഇടങ്ങളിലേക്ക് നയിക്കുന്നു. പാപക്കറകളില്‍ നിന്ന് മുക്തമാക്കി അതവന് പുതിയൊരു ജന്മം പ്രദാനം ചെയ്യുന്നു. ഹജ്ജ് കഴിഞ്ഞുവരുന്നവനെ ഹദീസ് ഉപമിച്ചത് തന്റെ മാതാവിന്റെ ഗര്‍ഭപാത്രത്തില്‍ നിന്ന് പെറ്റുവീഴുന്ന കുഞ്ഞിനോടാണ്. നിഷ്കളങ്കമാണ് അവന്റെ ഹൃദയം. ഫിത്റതാണ് അവന്റെ മതം. പുതിയ കാലത്തെ ഹജ്ജ് അതിന്റെ അന്തസ്സത്തയില്‍ നിന്നൂരിവീഴുന്നുവോ എന്ന് ചിന്തിപ്പിച്ച നിരവധി കാര്യങ്ങളില്‍ അവസാനത്തേതാണ് മേല്പറഞ്ഞ പരസ്യം. ഹജ്ജിന് പോകുന്നവന്‍ തന്റെ കൂടെ ജീവിച്ചരുടെ പൊരുത്തം വാങ്ങുന്നത് വേണ്ടതു തന്നെയാണ്. കാലങ്ങളായി നമുക്കിടയില്‍ അത്തരമൊരു രീതി നിലനില്ക്കുന്നുണ്ട് താനും. തന്റെ കര്‍മ്മത്തിന്റെ പരിപൂര്‍ണ്ണതയുദ്ദേശിച്ചാണ് ഹജ്ജിന് പുറപ്പെടുന്നവര്‍ ഇങ്ങനെ ചെയ്യുന്നത്. ഹജ്ജ് കഴിഞ്ഞുവന്നവന്‍ അന്നുപിറന്ന കുഞ്ഞിനെ പോലെയാണെന്ന ആശയം മുന്നോട്ടുവെക്കുന്ന ഹദീസിന്റെ അര്‍ഥം എന്താണെന്ന് കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങള്‍ ചര്‍ച്ചക്കെടുക്കുന്നുണ്ട്. ഹജ്ജ് ചെയ്താല്‍ പടച്ചവനുമായി ബന്ധപ്പെട്ട ദോഷങ്ങളേ പൊറുക്കപ്പെടുകയുള്ളൂവെന്നും സൃഷ്ടികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അവര്‍ പൊരുത്തപ്പെട്ടാല്‍ മാത്രമേ അല്ലാഹു പൊറുക്കുകയുള്ളൂവെന്നും പണ്ഡിതര്‍ വിശദീകരിക്കുന്നു. സാമൂഹികമായും സാമ്പത്തികമായുമെല്ലാം താന്‍ ചെയ്ത പ്രവൃത്തികള്‍ ബന്ധപ്പെട്ടവരെ കണ്ട് പൊരുത്തപ്പെടീക്കേണ്ടത് തന്നെയാണെന്ന് മേല്പറഞ്ഞതില് നിന്ന് മനസ്സിലാക്കാം. അതു പക്ഷേ, ഇന്നീ കാണുന്ന രീതിയില്‍ പത്രപ്പരസ്യം കൊടുത്തായാല്‍ അതിനു പിന്നിലെ ചേതോവികാരം എന്താണ്. ഫസ്ഖും പേരുമാറ്റവും മറ്റുമെല്ലാം പരസ്യപ്പെടുത്തി സാധിക്കുന്ന പോലെ പത്രക്കോള അറിയിപ്പിലൂടെ കരഗതമാക്കാവുന്ന ഒന്നാണോ മനുഷ്യന്റെ പൊരുത്തം. സാമ്പത്തികമായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇത് കൊണ്ട് സാധിച്ചേക്കാം. എന്നാല്‍ അങ്ങനെയല്ലല്ലോ സാമൂഹികമായ കാര്യങ്ങളിലെ പൊരുത്തം. അവ നേരിട്ടുബന്ധപ്പെട്ടു തീര്‍ക്കേണ്ട കാര്യങ്ങളല്ലേ. പത്രപ്പരസ്യങ്ങള്‍ കൊണ്ട് ഒരു ഉപകാരവുമില്ലെന്ന അഭിപ്രായം കുറിപ്പുകാരനില്ല. വളരെ ആത്മാര്‍ത്ഥമായി തന്നെ ചില സാഹചര്യങ്ങളില്‍ ഇങ്ങനെ പരസ്യം നല്കുന്നവരുണ്ട് താനും. പക്ഷേ, വരും കാലത്ത് 'ഹജ്ജ് അഭ്യര്‍ഥന' എന്ന പേരില്‍ പ്രത്യേക ക്ലാസിഫൈഡ്സ് പേജുകള്‍ പത്രങ്ങളില്‍ പ്രത്യക്ഷപ്പെടുമോ എന്ന് ശങ്കിക്കുന്ന രീതിയില്‍ ദിനേന ഇത്തരം കോളങ്ങള്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു. അത് കൊണ്ടാണ് ഇത്തരം പരസ്യങ്ങളുടെ ഉദ്ദേശ്യശുദ്ധിയില്‍ സംശയമുണ്ടാകുന്നത്. വിശിഷ്യാ, ഹജ്ജടക്കമുള്ള മുഴുവന്‍ ആരാധനകളും ഉപഭോഗപരതയ്ക്കടിപ്പെട്ടു കൊണ്ടിരിക്കുന്ന നിലവിലെ സാഹചര്യത്തില്‍. ഹജ്ജുമായി ബന്ധപ്പെട്ടെടുത്ത ഒരു മലയാള സിനിമക്ക് ദേശീയ അവാര്‍ഡ് ലഭിച്ചത് കഴിഞ്ഞ വര്‍ഷമാണ്. അതിലെ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച നടന്റെ സഹായത്തില്‍ ഹജ്ജിന് പോയ മനുഷ്യന് പിന്നാലെയായിരുന്നു ഹജ്ജ് തീരും വരെ മാധ്യമങ്ങള്. അയാള്‍ക്ക് ടിക്കറ്റ് ശരിയായപ്പോഴും യാത്രപുറപ്പെട്ടപ്പോഴും മക്കയിലെത്തിയപ്പോഴും തിരിച്ചുവന്നപ്പോഴുമെല്ലാം മാധ്യമങ്ങള്‍ അദ്ദേഹത്തെ പിന്തുടര്‍ന്നു. വിശദമായ അഭിമുഖങ്ങള്‍ വന്നു. സാമ്പത്തികമായി ബാലന്‍സിലുപരി ഹജ്ജ് വിശ്വാസിയോട് ആവശ്യപ്പെടുന്നത് ചിലമൂല്യങ്ങളുടെ ചെക്കുബുക്കാണ്. ക്ഷമയും ത്യാഗവും ആണ് ഹജ്ജിന്റെ അന്തസ്സത്ത. ഇഹ്റാമിന്റെ രണ്ടു തുണിക്കഷ്ണങ്ങളൊഴിച്ച് ബാക്കിയെല്ലാം പരിത്യജിക്കുന്ന മനസ്സില്‍ മാത്രമേ കഅ്ബ കുടിയിരിക്കൂ. പ്രകടനപരതയുടേതല്ല, മറിച്ച് ഉള്‍വലിയലിന്റേതാണ് ഹജ്ജാവശ്യപ്പെടുന്ന യാത്ര. പത്രത്താളുകളിലെ കറുത്ത അക്ഷരങ്ങളുടെ സുഖം നമ്മുടെ ഉദ്ദേശശുദ്ധിയെ കളങ്കപ്പെടുത്താതിരിക്കട്ടെ. അന്യനെ അറിയിക്കുക എന്ന ലക്ഷ്യമുണ്ടെങ്കില്‍ ഹജ്ജെന്നല്ല, ഏത് കര്‍മ്മവും അസാധുവായിത്തീരും. സ്രഷ്ടാവിനുള്ളത് എന്ന അതിന്റെ ആത്മാവ് അടര്‍ന്നുവീണ് ഹജ്ജ് സൃഷ്ടികള്‍ക്കുള്ള പുറന്തോട് ആയി മാറും. -മന്‍ഹര്‍ യുപി കിളിനക്കോട്-

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter