അരനൂറ്റാണ്ടിലേറെയായി വാങ്ക് വിളിച്ചുകൊണ്ടിരിക്കുന്ന ഒരു മുക്രിയുടെ ആത്മകഥ
മുക്രി. ചിലേടങ്ങളില്‍ മൊല്ലാക്ക. അഞ്ച് വഖ്തിലും മഹല്ലിലെ പള്ളിയില്‍ വാങ്ക് വിളിക്കുന്നയാള്‍. ജുമുഅത്ത് പള്ളി നടത്തുന്നത് തന്നെ അയാളായിരിക്കും. അവിടം അടിച്ചുവൃത്തിയാക്കണം. ഹൌദില്‍ വെള്ളം നിറക്കണം. പലപ്പോഴും പള്ളിയുടെ മൂത്രപ്പുര കഴുകിവൃത്തിയാക്കുകയെന്ന ഉത്തരവാദിത്തം വരെ നാട്ടിലെ മുക്രിക്കായിരിക്കും. വെള്ളിയാഴ്ചകളില്‍ ജുമുഅക്ക് മആശിറ വിളിക്കുകയെന്ന ജോലിയും അയാള്‍ക്ക് തന്നെ.
നാട്ടാരെയും മസ്ജിദിനെയും പരസ്പരം ബന്ധിപ്പിക്കുന്ന കണ്ണിയെന്ന് മുക്രിയെ ചുരുക്കി വിവരിക്കാം. നാട്ടുകാര്‍ ചേര്‍ന്ന് നിര്‍മിച്ച പള്ളി പിന്നെ എന്നും അവര്‍ക്ക് വേണ്ടി വൃത്തിയായി സൂക്ഷിക്കുന്നവര്‍. ഒരര്‍ഥത്തില്‍ അതിന് കാവല്‍ നില്‍ക്കുന്നവര്‍. നാഥനിലേക്ക് അഞ്ചുസമയവും മുടങ്ങാതെ അവരെ വിളിക്കുന്നവര്‍. നാട്ടുകാര്‍ക്ക് എല്ലാവര്‍ക്കും പകരമായി ‘അല്ലാഹ്’ എന്ന വാക്കിനെ വാനിലുയര്‍ത്തവര്‍. ഫത്ഹുമക്കയുടെ നാളില്‍ പുണ്യനബിയുടെ കല്‍പനപ്രകാരം കഅബക്ക് മുകളില്‍ കയറി വാങ്ക് വിളിച്ച ഹസ്റത്ത് ബിലാലിനെ അനന്തരമെടുത്തവര്‍. 'വാങ്കു വിളിക്കുന്നതിന്‍റെ പ്രതിഫലത്തെ കുറിച്ച് അറിയുമായിരുന്നുവെങ്കില്‍ അതിന് വേണ്ടി നിങ്ങള്‍ പരസ്പരം തിക്കിത്തിരക്കുമായിരുന്നു (നര്‍ക്കിടുമായിരുന്നു) എന്ന്' വിശുദ്ധഹദീസ്. 'വാങ്കുവിളിക്കുന്നവന്‍റെ ശബ്ദം കേട്ട ജിന്നുകളും ഇന്‍സുകളും മറ്റു ചരാചരങ്ങളും ഖിയാമത്ത് നാളില്‍ അവന് വേണ്ടി സാക്ഷിയായി വരുമെ'ന്നും വിശുദ്ധവാക്യം.
വായിച്ചുകൊടുക്കുന്നവന്‍ എന്ന് അര്‍ഥം വരുന്ന അറബിപദം ലോപിച്ചാണ് നമ്മുടെ പരിസരങ്ങളിലെ മുക്രിയായി മാറിയത്. അതോടെ പിന്നെ മുസ്ലിം പൊതുസമൂഹത്തിലെ താഴേത്തട്ടിയിലേക്ക് അയാള്‍ എടുത്തെറിയപ്പെടുന്ന അവസ്ഥ വന്നു. പൊതുവെ മുസ്ലിം ഇടങ്ങളില്‍ അവഗണിക്കപ്പെടുന്നതാണ് മുക്രിയുടെ ജീവിതം; മഹല്ലിലെ എല്ലാ വീടും അയാളുമായി ബന്ധപ്പെട്ടു കിടക്കുമ്പോള്‍ തന്നെയാണിത്.
പള്ളിയിലെ മറ്റു തസ്തികകളിലേക്ക് മറ്റുദേശക്കാര്‍ നിയമിതരാവുമ്പോഴും മുക്രി അന്നാട്ടുകാരന്‍ തന്നെയായിരിക്കും, പൊതുവെ. പള്ളിയോടുള്ള തന്‍റെ കടപ്പാടിന്‍റെ വ്യാപ്തിയും ബന്ധത്തിന്‍റെ ആഴവും കൂട്ടുന്നതിന് ഈ ഒരൊറ്റ കാരണം തന്നെ മതി ധാരാളമായി.
ഇത്രയും ഭാരങ്ങള്‍ പേറി അരനൂറ്റാണ്ടിലേറെ ഒരു മഹല്ലുപള്ളിയില്‍ തുടരുന്ന ഒരു മുക്രി. മരണം വരെ ഇതേ ജോലിയില്‍ തന്നെ മുന്നോട്ടുപോകണമെന്ന് അയാള്‍ കഠിനമായി ആഗ്രഹിക്കുന്നു. അങ്ങനെ ഒരാളെ കുറിച്ച് സുഹൃത്താണ് സാധാരണ സംസാരത്തിനിടെ സൂചിപ്പിച്ചത്. കള്ളനും ചെരിപ്പുകുത്തിയും ലോറിഡ്രൈവറുമെല്ലാം മലയാളത്തില്‍ ഇതിനകം തങ്ങളുടെ ആത്മകഥ എഴുതിക്കഴിഞ്ഞിട്ടുണ്ട്, ഭാഷയിലെ കിടയറ്റ ആഴ്ചപ്പതിപ്പുകളില്‍ തന്നെ. ഒരു മുക്രിയുടെ ആത്മകഥ തേടിയുള്ള അന്വേഷണത്തിന് പെട്ടെന്ന് ഒരു ഉള്‍വിളി ലഭിക്കുകയായിരുന്നു. വാങ്ക് വിളിക്കുന്നവനുള്ള പ്രതിഫലം വിശദീകരിക്കുന്ന ഹദീസുകള്‍ നേരത്തെ പഠിച്ചിട്ടുണ്ട്. അവയെല്ലാം ഉള്‍വിളിക്ക് ഊര്‍ജം പകര്‍ന്നു.
*** *** ***
കുണ്ടൂരിലെ ജുമുഅത്ത് പള്ളിയിലെത്തുമ്പോള്‍ വൈകുന്നേരം മൂന്ന് മണി കഴിഞ്ഞിരുന്നു. പള്ളിയില്‍ നോക്കിയപ്പോള് മുക്രിയെ കാണുന്നില്ല. തൊട്ടപ്പുറത്തുള്ള വീട്ടിലേക്ക് നടന്നു. സുഹൃത്ത് വഴി നേരത്തെ തന്നെ കാര്യങ്ങളൊക്കെ സംസാരിച്ചു വെച്ചിരുന്നു.
അവിടെ എത്തുമ്പോള്‍ അകത്ത് റൂമില്‍ വിശ്രമിക്കുകയായിരുന്നു അദ്ദേഹം. സലാം ചൊല്ലിയപ്പോള്‍ പുറത്തുവന്നു. ശാരീരികമായ വയ്യായ്മകള്‍ ആ നടത്തത്തില്‍ തന്നെ പ്രകടം. ഒരു എഴുപതിനടുത്ത് പ്രായം കാണും. അദ്ദേഹം കോലായിലെ കസേരയിലിരുന്നു,ഞാനും. കുണ്ടൂരിലെ തച്ചറക്കല്‍ മൊയ്തീന്‍ മുസ്ലിയാര്‍ കഥ പറഞ്ഞു തുടങ്ങുകയാണ്. ഒരു മഹല്ലുപള്ളിക്കും നാട്ടാര്‍ക്കും അതുവഴി അവിടത്തെ ദീനിനും കഴിഞ്ഞ 53 കൊല്ലമായി കാവലിരുന്ന കഥ.
(പര്സപരം പരിചയപ്പെട്ട് കഴിഞ്ഞപ്പോഴേക്ക് അദ്ദേഹം എണീറ്റു ഓയില്‍ തലയിലിട്ടു. അസ്വര്‍ വാങ്കിന് സമയമായി. ഇത്രയൊക്കെ പോരെയെന്ന് ആദ്യം. പോരെന്നും സംസാരിക്കണമെന്നും പറഞ്ഞപ്പോള്‍ നിസ്കാരം കഴിഞ്ഞ് പള്ളിയിലിരുന്ന് സംസാരിക്കാമെന്ന് അദ്ദേഹം. കുറുക്കുവഴിയിലൂടെ പള്ളിയിലേക്ക്.)
ജനനം, പഠനം
ജനിച്ച് അധികം കഴിയും മുമ്പ് തന്നെ ബാപ്പ മരിച്ചിരുന്നു. ഉമ്മ പറഞ്ഞ് കേട്ടതാണ്. ഇന്നാട്ടിലും പരിസര പ്രദേശങ്ങളിലും കോളറ പടര്‍ന്നുപിടിച്ച കാലം. ഒരു ദിവസം രാവിലെ ചര്‍ദിച്ചു തുടങ്ങിയതാണ് ഉപ്പ. ഉച്ചക്ക് മുമ്പെ ഉപ്പയുടെ മയ്യിത്ത് മറമാടി. കോളറ ബാധിച്ചു മരിക്കുകയായിരുന്നു. അന്ന് ഞാന്‍ കൈകുഞ്ഞ് മാത്രമായിരുന്നുവെന്നാണ് ഉമ്മ പിന്നീട് പറഞ്ഞുതന്നത്.
ഉപ്പ അന്ന് ബോംബെയിലേക്ക് ജോലി അന്വേഷിച്ച് യാത്ര പോകാനിരിക്കുകയായിരുന്നു. തലേന്ന് രാത്രി പള്ളിയില്‍ പോയി ഉസ്താദിനോടൊല്ലാം യാത്ര പറഞ്ഞിരുന്നുവത്രെ. രാവിലെ എണീറ്റതും ചര്‍ദിയോട് ചര്‍ദി. അധികം കഴിയും മുമ്പെ വിധക്ക് കീഴടങ്ങി അവസാനത്തെ യാത്രപോയി. മനുഷ്യന്‍ എത്ര നിസ്സാരനാണല്ലേ അല്ലാഹുവിന്‍റെ മുന്നില്‍.
ഉമ്മയുടെ മക്കളില്‍ ചെറിയവനാണ് ഞാന്‍. ദാരിദ്ര്യത്തിന്‍റെയും വറുതിയുടെയും കാലം. പഠിക്കാന്‍ ഉമ്മ ഇവിടെ നാട്ടിലെ പള്ളിയിലേക്ക് തന്നെയാണ് പറഞ്ഞയച്ചത്. പുറത്ത് എവിടെയും വിട്ടില്ല. ഇന്നാട്ടുകാരായി വേറെയും ചിലരൊക്കെയുണ്ടായിരുന്നു. എന്‍രെ തന്‍റെ കുടുംബത്തില് പെട്ട പലരുമുണ്ടായിരുന്നു കൂടെ.
പല ഉസ്താദുമാരില്‍ നിന്നും കിതാബോതി പഠിച്ചു. കരിങ്ങനാട് കെ.പി മുഹമ്മദ് മുസ്ലിയാര്‍, മണ്ണാര്‍ക്കാട്ടുകാരന്‍ പി.പി മുഹമ്മദ് മുസ്ലിയാര്‍, പെരിഞ്ചേരി മുഹമ്മദ് മുസ്ലിയാര്‍, ചെമ്പ്ര കുഞ്ഞുമുഹമ്മദ് മുസ്ലിയാര്‍ തുടങ്ങി പലരെയും ഉസ്താദുമാരായി ലഭിച്ചു. ജംഅ് രണ്ടാം ഭാഗം വരെ ഓതിയിട്ടുണ്ട്. മിശ്കാത്ത്, ഇര്‍ശാദ് തുടങ്ങി മറ്റു ചില കിതാബുകളും. നഹവുമായും സ്വര്‍ഫുമായും ബന്ധപ്പെട്ട് പള്ളിദര്‍സിലോതുന്ന കിതാബുകളൊക്കെയും ആദ്യകാലത്ത് തന്നെ ഓതിയിട്ടുണ്ട്.
മുക്രിസ്ഥാനത്തേക്ക്
ഔദ്യോഗിക കണക്കനുസരിച്ച് ഞാനിവിടെ മുക്രിയായിട്ട് തന്നെ 53 വര്‍ഷങ്ങളിലേറെയായി. ഞാന്‍ പറഞ്ഞില്ലേ ഇവിടെ തന്നെയാണ് പഠിച്ചതെന്ന്. അക്കാലത്ത് തന്നെ ഞാന്‍ പള്ളിയുമായി ഏറെ അടുത്തു കഴിഞ്ഞിരുന്നു. അന്നത്തെ മുക്രി പള്ളിയിലില്ലാതിരിക്കുന്ന സമയത്ത് വാങ്ക് വിളിച്ചിരുന്നത് ഞാനാണ്. ചില വെള്ളിയാഴ്ചകളില്‍ അന്ന് തന്നെ മആശിറയും വിളിച്ചിട്ടുണ്ട്. പള്ളീലെ ഉസ്താദിന് ഭക്ഷണം കൊണ്ടുവരാനായി നാട്ടിലെ ഒരോ വീട്ടിലേക്കും പോയിരുന്നതും ഞാനായിരുന്നു. മുപ്പതില്‍ താഴെ ‘ചെലവുകുടി’കളെ അക്കാലത്ത് മഹല്ലിലുണ്ടായിരുന്നുള്ളൂ. ഉസ്താദുമാര്‍ക്ക് ചെലവു കൊടുക്കാന്‍ സാധിക്കുന്ന വീട് അത്രയൊക്കെ ഉണ്ടായിരുന്നുള്ളൂ. വറുതിയുടെ കാലമല്ലേ. അതില്‍ പല വീടും കുണ്ടൂരിന്‍റെ പല മൂലകളിലുമായിരുന്നു. ഒരുപാട് ദൂരം കാണും. പലേടത്തേക്കുമുള്ള വഴികള് കുണ്ടന്‍ഇടവഴികളായിരുന്നു. രാത്രി അവിടങ്ങളിലൊക്കെ പോകാന്‍ തന്നെ പേടിയായിരുന്നു. ചെറിയ ഒരു റാന്തലും കത്തിച്ച് പിടിച്ചാണ് അട്ടിപ്പാത്രവും പിടിച്ച് പോകുക. പലപ്പോഴും ഈ പോക്കിന് നാട്ടുകാരയ ചിലരെയും കൂടെ കൂട്ടാറുണ്ടായിരുന്നു. കുഞ്ഞുട്ടി, പിലായി ആലി. കോമു തുടങ്ങി ഞങ്ങള്‍ ഒരുമിച്ചായിരുന്ന ഭക്ഷണത്തിന് പോയിരുന്നത്.
പില്‍ക്കാലത്ത് അവരെല്ലാം മറ്റുജീവിതവഴികള്‍ തരെഞ്ഞെടുത്തുവെന്നത് വേറെ കാര്യം. ദര്സിലെ കുട്ടികള്‍ക്കും ഉസ്താദിനും രാവിലെ നാശ്ത ഇവിടെ തന്നെ തയ്യാറാക്കലായിരുന്നു പതിവ്. എന്നും പുഴുങ്ങിയ കപ്പയായിരുന്നു നാശ്തക്ക്. പള്ളിക്കാട്ടില്‍ നിന്ന് ചുള്ളിയും വടിയും ശേഖരിച്ചാണ് കപ്പ പുഴുങ്ങിയത് അത്തരം ജോലികളെല്ലാം ഞാന്‍ അന്ന് തന്നെ ചെയ്ത് ശീലിച്ചിരുന്നു.
മൈക്കും സൌണ്ടുമെല്ലാം
ഏയ്. അന്നെവിടെ മൈക്ക്. പണ്ടുമുതലെ ഇത് രണ്ടുനിലയുള്ള പള്ളിയായിരുന്നു, ചെറുതായിരുന്നെങ്കിലും. ഓരോ വഖ്തിനും പള്ളിയുടെ തട്ടിന്‍പുറത്ത് കയറി ഉറക്കെ വാങ്ക് കൊടുക്കും. പള്ളിയുടെ തെക്ക് ഭാഗത്തേക്ക് മാറിനിന്നാണ് വാങ്ക് വിളിക്കുക. കാരണമെന്തന്നറിയുമോ. അക്കാലത്ത് കാര്യമായി വീടുകളുണ്ടായിരുന്നത് പള്ളിയുടെ തെക്ക്ഭാഗത്തായിരുന്നു.
മൈക്കിനെ കുറിച്ചു ചോദിച്ചുകൊണ്ട് പറയുകയാ. കുണ്ടൂര്‍പ്രദേശത്ത് ആദ്യമായി കരന്‍റ് ലഭിച്ചത് ഈ പള്ളിക്കാണ്. ഇവിടത്തെ മീറ്റര്‍ നമ്പര്‍ എത്രയാണെന്ന് അറിയോ. 84. പള്ളിയില്‍ ലൈറ്റ് കത്തിയ ശേഷമാണ് ഇവിടത്തെ വീടുകളില്‍ കരന്‍റ് എത്തുന്നത്. അന്ന് പള്ളിയിലേക്ക് കരന്‍റ് ലഭിക്കുന്നതിന് വേണ്ടി ഓടിപ്പാഞ്ഞത് കെ.എം അലവിഹാജിയായിരുന്നു. അദ്ദേഹം ഒറ്റക്ക് നടത്തിയ ശ്രമം വഴിയാണ് ഇവിടെ കരന്‍റ് ലഭിക്കുന്നത്. പിന്നെ മൈക്കെത്തി. ഇതര സൌകര്യങ്ങളായി. മൂന്നിലേറെ പ്രാവശ്യം ഇവിടത്തെ മൈക്ക് തന്നെ കേടുവന്നു മാറ്റിയിട്ടുണ്ട്.
ഔദ്യോഗികമായി മുക്രിയാവുന്നത്
വര്‍ഷമോ കാലമോ എന്നും കൃത്യമായി ഓര്മയില്ല. അതുവരെയുണ്ടായിരുന്ന മുക്രി എന്‍റെ തന്നെ ഒരു ബന്ധുവായിരുന്നു. അദ്ദേഹം നാടുവിട്ട് പോയതോടെ ആണ് ആ പദവിയിലേക്ക് എന്നെ നിയമിക്കുന്നത്. അന്ന് കമ്മിറ്റിയൊന്നുമില്ല. നാട്ടിലെ നാലഞ്ച് പ്രമാണിമാര്‍ ചേര്‍ന്നാണ് മുക്രിയുടെ ജോലി ഏറ്റെടുക്കാന്‍ പറയുന്നത്. അതു അനുസരിച്ചു. ഇന്ന് വരെ അത് അങ്ങനെ തന്നെ തുടരുന്നു. മരിക്കുന്നത് വരെ അങ്ങനെ തന്നെ തുടരണമെന്നാണ് താത്പര്യം. ഇങ്ങനെയങ്ങ് മരിച്ചു പോകണം.
ശരീരത്തിനൊന്നും വയ്യാതെയായിരിക്കുന്നു. ഇടയ്ക്കാലത്ത് തീരെ നടക്കാനാകാതെയായി. അന്ന് അഞ്ചു വഖ്തിലും ചെറിയമോന്‍ വീട്ടില്‍ നിന്ന് പള്ളി വരെ ബൈക്കില്‍ കൊണ്ട് വിടുകയായിരുന്നു. ഈ ചെറിയദുരം നടക്കാന്‍ കഴിയാത്ത കാരണം തന്നെ. അന്നും ഞാനിത് മുടക്കിയിട്ടില്ല. (നേരത്തെ പള്ളിയിലേക്ക് കൂടെ പോരുമ്പോഴും ഞാനാ അവശത നേരിട്ടു കണ്ടിരുന്നു. പൊതുനിരത്തില്‍ നിന്ന് പള്ളിയുടെ മുറ്റത്തേക്ക് കയറാന്‍ ഒരു നാല് സ്റ്റെപ്പുണ്ട്. അത് കയറാന്‍ കഴിയില്ലെന്ന് പറഞ്ഞ് എന്നെ അതിലെ വിട്ട്, പള്ളിക്കാട്ടിലൂടെ ചുറ്റിത്തിരിഞ്ഞാണ് അദ്ദേഹം പള്ളിയിലേക്ക് കയറിയത്.)എന്‍റെ എടങ്ങേറ് കണ്ട് വീട്ടുകാര് വരെ അന്ന് ഈ ജോലി തത്കാലം ഉപേക്ഷിച്ചു കൂടെ എന്ന് ചോദിച്ചിരുന്നു.
അവര്‍ ചോദിച്ചതില്‍ തെറ്റൊന്നുമില്ല. എന്താണ് ഈ ജോലിയില്‍ ഇത്ര വലിയ പ്രതീക്ഷ
ഞാനീ ജോലി ഇപ്പോഴും തുടരുന്നതിന് പിന്നില്‍ ഇവിടെ വന്ന പല ഉസ്താദുമാരും ഒരു കാരണമായിട്ടുണ്ടായിരിക്കാം. അഞ്ചു വഖ്തിലും വാങ്കില്‍ പറയുന്ന പേരുകള്‍ ചില്ലറ പേരുകളല്ലല്ലോ. ആ പേരുകള്‍ ഇനിയും പറഞ്ഞു കൊണ്ടേയിരിക്കണം.ഒരുവിധം കഴിയുന്ന കാലം വരെ. അങ്ങനെ തന്നെ മരിച്ചുപോകണമെന്നാണ് ആശ. പിന്നെ 7 കൊല്ലം തുടര്‍ച്ചയായി വാങ്ക് കൊടുത്തവന്‍റെ ശരീരം മണ്ണ് തിന്നുകയില്ല എന്നൊക്കെ ഇല്ലേ. അതോ 9 കൊല്ലമാണോ. അങ്ങനെ ഒരു ഹദീസോ മറ്റോ ഇല്ലേ. കൃത്യമായി നിങ്ങള്‍ക്കല്ലേ അറിയുക. അങ്ങനെ ഇല്ലേ.
ഔദ്യോഗികമായി മുക്രിയായതോടെ പിന്നെ കിതാബോത്ത് നിന്നുകാണണം
അത് കുറച്ച് കാലം കൂടെ തുടര്‍ന്നു. പിന്നെ അത് നിറുത്തി. 1963ലോ 64 ആണ് എന്‍റെ വിവാഹം നടക്കുന്നത്. അതോടെ പിന്നെ കുടുംബമായി. വീട്ടുകാര്യങ്ങളായി. ഓതിക്കൊണ്ടിരുന്ന കാലത്ത് പള്ളിയില്‍ തന്നെയായിരുന്നു രാത്രി കിടന്നിരുന്നതും. വീട് അടുത്ത് ആണെന്ന് കരുതി രാത്രി പോക്കൊന്നുമില്ല. കല്യാണം കഴിച്ചതോടെ പിന്നെ രാത്രി വീട്ടിലായി. സുബ്ഹിക്ക് നേരത്തെ എണീറ്റുവന്നു വാങ്ക് വിളിക്കും. മറ്റു സമയങ്ങള്‍ക്കു കൃത്യമായി തന്നെ പള്ളിയില്‍ വരും.
എപ്പോഴെങ്കിലും വാങ്ക് കൊടുക്കാതെ പോയിട്ടുണ്ടോ, ഉറങ്ങിപ്പോയിട്ടോ മറ്റോ
ഏയ്. അങ്ങനെ ഒരു സംഭവം ഉള്ളതായി ഓര്‍മയില്ല. ചിലപ്പോഴെക്കെ അല്‍പം വൈകിക്കാണണം. അതല്ലാതെ വാങ്ക് കൊടുക്കാതിരുന്ന സന്ദര്‍ഭം ഉണ്ടായിട്ടില്ല. എന്ത് ജോലിയിലാണെങ്കിലും വാങ്കിന്‍റെ സമയമാകുമ്പോള്‍ എനിക്കത് പെട്ടെന്ന് ഓര്‍മവരും. പിന്നെ ചില സന്ദര്‍ഭങ്ങളില്‍ എനിക്കെന്തെങ്കിലും അത്യാവശ്യം വന്നാല്‍ ഇവിടെ ദര്‍സിലെ മുതഅല്ലിമുകളെ വാങ്ക് വിളിക്കാന്‍ ഏല്‍പിക്കാറായിരുന്നു. രണ്ടു വര്‍ഷമായിട്ട് ഇവിടെ ദര്‍സുമില്ല. ഇപ്പോള്‍ ഞാന്‍ തന്നെ വാങ്ക് വിളിക്കണം. സാധാരണ ചില നാടുകളിലൊക്കെ ഇത് ഒരു കുടുംബത്തിലെ പലരും ചേര്‍ന്ന് നടത്തുന്ന പരിപാടിയായിരിക്കും. എന്നെ സംബന്ധിച്ചിടത്തോളം ഞാനൊറ്റക്ക് തന്നെയാണ്. കുടുംബത്തിലെ ആരെയെങ്കിലും പകരമേല്‍പിക്കലൊന്നുമില്ല. തീരെ വയ്യാതെ വരുന്ന ഘട്ടം വന്നാല്‍, അങ്ങനെ വന്നാല്‍ മാത്രം ഈ ജോലി രാജിവെച്ചൊഴിയും.
മുമ്പൊരിക്കല്‍ ഈ പണി രാജിവെക്കാനും തോന്നിയിട്ടുണ്ട്. പള്ളിയുടെ മുന്‍ഭാഗത്തിന്‍റെ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്ന കാലത്തായിരുന്നു അത്. കനത്ത മഴക്കാലവും. എപ്പോഴും പള്ളിയില്‍ ചെളികയറും. അതു തുടച്ച് വൃത്തിയാക്കണം. മാസങ്ങളോളം അതങ്ങനെ തന്നെ. ഓരോ വഖ്തിലും ഇത് വൃത്തിയാക്കി കുഴങ്ങിപ്പോയിരുന്നു ആ കാലത്ത്. സഹായത്തിന് ആരുമില്ലാതെ ഏറെ എടങ്ങേറായപ്പോള്‍ മുക്രിപ്പണി രാജിവെച്ചാലോ എന്ന് ചെറിയ ഒരു തോന്നലുണ്ടായി. അത്രതന്നെ.
മറ്റുജോലികള്‍
മദ്റസയില്‍ ഉസ്താദായിരുന്നു ഏറെ കാലം. മറ്റുജോലികളൊന്നും ചെയ്തിട്ടില്ല. ഇടയ്ക്കാലത്ത് ഇവിടെ അടുത്ത് ചെങ്കല്ല് വെട്ടിയിരുന്നു. അന്ന് ചില വീടുകളിലേക്ക് ഒക്കെ ഞാന്‍ കല്ല് തലയിലേറ്റി കൊണ്ടുപോയിട്ടുണ്ട്. വാങ്കിന്‍റെ സമയമാകുമ്പോള്‍ പണിമാറ്റി വന്ന് വാങ്ക് കൊടുക്കുകയും ചെയ്യും.
എന്തിന്. ഞാനീ നാടു വിട്ടു മറ്റെവിടെയെങ്കിലും പോയിട്ടു പോലുമില്ല. ജീവിതത്തില്‍ ആകെ ഇവിടെ നിന്നു മാറി നിന്നത് ഒരുമാസമാണ്. കോയമ്പത്തൂരിലേക്കാണ് അന്ന് പോയത്. ഒരു മാസം അവിടെ ചില്ലറ ജോലികളിലായി നിന്നു. ഔദ്യോഗികമായി മുക്രിസ്ഥാനം ഏറ്റെടുക്കുന്നതിന് മുന്നെ ആയിരുന്നു അത്. വീട്ടീലെ പ്രാരാബ്ധം കൊണ്ട് പോയതാണ്. പോകുമ്പോള്‍ ഉമ്മ പറ്റെ ക്ഷീണിച്ച് കിടപ്പിലായിരുന്നു. ഉമ്മയുടെ മുഖം ഓര്‍ത്താല്‍ പിന്നെ എനിക്ക് ഒരു സുഖവുമുണ്ടായിരുന്നില്ല അവിടെ. ഒരു മാസം കഷ്ടിച്ചു പൂര്‍ത്തിയാക്കി നാട്ടിലേക്ക് തന്നെ തിരിച്ചു.
പിന്നെ കുടുംബവും കുഞ്ഞുങ്ങളുമൊക്കെ ആയി ജീവിതം തുറിച്ചു നോക്കിത്തുടങ്ങിയപ്പോള്‍ ഗള്‍ഫിനെ കുറിച്ച് ആലോചിച്ചിരുന്നു. അതിന് വേണ്ടിയാണ് പാസ്പോര്‍ട്ട് വരെ എടുത്തുവെച്ചത്. ഒന്നുരണ്ടു പ്രാവശ്യം അത് പുതുക്കുകയും ചെയ്തിരുന്നു. എന്തോ, അങ്ങനെ ഒരു വിസ ഒത്തുവന്നില്ല.
ശമ്പളം
ഇപ്പോ നല്ല ശമ്പളമൊക്കെയുണ്ട്. വാങ്ക് വിളിക്കുതും പരിസരം വൃത്തിയാക്കുന്നതും ഞാനാണ്. രണ്ടും കൂടി നല്ലൊരു സംഖ്യ തന്നെ മാസമാസം ലഭിക്കുന്നുണ്ട്. പത്ത് രൂപ മാസശമ്പളത്തിന് ഔദ്യോഗികമായി ഈ ജോലിയില്‍ കയറിയവനാണ് ഞാന്‍.
പെന്‍ഷനോ മറ്റോ
ഞാനിവിടെ 38 വര്‍ഷം മദ്റസയില്‍ ഉസ്താദായി പണിയെടുത്തിരുന്നു. അതിന് വിദ്യാഭ്യാസ ബോഡില്‍ നിന്ന് നിശ്ചിതസംഖ്യ പെന്‍ഷനായി ലഭിക്കുന്നുണ്ട്. മുക്രിക്ക് പ്രത്യേകിച്ച് പെന്‍ഷനൊന്നുമായിട്ടില്ല. കുറച്ച് മുന്നെ ബന്ധത്തിലുള്ള ചിലരൊക്കെ പറഞ്ഞ് വഖ്ഫുബോഡില്‍ ഒരു അപേക്ഷ കൊടുത്തിരുന്നു. ഒരു രണ്ട് മാസം മുന്നെ അവരുടെ ഓഫീസില്‍ നിന്ന് ഒരു ഉദ്യോഗസ്ഥന്‍ വീട്ടില്‍ വന്ന് എന്‍ക്വയറിയൊക്കെ നടത്തിപോയിരുന്നു. പിന്നെ അതിനെ കുറിച്ച് വിവരമൊന്നുമില്ല. കിട്ടുമായിരിക്കും.
വീട്, കൂടുംബം
കല്യാണം കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ തന്നെ വീട് വെച്ചു. നാട്ടുകാര്‍ സഹായിച്ചാണ് ആ വീട് വെച്ചത്. ഗള്‍ഫില്‍ നിന്ന് വരെ അതിനു വേണ്ടി പ്രത്യേകം പിരിവെടുത്തിട്ടുണ്ട്.പിന്നെ പെണ്‍മക്കളെയെല്ലാം കെട്ടിച്ചു പറഞ്ഞയച്ചു. അതിനും നാട്ടുകാര്‍ തന്നെയാണ് സഹായിച്ചത്. ഇപ്പോള്‍ വയസ്സായി. എനിക്കും അവള്‍ക്കും ഒരുപോലെ സുഖമില്ല. ഇളയമോന്റെ വിവാഹം കൂടെ കഴിയാനുണ്ട്. വൈകാതം തന്നെ അതും ഉണ്ടാകും. ഇന്‍ശാഅല്ലാഹ്.
കേട്ടെഴുത്ത്: മന്‍ഹര്‍ യു.പി കിളിനക്കോട്
(കുണ്ടൂര്‍ മര്‍ക്കസ് വിദ്യാര്‍ഥികളായ ശമീര്‍, ശാഫി എന്നവരോട് പ്രത്യേകം കടപ്പാട്.)
Leave A Comment