ചിനാര്‍ മരച്ചുവട്ടിലും കശ്മീരീ യുവത പോരാട്ടത്തിലാണ്

കശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട് സംവിധാനിച്ച In the Shade of Fallen Chinar എന്ന ഫിലിമിന്റെ ഒരവലോകനം.

കേരളാ അന്തര്‍ദേശീയ ഡോക്യൂമെന്ററി ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവെലില്‍ പ്രദര്‍ശനാനുമതി നിഷേധിച്ചതോടെയാണ് എന്‍.സി ഫൈസല്‍, ഷോണ്‍ സൊബാസ്റ്റിയന്‍ എന്നിവര്‍ നിര്‍മ്മിച്ച കാശ്മീരീ പോരാട്ടങ്ങളെ കുറിച്ച് പറയുന്ന ഇന്‍ ദി ഷെയ്ഡ് ഓഫ് ഫോളന്‍ ചിനാര്‍
എന്ന ഡോക്യുമെന്ററി പുറം ലോകം അറിയുന്നത്. സംഗീതവും, കലയും അങ്കമാക്കിയവരെക്കുറിച്ചുള്ള കഥയാണ് ചിത്രത്തിന്റെ സംസാരം.

കാശ്മീരിലെ യൂനിവേഴ്‌സിറ്റി പഠിതാക്കളെ ചുറ്റിപ്പറ്റിയാണ് ഡോക്യുമെന്ററി അനാവരണം ചെയ്യപ്പെട്ടത്.  കാമ്പസിലെ ചുമരുകളിലും മരങ്ങളിലും അവര്‍ പ്രതിരോധത്തിന്റെ ചിത്രങ്ങള്‍ രൂപപ്പെടുത്തി. നസീം ബാഗിലെ യുനിവേഴ്‌സിറ്റി പരിസരത്തെ ഒരോ ശ്വാസത്തിനും കലയുടെ ഗന്ധമുണ്ട്. സംഗീതജ്ഞന്മാരും  ചുവര്‍ചിത്രകാരന്മാരും ഫോട്ടോഗ്രാഫേഴ്‌സും കലയെ സ്‌നേഹിക്കുന്നവരും വസിക്കുന്ന ആകാശമാണത്. കലയ്ക്ക് മാത്രമാണ് കലുഷിത കാശ്മീരിനെ മാറ്റിയെടുക്കാനാവൂ എന്നവര്‍ വിശ്വസിക്കുന്നു. 

സംഘര്‍ഷങ്ങളാണ് കശ്മീരില്‍ കലകളെ വളര്‍ത്തുന്നത്. തോക്കുകളും, ബോംബുകളും താഴെ വെച്ച് സംഗീതത്തിന്റെ ഡ്രമ്മുകളിലും, പെയിന്റ് ബ്രഷുകളിലും അഭിരമിക്കണമെന്ന് അവര്‍ പറയുന്നു. ഒരോ കശ്മീരിയുടെയും പ്രതിരോധമാണ് അവരെ കവിതകളെഴുതാനും പാടാനും വരക്കാനും പ്രചോതിപ്പിക്കുന്നത്. അന്യായമായി തുടരുന്ന അക്രമങ്ങള്‍, ന്യായമില്ലാത്ത അറസ്റ്റുകള്‍ എന്നിവയാണ് വിഷയങ്ങള്‍. കലയെ സ്‌നേഹിക്കുന്ന, കലയെ പ്രതിരോധകമായി രൂപപ്പെടുത്തുന്ന പ്രതിഭാസത്തെ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നു. 

കല കലയാണ്. മായിക്കപ്പെടാനാവാത്ത മുദ്ര. അംഗീകരിക്കാനും പ്രതിരോധിക്കാനുമെല്ലാമുള്ള ആയുധം. അതുകൊണ്ടുതന്നെ, ഒരു ആയുധം എന്ന നിലക്ക് കലയെ ഫാസിസ്റ്റുകള്‍ ഭയപ്പെടുന്നു. അതിനെ ഇല്ലായ്മ ചെയ്യാന്‍ വേണ്ടതെല്ലാം ചെയ്യുന്നു. പക്ഷെ, ഫാസിസ്റ്റ് വിരുദ്ധ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് തടയാന്‍ അവര്‍ക്ക് എങ്ങനെ കഴിയാനാണ്? കാരണം ബൗദ്ധികപ്രതിരോധത്തെ അവര്‍ക്ക് തടുക്കാനാവില്ലല്ലോ. കാശ്മീരിന്റെ ചോര മണക്കുന്ന തെരുവുകളിലെ ശബ്ദങ്ങള്‍ക്ക് ഗാംഭീര്യം കൂടുതലാണ്. അത് കലകളിലൂടെ അനാവരണം ചെയ്യപ്പെടുമ്പോള്‍ ശക്തി ഇരട്ടിയാവുന്നു. ഫാസിസത്തിന്റെ കശ്മീര്‍ വിരുദ്ധതക്കെതിരെ ജന്മംകൊണ്ട ഈ ചിത്രം വിളിച്ചോതുന്നത് ഇതൊക്കെ തന്നെയാണ്.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter