മാലി: തീവ്ര സലഫിസ്റ്റുകള്‍ക്കും ഫ്രഞ്ച് ആക്രമണത്തിനും മധ്യേ
 width=കഴിഞ്ഞ കുറെ ദശകങ്ങളായി ലോക രാഷ്ട്രീയം കറങ്ങിത്തിരിയുന്നത് മുസ്‌ലിം രാഷ്ട്രങ്ങള്‍ക്ക് ചുറ്റുമാണ്. പശ്ചിമാഫ്രിക്കന്‍ രാഷ്ട്രമായ മാലിയിലെ സംഭവവികാസങ്ങള്‍ അന്തരാഷ്ട്ര തലത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. ഉത്തരമാലിയില്‍ വിമതരും തീവ്ര സലഫിസ്റ്റുകള്‍ ഭരണം കയ്യടക്കിയതോടെ  ഫ്രാന്‍സ്‌ തങ്ങളുടെ പഴയകോളനിയില്‍ സൈനിക ഇടപെടല്‍ നടത്തുകയും തീവ്ര സലഫിസ്റ്റുകളെ തുരത്തുകയും ചെയ്തു. അമേരിക്കയുടെയും ബ്രിട്ടന്റെയും പിന്തുണയും ഫ്രാന്സിനുണ്ടായിരുന്നു. മാലിയുടെ വൈദേശിക സൈനിക ഇടപെടലില്‍ മുസ്‌ലിം രാഷ്ട്രങ്ങള്‍ രണ്ടു തട്ടിലാണ്. അല്‍-ഖാഇദ പിന്തുണയുള്ള തീവ്രവാദികളെ സൈനികമായി നേരിട്ടതിനെ ആഫ്രിക്കയിലെ പല മുസ്‌ലിം രാഷ്ട്രങ്ങളും പിന്തുണച്ചപ്പോള്‍ ഈജിപ്തും ഖത്തറും ഉള്‍പ്പെടയുള്ള രാജ്യങ്ങള്‍ സൈനിക നടപടി ഗുണം ചെയ്യില്ല എന്ന നിലപാടിലായിരുന്നു. തുര്‍ക്കിയുടെ പ്രതികരണം കൂടുതല്‍ സൂക്ഷ്മമായിരുന്നു. സൈനിക നടപടിക്ക് മുന്‍പ്‌ മറ്റു സാധ്യതകള്‍ തേടണമായിരുന്നുവെന്നു അവര്‍ വിലയിരുത്തുന്നു. കൈറോയില്‍ സമാപിച്ച മുസ്‌ലിം രാഷ്ട്രങ്ങളുടെ ഉച്ചകോടിയിലും ഈ ഭിന്നത വ്യക്തമായിരുന്നു. ഫ്രാന്‍സിന്റെ സൈനിക നടപടി താത്കാലികമായി വിജയിച്ചുവെങ്കിലും രംഗം വിട്ട സലഫി പോരാളികള്‍ എങ്ങനെ തിരിച്ചടിക്കുമെന്ന പേടി മേഖലയെ ആകെ അസ്വസ്ഥതമാക്കുന്നുണ്ട്. മാലിയുടെ ചരിത്രത്തിലേക്കും വര്‍ത്തമാനത്തിലേക്കും ഒരെത്തിനോട്ടം... ചരിത്രം പതിനാലു ദശലക്ഷം ജനങ്ങള്‍ വസിക്കുന്ന, വിസ്തൃതിയില്‍ പശ്ചിമാഫ്രിക്കയില്‍ ഒന്നാം സ്ഥാനത്ത്‌ നില്‍ക്കുന്ന രാജ്യമാണ് മാലി. ജനങ്ങളില്‍ തൊണ്ണൂറു ശതമാനവും താമസിക്കുന്നത് ദക്ഷിണമാലിയിലാണ്. ബമാകോ ആണ് തലസ്ഥാനം. പത്ത് ശതമാനം ജനങ്ങള്‍ വസിക്കുന്ന ഉത്തരമാലിയിലാണ് പശ്ചിമാഫ്രിക്കയിലെ തന്നെ സാംസ്കാരിക തലസ്ഥാനമായ തിംബക്തു സ്ഥിതി ചെയ്യുന്നത്. ഒരു കാലത്ത്‌ ഇസ്‌ലാമിക വിദ്യാഭ്യാസത്തിന്റെയും സംസ്കാരത്തിന്റെയും പോറ്റില്ലമായിരുന്നു തിംബക്തു. ഐക്യരാഷ്ട്രസഭയുടെ പൈതൃക പട്ടികയില്‍ ഇടം പിടിച്ചിട്ടുള്ള ഈ പട്ടണത്തില്‍ ദശലക്ഷകണക്കിനു കയ്യെഴുത്ത് പ്രതികള്‍ ഉള്ളതായി കണക്കാക്കപ്പെടുന്നു.  width= അറബിയിലാണവയധികവും. കച്ചവടക്കാരിലൂടെയും സൂഫി ത്വരീഖത്തുകള്‍ വഴിയും ഇസ്‌ലാമിലേക്ക് കടന്നു വന്നവരാണ് മാലിയന്‍ മുസ്‌ലിംകള്‍. അത് കൊണ്ട് തന്നെ അവരിലധികവും പരമ്പരാഗത സുന്നി മുസ്‌ലിംകളാണ്. രാഷ്ട്രീയത്തെക്കാള്‍ സംസ്കാരികമാണ് അവിടത്തെ ഇസ്‌ലാം. അന്താരാഷ്ട്ര മാനവിക വികസന പട്ടികയില്‍ വളരെ താഴെയാണ് മാലിയുടെ സ്ഥാനമെങ്കിലും പ്രകൃതി വിഭവങ്ങളാള്‍ അനുഗ്രഹീതമാണ് ആ നാട്. ഇന്നും സമ്പത്തിന്റെ അടിസ്ഥാനമായി കണക്കാക്കപ്പെടുന്ന മഞ്ഞ ലോഹത്തിന്റെ വലിയ ശേഖരം തന്നെ മാലിക്കുണ്ട്. ന്യൂക്ലിയര്‍ പ്ലാന്‍റ്കള്‍ക്ക്‌ വളരെ അത്യാവശ്യമായ യൂറേനിയം വലിയതോതില്‍ മാലിയിലുണ്ട്. മാലിയിലെ മണല്‍പരപ്പുകള്‍ കുഴിച്ചാല്‍ കറുത്ത പൊന്നു – പെട്രോള്‍- ആവശ്യം ഉണ്ടെന്നും ചില റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഉത്തരമാലിയിലെ വിമതര്‍ തംബക്തു ഉള്‍പ്പെടെയുള്ള വടക്കന്‍ മാലിയില്‍ അധികവും ത്വവാരിഖ്‌ എന്നറിയപ്പെടുന്ന ഗോത്രവര്‍ഗക്കാരാണ്. തെക്കന്‍ മാലി തങ്ങളെ അവഗണിക്കുന്നുവെന്ന മുറവിളിയുമായി ഈ വിഭാഗം കാലങ്ങളായി വിമത പ്രവര്‍ത്തനത്തിലാണ്. ലിബിയന്‍ ഏകാധിപതിയായിരുന്ന ഗദ്ദാഫിക്ക് വേണ്ടി ലിബിയയില്‍ ഇവരിലൊരു വിഭാഗം പോരാടിയിരുന്നു. ഖദ്ദാഫിയുടെ പതനത്തോടെ ആയുധങ്ങളുമായി നാടണഞ്ഞ ഇവര്‍ നാഷണല്‍ മൂവ്മെന്റ് ഫോര്‍ ലിബറേഷന്‍ ഓഫ് അസ്~വാദിനു (എംഎന്‍എല്‍എ)കീഴില്‍ നടത്തിയ വിമത പോരാട്ടത്തില്‍ മാലി സൈന്യത്തിനു രാജ്യത്തിന്റെ അറുപതു ശതമാനത്തോളം വരുന്ന വടക്കന്‍ മാലിയുടെ നിയന്ത്രണം നഷ്ടപ്പെടുകയും അത് ത്വവാരിഖുകളുടെ കയ്യിലാവുകയും ചെയ്തു. അവിടെ അവര്‍ സ്വതന്ത്ര അസ്വാദ് (വടക്കന്‍ മാലി) രാഷ്ട്രം പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ ത്രീവ സലഫിസ്റ്റ്‌ ശക്തികള്‍ ഇടപെട്ടതോടെ മാലി രാഷ്ട്രീയം കലങ്ങിമറിഞ്ഞു. പേടി പരത്തുന്ന തീവ്ര സലഫിസ്റ്റുകള്‍  width=അന്‍സാര്‍ അല്‍-ദീന്‍, ഹരകത്തുല്‍ ജിഹാദ്‌ വ ത്തൌഹീദ് തുടങ്ങിയ സലഫി തീവ്രവാദ സംഘടനകള്‍ ഇസ്‌ലാമിക രാഷ്ട്രം സ്ഥാപിക്കനെന്ന ലേബലില്‍ എംഎന്‍എല്‍എയുമായി കരാറിലെത്തുകയും ശേഷം അവരെ ഒഴിവാക്കി വടക്കന്‍ മാലിയുടെ പൂര്‍ണ്ണ നിയന്ത്രണം ഏറ്റെടുക്കയും ചെയ്തു. അതോടെ തങ്ങളുടെ വ്യാഖ്യാനമാനുസരിചിച്ചുള്ള ഇസ്‌ലാം നടപ്പാക്കാനായി അവരുടെ ശ്രമം. അല്‍-ഖാഇദയുടെ വടക്കന്‍ ആഫ്രിക്കന്‍ വിഭാഗമായ അല്‍-ഖാഇദ ഇന്‍ അറേബ്യന്‍ മഗ്രിബ് (എക്യുഐഎം) സഹായത്തോടെ നൂറ്റാണ്ടുകളായി തങ്ങള്‍ അനുഭവിച്ചു വരുന്ന ഇസ്‌ലാമില്‍ വ്യതസ്തമായി ഭീകരതയും പേടിയുടെയും അന്തരീക്ഷം സൃഷ്ടിച്ചു ഒരു പുതിയ ഇസ്‌ലാം നടപ്പാക്കാനായിരുന്നു അവരുടെ ശ്രമം. ലിബിയയിലും ടുണീഷ്യയിലും ചെയ്തതു പോലെ സൂഫി ദര്‍ഗകള്‍ക്കെതിരെ ഇറങ്ങി പുറപ്പെട്ടെ ഈ വിഭാഗം നൂറ്റാണ്ടുകള്‍ പഴക്കമുള്ള ദര്‍ഗകള്‍ തകര്‍ക്കുകയും ഇസ്‌ലാമിക സംസ്കാരത്തിന്റെ പല അടയാളങ്ങള്‍ക്ക് നേരെ വാളോങ്ങുകയും ചെയ്തു. പൈതൃക സമ്പത്തായ കയ്യെഴുത്ത് പ്രതികള്‍ അവര്‍ കത്തിച്ചു കളഞ്ഞതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഫ്രാന്‍സിന്റെ സൈനിക നടപടി തൊണ്ണൂറുകളുടെ തുടക്കത്തില്‍ ശക്തമായ ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് ജനാധിപത്യം നിലവില്‍ വന്ന മാലിയിലെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്‍റായിരുന്ന അമാദോ തൗമാനി തോറിയെ വിമതര്‍ക്കെതിരെ പോരാടാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞു സൈന്യത്തിലെ ഒരു വിഭാഗം പുറത്താക്കിയിരുന്നു. അതിനിടയില്‍ അല്‍-ഖാഇദ അടക്കമുള്ള സായുധ പോരാളികള്‍ പ്രദേശത്ത്‌ തമ്പടിച്ചതും തീവ്ര സലഫിസം പിടിമുറുക്കിയതും പിടിവള്ളിയാക്കി തങ്ങളുടെ മുന്‍കോളനിയായ മാലിയില്‍  ഇടപെടാന്‍ ഫ്രാന്‍സ്‌ ധൃതിപിടിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്‌. തീവ്രവാദ സാന്നിധ്യമാണ് ന്യായം കണ്ടെത്തുന്നതെന്കിലും പിന്നില്‍ ഫ്രാന്‍സിനു മറ്റു താത്പര്യങ്ങള്‍ ഉള്ളതായി നിരീക്ഷിക്കപ്പെടുന്നു. മാലിയിലും സമീപ രാഷ്ട്രങ്ങളിലുമുള്ള സ്വര്‍ണ്ണവും യുറേനിയവും അടക്കമുള്ള പ്രകൃതി സമ്പത്തില്‍ ഫ്രാന്‍സിനുള്ള താത്പര്യമാണ് ഏറെ ചര്‍ച്ചചെയ്യപ്പെടുന്നത്. അമേരിക്കയുടെയും ബ്രിട്ടന്റെയും ശക്തമായ പിന്തുണയോടെയാണ് ഫ്രാന്‍സ്‌ മാലിയില്‍ സൈനിക നീക്കം നടത്തുന്നത്. പക്ഷേ പ്രതീക്ഷിക്കുന്ന പോലെ എളുപ്പമാവില്ല ഫ്രാന്‍സിനു ഈ നീക്കം.  width= അഫ്ഗാന്‍ അമേരിക്ക സമ്മാനിച്ച തലവേദനപോലെയായിരിക്കും മാലി ഫ്രാന്‍സിനു നല്‍കുകയെന്നാണ് അന്തരാഷ്ട്ര തലത്തില്‍ നിരീക്ഷിക്കപ്പെടുന്നത്. ഫിനാന്‍ഷ്യല്‍ ടൈംസ് മാലിയെ വിശേഷിപ്പിച്ചത്‌ ആഫ്രിക്കയിലെ “തോറബോറ” യെന്നാണ്. വടക്കന്‍ മാലിയിലെ ഭൂപ്രകൃതിയില്‍ പോരാട്ടം ഏറെ ദുഷകരമായിരിക്കും. മാലി സര്‍ക്കാരിന്റെ കഴിവുകേടാണ് യഥാര്‍ത്ഥത്തില്‍ ഫ്രാന്‍സിന്റെ വരവിനു വഴിയൊരുക്കിയത്. അസ്വാദ് വാദികളുമായി ചര്‍ച്ച ചെയ്തു പരിഹരിക്കാന്‍ തയ്യാറാകാതിരുന്നത് സലഫി പോരാളികള്‍ തങ്ങള്‍ക്കു അനുകൂലമായി ഉപയോഗിച്ചതാണ് ഈയൊരു അവസ്ഥയില്‍ കൊണ്ടെത്തിച്ചത്. മാലി സൈന്യവും ഫ്രഞ്ച് പടയും ഒരു ഭാഗത്തും തങ്ങളുടെ വ്യാഖ്യാനമനുസരിച്ചുള്ള ഇസ്‌ലാം നടപ്പാക്കാന്‍ വെമ്പല്‍കൊള്ളുന്ന സായുധപോരാളികള്‍ മറുഭാഗത്തുമായി ജനത്തിന്റെ സ്വസ്ഥത നഷ്ടപ്പെടുത്തുമ്പോള്‍ മാലിയുടെ ഇസ്‌ലാമിക പൈതൃകത്തിനു തന്നെ കോടാലി വെക്കുകയാണ് അവര്‍. ഫൈസല്‍ നിയാസ്‌ ഹുദവി  - niyazkollam@gmail.com

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter