പോപ്പ് പടിയിറങ്ങുന്ന സമയവും കാലവും; മുസ്‌ലിം ലോകത്തിന് ചിന്തിക്കാനുള്ളത്
ഇരുനൂറ്റി അറുപത്തിയഞ്ചാം പോപ്പ് ബെനഡിക്റ്റ് പതിനാറാമന്‍റെ അവിചാരിതമായ പടിയിറക്കം വലിയ വാര്‍ത്തയാണ് മാധ്യമങ്ങള്‍ക്ക്. അറുനൂറിലേറെ വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതുപോലെ സ്ഥാനത്യാഗം നടത്തിയ ഗ്രിഗറി പന്ത്രണ്ടാമനു ശേഷം പോപ്പിന്‍റെ പടിയിറക്കം ആദ്യസംഭവമാണ്. അത് കൊണ്ട് തന്നെ ഇതു സംബന്ധമായ വാര്‍ത്തക്ക് വന്‍ മീഡിയാ കവറേജു ലഭിക്കുകയും ചെയ്തു. പ്രായാധിക്യം ഉത്തരവാദിത്ത നിര്‍വഹണത്തെ സാരമായി ബാധിക്കുന്നുവെന്നതിനാലാണ് എട്ടു വര്‍ഷത്തെ സഭാനേതൃത്വത്തിന് ശേഷം രാജി വെക്കുന്നതെന്ന് വിശദീകരിക്കപ്പെടുമ്പോഴും അതിനു പിന്നിലെ പൊളിറ്റിക്സ് അന്വേഷിക്കപ്പെടേണ്ടതുണ്ട്.
ജര്‍മന്‍ ഫുട്ബോള്‍ സെലിബ്രിറ്റി ബെക്കന്‍ ബോവറടക്കം പലരുടേയും അഭിപ്രായത്തില്‍ ലോകം കണ്ട ഏറ്റവും നല്ല പോപ്പ് എന്ന് വിശ്രുതനായിട്ടുണ്ട് ബെനഡിക്റ്റ് പതിനാറാമന്‍. ഇതര മത ആശയങ്ങളോടും നേതാക്കളോടും സത്യസന്ധമായി സംവദിക്കാനും, അധിനിവേശ ആക്രമണത്തോടും ന്യൂനപക്ഷ അടിച്ചമര്‍ത്തലുകളോടും നിശ്പക്ഷമായി പ്രതികരിക്കാനും കുറെയൊക്കെ ശ്രമിച്ചുവെന്നത് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു. ജിലന്‍റുപോസ്റ്റില്‍ കാര്‍ട്ടൂണ്‍ വരച്ച് പുണ്യനബി(സ്വ)യെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമങ്ങളുണ്ടായപ്പോള്‍ പ്രതികരിച്ചു അദ്ദേഹം. ഫലസ്തീനു നല്ല ഭാവി ഉണ്ടാവണമെന്നും തുര്‍കിക്ക് യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം ലഭിക്കണമെന്നും ഇറാനും പാശ്ചാത്യരാജ്യങ്ങളും സുഹൃത്തുക്കളാകണമെന്നുമെല്ലാം പരസ്യമായി പ്രസ്താവിക്കാന്‍ അദ്ദേഹം ധൈര്യം കാണിക്കുകയും ചെയ്തു. അല്‍അസ്ഹറിലെ ഇമാം അഹ്മദ് മുഹമ്മദ് ത്വയ്യിബിനെ ചുണ്ടില്‍ ചുംബിക്കുന്ന പോപ്പിന്‍റെ ചിത്രവുമായി ഇറ്റലിയിലെ വസ്ത്ര കമ്പനിയായ Benetton പുതിയ പരസ്യം വരെയിറക്കി, അക്കാലത്ത്. അധികം കഴിയും മുമ്പെ പരസ്യം പിന്‍വലിച്ചെങ്കിലും.
ഇസ്‌ലാമുമായി സൂക്ഷിക്കാന്‍ ശ്രമിച്ച സൌഹൃദബോധത്തെ സ്വന്തം അനുയായികളടക്കം പലരും ചോദ്യം ചെയ്തിട്ടും അദ്ദേഹം പിന്നോട്ട് പോയില്ല. ഹൈഫ സര്‍വകലാശാല പ്രൊഫസറായ ഇസ്രാഈല്‍ വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്തന്‍ സെര്‍ജിയോ മിനെര്‍ബി ‘’ബെനഡിക്റ്റ് പതിനാറാമനും ഇസ്‌ലാമും'' എന്ന തലക്കെട്ടില്‍ അദ്ദേഹത്തെ വിമര്‍ശിച്ച് ലേഖനവുമെഴുതി. 2006 സെപ്തംബര്‍ 12 നു ജര്‍മനിയിലെ റീഗന്‍സ്ബര്ഗ് സര്‍വകലാശാലയില്‍ വെച്ച് മുഹമ്മദ് നബി(സ്വ)യെയും ഖുര്‍ആനെയും തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പോപ്പ് പ്രസംഗിച്ചത് വിമര്‍ശകരെ അല്പം ആശ്വസിപ്പിച്ചു. എന്നാല്‍ ഏറെ വൈകാതെ അദ്ദേഹം തിരുത്തുമായി രംഗത്തു വന്നു. ബൈസന്റൈന്‍ ചക്രവര്‍ത്തി പാലിയോലോഗസിന്റെ വാക്കുകള്‍ ഉദ്ധരിച്ചതില്‍ തനിക്കു പിഴക്കുകയായിരുന്നുവെന്നാണ് അന്ന് അദ്ദേഹം സ്വയം തിരുത്തിയത്.
അതെ തുടര്‍ന്ന് ലോകമുസ്‌ലിംകളോട് ക്ഷമാപണം നടത്തിയ പോപ്പ് സഊദി രാജാവും അഹ്മദി നജാദുമടക്കം പല മുസ്‌ലിം-അറബു നേതാക്കളോടും ഒപ്പം ചര്‍ച്ചക്കിരിക്കാനും തയ്യാറായി. തുര്‍ക്കിയിലെ ബ്ലൂ മോസ്ക്കില്‍ സന്ദര്‍ശകനായി വരെ അദ്ദേഹമെത്തുന്നുണ്ട്. ഒരര്‍ഥത്തില്‍ സാമുവല്‍ ഹണ്ടിങ്ങ്ടണ്‍ നേരത്തെ പ്രവചിച്ച സംഘട്ടനത്തില്‍ നിന്ന് പാശ്ചാത്യ-ഇസ്‌ലാമിക സംസ്കാരങ്ങളെ വഴിതിരിച്ചു വിടാന്‍ അദ്ദേഹം ശ്രമിക്കുകയായിരുന്നുവെന്ന് പറയാം.
ഇത്രയും ശക്തമായ മുസ്‌ലിം പ്രേമത്തിനു പിന്നിലെ ചില സ്വകാര്യ താല്പര്യങ്ങള്‍ കൂടിയുണ്ടെന്ന് കാണാതിരിന്നു കൂടാ. മുസ്‌ലിം രാഷ്ട്രങ്ങളോട് നന്നായി അടുക്കുക വഴി അവിടത്തെ ന്യൂനപക്ഷ ക്രിസ്ത്യാനികളുടെ സുരക്ഷ ഉറപ്പുവരുത്തുക അവയില്‍ പ്രധാനപ്പെട്ടതാണ്. പുറമെ അവിടങ്ങളിലെ മിഷനറി പ്രവര്‍ത്തനം എളുപ്പമാക്കാനും ക്രിസ്ത്യനിസം സ്വീകരിക്കുന്ന മുസ്‌ലിംകള്‍ക്ക് നിയമ സഹായം ഉറപ്പുവരുത്താനുമെല്ലാം ഇതുവഴി അദ്ദേഹം ശ്രമിച്ചു കാണണം.
20 ദിവസങ്ങള്‍ക്കകം അടുത്ത സഭാതലവനെ തെരഞ്ഞെടുക്കുമെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. അടുത്ത പോപ്പായി തെരഞ്ഞെടുക്കപ്പെടാന്‍ കൂടുതല്‍ സാധ്യത കല്‍പിക്കപ്പെടുന്ന ഘാനയിലെ പീറ്റര്‍ തുര്‍ക്സാന്‍, നൈജീരിയയിലെ ഫ്രാന്‍സിസ് ആരിന്‍സ്, ഇറ്റലിയിലെ ആംഗ്ലോ സ്കോള തുടങ്ങിയവരൊക്കെ ഇസ്‌ലാമിനോട് പൊതുവില്‍ ഇസ്‌ലാമിനോട് വിരോധം കാണിക്കാത്തവരാണ്. ക്രിസ്തീയ-മുസ്‌ലിം വിഭാഗങ്ങളിലെ സമാധാനം സ്ഥാപിക്കുന്നതിന് എന്നതിലുപരി, യൂറോപ്പിലെ ഇസ്‌ലാമിന്റെ വളര്‍ച്ചക്ക് തടയിടാന്‍ കൂടി ഈ സ്നേഹം ഉപയോഗപ്പെടുത്തപ്പെടുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ശാഫി ഹുദവി ചെങ്ങര. മെയില്‍: shafimchengara@gmail.com



Leave A Comment