ഇമാം സുയൂഥി(റ): വായനയുടെ പുതിയ വസന്തം
spiritകാലത്തിന്റെ കണ്ണാടിയാണ് ജീവചരിത്രം. ചരിത്രപുരുഷന്മാരുടെ ജീവിതത്തിലൂടെയാണ് കാലഘട്ടങ്ങള്‍ വായിക്കപ്പെടുന്നത്. ജീവചരിത്രത്തിലൂടെ ഒരു കാലഘട്ടത്തെയും കാലത്തിന്റെ ചരിത്രത്തിലൂടെ ഒരു ജീവിതത്തെയും അടയാളപ്പെടുത്തുന്ന കൃതിയാണ് കൃതഹസ്തനായ എ.പി ഇസ്മാഈല്‍ ഹുദവി ചെമ്മലശ്ശേരിയുടെ 'ഇമാം സുയൂഥി(റ)'. ജീവചരിത്രരചനയുടെ പരിചിത ശീലങ്ങളില്‍ നിന്ന് വഴിമാറി നടക്കുന്ന ഗ്രന്ഥം വ്യത്യസ്തമായ ഒരു വായനാനുഭവം പകരുന്നു. ഇമാം സുയൂഥി മലയാളികള്‍ക്ക് പരിചിതമായ വാക്കാണ്. പക്ഷേ, ആ വാക്കിനെ അടുത്തറിയാന്‍ മലയാളി ഇതുവരെ ഒരുമ്പെട്ടിട്ടില്ല. മുസ്‌ലിം പണ്ഡിത വിഹായസ്സില്‍ അരുണോദയം ചെയ്ത ഒരു വെള്ളിനക്ഷത്രമാണ് ഇമാം സുയൂഥി(റ). വിജ്ഞാനത്തിന്റെ സര്‍വ ചഷകങ്ങളും പാനം ചെയ്ത മഹാന്‍. അറിവിന്റെ സപ്തസാഗരങ്ങളിലും നീന്തിത്തുടിച്ച പണ്ഡിതകേസരി. ഗ്രന്ഥരചനയിലൂടെ അനശ്വരതയില്‍ തന്റെ നാമം കൊത്തിവെച്ച കര്‍മയോഗി. സര്‍വകലകളുടെയും ആഴക്കഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന വിജുഗീഷു. വിശേഷണങ്ങളൊക്കെയും അദ്ദേഹത്തിന്റെ വ്യക്തിത്വത്തിനു മുമ്പില്‍ ആയുധം വെച്ച് കീഴടങ്ങുന്നു. സര്‍വ വിജ്ഞാനങ്ങളിലും പ്രാവീണ്യം നേടി അറ്റമില്ലാത്ത ഗ്രന്ഥശേഖരം സമൂഹത്തിന് സമര്‍പിച്ച ഈ മഹദ് ജീവിതത്തിന്റെ വിവിധ വശങ്ങളെ അനാവരണം ചെയ്യുന്നതാണ് 'ഇമാം സുയൂഥി(റ)'. ഒരു വ്യക്തിയുടെ ജീവിതവഴികളെ വരച്ചുവെക്കുക എന്നതിലപ്പുറം ചരിത്രപരമായ വലിയ ഒരു ദൗത്യമാണ് ഈ ഗ്രന്ഥം നിര്‍വഹിക്കുന്നത്. ഇമാം സുയൂഥി(റ) ജീവിക്കുന്നത് ഹിജ്‌റ ഒമ്പതാം നൂറ്റാണ്ടിലാണ്. ഹി. 849 ല്‍ ജനിച്ച അദ്ദേഹം 911 ല്‍ വഫാത്തായി. ഇസ്‌ലാമിക ലോകത്തെ സുവര്‍ണ കാലഘട്ടമാണിത്. പണ്ഡിതപ്രവീണരായ ഒരുപാട് യുഗപുരുഷന്മാര്‍ കടന്നുവന്ന കാലം. ഈയൊരു കാലഘട്ടത്തിന്റെ സൃഷ്ടിയായിരുന്നു ഇമാം സുയൂഥി(റ). എങ്കിലും, അവര്‍ക്കിടയിലും തന്റെ വ്യക്തിത്വം സുവ്യക്തമായി തന്നെ അദ്ദേഹം കൊത്തിവെച്ചു. അങ്ങനെ ചരിത്രം എന്നും ചാരിതാര്‍ത്യത്തോടെ തിരിഞ്ഞുനോക്കുന്ന ഒരു ദശാസന്ധിയായി തന്റെ കാലഘട്ടം മാറി. ഇമാം സുയൂഥിയുടെ ആഗമനത്തിനു മുമ്പുള്ള, ആ വിശ്വമഹാ പണ്ഡിതനെ രൂപപ്പെടുത്തിയ കാലഘട്ടത്തെ അക്ഷരങ്ങളിലേക്ക് പകര്‍ത്തുന്ന ഈ കൃതി അദ്ദേഹം ജീവിച്ച കാലഘട്ടത്തിന്റെയും നഖഃചിത്രം വരച്ചിടുന്നു. അദ്ദേഹത്തിന്റെ സ്വാധീനവഴികളെയും അത് അടയാളപ്പെടുത്തുന്നു. എട്ടാം നൂറ്റാണ്ടിന്റെ ആരംഭം മുതലുള്ള ചരിത്ര പാരായണത്തിലൂടെയാണ് ഇമാം സുയൂഥിയിലേക്ക് എത്തിച്ചേരുന്നത് എന്നത് ഈ കൃതിയുടെ പ്രത്യേകതയത്രെ. ഒരു വ്യക്തിയുടെ സൃഷ്ടിക്കു കാരണമായ യുഗാന്തരീക്ഷത്തെ അടുത്തറിയുമ്പോള്‍ മാത്രമേ ആ വ്യക്തിത്വത്തെ പൂര്‍ണാര്‍ത്ഥത്തില്‍ ഉള്‍കൊള്ളാന്‍ കഴിയൂ. വ്യക്തിജീവിതത്തിന്റെ വിശദാംശങ്ങളില്‍ കറങ്ങിനടന്ന് സമയം കളയുന്നതിനു പകരം ആ ജീവിതത്തിന്റെ വൈജ്ഞാനികവും സാമൂഹികവും രാഷ്ട്രീയവുമായ പ്രാധാന്യത്തെ ചര്‍ച്ചക്ക് വിധേയമാക്കുകയാണ് ഗ്രന്ഥകര്‍ത്താവ്. ആ പ്രാധാന്യവും സ്വാധീനവും വിവരണാതീതവും യുഗങ്ങള്‍ നീളുന്നതുമാണെങ്കിലും. വൈവിധ്യമാര്‍ന്ന വ്യക്തിത്വമാണ് ഇമാം സുയൂഥിയുടെ ഏറ്റവും വലിയ പ്രത്യേകത. ഈ സവിശേഷതയെയും ഗ്രന്ഥം വളരെ സൂക്ഷ്മമായി അടയാളപ്പെടുത്തുന്നുണ്ട്. ജലാലൈനിയിലും 'ദുര്‍റുല്‍ മന്‍സൂറി'ലും അദ്ദേഹം ഒരു ഖുര്‍ആന്‍ വ്യാഖ്യാതാവാണെങ്കില്‍, ജാമിഉ സ്വഗീറും ജാമിഉല്‍ കബീറും വായിക്കുമ്പോള്‍ അദ്ദേഹമൊരു ഹദീസ് പണ്ഡിതനാണ്. താരീഖുല്‍ ഖുലഫാഇലും ഹുസ്‌നുല്‍ മുഹാളറയിലുമെത്തുമ്പോള്‍ ഇമാം ഒരു ചരിത്രഗവേഷകനായിത്തീരുന്നു. ഹംഉല്‍ ഹവാമിഉം അല്‍ അശ്ബാഹു വന്നളാഇറും തികഞ്ഞ ഒരു ഭാഷാവിശാരദന്റെ കരവിരുതുകളാണ്. തഫ്‌സീര്‍, ഉലൂമുല്‍ ഖുര്‍ആന്‍, ഉസ്വൂലുല്‍ ഹദീസ്, ഇല്‍മു രിജാല്‍, നഹ്‌വ്, ഇല്‍മുല്‍ ബയാന്‍, മആനി, താരീഖ് തുടങ്ങിയ സര്‍വ മേഖലകളും ഇമാം സുയൂഥിയുടെ പ്രൗഢഗ്രന്ഥങ്ങളാല്‍ സമ്പന്നമാണ്. ഓരോ മേഖലയിലെയും അദ്ദേഹത്തിന്റെ സംഭാവനകളെ ഗ്രന്ഥം അളന്നെടുക്കുന്നുണ്ട്. ആദ്യത്തെ മൂന്ന് അധ്യായങ്ങള്‍ ഇമാമിന്റെ വ്യക്തിജീവിതക്കുറിച്ചും കുടുംബത്തെക്കുറിച്ചും ഗുരുവര്യരെക്കുറിച്ചും സമകാലികരായ പണ്ഡിതശ്രേഷ്ഠരെക്കുറിച്ചുമുള്ള വിവരണമാണ്. മഹാനവര്‍കളുടെ ജീവിതത്തിന്റെ പ്രാരംഭദശയെ ഇവിടെ കൃത്യമായി അടയാളപ്പെടുത്തുന്നു. ഇമാമിന്റെ ആഗമന കാലഘട്ടത്തെയാണ് അടുത്ത അഞ്ച് അധ്യായങ്ങള്‍ ചര്‍ച്ചക്ക് വിധേയമാക്കുന്നത്. 18-19 നൂറ്റാണ്ടുകളിലെ ഇസ്‌ലാമിക ലോകത്തെ, പ്രത്യേകിച്ച് സുയൂഥിയുടെ ജന്മദേശമായ ഈജിപ്തിലെ, സാംസ്‌കാരികവും സാമൂഹികവും വൈജ്ഞാനികവും രാഷ്ട്രീയപരവുമായ ചുറ്റുപാടുകളെക്കുറിച്ച് വിശദമായിത്തന്നെ ചര്‍ച്ച ചെയ്യുന്നു. സമകാലത്തില്‍ നിലനിന്ന പണ്ഡിത കുടുംബങ്ങളെയും മതപഠനകേന്ദ്രങ്ങളെയും ഭരണകൂടങ്ങളെയും ഈ ഭാഗത്ത് വായനക്കാര്‍ക്ക് പരിചയപ്പെടാം. ഈ വ്യത്യസ്ത പരിസരങ്ങള്‍ എങ്ങനെയാണ് ഇമാം സുയൂഥിയുടെ ജീവിതത്തെ സ്വാധീനിച്ചതെന്നും എങ്ങനെയാണ് അദ്ദേഹത്തിന്റെ വ്യക്തിത്വസൃഷ്ടിയില്‍ ഈ ചുറ്റുപാടുകളുടെ ഇടപെടലുണ്ടായതെന്നും ഗ്രന്ഥകര്‍ത്താവ് വരികള്‍ക്കിടയിലൂടെ ചൂണ്ടിക്കാണിക്കുന്നു. തുടര്‍ന്നുള്ള അധ്യായങ്ങള്‍ സ്മര്യപുരുഷന്റെ പാണ്ഡിത്യ ഈടുവെപ്പുകളുടെ രേഖയാണ്. ഇമാം സുയൂഥി എന്ന അധ്യായം ഒരു പണ്ഡിതന്റെ ഉദയത്തെക്കുറിച്ചാണ്. അദ്ദേഹത്തിന്റെ പാണ്ഡിത്യ വൈപുല്യത്തിലേക്കും സര്‍വകലാ വൈഭവത്തിലേക്കും ഇത് വെളിച്ചം വീശുന്നു. 'ഹാഫിള് സുയൂഥി' മുഹദ്ദിസായ ഇമാം സുയൂഥിയെക്കുറിച്ചുള്ള ചര്‍ച്ചയാണ്. ഹദീസ് മേഖയിലെ മഹാന്റെ സംഭാവനകളിലേക്ക് ഇത് വെളിച്ചം വിതറുന്നു. ചരിത്രമേഖലയിലും ഭാഷാപഠന മേഖലയിലുമുള്ള ഇമാമിന്റെ ഇടപെടലുകളെ വ്യത്യസ്ത അധ്യായങ്ങളായി തന്നെ ചര്‍ച്ച ചെയ്യുന്നു. അദ്ദേഹത്തിന്റെ രചനാപ്രപഞ്ചത്തെക്കുറിച്ചും ഒരു അധ്യായം ചര്‍ച്ച ചെയ്യുന്നു. തുടര്‍ന്ന് ഇമാമുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ചുള്ള പഠനമാണ്. ഇജ്തിഹാദ് വാദവുമായി ബന്ധപ്പെട്ട ആരോപണമാണ് ഇതില്‍ പ്രധാനം. ഇമാമിനെതിരായ വിമര്‍ശനങ്ങളിലെ പൊള്ളത്തരവും പൊരുത്തക്കേടുകളും ഗ്രന്ഥകാരന്‍ തുറന്നുകാണിക്കുന്നു. ആരോപണങ്ങളെ ഓരോന്നായി തൊലിയുരിച്ച് കാണിക്കുന്നു. സുയൂഥിക്കും സമകാലികനായ ഇമാം സഖാവ(റ)ക്കുമിടയിലുള്ള അസ്വാരസ്യങ്ങളുടെ യാഥാര്‍ത്ഥ്യത്തിലേക്കും ഗ്രന്ഥം വിരല്‍ ചൂണ്ടുന്നു. വായനക്കാരന്റെ ഹൃദയത്തിലേക്ക് വസന്തമായി പെയ്തിറങ്ങുന്ന രചനാശൈലിയിലാണ് ഗ്രന്ഥകര്‍ത്താവ് പ്രയോഗിച്ചിരിക്കുന്നത്. പദക്കൂട്ടുകളുടെ ആര്‍ഭാടമില്ലാതെ ലളിതമായ ഭാഷയില്‍ ഒഴുക്കോടെയുള്ള ആഖ്യാനരീതി ഏറെ വായനാസുഖം പകരുന്നതാണ്. ഗ്രന്ഥത്തിന്റെ ഉള്ളടക്കത്തോട് നീതിപുലര്‍ത്തുന്ന രീതിയില്‍ അത്യാകര്‍ഷകമായ മുഖച്ചട്ടയോടെയാണ് സുന്നി പബ്ലിക്കേഷന്‍ സെന്റര്‍ ഗ്രന്ഥത്തിന്റെ പ്രസിദ്ധീകരണം നിര്‍വഹിച്ചിരിക്കുന്നത്. എല്ലാ നിലയിലും മലയാളിക്ക് പുതുമ പകരുന്ന കൃതിയാണ് 'ഇമാം സുയൂഥി(റ)'.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter