ഗ്വാണ്ടനാമോ: തടവറക്കുള്ളില്‍ നടക്കുന്നത് ലോകമിനിയും അറിയാനിരിക്കുന്നേ ഉള്ളൂ
ഗ്വാണ്ടനാമോ വീണ്ടും ആഗോളവാര്‍ത്താമാധ്യമങ്ങളിലിടം പിടിച്ചിരിക്കുകയാണ്. തടവുപുള്ളികളുടെ രണ്ടുമാസത്തിലേറെയായി നീണ്ടു നിന്ന നിരാഹാര സമരമാണ് വീണ്ടും ഗ്വാണ്ടനാമോയെ കുറിച്ച് ചര്‍ച്ച ഉയര്‍ന്നുവരാന്‍ ഇടയാക്കിയിരിക്കുന്നത്. അമേരിക്കയിലെ മനുഷ്യാവകാശ പ്രവര്‍ത്തകനായ Jhon Dear ഹഫ്പോസ്റ്റിലെഴുതിയ കുറിപ്പിന്‍റെ വിവര്‍ത്തനം. സ്വന്തം രാജ്യം നടത്തുന്ന മനുഷ്യാവകാശലംഘനത്തോട് അമേരിക്കക്കാരന്‍ നടത്തുന്ന ആത്മവിമര്‍ശമാണ് ഈ കുറിപ്പ്.  width=ഗ്വാണ്ടനാമോയില്‍ തടവുപുള്ളികളും ഉദ്യോഗസ്ഥരും തമ്മില്‍ കഴിഞ്ഞ ദിവസം സംഘര്‍ഷമുണ്ടായെന്ന് വാര്‍ത്ത വന്നിരിക്കുന്നു. കഴിഞ്ഞ ഫെബ്രുവരി 6 മുതല്‍ ഇവിടെ നിരവധി പേര്‍ നിരാഹാരസമരത്തിലാണ്. ഔദ്യോഗിക കണക്കനുസരിച്ച് 43 പേരാണ് നിരാഹാരം കിടക്കുന്നത്. എന്നാല് ‍തടവുപുള്ളികളുടെ അഭിഭാഷകര്‍ പറയുന്നതനുസരിച്ച് 100 ലേറെ പേര്‍ നിരാഹാരം തുടരുന്നുണ്ടത്രെ. നിലവില്‍ 166 പേരാണ് ഈ തടവറയില്‍ പുള്ളികളായി കഴിയുന്നത്. ചുരുങ്ങിയത് 13 പേരുടെയെങ്കിലും നില ഗുരുതരമാണെന്നും അവരെ നിര്‍ബന്ധിച്ച് ഭക്ഷണവും വെള്ളവും നല്‍കുകയാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നുണ്ട്. ഗ്വാണ്ടനാമോയിലെ ഈ അനീതിക്ക് അറുതി വരുത്തേണ്ടിയിരിക്കുന്നു. മറ്റൊരു തടവുപുള്ളി കൂടെ മരിക്കുന്നതിന് മുമ്പ് ഗ്വാണ്ടനാമോ അടിയന്തിരമായി പൂട്ടേണ്ടിയിരിക്കുന്നു. അവിടത്തെ ജയിലധികൃതര്‍ മാനുഷികമൂല്യങ്ങള്‍ക്ക് വിലകല്‍പിക്കുന്നില്ലെങ്കില്‍ വേണ്ട. എന്നാല്‍ അവിടെ ഇനിയൊരു മരണം നടന്നാല്‍ അത് അന്താരാഷ്ട്രതലത്തില്‍ അമേരിക്കയുടെ ഇമേജിനെ കാര്യമായി ബാധിക്കുമെന്നെങ്കിലും നാം മറന്നുകൂടാ. നിരാഹാരം കിടക്കുന്നവരുടെ എല്ലാ ആവശ്യങ്ങളും നിയമപരമാണ്. അവര്‍ക്ക് അനുകൂലമായ സാഹചര്യം ഒരുക്കാനും പീഡനം അവസാനിപ്പിക്കാനും ഭരണകൂടം ബാധ്യസ്ഥരാണ്. അതിലുമപ്പുറം ആ ജയിലറ അടച്ചുപൂട്ടുക തന്നെയാണ് വേണ്ടത്. സത്യത്തില്‍ അമേരിക്കയിലെ മഹാഭൂരിപക്ഷം ജനങ്ങളും അവിടെ നടക്കുന്ന അതിക്രമങ്ങളെ കുറിച്ച് അജ്ഞരാണെന്ന് തോന്നുന്നു. അതല്ലെങ്കില്‍ ജനാധിപത്യത്തിന് വേണ്ടി വാദിക്കുന്ന ഒരു ജനവിഭാഗം എന്തുകൊണ്ട് ഈ സ്വേഛാധിപത്യരീതിയെ എതിര്‍ത്തു തങ്ങളുടെ ശബ്ദമുയര്‍ത്തുന്നില്ല? International Committee of the Red Cross ന്‍റെ അധ്യക്ഷന്‍ ഗ്വാണ്ടനാമോ അടച്ചുപൂട്ടണമെന്ന് പ്രസിഡണ്ട് ബാറക് ഒബാമയോട് ആവശ്യപ്പെട്ടത് കഴിഞ്ഞ ആഴ്ചയാണ്. അവിടെ തുടരുന്ന നിരാഹാരം അവസാനിപ്പിക്കുന്നതിന് വേണ്ടി അനുയോജ്യമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി. അടുത്ത ദിവസം തന്നെ ഐക്യരാഷ്ട്രസഭക്ക് കീഴിലെ മനുഷ്യാവകാശ സമിതിയും ഗ്വാണ്ടനാമോയുടെ കാര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ചു. തടവുപുള്ളികളെ അനന്തമായി ജയിലില്‍ പാര്‍പ്പിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും വിഷയത്തില്‍ അടിയന്തിരമായി ഇടപെടാന്‍ ഒബാമ തയ്യാറാകണമെന്നുമാണ് സമിതി അധ്യക്ഷ നേവി പിള്ള ആവശ്യപ്പെട്ടത്. ഗ്വാണ്ടനാമോ: തടവറയെ കുറിച്ച് ചില വസ്തുതകള്‍ Center for Constitutional Rights ഗ്വാണ്ടനാമോയെ കുറിച്ച തയ്യാറാക്കിയ റിപ്പോര്‍ട്ടിലുള്ളതാണ് താഴെ പറയുന്ന കാര്യങ്ങളെല്ലാം:
  • 2002 ജനുവരി മുതല്‍ ആകെ 779 പേരെയാണ് ഈ തടവറയിലേക്ക് കൊണ്ടുവന്നത്. അവരെല്ലാവരും മുസ്ലിംകളായിരുന്നുവെന്നത് പ്രസ്താവ്യമാണ്.
  • 604 പേരെ പിന്നെ അവിടെ നിന്ന് മാറ്റിയിട്ടുണ്ട്.
  • 166 പേര്‍ നിലവില്‍ അവിടെ തടവുപുള്ളികളായി കഴിയുന്നു.
  • കൂട്ടത്തിലെ 86 പേര്‍ക്കെതിരെ കുറ്റങ്ങളൊന്നുമില്ലാത്തതിന്‍റെ പേരില്‍ അടിയന്തിരമായി അവരെ പുറത്തിറക്കണമെന്ന് ഓര്‍ഡര്‍ വന്നതാണ്. എന്നിട്ടും അവരെപോലും വിട്ടയക്കാന്‍ ജയിലധികൃതര്‍ ഒരുക്കമല്ല.
  • 46 പേരെ അനന്തമായി തടവിനിട്ടിരിക്കുന്നത് വിചാരണ നടത്താതെയും കുറ്റം ചുമത്താതെയുമാണ്. അവരുടെ വിചാരണ നടത്തുകയോ തടവറയില്‍ നിന്ന് പുറത്തിറക്കുകയോ ചെയ്യില്ലെന്നാണ് അമേരിക്ക പറയുന്നത്.
  • നിലവില്‍ ഇവിടെ തടവില്‍ കഴിയുന്ന 22 ഓളം പേര്‍ 18 വയസ്സിന് മുന്നെയാണ് അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലടക്കപ്പെട്ടത്.
  • ജയിലുള്ള മിക്കവാറും ആളുകള്‍ തടവിലായിട്ട് ചുരുങ്ങിയത് 10 വര്‍ഷമെങ്കിലുമായിട്ടുണ്ട്.
  • ഇതിനകം ഒമ്പത് പേര് തടവറയില് വെച്ച് മരിച്ചുപോയി.
  • അനധികൃതവും നിയമവിരുദ്ധവുമായ ഈ തടവറയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് അമേരിക്കയിലെ ഒരു മുതിര്‍ന്ന ഉദ്യോസ്ഥനെതിരെയും പേരിന് പോലും ഒരു കുറ്റവുമില്ല.
ശക്തമായി കൊണ്ടിരിക്കുന്ന പ്രതിഷേധം  width=കഴിഞ്ഞ വ്യാഴാഴ്ച അമേരിക്കയുടെ വിവിധ ഭാഗങ്ങളിലായി മുപ്പതോളം പ്രതിഷേധ റാലികളാണ് ഈ തടവുകേന്ദ്രം അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് നടന്നത്. തടവറ നിലനിറുത്തിന്നതിന് ആവശ്യമായി വരുന്ന ഭീമമായ സാമ്പത്തിക ചെലവിന് പുറമെ, അവിടെ നടക്കുന് മനുഷ്യാവകാശ ലംഘനങ്ങളും അതുവഴി ആഗോള തലത്തില്‍ രാജ്യത്തിന്‍റെ ഇമേജ് നഷ്ടമാകുന്നതും പ്രതിഷേധക്കാര്‍ പ്രത്യേകം എടുത്തുപറയുന്നുണ്ടായിരുന്നു.  അതെ തുടര്‍ന്ന്, രാജ്യത്തെ പ്രധാനപ്പെട്ട 25 മനുഷ്യാവകാശ സംഘടനകള്‍ ചേര്‍ന്ന് അമേരിക്കന്‍ പ്രസിഡണ്ട് ബാറക് ഒബാമക്ക് ഒരു കത്തെഴുതിയിട്ടുമുണ്ട്. അവിടെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ മുന്‍നിര്‍ത്തി തടവറ അടച്ചുപൂട്ടണമെന്നാണ് കത്തിലും ആവശ്യപ്പെടുന്നത്. നാലുവര്‍ഷങ്ങള്‍ക്ക് മുമ്പെ താങ്കള്‍ നടത്തിയ വാക്ക് പാലിക്കേണ്ട സമയംകഴിഞ്ഞിരിക്കുന്നുവെന്നും തടവറ അടച്ചുപൂട്ടി വാക്ക് പാലിക്കാന്‍ ധൈര്യം കാണിക്കണമെന്നും ഈ കത്ത് പ്രസിഡണ്ട് ഒബാമയോട് ആവശ്യപ്പെടുന്നു. തടവറ അടച്ചുപൂട്ടണമെന്ന് Boston Globe പത്രവും ഈയിടെ ആവശ്യപ്പെടുകയുണ്ടായി. തദ്വിഷയകമായി ഒരു എഡിറ്റോറിയല്‍ വരെ എഴുതി പത്രം. ന്യൂയോര്‍ക്ക് ടൈംസിലും വന്നു ഒരു എഡിറ്റോറിയില്‍. തടവറ അടിയന്തിരമായി പൂട്ടേണ്ടതുണ്ടെന്ന് തന്നെയാണ് പ്രസ്തുത പത്രാധിപക്കുറിപ്പും ആവശ്യപ്പെടുന്നത്. ‘അനന്തമായ തടവ് എന്ന കാഴ്ചപ്പാടില്‍ തന്നെ തുടങ്ങുന്നതാണ് ഗ്വാണ്ടനാമോയുടെ തെറ്റുകള്‍. ആയര്‍ഥത്തില്‍ ഗ്വാണ്ടനാമോ തുടക്കം മുതലെ നിയമവിരുദ്ധമാണ്........... അവിടത്തെ തടവുപുള്ളികളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ഓരോ ദിവസവും പുറത്തുവന്നു കൊണ്ടിരിക്കുന്ന നിരവധി വാര്‍ത്തകളുണ്ട്. അവരെത്രമാത്രം പീഡനം അനുഭവിക്കുന്നുണ്ടെന്ന് പ്രസ്തുത വാര്‍ത്തകള്‍ വെളിപ്പെടുത്തുന്നു’- ന്യൂയോര്‍ക്ക് ടൈംസിലെ എഡിറ്റോറിയല്‍ പറയുന്നു. Witness Against Torture എന്നൊരു സംഘം ഈ മാസാദ്യം ഒരു നിരാഹാരം നടത്തിയിരുന്നു. ഗ്വാണ്ടനാമോയില് നിരാഹാരം കിടക്കുന്ന പുള്ളികളോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചായിരുന്നു ഒരാഴ്ച നീണ്ടുനിന്ന നിരാഹാരം സംഘം നടത്തിയത്. അത് രാജ്യത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടുവെന്നത് വ്യക്തം. രാജ്യത്തെ സാധാരണക്കാര്‍ ഗ്വാണ്ടനാമോയിലെ മനുഷ്യാവകാശലംഘനത്തിന്‍റെ കാര്യത്തില്‍ ഇടപെടണമെന്നും അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് തന്ത്രപ്രധാന ഓഫീസുകളിലേക്ക് കത്തയക്കുകയോ ഫോണ്‍വിളിക്കുകയോ ചെയ്യണമെന്നുമെല്ലാം പൊതുജനങ്ങളോട് ഈ സംഘം ആവശ്യപ്പെട്ടിരുന്നു. സത്യത്തില്‍ അതിന്‍റെ തുടര്‍ച്ചയെന്നോണമാണ് രാജ്യത്ത് മുപ്പതോളം കേന്ദ്രങ്ങളിലായി കഴിഞ്ഞ ദിവസം പ്രതിഷേധസമരങ്ങള് ‍അരങ്ങേറിയത് പോലും. ഏതായാലും നീതിയെ ജയലിലടച്ച ഗ്വാണ്ടനാമോ അടച്ചുപൂട്ടുന്ന ഒരുദിനം വരുമെന്ന് നമുക്ക് പ്രത്യാശിക്കാം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter