സ്വദേശത്ത് വിദേശികളാവുന്ന മ്യാന്മര്‍ മുസ്‍ലിംകള്‍
rohingya1പടിഞ്ഞാറന്‍ മ്യാ‍ന്‍മറിലെ രാഖിനെ സംസ്ഥാനത്ത് ഈ മാസമാദ്യം പ്രസിഡണ്ട് തൈ‍ന്‍ സൈ‍നിന്റെ പര്യടനം നടന്നുകൊണ്ടിരിക്കെ, നൂറുകണക്കിന് ബുദ്ധ മതവിശ്വാസികളുടെ ഒരു കൂട്ടം അവിടെയുള്ള ഒരു മുസ്‍ലിം ഗ്രാമത്തിലേക്ക് അതിക്രമിച്ചു കയറി. എഴുപതോളം വീടുക‍ള്‍ അഗ്നിക്കിരയാക്കിയ അക്രമിക‍ള്‍ 94 കാരിയായ ഒരു വൃദ്ധയെ കൊലപ്പെടുത്തുകയും ചെയ്തു. മ്യാന്‍മറിലൊന്നാകെ വ്യാപിച്ചു കിടക്കുന്ന മുസ്‍ലിം-ബുദ്ധ സംഘര്‍ഷത്തിലെ ഒടുവിലത്തെ സംഭവമാണിത്. കഴിഞ്ഞ വര്‍ഷം ഒട്ടേറെ സാമ്പത്തിക-ജനാധിപത്യ പരിഷ്കരണങ്ങ‍ള്‍ നടപ്പാകാ‍ന്‍ മ്യാന്‍മറിന് സാധിച്ചിരുന്നു. പാശ്ചാത്യ ലോകവുമായുള്ള ബന്ധത്തില്‍ കാര്യമായ പുരോഗതിയുണ്ടാക്കാനുമായി. എന്നാല്‍ മുസ്‍ലിം ജനവിഭാഗത്തിന് നേരെ നടക്കുന്ന തുടര്‍ച്ചയായ അക്രമങ്ങ‍ള്‍, ദശകങ്ങള്‍ നീണ്ട പട്ടാള ഭരണത്തി‍ന്റെ ബാധയി‍ല്‍ നിന്ന് രാജ്യം ഇനിയും മോചിതമായിട്ടില്ലെന്നാണ് ഓര്‍മ്മപ്പെടുത്തുന്നത്. പട്ടാള ഭരണത്തിന്റെ കിരാത നാളുക‍ള്‍ അവസാനിക്കുകയാണെന്നും സ്വാതന്ത്യത്തിന്റെയും ജനാധിപത്യത്തിന്റെയും പുതിയ പുലരിയിലേക്ക് രാജ്യം പ്രവേശിക്കുകയാണെന്നമുള്ള പ്രഖ്യാപനങ്ങ‍ള്‍, മ്യാന്‍മറിലെ മുസ്‍ലിംകള്‍ക്ക് പൊതുവിലും രാഖിനെ സംസ്ഥാനക്കാരായ റോഹിങ്കെ മുസ്‍ലിംകള്‍ക്ക് പ്രത്യേകിച്ചും കാവ്യാത്മക ഭാവന മാത്രമായാണ് അനുഭവപ്പെടുന്നത്. ബര്‍മീസ്-ബുദ്ധിസ്റ്റ് നിയന്ത്രണത്തിലുള്ള പട്ടാള ഗവണ്‍മെന്റി‍ല്‍ നിന്ന് അവര്‍ക്ക് നേരിടേണ്ടി വന്ന പീഢനകളും കഷ്ടപ്പാടുകളും ഇന്നും യാതൊരു മാറ്റവുമില്ലാതെ തുടരുന്നു. പീഢനത്തിന്റെ ചരിത്രം രാജ്യത്തെ നിരവധി ന്യൂനപക്ഷ സമൂഹങ്ങള്‍ക്ക് ഭരണ കൂടത്തിന്റെ അതിക്രമങ്ങളെ നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ രണ്ടു ദശലക്ഷം വരുന്ന റോഹിങ്ക മുസ്‍ലിംകള്‍ക്ക് അവരുടെ അസ്ഥിത്വം തന്നെ നിഷേധിക്കപ്പെട്ടിരിക്കുന്നു. ലോകത്തേറ്റവും കൂടുതല്‍ പീഢനത്തിന് വിധേയമാവുന്ന ന്യൂനപക്ഷ വിഭാഗങ്ങളിലൊന്ന് എന്നാണ് റോഹിങ്കാ മുസ്‍ലിംകളെ ബി.ബി.സി വിശേഷിപ്പിച്ചത്. 1948-‍ലാണ് ബ്രിട്ടീഷ് ഭരണത്തി‍ല്‍ നിന്ന് മ്യാന്‍മ‍ര്‍ സ്വതന്ത്രമാവുന്നത്. ഈസ്റ്റ് പാക്കിസ്ഥാനോട് ചേരണമെന്ന് മുമ്പുയര്‍ന്നിരുന്ന നിര്‍ദേശങ്ങളെ അവഗണിച്ച് രാഖിനെ സംസ്ഥാനത്തെ റോഹിങ്ക‍ മുസ്‍ലിംക‍ള്‍ മ്യാന്‍മറിന്റെ ഭാഗമായി തന്നെ തുടര്‍ന്നു. 1962-ല്‍ ജനറ‍ല്‍ ഡി വിന്നിന്റെ നേതൃത്വത്തി‍‍ല്‍ നിലവി‍ല്‍ വന്ന പട്ടാള ഭരണകൂടം രാജ്യത്തെ പ്രമുഖ മതവിഭാഗമായ ബുദ്ധിസത്തെ പ്രീണിപ്പിക്കുന്ന ബ‍ര്‍മീസ്- ബുദ്ധിസ്റ്റ് ദേശീയ-വംശീയ വാദം ഉയര്‍ത്തിപ്പിടിക്കാ‍ന്‍ തുടങ്ങി. 1947-‍ല്‍ വധിക്കപ്പെടുന്നതിന്റെ മുമ്പ് മ്യാന്‍മറിന്റെ രാഷ്ട്രപിതാവായ ആങ് സാ‍ന്‍ നടപ്പിലാക്കാനാഗ്രഹിച്ച കാഴ്ചപ്പാടുകള്‍ക്ക് വിരുദ്ധമായിരുന്നു ഇത്. അല്പായുസ്സ് മാത്രമുണ്ടായിരുന്ന അദ്ദേഹത്തിന്റ എക്‍‍സികുട്ടീവ് കമ്മിറ്റിയി‍ല്‍ മതകീയ-വംശീയ ന്യുനപക്ഷങ്ങള്‍ക്ക് പ്രത്യേക പരിഗണനയുണ്ടായിരുന്നു. ബര്‍മീസ്-ബുദ്ധിസ്റ്റ് ഐഡന്റിക്കു പുറത്തു നില്‍ക്കുന്ന റോഹിങ്ക മുസ്‍ലിംക‍ള്‍ വിദേശികളും കുടിയേറ്റക്കാരുമായ ബംഗാളികളാണെന്ന് മുദ്ര കുത്തപ്പെട്ടു. എഴുപതുകളി‍ലെത്തിയപ്പോഴേക്ക് റോഹിങ്ക‍ മുസ്‍ലിംകളെ വര്‍ഗീയമായി ഉന്മൂലനം ചെയ്യാനുള്ള ശ്രമങ്ങ‍ള്‍ പട്ടാളം ആരംഭിച്ചുകഴിഞ്ഞിരുന്നു. 1978-ല്‍ രാജ്യത്തെ ‘അനധികൃത കുടിയേറ്റക്കാരെ’ കണ്ടെത്തി പുറന്തള്ളുന്നതിന് ഓപ്പറേഷ‍ന്‍ കിങ് ഡ്രാഗ‍ന്‍ എന്ന പേരി‍ല്‍ നീക്കമാരംഭിച്ചു. ബുദ്ധ ഐതിഹ്യത്തിലെ വളരെ സുപ്രധാനമായൊരു ചിഹ്നമാണ് കിങ് ഡ്രാഗന്‍. ഭാരതീയ പുരാവൃത്തത്തിലെ നാഗ എന്ന് പേരുള്ള വ്യാളി ബുദ്ധന്റെ കഥകളില്‍ ധാരാളമായി പരാമര്‍ശിക്കപ്പെടുന്നുണ്ട്. നാഗയെ രക്ഷകനായി സങ്കല്‍പിക്കുന്ന മിത്തും മ്യാന്‍മറിലെ നാഗയോന്‍ എന്ന ക്ഷേത്രവും തമ്മി‍ല്‍ അടുത്ത ബന്ധമാണുള്ളത്. ഫണം വിടര്‍ത്തി ബുദ്ധയെ സംരക്ഷിച്ചു നില്‍ക്കുന്ന നാഗയുടെ ചിത്രം അവിടെയുള്ള ക്ഷേത്രങ്ങളിലെല്ലാം ഉല്ലേഖനം ചെയ്തിരിക്കും. ‘വിദേശികളുടെ’അതിക്രമങ്ങളില്‍ നിന്ന് ബുദ്ധിസ്റ്റുകളെ ‘സംരക്ഷിക്കുന്ന’ പട്ടാള ഭരണകൂടത്തിന്റെ വംശീയ ഉന്മൂലന പദ്ധതിയിലെ ആദ്യ ചുവടുവെപ്പായിരുന്നു ഈ തിരിച്ചറിയ‍ല്‍ ഓപ്പറേഷന്‍. ഈ സംഭവവികാസങ്ങള്‍ക്കിടയി‍ല്‍ റോഹിങ്ക‍ മുസ്‍ലിംക‍ള്‍ വ്യാപകമായി ബലാത്സംഗം ചെയ്യപ്പെട്ടു. നിരവധി പേ‍‍‍ര്‍ അകാരണമായി അറസ്റ്റ് ചെയ്യപ്പെട്ടു. പള്ളികളും ഗ്രാമങ്ങളും അഗ്നിക്കിരയാവുകയും ഭൂമി കയ്യേറ്റം ചെയ്യപ്പെുടുകയും ചെയ്തു. പള്ളികള്‍ തകര്‍ത്തിട്ട കല്ലുകളെടുത്ത് പ്രദേശത്ത് മിലിട്ടറി വാഹനങ്ങള്‍ക്കുള്ള വഴിയൊരുക്കുന്ന സംഭവങ്ങ‍ള്‍ വരെയുണ്ടായി. മൂന്ന് മാസത്തിനകം രണ്ടരലക്ഷം മുസ്‍ലിംകളാണ് നാഫ് നദി കടന്ന് ബംഗ്ലാദേശലേക്ക് അഭയാര്‍ത്ഥികളായി കുടിയേറിത്. 1991-ല്‍ റോഹിങ്കാ മുസ്‍ലിംകളെ പുറന്തളളുന്നതിനായി ക്ലീ‍ന്‍ ആന്‍ഡ് ബ്യൂട്ടിഫു‍ള്‍ നാഷന്‍ എന്ന പേരി‍ല്‍ മറ്റൊരു ഓപ്പറേഷ‍ന്‍ കൂടി ആസൂത്രണം ചെയ്യപ്പെട്ടു. രണ്ടു ലക്ഷം മുസ്‍ലിംക‍ള്‍ വീണ്ടും ബംഗ്ലാദേശിലേക്ക് അഭയാര്‍ത്ഥികളായി ഓടിപ്പോയി. കൃത്യമായ മെഡിക്കല്‍ സഹായമോ ഭക്ഷണമോ ലഭിക്കാതെ ഇപ്പോഴും മുപ്പതിനായിരത്തി‍ല്‍ പരം റോഹിങ്ക മുസ്‍ലിംക‍ള്‍ അവിടെയുള്ള അഭയാര്‍ഥി ക്യാമ്പുകളി‍ല്‍ ദുരിത ജീവിതം തള്ളിനീക്കുന്നു. റോഹിങ്കാ മുസ്‍ലിംകളുടെ പുനരധിവാസത്തിനുള്ള നിര്‍ദേശങ്ങളൊന്നും ഏറ്റെടുക്കാ‍ന്‍ ബംഗ്ലാദേശും ഒരുക്കമല്ല. സാമ്പത്തികമായും സാമൂഹികമായും രാജ്യത്തിന് ഭാരമാണവര്‍ എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ് പതിവ്. അഭയാര്‍ഥിക‍ള്‍ ഇനിയും വര്‍ധിക്കുമെന്നും ഇപ്പോഴു‍ള്ള‍വ‍ര്‍ രാജ്യം വിട്ടു പോകില്ലെന്നുമുള്ള ഭയം നിമിത്തം ക്യാമ്പുകളില്‍ വികസനങ്ങ‍ള്‍ നടത്താനോ മനുഷ്യാവകാശ സഹായങ്ങളെത്തിക്കാനോ ഉള്ള ശ്രമങ്ങളത്രയും ബംഗ്ലാദേശ് ഭരണകൂടം നിരുത്സാഹപ്പെടുത്തുന്നു. അഭയാര്‍ഥികള്‍ക്കായി ഐക്യ രാഷ്ട്ര സഭ നല്‍കിയ 30 ദശലക്ഷം ഡോളറിന്റെ സഹായം 2011 ല്‍ ബംഗ്ലാദേശ് നിരസിച്ചിരുന്നു. പ്രദേശത്തെ മറ്റു രാജ്യങ്ങളും ഇതേ അവജ്ഞയോടെയാണ് റോഹിങ്കാ മുസ്‍ലിംകളെ കാണുന്നത്. നിയമലംഘകരായും അതിക്രമികളായും കൊള്ളക്കാരായും ഇവ‍ര്‍ യഥേഷ്ടം മുദ്ര കുത്തപ്പെടുന്നുണ്ട്. വംശീയ കൂട്ടക്കൊലകള്‍? മ്യാന്‍മറി‍‌‍‍ല്‍ റോഹിങ്ക മുസ്‍ലികം‍ളുടെ അസ്‍തിത്വം നിരന്തരമായി നഷേധിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. 135-ഓളം വംശീയ വിഭാഗങ്ങളുടെ പൌരത്വത്തിന് ഔദ്യോഗികാംഗീകാരം ലഭിച്ച 1982-ലെ പൌരത്വ നിയമമനുസരിച്ച് റോഹിങ്ക മുസ്‍ലിംകളുടെ മാത്രം പൌരത്വം റദ്ദ് ചെയ്യപ്പെട്ടിരിക്കുന്നു. പൌരന്‍മാരല്ലാത്തതിനാ‍ല്‍ അടുത്ത ഗ്രമാങ്ങളിലേക്ക് യാത്ര ചെയ്യാനും പള്ളികള്‍ പുതുക്കിപ്പണിയാനും വിവാഹം കഴിക്കാനും പ്രസവിക്കാനും വരെ ഗവണ്‍മന്റിന്റെ മുന്‍കൂ‍ര്‍ സമ്മതം വാങ്ങിയിരിക്കണം. സാധാരണക്കാര്‍ക്ക് താങ്ങാ‍ന്‍ കഴിയാത്ത കൈക്കൂലിക‍ള്‍ മാത്രമാണ് ഈ ഗവണ്‍മന്റ് സമ്മതം കൈപറ്റാനുള്ള ഏകവഴി. വിവാഹത്തിന് അനുമതി ലഭിക്കുന്ന റോഹിങ്കാ മുസ്‍ലിംകളുടെ സന്താനോത്പാദനം രണ്ടില്‍ നിജപ്പെടുത്തുത്ത പ്രാദേശിക നിയമം 1994 മുത‍ല്‍ നടപ്പിലാക്കിപ്പോന്നിരുന്നു. ഈ വര്‍ഷം മെയ് മാസത്തി‍ല്‍ ഈ നിയമം പൂ‍ര്‍ണമായ സര്‍ക്കാ‍ര്‍ പിന്തുണയോടെ പുനരാവാഷ്‍കരിക്കപ്പെട്ടിട്ടുണ്ട്.‍ ഇതിന് വിരുദ്ധമായി ഏതെങ്കിലും മുസ്‍ലിം പെണ്‍കുട്ടി ഗര്‍ഭിണിയായാ‍ല്‍ നിര്‍ബന്ധ ഗര്‍ഭഛിദ്രത്തിന് വിധേയയാവുകയോ രാജ്യം വിട്ട് ഓടിപ്പോവുകയോ അല്ലാതെ മറ്റു വഴിയില്ല. ഗര്‍ഭഛിദ്രത്തിന് വിധേയരാവുന്നവരി‍ല്‍ അധികവും കൃത്യമായ വൈദ്യ സഹായം ലഭിക്കാത്തതിനാ‍ല്‍ മരണമടയുകയാണ് പതിവ്. ഭരണകൂടത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങി ധാരാളം റോഹിങ്ക‍ മുസ്‍ലിം ചെറുപ്പക്കാ‍ര്‍ നിര്‍മാണ ജോലികളി‍ല്‍ അടിമകളെപ്പോലെ പണിയെടുക്കുന്നു. റോഹിങ്കക്കാരുടെ വാസസ്ഥലങ്ങളി‍ല്‍ ബര്‍മീസുകാരെ അധിവസിപ്പിക്കുകയും അതുവഴി റോഹിങ്ക‍ന്‍ നാട് എന്ന സങ്കല്‍പത്തെ തന്നെ ഇല്ലാതാക്കുകയും ചെയ്യുക എന്ന ലക്ഷ്യമിട്ട് നി‍ര്‍മിക്കുന്ന മാതൃക്രാ ഗ്രാമങ്ങളുടെ നിര്‍മാണത്തിന് പോലും ഇവരെയാണ് ഭരണകൂടം ഉപയോഗിക്കുന്നത് എന്നതാണ് ഏറെ കൌതുകകരം. റോഹിങ്കാ പെണ്‍കുട്ടികളെ ബര്‍മീസ് സൈനിക‍ര്‍ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുന്ന സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. 2012 ജൂണിന് ആരംഭിച്ച റോഹിങ്ക വിരുദ്ധ കലാപത്തി‍ല്‍ ഇതുവരെയായി 192 പേര്‍ കൊല്ലപ്പെട്ടു എന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ ഇത് ആയിരത്തിനും മീതെ വരുമെന്നാണ് വിഷയത്തി‍ല്‍ സജീവമായി ഇടപെട്ട മനുഷ്യവാകാശ പ്രവര്‍ത്തകരുടെ പക്ഷം. രാഖിനെയിലെ ബുദ്ധ സന്യാസികളുടെ നേതൃത്വത്തിലുള്ള അക്രമി സംഘങ്ങള്‍ റോഹിങ്ക ഗ്രാമങ്ങള് കത്തിച്ചാമ്പലാക്കുകയും കണ്ണില്‍ കണ്ടതെല്ലാം നശിപ്പിക്കുകയും ചെയ്തു. ഒന്നര ലക്ഷം ആളുകളെ അവരുടെ ഗ്രാമങ്ങളില്‍ നിന്ന് കുടിയിറക്കി. റോഹിങ്കക്കാരുടെ വടികളും ഉപകരണങ്ങളും പിടിച്ചെടുത്തും ചെറുത്തുനിന്നവരെ അടിച്ചൊതുക്കിയും സൈന്യം ഈ കര്‍മങ്ങളില്‍ സജീവമായി പങ്കെടുത്തു. വംശീയ സംഘട്ടനം എന്ന് മിക്ക മാധ്യമങ്ങളും അടിക്കുറിപ്പെഴുതിയ സംഘര്ഷങ്ങത്രയും കൃത്യമായ വംശീയ ഉന്മൂലനം തന്നെയായിരുന്നുവെന്ന് വ്യക്തം. റോഹിങ്ക തങ്ങളുടെ പൌരന്മാരല്ലെന്നായിരുന്നു മ്യാന്‍മര്‍ പ്രസിഡണ്ട് തൈന്‍ സൈനിന്റെ പ്രതികരണം. മറ്റേതെങ്കിലും രാജ്യത്ത് ഇവരെ പുനരധിവസിപ്പിക്കുന്നത് ഐക്യരാഷ്ട്ര സഭയോട് അഭ്യര്‍ഥിക്കാമെന്നുള്ള വാഗ്ദാനവും. പ്രസിഡണ്ടിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ബുദ്ധസന്യാസിമാര്‍ പ്രകടനം നടത്തുന്നതാണ് പിന്നീട് കണ്ടത് . pic 969 മൂവ്മെന്റ് റോഹിങ്ക ഒറ്റപ്പെട്ട സംഭവമല്ല. മ്യാന്‍മറില്‍ പലയിടങ്ങളിലും ബുദ്ധ സന്യാസിമാരുടെ നേതൃത്വത്തില്‍ മുസ്‍ലിംകള്‍ക്കെതിരായ നീക്കം ശക്തമാണ്. മധ്യ മ്യാന്‍മറിലെ മെക്തിലയി‍ല്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ നടന്ന കലാപത്തില്‍ 1300 മുസ്‍ലിം വീടുകള്‍ കത്തിച്ചാമ്പലാവുകയും 43 പേ‍ര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. 969 മൂവ്മെന്റി‍ല്‍ പങ്കാളികളായ ബുദ്ധ ജനക്കൂട്ടമായിരുന്നു അക്രമത്തിന് പിന്നില്‍. ശ്രീബുദ്ധന്റെ അധ്യാപനങ്ങളെയും ബുദ്ധ കര്‍മങ്ങളെയും കുറിക്കുന്ന സംഖ്യയാണ് 969. ഈ നമ്പര്‍ പതിക്കാത്ത കടകളി‍ല്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നതും മുസ്‍ലിംകളുമായി വ്യാപാരബന്ധത്തിലേര്‍പ്പെടുന്നതും എതി‍ര്‍ത്തു കൊണ്ട് നിലവില്‍ വന്ന മൂവ്മെന്റാണ് 969. യു.വിരാതു എന്ന ബുദ്ധ സന്യാസിയാണ് ഇതിന്റെ ഉപജ്ഞാതാവ്. മ്യാന്‍മറിലെ പൌരന്മാരായി ഔദ്യോഗികാംഗീകാരം ലഭിച്ച രാഖിനെയിലെ കാരകര്‍ മുസ്‍ലികംള്‍ക്കെതിരെയും കഴിഞ്ഞ സെപ്റ്റംബറില്‍ അക്രമം നടന്നിരുന്നു. ജനാധിപത്യത്തിന്റെ സംസ്ഥാപകുയും മനുഷ്യാവകാശങ്ങളുടെ സംരക്ഷകയുമായി വാഴ്‍ത്തപ്പെടുന്ന ആങ് സാ‍ന്‍ സൂചി‍യും റോഹിങ്ക മുസ്‍ലിംകളുടെ കാര്യത്തി‍ല്‍ ഗൂഢമായ മൌനത്തിലാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നടന്ന കലാപങ്ങളെ അപലപിച്ച അവര്‍ റോഹിങ്ക മുസ്‍ലികളെ ബംഗാളികളും കുടിയേറ്റക്കാരുമായണ് അവതരിപ്പിക്കുന്നത്. രാജ്യത്തിനകത്തും പുറത്തും റോഹിങ്ക മുസ്‍ലിംകള്‍ക്കെതിരെ നടക്കുന്ന കലാപങ്ങളും നീതിനിഷേധങ്ങളും ജനാധിപത്യത്തിലേക്കു തിരിച്ചു നടക്കുന്ന മ്യാന്‍മറിന്റെ വഴിയില്‍ കരിനിഴല്‍ വീഴ്‍ത്തും. പ്രശ്‍നത്തിന് ന്യായമായ പരിഹാരം കാണാനാവത്തതും സംഘര്‍ഷം വ്യാപകമാവുന്നതും ആശങ്കാജനകമാണ്. പ്രശ്‍നത്തെ നീതിയുക്തമായ രീതിയില്‍ സമീപിക്കാനും റോഹിങ്കക്കാരെ പൌരന്മാരായി പരിഗണിക്കാനും പുതിയ മ്യാന്മറിന് സാധിക്കണം. അവരുടെ മാനുഷികാവകാശങ്ങള്ക്ക് അര്ഹമായ മൂല്യം കല്പിക്കണം. എങ്കലേ, അര നൂറ്റാണ്ടു കാലത്തെ പ്രക്ഷുബ്ധ കാലാവസ്ഥയില്‍ നിന്ന് ജനാധിപത്യത്തിലേക്കുള്ള മ്യാന്മറിന്റെ ചുവടുമാറ്റം അര്‍ഥവത്താകൂ. ഹാരിസന്‍ ആഖിന്‍സ് (www. Aljazeera.com) വിവ: -സുഹൈല്‍ ഹുദവി വിളയില്‍ -    

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter