ഒരു പത്രപ്രവര്‍ത്തകന്റെ ബഗ്ദാദ് കുറിപ്പുകള്‍
baghad ഭീതിയുടെ നഗരമാണ് ബഗ്ദാദ്. ഓരോ ദിവസവും മുപ്പതു പേര്‍ ഇവിടെ കൊല്ലപ്പെടുന്നുവെന്നാണ് ഔദ്യോഗിക കണക്ക്. രക്തം ചിതറുന്ന സംഘട്ടനങ്ങള്‍...കാതടപ്പിക്കുന്ന സ്ഫോടന ശബ്ദങ്ങള്‍...പക്ഷേ ലോകം ഇതൊന്നും ശ്രദ്ധിക്കാറേയില്ല.   തൊട്ടുരസി നില്‍കുന്ന കാറിലെ മനുഷ്യനെത്തന്നെ നിരീക്ഷിക്കുകയായിരുന്നു ഞാ‍ന്‍. അയാള്‍ പല്ലുഞെരിക്കുകയും പിന്‍സീറ്റിലേക്ക് ചാഞ്ഞിരുന്ന് സ്റ്റിയറിംഗ് വീലില്‍ ആഞ്ഞിടക്കുകയും ചെയ്യുന്നു. മുഖം ഈര്‍ഷ്യതയും കഠിനമായ അസഹ്യതയും മൂലം വിവര്‍ണ്ണമാണ്.. ലോകത്ത് മറ്റെവിടെയെങ്കിലും ആയിരുന്നെങ്കില്‍ എന്നയാ‍ള്‍ ആഗ്രഹിക്കുന്നതു പോലെ തോന്നി. ബഗ്ദാദ് നഗരത്തിലെ നിരത്തിലൊന്നില്‍ ബ്ലോക്കായി കിടക്കുന്ന എന്റെ കാറിന്റെ ചില്ലുജാലകത്തിലൂടെ ഞാനാ മനുഷ്യനെ തന്നെ നോക്കി നിന്നു. മറ്റു കാറുകളിലെ ഡ്രൈവര്‍‍മാ‍ര്‍ സ്റ്റിയറിങ് വീലിന്റെ നടുവില്‍ നിന്ന് കയ്യെടുക്കുന്നില്ല. ഹോണുകളുടെ മുഴക്കം ചുറ്റുവട്ടത്തെ ശബ്ദ മുഖരിതമാക്കി. എന്റെ ഡ്രൈവ‍ര്‍ എന്തു ചെയ്യണമെന്നറിയാതെ ചുറ്റും കണ്ണോടിക്കുന്നു. ബഗ്ദാദിലെ ഏറ്റവും തിരക്കുപിടിച്ച സമയങ്ങളിലൊന്നായിരുന്നു അത്. ആര്‍ക്കും അവിടെ അധിക സമയം നി‍ല്‍ക്കാന്‍ താല്പര്യമില്ല. സമയമല്ല പ്രശ്നം. ഏത് സമയവും സമീപത്തെവിടെയെങ്കിലും ഒരു കാ‍ര്‍ അഗ്നിഗോളമായി പൊട്ടിച്ചിതറാമെന്ന് അവ‍ര്‍ ഭയപ്പെടുന്നു. 2008 ന് ശേഷം ഏറ്റവും രക്ത രൂക്ഷിതമായ മാസമായിരുന്നു ഇക്കഴിഞ്ഞ ഒകോടബര്‍. 979 പേരാണ് കഴിഞ്ഞ മാസം കൊല്ലപ്പെട്ടത്. ദിവസം മുപ്പതിലധികം പേര്‍. ഭീതിയുടെ നഗരമാണ് ബഗ്ദാദ്. ഇവിടെ നടക്കുന്ന സംഭവങ്ങളുടെ പൊരുളറിയാ‍ന്‍ കഴിഞ്ഞ കുറച്ചു ദിവസമായി ഞാ‍ന്‍ ബഗ്ദാദിലുണ്ട്. ചില വാര്‍ത്താ സമ്മേളനങ്ങളിലും യോഗങ്ങളിലും പങ്കെടുത്തു. എങ്ങനെയാണ് ഇറാഖ് യുദ്ധം ലോകം വിസ്മരിച്ച യുദ്ധമായി മാറിയതെന്ന് അന്വേഷിക്കുകയാണ് ലക്ഷ്യം. തൊട്ടടുത്തൊരു ആഭ്യന്തര യുദ്ധം. ബഗ്ദാദിലെ എന്റെ സുഹൃത്താണ് അലി. 2003-ലെ യു.എസ് അധിനിവേശത്തിന് ശേഷം കുടുംബ രക്ഷാത്ഥം തെക്കന്‍ ഇറാഖില്‍ നിന്ന് നഗരത്തിലേക്ക് ഓടിപ്പോന്നതാണ്. “അമേരിക്കക്കാ‍ര്‍ ഇവിടം ഉപേക്ഷിച്ചു പോയാപ്പോ‍ള്‍ പഴയ കാലത്തെ വൈരാഗ്യങ്ങളത്രയും പൂര്‍വോപരി ശക്തിയോടെ തലപൊക്കി. ശിയാക്കളും സുന്നികളും രാഷ്ട്രീയ ഏതിരാളികളും തെരുവില്‍ പരസ്യമായി ഏറ്റുമുട്ടുന്നു. സിറിയയിലെ വിപ്ലവം രക്തരൂക്ഷിതമായി മാറിയത് അങ്ങനെയാണ്. ഇവിടെയുള്ള സുന്നികള്‍ ജിഹാദില്‍ പങ്കെടുക്കാനായി പോവുന്നു. അവിടെയുള്ള കലഹങ്ങള്‍ ഇവിടേക്കും കൊണ്ടുവരുന്നു. ഇറാഖ് ഗവണ്‍മെന്റ് ഇറാനോട് ആഭിമുഖ്യം പുലര്‍ത്തുന്നുവെന്ന് പറഞ്ഞ് അവ‍ര്‍ കുഴപ്പങ്ങള്‍ക്കു മുതിരുകയാണ്. അവരെ മാത്രം കുറ്റം പറയാനാവില്ല. ധാരാളം ഗ്രൂപ്പുകളുണ്ടിവിടെ. ശിയാക്കളുടെയും സുന്നികളുടെയുമൊക്കെ കൈകളില്‍ രക്തം പുരണ്ടിരിക്കുന്നു.” ഞാനും അലിയും കുറച്ചു മാസങ്ങളായി വളരെ അടുത്ത സുഹൃത്തുക്കളാണ്. എല്ലാ ആഴ്ചയും ഞങ്ങള്‍ കണ്ടുമുട്ടുകയും ദീര്‍ഘനേരം സംസാരിച്ചിരിക്കുകയും ചെയ്യും. സംസാരിച്ചു തുടങ്ങിയാല്‍ അയാളെന്തോ ഭയപ്പെടുന്നതു പോലെ അസ്വസ്ഥനാവുന്നത് കാണാം. “ഒരു ആഭ്യന്തര യുദ്ധം പടിവാതി‍ല്‍ക്ക‍ല്‍‍‍ എത്തിനില്‍ക്കുന്നുവെന്ന് തോന്നുന്നു. സുന്നികളുടെ താമസസ്ഥലങ്ങളിലേക്ക് ശിയാക്കള്‍ ആയുധങ്ങളുമായി കടന്നുചെന്ന് കൂട്ടക്കൊല നടത്തുന്ന സമയം വിദൂരമല്ല. സുന്നികള്‍ ന്യൂനപക്ഷങ്ങളാണ്. ഭയാനകമായ ആഭ്യന്തര സംഘട്ടനത്തിന്റെ തുടക്കമാവുമത്. ഞങ്ങളെ ആരും പരിരക്ഷിക്കാനില്ല..ആരും..” കുടുംബാംഗങ്ങളെ ബഗ്ദാദിലൂടെ അലയാന്‍ അലി അനുവദിക്കാറില്ല. പക‍ല്‍‍ മുഴുവ‍ന്‍ പരിസരത്തെവിടെയെങ്കിലും അയാളുണ്ടാവും. “ഞങ്ങള്‍ക്കത്യാവശ്യമുള്ള സാധനങ്ങളെല്ലാം ഇവിടെ തന്നെ ഉണ്ട്. പിന്നെയെന്തിനാണ് ഞങ്ങളുടെ ജീവിതം വെറുതെ അപകടത്തിലാക്കുന്നത്?” അലി ചോദിക്കുന്നു. തൊട്ടടുത്ത ദിവസം ബഗ്ദാദ് ഓപറേഷ‍ന്‍ കമാന്‍ഡുമായി (ബി.ഒ.സി) ഞങ്ങള്‍ക്കൊരു പത്ര സമ്മേളനമുണ്ടായിരുന്നു. സദ്ദാം ഹുസൈന്റെ കാലത്ത് നിര്‍മിതമായ രണ്ടു വാളുകള്‍ പിണച്ചു വെച്ച ചിഹ്നമുള്ള കെട്ടിടമാണ് അവരുടെ ആസ്ഥാന മന്ദിരം. ക്രൂരമായിരുന്നെങ്കിലും ഇന്നത്തേതിനേക്കാ‍ള്‍ പല നിലക്കും ഏറെ ഭേദമായിരുന്ന ഭൂതകാലത്തെ കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലായിരുന്നു ആ ചിഹ്നം. ബഗ്ദാദിന്റെ സുരക്ഷാചുമതലയുള്ള വിഭാഗമാണ് ബി.ഒ.സി. തങ്ങള്‍ വിജയിച്ചു കൊണ്ടിരിക്കുകയാണെന്ന് ബോധ്യപ്പെടുത്താനുള്ള ശ്രമമായിരുന്നു അവരുടേത്. ചില അല്‍ഖാഇദാ തടവുകാരുടെ കുറ്റസമ്മതങ്ങളും ഞങ്ങള്‍ കേട്ടു. എങ്ങനെയാണ് ഈ കുറ്റസമ്മത മൊഴികള്‍ സംഘടിപ്പിച്ചത് എന്നത് അത്ഭുതകരമായിരുന്നെങ്കിലും അത് കേള്‍ക്കുക രസകരമായിരുന്നു. ബഗ്ദാദിലെ തിരക്കു പിടിച്ച തെരവിലൂടെ ഭാരം കുടിയ സ്ഫോടന വസ്തുക്കള്‍ എങ്ങനെ വഹിച്ചു കൊണ്ടുപോവാനാവും എന്നതായിരുന്നു ഒരാളുടെ പരിഭവം. അതിനാല്‍ തീവ്രത കുറഞ്ഞ സ്ഫോടകവസ്തക്ക‍ള്‍ അവ‍ര്‍ തെരഞ്ഞെടുത്തുവത്രെ. തീവ്രത കുറഞ്ഞവയെങ്കിലും അനേകമാളുകളെ ഒറ്റയടിക്ക് നശിപ്പിക്കാന്‍ പാകത്തിലുള്ളവയായിരുന്നു അവ. പത്ര സമ്മേളനത്തിന് ശേഷം രാജ്യത്തെ പ്രമുഖനായ ഒരു സീനിയര്‍ കമാന്‍ഡിന്റെ ചെറിയൊരു വിശദീകരണമുണ്ടായിരുന്നു. റെക്കോഡിംഗിന് അനുമതിയില്ലാതിരുന്ന പ്രസ്തുത വിശദീകരണത്തിനിടയില്‍ രാജ്യത്ത് സൈന്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഏതെന്ന് ഞാന്‍ ചോദിച്ചു. ഉത്തരം കൃത്യമായിരുന്നില്ല. “അല്‍ഖാഇദയും അനുബന്ധ ഗ്രൂപ്പുകളും. ഇറാഖികളാണവരുടെ ലക്ഷ്യം. പള്ളികളും പൊതുസ്ഥലങ്ങളും സാധാരണക്കാരും കച്ചവട സ്ഥാപനങ്ങളും സ്കൂളുകളുമെല്ലാം അവര്‍ ഉന്നം വെക്കുന്നു. എന്നാലും ഭീകരതയെ തടുക്കാനും പ്രവര്‍ത്തന സജ്ജമാവുന്നതിന് മുമ്പെ അവരുടെ കണക്കുകൂട്ടലുകള്‍ മനസ്സിലാക്കി നിര്‍വീര്യമാക്കാനുമുള്ള ശക്തമായ നടപടികള്‍ ഇന്റലിജന്‍സ് ഏജന്‍സിയെ ഉപയോഗിച്ച് ഞങ്ങ‍ള്‍ നടത്തിവരുന്നുണ്ട്.” ഇറാഖ് പ്രധാനമന്ത്രി ഈയടുത്ത് അമേരിക്കയിലേക്ക് നടത്തിയ പര്യടനത്തെ കുറിച്ചും ഞാനദ്ദേഹത്തോട് ചോദിച്ചു. സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ സാമഗ്രികള്‍ സംഘടിപ്പിക്കാനുള്ള യാത്ര വിജയകരമായിരുന്നോ എന്നായിരുന്നു ചോദ്യം.images (6) “പ്രധാനമന്ത്രിയും ഞങ്ങളുടെ കമാണ്ട‍ര്‍-ഇന്‍ ചീഫാണ്. ഞങ്ങള്‍ക്കാവശ്യമുള്ള സാധനങ്ങളെ കുറിച്ച് അദ്ദേഹത്തിന് തികഞ്ഞ ബോധ്യമുണ്ട്. അദൃശ്യനായ ഒരു ശത്രുവിനെ പിന്തുടര്‍ന്ന് തകര്‍ക്കാനുള്ള അത്യന്താധുനിക സാങ്കേതിക സാമഗ്രികളാണ് ഞങ്ങള്‍ക്കാവശ്യം. നിങ്ങള്‍ക്കറിയുന്നത് പോലെ ഇതൊരു തുറന്ന യുദ്ധമാണ്. സജ്ജീകരണത്തി‍ല്‍ എതിരാളിയുടെ ഒരു പടിയെങ്കിലും മുന്നി‍ല്‍ നില്‍ക്ക‍ല്‍ മാത്രമാണ് അവരെ പരാജയപ്പെടുത്താനുള്ള ഏക വഴി.” തുറന്ന യുദ്ധം! സര്‍ക്കാരിലേയോ സൈന്യത്തിലേയോ ഏതെങ്കിലുമൊരു മുതിര്‍ന്ന ഉദ്യോഗസ്ഥനി‍ല്‍ നിന്ന് അത്ര സൂക്ഷ്‍മതയില്ലാത്ത പരാമര്‍ശം ഇതാദ്യാമായാണ് ഞാന്‍ കേള്‍ക്കുന്നത്. എന്നാ‍ല്‍ ഈ ‘തുറന്ന യുദ്ധം’ ലോക മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയാവാറില്ല. ദിനംപ്രതി മുപ്പതാളുകള്‍ കൊല്ലപ്പെടുന്ന മറ്റൊരു സ്ഥലമുണ്ടോ ഈ ലോകത്ത്? മറ്റേതെങ്കിലും തലസ്ഥാന നഗരിയിലൂടെ ഒന്നിടവിട്ട ദിവസങ്ങളി‍ല്‍ കുതിച്ചു പായുന്ന കാര്‍ബോംബുക‍ള്‍ അഗ്നിജ്വാലകളായി പൊട്ടിച്ചിതറാറുണ്ടോ? ഒരു തുറന്ന യുദ്ധം മറ്റേതൊരു യുദ്ധവും പോലെ വിനാശകരമാണ്. ഞാന്‍ വീണ്ടും അലിയുടെ വാക്കുകള്‍ ഓര്‍ത്തു പോവുന്നു:  ആഭ്യന്തര യുദ്ധം പടിവാതില്‍ക്ക‍ല്‍ എത്തിനില്‍ക്കുകയാണ്..ഞങ്ങളെ പരിരക്ഷിക്കാന്‍ ഇവിടെ ആരുമില്ല. പ്രവചനാതീതമായ ഭാവിയിലേക്കാണ് ഇറാഖ് കാലൂന്നുന്നത്. എന്നാല്‍ വര്‍ത്തമാനത്തേക്കാ‍ള്‍ രക്ത പങ്കിലമായിരിക്കുമത് എന്നാണ് അധികപേരും വിശ്വസിക്കുന്നത്. ഇമ്രാന്‍ ഖാന്‍ (w.w.w .Algazeera.com) വിവ. സുഹൈല്‍ ഹുദവി വിളയില്‍  

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter