തുര്‍കിയും യൂറോപ്യന്‍ യൂണിയന്‍ അംഗത്വവും
ഒരു കാലത്ത് യൂറോപ്പിന്‍റെ രോഗിയെന്നറിയപ്പെട്ടിരുന്ന തുര്‍ക്കിയുടെ യൂറോപ്യന്‍ യൂണിയനിലേക്കുളള പ്രവേശനം ചൂടുളള ചര്‍ച്ചകള്‍ക്ക് വഴിയിട്ടിരിക്കുകയാണ്. ബ്രിട്ടനടക്കം ചില രാഷ്ട്രങ്ങള്‍ തുര്‍ക്കിയെ സ്വാഗതം ചെയ്യുമ്പോള്‍, മുഹമ്മദ് അസദിന്‍റെ 'ഇപ്പോഴും യൂറോപ്പിന്‍റെ അന്തരീക്ഷത്തില്‍ കുരിശ് യോദ്ധാക്കളുടെ പ്രേതാത്മാക്കള്‍ ഉഴറി നടക്കുന്നുണ്ട്' എന്ന വാക്കിനെ അന്വര്‍ത്ഥമാക്കിക്കൊണ്ട് പണ്ടെന്നോ കഴിഞ്ഞുപോയ കുരിശു യുദ്ധത്തിന്‍റെ മാറാപ്പുമേന്തി ഓസ്ട്രിയ പോലുളള രാഷ്ട്രങ്ങള്‍ തുര്‍ക്കിയുടെ പ്രവേശനത്തെ ശക്തമായി എതിര്‍ക്കുന്നുമുണ്ട്.
1987 ഏപ്രില്‍ 14 നാണ് പൂര്‍ണ അംഗത്വത്തിന് വേണ്ടി തുര്‍ക്കി യൂറോപ്യന്‍ യൂണിയനിലേക്ക് അപേക്ഷ നല്‍കുന്നത്. 1963 മുതല്‍ അസോസിയേറ്റ് മെമ്പറായി തുടര്‍ന്നു വരുന്ന തുര്‍ക്കി യൂറോപ്യന്‍ യൂണിയന്‍റെ രൂപീകരണത്തിന് ശേഷം അതിന്‍റെ കൗണ്‍സിലിലേക്ക് കടന്നു വരുന്ന ആദ്യ രാഷ്ട്രം കൂടിയാണ്. ഇതിന് പുറമെ യൂറോപ്യന്‍ യൂണിയനെ സംബന്ധിക്കുന്ന സാമ്പത്തികം, സുരക്ഷ, പുരോഗമനം, തുടങ്ങി ഒട്ടേറെ സംരംഭങ്ങളില്‍ തുര്‍ക്കി പൂര്‍ണമായോ ഭാഗികമായോ പങ്കാളിയുമാണ്.
ചരിത്ര പശ്ചാത്തലം
ഒന്നാം ലോക മഹായുദ്ധത്തെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങള്‍ തുര്‍ക്കിയുടെ ഗതി തന്നെ മാറ്റി മറിച്ചു. മുസ്ഥഫാ കമാല്‍ പാഷയുടെ നേതൃത്വത്തിലുളള വിപ്ലവ പ്രസ്ഥാനം ഓട്ടോമന്‍ സാമ്രാജ്യത്തിന്‍റെ അവസാന കിരീടവും ചെങ്കോലും പിടിച്ചെടുത്ത് തുര്‍ക്കിയില്‍ തീവ്ര മതേതരത്വത്തിന്‍റെയും പാശ്ചാത്യ വത്കരണത്തിന്‍റെയും പുതിയൊരു വഴിത്താര നിര്‍മ്മിച്ചെടുത്ത് പളളി മിനാരത്തില്‍ നിന്നുളള ബാങ്കൊലി മുതല്‍ താടിയെല്ലില്‍ കിളിര്‍ക്കുന്ന രോമം വരെ വടിച്ചെടുത്തു.
രണ്ടാം ലോക മഹായുദ്ധത്തിന്‍റെ തുടക്കത്തില്‍ തുര്‍ക്കി മിതത്വം പാലിച്ചെങ്കിലും പിന്നീട് സഖ്യ കക്ഷികളുമായി കൂട്ടുചേര്‍ന്നു. 1947 ലെ മാര്‍ഷല്‍ പ്ലാനില്‍ പങ്കെടുത്ത് തുര്‍ക്കി യൂറോപ്യന്‍ കൗണ്‍സിലിലും നാറ്റോയിലും അംഗത്വം നേടിയെടുത്തു. ശീതയുദ്ധ കാലത്ത് തുര്‍ക്കി അമേരിക്കയുടെയും പടിഞ്ഞാറന്‍ യൂറോപ്പിന്‍റെയും കൂടെയായിരുന്നു നിലയുറപ്പിച്ചത്.
1987 ഏപ്രില്‍ 14 ന് തുര്‍ക്കി യൂറോപ്യന്‍ യൂണിയനിലേക്കുളള ഔദ്യോഗിക അംഗത്വത്തിനുളള അപേക്ഷ നല്‍കിയെങ്കിലും 1989 ഡിസംബറിലാണത് താല്‍ക്കാലിക അംഗത്വത്തോടെ പരിഗണിക്കപ്പെടുന്നത്. അതും ഒരുപാട് സാമൂഹിക, സാമ്പത്തിക നയമാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ട്. പൂര്‍ണ അംഗത്വത്തിന് പ്രധാന തടസ്സമായി നില്‍ക്കുന്നത് സൈപ്രസുമായുളള അസ്വാരസ്യങ്ങളും ഗ്രീസുമായുളള സൗന്ദര്യപിണക്കവുമാണ്.
തുടര്‍ന്നും ഒരുപാട് ചര്‍ച്ചകള്‍ക്കൊടുവില്‍ 2000 ലെ കോപന്‍ഹേഗന്‍ യൂറോപ്യന്‍ കൗണ്‍സിലില്‍ തുര്‍ക്കിയുടെ അംഗത്വം എത്രയും പെട്ടന്ന് തീരുമാനമാക്കണമെന്നും അതിന് വേണ്ടി തുര്‍ക്കി കോപന്‍ഹേഗന്‍ രാഷ്ട്രീയ ക്രൈറ്റീരിയ ഉള്‍കൊളളണമെന്നും നിര്‍ദേശിക്കപ്പെട്ടു. ഇതിനെ തുടര്‍ന്ന് 2005 ഒക്ടോബര്‍ 3 മുതല്‍ തുര്‍ക്കിയുമായി ചര്‍ച്ച ചെയ്യാന്‍ യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ സന്നദ്ധരായി.
പക്ഷെ ഓസ്ട്രിയയുടെയും ഫ്രാന്‍സിന്‍റെയും ജര്‍മ്മനിയുടെയും ശക്തമായ എതിര്‍പ്പ് കാരണം ചര്‍ച്ചകള്‍ വഴിമാറി സഞ്ചരിച്ചു. ഇതിന് പുറമെ 2009 ല്‍ റിപബ്ലിക് ഓഫ് സൈപ്രസ്, സൈപ്രസുമായുളള ബന്ധമുള്‍പ്പടെ, നീതി ന്യായ വകുപ്പ്, മൗലികാവകാശം, വിദ്യാഭ്യാസം തുടങ്ങിയവയില്‍ ഇനിയും തുര്‍ക്കി മാറ്റം വരുത്തേണ്ടതുണ്ടെന്ന നിര്‍ദേശം മുന്നോട്ട് വെച്ചു.
ഇതിന് ശേഷം രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം 2012 മെയ് 17 ന് അങ്കാറയില്‍ വെച്ച് യൂറോപ്യന്‍ യൂണിയന്‍ കമ്മീഷണര്‍ സ്റ്റീഫന്‍ ഫുലെയുടെ നേത്യത്വത്തിലാണ് ചര്‍ച്ച നടക്കുന്നത്. ഇതിലൂടെ ചില മാറ്റങ്ങള്‍ക്ക് തുര്‍ക്കി തയ്യാറാവുകയും ചെയ്തു. 2013 ഫെബ്രുവരി 12 ന് ഫ്രാന്‍സ് തുര്‍ക്കിക്കെതിരെയുളള വീറ്റോ നിലപാടില്‍നിന്ന് മാറിനിന്നു.
ഓട്ടോമന്‍ പതനത്തിന് ശേഷം തുര്‍ക്കിയില്‍ ഇസ്ലാമിക പുനരുത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് അസ്ഥിവാരമിട്ട നജ്മുദ്ദീന്‍ അര്‍ബകാന്‍ തുര്‍ക്കിയുടെ യൂറോപ്യന്‍ അംഗത്വത്തെ ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍ ഇപ്പോള്‍ തുര്‍ക്കിയെ ഭരിച്ചുകൊണ്ടിരിക്കുന്ന എ.കെ. പാര്‍ട്ടി യൂറോപ്യന്‍ യൂണിയനിലേക്കുളള പ്രവേശനത്തിന് വേണ്ടി ശക്തമായ സമ്മര്‍ദം ചെലുത്തുകയാണ്. 2012 സെപ്തംബറില്‍, സി.എന്‍.എന്‍ നടത്തിയ അഭിമുഖത്തില്‍ തുര്‍ക്കി പ്രധാന മന്ത്രി റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പറഞ്ഞു 'യൂറോപ്പില്‍ അഞ്ച് ലക്ഷം തുര്‍ക്കികള്‍ ജീവിക്കുന്നുണ്ട്. അതില്‍ ജര്‍മനിയില്‍ മാത്രം മൂന്ന് ലക്ഷമുണ്ട്. ജര്‍മനി അമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് തുര്‍ക്കിഷ് തൊഴിലാളികളെ ക്ഷണിച്ചിട്ടുണ്ട്. അമ്പത് വര്‍ഷം കഴിഞ്ഞുപോയി, എന്നിട്ടും ഞങ്ങള്‍ യൂറോപിന്‍റെ വാതില്‍ പടിയില്‍ തന്നെ കാത്തിരിക്കുകയാണ്.' വേറൊരു സന്ദര്‍ഭത്തില്‍ അദ്ദേഹം അടിവരയിട്ടു കൊണ്ട് പറഞ്ഞു, 'യൂറോപ്യന്‍ യൂണിയനിലേക്കുളള അംഗത്വം സാക്ഷാല്‍കൃതമാകാന്‍ തുര്‍ക്കിഷ് റിപബ്ലിക്കിന്‍റെ നൂറാം വാര്‍ഷികമായ 2023 വരെ കാത്തിരിക്കും. എന്നിട്ടും സഫലീകൃതമായില്ലെങ്കില്‍ അതിനെപ്പറ്റിയുളള ചര്‍ച്ചകള്‍ അവിടം വെച്ച് അവസാനിപ്പിക്കും.
തുര്‍ക്കിക്കെന്ത് പ്രയോജനം
എഴുപത്താറ് മില്യണ്‍ ജനസംഖ്യയുളള തുര്‍ക്കി യൂറോപ്യന്‍ യൂണിയനില്‍ അംഗമായിക്കഴിഞ്ഞാല്‍ യൂറോപ്യന്‍ പാര്‍ലമെന്‍റില്‍ ഏറ്റവും പ്രാതിനിധ്യമുളള രാഷ്ട്രം തുര്‍ക്കിയായിത്തീരും. ഇതിന് പുറമെ സാമ്പത്തിക മേഖലയില്‍ വന്‍ നേട്ടമായിരിക്കും. യൂറോപ്യന്‍ രാഷ്ട്രങ്ങളിലേക്കുളള കയറ്റുമതിയും അവിടെ നിന്നുളള ഇറക്കുമതിയും ഗണ്യമായ തോതില്‍ വര്‍ധിക്കും. ലോക തലത്തില്‍ തുര്‍ക്കിയുടെ സ്ഥാനം ഒന്നുകൂടി ഉയരും. തുര്‍ക്കികള്‍ക്ക് നിയമകുരുക്കുകളില്ലാതെ യൂറോപ്പിന്‍റെ ഏത് ഭാഗത്തേക്കും ജോലി ആവശ്യാര്‍ത്ഥവും മറ്റും കൂടിയേറിപ്പാര്‍ക്കാന്‍ സാധിക്കും. ഇതിനൊക്കെ പുറമെ ചില കമാലിസ്റ്റ് ചിന്താഗതിക്കാര്‍ പറയുന്നത്‌പോലെ പടിഞ്ഞാറന്‍ സംസ്‌കാരം തുര്‍ക്കിയിലേക്ക് മുമ്പത്തേതിനെക്കാളും ശക്തമായി പ്രവഹിക്കും.
എന്നാല്‍, ഇതിന് മറുപുറമായി ചില ഇസ്ലാമിസ്റ്റുകള്‍ സ്വപ്‌നം കാണുന്നത് യൂറോപ്യന്‍ യൂണിയനിലേക്കുളള തുര്‍ക്കിയുടെ പ്രവേശനം യൂറോപ്പിലെ ഇസ്ലാമിക പ്രചരണത്തിന് ആക്കം കൂട്ടുമെന്നാണ്. അതെ ഒരുപക്ഷെ തുര്‍ക്കി തിരുച്ചു വരവിന്‍റെ പാതയിലായിരിക്കാം. ഒരുകാലത്ത് ഇസ്ലാമിക പ്രസരണത്തിന്‍റെ പേരില്‍ കേളി കേട്ട തുര്‍ക്കി വീണ്ടും തിരിച്ചുവരവിന്‍റെ മുന്നൊരുക്കങ്ങളിലായിരിക്കുമോ? ആവട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.
-അമീന്‍ ഹുദവി ഖാസിയാരകം-
തുര്‍കിയിലെ തുര്‍ഗുത് ഗസാല്‍ യൂനിവേഴ്‌സിറ്റിയില്‍ ഉപരിപഠനം നടത്തുകയാണ് ലേഖകന്‍
Leave A Comment