സെക്യുലറായ കമലും രാജ്യസ്‌നേഹമില്ലാത്ത കമാലുദ്ദീനും
kkamസിനിമ സംവിധായകന്‍ കമലിന്റെ വീട്ടു പടിക്കലെത്തിയിരിക്കുകയാണ് രാജ്യസ്‌നേഹ വിപണനത്തിന്റെ പൊറാട്ടു നാടകം. വാങ്ങിയും കൊടുത്തും രാജ്യസ്‌നേഹത്തിന്റെ കുത്തക അവകാശപ്പെടുന്നവരുടെ കണ്ണില്‍ തന്റെ വിവിധ സിനിമകളിലൂടെ വര്‍ധിച്ച രാജ്യ സ്‌നേഹം പ്രകടിപ്പിക്കുകയും വല്ലാതെ സെക്യുലറാവാന്‍ കിണഞ്ഞ് പരിശ്രമിക്കുകയും ചെയ്ത കമലിന് രാജ്യസ്‌നേഹം ഇല്ല പോല്‍. അവരുടെ ഉള്ളിലെ രാജ്യസ്‌നേഹത്തിന്റെ തോത് അത്രതന്നെ കമലില്‍ വളരാത്തതിനാല്‍ അവര്‍ക്കു മുമ്പില്‍ കമല്‍ കേരളത്തിലെ ഒരു അറിയപ്പെട്ട സംവിധായകനല്ല, മറിച്ച് കമാലുദ്ദീന്‍ മുഹമ്മദ് എന്ന കൊടുങ്ങല്ലൂര്‍ കാരനായ ഒരു മുസ്‌ലിമാണ്. ആ ടാഗ് മാറണമെങ്കില്‍ കമല്‍ പേര് മാറ്റിയതുകൊണ്ടോ ഹിന്ദുത്വയെ പ്രശംസിച്ച് സിനിമ ഇറക്കിയതുകൊണ്ടോ കഴിയില്ല. ഹിന്ദുത്വ ഫാസിസം ഭരിക്കുന്ന കാലത്ത് മോദിയും പരിവാരങ്ങളും ഇറക്കുന്ന തിട്ടൂരങ്ങളേതും അപ്പടി വിഴുങ്ങുകയും അതിനെ കൈകൂപ്പി വണങ്ങി നമിച്ച് നടപ്പാക്കുന്ന ഒരു 'തുംഗ പദവി' യിലേക്ക് കമല്‍ വളരുകയും വേണം. അപ്പോള്‍ മാത്രമേ ജന്മഭൂമിയടക്കം സംഘ്പരിവാര്‍ പ്രഭൃതികള്‍ അദ്ദേഹത്തെ പ്രശംസിക്കാന്‍ തുടങ്ങുകയുള്ളൂ. അല്ലാത്ത കാലത്തോളം അവര്‍ക്കു മുമ്പില്‍ അദ്ദേഹം കമാലുദ്ദീന്‍ തന്നെയായിരിക്കും. ഈയിടെ കമലിനെതിരെ തന്റെ വീട്ടുവളപ്പില്‍ നടന്ന സംഘികളുടെ പ്രതിഷേധ സമരം അതാണ് വ്യക്തമാക്കുന്നത്. ഗാന്ധിയെക്കൊന്ന ഗോഡ്‌സയുടെ പ്രതിമ നിര്‍മ്മിക്കുകയും ബാബരി തകര്‍ത്ത് മതേതരത്വം പ്രകടിപ്പിക്കുകയും ചെയ്തവരാണ് ഇപ്പോള്‍ കമലിനെ രാജ്യസ്‌നേഹം പഠിപ്പിക്കാന്‍ രംഗത്തെത്തിയിരിക്കുന്നത്. കലാകാരന്മാരുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും അഭിപ്രായാവകാശത്തിനുമെതിരെയുള്ള അവരുടെ കടന്നുകയറ്റം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അതിന് അതി ഹീനമായ ചരിത്രവും പാരമ്പര്യവുമുണ്ട്. കബുര്‍ഗിയെയും പന്‍സാരെയെയും ധബോല്‍ക്കറെയും കൊലപ്പെടുത്തിയ അവര്‍തന്നെയാണ് പെരുമാള്‍ മുരുകനെ എഴുത്ത് നിര്‍ത്തിച്ചതും. ഇപ്പോള്‍ കമലിനെതിരെ വാളെടുത്തതും മറ്റൊന്നു കൊണ്ടുല്ല, ചില ഫാസിസ്റ്റ് തീരുമാനങ്ങള്‍ക്കെതിരെ തന്റെ അഭിപ്രായങ്ങള്‍ അറിയിച്ചതുകൊണ്ടുമാത്രമാണ്. ആളുകളെ മൗനികളാക്കുന്ന ഈ ഫാസിസ്റ്റ് നിലപാട് വലിയ അപകടംതന്നെ സൃഷ്ടിക്കുമെന്നതില്‍ സന്ദേഹമില്ല. flaaസാധാരണക്കാര്‍ വലഞ്ഞ നോട്ടു നിരോധനത്തെ അനുകൂലിച്ച് ബ്ലോഗെഴുതിയ മോഹന്‍ലാല്‍ രാജ്യസ്‌നേഹത്തിന്റെ പട്ടികയിലാണ് അവര്‍ക്കു മുമ്പില്‍. കമല്‍ രാജ്യത്തിന് വേണ്ടി ചെയ്ത സിനിമകളൊന്നും അളവുകോലുകളുമല്ല. സംഘ് പരിവാറുകാര്‍ ഇഷ്ടപ്പെട്ട് നിശ്ചയിച്ചത് പിന്തുടരുന്നവര്‍ മാത്രമാണ് അവരുടെ കണ്ണിലെ രാജ്യ സേവകര്‍. അല്ലാത്തവരൊക്കെ പടിക്ക്പുറത്ത്. കിണറ്റിലെ തവളയുടെ പ്രത്യയശാസ്ത്രമാണ് സംഘികളുടെ ആശയതലം. വായിനകത്ത് അമൃതം തിരുകിയാലും ഛര്‍ദ്ദിക്കുമെന്നറിയാത്തവരൊന്നുമല്ലല്ലോ ഇവര്‍! കമലിന്റെ വീട്ട് മുറ്റത്ത് ജനഗണമന പാടിയത് ദേശീയ ഗാനത്തെ അനാദരിച്ചതല്ലേയെന്നതാണ് ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന മറ്റൊരു ചോദ്യം. ദേശീയ ഗാനത്തെ തെരുവില്‍ ആലപിച്ച് പ്രതിഷേധത്തിന് ഉപയോഗിച്ചത് എത്രത്തോളം ശരിയായില്ലെന്ന് യഥാര്‍ത്ഥ രാജ്യസ്‌നേഹികള്‍ ചോദിക്കുന്നു. പക്ഷെ, അതിന് അവര്‍ക്കെതിരെ കേസെടുക്കാന്‍ പറ്റില്ലെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. ടാഗോര്‍ ബ്രിട്ടീഷുകാര്‍ക്ക് വേണ്ടി സ്വാഗതമെഴുതിയതാണ് ജനഗണമന യെന്ന് പറഞ്ഞ വിശ്വഹിന്ദു പരിഷത്ത് നേതാവ് ശശികല ടീച്ചര്‍ മുമ്പിലുണ്ട്. അവരുടെ ഇത്തരം പ്രവര്‍ത്തനങ്ങളും പ്രസ്താവനകളും രാജ്യഭക്തിക്ക് യാതൊരു കളങ്കവും വരുത്തുന്നില്ല എന്നതാണ് വിരോധാഭാസം. തങ്ങള്‍ക്ക് വേണ്ടപ്പെട്ടവരെ തലോടിയും വേണ്ടാത്തവരെ തല്ലിച്ചതച്ചും അധികാര രാഷ്ട്രീയത്തിന്റെ പേടിപ്പെടുത്തല്‍ നയമാണ് ഇവരുടെ പൊളിറ്റിക്‌സ്. പ്രതിഷേധിച്ചവര്‍ മുസ്ലിമാണെങ്കില്‍ പാക്കിസ്ഥാനില്‍ പോകണം, ഗാന്ധിയോ പന്‍സാരയോ കല്‍ബുര്‍ഗിയോ ആണെങ്കില്‍ കൊല്ലണം. ഇവരാരുമല്ലാത്ത രാജ്യത്തെ എന്തു ചെയ്യുമെന്നാണ് കമലിന്റെ പ്രസക്തമായ ചോദ്യം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter