പ്രണയത്തിന്റെ മുസ്‌ലിം ആലോചനകള്‍
എല്ലാ വര്‍ഷവും ഫെബ്രുവരി 14- നാണ് ലോകത്തിന്റെ വിവിധയിടങ്ങളില്‍ വാലന്‍ന്റൈന്‍ ദിനം. അല്ലെങ്കില്‍ സെന്റ് വാലന്റൈന്‍ ദിനം ആഘോഷിക്കുന്നത്. പരസ്പരം സ്‌നേഹിക്കുന്നവരുടെ ദിനം എന്നാണു ഇതറിയപ്പെടുന്നത്. വിശേഷിച്ചും പാശ്ചാത്യര്‍ തങ്ങള്‍ സ്‌നേഹിക്കുന്നവര്‍ക്ക് സമ്മാനങ്ങള്‍ കൈമാറാനും ഇഷ്ടം അറിയിക്കാനും ഈ ദിനം ഉപയോഗപ്പെടുത്തുന്നു. യുവത്വം ആഗോള വിശുദ്ധ ദിനമായി ഫെബ്രുവരി 14 ആഘോഷിക്കാന്‍ വെമ്പല്‍ കൊള്ളുകയാണ്. നിരവധി കഥകള്‍ ഇതുമായി ബന്ധപ്പെട്ടു പറയപ്പെടുന്നു.
ചരിത്ര പശ്ചാത്തലം
മുന്നാം നൂറ്റാണ്ടില്‍ റോം ഭരിച്ചിരുന്ന ക്ലോഡിയസ് ചക്രവര്‍ത്തി തന്റെ സേന വലുതാക്കാന്‍ തീരുമാനിച്ചു. എന്നാല്‍ യുവാക്കള്‍ പുതുതായി സൈന്യത്തില്‍ ചേരാന്‍ വിസമ്മതിച്ചു. ഇതിന്റെ കാരണം ചക്രവര്‍ത്തി കണ്ടെത്തി. വിവാഹം കഴിഞ്ഞാല്‍ പുരുഷന്മാര്‍ക്ക് കുടുംബം എന്നൊരു ചിന്ത മാത്രമേയുള്ളൂ എന്നും യുദ്ധത്തില്‍ ഒരു വീര്യവും അവര്‍ കാണിക്കുന്നില്ല എന്നും ചക്രവര്‍ത്തിക്ക് തോന്നി. അതിനാല്‍ ചക്രവര്‍ത്തി റോമില്‍ വിവാഹവും വിവാഹ നിശ്ചയങ്ങളും നിരോധിച്ചു. ഈ കാലഘട്ടത്തില്‍ വാലന്‍ന്റൈന്‍ എന്നൊരാളായിരുന്നു കത്തോലിക്ക സഭയുടെ ബിഷപ്പ് . പക്ഷേ, ബിഷപ്പ് വാലന്‍ന്റൈന്‍, ഈ നിയമത്തെ മറികടന്നു പരസ്പരം സ്‌നേഹിക്കുന്നവരെ മനസ്സിലാക്കി രഹസ്യമായി പെണ്‍കുട്ടികള്‍ക്ക് കത്തയക്കുകയും അവരുടെ വിവാഹം രഹസ്യമായി നടത്തിക്കൊടുക്കാനും തുടങ്ങി. ഇതിനെ ഒരു പിടി യുവാക്കളും പിന്തുണച്ചു. വിവരം അറിയാനിടയായ ക്ലോഡിയസ് ചക്രവര്‍ത്തി വാലന്‍ന്റൈന്‍ ബിഷപ്പിനെ ജയിലില്‍ അടച്ചു.
വാലന്‍ന്റൈന്‍ ബിഷപ്പ് അസ്റ്റീരിയസ് എന്ന ജയിലറുടെ അന്ധയായ മകളുമായി സ്‌നേഹത്തില്‍ ആയി. ബിഷപ്പിന്റെ സ്‌നേഹവും വിശ്വാസവും കാരണം ആ പെണ്‍കുട്ടിക്ക് പിന്നീട് കാഴ്ചശക്തി ലഭിച്ചു എന്നാണു പറയപ്പെടുന്നത്. അതറിഞ്ഞ ചക്രവര്‍ത്തി വാലന്റൈന്റെ തല വെട്ടാന്‍ ആജ്ഞ നല്‍കി. എ. ഡി. 270 ഫെബ്രുവരി 14 നായിരുന്നു ഈ സംഭവം തലവെട്ടാന്‍ കൊണ്ടുപോകുന്നതിനു മുന്‍പ് വാലന്‍ന്റൈന്‍ ആ പെണ്‍കുട്ടിക്ക് 'ഫ്രം യുവര്‍ വാലന്‍ന്റൈന്‍' എന്നെഴുതി ഒരു കുറിപ്പ് വെച്ചു. അതിനു ശേഷമാണ് ചക്രവര്ത്തിയുടെ കല്പ്പനയാല്‍ തലയറുത്തു കൊലചെയ്യപ്പെട്ട ബിഷപ്പ് വാലന്‍ന്റൈന്റെ ഓര്‍മ്മയ്ക്കായി വിശുദ്ധന്‍ രക്ത സാക്ഷിയായ ദിനം എന്ന അര്‍ത്ഥത്തില്‍ ഫെബ്രുവരി 14 ന് വാലന്‍ന്റൈന്‍ ദിനം അഥവാ പ്രണയത്തിന്റെ ദിനം എന്ന നിലയില്‍ ആഘോഷിക്കാന്‍ തുടങ്ങിയത്. ആദ്യമായി വാലന്റൈന്‌സ് ഡേ ആഘോഷിച്ചത് റോമില്‍ ആയിരുന്നു. ആദ്യമായി സന്ദേശങ്ങളും ഗിഫ്റ്റുകളും ഈ ദിവസത്തില്‍ അയക്കാന്‍ ആരംഭിച്ചത് അമേരിക്കയില്‍ ആണ് എന്നൊരു വിശ്വാസവുമുണ്ട്. വാലന്റൈന്‍ എന്ന പുരോഹിതന്റെ ഓര്‍മ്മയായിട്ടാണ് ഇത് തുടങ്ങിയതെങ്കിലും കാലക്രമേണ ലോകത്തെമ്പാടും അത് കമിതാകളുടെ ദിനമായി പരിണമിക്കുകയായിരുന്നു.
വാലന്റൈന്‍സ് ഡേ പല രൂപങ്ങളില്‍ ആഘോഷിക്കപ്പെട്ടു. വിവാഹപ്രായമെത്തിയ സ്ത്രീകളുടെ പേരുകള്‍ എഴുതി ഒരു ബോക്സില്‍ നിക്ഷേപിക്കുന്നു. കല്യാണ പ്രായമായ പുരുഷന്മാര്‍ അതില്‍ നിന്ന് ഒന്നെടുത്ത്, ആരുടെ പേരാണോ അതില്‍ ഉള്ളത് ആ സ്ത്രീയുമായി ഒരു വര്‍ഷക്കാലം സഹവസിക്കുന്നു. ആ സമയത്തിനിടക്ക് അവര്‍ പരസ്പരം സമ്മതിച്ച് വിവാഹം കഴിക്കുകയോ അല്ലെങ്കില്‍ അടുത്ത വര്‍ഷം വീണ്ടും ഇതേ ആഘോഷത്തില്‍ പങ്കെടുക്കുകയോ ചെയ്യുന്നു. പിന്നീട് ക്രൈസ്തവ സഭ ഇത്തരം ആഘോഷങ്ങള്‍ വിലക്കുകയും അതിന്റെ ഫലമായി ഇറ്റലി പോലുള്ള രാജ്യങ്ങളില്‍ ഇത് അപ്രത്യക്ഷമാവുകയും ചെയ്തു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ചില പാശ്ചാത്യ രാജ്യങ്ങളില്‍ വാലന്റൈന്‍ ദിന ആഘോഷങ്ങള്‍ പുനരാരംഭിച്ചു. പ്രണയ ലേഖനങ്ങളും കവിതകളും ആശംസകളും അടങ്ങിയ 'വാലന്റൈന്‍സ് ബുക്ക്' എന്ന പുസ്തകം വിപണിയില്‍ വ്യാപകമായി കിട്ടിത്തുടങ്ങി. ആശംസാ കാര്‍ഡുകളും, ചുവന്ന പൂക്കളും, ഹൃദയത്തിന്റെ ചുകപ്പന്‍ രൂപങ്ങളും, ചുവപ്പ് വസ്ത്രങ്ങളും, കേക്കുകളും കമ്പോളത്തിലെത്തി. പിന്നീട് ഇന്റര്‍നെറ്റും ദൃശ്യ ശ്രാവ്യ അച്ചടി മാധ്യമങ്ങളും ഈ ആഘോഷത്തെ വ്യാപിപ്പിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചു.
മുന്‍ വര്‍ഷങ്ങളേക്കാള്‍ അധികമായി വാലന്റൈന്‍സ് ഡേ ദിനം പൊതുസമൂഹത്തില്‍ ആഘോഷിക്കപ്പെടുന്ന പ്രവണത കൂടി വരുന്നു. ഇത് മനുഷ്യ സമൂഹത്തില്‍ അരാജകത്വവും അധാര്‍മ്മികതകളും വളര്‍ത്തുന്ന ദിനമായിട്ടാണ് അനുഭവപ്പെടുന്നത്. അതിനാലാണ് ചില രാജ്യങ്ങള്‍ ഇതിനെതിരെ രംഗത്ത് വരുന്നത്. ഉദാഹരണമായി 'പ്രണയദിനത്തില്‍ സെക്സ് പാടില്ല, ക്ഷേത്രദര്‍ശനം നടത്തി മനസ് ശുദ്ധമാക്കണം.' തായ്ലന്‍ഡിലെ ബാങ്കോക്ക് ഭരണാധികാരികളാണ് ഇങ്ങനയൊരു നിര്‍ദേശവുമായി നഗരവാസികളെ സമീപിച്ചിരിക്കുന്നത്. തെക്കന്‍ ഏഷ്യയില്‍ കൗമാരക്കാരില്‍ ഏറ്റവും അധികം അവിഹിത ഗര്‍ഭങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് തായ്ലന്റിലാണ്. അതുപോലെ എച്ച്. ഐ. വി. ബാധ ഏറ്റവും കൂടുതലുള്ള പുരുഷന്‍മാരും ഇവിടെയാണുള്ളത്. വാലന്റൈന്‍സ് ദിനത്തില്‍ രാജ്യത്ത് വ്യാപകമായ ആഘോഷങ്ങള്‍ നടത്തിവരുന്നു. ബുദ്ധമതവിശ്വാസികളേറെയുള്ള തായ്ലന്‍ഡില്‍ പാശ്ചാത്യ ജീവിതരീതികള്‍ക്ക് വളരെയധികം സ്വാധീനമുണ്ട്. ഇതെല്ലാം മുന്നില്‍ക്കണ്ടാണ് സര്‍ക്കാരിന്റെ വക ഇങ്ങനെയൊരു പ്രഖ്യാപനം. പ്രണയദിനം ആഘോഷിക്കാന്‍ ഏറ്റവും നല്ല വഴി ദേവാലയത്തില്‍ പോകുന്നതാണ് എന്ന് അധികൃതര്‍ പറയുന്നു. കന്യകാത്വം നഷ്ടപ്പെടാന്‍ ഏറ്റവും സാധ്യതയുള്ള ദിവസമാണ് വാലന്റൈന്‍സ് ഡേ എന്ന സര്‍വേ ഫലങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇങ്ങനെയൊരു നീക്കം ബന്ധപ്പെട്ടവര്‍ നടത്തുന്നത്. നമ്മുടെ രാജ്യത്തും ഇതിനെതിരെ പല സംഘടനകളും രംഗത്ത് വരുന്നുണ്ട്.
പ്രണയ ദിനവും മുസ്ലിമും
മനഷ്യനുമായി ബന്ധപ്പെട്ട ഏതു വിഷയത്തിലും ഇസ്ലാം നമുക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്കുന്നുണ്ട്. മനുഷ്യര്ക്ക് ഗുണപരമായ ഏതു കാര്യവും ഇസ്ലാം അംഗീകരിക്കുകയും നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു. സ്‌നേഹവും കാരുണ്യവും ഇസ്ലാമിന്റെ മുഖമുദ്രയാണ്. ഇസ്ലാം സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മതമാണ്. അതിന്റെ നിയമ നിര്‍ദ്ദേശങ്ങള്‍ സ്രഷ്ടാവായ അല്ലാഹു അവന്റെ അവസാനത്തെ ദൂതനായ മുഹമ്മദ് നബി (സ) മുഖേന മാനവ സമൂഹത്തിനു അറിയിച്ചു തന്നതാണ്. മുസ്ലിം സമൂഹത്തോട് മാത്രമല്ല ജാതി മത വര്‍ഗ വര്‍ണ ഭേദമന്യേ എല്ലാ മനുഷ്യരോടും സ്നേഹത്തോടെയും സൗഹൃദത്തോടെയും സമീപിക്കണമെന്നാണ് ഇസ്ലാമിന്റെ പൊതുതത്വം. ഒരാള്‍ മറ്റൊരാളെ സ്‌നേഹിക്കേണ്ടത് എങ്ങനെ എന്നും അതിനുള്ള രീതികള്‍ എന്താണെന്നും ഇസ്ലാം പഠിപ്പിച്ചിട്ടുണ്ട്.
എന്നാല്‍ ആ സ്നേഹപ്രകടനം മറ്റു ആചാര രീതികളെയോ സമ്പ്രദായങ്ങളെയോ അനുകരിച്ചും ഇസ്ലാമിക മൂല്യങ്ങള്‍ പരിഗണിക്കാതെയും ആവരുതെന്നു ഇസ്ലാം നിഷ്‌കര്‍ഷിക്കുന്നു. അതിനാല്‍ പറയട്ടെ ധാര്‍മിക മൂല്യങ്ങളുടെ അടിവേരറുക്കുന്നതും തികച്ചും ഇസ് ലാമിക അധ്യാപനങ്ങള്‍ക്ക് വിരുദ്ധവുമായ ഈ ആഘോഷം ഒരു വിശ്വാസിക്ക് ആചരിക്കാന്‍ കഴിയില്ല. ഇത് യുവതി യുവാക്കളെ മാത്രമല്ല ഇളംതലമുറയെപോലും വഴി തെറ്റിക്കുന്നു എന്നാതാണ് യാഥാര്‍ത്യം. 'സത്യവിശ്വാസികള്‍ (പരസ്പരം) സഹോദരങ്ങള്‍ തന്നെയാകുന്നു.' (അല്‍ഹുജുറാത്ത് : 10) ഇങ്ങനെയാണ് വിശുദ്ധ ഖുര്‍ആന്‍ നമ്മോടു പറയുന്നത്.
ഇസ്ലാം ആളുകളെ പരസ്പരം മാനസികമായി അടുപ്പിക്കുന്നതിനും അവരുടെ ജീവിതത്തില്‍ സന്തോഷങ്ങള്‍ പകര്‍ന്നു നല്‍കുന്നതിനുമുള്ള ധാരാളം നിര്‍ദ്ദേശങ്ങള്‍ നല്കിയിട്ടുണ്ട്. വിശ്വാസി സമൂഹത്തിനായുള്ള ആഘോഷ സുദിനങ്ങളും ഇസ്ലാം അറിയിച്ചിട്ടുണ്ട്. വര്‍ഷത്തിലെ രണ്ടു പെരുന്നാളുകള്‍ മുസ്ലിംകളുടെ ആഘോഷ സുദിനങ്ങളാണ്. എന്തിനധികം തമ്മില്‍ കണ്ടുമുട്ടുമ്പോള്‍ സലാം പറയണം എന്നത് പോലും പരസ്പരം സ്‌നേഹം നില നിര്‍ത്താനുള്ള മാര്‍ഗ്ഗമായിട്ടാണ് ഇസ്ലാം പഠിപ്പിക്കുന്നത്. എന്നാല്‍ നിങ്ങള്‍ പരസ്പരം സ്‌നേഹം പങ്കിടൂ എന്ന് പഠിപ്പിക്കുന്ന ഇസ്ലാം വാലന്റൈന്‍സ് ഡേ പോലുള്ള പ്രത്യേക അവസരങ്ങളില്‍ പാശ്ചാത്യന്‍ രീതികളെ അന്ധമായി അനുകരിച്ച് അധാര്‍മിക മാര്‍ഗം അവലംബിക്കുന്നതിനെ ശക്തിയായി എതിര്‍ക്കുന്നു. നന്മകള്‍ പ്രോത്സാഹിപ്പിക്കാനും തിന്മകള്‍ നിരുല്‌സാഹപ്പെടുത്താനും ആണ് ഇസ്ലാം മനുഷ്യരോട് പറയുന്നത്. അതിനാല്‍ തിന്മകള്‍ക്കു വളംവെക്കുന്ന വാലന്റൈന്‍സ് ഡേ ആഘോഷത്തിനു ഇസ്ലാമികമായി യാതൊരു അടിസ്ഥാനവും ഇല്ല. അതിനാല്‍ ഈ ആഘോഷത്തില്‍ ഏത് രൂപത്തിലുള്ള പങ്കാളിത്തവും ഒരു വിശ്വാസി എന്ന നിലയില്‍ ഒഴിവാക്കപ്പെടേണ്ടതാണ്.
ഒരു വര്‍ഷത്തിലെ പന്ത്രണ്ടു മാസങ്ങളില്‍ നിന്നും ഒരു ദിവസം മാത്രം സ്‌നേഹം പകര്‍ന്നു നല്കാനല്ല മറിച്ചു വര്‍ഷം മുഴുവനും മനുഷ്യരെ സ്നേഹിക്കാനാണ് ഇസ് ലാം ആവശ്യപ്പെടുന്നത്. മതപരമായ കല്‍പനകള്‍ ലംഘിക്കപ്പെടാവുന്ന ധാരാളം കാര്യങ്ങള്‍ ഇതുമായി ബന്ധപ്പെട്ടു ഈ ദിവസത്തില്‍ നടക്കുന്നതായി നമുക്ക് കാണാം. കണ്ണില്‍ കാണുന്ന എന്തിനെയും മുന്‍പിന്‍ നോക്കാതെ നെഞ്ചിലേറ്റുന്ന കൌമാരത്തെ സദാചാരത്തിന്റെ അതിര്‍വരമ്പുകള്‍ക്കപ്പുറത്തേക്ക് ആട്ടിപ്പായിക്കുന്ന കാഴ്ചയാണ് ഈ ദിവസങ്ങളില്‍ വര്‍ത്തമാന കാലം നമുക്ക് കാണിച്ചുതരുന്നത്.
കൂട്ടത്തില്‍ പറയട്ടെ ഇന്ന് ലോകത്തിന്റെ ഗതി നിര്‍ണ്ണയിക്കുന്നത് സാമ്രാജ്യത്ത്വ മുതലാളിത്ത്വ വ്യവസ്ഥിതികള്‍ക്ക് കീഴ്‌പ്പെട്ട കമ്പോള താല്പര്യങ്ങളാണ്. അവയുടെ ചരക്കുകള്‍ വിറ്റഴിക്കാനുള്ള കുടില തന്ത്രങ്ങളുടെ ഭാഗം കൂടിയാണ് ഇത്തരം ആഘോഷങ്ങള്‍ എന്ന് നാം അറിയണം. അവരുടെ താല്പര്യങ്ങള്‍ക്ക് ഓശാന പാടാതെ നമ്മുടെ സംസ്‌കാരത്തെയും പൈതൃകത്തെയും പണയം വെക്കാതെ ജാഗ്രത പാലിക്കാന്‍ നാം തയ്യാറാകണം. യുവതി യുവാക്കള്‍ പരസ്പരം ദര്‍ശിക്കാനും സ്പര്‍ശിക്കാനും ഉള്ള അവസരമായി സ്വീകരിക്കുന്നതും വാണിജ്യവല്‍ക്കരിക്കപ്പെട്ടതുമായ ഇത്തരം ആഘോഷങ്ങള്‍ യഥാര്‍ഥ സ്നേഹത്തില്‍ നിന്ന് മനുഷ്യനെ അകറ്റുകയും ദാമ്പത്യ ബന്ധത്തിലും, കുടുംബ ജീവിതത്തിലും ഉണ്ടാകേണ്ട പവിത്രതയും മൂല്യ ബോധവും തകര്‍ത്തെറിഞ്ഞു ധാര്‍മിക മൂല്യച്യുതിയിലേക്കും ആഭാസത്തിലേക്കും മാനവികതയെ പ്രത്യേകിച്ച് യുവതയെ തള്ളിവിടുകയും ചെയ്യുന്നു എന്നാതാണ് സത്യം. ഇസ്ലാമിക വിശ്വാസങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും വിരുദ്ധമായ ഇത്തരം ആഘോഷങ്ങള്‍ ഒരു വിശ്വാസി ആഘോഷിക്കുവാന്‍ പാടില്ല എന്നാണ് ഇതുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിന് സൗദി ഫത്വാ ബോര്‍ഡു നല്കിയ മറുപടിയുടെ രത്‌നച്ചുരുക്കം.
(നേരായ പാത വാട്‌സ്അപ് ഗ്രൂപ്)
Leave A Comment