‘കേള്‍ക്കാതിരിക്കാന്‍ കൂടിയാണ് നമ്മുടെ കൈയില്‍ റിമോട്ടുള്ളത്’: കെ.ജയകുമാര്‍ ഐ.എ.എസിന്‍റെ മോയീന്‍കുട്ടിവൈദ്യര്‍ സ്മാരകപ്രഭാഷണം
കഴിഞ്ഞ എട്ടുദിവസങ്ങളിലായി നടന്ന മോയീന്‍കുട്ടിവൈദ്യര്‍ മഹോത്സവത്തില്‍ വൈദ്യര്‍ സ്മാരകപ്രഭാഷണം നിര്‍വഹിച്ചത് മലയാളം സര്‍വകലാശാല വൈസ്ചാന്‍സലറായ കെ.ജയകുമാര്‍ ഐ.എ.എസ് ആയിരുന്നു. പ്രഭാഷണത്തിലെ പ്രസക്തഭാഗങ്ങള്‍.  width=മാപ്പിളപ്പാട്ടില്‍ അന്തര്‍ലീനമായി കിടക്കുന്ന അനന്യമായ ഒരു താളലയ സൌന്ദര്യമുണ്ട്. അത് മുസ്‌ലിം സമുദായത്തിന്‍റെ സന്തോഷത്തിന്‍റെ ഹൃദയത്തിന്‍റെ താളലയ സൌന്ദര്യമാണ്. മുസ്‌ലിം സമുദായത്തിന്‍റെ ജീവിതത്തിന്‍റെ സാംസ്കാരിക തീവ്രതയുടെ വൈകാരികമായ ഒരു ആര്‍ജ്ജവമാണ് നമ്മളറിയാതെ ഈ പാട്ടുകളിലേക്ക് സംക്രമിച്ചിരിക്കുന്നത്. അത് കൊണ്ട് തന്നെ ഈ ഗാനങ്ങളെ കാത്തു സൂക്ഷിക്കുകയെന്നത് ജീവിതത്തിന്‍റെ നൈര്‍മല്യത്തെ കാത്തു സൂക്ഷിക്കുകയെന്ന ഏറ്റവും വലിയ സാംസ്കാരിക പ്രവൃത്തിയാണ്. എല്ലാ വര്‍ഷവും ഇവിടെ മാപ്പിളപ്പാട്ട് സംബന്ധിയായ ഒരു പരിപാടി നടക്കുന്നുവെന്നത് ചെറിയ ഒരു കാര്യമല്ല.പണ്ട് ഇങ്ങനെയുള്ള ചില ഗാനങ്ങളുണ്ടായിരുന്നുവെന്ന് പുതിയ തലമുറക്ക് പരിചയപ്പെടുത്തേണ്ട അവസ്ഥയുണ്ടാകരുത്. മറിച്ച് കാലോചിതമായ മാറ്റങ്ങള്‍ വരുത്തി നമുക്കവെയ സംരക്ഷിക്കാനാകണം. നമ്മുടെ ജീവിതത്തില്‍ തന്നെയുണ്ടായിരിക്കുന്ന താളപ്പിഴയുടെ പ്രതിഫലനമാണോ മലയാളസിനിമാ ലോകത്ത് വരെയുണ്ടായിരിക്കുന്ന ‍താളപ്പിഴയെന്ന് നാം ഗവേഷണം നടത്തേണ്ടിയിരിക്കുന്നു. നമുക്ക് ലോലമായ താളങ്ങളോ ഭാവങ്ങളോ മൌനം കൊണ്ട് സംവേദനം ചെയ്യാവുന്ന ലയങ്ങളോ ഇല്ലാതെ പോയിരിക്കുന്നു. ശബ്ദഘോഷം കൊണ്ട് മലീമസമായ ഒരു അഞ്ചുമിനുറ്റുകളായി മാറിയിരിക്കുന്നു നമ്മുടെ പാട്ടുകള്‍. എല്ലാ പാട്ടുകളെയും കുറിച്ചല്ല ഈ പറയുന്നത്. പക്ഷേ, പൊതുവെ സംഗീതത്തിനുണ്ടായിരുന്ന ആ താളമെല്ലാം എങ്ങോ പോയി മറഞ്ഞിട്ടുണ്ടെന്ന് പറയേണ്ടിയിരിക്കുന്നു. സംഗീതവും സംസ്കാരവുമെല്ലാം സചേതനമായ സംഗതികളാണ്. അതിന് ഒരു ജീവല്‍സുഖമുണ്ട്. അതിനെ തല്ലിക്കെടുത്തരുതെന്ന അഭ്യര്‍ഥനയുണ്ട്. മോയീന്‍കുട്ടിവൈദ്യരുടെ രചനകളുടെയും കൃതികളുടെയും ഏക്കാലത്തെയും വലിയ സംഭാവനയായി എനിക്ക് തോന്നുന്നത്, അത് ഒരു ഇസ്‌ലാമിക സ്വത്വബോധത്തെ ഉണ്ടാക്കിയെടുത്തു എന്നതാണ്. സ്വത്വബോധ നിര്‍മിതിയില്‍ മറ്റെന്തിനേക്കാളും അതുല്യമാണ് സംസ്കാരത്തിന്റെ സ്ഥാനം. അതിന് സമാനതകളില്ല. പല തരത്തിലും ഒരു സമൂഹത്തിന്റെ സ്വത്വബോധം രൂപപ്പെട്ടുവന്നേക്കാം. എന്നാല്‍ അവയില്‍ സാംസ്കാരിക പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടു ഉണ്ടാകുന്ന സ്വത്വബോധ നിര്‍മിതിയെന്നത് വളരെ പ്രധാനപ്പെട്ടതാണ്. അത് എക്കാലത്തും നിലനില്‍ക്കുകുയും ചെയ്യും. ആ സ്വത്വബോധ നിര്‍മിതിയില്‍ ഒരു കവിയെന്ന നിലക്ക് മോയീന്‍കുട്ടി വൈദ്യര്‍ എന്തു മനോഹരമായാണ് ചില അംശങ്ങള്‍ സ്വാംശീകരിച്ചിരിക്കുന്നത്. അദ്ദേഹം കണ്ടെത്തിയ ശീലുകളില്‍ ഇവിടെ നിലനിന്നിരുന്ന നാടോടിഭാഷയുടെയും തമിഴിന്റെയുമെല്ലാം അംശത്തെ സ്വാംശീകരിച്ചിട്ടുണ്ട്. മോയീന്‍ കുട്ടി വൈദ്യര്‍ക്കു മുമ്പും ഇവിടെ മാപ്പിളപ്പാട്ടുകളുണ്ട്. ഇല്ല എന്നല്ല. പക്ഷേ കൃത്യമായ ഒരു നിര്‍വചനം കൊടുത്ത് അദ്ദേഹം അതിനെ പരിചയപ്പെടുത്തിയപ്പോഴാണ് പുതിയൊരു സാഹിത്യരൂപമായി മാപ്പിളപ്പാട്ട് രൂപപ്പെട്ടുവന്നത്. അറേബ്യന്‍പാരമ്പര്യത്തെ നമ്മുടെ നാട്ടുപാരമ്പര്യവുമായി ഒരിക്കലുമറിയാത്ത തരത്തിലാണ് അദ്ദേഹം വിളക്കി ചേര്‍ത്തത്. എന്തിന്, ചില കവിതകളിലെ വരികള്‍ പൂര്‍ണമായും അറബിപദങ്ങള്‍ ഉപയോഗിച്ചാണ് രചിച്ചിരിക്കുന്നത്. നമ്മുടെ സ്വത്വബോധത്തിന്റെ നിര്‍മിതിയില്‍ ഇതെല്ലാം ഇടകലര്‍ന്ന് ഒരു അനുഭവസാക്ഷ്യമായി തീരണമെങ്കില്‍ എന്തെല്ലാം ഘടങ്ങള്‍ പരസ്പരം കൂട്ടിച്ചേര്‍ക്കണമോ അവയെ എല്ലാം ഒരു കലാകാര്യന്‍റെ ചാരുതയോടെ വൈദ്യര്‍ തന്റെ പാട്ടുകളില്‍ വിളക്കിച്ചേര്‍ത്തു ഇതൊന്നും കവി മനപ്പൂര്‍വം ചെയ്യുന്നതല്ല. മറിച്ച് കാലത്തിന്‍റെ വിളിയാങ്ങള്‍ക്ക് കാതോര്‍ത്തിരിക്കുന്ന ഒരു കവിയുടെ മനസ്സില്‍ സ്വയമേവ ഉണ്ടാകുന്ന കാര്യമാണിത്. ഒരു പക്ഷെ കവിയുടെ തന്നെ അബോധമായ തലത്തിലാണ് ഇത് സംഭവിക്കുന്നത്. അപ്പോഴാണ് അറബി വംശചരിത്രം ഇവിടെ പറയേണ്ടതുണ്ടെന്ന് കവിക്ക് അനുഭവപ്പെടുന്നത്.  width=ഒരു കവിയെ സംബന്ധിച്ചിടത്തോളം അയാള്‍‌ ജീവിക്കുന്ന കാലഘട്ടവും അയാളുടെ സാംസ്കാരിക പ്രദേശവുമെല്ലാം രചനകളില്‍ അറിയാതെ കടന്നുവരും. തന്‍റെ കാലത്തെ മുസ്‌ലിം സമുദായത്തിന്‍റെ സ്വത്വബോധത്തെ നിര്‍മിക്കുന്നതില്‍ തനിക്ക് വലിയൊരു പങ്കുണ്ടെന്ന തിരിച്ചറിവില്‍ നിന്നാണ് മോയീന്‍ കുട്ടിവൈദ്യര്‍ വിവിധ ഭാഷകളുടെ ശ്രദ്ധയോടെയുള്ള ഉപയോഗം നടത്തിയത്. വളരെ ശ്രദ്ധയോടെ തെരഞ്ഞെടുത്തിട്ടുള്ള പ്രമേയങ്ങളെ, ശ്രദ്ധയോടെ തന്നെ തെരഞ്ഞെടുത്തിട്ടുളള തമിഴ്, അറബി, മലയാള, നാടോടി പദങ്ങളിലൂടെ സമുചിതമായി സന്നിവേശിപ്പിക്കാന്‍ മോയീന്‍കുട്ടിവൈദ്യരോളം മറ്റാര്‍ക്കും സാധിച്ചിട്ടില്ലെന്ന് തന്നെ പറയാം. അതുവഴി അറബിമലയാള സാഹിതീയ രീതിയെ അദ്ദേഹം അത്രമാത്രം സമ്പുഷ്ടമാക്കി. ഒരു കവി എന്ന നിലയില്‍ മാത്രമല്ല മോയീന്കുട്ടി വൈദ്യര്‍ ശ്രദ്ധേയനാകുന്നത്. മറിച്ച് ഒരു സമൂഹത്തെ നിര്‍വചിക്കുന്നതില്‍, ഒരു സമൂഹം സ്വയം കണ്ടെത്തുന്നതിന് സഹായിക്കുക എന്ന സാംസ്കാരിക ദൌത്യം കൂടി അദ്ദേഹം നിറവേറ്റുകയുണ്ടായി. തന്റെ കാലത്ത് അദ്ദേഹം നിര്‍വചിച്ചു പോയ സ്വത്വവും പരിസരവും തന്നെയാണ് ഇന്നും ഈ സമൂഹത്തിന്റെ അന്തസ്സത്തെ നിര്‍വചിക്കുന്നതെന്നും നാം തിരിച്ചറിയേണ്ടതുണ്ട്. ഇതു വലിയൊരു സാംസ്കാരിക ദൌത്യമാണ്.  വളരെ വേഗം മാറുന്ന ലോകക്രമത്തില്‍ മാറരുതാത്ത ചില മൂല്യങ്ങളെ സംരക്ഷിക്കുകയെന്ന ദൌത്യമാണത്. അത് അത്ര ചെറിയ കാര്യമല്ല. കാലത്തിന്‍റെ മാറ്റത്തെ പിടിച്ചു നിര്‍ത്താനോ കലികാലത്തെ പിന്നോട്ടു വലിക്കുവാനോ നമുക്ക് സാധ്യമല്ല. പുതിയ സാങ്കേതികവിദ്യക്കനുസരിച്ച് കലാരംഗത്ത് ഇനിയും മാറ്റങ്ങള് ‍വരും. അത് ശ്രോതാക്കളായ നമ്മള്‍ പ്രശ്നമാക്കേണ്ട കാര്യമില്ല. കാണാന്‍ മാത്രമല്ല, വേണ്ടാത്തത് കാണാതിരിക്കാന് ‍കൂടിയാണ് നമ്മുടെ കയ്യില്‍ റിമോട്ടുള്ളത്. നമ്മുടെ വാതിലുകള്‍ക്ക് കുറ്റിയുണ്ട്. ജനലിന് കൊളുത്തുണ്ട്. റേഡിയോ ഓഫ് ചെയ്യാന്‍ സ്വിച്ചുണ്ട്. കാഴ്ച മതിയാക്കാന്‍ കയ്യില്‍ റിമോട്ടുമുണ്ട്. പക്ഷേ നമുക്ക് നഷ്ടമായിക്കൂടാത്ത ചില സുകൃതങ്ങളുണ്ട്. മാപ്പിളപ്പാട്ട് പോലോത്ത അവ വികലമാകാതെ സൂക്ഷിക്കുക എന്നത് കാലം ആവശ്യപ്പെടുന്ന വലിയൊരു ദൌത്യമാണ്. അത് എങ്ങനെ ചെയ്യുമെന്ന കാര്യം ഇതുമായി ബന്ധപ്പെട്ട പണ്ഡിതര്‍ ആലോചിച്ചു തീരുമാനിക്കേണ്ടതുണ്ട്. കഴിഞ്ഞദിവസം തുഞ്ചന്‍ പറമ്പില് ‍സംസാരിച്ചു കൊണ്ടിരിക്കെ അവിടെത്തെ സെക്രട്ടറി പറഞ്ഞ ഒരു കാര്യമുണ്ട്. നമ്മുടെ ദൃശ്യമാധ്യമങ്ങളൊന്നും അവിടെ നടക്കുന്ന പരിപാടിക്ക് വേണ്ടത്ര കവറേജ് നല്‍കിയിട്ടില്ലെന്ന ദുഖം. അതില്‍ നിന്ന് ഒരു കാര്യം വളരെ വ്യക്തമാകുന്നു. അതായത് നമ്മുടെ തനതായ സംസ്കാരിക പൈതൃകത്തോടൊന്നും നമ്മുടെ പുതിയ മാധ്യമങ്ങള്‍ക്ക് താത്പര്യമില്ല. നമ്മുടെ സാംസ്കാരിക തനത് ശീലങ്ങളെ പ്രചരിപ്പിക്കുന്നതിലോ അവയെ പ്രോത്സാഹിപ്പിക്കുന്നതിലോ ഈ മാധ്യമങ്ങളൊന്നും തന്നെ ശ്രദ്ധിക്കുന്നുമില്ല. അവക്ക് അത്തരത്തിലുള്ള ഒരു ഉത്തരവാദിത്തം ഉണ്ടോ ഇല്ലയോ എന്നതാണ് പ്രശ്നം. ഉണ്ടെങ്കില്‍ പ്രസ്തുത ഉത്തരവാദിത്തത്തില്‍ നിന്ന് അവ മാറി നടക്കുമ്പോള്‍ അതിനെതിരെ നമുക്കെന്ത് ചെയ്യാനാകും? സത്യം പറയാമല്ലോ, അവനവന്‍റെ ഭാഗം നിര്‍വഹിക്കുകയല്ലാതെ ഇവ്വിഷയകമായി നമുക്ക് ഒന്നും ചെയ്യുക സാധ്യമല്ല. കാരണം ഈ പരിപാടികളെല്ലാം കവറേജ് ചെയ്യണമെന്ന് മാധ്യമങ്ങളോട് നമുക്ക് വാശി പിടിക്കാനാകില്ല. എന്നാല്‍ നിങ്ങളുടെ മാധ്യമത്തില്‍ സംസ്കാരികമായ പരിപാടികളില്ലല്ലോ എന്ന് ശ്രോതാക്കളായ നമുക്ക് ചോദിക്കാന്‍പറ്റും. അത്തരം ചോദ്യങ്ങള്‍ക്ക് മുമ്പില്‍ മാത്രമെ ഈ മാധ്യമങ്ങള്‍ പ്രതികരിക്കൂ.  width=കലാകാരന്‍റെ ശബ്ദത്തിന് ചെവിയോര്‍ക്കാത്ത സമൂഹം പിന്നെ കലാപങ്ങള്‍ക്കാണ് ചെവിയോര്‍ക്കുക. ജീവപരിസരത്തെ നന്മകള്‍ കണ്ടില്ലെന്ന് നടിക്കുന്ന അന്ധരായ സമൂഹമായി അവര്‍ പില്‍ക്കാലത്ത് മാറുകുയും ചെയ്യും. സ്വന്തം ഭാഷയെ നാടുകടത്തിക്കൊണ്ടിരിക്കുന്ന നമ്മുടെ, നാളത്തെ തലമുറ ഈ മാപ്പിളസംഗീതത്തെയോ സംസ്കൃതിയോ കണ്ടില്ലെന്ന് പറഞ്ഞാല്‍ അതിലൊട്ടും അത്ഭുതപ്പെടാനില്ല. വൈക്കം മുഹമ്മദ് ബഷീറിന്‍റെ നാലുവരി വായിച്ചിട്ട് മനസ്സിലാക്കാന് ‍സാധിക്കാത്ത ആളുകളായി എന്‍റെ മക്കള്‍ വളര്‍ന്നിട്ട് എന്തു പ്രയോജനമനാണിവിടെ? ചങ്ങമ്പുഴയുടെ നാല് വരി കവിത വായിച്ച് പുസ്തകമടച്ച് കണ്ണടച്ചിരുന്നു ആസ്വദിക്കാനാകാത്ത മൊറോണുകളായി എന്റെ കുട്ടി വളരുന്നത് എന്തിനാണ്? കുട്ടികള്‍ക്ക് ഇതെല്ലാം നഷ്ടമായല്ലോ എന്ന് ആലോചിച്ചു നമ്മള്‍ പരിതപിക്കുന്നു. പരിതപിച്ചാല്‍ മാത്രം പോരാ, പരിഹാരം കാണുകയും വേണം. അതു കൊണ്ട് തന്നെ വരും തലമുറകള്‍ക്ക് മാപ്പിളപ്പാട്ടു സാഹത്യം പരിചയെപ്പെടുത്തുക നമ്മുടെ ഉത്തരവാദിത്തമാണ്. അഴകിന്‍റെ ഈ വലിയ കൊട്ടാരം അവര്‍ക്ക് അന്യമായിക്കൂടാ. എന്ന് മാത്രമല്ല, അറബിമലയാളം വായിച്ചാല്‍ മനസ്സിലാകാത്ത എന്നെപോലുള്ള ആളുകള്‍ക്ക് വേണ്ടി ഈ സാഹിത്യങ്ങളെല്ലാം മലയാളീകരിക്കണമെന്ന് അഭ്യര്‍ഥനയും ഇക്കൂട്ടത്തില് ഞാന്‍ മുന്നോട്ടു വെക്കുന്നു. കേട്ടെഴുത്ത്: മന്‍ഹര്‍ യു.പി കിളിനക്കോട്

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter