ഏകസിവില്‍കോഡ്: വാദവും പ്രതിവാദവും
civമലയാളത്തിലെ 'മുഖ്യധാരാ' പ്രസിദ്ധീകരണങ്ങളിലും ദൃശ്യമാധ്യമങ്ങളിലും മുസ്‌ലിം ശരീഅത്തും ഏകസിവില്‍കോഡും വീണ്ടും ചര്‍ച്ചാവിഷയമായിരിക്കുകയാണ്. മതനിയമങ്ങള്‍ കാലഹരണപ്പെട്ടതും സാമൂഹിക പുരോഗതിക്കു വിഘ്‌നമുണ്ടാക്കുന്നതുമാണെന്നു വിലയിരുത്തി രാജ്യത്ത് ഒരു പൊതുപൗര നിയമം നടപ്പാക്കണമെന്ന ചിന്തക്കു വേരു പിടിച്ചിട്ടു കാലമേറെയായി. ഏകീകൃത സിവില്‍കോഡ് നടപ്പാക്കുക എന്നതു ദേശീയ ജനാധിപത്യ സഖ്യത്തിന്റെ മുഖ്യ അജന്‍ഡകളിലൊന്നാണ്. രാജ്യത്തെ പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ പൊതുനിയമം നടപ്പാക്കുകയാണെങ്കില്‍ വിവാഹം, സ്വത്തവകാശം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നമ്മുടെ മതനിയമങ്ങള്‍ അപ്രസക്തമാകുമെന്ന കാര്യം നിസ്സംശയം. കൃത്യവും സുതാര്യവുമായ ഇസ്‌ലാമിക ശരീഅത്തിനെ സ്വാംശീകരിക്കാനാവാത്തതും മതത്തിന്റെ അടിസ്ഥാന ആശയങ്ങളെ വേണ്ട രീതിയില്‍ ഗ്രഹിക്കാന്‍ കഴിയാത്തതുമാണ് മതത്തിനകത്തു നിന്നു തന്നെ വിമര്‍ശനങ്ങളും അഭിപ്രായ പ്രകടനങ്ങളും നടത്താന്‍ ചിലരെ പ്രേരിപ്പിക്കുന്നത്. കര്‍മശാസ്ത്രശാഖയെ നിശിതമായി വിമര്‍ശിച്ചു, സ്ത്രീശാക്തീകരണത്തിനു തടസ്സമുണ്ടാക്കുന്നതില്‍ പ്രധാന ഹേതുകം ഫിഖ്ഹ് ശാഖയാണെന്നുള്ള തരത്തില്‍ ചിലര്‍ നടത്തിയ അഭിപ്രായ പ്രകടനം ഗൗരവത്തോടെ കാണേണ്ടതുണ്ട്. മതകര്‍മാനുഷ്ഠാന ശാസ്ത്രമാണ് ഫിഖ്ഹ് ലക്ഷ്യമാക്കുന്നത്. വിശ്വാസിയെ സംബന്ധിച്ചിടത്തോളം അനുഷ്ഠാന കാര്യങ്ങളിലെ നിയമസംഹിതകളാണു കര്‍മശാസ്ത്ര ശാഖകളിലൊന്നിനെ സ്വീകരിക്കുന്നതിലൂടെ അവന്‍ കരഗതമാക്കുന്നത്. ഇസ്‌ലാമിന്റെ പ്രാരംഭകാലം തൊട്ടേ ഇതു പ്രാബല്യത്തിലുണ്ടെങ്കിലും ക്രോഡീകരണവും ജ്ഞാനശാഖയുടെ വ്യവസ്ഥാപിത ക്രമീകരണവും നടന്നതു പില്‍ക്കാലത്താണെന്നു മാത്രം. അബ്ബാസീ ഭരണകാലത്താണ് ഫിഖ്ഹ് കര്‍മസരണികളുടെ പിറവികളുണ്ടായത്. പൂര്‍വികരുടെ പാതയില്‍ നിന്നു വ്യതിചലിച്ചുള്ള സഞ്ചാരമായതുകൊണ്ടായിരിക്കാം നിലവിലെ ശരീഅത്ത് നിയമങ്ങള്‍ അംഗീകരിക്കാനാവാത്തതാണെന്നും സ്ത്രീകള്‍ക്കെതിരേയുള്ള അനീതിക്കു പരിഹാരമുണ്ടാവണമെങ്കില്‍ ഏക സിവില്‍കോഡ് നടപ്പാവണമെന്നും കേരള ജമാഅത്തെ ഇസ്‌ലാമിയിലെ പ്രമുഖനായൊരു വ്യക്തിത്വം അഭിപ്രായ പ്രകടനം നടത്തിയത്. മുഹമ്മദന്‍ ലോ എന്ന പേരില്‍ ഇന്ത്യയില്‍ മുസ്‌ലിം സ്ത്രീകള്‍ക്കു നേരെ വലിയ അനീതി നടക്കുന്നുണ്ട്; അതിന് സിവില്‍കോഡ് പരിഹാരമാണെങ്കില്‍ അതു വരട്ടെ എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഇന്ത്യന്‍ ഭരണഘടനയുടെ 14 മാര്‍ഗനിര്‍ദേശക തത്വങ്ങളില്‍ 44-ാം ഖണ്ഡിക ഉദ്ധരിച്ചാണു വിവിധ വൃത്തങ്ങളില്‍ നിന്ന് ഏകസിവില്‍കോഡ് വേണമെന്ന വാദം ഉയരുന്നത്. വിവാഹം, വിവാഹമോചനം, പിന്തുടര്‍ച്ചാവകാശം, ദത്തെടുക്കല്‍ തുടങ്ങി പ്രധാനമായും കുടുംബത്തെ സംബന്ധിച്ച മുസ്‌ലിം വ്യക്തി നിയമങ്ങളില്‍ മതാതീതമായി ഏക രൂപം നല്‍കുകയാണ് സിവില്‍കോഡ് വഴി ലക്ഷ്യമാക്കുന്നത്. അത്തരം നിയമങ്ങളുടെ നിര്‍മാണം നടത്തുന്നതിനെ ശക്തമായി പ്രതിരോധിക്കേണ്ട പുതിയ സാഹചര്യത്തില്‍ മാതൃകാ സിവില്‍കോഡിന്റെ പ്രഖ്യാപനം നടക്കട്ടെ എന്നാശിക്കുന്നതിനു പകരം, നിയമ നിര്‍മാണത്തിനു മുന്‍പേ പ്രതിരോധ വലയങ്ങള്‍ തീര്‍ക്കുകയാണു ചെയ്യേണ്ടത്. ഏകീകൃത സിവില്‍ കോഡ് സംഹിത ആര്‍.എസ്.എസിന്റെ സുപ്രധാന അജന്‍ഡയുടെ ഭാഗമാണ്. കശ്മിരിനെ പറ്റിയുള്ള 370-ാം അനുച്ഛേദത്തിന്റെ ഭേദഗതിയും രാംമന്ദിര്‍ നിര്‍മാണവുമാണ് ഈ അജന്‍ഡയുടെ മറ്റു ഭാഗങ്ങള്‍. ഇവയെല്ലാം ഒരു പാക്കേജിന്റെ ഭാഗമായതു കൊണ്ട് അവയെ കാണേണ്ടതും അങ്ങനെ തന്നെയാണ്. മതം സ്വതന്ത്രമായി വിശ്വസിക്കാനും ആചരിക്കാനും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും നമ്മുടെ ഭരണഘടന അവകാശം നല്‍കുന്നുണ്ട്. ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്ന മതസംവിധാന പ്രകിയകളെ അകറ്റി നിര്‍ത്തിയുള്ള പുതിയ കോഡ് നടപ്പാക്കുന്നതിനു വേണ്ടി ഫാസിസ്റ്റ് ഭരണകൂടം ആവതു ശ്രമിച്ചുകൊണ്ടിരിക്കുന്ന സന്ദര്‍ഭത്തിലാണു ചിലര്‍ മാതൃകാസിവില്‍കോഡിന്റെ പ്രഖ്യാപനം കാത്തിരിക്കുന്നത്.മത-ജാതി-ഭാഷാ വൈവിധ്യങ്ങളുടെ നാടായ ഇന്ത്യയില്‍ വൈവിധ്യങ്ങളെ നിയമദ്വാരാ ഏകീകരിക്കുന്നത് അഭിലഷണീയമല്ലെന്നതു കൊണ്ടും ബഹുസ്വരതയുടെ നിരാകരണത്തിലേക്കും ന്യൂനപക്ഷ വിഭാഗങ്ങളുടെ സംസ്‌കാരവും തനിമയും നശിപ്പിക്കുന്നതിലേക്കും പൗരനിയമങ്ങള്‍ ചെന്നെത്തും എന്നതു കൊണ്ടുമാണ് ഇതര മതങ്ങള്‍ കൂടി ഇതിനെ എതിര്‍ക്കുന്നത്. കുടുംബ കാര്യങ്ങള്‍ക്കും സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനും നിലവിലെ ശരീഅത്ത് നിയമങ്ങള്‍ പ്രാപ്തമല്ലെന്നു ചിന്തിക്കുന്നവരാണു പുതിയ സംഹിതകള്‍ തേടിക്കൊണ്ടിരിക്കുന്നത്. ഇസ്‌ലാമിനെ സ്ത്രീ വിരുദ്ധമാക്കിത്തീര്‍ക്കുന്നതിനു പിന്നില്‍ കര്‍മശാസ്ത്ര പണ്ഡിതരും അവരുടെ ഗ്രന്ഥങ്ങളുമാണെന്നാണ് ഇത്തരക്കാരുടെ വക്രവും വ്യാജവും ദുരുപദിഷ്ടവുമായ വിലയിരുത്തല്‍. വിശുദ്ധ ഗ്രന്ഥവും തിരുനബിയുടെ ചര്യയുമാണു കര്‍മശാസ്ത്രത്തിന്റെ പ്രധാന അവലംബങ്ങള്‍ എന്നിരിക്കെ ഭരണകൂട താല്‍പര്യങ്ങള്‍ക്കനുസരിച്ചാണു പണ്ഡിതര്‍ മതവിധികളുണ്ടാക്കിയതെന്ന ഭീമാബദ്ധങ്ങള്‍ എഴുന്നള്ളിക്കപ്പെടുന്നതു പ്രമാണങ്ങളെ കാലോചിതമായി പൊളിച്ചെഴുതണമെന്നു ചിന്തിക്കുന്നതുകൊണ്ടാണ്. മദ്ഹബുകള്‍ ക്രോഡീകരിച്ച ശുദ്ധരും സാത്വികരുമായിരുന്ന ഇമാമുകളും പെട്രോ ഡോളറുകള്‍ കൈപ്പറ്റുന്ന ഉല്‍പതിഷ്ണുക്കളും തമ്മില്‍ കടലും കടലാടിയും തമ്മിലെ ബന്ധമാണുള്ളത്. ശരീഅത്ത് ലോയില്‍ ഇസ്‌ലാമിക വിരുദ്ധതയുണ്ടെന്ന അഭിപ്രായമുണ്ടെങ്കില്‍ അത് മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ചര്‍ച്ച ചെയ്തു കൃത്യതയും സാധുതയും ഏകീകരണവും വരുത്തുകയാണു വേണ്ടത്. ശരീഅത്ത് ലോ തന്നെ മാറ്റിവയ്ക്കണമെന്ന വാദത്തിന് എന്തു പ്രസക്തിയാണുള്ളത്? അതു തന്നെയല്ലേ എലിയെ പേടിച്ച് ഇല്ലം ചുടല്‍? ബഹുഭാര്യത്വവും സ്ത്രീയുടെ അനന്തരാവകാശ നിയമവും ഫിഖ്ഹില്‍ നീതിയുക്തമായി പറയുന്നില്ലെന്നും ഇന്ത്യപോലുള്ള ബഹുസ്വര രാജ്യങ്ങളില്‍ പെണ്ണിനു തുല്യാവകാശങ്ങള്‍ വേണമെന്നും അതിനാണ് ഏകീകൃത നിയമ സംവിധാനത്തെ തേടണമെന്ന് ആഗ്രഹിക്കുന്നതെന്നുമാണ് വാദം നിരത്തിയത്. സ്ത്രീപക്ഷക്കാരെന്നു സ്വയം പരിചയപ്പെടുത്തുന്നവരുടെ വികല വാദങ്ങളെ ഏറ്റുപിടിച്ചാണ് ഇത്തരം അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നത്. ഖുര്‍ആനിലും ഹദീസിലും സ്ത്രീ വിരുദ്ധവാദങ്ങള്‍ എമ്പാടുമുണ്ടെന്നാണ് ഫെമിനിസ്റ്റുകളുടെ വാദം. അതുവച്ച് അവയെല്ലാം പൊളിച്ചെഴുതണമെന്നു നമുക്കു പറയാനാകുമോ ? സ്ത്രീയുടെ സ്വത്തവകാശം നിര്‍ണയിച്ചതു വിശുദ്ധ ഖുര്‍ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തിലാണ്. പുരുഷനു സ്വന്തത്തെയും സ്വകുടുംബത്തെയും സംരക്ഷിക്കണമെന്നതു കൊണ്ടാണു സ്വത്തവകാശത്തില്‍ സ്ത്രീയുടെ ഇരട്ടി നല്‍കാന്‍ ഇസ്‌ലാം കല്‍പിച്ചത്. സ്ത്രീയെ അവഗണിക്കാതെ അവള്‍ക്കും വിഹിതം നല്‍കിയത് ഇസ്‌ലാമില്‍ സ്ത്രീകളോടുള്ള വിശാല സമീപനത്തിന്റെ ഭാഗമാണ്. എന്നിട്ടും ശരീഅത്തില്‍ സമത്വമില്ലെന്നും സ്ത്രീക്കു നീതി ലഭിക്കണമെങ്കില്‍ നിയമങ്ങളില്‍ മാറ്റങ്ങള്‍ വേണമെന്നും അഭിപ്രായപ്പെടുന്നത് ഒട്ടും ശരിയല്ല. ഇനി പ്രമാണങ്ങളിലില്ലാത്ത സ്ത്രീ വിരുദ്ധത ഫിഖ്ഹിലുണ്ടെന്ന വാദമുണ്ടെങ്കില്‍ ഏതൊക്കെയെന്ന് അക്കമിട്ടു പറയാനാകുമോ? മേല്‍പറഞ്ഞ സ്വത്തവകാശം പോലുള്ളവ വ്യക്തമായി ഖുര്‍ആനില്‍ പരാമര്‍ശിച്ചതാണ്. 'ഒരു വിഷയത്തില്‍ അല്ലാഹുവും ദൂതനും ഒരു വിധി പ്രസ്താവിച്ചു കഴിഞ്ഞാല്‍ തങ്ങളുടെ കാര്യത്തില്‍ സ്വേച്ഛാനുസൃതമുള്ള മറ്റൊരു തീരുമാനമെടുക്കാന്‍ ഒരു സത്യവിശ്വാസിക്കും വിശ്വാസിനിക്കും പാടില്ല'( വി.ഖു. 33:36).

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter