മുഖാവരണം ആരാധനയല്ല-വാര്‍ത്ത അല്‍അസ്ഹര്‍ നിഷേധിച്ചു
 width=കൈറോ: മുഖാവരണം ആരാധനയുടെ ഭാഗമല്ലെന്നും കേവലം ആചാരം മാത്രമാണെന്നും സ്ഥാപിക്കുന്ന ഗവേഷണപ്രബന്ധം അംഗീകരിച്ചുകൊണ്ട് ഡോക്ടറേറ്റ് നല്‍കിയതായി ചില പത്രങ്ങളിലും സൈറ്റുകളിലും വന്ന വാര്‍ത്ത തെറ്റാണെന്ന് അല്‍അസ്ഹര്‍ വ്യകത്മാക്കി. പത്രങ്ങളില്‍ തെറ്റായ വാര്‍ത്ത പ്രസിദ്ധീകരിച്ചത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് അല്‍അസ്ഹര്‍ അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. മുസ്ഥഫാ മുഹമ്മദ് റാശിദ് എന്ന ഗവേഷകനാണ് ഈ പ്രബന്ധം സമര്‍പ്പിച്ചതെന്നും ഇതില്‍ മുഖാവരണം ഇസ്‌ലാം മതപരമായി നിര്‍ബന്ധമാക്കുന്നില്ലെന്ന് സ്ഥാപിക്കുന്നുവെന്നുമൊക്കെ ചില സൈറ്റുകള്‍ പുറത്തുവിട്ടിരുന്നു. ഈ പ്രബന്ധം അല്‍അസ്ഹര്‍ അംഗീകരിച്ച് ഗവേഷകന് ഡോക്ടറേറ്റ് നല്‍കിയെന്നത് സാധാരണ മുസ്‌ലിംകള്‍ക്കിടയില്‍ ഒട്ടേറെ തര്‍ക്കങ്ങള്‍ക്കും ആശയക്കുഴപ്പങ്ങള്‍ക്കും കാരണമായിരുന്നു. പ്രസ്തുത വ്യക്തി അത്തരം ഒരു പ്രബന്ധമേ സമര്‍പ്പിച്ചിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. തെറ്റിദ്ധാരണക്ക് ഇടനല്‍കും വിധം വാര്‍ത്തകള്‍ പുറത്തുവിട്ടതിനെ അയാളെ ചോദ്യം ചെയ്യുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം മതകീയ കാര്യങ്ങളിലെ പ്രഥമ അവലംബമാണ് അല്‍അസ്ഹര്‍ എന്നും ആ വിശ്വാസം കാത്തുസൂക്ഷിക്കാന്‍ തങ്ങള്‍ എന്നും പ്രതിജ്ഞാബദ്ധരായിരിക്കുമെന്നും അധികൃതര്‍ ഒരിക്കല്‍ കൂടി വ്യക്തമാക്കി. അതിന് കളങ്കമേല്‍പിക്കുന്ന യാതൊരു നടപടിയും തങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാവില്ലെന്നും വിരുദ്ധമായി നടക്കുന്ന ഏതു പ്രചാരണത്തെയും ആവും വിധമൊക്കെ പ്രതിരോധിക്കുമെന്നും അവര്‍ അറിയിച്ചു. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് അവയുടെ സത്യസന്ധത ഉറപ്പുവരുത്തേണ്ട ബാധ്യത കൂടി പത്രങ്ങള്‍ക്കുണ്ടെന്നും അത് നിറവേറ്റുമ്പോള്‍ മാത്രമാണ് യഥാര്‍ത്ഥ പത്രധര്‍മ്മത്തിന്റെ പൂര്‍ത്തീകരണം ആവന്നുള്ളുവെന്നും പത്രക്കുറിപ്പില്‍ ഊന്നിപ്പറയുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter