അയര്‍ലന്‍റില്‍ ദൈനംദിനം ഇസ്‌ലാം മുന്നേറുകയാണ്
അയര്‍ലന്‍റില്‍ ദ്രുതഗതിയല്‍ വ്യാപിച്ചു കൊണ്ടിരിക്കുന്ന മതമാണ് ഇസ്‌ലാം. 2011 ലെ കണക്കുകള്‍ പ്രകാരം48,130 പേരാണ് ഇവിടെ പുതുതായി ഇസ്‌ലാം സ്വീകരിച്ചത്. 2020 ഓടെ ഇത് ഒരു ലക്ഷത്തിലേക്ക് കുതിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 3.8 മില്യന്‍ വരുന്ന കത്തോലിക്കരില്‍ 34 ശതമാനം മാത്രമാണ് അയര്‍ലന്റില്‍ കുര്‍ബാനയില്‍ പങ്കെടുക്കുന്നത്. സാമൂഹിക ദര്‍ശനാധിഷ്ഠിത ജീവിതം നയിക്കുന്ന ഇസ്‌ലാമിക വിശ്വാസികളെയും പ്രമാണങ്ങളെയുമാണ് അവിടെ പലരും തങ്ങളുടെ ആത്മീയ നിര്‍വൃതിക്കായി കണ്ടെത്തുന്നത്.
വര്‍ഷം പ്രതി ശരാശരി 500 ഐറിഷുകാര്‍ ഇസ്‌ലാമിലേക്ക് കടന്നു വരുന്നു. ഇസ്‌ലാമാശ്ലേഷണത്തിന് ഔദ്യോഗിക രജിസ്‌ട്രേഷനോ മാമോദീസ സമ്പ്രദായമോ ഇല്ലാത്തതിനാലും രണ്ട് മുസ്‌ലിം സാക്ഷികള്‍ക്ക് മുമ്പില്‍ സാക്ഷ്യവാചകങ്ങള്‍ ചൊല്ലേണ്ടതുള്ളൂവെന്നതിനാലും കണക്കുകള്‍ ഇതിലും ഉയരുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.പതിവുപോലെ, പുരുഷന്‍മാരെക്കാള്‍ സ്ത്രീകളാണ് ഇസ്‌ലാമില്‍ ആകൃഷ്ടരാകുന്നവരിലധികവും. വൈയക്തികകാരണങ്ങളുണ്ടെങ്കിലും വിവാഹാവശ്യാര്‍ത്ഥം മതം മാറുന്നവരും കൂട്ടത്തിലുണ്ട്.
അയര്‍ലാന്റിലെ മുസ്‌ലിം സമൂഹം പൊതുവെ സമൃദ്ധമാണ്. ഡുബ്ലിനിന്റെ ഉത്തരഭാഗത്ത് ക്ലോംഗ്രിഥിനില്‍ രാജ്യത്തിന്റെ ഏറ്റവും വലിയ ഇസ്‌ലാമിക സാസ്‌കാരിക കേന്ദ്രത്തിന്റെ കെട്ടിട നിര്‍മാണം അടുത്തവര്‍ഷം തുടങ്ങാനിരിക്കുന്നു. പള്ളികളും പ്രാഥമിക മതപാഠശാലകളും രാജ്യത്തിന്റെ ഓരോ പ്രധാന നഗരങ്ങളെയും കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്. ഫ്രാന്‍സിലേത് പോലെ സ്‌കൂളുകളില്‍ ഹിജാബ് നിരോധനമോ മറ്റു പരിമിതികളോ അയര്‍ലന്റിലില്ല എന്നതും ഏറെ ഗുണകരമാണ്. ഇത് രാജ്യത്തെ ന്യൂനപക്ഷ സമൂഹത്തിന്റെ പുരോഗതിക്ക് ആക്കം കൂട്ടാന്‍ ഏറെ സഹായകമാണ്.
ഐറിഷ് മുസ്‌ലിം വനിതകള്‍ നേതൃത്വം നല്‍കുന്ന Muslim Sisters of Eire എന്ന സംഘടനയും താത്വികനായ ഡോ.അലി സാലിം പുതുമുസ്‌ലിംകള്‍ക്കായി നടത്തുന്ന ക്ലോന്‍ഗ്രിഫിനിലെ (ഡുബ്ലിന്‍) Islamic Cultural Center പുതു വിശ്വാസികള്‍ക്ക് അകമഴിഞ്ഞ പിന്തുണ നല്‍കുന്നുണ്ട്. ഇസ്‌ലാമിലേക്ക് കടന്നുവരുന്നവരില്‍ കൂടുതല്‍ ആവേശവും ഉന്മേഷവും പ്രകടമാണെന്നും അവര്‍ക്ക് ആശങ്കകളൊന്നും തന്നെയില്ലെന്നും ഡോ സാലിം പറയുന്നു. ഇസ്‌ലാമിന്റെ ഒരു ലഘു വിവരണമാണ് ആദ്യമായി അവര്‍ക്ക് ഞങ്ങള്‍ നല്‍കുന്നത്. ക്രമേണ ജീവിതത്തില്‍ സംതൃപ്തിയും സമാധാനവും അതിലേറെ ആത്മനിര്‍വൃതിയും കൈവരിക്കാന്‍ മനുഷ്യന് എങ്ങനെ സാധിക്കുമെന്ന് പഠിപ്പിക്കുന്നതില്‍ ഞങ്ങള്‍ക്ക് വിജയിക്കാനായിട്ടുണ്ട്.
ആയിശ, (ലിസ എന്നാണ് പൂര്‍വനാമം) കോള്‍ഫീല്‍ഡ് (36വയസ്സ്, ശിശും സംരക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥ)
ആയിശ വളര്‍ന്നത് ഡബ്ബിന്‍ 4 എന്ന ഐറിഷ് പട്ടണത്തിലാണ്. 12 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ആയിശ ഇസ്‌ലാമിനെക്കുറിച്ച് അറിയാനിടയായതും കൂടുതല്‍ പഠിക്കണമെന്ന് തീരുമാനിച്ചതും. സാമൂഹ്യ രംഗത്ത് പ്രകടമായ ഐറിഷ് ജീവിത രീതിയല്ലായിരുന്നു ലിസയുടേത്. പൊതു ജനത്തെപ്പോലെ അവര്‍ക്ക് നിശാ ക്ലബ്ബുകളോടോ കള്ളുശാപ്പുകളോ ഒരു നിലക്കും യോജിക്കാനായിരുന്നില്ല. സ്വച്ഛന്ദമായ ജീവിത ശൈലിയോടും മൂല്യാധിഷ്ഠിതമായ ജീവിതരീതിയോടും യോജിക്കുന്ന ഒരു കൂട്ടം ആളുകള്‍ ഉണ്ടായിരിക്കണമെന്ന് അവര്‍ എപ്പോഴും ആഗ്രഹിച്ചു.
എവിടേയോ സ്വസ്ഥതയുടെ ഒരു തുണ്ട് നഷ്ടപ്പെട്ടിരുന്നതായി അവര്‍ മനസ്സിലാക്കി. കേവലമൊരു ജീവിതത്തിലുപരി താനെന്തെന്നും എങ്ങനെയെന്നും ചിന്തിക്കാതിരിക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. തുടര്‍ന്നങ്ങോട്ട് അസ്തിത്വത്തെ അന്വേഷിച്ചുള്ള യാത്രയിലായിരുന്നു. ആ യാത്ര എത്തിച്ചേര്‍ന്നത് ഇസ്‌ലാമാശ്ലേഷണത്തിലും.
അവര്‍ പറയുന്നു; ഗവേഷണങ്ങളുടെ നൈരന്തര്യങ്ങള്‍ക്കൊടുവില്‍ ഇസ്‌ലാമിനരികെ ഞാനെത്തിയെങ്കിലും തുടക്കത്തില്‍ ബോധപൂര്‍വം പുറം തിരിഞ്ഞ് നില്‍ക്കുകയാണുണ്ടായത്. ജീവിതത്തില്‍ വഴിത്തിരിവ് സൃഷ്ടിച്ച 9/11 അക്രമണ ശേഷം കൂടുതല്‍ ജിജ്ഞാസയോടെയും നിഷ്പക്ഷമായും ഇസ്‌ലാമിനെ സമീപിക്കേണ്ടതിന്റെ ആവശ്യകത ഞാന്‍ സ്വയം മനസ്സിലാക്കി. ഇപ്പോള്‍ ഞാന്‍ മുസ്‌ലിമാണ്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് സത്യവാചകം ചൊല്ലി ഇസ്‌ലാം സ്വീകരിച്ചതിന് ശേഷം മൗറീഷ്യസില്‍ നിന്ന് ഒരു മുസ്‌ലിം സഹോദരനുമായി കഴിഞ്ഞ വര്‍ഷം വിവാഹിതയാവുകയും ചെയ്തു.
ഞാന്‍ സത്യവാചകം ചൊല്ലിയപ്പോള്‍ എന്റെ പിതാവും അതിന് പിന്തുണ അറിയിച്ചു. എന്റെ കുടുംബം തന്നെ എനിക്ക് ഹിജാബ് വാങ്ങി തരുകയും അവരുടെ സമ്പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു. എല്ലാ ഞാറാഴ്ച്ചയും ഖുര്‍ബാനക്ക് പോകുന്ന ഒരു മതബോധവും ഭക്തിയുമുള്ള കത്തോലിക്ക സഭാംഗമാണ് അദ്ദേഹം.
ഞാന്‍ പരിപൂര്‍ണ സന്തുഷ്ടയാണ്. ഇസ്‌ലാം ശാന്തവും സുന്ദരവുമായ ജീവിത സപര്യയാണ്. ഐക്യത്തിന്റെ ഉന്നതമായ ഉദാഹരണമാണ് ഇസ്‌ലാം. സൂര്യോദയത്തിനും അസ്തമയത്തിനുമനുസരിച്ച് പ്രാര്‍ത്ഥനാ സമയം മാറുന്ന മതമാണ് നമ്മുടേത്. ലോകത്തിന്റെ ഒരു വലിയ ഭാഗം വരുന്ന മുസ്‌ലിംകളെല്ലാം ഒരേ സമയത്ത് മക്കയെ കേന്ദ്രമാക്കി പ്രാര്‍ത്ഥിക്കുകയാണ്. മുഖം ഭൂമിയോട് ചേര്‍ത്ത് എല്ലാം നാഥനില്‍ സമര്‍പിക്കുന്ന സാഷ്ടാംഗം. അത് വല്ലാത്തൊരു അനുഭവം തന്നെ! അനിര്‍വചനീയമാണതിന്റെ നി
എന്റെ പ്രായത്തില്‍ ഏറ്റവും വലിയ മാറ്റം ഹിജാബ് ധരിക്കുക എന്നതുതന്നെയാണ്. ഞാന്‍ മുഖമറ ധരിക്കുന്നത് എന്റെ ദൈവത്തിനുള്ള ആരാധനയായിട്ടാണ്. എന്റെ ഭര്‍ത്താവിനോടും കുടുംബത്തിലെ പുരുഷാംഗങ്ങളോടും വിനയത്തോടെ പെരുമാറാന്‍ ഹിജാബ് എന്നെ ഏറെ സഹായിക്കുന്നു. എന്റെ മുടിയിഴകളും ശരീരവുമാണെന്റെ സൗന്ദര്യം. അത് എല്ലാവര്‍ക്കും പ്രദര്‍ശിപ്പികാനുള്ളതല്ല എന്ന എന്റെ മതത്തിന്റെ ആശയം സുന്ദരവും സത്യവുമാണ്.ര്‍വൃതി.
അമുസ്‌ലിം സഹോദരങ്ങളുമായി ഇസ്‌ലാമിനെ പങ്ക് വെക്കാന്‍ അവസരം സൃഷ്ടിക്കുകയെന്ന ലക്ഷ്യം കൂടിയുണ്ട് ഹിജാബ് ധരിക്കുന്നതിന്റെ പിന്നില്‍. സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നോ മറ്റോ ഞാന്‍ സംസാരിക്കുമ്പോള്‍ എന്റെ റിങ്‌സെന്റ്(ഐര്‍ലന്റിലെ ഒരു പ്രദേശം)സംസാര ശൈലി കേട്ട്, നിങ്ങള്‍ ഇവിടെ വന്നിട്ട് കുറെ നേരമായല്ലോയെന്ന് മറ്റുള്ളവര്‍ ചോദിക്കും. ഞാന്‍ പറയും; സുഹൃത്തെ, ഞാനും ഒരു ഐര്‍ലന്റുകാരിയാണ്. ഞങ്ങളെ പേടിക്കാനൊന്നുമില്ല. ഒന്നുമില്ലെങ്കില്‍ നാമെല്ലാം മനുഷ്യരല്ലേ. ഒരേ വഴിക്ക് പോവുകയും വരുകയും ചെയ്യുന്നവരാണല്ലോ നമ്മള്‍. ഇങ്ങനെ ബോധപൂര്‍വം നമ്മുടെ വിശ്വാസവും സ്വഭാവരീതിയും പങ്ക് വെക്കാന്‍ എനിക്ക് പലയിടത്തും അവസരം ലഭിക്കാറുണ്ട്.
ആഡംബര രഹിതമായ വസ്ത്രങ്ങളാണ് ഞാന്‍ ധരിക്കാറ്. ശരീരത്തിന്റെ അംഗലാവണ്യം അന്യരെ പ്രദര്‍ശിപ്പിക്കുന്നതിനോട് ഒരുനിലക്കും എനിക്ക് യോജിക്കാനാവുന്നില്ല. ശരീരം മറച്ചു പിടിക്കുന്നതിന്റെ പേരില്‍ ഐര്‍ലന്റില്‍ എന്നെ പോലുള്ളവര്‍ നേരിടുന്ന ഭീഷണിയെ ഞാന്‍ വകവെക്കുന്നില്ല. രിഹാനയെ പോലെ പതിനൊന്നും പന്ത്രണ്ടും പ്രായ
മായ പെണ്‍കുട്ടികള്‍ മാറും നാണവും തുറന്നിട്ട് നടക്കുന്നതിന്റെ വീഡിയോകള്‍ ലഭ്യമാണ്. പോള്‍ ഡാന്‍സിങ്ങിനായി ക്ലബ്ബുകളിലും ബാറുകളിലും കയറിയിറങ്ങുന്ന സത്രീകളും കുറവല്ല. ഇതെല്ലാം ചെയ്താലേ തനിക്ക് ഭര്‍ത്താവിനെ ലഭിക്കൂ എന്ന മിഥ്യാധാരണയാണ് പലരെയും പൊതുധാരയുടെ ഒഴുക്കിനൊത്ത് നീന്താന്‍ പ്രേരിപ്പിക്കുന്നത്. നാം പ്രദര്‍ശിപ്പിക്കുന്ന ശരീരഭംഗിയുടെ തോതനുസരിച്ചല്ല, നമ്മുടെ വ്യക്തിത്വത്തിന്റെ മാഹാത്മ്യമനുസരിച്ചാണ് നാം വിലയിരുത്തപ്പെടേണ്ടത്. യഥാര്‍ത്ഥത്തില്‍ സ്വകാര്യതയാണ് നമ്മുടെ സൗന്ദര്യമെന്ന് മനസ്സിലാവാതെ പോവുന്ന സ്ത്രീകളാണ് ഭൂരിപക്ഷവും.
ആളുകള്‍ മുസ്‌ലിം സ്ത്രീകളെ നോക്കി അടിച്ചമര്‍ത്തപ്പെട്ടവളെന്നോ അവകാശം ധ്വംസിക്കപ്പെട്ടവളെന്നോ വിധിയെഴുതുന്നത് ശരിയാണെന്നെനിക്ക് തോന്നിയിട്ടില്ല. ഞാന്‍
വിവാഹിതയായപ്പോള്‍ ഭര്‍ത്താവിന്റെ കുടുംബം എനിക്ക് ഒരു വളയും സ്വര്‍ണകമ്മലും പണവും ഭൂമിയും നല്‍കിയിരുന്നു. എന്നാല്‍ മാധ്യമങ്ങളില്‍ ഇതിന് വിപരീതമായി ഇസ്‌ലാമിനെ കുറിച്ചും അനുയായികളെക്കുറിച്ചും മോശം സന്ദേശമാണ് നല്‍കപ്പെടുന്നത്. എനിക്ക് പറയാനുള്ളത്, സംസ്‌കാരത്തെയും വിശ്വാസത്തെയും പരസ്പരം ഇഴകലര്‍ത്തരുതെന്ന് മാത്രമാണ്.
ബ്രിഗറ്റ് ഡാര്‍(68 വയസ്സ്, റിട്ട. ഹോട്ടല്‍ മാനേജര്‍)
ഞാന്‍ ജനിക്കുന്നത് 'ട്രിമി'ല്‍ ഒരു കത്തോലിക്കന്‍ കൂടുംബത്തിലാണ്. 1950 കളിലെ എന്റെ കുട്ടിക്കാലം. ദൈവത്തെ ഒരു ഭീകരജീവിയെന്നോണം ചിത്രീകരിച്ച് മുതിര്‍ന്നവര്‍ ഞങ്ങളെ പലപ്പോഴും ഭയവിഹ്വലരാക്കി. തെറ്റുകള്‍ വല്ലതും ചെയ്താല്‍ ദൈവം നിന്നെ ശിക്ഷിക്കുമെന്നും തീകുണ്ഡാരമായിരിക്കും നിനക്കുള്ള സമ്മാനമെന്നുമൊക്കെ കേട്ടാണ് പലരെയും പോലെ ഞാനും വളര്‍ന്നത്.
18--ാം വയസ്സില്‍ ഞാന്‍ നെഴ്‌സിംഗ് പഠനത്തിനായി ഇംഗ്ലണ്ടിലേക്ക് തിരിച്ചു. അവിടെ നിന്നും Royal Air Force ലെ ഒരു ഇംഗ്ലീഷുകാരനോട് സംവദിക്കാന്‍ അവസരം കിട്ടി. തീര്‍ത്തും സുരക്ഷാപരമായി ആശങ്ക നിറഞ്ഞ സമയമായിരുന്നു ആ കാലം. സ്വാഭാവികമായും ഞാന്‍ അയാളുമായി പ്രണയത്തിലായി. അധികം വൈകാതെ വിവാഹാഭ്യാര്‍ത്ഥന നടത്തി. അദ്ദേഹം ഒരു കത്തോലിക്കനായിരുന്നില്ല. അതിനാല്‍ തന്നെ ഞങ്ങള്‍ തമ്മില്‍ ചില മതകീയ നിയന്ത്രണങ്ങള്‍ പാലിക്കാന്‍ നിര്‍ബന്ധിതരായി.
ഒരിക്കല്‍ ഞാന്‍ പുരോഹിതനെ കാണാന്‍ വേണ്ടി പോയതായിരുന്നു. സ്ഥലത്തെത്തിയ എന്നോട് പുരോഹിതന്‍ ചോദിച്ചു. നീ വസ്ത്രം ധരിച്ചിട്ടുണ്ടോ? വസ്ത്രങ്ങളെ കുറിച്ച് അന്വേഷിച്ച ശേഷം അയാള്‍ എന്നെ ഞെട്ടിക്കുമാറ് ചോദിച്ചത് ഇങ്ങനെയായിരുന്നു. നീ പുതിയ അടിവസ്ത്രം ധരിച്ചിട്ടുണ്ടോ?. ഇരിപ്പിടത്തില്‍ നിന്നും പരുങ്ങിപ്പോയ ഞാന്‍ എങ്ങനെക്കൊയോ ഉത്തരങ്ങള്‍ പറഞ്ഞൊപ്പിച്ചു. ശേഷം അയാളെന്നോട് ചോദിച്ചു. പുതിയ അരഞ്ഞാണം കെട്ടിയിട്ടുണ്ടോ ? ഞാനിതുവരെ ഒരു അരഞ്ഞാണവും കണ്ടിട്ടില്ല. നിന്റേത് ഒന്ന് കണ്ടാല്‍ കൊള്ളാമായിരുന്നു. ഞാനാകെ തകര്‍ന്നുപോയി. അതിനൊന്നും തയ്യാറാവാതെ ഞാന്‍ പുറത്തിറങ്ങി. അപ്പോഴും ഞാന്‍ വിറക്കുന്നുണ്ടായിരുന്നു.
അതിന് ശേഷം ഞാനൊരു തീരുമാനമെടുത്തു. വിവാഹ ശേഷം ഒരു കത്തോലിക്കന്‍ ചര്‍ച്ചിലേക്കും പോവില്ലെന്ന്. ശേഷം ഇന്നേ വരെ ഞാന്‍ ചര്‍ച്ചില്‍ പോയിട്ടില്ല. ഞങ്ങള്‍ വിവാഹിതരായി, ഞങ്ങള്‍ക്ക് ഒരു കുട്ടിയുമുണ്ടായി. സൈപ്രസിലും ഓസ്‌ട്രേലിയയിലും മാറിമാറി താമസിച്ചു. 15 വര്‍ഷത്തിനു ശേഷം ഞങ്ങള്‍ വിവാഹമോചിതരായി.
വര്‍ഷം1985. ഞാന്‍ അമേരിക്കയിലേക്ക് തിരിക്കാനുള്ള ഒരുക്കത്തിലാണ്. എനിക്കിപ്പോള്‍ മതങ്ങളൊന്നും കൂട്ടില്ല. അപ്രതീക്ഷിതമായി എന്നെ പിടിച്ചുലച്ച ആ അനുഭവത്തിന് ശേഷം മതങ്ങളോടുള്ള ആഭിമുഖ്യം നഷ്ടപ്പെട്ട പോലെ. പക്ഷെ ഞാന്‍ ദൈവത്തില്‍ വിശ്വസിച്ചുവെന്ന കാരണത്താല്‍ ഞാനൊരു ഉത്തമ മനുഷ്യനാണെന്നെനിക്കുറപ്പുണ്ട്.
2006-ല്‍ ഒരു അവധിക്കാലം ആഘോഷിക്കാന്‍ ഞാന്‍ കൈറോയിലേക്ക് പോയി. അറിയാതെയോ അറിഞ്ഞോ അതെന്റെ ജീവിതത്തില്‍ വഴിത്തിരിവ് സൃഷ്ടിച്ചു. അവിടെ വെച്ചാണ് ഞാന്‍ ഇസ്‌ലാമുമായി പരിചയപ്പടുന്നത്. ഒരു അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കവെ തന്റെ വീട് സന്ദര്‍ശിക്കാന്‍ ആഗ്രഹമുണ്ടോ എന്ന് ഉടമ വന്ന് എന്നോടന്വേഷിച്ചു. അവരും ഭര്‍ത്താവും എന്നേയും കൊണ്ട് യാത്രതിരിച്ചു. തങ്ങളുടെ ഫാമിലെ ജോലിക്കാര്‍ ഒരു പടിഞ്ഞാറന്‍ സ്ത്രീയെ മുമ്പ് കണ്ടിട്ടില്ല എന്നതിനാല്‍ നന്നായി ശരീരം മറക്കാന്‍ അവര്‍ എന്നോട് നിര്‍ദ്ദേശിച്ചു.
ഞാന്‍ കാറിന്റെ പിന്‍വശത്ത് കയറി. ദൈവത്തില്‍ വിശ്വസിക്കുന്നുണ്ടോ എന്നവര്‍ എന്നോടന്വേഷിച്ചു. ഉണ്ടെന്ന് പറഞ്ഞ എന്നോട് ഏക ദൈവത്തില്‍ വിശ്വസിക്കുന്നുവോ എന്നതായിരുന്നു അടുത്ത ചോദ്യം. ഏകദൈവത്തില്‍ തന്നെ വിശ്വസിക്കുന്നുവെന്ന എന്റെ ഉത്തരത്തില്‍ അവര്‍ ശരിക്കും അത്ഭുതപ്പെടുകയായിരുന്നു. തന്റെ ഭര്‍ത്താവുമായി ആ സ്ത്രീ അറബിയില്‍ എന്തൊക്കേയോ സംസാരിച്ചു. ശേഷം അവര്‍ എനിക്ക് ചൊല്ലിത്തന്നു. മുഹമ്മദ് (സ) അല്ലാഹുവിന്റെ ദൂതനാണ്. അല്ലാഹു ഏകനാണ്. ശേഷം ഞാന്‍ അവരുടെ വീട്ടില്‍ കടന്നു ചെന്നു. ഇസ്‌ലാമിലെ അഞ്ച് മൗലിക അടിത്തറകളെ കുറിച്ച് അവര്‍ എനിക്ക് വശദീകരിച്ചു തന്നു. തന്റെ ഫാമിനു ചുറ്റും എന്നെ നടത്തി, ദിവസവും അഞ്ചുനേരം നിസ്‌കരിക്കുന്ന സ്ഥലവും അവര്‍ എനിക്ക് കാണിച്ചു തന്നു.
ഞാന്‍ നൈല്‍ നദിക്കരയിലൂടെ നടന്നു. തണുത്ത വെള്ളത്തിലൂടെ അങ്ങനെ നടക്കാന്‍ വല്ലാത്ത രസം തോന്നി. അപ്പോഴും എന്റെ ചിന്ത ആ കുടുംബത്തെ കുറിച്ചായിരുന്നു. അവരുടെ ജീവിത സമുദ്രത്തിന്റെ പ്രശാന്തമായ ഒഴുക്കിനെ വര്‍ണിക്കാന്‍ എന്റെയടുത്ത് വാക്കുകളില്ലായിരുന്നു. മനോഹരമായിരുന്നു അവരുടെ പെരുമാറ്റം. അന്ന് കാലത്ത് വരെ ഇസ്‌ലാം ഒരു ഭീകര മതമാണെന്നായിരുന്നു എന്റെ വിശ്വാസം. എന്നാല്‍ വൈകുന്നേരമായപ്പോഴേക്കും എന്റെ ധാരണകളെ എനിക്ക് തിരുത്തേണ്ടി വന്നു. ഒരു മതത്തിലും വിശ്വസിക്കാതെ കഴിഞ്ഞിരുന്ന കാലത്ത് പോലും ഏതോ ഒരു ശക്തി എന്നെ നയിക്കുന്നതായി എനിക്ക് തോന്നിയിരുന്നു . അല്ലാഹു എന്റെ കൂടെ ഉണ്ടായിരുന്നെന്ന് ഇസ്‌ലാം സ്വീകരിച്ച ശേഷമാണ് എനിക്ക് മനസ്സിലായത്.
ഞാന്‍ വീണ്ടും ഐര്‍ലന്റില്‍ തിരിച്ചെത്തി. പക്ഷെ ഞാനൊരു മുസ്‌ലിമാണെന്ന് ഉറക്കെപ്പറയാന്‍ ആഗ്രഹിച്ചില്ല. ആളുകള്‍ ഈ മതത്തെ പേടിക്കുന്നതായി ഞാനറിഞ്ഞിരുന്നു. സമാധാനമല്ല വെറും അക്രമം മാത്രമാണ് ഇസ്‌ലാമിലുള്ളതെന്ന് ജനം അന്ധമായി വിശ്വസിച്ചിരുന്നു. അല്‍ഖാഇദയുടെ ബോംബാക്രമണം അമേരിക്കയില്‍ ടവറുകള്‍ തകര്‍ത്തുവെന്ന വാര്‍ത്തയായിരുന്നു അപ്പോള്‍ മാധ്യമങ്ങള്‍ക്ക് കൊഴുപ്പേകിയിരുന്നത്.
അധിക നിയന്ത്രണങ്ങളും വരുന്നത് സാംസ്‌കാരികതലത്തില്‍ നിന്നാണ്. മതകീയ മേഖലയില്‍ നിന്നല്ല. ഞാനെപ്പോഴും ഹിജാബ് ധരിക്കാറില്ല. പക്ഷെ, പള്ളിയില്‍ പോവുമ്പോള്‍, ശൈഖിനെ കാണാന്‍ പോകുമ്പോള്‍,ഒരു മുസ്‌ലിം സുഹൃത്തിന്റെ നാട്ടിലേക്ക് തിരിക്കുമ്പോഴൊക്കെ ഞാന്‍ ഹിജാബ് ധരിക്കാറുണ്ട്.
എനിക്കിപ്പോള്‍ ഒരു ലക്ഷ്യമുണ്ട്, ഒരു വിശ്വാസമുണ്ട്, കൃത്യയമായ ആദര്‍ശമുണ്ട്, പുതിയ കൂട്ടുകാരുണ്ട്. ദൈവ വിശ്വാസം സുരക്ഷിതത്വ ബോധം തരുന്നു എന്നത് സത്യമാണ്. ചിലപ്പോള്‍ നഷ്ടപ്പെടാറുണ്ടെങ്കിലും ദിവസവും അഞ്ചുനേരം നിസ്‌ക്കരിക്കാന്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. എന്റെ കിടപ്പറക്കരികെത്തന്നെ ഞാന്‍ ഖുര്‍ആന്‍ വെച്ചിട്ടുണ്ട്. എന്റെ ഹൃദയം നിറയെ ഇസ്‌ലാമാണ്. മുസ്ലിമാണെന്ന് തെളിയിക്കാന്‍ അങ്ങാടിയില്‍ ചെന്നുനിന്ന് ഖുര്‍ആന്‍ വീശിക്കാണിക്കേണ്ടതില്ലല്ലോ? ഇസ്‌ലാം എനിക്കിപ്പോള്‍ സൗരഭ്യമാണ്.
ഫിലിപ്പ് ഫ്‌ലൂഡ്, (60 വയസ്സ്, ലഹരി വിരുദ്ധ പ്രവര്‍ത്തകന്‍)
ഡുബ്ലിനിലെ റിംഗ്‌സെന്റിലാണ് ഞാന്‍ താമസിക്കുന്നത്. 12 വര്‍ഷം മുമ്പാണ് ഞാന്‍ ഇസ്‌ലാം സ്വീകരിച്ചത്. ഇസ്‌ലാമിനെക്കുറിച്ച് പഠനം തുടങ്ങുന്നതിന് അഞ്ചു വര്‍ഷം മുമ്പ് ഞാനൊരു ബുദ്ധ വിശ്വാസിയായിരുന്നു. മദ്യത്തിനും മയക്കു മരുന്നിനും അടിമപ്പെട്ടവര്‍ക്ക് 12 ഘട്ടങ്ങളിലായി നടത്തുന്ന ഒരു സമഗ്ര പരിപാടിയിലായിരുന്നു ഞാന്‍. ഞാനന്ന് വിവാഹം കഴിച്ചിരുന്നില്ല. ഔദ്യോഗിക പ്രവര്‍ത്തന ശേഷം കപ്പലിലും ഞാന്‍ ജോലി നോക്കിയിരുന്നു.
ദൈവവുമായുള്ള ബന്ധം സുദൃഢമാക്കാന്‍ പ്രാര്‍ത്ഥനയെയും ധ്യാനത്തെയും ആശ്രയിക്കുക എന്നായിരുന്നു ഞങ്ങളുടെ പ്രോഗ്രാമിന്റെ ആശയങ്ങളിലൊന്ന്. ഈയിടെയാണ് ലോകത്തിലെ എല്ലാ മതങ്ങളെയും എനിക്ക് പരിചയപ്പെടേണ്ടി വന്നത്.
അധികമാളുകളും ജനിച്ചു വളര്‍ന്ന സാഹചര്യത്തോട് പൊരുത്തപ്പെടുകയും അതില്‍ ലയിച്ചുചേരുകയും ചെയ്യുന്നു. മനുഷ്യരില്‍ ഭൂരിഭാഗവും സത്യാസത്യങ്ങള്‍ അറിഞ്ഞുകൊണ്ടല്ലെങ്കിലും അമ്മയുടെ മതത്തെ പിന്തുടരുന്നതും ഇതിന്റെ ഭാഗമാണ്. പക്ഷെ അതില്‍ നിന്നും വ്യത്യസ്തനായി എനിക്ക് എന്റെ പൂര്‍വികരുടെ കത്തോലിക്കന്‍ തത്ത്വങ്ങളുമായി യോജിക്കാനായില്ല. അതില്‍ ഞാന്‍ സംതൃപ്തനുമായിരുന്നില്ല. എന്റെ മാതാപിതാക്കള്‍ കത്തോലിക്കരായിരുന്നു. എനിക്ക് വേണ്ടി അവര്‍ ദിവ്യബലി നടത്തിയിരുന്നു. പള്ളിയില്‍ നിന്നും അംഗത്വം നേടിയിരുന്ന ഞാന്‍ ഖുര്‍ബാനക്ക് പോയിരുന്നു. എനിക്ക് സുഹൃത്തുകളായി പുരോഹിതരും കന്യാസ്ത്രീകളുമുണ്ട്. എങ്കിലും കുരിശില്‍ തറക്കപ്പെട്ട ക്രിസ്തുവിന്റെ പേരിലുള്ളതില്‍ എനിക്ക് വിശ്വാസം വന്നില്ല. അത് ശരിയാണെന്ന് എനിക്ക് തോന്നിയതുമില്ല. യേശുവില്‍ ഞാന്‍ വിശ്വസിച്ചു. പക്ഷെ, അദ്ധേഹം കുരിശിലായി മരിച്ചു എന്നതിലെ അനൗചിത്യം എന്നെ പലപ്പോഴും ചൊടിപ്പിച്ചു.
സാന്റിമൗണ്ട് സ്ട്രാന്റിലൂടെ ഒരു വെള്ളിയാഴ്ച്ച സായാഹ്ന സവാരി ചെയ്യുന്നതിനിടെയാണ് ലിബിയയില്‍ നിന്നുമെത്തിയ ദമ്പതികളെ ഞാന്‍ കണ്ടത്. അന്ന് ബുദ്ധ വിശ്വാസിയായതിനാല്‍ തന്നെ ബുദ്ധനെക്കുറിച്ചും അദ്ദേഹത്തിന്റെ അധ്യാപനങ്ങളെക്കുറിച്ചും ഞാനവരോട് പറഞ്ഞു. ഇസ്‌ലാമിനെക്കുറിച്ച് അവരെന്നോടും പങ്ക് വെച്ചു. അവരുടെ ഫ്‌ളാറ്റിലേക്ക് അവരെന്നെ ക്ഷണിച്ചു. വിവധ വിഷയങ്ങളെക്കുറിച്ച ഞങ്ങള്‍ ചര്‍ച്ച ചെയതു.
അവരെ സന്ദര്‍ശിക്കലും അവരുമൊത്ത് ചായ കുടിക്കലുമെല്ലാം ഒരു പതിവാണെനിക്കിപ്പോള്‍. ഒരിക്കല്‍ അവര്‍ എന്നെ പള്ളിയിലേക്ക് ക്ഷണിച്ചു. സാധാരണ ഭക്ഷണത്തിന് ഓര്‍ഡര്‍ ചെയ്യാറുള്ള നഗര മധ്യത്തിലുള്ള പാകിസ്ഥാനി കടയില്‍ നിന്നും ആഴ്ചകള്‍ക്ക് മുമ്പ് ഒരു ഖുര്‍ആന്‍ ഞാന്‍ വാങ്ങിയിരുന്നു. അവിടെ നിന്ന് പലപ്പോഴും മതപരമായ ചര്‍ച്ചകളില്‍ പങ്കെടുക്കുകയും ഖുര്‍ആനെക്കുറിച്ച് ചെറിയ തോതിലാണെങ്കിലും മനസ്സിലാക്കാന്‍ അവസരം ലഭിക്കുകയും ചെയ്തിരുന്നു.
ബാങ്കിന്റെ വിളിയാളം കേള്‍ക്കുമ്പോഴെല്ലാം എന്റെ ആത്മാവ് അതുമായി ബന്ധിച്ചിരിക്കുന്നുവെന്ന് എനിക്ക് തോന്നിയിരുന്നു. ബാങ്കില്‍ ആത്മീയമായി വല്ലാത്തൊരു ആകര്‍ഷണീയതയുണ്ട്. പള്ളിയില്‍ പ്രതിമകളില്ലാത്തതും എന്റെ മനസ്സിനെ ആകര്‍ഷിച്ച മറ്റൊരു വസ്തുതയാണ്. പിന്നീട് ആ മതം സ്വീകരിക്കുകയല്ലാതെ വേറെ മാര്‍ഗ്ഗമില്ലെന്നായി എന്‍റെ മുന്നില്‍. ഇസ്‌ലാം സ്വീകരിച്ച ശേഷം ഞാന്‍ ആദ്യമായി പഠിച്ചത് യേശുവിനെകുറിച്ച് എന്ത് പറയുന്നു എന്നാണ്. ഈസാ നബിയെക്കുറിച്ചുള്ള ഇസ്‌ലാമിക നിലപാടുകളാണ് ക്രസ്ത്യന്‍ വീക്ഷണങ്ങളെക്കാള്‍ സമുന്നതമെന്ന് എനിക്ക് തോന്നി. ഈസാ നബി ദൈവമല്ല, പ്രവാചകനാണെന്ന് മനസ്സിലാക്കാന്‍ കൂടുതല്‍ സമയം എനിക്ക് വേണ്ടി വന്നില്ല.
എന്റേത് സന്തുഷ്ട കുടുംബമായിരുന്നു. പലരീതിയിലും മാറ്റത്തിന്റെ പ്രകടമായ അടയാളങ്ങള്‍ അവര്‍ എന്നില്‍ വ്യക്തമായി കാണുന്നുണ്ടായിരുന്നു. ഒരു മുസ്‌ലിം സ്ത്രീയുമായി വിവാഹം ചെയ്ത് രണ്ട് കുഞ്ഞുങ്ങളുമൊത്ത് ഞങ്ങള്‍ കഴിയുന്നു. വിവാഹവും കുട്ടികളും ഇസ്‌ലാമിക ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ്. ഒരു അവധിക്കാലത്ത് മൊറോക്കൊയിലേക്കുള്ള വഴിയെയാണ് ഭാര്യയെ ഞാന്‍ കണ്ടെത്തുന്നത്. ഏകദേശം ഒരു വര്‍ഷം കഴിഞ്ഞു അവള്‍ ഇവിടെയെത്തിയിട്ട്. ഞങ്ങളുടെ മക്കളുടെ പേര് മഹോന്നതരായ രണ്ട് പ്രവാചകന്മാരുടേതാണ്, മുഹമ്മദ്, ഈസാ.
ഞാന്‍ ദിവസവും അഞ്ച് നേരം നിസ്‌കരിക്കാറുണ്ട്. നിസ്‌കാരത്തിലൂടെ ലഭിക്കുന്ന ആത്മീയ നിര്‍വൃതിയില്‍ ഞാന്‍ പൂര്‍ണ്ണ സംതൃപ്തനാണ്. എനിക്ക് കഴിയും വിധം ഞാന്‍ ജുമുഅ നിസ്‌കരിക്കാറുണ്ട്. വെള്ളിയാഴ്ച്ച ഞാന്‍ ജോലിക്ക് പോകാറില്ല. വീട്ടിലെ ടി.വിയില്‍ അറബി ചാനലിലൂടെ സദാസമയം മക്കയും മദീനയും ഞാന്‍ കണ്ടുകൊണ്ടിരിക്കും. അത് കാണുമ്പോഴുണ്ടാവുന്ന അനുഭൂതി അവാച്യമാണ്.
കുറച്ചാണെങ്കിലും ദിവസവും ഖുര്‍ആന്‍ പാരായണം നടത്തല്‍ എന്റെ ജീവിതചര്യയുടെ ഭാഗമാക്കി മാറ്റിയിട്ടുണ്ട്. ഇസ്‌ലാമിക സാഹിത്യ ഗ്രന്ഥങ്ങളിലൂടെ കൂടുതല്‍ പഠിക്കാന്‍ ശ്രമിക്കുന്നു. ബുദ്ധമതത്തിലായിരിക്കെ ധ്യാനത്തെ കുറിച്ച് ഞാന്‍ കൂടുതല്‍ പഠിച്ചത് ഇസ്‌ലാമിലെ ആരാധനകളില്‍ കൂടുതല്‍ സഹായകമായി. ഇങ്ങനെയൊക്കെയാണ് ഇന്നെന്റെ ജീവിതം. പിതാവ്, ഭര്‍ത്താവ് എന്ന നിലക്ക് ചില ഉത്തരവാദിത്വങ്ങളും എനിക്കുണ്ട്. ആത്മീയ മേഖലയില്‍ സംതൃപ്തനായി ഞാന്‍ ജീവിക്കുന്നു എന്ന് ചുരുക്കിപ്പറയാം.
റഷീദ്, ടെക്‌സ് (പൂര്‍വ നാമം: ഒളെഗസ്, 33 വയസ്സ്, വന്ധ്യതാ നിവാരണ വിദഗ്ധന്‍)
ലാറ്റ്‌വിയയിലാണ് താമസം. 2010-ലാണ് ഞാന്‍ ഇസ്‌ലാം സ്വീകരിക്കുന്നത്. സോവിയറ്റ് യൂണിയന്‍ കണ്ടവരാണ് എന്റെ തലമുറ. സ്വന്തം തത്വങ്ങളില്‍ അമിതമായി ഹുങ്ക് കാണിക്കുന്നതും മറ്റുമതങ്ങളെ അപ്രസക്തമായി കാണുന്നതുമായിരുന്നു സോവിയറ്റ് യൂണിയന്റെ ശൈലി. ജനങ്ങള്‍ ഏതെങ്കിലും മതത്തിലധിഷ്ഠിതമായി ജീവിക്കുന്നതിനെ ഏറെ നിരുത്സാഹപ്പെടുത്തിയിരുന്നു അവര്‍. ഞങ്ങള്‍ വളര്‍ന്നത് തികച്ചും യുക്ത്യാധിഷ്ഠിതമായ ജീവിത സാഹചര്യത്തിലാണെന്ന് തന്നെ പറയാം.
2006-ല്‍ കണ്ടുമുട്ടിയ സ്ത്രീയുമായി ഞാന്‍ പ്രണയത്തിലായി. വിവാഹാഭ്യര്‍ത്ഥന നടത്തുകയും ചെയതു. അവള്‍ കത്തോലിക്കനായതിനാല്‍ ചര്‍ച്ചില്‍ നിന്നേ വിവാഹം കഴിക്കൂവെന്ന നിര്‍ബന്ധമുണ്ടായിരുന്നു. അവളുടെ സ്‌നേഹം എന്നോട് തുറന്നുപറഞ്ഞപ്പോള്‍ നിനക്ക് വേണ്ടി ചര്‍ച്ചില്‍ നിന്നാണെങ്കിലും താലി ചാര്‍ത്താന്‍ ഞാന്‍ തയ്യാറാണെന്ന് പറഞ്ഞു. ഒരു കത്തോലിക്കനാവുക എന്നത് വളരെ സങ്കീര്‍ണ്ണമാണ്. പക്ഷെ അത് എന്റെ ലോകത്തിന് പുതിയ കാഴ്ച്ചപ്പാടുകള്‍ നല്‍കി. എന്റെ ലോകം കൂടുതല്‍ പ്രാധാന്യമുള്ളുതും ശാസ്ത്രീയ ദിശാബോധമുള്ളതുമായിത്തീര്‍ന്നു.
പ്രണയകഥ ഒടുവില്‍ വിവാഹത്തിലെത്തിച്ചേര്‍ന്നു. പക്ഷെ ഇടക്ക് എന്റെ ഭാര്യക്ക് മലേറിയ ബാധിച്ചു. ഞാന്‍ പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. കത്തോലിക്കന്‍ വിശ്വാസിയല്ലാത്തതിനാല്‍ അതൊരു കത്തോലിക്കന്റെ പ്രാര്‍ത്ഥനയാണെന്ന് പറയാനാവില്ല. ഞങ്ങളുടെ സ്‌നേഹം അഭംഗുരം മുന്നോട്ടു പോകാനായി ഏത് നേരവും അവളുടെ ജീവനായി ഞാന്‍ പ്രാര്‍ത്ഥിച്ച് പോന്നു. ദൈവത്തിനു നന്ദി! അവള്‍ ആരോഗ്യ വതിയായി തിരിച്ചുവന്നു. ഞാന്‍ ആത്മര്‍ത്ഥതയോടെ പ്രാര്‍ത്ഥിച്ച ആദ്യ സന്ദര്‍ഭമായിരുന്നു ഇത്.
അവധിക്കാലം ആഘോഷിക്കാന്‍ ഞങ്ങള്‍ ലാറ്റിനമേരിക്കയിലേക്ക് തിരിച്ചു. വിമാനം മാറിക്കയറാന്‍ ഇസ്താംബുളില്‍ ഞങ്ങള്‍ക്കിറങ്ങേണ്ടിയിരുന്നു. ചെങ്കണ്ണ് ബാധിച്ച എനിക്ക് വിമാനത്തില്‍ വെച്ച് അത് മൂര്‍ച്ഛിച്ചു. രണ്ട് മണിക്കൂര്‍ കഴിഞ്ഞപ്പഴേക്കും കാഴ്ച നഷ്ടപ്പെട്ട പ്രതീതി. വിമാന യാത്രക്കിടെ ചെങ്കണ്ണ് തീര്‍ത്തും ദുസ്സഹമാണ്. ഇസ്താംബുളിലിറങ്ങി ഒരു ഡോക്ടറെ കാണിച്ചു. രാവിലെ നേരത്തെ എണീറ്റപ്പോള്‍ തന്നെ കേട്ടത് കര്‍ണമധുരമായ ശബ്ദമായിരുന്നു. സുബ്ഹി ബാങ്കിന്റെ അലയൊലിയായിരുന്നു അത്. എന്റെ മരുന്നുകള്‍ ഫലിച്ചു. കണ്ണുകളില്‍ നിന്ന് രോഗം മാറിനിന്നു. അന്നേരമാണ് മതങ്ങളെക്കുറിച്ച് ഞാന്‍ കൂടുതല്‍ ചിന്തിച്ചത്. കണ്ണുകള്‍ക്ക് പുതിയ ദൃശ്യരൂപം കാണാന്‍ കഴിഞ്ഞപ്പോള്‍ ഇസ്‌ലാമാണ് ഏറ്റവും നല്ല മതമെന്നെനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു.
എന്റെ ഭാര്യ ഇപ്പോഴും കത്തോലിക്കന്‍ തന്നെയാണ്. ഞാന്‍ മുസ്‌ലിമും. ഇത് ഞങ്ങളെ അലോസരപ്പെടുത്തുന്നില്ല. അവള്‍ക്ക് അവളുടെ പ്രാര്‍ത്ഥനാ രീതികളും എനിക്ക് എന്റേതും. രണ്ട് പ്രാര്‍ത്ഥനകളും ചെന്നെത്തുന്നത് ഒരേ സ്ഥലത്ത് തന്നെയാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇസ്‌ലാമിക വിശ്വാസ പ്രകാരം ദൈവത്തിന് ആരാധിക്കാനാണ് അവന്‍ ജനങ്ങളെ സൃഷ്ടിച്ചത്. ദിവസവും അഞ്ച് നേരം അല്ലാഹുവിന് സാഷ്ടാംഗം നമിക്കലാണ് ആരാധന എന്ന് ആദ്യമാത്രയില്‍ തോന്നിയേക്കും. പ്രാര്‍ത്ഥനകള്‍ മാത്രമല്ല, യഥാര്‍ത്ഥത്തിന്‍ ആരാധന. ഭൂമിയുടെ നല്ല ഒരു പരിപാലകനാവുക എന്നതും ആരാധനയാണ്. വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്നവ വീണ്ടും ഉപയോഗിക്കുക, മിത ഭക്ഷണം കഴിക്കുക തുടങ്ങിയവയെല്ലാം ആരാധന തന്നെയാണ്. ശരിയായ ധര്‍മ്മമാണ് അവിടെ നിറവേറ്റപ്പെടുന്നത് എന്നത് തന്നെയാണതിന് കാരണം.
ലഹരിയുടേയും മദ്യത്തിന്റെയും നിരോധനം യാഥാര്‍ത്ഥത്തില്‍ ഇസ്‌ലാമിലെ തിളക്കമാര്‍ന്ന നിര്‍ദേശങ്ങളില്‍ ഒന്നാണ്. ദൈവം ഓരോരുത്തര്‍ക്കും ബുദ്ധിയും തീരുമാനമെടുക്കാനുള്ള കഴിവും നല്‍കിയിട്ടുണ്ട്. ആരെങ്കിലും മനപ്പൂര്‍വ്വം ആ കഴിവിനെ ദുര്‍ബലപ്പെടുത്തിയാല്‍ ദൈവത്തിന്റെ ഭാഗത്ത് നിന്നുള്ള ഒരു സഹായം തിരസ്‌കരിക്കുന്നതിന് തുല്യമാണ്. ഞാന്‍ മദ്യം കഴിക്കുന്നത് പതിവാക്കിയിരുന്നു. എന്നാല്‍ ഇന്ന് മദ്യവും പുകയിലയും പരിപൂര്‍ണ്ണമായും ഒഴിവാക്കിയിരിക്കുകയാണ് ഞാന്‍.
ഇപ്പോള്‍ എന്റെ മനസ്സ് എന്തൊക്കെയോ തേടിക്കൊണ്ടിരിക്കുകയാണ്, ജ്ഞാനത്തിനും പുതുവഴിത്താരകള്‍ക്കുമായുള്ള പാച്ചില്‍. ഇസ്‌ലാമാണ് എന്നെ ഇവിടെയെത്തിച്ചത്. നെയ്‌റോബിയിലെ ഐ.വി.എഫ് ക്ലിനിക്കുകളില്‍ ഭ്രൂണ ശാസ്ത്രജ്ഞനായിരുന്നു ഞാന്‍. ഈ ജോലി എന്റെ മതത്തിന്റെ നിര്‍ദേശങ്ങളോട് ഒത്തുപോകുന്നതല്ലെന്ന് തിരിച്ചറിഞ്ഞത് കൊണ്ട് ഞാനിപ്പോള്‍ മറ്റൊരു ജോലിക്കായുള്ള അന്വേഷണത്തിലാണ്.
ഐര്‍ലന്റില്‍ ഒത്തിരി പ ള്ളികളും സാംസ്‌കാരിക കേന്ദ്രങ്ങളുമുണ്ടെങ്കിലും ലാറ്റ്‌വിയയില്‍ ഒരു പള്ളിയേയുള്ളൂ. ഐര്‍ലന്റിലെ സമൂഹം വിദേശികളോട് വളരെ സൗഹാര്‍ദപരമായി പെരുമാറുന്നവരാണ്. പക്ഷേ, ലാറ്റ്‌വിയന്‍ സമൂഹം അവരെ നോക്കുന്നത് സന്ദേഹത്തിന്റെ കണ്ണുകളിലൂടെയാണ്.
-ഭാഷാന്തരം - അബ്ദുറഹ്മാന്‍ ഹുദവി കൂരിയാട്-
Leave A Comment