സ്‌റ്റേറ്റ് നിര്‍മാണം ഇസ്‌ലാമിന്റെ ആത്യന്തിക ലക്ഷ്യമല്ല
political islamഇസ്‌ലാം സമാധാനത്തിന്റെ മതമാണ്. ലോകത്ത് ശാന്തിയും ക്രമസമാധാനവും നിലനിര്‍ത്താനും നീതിയിലധിഷ്ഠിതമായൊരു സാമൂഹിക ജീവിത വ്യവസ്ഥ സംസ്ഥാപിക്കാനുമാണ് ഇസ്‌ലാം അവതരിച്ചത്. പ്രവാചകന്മാരും അവരുടെ അനുചരന്മാരും ക്രാന്തദര്‍ശികളായ പില്‍ക്കാല ജ്ഞാനികളുമെല്ലാം ഇതേ ലക്ഷ്യത്തിനു വേണ്ടി പ്രവര്‍ത്തിച്ചവരാണ്. അനുരജ്ഞനത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും അല്‍ഭുത സാന്നിധ്യമായിട്ടാണ് അവരെല്ലാം ഇസ്‌ലാമിനെ പരിചയപ്പെടുത്തിയത്. വാളും കുന്തവുമായി ഇസ്‌ലാമിന്റെ പേരില്‍ ഒരു സ്റ്റേറ്റ് പണിയുകയെന്നതിലപ്പുറം തങ്ങള്‍ നിലനില്‍ക്കുന്നിടത്തെല്ലാം ഇസ്‌ലാമിനെ ജീവിച്ചും അനുഭവിപ്പിച്ചും കാണിക്കുന്നതില്‍ അവര്‍ വിജയിച്ചു. തങ്ങള്‍ എവിടെ ജീവിക്കുന്നുവെന്നതിലല്ല, പ്രത്യുത എങ്ങനെ ജീവിക്കുന്നുവെന്നതിലാണ് അവര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. അതാണ് കൂടുതല്‍ ഫലപ്രദവും ആളുകളെ ഇസ്‌ലാമിലേക്ക് ആകര്‍ഷിക്കാന്‍ അനുയോജ്യവും എന്നതിനാലായിരുന്നു ഇത്. പക്ഷെ, മതത്തെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് പില്‍ക്കാലത്ത് വന്ന ചില ജിഹാദിസ്റ്റ് ഗ്രൂപ്പുകളുടെ വൈകാരികാവേശം നിമിത്തം ഇസ്‌ലാം ഭീകരതയുടെ പ്രത്യയശാസ്ത്രമായി ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണിന്ന് ലോകത്ത്. യഥാര്‍ത്ഥ ഇസ്‌ലാമെന്നാല്‍ സ്‌റ്റേറ്റ് നിര്‍മാണവും അതിനായി യുദ്ധം ചെയ്യലുമാണെന്ന് അതിന്റെ വക്താക്കള്‍ വിശ്വസിക്കുന്നു. ഒന്നുമറിയാത്ത യുവാക്കളെ അതിലേക്കു റിക്രൂട്ട്‌മെന്റ് നടത്തി അതവര്‍ നടപ്പാക്കാന്‍ വിഫല ശ്രമങ്ങള്‍ നടത്തുന്നു. എന്നാല്‍, ഇബ്‌നു അബ്ദില്‍ വഹാബിന്റെ സലഫി ഐഡിയോളജിയില്‍നിന്നോ സയ്യിദ് ഖുതുബിന്റെ ഇഖ്‌വാനി ധാരയില്‍നിന്നോ അബുല്‍ അഅ്‌ലാ മൗദൂദിയുടെ ഹുക്കൂമത്തെ ഇലാഹി ചിന്തയില്‍നിന്നോ രൂപപ്പെട്ടുവന്ന ഒരു തെറ്റിദ്ധാരണ മാത്രമാണിതെന്നതാണ് സത്യം. അല്ലാതെ ഇസ്‌ലാമിന്റെ മൗലിക സിദ്ധാന്തവുമായി ഈ ചിന്താഗതിക്ക് യാതൊരു ബന്ധവുമില്ല. പ്രവാചക നിയോഗത്തിനു ശേഷം 14 നൂറ്റാണ്ട് പിന്നിട്ടിട്ടും അതിന് ഇസ്‌ലാമിക ചരിത്രത്തില്‍ നമുക്ക് മാതൃകകളൊന്നുംതന്നെ കണ്ടെത്താനും സാധ്യമല്ല. യുഗപ്രഭാവരും ഇസ്‌ലാമിക വിജ്ഞാനീയങ്ങളുടെ അഗാധ തലങ്ങളില്‍ വിഹരിച്ചിരുന്നവരുമായ അനവധി വിശ്വ പണ്ഡിതന്മാര്‍ ചരിത്രത്തില്‍ കഴിഞ്ഞുപോയിട്ടുണ്ട്. അവരൊന്നും ഈയൊരഭിപ്രായം സൂചിപ്പിച്ചിട്ടുമില്ല. പിന്നെ, ഇസ്‌ലാമിക മുന്നേറ്റത്തിന് രക്തത്തിന്റെയും പോരാട്ടങ്ങളുടെയും വര്‍ണം നല്‍കപ്പെട്ടത് ചിലരുടെ വിവരക്കേടുകൊണ്ടു മാത്രമായിരുന്നുവെന്നുവേണം മനസ്സിലാക്കാന്‍. പണ്ഡിത വ്യാഖ്യാനങ്ങളെ നിരാകരിച്ച് ഖുര്‍ആനില്‍നിന്നു നേരിട്ട് മതവിധി പിടിച്ചപ്പോള്‍ അവര്‍ക്കുവന്ന അബദ്ധമാണത്. അതുകൊണ്ടുതന്നെ, തീവ്രതയുടെ പേരില്‍ അവരെന്നും വേട്ടയാടപ്പെടുകയും ചെയ്യുന്നു. ഇസ്‌ലാമിക ഖിലാഫത്തിന്റെ തിരിച്ചുവരവ് എന്ന വ്യാജേന ഐ.എസ് സിറിയയിലും ഇറാഖിലും ഇന്ന് നടത്തിക്കൊണ്ടിരിക്കുന്നതും മറ്റൊന്നല്ല. ഇസ്‌ലാമിനെ ശരിക്കും തെറ്റിദ്ധരിപ്പിക്കുകയാണ് അവര്‍ ചെയ്യുന്നത്. അതിന്റെ സ്‌നേഹപൂര്‍ണവും സമാധാനപരവുമായ സാമൂഹിക വീക്ഷണങ്ങള്‍ അവരുടെ വൈകൃതങ്ങള്‍ നിമിത്തം ചര്‍ച്ചയാവാതെ പോവുകയാണ്. അവര്‍ സത്യത്തില്‍ കാടത്തത്തെയാണ് പ്രതിനിധീകരിക്കുന്നത്. അതിനുവേണ്ടി മാത്രമാണ് അവര്‍ ആവേശംകൊള്ളുന്നതും വാളെടുക്കുന്നതും. ഇക്കാര്യം ലോക മുസ്‌ലിം പണ്ഡിതന്മാര്‍ അബൂബക്കര്‍ ബഗ്ദാദിക്ക് അയച്ച കത്തില്‍ വ്യക്തമായി സൂചിപ്പിച്ചിട്ടുമുണ്ട്. ബഗ്ദാദി ഇസ്‌ലാമിനെയല്ല കാടത്തത്തെയാണ് പ്രതിനിധീകരിക്കുന്നതെന്നും ഐ.എസ് എന്തുകൊണ്ട് ഇസ്‌ലാമികമല്ലായെന്ന് 24 കാരണങ്ങള്‍ നിരത്തിയും അവര്‍ വ്യക്തമാക്കുന്നു. സ്‌റ്റേറ്റ് നിര്‍മാണം ഇസ്‌ലാമിന്റെ ആത്യന്തിക ലക്ഷ്യമാണ് എന്ന തരത്തില്‍ നല്‍കപ്പെടുന്ന വ്യാഖ്യാനങ്ങള്‍ ഇസ്‌ലാമിക വിരുദ്ധമാണ്. പ്രമാണങ്ങളെയും ചരിത്രത്തെയും ചിലര്‍ തെറ്റായി വായിച്ചതാണ് ഈ അബദ്ധങ്ങള്‍ക്ക് കാരണം. നൂറ്റാണ്ടുകളായി ഇസ്‌ലാമിക ചിന്ത പ്രചരിപ്പിച്ച ജ്ഞാനികളൊന്നും ഈയൊരു അഭിപ്രായം രേഖപ്പെടുത്തിയതായി കാണാന്‍ കഴിയില്ല. കര്‍മശാസ്ത്ര ഗ്രന്ഥങ്ങളിലും മറ്റും മുനാക്കഹാത്തും മുആമലാത്തും പറയുന്നതോടൊപ്പം ജിനായാത്തും ഖിസ്വാസും ചര്‍ച്ച ചെയ്യുന്നത് ഇസ്‌ലാമിക സ്റ്റേറ്റ് നിര്‍മിക്കണം എന്നതിലേക്കുള്ള ധ്വനിയല്ല. ഒരു ഇസ്‌ലാമിക രാഷ്ട്രീയ പരിസരം ഒരുങ്ങിവന്നാല്‍ അവിടെ എങ്ങനെ ഇസ്‌ലാമിക നിയമങ്ങള്‍ നടപ്പാക്കണം എന്നതിനുള്ള രീതികളാണ്. ഇഖ്‌വാനിസവും മൗദൂദിസവുമാണ് ഈ തെറ്റിദ്ധാരണകള്‍ ലോകത്ത് പ്രരിപ്പിക്കുന്നത്. അതിനു ഇസ്‌ലാമികമായി യാതൊരു പിന്‍ബലവുമില്ല.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter