അയോദ്ധ്യ ഇന്ന് പള്ളികളുടെ പ്രേതപ്പറമ്പാണ്
babrr1992 ഡിസംബര്‍ ആറിന് മുശ്താഖ് അഹ്മദും കുടുംബവും ഭയപ്പെടുത്തുന്ന ആക്രോശങ്ങള്‍ക്കും ബഹളം വെക്കുന്ന ആയുധങ്ങള്‍ക്കും ഇടയിലൂടെ ഉത്തര്‍ പ്രദേശിലെ അയോദ്ധ്യയില്‍ നിന്ന് ഫൈസാബാദിലേക്ക് ഒരാംബുലന്‍സില്‍ ഒളിച്ചു കടന്നു. നാല് മാസത്തിനു ശേഷം അദ്ദേഹം ജന്മനാട്ടിലേക്ക് തിരികെ വരുമ്പോള്‍ താന്‍ കാലങ്ങളോളം സംരക്ഷിച്ചിരുന്ന ദൊറാഹി കോന്‍ മസ്ജിദിന്‍റെ ചുറ്റുമതിലും പ്രധാന കവാടവും ബാബരി മസ്ജിദിനെപ്പോലെ തലയുയര്‍ത്തി നിന്നിരുന്ന മൂന്ന് താഴികക്കുടങ്ങളും തകര്‍ന്നടിഞ്ഞു കിടക്കുകയായിരുന്നു. 22ലേറെ വര്‍ഷങ്ങള്‍ക്കിപ്പുറവും തകര്‍ന്നു വീണ ഒരു ശിലാഫലകം പോലും തല്‍സ്ഥാനത്ത് പുനഃപ്രതിഷ്ഠിക്കാന്‍ കഴിയാതെ ദുരന്തത്തിന്‍റെ മുറിപ്പാടുകളും പേറി അതിപ്പോഴും നില കൊള്ളുന്നു. അയോദ്ധ്യയില്‍ ബാബരിപ്പള്ളിയോടൊപ്പം തകര്‍ക്കപ്പെട്ട് സമാനഗതി പേറുന്ന 22-ഓളം പള്ളികളിലെയും ഒട്ടനവധി മഖ്ബറകളിലെയും ഒന്ന് മാത്രമാണ് ദൊറാഹി കോന്‍ മസ്ജിദ്. ധ്വംസനത്തിനിരയായ ആരാധനലായങ്ങളില്‍ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ജില്ലാ ഭരണകൂടം കര്‍ശനമായി വിലക്കിയിരിക്കുകയാണ്. പ്രദേശവാസികളും സാമൂഹ്യ പ്രവര്‍ത്തകരും ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും കുലുക്കമില്ലാത്ത ഭരണകുടം പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കുന്നത് മുനിസിപ്പല്‍ നിയമങ്ങള്‍ക്ക് എതിരും അയോദ്ധ്യയില്‍ വര്‍ഗ്ഗീയ പ്രശ്‌നങ്ങള്‍ ഉടലെടുക്കാന്‍ ഹേതുകവും ആയിത്തീരുമെന്നാണ് വാദിക്കുന്നത്. ഇപ്പോഴും സജീവമായി ആരാധനാകര്‍മ്മങ്ങള്‍ നടന്നു പോരുന്ന ഈ പള്ളികളില്‍ വര്‍ഷക്കാലത്തും മറ്റും തകരഷീറ്റും മറ്റുമുപയോഗിച്ച് നടത്തുന്ന താല്‍ക്കാലിക അറ്റകുറ്റപ്പണികള്‍ പോലും മണിക്കൂറുകള്‍ക്കകം എടുത്തു നീക്കപ്പെടാറാണ് പതിവ്. എന്നാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ കാലങ്ങളായി ജില്ലാ ഭരണകൂടം ഉന്നയിച്ചു പോരുന്ന കാരണങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് റെസിഡന്‍റ് മജിസ്‌ട്രേറ്റ് എ.കെ മിശ്ര അടക്കമുള്ളവരുടെ വാക്കുകള്‍ അടിവരയിടുന്നു. പള്ളികളുടെ അറ്റകുറ്റപ്പണികള്‍ നടത്തരുതെന്ന് പറയുന്ന യാതൊരു നിയമമോ ഉത്തരവുകളോ പ്രദേശത്ത് നിലനില്‍ക്കുന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ നിന്ന് ഭരണകൂടത്തിന്റെ വിലക്കുണ്ടല്ലോ എന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ അത് അന്വേഷിക്കേണ്ട വിഷയമാണോ എന്ന് നോക്കേണ്ടതുണ്ടെന്ന അവ്യക്തമായ മറുപടിയാണ് അദ്ദേഹവും നല്‍കുന്നത്. പള്ളികള്‍ക്ക് അറ്റകുറ്റപ്പണികള്‍ നടത്തരുതെന്ന് പറയുന്ന ഉത്തരവ് നിലനില്‍ക്കുന്നുണ്ടെന്നായിരുന്നു കഴിഞ്ഞ വര്‍ഷം വരെ ജില്ലാ ഭരണകൂടം വാദിച്ചിരുന്നത്. എന്നാല്‍ വിവരാവകാശ നിയമപ്രകാരം ഫൈസാബാദിലെ അഭിഭാഷകനായ അത്താര്‍ ഷംസി ഉന്നയിച്ച ഒരു ചോദ്യത്തിന് ഉത്തര്‍ പ്രദേശ് ആഭ്യന്തര മന്ത്രാലയം നല്‍കിയ മറുപടിയില്‍ ഇത്തരം യാതൊരു ഉത്തരവുകളും നിലനില്‍ക്കുന്നില്ലെന്നാണ് വളരെ വ്യക്തമായി ചൂണ്ടിക്കാണിക്കുന്നത്. ഇരകളാക്കപ്പെട്ട ഒരു സമുദായത്തിന്‍റെ പ്രതീകങ്ങള്‍ പോലെ അയോദ്ധ്യയില്‍ അങ്ങിങ്ങായി തകര്‍ച്ചയെ അഭിമുഖീകരിച്ച് നില്‍ക്കുന്ന പള്ളികള്‍ അറ്റകുറ്റപ്പണി ചെയ്യാനനുവദിച്ചാല്‍ തന്നെ പ്രദേശത്തെ മുസ്ലിംകള്‍ തൃപ്തരാണെന്നിരിക്കെ തീര്‍ത്തും അന്യായപരവും വിവേചനപൂര്‍ണ്ണവുമായ ജില്ലാ ഭരണകൂടത്തിന്‍റെ നിലപാടിനു പിറകില്‍ വിശ്വ ഹിന്ദു പരിഷത്തിനെപ്പോലുള്ള സംഘടനകളുടെ സാന്നിദ്ധ്യമാണെന്ന് അത്താര്‍ ഷംസി ഉള്‍പ്പെടെയുള്ളവര്‍ ശക്തമായി വാദിക്കുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലായി വി.എച്ച്.പി സംഘടിപ്പിച്ച '84 കൗസീ പരിക്രമ' എന്ന വിവാദ യാത്രക്ക് നിശ്ചയിച്ചിരുന്ന അയോദ്ധ്യയുടെ സാംസ്‌ക്കാരികാതിര്‍ത്തി എന്ന് വിളിക്കപ്പെടുന്ന 272 കിലോ മീറ്റര്‍ പ്രദേശത്ത് യാതൊരു പള്ളിയും പുതുതായി നിര്‍മ്മിക്കപ്പെടരുതെന്ന് ഈയിടെ പ്രമേയം പാസ്സാക്കിയ സംഘടന ഈ പ്രദേശത്ത് മുസ്ലിംകള്‍ ആരാധന നടത്തുന്നതില്‍ നിന്നും പള്ളികള്‍ പുനര്‍നിര്‍മ്മാണം നടത്തുന്നതില്‍ നിന്നും 1930 മുതല്‍ തന്നെ വിലക്ക് നില നില്‍ക്കുന്നുണ്ടെന്ന് അവകാശപ്പടുന്നു. എന്നാല്‍ ഇവ യാഥാര്‍ത്ഥ്യവുമായി പുലബന്ധം പോലുമില്ലാത്തതാണെന്നാണ് പ്രദേശത്തെ ഭൂരിപക്ഷ സമുദായാംഗങ്ങളുള്‍പ്പെടെയുള്ളവരുടെ സാക്ഷ്യപ്പെടുത്തല്‍. സരയൂ കുഞ്ജ് അമ്പലത്തിലെ മേല്‍ശാന്തിയും മുന്‍ ആര്.എസ്.എസ് പ്രചാരകുമായ യുഗള്‍ സരണ്‍ കിഷോര്‍ ശാസ്ത്രി അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനുള്ള നിരോധനം ഭരണകൂടത്തിന്‍റെ വര്‍ഗ്ഗീയ ചായ്‌വുള്ള മനോഭാവത്തെയാണ് തുറന്ന് കാട്ടുന്നതെന്ന് കുറ്റപ്പെടുത്തുന്നു. തങ്ങളുടെ ആരാധനാലയങ്ങള്‍ നിര്‍മ്മിക്കാനും പുതുക്കിപ്പണിയാനുമുള്ള അവകാശം മുസ്ലിംകള്‍ക്കുണ്ടെന്നും പ്രദേശത്തെ ഹിന്ദു സമുദായാംഗങ്ങള്‍ക്ക് അതില്‍ യാതൊരു എതിര്‍പ്പുമില്ലെന്നും അദ്ദേഹം പറയുന്നു. ഈയിടെ ഗോദിയാന മസ്ജിദിന്‍റെ പുനര്‍നിര്‍മ്മാണം പ്രദേശ വാസികളുടെ എതിര്‍പ്പുണ്ടെന്നാരോപിച്ച് നിര്‍ത്തി വെക്കേണ്ടി വന്നപ്പോള്‍ പ്രദേശത്തെ ഹിന്ദുക്കള്‍ തന്നെയാണ് പള്ളി നിര്‍മ്മാണത്തില്‍ തങ്ങള്‍ക്ക് യാതൊരു എതിര്‍പ്പുമില്ലെന്ന് ചൂണ്ടിക്കാട്ടി ഭരണകൂടത്തിന് കത്തു കൈമാറിയത്. ഇതില്‍ നിന്നെല്ലാം വ്യക്തമാവുന്നത് ഭരണകൂടവും ചില സ്ഥാപിത താല്‍പര്യക്കാരും തമ്മിലുള്ള ഒത്തുകളിയാണ് അയോദ്ധ്യയെ ഇന്നും രാജ്യത്തിന്‍റെ മത സൗഹാര്‍ദ്ദ ചരിത്രത്തിലെ നോവുണങ്ങാത്ത വൃണമായി അവശേഷിപ്പിക്കുന്നത് എന്നാണ്. വാഗ്ദാനപ്പെരുമഴകളായി തെരഞ്ഞെടുപ്പുകളോരോന്നും പെയ്തൊഴിഞ്ഞു പോകുന്പോഴും രാജ്യത്തെ മത ന്യൂനപക്ഷങ്ങള്‍ ഇപ്പോഴും നീതിക്കു വേണ്ടി ദാഹിച്ചു കഴിയുന്നതിന്‍റെ ഹേതുകവും മറ്റൊന്നല്ല. ഇത്തരം ദുഃശ്ശക്തികളെ തിരിച്ചറിഞ്ഞ് മത-സമുദായ കൂട്ടായ്മകളുടെ മുഖ്യധാരയില്‍ നിന്ന് തീണ്ടാപ്പാടകലെ നിര്‍ത്തിയാല്‍ മാത്രമേ മതേതരത്വ ഇന്ത്യയുടെ വര്‍ത്തമാനവും ഭാവിയും സുരക്ഷിതമാണെന്ന് നമുക്ക് കരുതാനാവൂ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter