മോഡി ഇന്ത്യയെ എങ്ങനെ മാറ്റും...?
bharat-bhushan_350_071412033542പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഭാരതീയ ജനതാ പാര്‍ട്ടി നേടിയ മഹാ വിജയം ഇന്ത്യയില്‍ അസ്ഥിരമായ കൂട്ടുകക്ഷി ഭരണത്തിന്റെ യുഗത്തിനാണ് അന്ത്യം കുറിച്ചിരിക്കുന്നത്. സാമ്പത്തിക വളര്‍ച്ചയിലെ തകര്‍ച്ചക്കും വര്‍ഷങ്ങള്‍ നീണ്ട നയ-നിലപാടു രാഹിത്യത്തിനും അഴിമതി പ്രവാഹത്തിനും ശേഷം ഇന്ത്യയിലെ വോട്ടര്‍മാരില്‍ വിശിഷ്യ യുവാക്കളില്‍ പ്രകടമായ മാറ്റത്തിനായുള്ള ദാഹം ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിയുടെ വര്‍ഗ്ഗീയ ചായ്വിനെക്കുറിച്ചും അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ 12 വര്‍ഷങ്ങള്‍ക്കപ്പുറം ഗുജറാത്തില്‍ അരങ്ങേറിയ വര്‍ഗ്ഗീയ കലാപങ്ങളെക്കുറിച്ചുമുള്ള ഉല്‍കണ്ഡകള്‍ മറികടക്കാന്‍ മാത്രം ശക്തമായിരുന്നു എന്നാണ് തെരഞ്ഞെടുപ്പു ഫലം വ്യക്തമാക്കിയത്. ഡല്‍ഹിയിലെ മെയില്‍ ടുഡേ പത്രത്തിന്റെ സ്ഥാപക എഡിറ്ററും ഇന്ത്യന്‍ രാഷ്ട്രീയ നിരീക്ഷണ രംഗത്തെ പ്രമുഖ സാന്നിദ്ധ്യവുമായ ഭരത് ഭൂഷണ്‍ അധികാര മാറ്റത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും മോഡിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറില്‍ നിന്നും ലോകത്തിന് എന്ത് പ്രതീക്ഷിക്കാം എന്നതിനെക്കുറിച്ചും അല്‍ജസീറ ലേഖകന്‍ അര്‍നബ് നീല്‍ സെന്‍ഗുപ്തയുമായി സംസാരിക്കുന്നു ബി.ജെ.പി നേടിയ വിജയത്തിന്റെ വ്യാപ്തിയില്‍ നിങ്ങള്‍ അദ്ഭുതപ്പെടുന്നുണ്ടോ? തീര്‍ച്ചയായിട്ടും ഉണ്ട്. ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ സഖ്യം മുന്നിലെത്തുമെന്നും കോണ്‍ഗ്രസ്സ് രണ്ടാമതുണ്ടാകുമെന്നും ഞാന്‍ പ്രതീക്ഷിച്ചിരുന്നതാണ്. എന്നാല്‍ ഫലം വന്നപ്പോള്‍, 282 സീറ്റുമായി ബി.ജെ.പി ഒറ്റക്ക് കേവല ഭൂരിപക്ഷം നേടുകയും കേവലം 44 സീറ്റുകളിലൊതുങ്ങിയ കോണ്‍ഗ്രസ്സിന് ഓദ്യോഗിക പ്രതിപക്ഷമാകാനുള്ള യോഗ്യത പോലും നഷ്ടപ്പെടുകയും ചെയ്തു. 543 അംഗങ്ങളുള്ള സഭയില്‍ 10 ശതമാനമെങ്കിലും സീറ്റാണ് ഇതിന് വേണ്ടിയിരുന്നത്. ഇതിനേക്കാള്‍ ഞെട്ടിക്കുന്നതെന്തായിരുന്നെന്ന് വെച്ചാല്‍, കോണ്‍ഗ്രസ്സ് രാജ്യത്താകെ നേടിയ സീറ്റുകളേക്കാള്‍ കൂടുതല്‍ ഉത്തര്‍ പ്രദേശ് സംസ്ഥാനത്തില്‍ മാത്രം കരസ്ഥമാക്കാന്‍ ബി.ജെ.പിക്കു കഴിഞ്ഞു എന്നുള്ളതാണ്. ഇത്തരമൊരു ജനവിധിക്ക് ബി.ജെ.പിയെ അര്‍ഹമാക്കിയ 'ശരികള്‍' എന്തൊക്കെയാണ്? സംഭവം നടന്നതിനു ശേഷം കാര്യം വിശദീകരിക്കാന്‍ എളുപ്പമാണല്ലോ. അവരില്‍ നിന്നും പിഴവുകളെന്തെന്ങ്കിലും സംഭവിച്ചു എന്ന് ഇനി ആര്‍ക്കാണ് പറയാനാവുക? തങ്ങള്‍ പ്രവര്‍ത്തിച്ചതെല്ലാം പൂര്‍ണ്ണമായും ശരിയായിരുന്നുവെന്ന് ബി.ജെ.പി പ്രചാരകര്‍ പറയും. നരേന്ദ്ര മോഡിയെയും അദ്ദേഹത്തിന്റെ സല്‍ഭരണ അവകാശവാദങ്ങളെയും കേന്ദ്രീകരിച്ചു കൊണ്ട് ഒരു പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിനു സമാനമായ പ്രചരണങ്ങള്‍ നടത്തിയെന്നതിനു പുറമെ ബി.ജെ.പി വര്‍ഗ്ഗീയതയെ സമര്‍ത്ഥമായി ഉപയോഗപ്പെടുത്തുകയും വലിയൊരളവോളം അതിനെ ജാതീയതയുമായി കൂട്ടിക്കലര്‍ത്തുകയും ചെയ്തു. പശ്ചിമ യു.പിയിലേതു പോലുള്ള സംഘര്‍ഷങ്ങള്‍ മൂലം രൂപപ്പെട്ട മത ധ്രുവീകരണം ഉപയോഗപ്പെടുത്തുക എന്നത് ശരിയായ ഒരു കാര്യമായി ഞാന്‍ മനസ്സിലാക്കുന്നില്ല. എന്നാല്‍ മതാടിസ്ഥാനത്തില്‍ വോട്ടര്‍മാരെ ഭിന്നിപ്പിക്കാന്‍ ബി.ജെ.പി ചെയ്തത് ഇതാണ്. മത ധ്രുവീകരണം ലക്ഷ്യമിട്ട് ഹിന്ദു സമൂഹത്തിന്റെ പുണ്യ നഗരമായ വാരണാസിയില്‍ നിന്നും മോഡിയെ രംഗത്തിറക്കിയത് കിഴക്കന്‍ യു.പിയിലും ബീഹാറിലെ സമീപ പ്രദേശങ്ങളിലും പാര്‍ട്ടിക്ക് സഹായകമായി. മുസ്ലിം സ്വാധീനം ശക്തമായ അസംഗഢിനെ യു.പിയില്‍ പാര്‍ട്ടിയുടെ പ്രചരണ ചുമതലയുള്ളയാള്‍ തീവ്രവാദികളുടെ ആവാസ കേന്ദ്രമെന്നു വിശേഷിപ്പിച്ചതും പാര്‍ട്ടിയെ സഹായിച്ചു. കൂടാതെ, യു.പിയില്‍ ബി.ജെ.പി ജാതിക്കാര്‍ഡുമിറക്കി. ചുരുക്കത്തില്‍, മതവും ജാതിയും മറ്റു പ്രാദേശിക ഘടകങ്ങളും കണക്കിലെടുത്തു കൊണ്ടുള്ള സമ്മിശ്രമായ പ്രചരണ തന്ത്രമാണ് ബി.ജെ.പി ഉപയോഗിച്ചത്. ഇത്തരമൊരു പ്രഹരമേല്‍ക്കും വിധം കോണ്‍ഗ്രസ്സ് സഖ്യത്തിന് സംഭവിച്ച പാളിച്ചകള്‍ എന്തൊക്കെയാണ്? കോണ്‍ഗ്രസ്സ് പാര്‍ട്ടി അധികാരത്തിലേറിയ പ്രഥമ സന്ദര്‍ഭത്തില്‍ അവര്‍ മികച്ച ഭരണമാതൃകയാണ് കാഴച വെച്ചത്. ആ വേളയില്‍ ഇടതു പാര്‍ട്ടികളുടെ സഖ്യത്തില്‍ നിന്നുരുത്തിരിഞ്ഞ സാമൂഹ്യോന്മുഖമായ സംയമന ശീലവും പൊതു സമൂഹത്തിലെയും എന്‍.ജി.ഒകളിലെയും പൊതു പ്രവര്‍ത്തകരുമടങ്ങുന്ന സുശക്തമായ ദേശീയ ഉപദേശക സമിതിയും അവര്‍ക്കു കൈമുതലായുണ്ടായിരുന്നു. ഇതിനെത്തുടര്‍ന്ന് ഒരു പറ്റം സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങളും ദരിദ്രര്‍ക്കനുകൂലമായ നയരൂപീകരണങ്ങളും ഉണ്ടായി. എന്നാല്‍ രണ്ടാം വരവില്‍ അമിതമായ ആത്മ വിശ്വാസം മൂലം ഭക്ഷ്യ സുരക്ഷാ ബില്ലുള്‍പ്പെടെയുള്ള ജന ക്ഷേമ നടപടികള്‍ കോണ്‍ഗ്രസ്സ് ഭരണത്തിന്റെ അവസാന ദിനങ്ങളിലേക്ക് നീട്ടിവെച്ചു. പാവങ്ങളോടുള്ള സമീപനത്തിലെ ധാര്‍മ്മികത തന്നെ അവര്‍ക്ക് കൈമോശം വന്നു. ഇന്ത്യയിലെ സാമ്പത്തിക രംഗത്തെ മാന്ദ്യം പിടികൂടുകയും വളര്‍ച്ച നിലക്കുകയും ചെയ്തതോട് കൂടി ഉല്‍ക്കര്‍ഷേച്ഛുക്കളായ മധ്യവര്‍ഗ്ഗത്തിന്റെ പിന്തുണയും അവര്‍ക്ക് നഷ്ടപ്പെട്ടു. പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ നേതൃത്വത്തെ നിറം മങ്ങിയതെന്നേ വിശേഷിപ്പിക്കാനാവൂ. അദ്ദേഹത്തിന് പകരക്കാരെ ഉയര്‍ത്തിക്കാട്ടുന്നതിലും പാര്‍ട്ടി പരാജയപ്പെട്ടു. കോണ്‍ഗ്രസ്സ് തറവാട്ടിലെ ഇളമുറക്കാരനായ രാഹുല്‍ ഗാന്ധി സംവാദങ്ങളില്‍ സജീവമായി ഇടപെടാതെയും നയപരമായ വിഷയങ്ങളില്‍ കൃത്യമായ നിലപാടെടുക്കാതെയും പാര്‍ലമെന്റിലിരുന്ന പത്തു വര്‍ഷവും പാഴാക്കുകയാണ് ചെയ്തത്. പാര്‍ട്ടിയില്‍ തന്റെ മാതാവ് സോണിയാ ഗാന്ധിയുടെ പിന്‍ഗാമിയായി അദ്ദേഹം അഭിഷേകം ചെയ്യപ്പെട്ടിരുന്നെങ്കിലും പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഒരിക്കലും അദ്ദേഹം ഉയര്‍ത്തിക്കാണിക്കപ്പെട്ടില്ല. പാര്‍ട്ടിയിലെ അനുഭവസമ്പത്തും കാലപ്പഴക്കവുമുള്ള നേതാക്കളെ അരികുവല്‍ക്കരിച്ച അദ്ദേഹം ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതിവിഗതികളെക്കുറിച്ച് കൃത്യമായ ധാരണയില്ലാത്ത ഒരു കൂട്ടം ബിസിനസ്സ് ബിരുധദാരികളുടെ ഉപദേശത്തിനനുസൃതമായാണ് മുന്നോട്ടു പോയത്. സര്‍ക്കാരില്‍ ചേരാനുള്ള അദ്ദേഹത്തിന്റെ വിസമ്മതവും നിയമ നിര്‍മ്മാണ സഭകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്ന പ്രൈമറികളുള്‍പ്പെട്ട പാശ്ചാത്യന്‍ ജനാധിപത്യ പാര്‍ട്ടികളുടെ ശൈലിയിലേക്ക് കോണ്‍ഗ്രസ്സിനെ പരിവര്‍ത്തിപ്പിച്ചെടുക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളും ഒരിക്കലും വിജയം കണ്ടില്ല. ഭരണ വിരുദ്ധ വികാരം, ചൈതന്യ ശൂന്യമായ നേതൃത്വം, ദുര്‍ബ്ബല ഭരണം, ടെലികോം, കോമണ്‍വെല്‍ത്ത് ഗെയിംസ്, കല്‍ക്കരി ഖനനം, ആദര്‍ശ് ഹൗസിംഗ് പദ്ധതി തുടങ്ങിയവയുമായി ബന്ധപ്പെട്ട ഭീമമായ അഴിമതി വിവാദങ്ങള്‍ മുതലായവയാണ് കോണ്‍ഗ്രസ്സിനെതിരെ പ്രവര്‍ത്തിച്ചത്. india electionsബി.ജെ.പി സഖ്യത്തിന് പാര്‍ലമെന്റിലുള്ള മൃഗീയ ഭൂരിപക്ഷത്തെക്കുറിച്ച് ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ വിശിഷ്യ മുസ്ലിംകള്‍ ആശങ്കാകുലരാകേണ്ടതുണ്ടോ? ഹിന്ദു ദേശീയവാദികള്‍ക്ക് ലഭിച്ച അത്യധികം വലിയ ജനവിധിയെക്കുറിച്ച് ന്യൂനപക്ഷങ്ങള്‍ക്ക് ഭയമുണ്ടാവുക സ്വാഭാവികമാണ്. ഇവര്‍ക്ക് തങ്ങളുടെ സുരക്ഷയും തുല്യാവകാശമുള്ള ഭാരതീയ പൗരന്മാരെന്ന നിലക്കുള്ള നീതിയും ഉറപ്പു വരുത്തുക എന്നത് പുതിയ ഭരണകൂടത്തിന്റെ ചുമതലയാണ്. ബി.ജെ.പി അനുകൂലികളുടെയോ ഹിന്ദു ദേശീയ വാദികളുടെയോ ഏത് വിധത്തിലുള്ള വിജയഘോഷങ്ങളും ന്യൂനപക്ഷങ്ങളുടെ അരക്ഷിത ബോധം വര്‍ദ്ധിപ്പിക്കുകയേയുള്ളൂ. തന്റെ പാര്‍ട്ടിയിലെ ഹിന്ദു ദേശീയവാദി വിഭാഗത്തെ നരേന്ദ്ര മോഡിക്ക് നിയന്ത്രിക്കാനാവാത്ത അവസ്ഥ വരുമോ, പ്രത്യേകിച്ചും പാര്‍ട്ടികത്തു നിന്നുതന്നെയുള്ള എതിര്‍പ്പില്‍ നിന്നും അദ്ദേഹം മുക്തനല്ല എന്നിരിക്കെ? ഇന്ത്യയെപ്പോലെ സങ്കീര്‍ണ്ണതകള്‍ നിറഞ്ഞ ഒരു രാജ്യത്ത് ഒരിക്കലും വെറും ഭൂരിപക്ഷ ആദര്‍ശത്തിലൂടെ മുന്നോട്ടുള്ള ഗമനം സാദ്ധ്യമല്ല. ഇത് എത്രയും പെട്ടെന്ന് തിരിച്ചറിയുന്നതാണ്- ഇതു വരെ അദ്ദേഹം തിരിച്ചറിഞ്ഞിട്ടില്ലെങ്കില്‍- നരേന്ദ്ര മോഡിക്കും ഇന്ത്യയുടെ പുതിയ നേതാവെന്ന നിലക്കുള്ള അദ്ദേഹത്തിന്റെ ദീര്‍ഘായുസ്സിനും നല്ലത്. ഈ ഭൂരിപക്ഷാധിഷ്ഠിത ആദര്‍ശത്തിന്റെ തിക്താനുഭവം അനുഭവിക്കാത്തവരായി കഴിഞ്ഞ ലോക്‌സഭാ പ്രതിപക്ഷ നേതാവായ സുഷമാ സ്വരാജ് ഒഴിച്ച് ആരുമില്ല പാര്‍ട്ടിയില്‍. 2002ലെ വര്‍ഗ്ഗീയ കലാപങ്ങള്‍ക്കു ശേഷം മോഡിയില്‍ നിന്നും എപ്പോഴും അകലം കാണിക്കുന്ന അവര്‍ അദ്ദേഹത്തിന്റെ നേതൃഗുണങ്ങള്‍ അംഗീകരിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. ഇന്ത്യന്‍ അധീന കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളയുക എന്ന തന്റെ പാര്‍ട്ടിയുടെ ദീര്‍ഘ നാളായുള്ള നിലപാട് നടപ്പാക്കാന്‍ മോഡി ശ്രമിച്ചേക്കുമോ? സമീപ ഭാവിയില്‍ അതു നിര്‍വ്വഹിക്കാന്‍ അദ്ദേഹത്തിനു കഴിയുമെന്നോ അത് അദ്ദേഹത്തിന്റെ മുഖ്യ അജണ്ടയുടെ ഭാഗമാണെന്നോ ഞാന്‍ വിശ്വസിക്കുന്നില്ല. കാശ്മീരിന്റെ പ്രത്യേക പദവി എടുത്തൊഴിവാക്കാന്‍ ഇന്ത്യന്‍ ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദാക്കേണ്ടതുണ്ട്. ഭരണഘടനാ ഭേദഗതി പ്രാബല്യത്തില്‍ കൊണ്ടു വരാന്‍ പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നിര്‍ബന്ധമാണ്. പാര്‍ലമെന്റിലെ ഇരു സഭകളിലും മോഡിക്ക് ആ ആനുകൂല്യത്തിന്റെ പിന്തുണയില്ല. 240 സീറ്റുള്ള രാജ്യസഭയില്‍ ബി.ജെ.പി സഖ്യത്തിന് വെറും 64 സീറ്റുകള്‍ മാത്രമാണുള്ളത്. നിലവില്‍ ഒഴിഞ്ഞു കിടക്കുന്ന അഞ്ച് സീറ്റുകളും ഈ വര്‍ഷം ഒഴിയാന്‍ പോകുന്ന 12 സീറ്റുകളും ബി.ജെ.പി സഖ്യം നേടിയാലും ആകെ സീറ്റിന്റെ പകുതി പോലുമെത്തില്ലെന്നതാണ് സത്യം. 2002ലെ ഗുജറാത്ത് വര്‍ഗ്ഗീയ കലാപത്തില്‍ മോഡി സര്‍ക്കാരിന്റെ പങ്കിനെക്കുറിച്ച് അന്വേഷണം നടത്തിയ പോലീസ് മേധാവികളും ഉദ്യോഗസ്ഥരും പ്രതികാര നടപടികളെക്കുറിച്ച് ആകുലരാവേണ്ടതുണ്ടോ? തീര്‍ച്ചയായും ഉണ്ട്. തന്റെ വിമര്‍ശകര്‍ക്ക് മാപ്പു നല്‍കാത്ത പ്രകൃതക്കാരനാണ് മോഡി. ഇവരില്‍ പലരെയും അദ്ദേഹം ഇപ്പോള്‍ തന്നെ ശിക്ഷിക്കുകയും അരിക്കാക്കുകയും ചെയ്തിട്ടുണ്ട്. നിര്‍ഭാഗ്യം ഇവരെ പിടികൂടാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. മിക്ക വോട്ടര്‍മാരും കൊതിക്കുന്നത് പോലെ, നിക്ഷേപ സൗഹാര്‍ദ്ദപരവും കാര്യപ്രാപ്തവുമെന്ന് ഏറെ കൊട്ടിഘോഷിക്കപ്പെട്ട ഗുജറാത്ത് മോഡല്‍ വികസനം രാജ്യവ്യാപകമായി നടപ്പാക്കാന്‍ അദ്ദേഹത്തിനാകുമോ? അദ്ദേഹത്തെ പിന്തുണക്കുന്ന കോര്‍പറേറ്റ് ശക്തികള്‍ പ്രതീക്ഷിക്കുന്നത് പോലെ ഇത് നിര്‍വ്വഹിക്കുക അദ്ദേഹത്തിന് എളുപ്പമാകില്ലെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള ഭൂമി, ജലം, വനം, ഖനി തുടങ്ങിയ വിഭവങ്ങള്‍ എളുപ്പത്തില്‍ അധീനതയിലാക്കാമെന്നാകും ഇവര്‍ സ്വപ്നം കാണുന്നുണ്ടാവുക. നിക്ഷേപകര്‍ക്ക് മോഡിയിലാണ് അല്ലാതെ ഇന്ത്യന്‍ സാമ്പത്തിക മേഖലയുടെ സമകാലിക പരിതസ്ഥിതിയിലല്ല അമിത വിശ്വാസം വെച്ചു പുലര്‍ത്തുന്നത്. സാമ്പത്തിക മേഖലയുടെ ഭാവിയെക്കുറിച്ച് അവര്‍ തികഞ്ഞ ആത്മ വിശ്വാസത്തിലാണ്. മോഡി മുമ്പ് വാഗ്ദാനം ചെയ്തിരുന്ന നിക്ഷേപകര്‍ക്കുള്ള ഏകജാലക ക്ലിയറന്‍സുമായി അദ്ദേഹം മുന്നോട്ട് പോയേക്കാം. ഇവിടെ ഒരു പ്രധാന വിഷയം വന്‍കിട പദ്ധതികള്‍ക്കുള്ള പാരിസ്ഥിതിക അനുമതിയാണ്. ഇത്തരം വിഷയങ്ങളില്‍ കോടതിയെയും ജനകീയ സമരങ്ങളെയുമെല്ലാം അദ്ദേഹത്തിന് നേരിടേണ്ടി വന്നേക്കാം. ഗുജറാത്ത് മോഡല്‍ ഊന്നല്‍ നല്‍കുന്നത് വളര്‍ച്ചാ നിരക്ക് ഉയര്‍ത്തുന്നതിനാണ്, സാമൂഹ്യ മേഖലയില്‍ നിക്ഷേപം കൊണ്ടു വരുന്നതിനല്ല. സാമൂഹ്യ മേഖലയിലെ നിക്ഷേപങ്ങളില്‍ മിക്കതും സംസ്ഥാനങ്ങളുടെ പരിധിയില്‍ വരുന്നതാണ്. എന്നാല്‍ ഭൂരിഭാഗം സംസ്ഥാനങ്ങളും ഭരിക്കുന്നത് ബി.ജെ.പിയേതര കക്ഷികളാണ്. കേരളവും തമിഴ്‌നാടും ഹിമാചല്‍ പ്രദേശും പോലോത്ത സംസ്ഥാനങ്ങള്‍ മാനവ വികസന സൂചികകളില്‍ അതായത് വളര്‍ച്ചക്കൊപ്പം പൊതുജന ക്ഷേമവും മുന്നോട്ടു കൊണ്ടു പോകുന്ന വിഷയത്തില്‍ മികച്ച മാതൃകയാണ് കാഴ്ച വെച്ചിരിക്കുന്നത്. ഈ നടപടികള്‍ അവര്‍ തുടരുകയും ചെയ്യും. പാക്കിസ്ഥാനെയും ബംഗ്ലാദേശിനെയും പോലോത്ത അയല്‍ രാഷ്ട്രങ്ങള്‍ക്ക് മോഡീ സര്‍ക്കാരില്‍ നിന്ന് എന്ത് പ്രതീക്ഷിക്കാനാകും? പാക്കിസ്ഥാന്‍ ഭൂമികയില്‍ നിന്നു തന്നെ ഉടലെടുക്കുന്ന തീവ്രവാദത്തെക്കുറിച്ചുള്ള ഇന്ത്യയുടെ ഉല്‍കണ്ഢകള്‍ മുഖവിലക്കെടുക്കാന്‍ പാക്കിസ്ഥാന്‍ തയ്യാറാവാത്തിടത്തോളം കാലം ആ രാജ്യവുമായി ക്രിയാത്മകമായ ഒരു ബന്ധം ഉണ്ടാകും എന്ന് പ്രതീക്ഷിക്കാന്‍ വയ്യ. പാക്കിസ്ഥാനോടുള്ള മോഡിയുടെ സമീപനം കൂടുതല്‍ കടും പിടുത്തത്തോടെയുള്ളതും അക്രമാത്മകവുമാകാനാണ് സാദ്ധ്യത. ടീസ്റ്റ നദീജല കരാറും പ്രദേശങ്ങള്‍ പരസ്പരം കൈമാറി അതിര്‍ത്തി യുക്തിഭദ്രമാക്കാനുള്ള നീക്കവും അനധികൃത കുടിയേറ്റ പ്രശ്‌നവുമെല്ലാമായിരിക്കും ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തെ ബാധിക്കുക. അനധികൃത ബംഗ്ലാദേശീ കുടിയേറ്റക്കാരെക്കുറിച്ച് മോഡി കടുത്ത ഭാഷയിലാണ് സംസാരിച്ചിരുന്നത്. ടീസ്റ്റാ നദീജല കരാറില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാറിന്റെ സഹകരണം നേടുകയെന്നത് അദ്ദേഹത്തിന് ഒരിക്കലും എളുപ്പമാകാനിടയില്ല. കൂടാതെ, പ്രദേശങ്ങള്‍ പരസ്പരം വെച്ചു മാറുന്നുണ്ടെന്ന കാരണം പറഞ്ഞ് അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാര്‍ തന്നെ അതിര്‍ത്തി യുക്ത്യാധിഷ്ഠിതമാക്കാനുള്ള പദ്ധതിയെ എതിര്‍ത്തിരുന്നു. അമേരിക്കക്കും യുറോപ്പിനും വിശാല ഇസ്ലാമിക ലോകത്തിനും ഇടപാടുകള്‍ നടത്താന്‍ കഴിയുന്ന ആളാണോ നരേന്ദ്ര മോഡി? അതെ. അവര്‍ക്ക് മറ്റു മാര്‍ഗ്ഗങ്ങളില്ല. മോഡിയുമായി രഞ്ജിപ്പിലെത്തുന്നതില്‍ ബ്രിട്ടനും കാനഡക്കും പിറകിലായിപ്പോയെങ്കിലും അമേരിക്ക അദ്ദേഹത്തെ ഔപചാരിക സന്ദര്‍ശനത്തിനായി ക്ഷണിച്ചു കഴിഞ്ഞു. പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങളുമായുള്ള ബന്ധത്തില്‍ കാലങ്ങളായി അദ്ദേഹത്തിനുള്ള പ്രതിച്ഛായ ഒരു പോരായ്മ ആയേക്കാം. എന്നിരുന്നാലും, ഇന്ത്യയുടെ പ്രധാന ഊര്‍ജ്ജ ഉറവിടം ഈ പ്രദേശമാണ് എന്നിരിക്കെ ഇവരുമായി മോഡി നല്ല ബന്ധം കാത്തു സൂക്ഷിക്കാനാണ് സാദ്ധ്യത. ഇന്ത്യന്‍ വിദേശ നയം വിപ്ലവാത്മകമായ മാറ്റത്തിന് വിധേയമാകാനൊന്നും പോകുന്നില്ല എന്ന് ഈ സന്ദര്‍ഭത്തില്‍ മനസ്സിലാക്കേണ്ടതുണ്ട്. 1998ല്‍ വാജ്‌പേയ് സര്‍ക്കാറിനു കീഴില്‍ അണ്വായുധ പരീക്ഷണം നടത്തിയ കാലം മുതല്‍ 2006ല്‍ മന്‍മോഹന്‍ സിങിന്റെ ഭരണകാലത്ത് അരങ്ങേറിയ ഇന്തോ-അമേരിക്കന്‍ ആണവ കരാര്‍ വരെയും അതിന്റെ ശേഷവും 'തുടര്‍ച്ച' എന്നുള്ളതാണ് ഇന്ത്യന്‍ വിദേശ നയത്തിന്റെ സ്വഭാവം. അതങ്ങനെത്തന്നെ ആയിരിക്കുമെന്നാണ് പൊതുവെ പ്രതീക്ഷിക്കപ്പെടുന്നതും. അന്തിമ വിശകലനത്തില്‍, ഇന്ത്യയുടെ വിദേശ നയം ഭരണകൂടത്തിന്റെ ആദര്‍ശത്തിനനുസരിച്ചോ പ്രധാനമന്ത്രിയുടെ വ്യക്തിത്വത്തിനനുസൃതമായോ അല്ല തീരുമാനിക്കപ്പെടുന്നത് എന്ന് വ്യക്തമാകും. അവയ്ക്ക് യാതൊരു സ്വാധീനവുമില്ലെന്ന് പറയാനാവില്ലെങ്കിലും, ഇന്ത്യയുടെ കാലാകാലങ്ങളായുള്ള താല്‍പര്യങ്ങളുടെ സ്വഭാവം മാറ്റാന്‍ അവയ്ക്കാവില്ലന്നത് യാഥര്‍ത്ഥ്യമാണ്. മോഡി തന്റെ വികസനത്തിന്റെയും മാറ്റത്തിന്റെയും വാഗ്ദാനങ്ങള്‍ നിറവേറ്റിയാലും വിവിധ മതക്കാരുള്ള ഇന്ത്യയില്‍ ഏതെങ്കിലും വിധത്തിലുള്ള പ്രാദേശിക പ്രശ്‌നങ്ങള്‍ നിങ്ങള്‍ മുന്‍കൂട്ടി കാണുന്നുണ്ടോ? മതസംഘര്‍ഷങ്ങളെ സംബന്ധിച്ചിടത്തോളം സാധാരണയായി തലപൊക്കുന്ന ഇടക്കിടെയുള്ള ചെറിയ പ്രശ്‌നങ്ങള്‍ക്കപ്പുറം മറ്റൊന്നും സംഭവുക്കുമെന്ന് ഞാന്‍ കരുതുന്നില്ല. നീതിന്യായ വ്യവസ്ഥ, പ്രകൃതി വിഭവങ്ങള്‍, സാമൂഹിക-സാമ്പത്തിക അവസരങ്ങള്‍ എന്നിവയുടെ ലഭ്യതയിലുള്ള അസമത്വമാണ് വലിയ പ്രശ്‌നം. ശക്തമായ തിരുത്തല്‍ നടപടികള്‍ കൈക്കൊള്ളാത്ത പക്ഷം സാമൂഹിക സംഘര്‍ഷങ്ങളില്‍ ഈ വലിയ പ്രശ്‌നം പ്രതിഫലിച്ചു കൊണ്ടേയിരിക്കും. കലാപ ബാധിത പ്രദേശങ്ങളില്‍ ഭരണം മെച്ചപ്പെടുത്തി ഗോത്രവര്‍ഗ്ഗ വിഭാഗങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു കൊടുത്ത് മുന്നോട്ട് പോയില്ലെങ്കില്‍ സായുധ മാവോയിസ്റ്റുകള്‍ രാജ്യത്തിനു നിതാന്ത ഭീഷണിയായി തുടരുക തന്നെ ചെയ്യും. വിവര്‍ത്തനം: മുജീബ് വല്ലപ്പുഴ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter