ടി.കെ.എം ബാവ മുസ്‌ലിയാര്‍: ജ്ഞാനത്തിളക്കത്തിന്‍റെ വേര്‍‌പാട്
 width=സമസ്ത കേരള ജംഇയ്യത്തുല്‍‌ ഉലമയുടെ മുന്‍നിര നേതൃത്വത്തില്‍ പെട്ട മഹാനായിരുന്നു ഞായറാഴ്ച വിടപറഞ്ഞ ശൈഖുനാ ടി.കെ.എം ബാവ മുസ്‌ലിയാര്‍. പാണ്ഡിത്യഗരിമ കൊണ്ടും ആദര്‍ശ ധീരത കൊണ്ടും വേറിട്ട വ്യക്തിത്വമായിരുന്നു ഉസ്തദ്. പക്വമതിയായ ഒരു നേതാവ് കൂടി ഉസ്താദില്‍ ദര്‍ശിക്കാനാകും. സമസ്ത വിദ്യാഭ്യാസ ബോഡിന്‍റെ പ്രസിഡണ്ടും കാസര്‍ഗോഡ് ഖാദിയുമായിരുന്നു തൊണ്ടിക്കോടന് മുഹിയിദ്ദീന്‍ എന്ന ടി.കെ.എം. ബാവ മുസ്‌ലിയാര്‍ പണ്ഡിതപാരമ്പര്യം കൊണ്ട് ധന്യമാണ് ഉസ്താദിന്‍റെ നാടും വീടും. മലപ്പുറം ജില്ലയിലെ വെളിമുക്കിനടുത്ത പടിക്കലിലെ പള്ളിയാള്‍മാട്ടിലായിരുന്നു മഹാന്‍റെ ജനനം. ബഹുമുഖ പണ്ഡിതനും പറമ്പില് പീടിക ഖതീബുമായിരുന്ന ബീരാന്‍ മുസ്‌ലിയാരാണ് പിതാവ്. മാളിയേക്കല്‍ മൊയ്തു മുസ്‌ലിയാരുടെ മകളായിരുന്നു മാതാവ്. സ്കൂളില്‍ രണ്ടാം ക്ലാസ് വരെയാണ് ഉസ്താദ് പഠിച്ചത്. അതിന് ശേഷം പിന്നെ ഇല്‍മിന്‍റെ ലോകത്തേക്ക് തിരിഞ്ഞു. നാട്ടുകാരനായ അലവി മുസ്‌ലിയാരില്‍ നിന്നാണ് ഖുര്‍ആന്‍ പാരായണം പഠിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ദര്‍സ് പഠനത്തിനിറങ്ങി. പിതാമഹന്‍ മൊയ്തീന്‍ മുസ്‌ലിയാരാണ് ഉസ്താദിന്‍റെ ആദ്യഗുരു. സൂഫീ മഹാനായിരുന്ന പിതാമഹന്‍ നഖ്ശബന്ദീ ത്വരീഖത്തിലെ മുരീദായിരുന്നു. അക്കാലത്ത് തന്നെ നാട്ടുകാരുടെ പ്രധാന ആശ്രയകേന്ദ്രമായിരുന്നു ഉസ്താദിന്‍റെ പിതാമഹന്‍. പ്രശ്ന പരിഹാരങ്ങള്‍, രോഗ ചികിത്സ തുടങ്ങിയ കാര്യങ്ങള്‍ക്കെല്ലാം ജനങ്ങള്‍ അദ്ദേഹത്തെ ആയിരുന്നു സമീപിച്ചിരുന്നത്. ‘മുതഫര്‍രിദി’ലെ ബാബുല് ഹജ്ജ് വരെ ഓതിക്കഴിഞ്ഞതോടേ പേരക്കുട്ടിയെ ആ മഹാന്‍ പരപ്പനങ്ങാടി പനയത്തില്‍ പള്ളിയിലേക്ക് ഓതാന്‍ പറഞ്ഞയച്ചു. 12 വയസ്സ് മാത്രമായിരുന്നു അന്ന് ഉസ്താദിന്‍റെ പ്രായം. അവിടെ മര്ഹൂം കോമു മുസ്‌ലിയാരായിരുന്നു അന്ന് ദര്‍സ് നടത്തയിരുന്നത്. കോമു മുസ്‌ലിയാരുടെ മരണത്തിന് ശേഷം പനയത്തില്‍ പള്ളിയില്‍ മുദര്‍രിസായി വന്നത് പണ്ഡിതനും പ്രഭാഷകനുമായിരുന്ന പറവണ്ണ മുഹിയിദ്ദീന്‍ കുട്ടി മുസ്‌ലിയാരായിരുന്നു. ഒരു വര്‍ഷക്കാലം അദ്ദേഹത്തിന്‍റെ ശിഷ്യനായും ഉസ്താദ് അവിടെ തന്നെ കിതാബോത്ത് തുടര്‍ന്നു. തുടര്‍ന്ന് അവിടെ നിന്ന് പോയ ഉസ്താദ് വിളയില്‍ കോട്ടുമല കുഞ്ഞീതുമുസ്‌ലിയാരുടെ ദര്സില്‍ ചേര്‍ന്നു. അവിടെ വെച്ചായിരുന്നു ആദ്യമായി ജുമുഅഖുതുബ ഓതിയത്. പിന്നീട് കാസര്ഗോഡ് എ.പി അബ്ദുറഹ്മാന്‍ മുസ്‌ലിയാരുടെ ശിഷ്യത്വം സ്വീകരിച്ചു. ബുഖാരി, തുഹ്ഫ, മിശ്കാത്ത്, രിസാല പോലുള്ള കനപ്പെട്ട കിതാബുകള്‍ ഓതിയത് അവിടെ വെച്ചായിരുന്നു. കോട്ടുമല ഉസ്താദിന്‍റെ ദര്സിലും ഒരു വര്‍ഷം ശിഷ്യനായിട്ടുണ്ട്. അക്കാലത്ത് ഹജ്ജിന് പോകാനൊരുങ്ങിയ പിതാമഹന്‍ വെളിമുക്കിലെ തന്‍റെ ദര്‍സ് ഏല്‍പിച്ചു കൊടുക്കാന്‍ പറ്റിയ ഒരാളെ അന്വേഷിച്ചു. തന്‍റെ പേരമകന്‍റെ പാഠവം തിരിച്ചറിഞ്ഞ പിതാമഹന്‍ ദര്‍സ് ഉസ്താദിനെ ഏല്‍പിച്ചു കൊടുക്കുകയായിരുന്നു. അതിന് ശേഷം പിന്നെ മാങ്ങാട് ദര്‍സിലും ഉസ്താദ് ഓതിയിട്ടുണ്ട്. സി.എം വലിയുല്ലാഹി അവിടെ ജംഉല്‍ ജവാമിഇന്‍റെ സബ്ഖില്‍ ഉസ്താദിന്‍റെ ശരീക്കായി ഉണ്ടായിരുന്നു. ബിരുദം നേടിയശേഷം ചേളാരിക്കടുത്ത കൂമണ്ണയിലായിരുന്നു ആദ്യമായി ദര്സ് നടത്തിയത്. 17 വര്‍ഷത്തോളം അവിടെ ദര്‍സ് തുടര്‍ന്നു. കണ്ണൂരിലെ മൂര്യാട്ടും മലപ്പുറത്തെ ഊരകത്തും ദര്‍സ് നടത്തിയിട്ടുണ്ട്. ഊരകത്ത് സി.എച്ച് ഉസ്താദിന്‍റെ ഒഴിവിലേക്കായിരുന്നു അദ്ദേഹം നിയമിതനായത്. അതിന് ശേഷം കോട്ടുമല ഉസ്താദിന്‍റെ നിര്‍ദേശപ്രകാരം മലപ്പുറത്തെ തന്നെ കുണ്ടൂരില് ദര്‍സ് നടത്തുന്നുണ്ട്. അവിടെ ദര്‍സ് തുടരുന്നതിനിടെയാണ് കാസര്ഗോട്ടേക്ക് ക്ഷണം വരുന്നത്. കാല്‍നൂറ്റാണ്ടിലേറെ അദ്ദേഹം കാസര്‍ഗോട്ട് തുടര്‍ന്നു. സമസ്ത മുശാവറ അംഗം, വിദ്യാഭ്യാസ ബോര്‍ഡ് സാരഥി, എസ്.എം.എഫ് പ്രഥമ പ്രസിഡണ്ട് തുടങ്ങി വിവിധ പദവികള്‍ സമസ്തയില് അലങ്കരിച്ചിട്ടുണ്ട്. ശംസുല്‍ഉലമയാണ് വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ടായി ഉസ്താദിനെ തെരഞ്ഞെടുത്തത്. പ്രഭാഷണ വേദികളിലെ നിറസാന്നിധ്യമായിരുന്നു ഒരുകാലത്ത് ഉസ്താദ്. മസ്ജിദുകള്‍ക്ക് ഖിബില നിര്‍ണയിക്കാനും മറ്റും ഉസ്താദ് പോകാറുണ്ടായിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter