ശരീഅത്തും ജമാഅത്തിന്റെ ജല്‍പനങ്ങളും
കാലാന്തരങ്ങളിലെ പാഠങ്ങള്‍ക്കൊണ്ട് ജമാഅത്തെ ഇസ്ലാമി നന്നായിട്ടില്ല എന്ന് അടിവരയിടുന്ന വാര്‍ത്തകളാണ് കേട്ട് കൊണ്ടിരിക്കുന്നത്. ഒ.അബ്ദുറഹ്മാന്‍ മുഖ്യധാര (2016 ഫെബ്രുവരി)ക്ക് നല്‍കിയ അഭിമുഖം വായിച്ചാല്‍ ജമാഅത്തിന്റെ മതേതരത്വത്തിന്റെ കപടമുഖം വ്യക്തമാകും. ഇതിനെ തിരുത്താന്‍ ഇതുവരെ ഒരു ഘടകവും തയാറായിട്ടില്ല.
അഭിമുഖത്തെ തുടര്‍ന്നുണ്ടായ വിവാദത്തിന് മറുപടിയായി സ്വന്തം പത്രത്തില്‍ (മാധ്യമം ഫെ:28) ഒ.അബ്ദുറഹ്മാന്‍ ഒരു നീണ്ട കുറിപ്പെഴുതി. അപരാധം സംഭവിച്ചതായി മനസ്സിലാക്കി പറയുന്നത് വരികള്‍ക്കിടയില്‍ വായിച്ചെടുക്കാമെങ്കിലും അത് സമ്മതിക്കാതെ വീണത് വിദ്യയാക്കുകയാണ് അദ്ദേഹം.
ഇന്ത്യയില്‍ ഏക സിവില്‍ കോഡ് വരട്ടെ എന്തിന് അതിനെ എതിര്‍ക്കണം? എന്നാണ് അദ്ദേഹം ചോദിച്ചത്. ശരീഅത്ത് വിവാദകാലത്തെ എ.ആറിന്റെ നിലപാടുകളെ പൂര്‍ണമായും അട്ടിമറിച്ച് കൊണ്ടാണ് പുതിയ നിലപാട്. ഏക സിവില്‍ കോഡ് വാദികള്‍ അന്നും ഇന്നും വാദിക്കുന്നത് ഓരോ നിലക്കാണ്. അന്ന് അദ്ദേഹം എഴുതി : 'ഭരണഘടനയുടെ ഈ 44-ാം അനുച്ഛേദം പ്രയോഗവല്‍ക്കരിക്കപ്പെട്ടാല്‍ ഹിന്ദുക്കള്‍ക്കും മുസ്്‌ലിംകള്‍ക്കും ക്രൈസ്തവര്‍ക്കും സിക്കുകാര്‍ക്കും മറ്റും വെവ്വേറെ സിവില്‍കോഡുകളുണ്ടാവില്ല. വിവാഹം, വിവാഹമോചനം, സ്വത്തവകാശം, ഒസിയ്യത്ത്, ദാനം തുടങ്ങിയ വൈയക്തിക കാര്യങ്ങളില്‍പ്പോലും എല്ലാ മതസമുദായങ്ങള്‍ക്കും ഏകീകൃത നിയമങ്ങളായിരിക്കും. (ശരീഅത്തും ഏക സിവില്‍കോഡും പേ:76)
'ഡമോക്ലസ്സിന്റെ വാളുപോലെ' മുസ്്‌ലിം മതന്യൂനപക്ഷത്തിന്റെ തലക്കുമീതെ തൂങ്ങിനില്‍ക്കുന്നതാവരുത്. ഏകീകൃത സിവില്‍കോഡ്. ഒന്നുകില്‍ ഭരണഘടനയുടെ മാര്‍ഗ നിര്‍ദേശക തത്വങ്ങളില്‍ നിന്ന് 44-ാം അനുച്ഛേദം എടുത്ത് കളയുക. അത് സാധ്യമല്ലെങ്കില്‍ ഏകീകൃത സിവില്‍ കോഡിന്റെ പരിധിയില്‍ നിന്ന് മുസ്്‌ലിംകളെ ഒഴിവാക്കുക. (അതേപുസ്തകം, പേ: 79) ഏക സിവില്‍ കോഡിന്റെ അപകടാവസ്ഥ വിശദീകരിച്ച ശേഷം അബ്ദുറഹ്മാന്‍ എഴുതി: 'ഇത് കൊണ്ടെല്ലാമാണ് സ്വകാര്യജീവിതത്തിലെ ശരീഅത്ത് നിയമങ്ങള്‍ പരിരക്ഷിക്കാനുള്ള അനുവാദം തുടര്‍ന്നും നിലനില്‍ക്കണമെന്നും അത് റദ്ദാക്കിക്കൊണ്ടുള്ള ഏക സിവില്‍ കോഡ് മുസ്്‌ലിംകള്‍ക്ക് സ്വീകാര്യമല്ലെന്നും സമുദായം ഒറ്റക്കെട്ടായി ആവശ്യപ്പെടുന്നത്.' (ചോദ്യങ്ങള്‍ക്ക് മറുപടി- പേജ് 202)
ഏക സിവില്‍ കോഡ് അപ്രായോഗികവും ശരീഅത്ത് വിരുദ്ധവുമാണെന്ന് സര്‍വകാല സാധ്യതകള്‍ നിരത്തിക്കൊണ്ട് നിരവധി സ്ഥലങ്ങളില്‍ അക്ഷരം നിരത്തിയ വ്യക്തി ഇപ്പോള്‍ നിലപാട് മാറുന്നതിനുള്ള സാഹചര്യം എന്താണ്? ഇന്ത്യന്‍സാഹചര്യത്തില്‍ എല്ലാവര്‍ക്കും സ്വീകാര്യമായ ഒരു സിവില്‍ നിയമം സാങ്കല്‍പ്പികം പോലും അല്ല. പിന്നെ സ്വീകാര്യമായ ഒരു രൂപം വന്നാല്‍ അത് ഏക സിവില്‍ കോഡല്ല, നാനാത്വത്തില്‍ ഏകത്വമെന്നതിന്റെ മറ്റൊരു പതിപ്പാണ്. ആപേക്ഷികമായി മതസ്വാതന്ത്ര്യം ലഭിക്കുകയും മതേതര രീതി സംരക്ഷിക്കപ്പെടുകയും ചെയ്യപ്പെട്ട കാലത്ത്,അരുതാത്ത ഏക സിവില്‍ കോഡ് ഹിന്ദുത്വ ഭരണം ലക്ഷ്യമാക്കുന്നവരുടെ കാലത്ത് അനുകൂലമാകുന്ന മാജിക് ജമാഅത്തിനേ അറിയൂ. അപകടത്തിന്റെ കടന്നുവരവിന്റെ വാതില്‍ തന്നെ ഒ.അബ്ദുറഹ്മാന്‍ കൊട്ടിയടച്ചത് കാണുക. 'ഇന്ന് ഏക സിവില്‍ കോഡിന് വഴങ്ങിയാല്‍, നാളെ സ്ഥലപരിമിതിയുടെ ന്യായം പറഞ്ഞ് മയ്യിത്തുകള്‍ ദഹിപ്പിക്കണമെന്ന് വാദിക്കാനും പുരോഗമനവാദികള്‍ തന്നെ രംഗത്ത് വരും. ഇന്നെന്ന പോലെ അന്നും മോഡേണ്‍ മുഫ്തിമാര്‍ ഖുര്‍ആന്‍ പരതും. അതിലെവിടെയും മൃതദേഹം കരിക്കരുത് എന്ന് പറഞ്ഞിട്ടുണ്ടാകില്ല. ഹദീസുകളുണ്ടെങ്കില്‍ അവ അബൂ ഹുറൈറ ഉദ്ധരിച്ചതാവും. മറ്റന്നാള്‍ ശ്രീകൃഷ്ണന്റെയും, ശ്രീരാമന്റെയും രാജ്യത്തെന്തേ അറേബ്യക്കാരനായ മുഹമ്മദിന്റെ പേരനുവദിക്കാന്‍ എന്ന് ചോദിക്കാനാളുണ്ടാവും. പേരിലെന്തിരിക്കുന്നു എന്നാവും അന്ന് മുസ്്‌ലിം പുരോഗമനവാദികളുടെ പ്രതികരണം'(ശരീഅത്തും ഏക സിവില്‍ കോഡും- പേ:91)
മൂന്ന് പതിറ്റാണ്ടിനു ശേഷം പുരോഗമനവാദികളുടെ അംഗത്വം വര്‍ധിച്ചത് കണ്ട് പുരോഗമനവാദക്കാര്‍ ഊറിച്ചിരിക്കുന്നുണ്ടാവും. നവപുരോഗമനവാദികള്‍ക്ക് യാഥാസ്ഥിതിക പുരോഗമനവാദികളുടെ സ്വാഗതം.
ഇസ്്‌ലാമിക നിയമങ്ങളെ പൊളിച്ചെഴുതുന്ന അബ്ദുറഹ്മാന്റെ മറ്റൊരുവരി : നബിയുടെ കാലം വരെ അറേബ്യയില്‍ സ്ത്രീകള്‍ക്ക് സ്വത്തവകാശം ഉണ്ടായിരുന്നില്ല. നബിയവര്‍ക്ക് മിനിമം സ്വത്തവകാശം നല്‍കി. അത് കാലോചിതമായി പരിഷ്‌കരിച്ച് ആണിന് തുല്യമാക്കാമോ എന്ന് പരിശോധിക്കണമെന്നാണ് എന്റെ അഭിപ്രായം. (മുഖ്യധാര. പേജ് : 16)
നേരത്തെ അദ്ദേഹം യുക്തിവാദങ്ങള്‍ക്ക് മറുപടിയായി എഴുതിയത് ഇങ്ങനെയാണ്. 'വിവാഹം ചെയ്യുമ്പോള്‍ പുരുഷന്മാര്‍ സ്ത്രീകള്‍ക്ക് മഹര്‍ അഥവാ വിവാഹമൂല്യം നല്‍കണം. അത് ഒരു ഇരുമ്പ് മോതിരം മുതല്‍ സ്വര്‍ണക്കൂമ്പാരം വരെ എന്തുമാകാം. സാമ്പത്തിക നിലയും കീഴ്‌വഴക്കവുമനുസരിച്ച് പുരുഷന്മാര്‍ സാധ്യമായ തുക മഹറായി നല്‍കുന്നു. വിവാഹാനന്തരം ഭാര്യയെയും സന്താനങ്ങളെയും സംരക്ഷിക്കേണ്ട ബാധ്യത പുരുഷനാണ്. ഭാര്യ സ്വത്ത്കാരിയോ, ഉദ്യോഗസ്ഥയോ, ആയിരുന്നാല്‍പ്പോലും നിയമപരമായി ഭര്‍ത്താവിനെ സംരക്ഷിക്കാന്‍ ബാധ്യസ്ഥയല്ല. അത് പോലെ മാതാപിതാക്കളെയും അടുത്തബന്ധുക്കളെയും സംരക്ഷിക്കേണ്ടതും പുരുഷന്‍ തന്നെ. ഭാര്യയുടെ സ്വത്തില്‍ നിന്ന് അല്‍പ്പവും അവളുടെ അനുവാദമില്ലാതെ ഉപയോഗിക്കാന്‍ പുരുഷനെ ഇസ്‌ലാം അനുവദിക്കുന്നില്ല. ഈ അവസ്ഥയെക്കുറിച്ചാണ് പുരുഷന്മാര്‍ സ്ത്രീകളുടെ മേല്‍നോട്ടം നടത്തുന്നവരാണ് (4;34) എന്നും പുരുഷന്മാര്‍ക്ക് സ്ത്രീകളേക്കാള്‍ ഒരു പദവി കൂടുതലുണ്ട് (2:228) എന്നും ഖുര്‍ആന്‍ പറഞ്ഞത്. പുരുഷന്മാര്‍ സാമ്പത്തിക ബാധ്യത ഏറ്റെടുക്കുകയും സ്ത്രീകള്‍ ഗൃഹഭരണം നടത്തുകയും ചെയ്യുന്നതാണ് പ്രകൃതിയുക്തമായ സംവിധാനമെന്ന് ഇസ്്‌ലാം കരുതുന്നു. അത് കൊണ്ടാണ് സാമ്പത്തിക ഭാരം പേറേണ്ട പുരുഷന് സ്ത്രീയുടെ ഇരട്ടി ഓഹരി അനന്തര സ്വത്തില്‍ ഏര്‍പ്പെടുത്തിയത്. ഫലത്തില്‍ അതിന്റെ ഗുണഭോക്താവ് സ്ത്രീ തന്നെയാകുന്നു. പിതാവ് മരണപ്പെട്ടാല്‍ ആണ്‍മക്കള്‍ക്കും പെണ്‍മക്കള്‍ക്കും തുല്യമായാണ് പിതാവിന്റെ സ്വത്ത് ഭാഗിക്കുന്നതെങ്കില്‍ കൂടുതല്‍ സാമ്പത്തിക ഭാരം വഹിക്കേണ്ട ആണ്‍മക്കളെ സംബന്ധിച്ചിടത്തോളം അത് അനീതിയായിട്ടാണ് കലാശിക്കുക. പെണ്‍മക്കളുടെ സംരക്ഷണചുമതല അവരുടെ ഭര്‍ത്താക്കന്മാര്‍ വഹിക്കണമെന്നിരിക്കെ അവര്‍ക്ക് പ്രശ്‌നങ്ങളില്ലതാനും. മറ്റേതുനിയമങ്ങളെയുംപോലെ ഇസ്്‌ലാമിക നിയമങ്ങളും സാമാന്യസമ്പ്രദായങ്ങളെയും പൊതുഅനുഭവങ്ങളേയുമാണ് കണക്കിലെടുക്കുന്നത്. (യുക്തിവാദികളും, ഇസ്്‌ലാമും. പേജ്:163-164)
പുരുഷന് രണ്ട് സ്ത്രീയുടെ തുല്യമായ ഓഹരിയാണ്. (4:176) എന്ന ഖുര്‍ആനിന്റെ വ്യക്തമായ നിര്‍ദ്ദേശത്തിന് എതിരാണ് അദ്ദേഹം ഇപ്പോള്‍ മുന്നോട്ട് വച്ചത്. എങ്ങനെയാണ് കാലോചിതമായി പരിഷ്‌കരിക്കുക?പുരുഷന്‍ സ്ത്രീക്ക് മഹര്‍ നല്‍കരുത്. വിവാഹാനന്തരം ഭാര്യയെയും സന്താനങ്ങളെയും സംരക്ഷിക്കേണ്ട ചുമതല ഭര്‍ത്താവിനില്ല. ഭര്‍ത്താവും ഭാര്യയും സ്വയം സംരക്ഷിക്കപ്പെടണം. സന്താനസംരക്ഷണം രണ്ടാളും കൂടി വഹിക്കണം. കുടുംബം പുലര്‍ത്തേണ്ട ബാധ്യത രണ്ടാള്‍ക്കും തുല്യമായിട്ടാണ്. അത് കൊണ്ട് പുരുഷന് സ്വത്ത് ആവശ്യമാകുന്നത്ര തന്നെ സ്ത്രീക്കും വേണം അതുകൊണ്ട് രണ്ടാള്‍ക്കും അനന്തരാവകാശം തുല്യമാണ് എന്ന് പരിഷ്‌കര്‍ത്താവിന് വാദമുണ്ടോ? ചെരുപ്പിനൊത്ത് കാല് മുറിക്കുന്ന വിധം ഇസ്്‌ലാമിന്റെ പേരില്‍ വേണ്ട, ഖുര്‍ആനിന്റെ നസ്സ്വിനെ (വ്യാഖ്യാനം വേണ്ടാത്ത വിധം മനസ്സിലാവുന്നത്) നിഷേധിക്കുന്നത് മതഭ്രഷ്ടിനുപോലും കാരണമാകുമെന്നാണ് മതവിധി. 'ഖുര്‍ആനിന്റെയും സുന്നത്തിന്റെയും മൗലികാധ്യാപനങ്ങളില്‍ മാറ്റംവരുത്തുക എന്നത് വിഭാവനം ചെയ്യുക പോലും സാധ്യമല്ല. (പ്രബോധനം 1985 ജൂലൈ 6) എന്ന കാഴ്ചപ്പാട് ഇവിടെ ബാധകമല്ലെന്നുണ്ടോ.'
ഫിഖ്ഹിന്റെ അടിത്തറയെ തന്നെ ചോദ്യം ചെയ്തിട്ട് അദ്ദേഹം വിശദീകരിക്കുന്നത് 'ഞാന്‍ ചോദ്യം ചെയ്തത് ഫിഖ്ഹിനെയോ അതിന്റെ പ്രാധാന്യത്തെയോ അല്ല ഫിഖ്ഹിന്റെ മേല്‍വിലാസത്തില്‍ കാലാകാലങ്ങളിലെ മതപണ്ഡിതന്‍മാര്‍ രേഖപ്പെടുത്തിയ അഭിപ്രായങ്ങളേയും ഫിഖ്ഹിനെ ഇസ്‌ലാമിന്റെ ആകെ തുകയായി അവതരിപ്പിക്കുന്ന രീതിയെയുമാണ് ' (മാധ്യമം ഫെ. 28) ഞങ്ങള്‍ ചോദ്യം ചെയ്തത് ശരീഅത്തിനെ അല്ല ശരീഅത്തിന്റെ പേരില്‍ നടക്കുന്ന സ്ത്രീ വിരുദ്ധതയെയാണ് എന്ന്പറഞ്ഞ് പുരോഗമന വാദികള്‍ ഖുര്‍ആനിനെയും ഹദീസിനെയും പൊളിച്ചെഴുത്ത്‌നടത്തിയപ്പോള്‍ അതിനെ പ്രതിരോധിച്ചത് ഏത് വിധമായിരുന്നെന്ന് എ.ആര്‍ ഓര്‍ക്കണം. ഈ ഫിഖ്ഹ് ആണ് ഇസ്‌ലാമിനെ ഇത്രമേല്‍ സ്ത്രീ വിരുദ്ധമാക്കിയത് എന്ന് പറയുമ്പോള്‍ അടിത്തറയെയാണ് ചോദ്യം ചെയ്യുന്നത്.
ഫിഖ്ഹ് ഗ്രന്ഥങ്ങള്‍ വായിച്ച് നോക്കിയാല്‍ സ്ത്രീ പുരുഷന്‍മാരുടെ അടിമയാണെന്നും അതൊന്നും ഇസ്്‌ലാമിന്റെ കാഴ്ചപ്പാടല്ല എന്നും അദ്ദേഹം പറയുമ്പോള്‍, വിമര്‍ശന ബുദ്ധ്യാ ഖുര്‍ആന്‍ വായിച്ചവരും ഇതേ വിമര്‍ശനമാണ് നടത്തിയത് എന്നോര്‍ക്കണം. ഖുര്‍ആനിന്റെയും ഹദീസിന്റെയും അടിസ്ഥാനത്തിലാണ് കര്‍മശാസ്ത്രം ക്രോഡീകരിക്കപ്പെട്ടത്. ബഹുഭാര്യാത്വത്തില്‍ സ്ത്രീകള്‍ക്കിടയില്‍ നീതിപാലിക്കണമെന്നും ത്വലാഖിന്റെ മുന്നോടിയായി നടപടിക്രമങ്ങള്‍ പാലിക്കണമെന്നും ഖുര്‍ആന്‍ പറയുന്നുണ്ട്. ഫിഖ്ഹ് ഇതൊന്നും പാലിക്കുന്നില്ലെന്ന ലേഖകന്റെ വാദം ശുദ്ധകളവാണ്. കര്‍മ ശാസ്ത്രത്തിന്റെ എല്ലാ ഗ്രന്ഥങ്ങളിലും ഇത് വിശദീകരിക്കുന്നുണ്ട്. എന്നാല്‍ ഈ നടപടിക്രമങ്ങള്‍ പാലിക്കാതെ ബഹുഭാര്യാത്വമോ, ത്വലാഖോ നടത്തിയാല്‍ നടപടിക്രമം പാലിക്കാത്തതിന്റെ കുറ്റവും അതുവഴിയുള്ള ശിക്ഷയും നേരിടുമെന്നും എന്നാല്‍ വിഷയം സാധൂകരിക്കപ്പെടുമെന്നും ഫിഖ്ഹ് പറയുകയാണ് ചെയ്തത്. ഇത് ഖുര്‍ആനിനും സുന്നത്തിനും വിധേയമാണ്.
ഒരാള്‍ സ്ത്രീയെ വിവാഹം ചെയ്തശേഷം ഞാന്‍ നിന്നെ ത്വലാഖ് ചെയ്തിരിക്കുന്നു എന്നുപറഞ്ഞാല്‍ അവള്‍ വിവാഹമോചിതയായി. ഖുര്‍ആന്‍ പറഞ്ഞ ത്വലാഖിനു മുന്നേയുള്ള അച്ചടക്കനടപടികള്‍ പാലിച്ചില്ലെങ്കിലും അത് സംഭവിക്കും. ഫിഖ്ഹിന്റെ ഈ നിലപാടിനെയാണ് ലേഖകന്‍ ചോദ്യം ചെയ്യുന്നത്. അച്ചടക്കനടപടികള്‍ പാലിക്കപ്പെടാത്തതിന് അവര്‍ കുറ്റക്കാരനാണെന്നും ഫിഖ്ഹ് പറയുന്നു. വ്യഭിചാരം വന്‍പാപമാണ് എന്നാല്‍ വ്യഭിചാരി കുളിച്ചേ നിസ്‌കരിക്കാവൂ എന്ന ഫിഖ്ഹി പറഞ്ഞാല്‍ അത് വ്യഭിചാരത്തിന് കൂട്ടുനില്‍ക്കലല്ല.
പതിറ്റാണ്ടുകള്‍ ശരീഅത്തിനുവേണ്ടി ആശയസമരത്തില്‍ പങ്ക് വഹിച്ചു എന്ന് കരുതി ശരീഅത്തിന്റെ നിയമങ്ങള്‍ മാറ്റിമറിക്കാനുള്ള സ്വാതന്ത്ര്യം ലേഖകന്‍ അവകാശപ്പെടരുത്.



Leave A Comment