സ്ത്രീ ഉന്നതവിദ്യാഭ്യാസ രംഗത്തെ പുതിയ ഉണര്‍വുകള്‍

എസ്.എസ്.എല്‍.സി കഴിഞ്ഞതോടെ നാടുനീളെ പുതിയ പുതിയ കോഴ്‌സുകളുടെ ഫ്‌ളക്‌സുകളുയര്‍ന്നുകഴിഞ്ഞു. പ്ലസ് വണ്‍ അവസാന അലോട്ടുമെന്റും കഴിഞ്ഞ് ഒന്നു രണ്ടു മാസത്തോളം ഇത് നീണ്ടുനില്‍ക്കും. തങ്ങളുടെ സ്ഥാപനങ്ങളിലെ പുതിയ വര്‍ഷത്തേക്കുള്ള കോറം തികക്കാനുള്ള ബദ്ധപ്പാടിലാണിപ്പോള്‍ ഓരോ മാനേജ്‌മെന്റുകളും. പബ്ലിക് സ്‌കൂള്‍, ഇന്റര്‍നാഷ്‌നല്‍ സ്‌കൂള്‍, ഇംഗ്ലീഷ് സ്‌കൂള്‍ തുടങ്ങി വിവിധ ലേബലുകളിലാണ് ഇത്തരം സ്‌കൂളുകള്‍ പ്രത്യക്ഷപ്പെടുന്നത്. സാങ്കേതിക-തൊഴില്‍ മേഖലക്ക് പ്രധാന്യം നല്‍കുന്ന സംരംഭങ്ങളുമുണ്ട് അതില്‍. ടൈലറിംഗ്, ഫാഷന്‍ ഡിസൈനിംഗ്, കമ്പ്യൂട്ടര്‍, മൊബൈല്‍ റിപ്പയറിംഗ്, നഴ്‌സിങ്ങ് തുടങ്ങി വിവിധ വഴികള്‍.

മാര്‍ക്കറ്റിംഗിന്റെ ഈ അതിപ്രസരത്തില്‍ ഓരോ രക്ഷിതാവും കുട്ടിയും തന്റെ ഭാവിയെക്കുറിച്ച് വളരെ ചിന്തിച്ച് തീരുമാനമെടുക്കേണ്ട സമയമാണിത്. ഇന്റര്‍നാഷ്‌നല്‍ സൗകര്യങ്ങളും സംവിധാനങ്ങളും കണ്ട്, കുട്ടിയുടെ അഭിരുചിയും കോഴ്‌സിന്റെ ഉപകാരവുമറിയാതെ പുതിയ കോഴ്‌സുകളിലേക്ക് ആകര്‍ഷിക്കപ്പെട്ടാല്‍ ഭാവിജീവിതം നഷ്ടപ്പെട്ടതുതന്നെ. ഇങ്ങനെ, കുടുംബത്തിന്റെ ഇമേജിനും അയല്‍ക്കാരനോടും മത്സരിക്കാനുമായി പുതിയ കോഴ്‌സുകളില്‍ എന്‍ റോള്‍ ചെയ്തു പഠിക്കുന്ന ധാരാളം ആളുകളെ കാണാം. അവസാനം ഒരു നിലക്കും ഉപകാരപ്പെടാതെ ആ രംഗംതന്നെ ഒഴിവാക്കേണ്ട അവസ്ഥയായിരിക്കും അവര്‍ക്കെല്ലാം വന്നുചേരുന്നത്. 

ഈയൊരു രീതിയില്‍നിന്നും മാറി സ്വന്തം മകന്റെ/ മകളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് രക്ഷിതാക്കള്‍ കാര്യക്ഷമമായി ചിന്തിക്കേണ്ടതുണ്ട്. ഒരു മുസ്‌ലിം എന്ന നിലക്ക് അവന്റെ ഭാവിയോട് യോജിച്ച, എല്ലാവര്‍ക്കും ഉപകാരപ്പെടുന്ന സംവിധാനങ്ങളായിരിക്കണം അവര്‍ തെരഞ്ഞെടുത്ത് പഠിക്കേണ്ടത്. ഭൗതിക-സാങ്കേതിക-ശാസ്ത്ര മേഖലകളിലെല്ലാം കുട്ടികളെ പഠനം നടത്താന്‍ പ്രേരിപ്പിക്കണം. പക്ഷെ, ഇസ്‌ലാമിക ഐഡന്റിറ്റി കളഞ്ഞുകുളിക്കാത്ത സാഹചര്യങ്ങളും അവര്‍ക്ക് ഉണ്ടാക്കിക്കൊടുക്കണം. അല്ലെങ്കില്‍, അത്തരം സൗകര്യങ്ങളോടുകൂടിയ ഉന്ന പഠന സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കണം. അപ്പോഴേ നാം ഉദ്ദേശിക്കുന്ന ലക്ഷ്യം അവരില്‍നിന്നും ലഭ്യമാവുകയുള്ളൂ. ഇന്ന് അത്തരം ധാരാളം കോഴ്‌സുകളും സംവിധാനങ്ങളും ലഭ്യമാണ്. അത് ഉപയോഗപ്പെടുത്താന്‍ നാം മുന്നോട്ടുവരേണ്ടതുണ്ട്. ഭൗതിക മേഖലയില്‍ മാത്രം പഠിക്കുന്നവര്‍ ഇസ്‌ലാമിക വഴികള്‍ മുറുകെ പിടിക്കുകയും  വേണം.

സ്ത്രീ വിദ്യാഭ്യാസ മേഖലയിലും ഇന്ന് പുതിയ ഉണര്‍വുകള്‍ കണ്ടുതുടങ്ങിയിരിക്കുന്നു. ഭൗതിക മേഖലയിലും മത മേഖലയിലും. മത ബോധത്തോടെയുള്ള സ്ത്രീയുടെ ഉന്നത പഠനം പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. ഖുര്‍ആനും ഹദീസും ആഴത്തില്‍ പഠിക്കുന്നതോടൊപ്പം യൂണിവേഴ്‌സിറ്റി ഡിഗ്രിയും നേടുന്ന പുതിയ സംവിധാനങ്ങള്‍ പ്രതീക്ഷ നല്‍കുന്നതാണ്. തനിക്ക് യാതൊന്നും നഷ്ടപ്പെടുന്നില്ല എന്ന ബോധത്തോടൊപ്പം ഇസ്‌ലാമിക വിഷയങ്ങളില്‍ ഗഹനമായ അറിവ് നേടാന്‍ ഇത് വഴിയൊരുക്കുന്നു. പുതിയ കാലത്ത് മുസ്‌ലിം സ്ത്രീകള്‍ക്കിടയിലെ ദഅവാ പ്രവര്‍ത്തനങ്ങള്‍ക്ക് ഇത്തരം പണ്ഡിതകളെ ആവശ്യമാണ്. ആ ആവശ്യം തിരിച്ചറിഞ്ഞുകൊണ്ടുതന്നെയാണ് സമൂഹം കാലത്തിന്റെ ആവശ്യകതയെന്നോണം അത്തരം സംരംഭങ്ങള്‍ ആരംഭിച്ചിരിക്കുന്നതും. 

ഇസ്‌ലാമികാന്തരീക്ഷത്തില്‍ ഉന്നത മത-ഭൗതിക പഠനം സാധ്യമാക്കുന്ന കോഴ്‌സുകളെക്കുറിച്ചാണ് ഇന്ന് നാടുനീളെ കേള്‍ക്കുന്നത്. ഇത് ആശയം പോലെത്തന്നെ പ്രോയോഗികമാവണം. എങ്കില്‍ അതില്‍ പ്രതീക്ഷയും വിജയവുമുണ്ട്. പുതിയ കാലത്തിന്റെ അരാജകത്വത്തില്‍നിന്നും നമ്മുടെ പുതിയ പെണ്‍തലമുറയെ നമുക്ക് അതുവഴി രക്ഷിക്കാന്‍ കഴിയും. ഇത്തരം പഴുതുകള്‍ ഉപയോഗിച്ച് അവസരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടാത്ത കാലത്തോളം. കേരളത്തിലെ മുസ്‌ലിം സ്ത്രീകളുമായി ബന്ധപ്പെട്ട് പൊട്ടിപ്പുറപ്പെട്ട മത-ഭൗതിക ഉന്നത പഠനം എന്ന ആവേശം ഒരു വിജയമായി എന്നെന്നും നിലനില്‍ക്കട്ടെയെന്ന് നമുക്ക് പ്രത്യാശിക്കാം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter