വീട്ടില്‍ നിന്നു പടിയിറക്കരുത്

bahaരാജ്യത്ത് മതപരിവര്‍ത്തനം വീണ്ടുമൊരു ചര്‍ച്ചാവിഷയമായിരിക്കുകയാണ്. ഏത് പൗരനും സ്വേച്ഛാനുസരണം മതം അവലംബിക്കാനും അനുവര്‍ത്തിക്കാനും അത് പ്രചരിപ്പിക്കാനും നമ്മുടെ ഭരണഘടന അവകാശം നല്‍കുന്നുണ്ട്. സാര്‍ത്ഥകവും യുക്തിയുക്തവുമായ മതം ഏതെന്ന് കണ്ടെത്താനും അതു സ്വീകരിച്ച് തദനുസൃതം ജീവിക്കാനും ജനാധിപത്യ ഇന്ത്യയില്‍ സ്വാതന്ത്ര്യമുണ്ട്. അതുകൊണ്ട് തന്നെ മതപരിപര്‍ത്തനം വിവാദമോ സംവാദമോ ആയിത്തീരാന്‍ പാടില്ലായിരുന്നു.

പൗരന്റെ വ്യക്തിസ്വാതന്ത്ര്യത്തിനനുസരിച്ചാണല്ലോ മതം സ്വീകരിക്കുന്നതും നിരാകരിക്കുന്നതും. താന്‍ കണ്ടെത്തിയ സത്യം മറ്റുള്ളവരുമായി പരസ്പരം പങ്കുവെക്കുന്നതും പ്രചരിപ്പിക്കുന്നതും അവന്റെ അവകാശമാണ്. അപ്പോള്‍ സത്യം തിരിച്ചറിഞ്ഞുള്ള മതമാറ്റം വിമര്‍ശിക്കേണ്ടതല്ല.  ജാതി വ്യവസ്ഥയുടെ ഉച്ചനീചത്വങ്ങള്‍ ഇന്ത്യന്‍ സാമൂഹ്യവ്യവസ്ഥയെ നിശ്ചലമാക്കിയേടത്തുനിന്നാണ് രാജ്യത്ത് നവോത്ഥാനത്തിന്റെ ആരംഭമുണ്ടായത്. ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പി കൂടിയായിരുന്ന ഡോ. അംബേദ്കര്‍ ബുദ്ധമതം സ്വീകരിച്ചതും ലക്ഷണക്കിന്  ദളിതര്‍ മതം മാറിയതും ജാതിവ്യവസ്ഥ സൃഷ്ടിച്ച സാമൂഹിക വൈരുദ്ധ്യങ്ങള്‍ മൂലമായിരുന്നു.  എന്നാല്‍ അംബേദ്കറിന് ഇസ്‌ലാമില്‍ ചേരാന്‍ അന്നത്തെ നൈസാം രാജാവ് അഞ്ച് കോടി വാഗ്ദാനം ചെയ്തിരുന്നുവെന്നത് ശുദ്ധ അസംബന്ധമാണ്. ചരിത്രം കാവിവത്കരിക്കുന്നതിനുള്ള  പുതിയ ഉദാഹരണമാണിത്.

വീണ്ടും വീട്ടിലേക്ക് തിരിച്ചുപോകുമ്പോള്‍ ചില ചോദ്യങ്ങള്‍ ഉത്തരം തേടുന്നുണ്ട്. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഹിന്ദുമതം ഉപേക്ഷിക്കാനുണ്ടായ കാരണങ്ങളെ കുറിച്ച് പഠിക്കാനോ പരിഹാരങ്ങള്‍ കണ്ടെത്താനോ പുതിയ കാലത്ത് ശ്രമങ്ങളുണ്ടായിട്ടുണ്ടോ?.  ആര്‍.എസ്.എസിന്റെ ഘര്‍ വാപസിയും ആര്യസമാജത്തിന്റെ ശുദ്ധി പ്രസ്ഥാനവും  ക്ഷണിക്കുന്നത് പൂര്‍വജാതിയിലേക്കാണ്. എന്നാല്‍ മാനുഷിക വിവേചനത്തെ അംഗീകരിക്കുന്ന ജാതിവ്യവസ്ഥ അട്ടിമറിച്ചത് കൊണ്ടാണ് മതപരിവര്‍ത്തനങ്ങള്‍ക്ക് രാജ്യത്ത് സ്വീകാര്യതയുണ്ടായത്.

സ്വതാല്‍പര്യത്തിനനുസരിച്ച് മത പരിവര്‍ത്തനം നടത്തിയിരുന്ന കാലങ്ങളില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നില്ല. പ്രലോഭനങ്ങളും പ്രകോപനങ്ങളുമാണ് മതേതരത്വത്തിനും ജനാധിപത്യത്തിനും വിള്ളല്‍ വീഴ്ത്തുന്നത്. അധികാരത്തിന്റെയും ആദര്‍ശവഴികാട്ടികളായ തീവ്രഹിന്ദുക്കളുടെയും പിന്‍ബലത്തില്‍, മുഴുവന്‍ സ്വാധീനവും ഉപയോഗപ്പെടുത്തി വര്‍ഗ്ഗീയ ശുദ്ധീകരണമെന്ന ലക്ഷ്യത്തോടെയുള്ള മതപരിവര്‍ത്തനമാണ് രാജ്യത്തിന്റെ ഭാസുര ഭാവിക്ക് ക്ഷതമേല്‍പിക്കുന്നത്.

രാജ്യത്തെ മുസ്‌ലിംകളെ ഘര്‍വാപസി നടത്താന്‍, മുന്‍പ് ഹിന്ദുതറവാട്ടില്‍ നിന്നു റാഞ്ചികൊണ്ടുപോയവരൊന്നുമല്ല അവര്‍. പ്രകോപനരീതിയിലുള്ള തിരിച്ചുവിളിക്കലോ പ്രലോഭനപരമായ മിഷനറി പ്രവര്‍ത്തനമോ ഇസ്‌ലാമിക പ്രചരണത്തിന് വേണ്ടിവന്നിട്ടില്ല. ഇന്ത്യയിലെ ഇസ്‌ലാമിക ചരിത്രം പഠിക്കുന്നവര്‍ക്ക് മത പ്രചാരണത്തിന്റെ അന്യൂനമായ മാതൃകകള്‍ ദര്‍ശിക്കാനാകും. രാജ്യത്തെ മുഴുവന്‍ ഭരണാധികാരികളും ആശീര്‍വാദം തേടിയെത്തിയിരുന്ന അജ്മീറിലെ ഖാജാ മുഈനുദ്ദീനും ഡല്‍ഹിയില്‍ സര്‍വരുടെയും ആത്മദാഹം അകറ്റിയ നിസാമുദ്ദീന്‍ ഔലിയയും കേരളത്തിലെ സാമൂഹികാന്തരീക്ഷത്തില്‍ അതുല്യമായ പരിഷ്‌കാരങ്ങള്‍ സാധിച്ചെടുത്ത മാലിക് ദീനാറും സംഘവും സര്‍വ മതക്കാരുടെയും അത്താണിയായിരുന്ന മമ്പുറം തങ്ങളും നയിച്ച ജീവിത രീതിയും സാമൂഹിക ഇടപെടലുകളും കണ്ടുകൊണ്ടാണ് ഇസ്‌ലാം ഇന്ത്യയില്‍ പ്രചരിച്ചത്. പ്രകോപന-പ്രലോഭനങ്ങളായിരുന്നില്ല അവര്‍ സ്വീകരിച്ചത്. ജാതി വ്യവസ്ഥക്കെതിരെയും കീഴാള വിഹാരങ്ങള്‍ക്കെതിരെയും ജനമുന്നേറ്റത്തിന് നേതൃത്വം നല്‍കി മമ്പുറം തങ്ങളുടെ കാര്യസ്ഥനായിരുന്ന കോന്തുനായര്‍ മരണം വരെ നായര്‍ തന്നെയിരുന്നു. കുഞ്ഞായിന്‍ മുസ്‌ലിയാരുടെ സഹചാരിയും ഉറ്റ സുഹൃത്തും മങ്ങാട്ടച്ചനെന്ന ഹൈന്ദവ സഹോദരനായിരുന്നു. ഇവരിലൊന്നും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്റെയോ പ്രലോഭനങ്ങളുടെയോ ചിത്രങ്ങള്‍  കാണാനാവില്ല.

Ghar wapsiനിര്‍ബന്ധിത-പ്രലോഭിത മതംമാറ്റത്തെ ഇസ്‌ലാം ഒരിക്കലും അനുവദിക്കുന്നില്ല.  ആത്മാര്‍ത്ഥമായ മനസ്സിന്റെ ചോദ്യം ചെയ്യപ്പെടാനാകാത്ത തെരഞ്ഞെടുപ്പാണ് മതം; ലക്ഷങ്ങള്‍ വെച്ചുനീട്ടി  ദരിദ്രനാരായണന്മാരെയോ നിരക്ഷരകുക്ഷികളെയോ വശീകരിക്കലല്ല. മതം സ്വീകരിക്കാന്‍ നിര്‍ബന്ധിക്കരുതെന്നാണ് വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. മതത്തില്‍ നിര്‍ബന്ധമില്ല; സന്മാര്‍ഗം ദുര്‍മാര്‍ഗവുമായി നിശ്ചയമായം വേര്‍തിരിഞ്ഞുകഴിഞ്ഞിട്ടുണ്ട് (സൂറത്തുല്‍ ബഖറ 256).  മദീനയില്‍ പ്രവാചകന്‍ മുഹമ്മദ് നബി (സ്വ) യുടെ കാലത്ത്  ബനുന്നളീര്‍  ഒരു യഹൂദ ഗോത്രം താമസിച്ചിരുന്നു. മുസ്‌ലിംകള്‍ക്കെതിരെ നിരന്തരം ഉപദ്രവങ്ങള്‍ അഴിച്ചുവിട്ടപ്പോള്‍ അവരോട് മദീനയില്‍ നിന്നു മാറിത്താമസിക്കാന്‍ പ്രവാചകന്‍ ആവശ്യപ്പെട്ടു. ഗോത്രം മദീന വിട്ടുപോകാനൊരുങ്ങിയപ്പോള്‍ അനുചരരില്‍പെട്ട ഒരാളുടെ രണ്ട് മക്കളെ കൂടി അവന്‍ ജൂത മതത്തിലേക്ക് പരിവര്‍ത്തനം നടത്തി. ഇതറിഞ്ഞ പിതാവ് അവരെ ഇസ്‌ലാമിലേക്ക് തന്നെ  മടക്കി കൊണ്ടുവരാന്‍ പ്രവാചകനോട് അനുവാദം തേടിയപ്പോണ് പ്രസ്തുത സൂക്തമിറങ്ങുന്നത്.

പലപ്പോഴും ഇസ്‌ലാം വിമര്‍ശിക്കപ്പെടുന്നത് ചില മുസ്‌ലിം രാജാക്കന്മാരുടെ അധികാര വിനിയോഗത്തിന്റെ പേരിലാണ്. ഇതിലെ യാഥാര്‍ത്ഥ്യം എത്രത്തോളമുണ്ടെന്നതിനപ്പുറം ഇസ്‌ലാമിക  പ്രചരണത്തെ പടയോട്ട മാതൃകകള്‍ കൊണ്ട് മറച്ചുപിടിക്കാനുള്ള തീവ്ര ഹിന്ദുവാദികളുടെ  ശ്രമങ്ങളുടെ ഭാഗമായേ നമുക്ക് ഇതിനെ കാണാനാവൂ. എന്നാല്‍ ടിപ്പുസുല്‍ത്താന്‍ തന്റെ സൈന്യത്തിലുണ്ടായിരുന്ന ഹൈന്ദവ വിശ്വാസികള്‍ക്കായി പ്രത്യേകം ക്ഷേത്രം നിര്‍മിച്ചുകൊടുത്തിരുന്നുവെന്ന അനിഷേധ്യമായ ചരിത്ര വസ്തുതക്കു നേര അവര്‍ തികഞ്ഞ അന്ധത നടിക്കുന്നു.

ഘര്‍വാപസിയെ സമയോചിതമായി ഉയര്‍ത്തികൊണ്ടുവരുന്നതിനു പിന്നില്‍ ഹിന്ദുത്വവത്കരണത്തിന്റെയും വര്‍ഗ്ഗീയ ശുദ്ധീകരണത്തിന്റെയും പ്രയോഗവത്കണമുണ്ടെന്ന്  ന്യായമായും സംശയിക്കുന്നു.  2021 ഓടെ രാജ്യത്ത് നൂറ് ശതമാനവും ഹൈന്ദവരാകണമെന്നും  ഭഗവത് ഗീതയെ ദേശീയ ഗ്രന്ഥമക്കണമെന്നും വര്‍ഗീയതക്ക് വിത്തുപാകിയ ഗോഡ്‌സെക്ക് ക്ഷേത്രം പണിയണമെന്നുമുള്ള ന്യൂനപക്ഷവിരുദ്ധ പ്രസ്താവനകള്‍ ഘര്‍വാപസിയുടെ സന്ദേശങ്ങള്‍ അത്ര നിസ്സാരമല്ലെന്നാണ് സൂചിപ്പിക്കുന്നത്.

ഹിന്ദുഭൂരിപക്ഷമായ ഇന്ത്യയെ ഹിന്ദുരാജ്യമാക്കുകയും രാജ്യത്ത് മതം മാറ്റം നിരോധിക്കുകയുമാണ് ബി.ജെ.പി.യുടെയും സംഘപരിവാറിന്റെയും ആവശ്യം. അതുകൊണ്ടാണ് ഹിന്ദുക്കള്‍ മാത്രമേ രാജ്യത്തിന്റെ മക്കളായുള്ളുവെന്നും അല്ലാത്തവര്‍ ജാരസന്തതികളാണെന്നും ഒരു കേന്ദ്രമന്ത്രി പ്രസംഗിച്ചതും മതപരിവര്‍ത്തനം തടയുന്നതിന് നിയമം കൊണ്ട് വരാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് വെങ്കയ്യ നായിഡു ലോക സഭയില്‍ അറിയിച്ചതും. ഈ ദൃശ്യമായ വിഷയങ്ങള്‍ സംബന്ധിച്ച് വിവാദങ്ങള്‍ ഉയര്‍ത്തിവിട്ട് മത പരിവര്‍ത്തനം നിരോധിക്കുന്നതിലൂടെ രാജ്യത്തെിന്റെ ഭരണഘടനാ വ്യവസ്ഥയെ നിശ്ചലമാക്കാന്‍ ഹിന്ദു തീവ്രവാദികള്‍ക്ക് നിഷ്പ്രയാസം സാധിക്കും.

എന്നാല്‍ ഇന്ത്യ എങ്ങനെയാണ് ഹിന്ദുഭൂരിപക്ഷ രാജ്യമായത്? ആദ്യമായി രാജ്യത്ത് ബ്രട്ടീഷുകാര്‍ സമഗ്രസെന്‍സസ് ആരംഭിച്ചപ്പോള്‍ വെറും 17 ശതമാനം മാത്രമായിരുന്നു ഹിന്ദുക്കള്‍. ബാക്കിയുള്ള 83 ശതമാനം ജനങ്ങളും  ഹിന്ദുക്കളല്ലാത്തവരും ഹിന്ദുക്കളെന്ന് പറയാന്‍ ആഗ്രഹിക്കാത്തവരായ ദളിതരുമായിരുന്നു. ഇതേ തുടര്‍ന്ന് മുഴുവന്‍ ദലിതരെയും ഹിന്ദുപട്ടികയില്‍ എഴുതി ചേര്‍ക്കാന്‍ ബ്രാഹ്മണ ഉദ്യോഗസ്ഥര്‍ തയ്യാറാവുകയായിരുന്നു. അങ്ങനെയാണ് രാജ്യം ഹിന്ദുഭൂരിപക്ഷ പ്രദേശമായതെന്നാണ് ചരിത്രം.

ഇന്ത്യന്‍ മതങ്ങളുടെ പ്രഭവ കേന്ദ്രം മഹാപ്രളയത്തില്‍ വിശ്വാസികളുമായി രക്ഷപ്പെട്ട നൂഹ് നബിയും പിന്നീട് ഇറാഖില്‍ ജനിച്ച് അറേബ്യന്‍ ഉപദ്വീപിലേക്ക് പലായനം ചെയ്ത ഇബ്രാഹീം നബിയുമാണെന്ന് ചരിത്രകാരന്മാര്‍ പറയുന്നു. ഇറാഖ്, സിറിയ, ഫലസ്തീന്‍, ഹിജാസ് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നു പ്രസരിച്ച ആധ്യാത്മിക പ്രഭാവങ്ങളാണ്  സത്യത്തില്‍ ഇന്ത്യന്‍ മതങ്ങളുടെ അടിസ്ഥാനം. എന്നാല്‍ ഇതനുസരിച്ച് തറവാട്ടിലേക്ക് തിരിച്ചുവരാന്‍ ഇന്ത്യയിലെ മുസ്‌ലിംകള്‍ ആവശ്യപ്പെടുന്നുണ്ടോ?

ജനാധിപത്യ മതേതര ഇന്ത്യയെ ഹിന്ദുത്വവത്കരണത്തിലൂടെയും വര്‍ഗീയ ധ്രുവീകരണത്തിലൂടെയും കളങ്കിത ഭൂമിയാക്കാന്‍ അനുവദിക്കരുത്. വര്‍ണ-വര്‍ഗ-ദേശ-ഭാഷാ വൈവിധ്യങ്ങളുടെ കലവറയായ ഈ മണ്ണിലൊരിക്കലും രക്തചൊരിച്ചിലുകള്‍ക്കും വര്‍ഗീയ കലാപങ്ങള്‍ക്കും അവസരമുണ്ടാക്കരുത്. ഹിന്ദുവും മുസല്‍മാനും ക്രിസ്ത്യാനിയും മതമുള്ളവനും ഇല്ലാത്തവനും കൈകോര്‍ക്കുമ്പോഴേ രാജ്യത്തിന്റെ മതേതര മൂല്യത്തിന് തിളക്കമുണ്ടാകൂ.

(2015 ജനുവരി 15-ന് മലയാള മനോരമ ദിനപത്രം പ്രസിദ്ധീകരിച്ച ലേഖനം)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter