പെഗിഡയും ആന്റി പെഗിഡയും: യൂറോപിനെ വിഴുങ്ങുന്ന ഇസ്‍ലാം ഭീതി
1989 ന്റെ ഒരു ശിശിര കാലത്തായിരുന്നു കിഴക്കന്‍ ജര്‍മനിയിലെ ഡ്രസ്ഡന്‍ നഗരത്തില്‍ ബര്‍ലിന്‍ മതിലിനെതിരെയായി ആദ്യ 'തിങ്കള്‍ പ്രതിഷേധം' (monday demonstration) അലയടിച്ച് തുടങ്ങിയത്. ഈ പ്രതിഷേധം ഒടുവില്‍ കലാശിച്ചത് ബര്‍ലിന്‍ മതിലിന്റെ തകര്‍ച്ചയിലായിരുന്നു. അന്ന് ഏറ്റവും കൂടുതല്‍ മുഴങ്ങിക്കേട്ട മുദ്രാവാക്യം വിര്‍ സിന്ദ് ഡാസ് വോല്‍ക്(ഞങ്ങളാണ് ജനങ്ങള്‍ / We the people). 25 വര്‍ഷങ്ങള്‍ക്കിപ്പുറം പുതിയൊരു വിഭാഗം ഇതേ മുദ്രാവാക്യവുമായി ജര്‍മന്‍ നഗരത്തില്‍ തിങ്കള്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയിരുന്നു. മുസ്‌ലിം, കുടിയേറ്റ വിരുദ്ധ സഖ്യമായ പെഗിഡയെക്കുറിച്ചും ഈ സഖ്യം ജര്‍മന്‍ സാമൂഹിക സാഹചര്യത്തില്‍ വരുത്തിയ പ്രതിഫലനങ്ങളുമാണ് ഈ ഫോട്ടോ പ്രബന്ധം അനാവരണം ചെയ്യുന്നത്. 1 2014 ഒക്‌ടോബര്‍ 20ന് ഡ്രസ്ഡനില്‍ തന്നെയാണ് തിങ്കള്‍ പ്രതിഷേധത്തിന് തുടക്കമായത്. പാട്രിയോട്ടിക് യൂറോപ്യന്‍സ് അഗൈന്‍സ്റ്റ് ദ ഇസ്‌ലാമൈസേഷന്‍ ഓഫ് ദ വെസ്റ്റ് (പെഗിഡ) എന്ന പേരില്‍ സംഘടിച്ച ഒരു അജ്ഞാത സംഘമാണ് അക്രമ രഹിതമായും ഐക്യ പൂര്‍ണ്ണമായും യൂറോപ്പിലെ ഇസ്‌ലാമിക വത്ക്കരണത്തിനെതിരെ റാലിയുമായി മുന്നോട്ട് വന്നത്. ജര്‍മന്‍ മണ്ണിലെ മതത്തിന്റെ പേരിലെ സംഘട്ടനങ്ങള്‍ക്കെതിരെ ഞങ്ങള്‍ അണി നിരക്കുന്നുവെന്നതായിരുന്നു റാലിയിലെ. റാലിയില്‍ ജനപങ്കാളിത്തം താരതമ്യേനെ കുറവായിരുന്നെങ്കിലും സംഭവം ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ ഏറെ ശ്രദ്ധ നേടി. 2 അതേ സമയം വര്‍ഗീയ വാദികളായ പെഗിഡയിലെ അംഗങ്ങള്‍ ജര്‍മന്‍ ദേശീയ പതാക വീശിയും രാജ്യത്തിന്റെ പാരമ്പര്യത്തെ കുറിക്കുന്ന മുദ്രാവാക്യം മുഴക്കിയതും രാജ്യത്തെ മതേതര സമാധാന സന്ദേശം മുറുകെപ്പിടിക്കുന്നവരെ ശക്തമായി പ്രകോപിപ്പിക്കുകയുണ്ടായി. ഇവ രണ്ടും തീവ്രവാദികള്‍ തങ്ങളുടെ ലേബലില്‍ കൂട്ടിച്ചേര്‍ക്കുന്നത് മതേതര വിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം സങ്കല്‍പ്പിക്കാന്‍ പോലുമാവാത്തതായിരുന്നു. 3 ഏറെ വാര്‍ത്താ പ്രാധാന്യം നേടിയതോടെ തുടര്‍ന്നുള്ള ആഴ്ചകളിലെ ഡ്രസ്ഡനിലെ തിങ്കള്‍ പ്രതിഷേധത്തിനെത്തിയവരുടെ എണ്ണം കുതിച്ചുയര്‍ന്നു. ഡ്രസ്ഡനെ അനുകരിച്ച് മറ്റു നഗരങ്ങളിലും സമാന മുദ്രാവക്യങ്ങളുമായി ജനം തെരുവിലിറങ്ങി. മറ്റു നഗരങ്ങളുടെ പേരുകളുമായി ബന്ധിപ്പിച്ചാണ് അവിടങ്ങളിലെ പ്രസ്ഥാനങ്ങള്‍ക്ക് പേര് നല്‍കപ്പെട്ടത്. ഉദാ: ലെഗിഡ (ലൈപ്‌സിഗ്), ഫ്രാഗിഡ (ഫ്രാങ്ക്ഫര്‍ട്ട്), കൊഗിഡ (കൊളോഗ്ന). 4 പെഗിഡ പ്രസ്ഥാനം വളര്‍ച്ച കൈവരിക്കാന്‍ തുടങ്ങിയതോടെ തീവ്ര വലത് പക്ഷ പാര്‍ട്ടികളുടെ കയ്യയച്ചുള്ള സഹായ സഹകരണങ്ങള്‍ അവര്‍ക്ക് ലഭിക്കാന്‍ തുടങ്ങിയതായി മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ വന്നു. അതോടെ ക്ഷമ നശിച്ച മതേതര കക്ഷികള്‍ പെഗിഡയുടെ ആശയങ്ങള്‍ക്കെതിരെ തെരുവിലിറങ്ങി ശക്തമായി പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചു. ജര്‍മനി കളര്‍ഫുള്‍ ആണെന്ന മുദ്രാവാക്യമായിരുന്നു പെഗിഡയെ എതിര്‍ത്ത് ഇവര്‍ പ്രധാനമായും ഉപയോഗിച്ചത്. മ്യൂണികില്‍ നടന്ന ഒരു പെഗിഡ വിരുദ്ധ റാലിയുടേതാണ് മുകളിലെ ചിത്രം.  മ്യൂണിക് വര്‍ണമയമാണെന്ന അര്‍ഥം വരുന്ന മ്യൂണ്ചന്‍ ഈസ്റ്റ് ബണ്‍റ്റ് എന്നെഴുതിയിരിക്കുന്ന പ്ലക്കാര്‍ഡുകളും കാണാം.   5ജര്‍മനിയിലേക്കും യൂറോപ്പിലേക്കുമുള്ള കുടിയേറ്റത്തെ നിരാകരിക്കുന്നതാണ് പെഗിഡ പ്രസ്ഥാനത്തിന്റെ നിലപാടുകളില്‍ ഏറ്റവും പ്രധാനം. സിറിയ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളിലെ അഭയാര്‍ത്ഥികള്‍ക്ക് അഭയം നല്‍കുന്നതിനെയാണ് അവര്‍ പ്രധാനമായും എതിര്‍ക്കുന്നത്.  എന്നാല്‍ സമൂഹത്തിന്റെ മുഖ്യ ഭാഗവും ഈ നിലപാടിനെതിരെയാണ്. ഡ്രസ്ഡനില്‍ ഡിസംബര്‍ 15 ന് നടന്ന പെഗിഡ വിരുദ്ധ റാലിയില്‍ അഭയാര്‍ത്ഥികള്‍ക്ക് സ്വാഗതം എന്ന് ഉല്ലേഖനം ചെയ്യപ്പെട്ട ബാനര്‍ ഈ എതിര്‍പ്പിന്റെ വ്യാപ്തി രേഖപ്പെടുത്തുന്നുണ്ട്. ജനുവരി 13 ന് ബര്‍ലിനില്‍ നടന്ന പെഗിഡ വിരുദ്ധ റാലിയില്‍ സംസാരിക്കവേ പ്രസിഡണ്ട് ജോക്കിം ഗൗക്ക് കുടിയേറ്റത്തെ വിശേഷിപ്പിച്ചത് ജര്‍മനിയെ സാമൂഹികമായും സാംസ്‌കാരികമായും മാനസികമായും സമ്പന്നമാക്കിയതിലെ ഏറ്റവും വലിയ ഘടകമായാണ്. 6 'ബഹുസംസ്‌കാരത്തിന് അറുതി വരുത്തൂ എന്റെ മാതൃദേശം എന്നും ജര്‍മനി തന്നെയാക്കി സംരക്ഷിക്കൂ എന്നൊക്കെയുള്ള നിരവധി മുദ്രാവാക്യങ്ങള്‍ കാരണമാണ് പെഗിഡ വിദേശീയരെ വെറുക്കുന്ന വര്‍ഗീയ കക്ഷികളാണെന്ന് ജനം വിലയിരുത്തിയത്. പെഗിഡയിലെ പ്രമുഖയായ കാതറിന്‍ ഓര്‍ട്ടല്‍ ഈ വാദത്തെ തള്ളിക്കളയുന്നുണ്ട്. വൈദേശീയരെ ഞങ്ങള്‍ വെറുക്കുന്നില്ലെന്നും സര്‍ക്കാറിന്റെ പിടിപ്പ് കേടിനെതിരെയാണ് സമരമെന്നും അവര്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും അതാരും വിശ്വസിക്കുന്നതായി കാണുന്നില്ല. 7 'വ്യാജ മാതൃരാജ്യസ്‌നേഹികള്‍ക്കെതിരെ' , 'നാസികളെ തുരത്തിയോടിക്കുക' എന്നുമുള്ള ബാനറുകളാണ് ചിത്രത്തില്‍. രാജ്യത്തോടുള്ള തന്റെ സന്ദേശത്തില്‍ പെഗിഡക്കെതിരെ ശക്തമായാണ് ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍കല്‍ പ്രതികരിച്ചത്. പെഗിഡ പ്രതിഷേക്കാര്‍ ഞങ്ങളാണ് ജനങ്ങള്‍ എന്ന് പറയുമ്പള്‍ മറ്റുള്ളവര്‍ അവരുടെ നിറം, മതം എന്നതിന്റെ അടിസ്ഥാനത്തില്‍ അതില്‍ പെടുന്നില്ലെന്ന് ദ്യോതിപ്പിക്കുന്നുണ്ട്. ജര്‍മനിയെ സ്‌നേഹിക്കുന്ന ആരും ഇതുമായി യാതൊരു തലത്തിലും ബന്ധപ്പെടരുതെന്നും അവര്‍ ആവശ്യപ്പെടുന്നുണ്ട്. 8 കൊളോഗ്‌നയിലെ പെഗിഡയുടെ ശാഖ കൊഗിഡ ജനുവരി 5 ന് നഗരത്തില്‍ നടത്തിയ റാലിയാണ് ചിത്രത്തില്‍. ഇതിനെതിരെ പെഗിഡ വിരുദ്ധ റാലികള്‍ മാത്രമല്ല ഉണ്ടായത്. മറിച്ച് ലൈറ്റുകളണച്ച് മറ്റു പലരും ഇതിനെതിരെയുള്ള പ്രതിഷേധത്തില്‍ പങ്ക് ചേര്‍ന്നു. കൊളോഗ്‌ന കത്തീഡ്രല്‍, നഗര ഹാള്‍ കൂടാതെ മറ്റു പല ചര്‍ച്ചുകളും ലൈറ്റണച്ച് പെഗിഡ വിരുദ്ധ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. 9 ജര്‍മനിയില്‍ നടന്ന പെഗിഡ, ആന്റി പെഗിഡ റാലികളിലെ ജനപങ്കാളിത്തത്തെ അടയാളപ്പെടുത്തുന്ന മാപ്പാണ് മുകളില്‍ കാണുന്നത്. കിഴക്കന്‍ ജര്‍മനിയിലെ സംസ്ഥാനമായ സാക്‌സണിലെ ഡ്രസ്ഡനിലും ലെയ്പ്‌സിഗിലുമൊഴികെ മറ്റിടങ്ങളിലെല്ലാം പെഗിഡ റാലികളെ അപേക്ഷിച്ച് ആന്റി പെഗിഡ റാലികളില്‍ വന്‍ ജനപങ്കാളിത്തമാണുണ്ടായത്. അതേ സയമം ജനസംഖ്യയുടെ 0.1 ശതമാനമായ 4000 മുസ്‌ലിംകള്‍ മാത്രം താമസിക്കുന്ന ഡ്രസ്ഡനിലാണ് ഏറ്റവും കൂടുതല്‍ ജനപങ്കാളിത്തമുള്ള പെഗിഡ റാലികളുണ്ടായതെന്നത് ഏറെ കൗതുകരമാണ്. 10 ജര്‍മന്‍ മാധ്യമങ്ങളില്‍ നിന്നും അതിരൂക്ഷമായ വിമര്‍ശനമാണ് പെഗിഡ അനുകൂലികള്‍ ഏറ്റ് വാങ്ങിയത്. മാധ്യമങ്ങളുടെ ഈ നിലപാട് അവരെ തെല്ലൊന്നുമല്ല പ്രതിരേധത്തിലാക്കിയത്. തങ്ങളുടെ റാലകളിലെല്ലാം അവര്‍ മാധ്യമങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധവും മറച്ച് വെച്ചില്ല. കള്ള മാധ്യമങ്ങള്‍ എന്നര്‍ഥം വരുന്ന ലൂഗെന്‍ പ്രസ്സ് എന്ന പ്ലക്കാര്‍ഡുമേന്തിയ പ്രതിഷേധക്കാരന്‍ ഇതാണ് കുറിക്കുന്നത്. കാസല്‍ നഗരത്തില്‍ നടന്ന ഒരു പെഗിഡ റാലിയില്‍ നിന്നുള്ളതാണ് ദൃഷ്യം. 11 ജര്‍മന്‍ പ്രസിഡന്റ് ഗൗക്ക്, മുസ്‌ലിം സെന്‍ട്രല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ അയ്മന്‍ മായ്‌സെക്, ചാന്‍സലര്‍ മെര്‍കല്‍ വൈസ് പ്രസിഡന്റ് ഗബ്രിയേല്‍ എന്നിവര്‍ മറ്റു രാഷ്ട്രീയ പ്രവര്‍ത്തകര്‍ 2015 ജനുവരി 13ന് ബെര്‍ലിനിലെ ബ്രാന്‍ഡന്‍ ബര്‍ഗ് ഗേറ്റില്‍ പാരിസ് തീവ്രവാദാക്രമണത്തെ അപലപിക്കാന്‍ ജര്‍മന്‍ മുസ്‌ലിംകള്‍ സംഘടിപ്പിച്ച റാലിയില്‍ സംബന്ധിച്ചപ്പോള്‍, ഇസ്‌ലാമിക തീവ്രവാദത്തിന്റെ പേരില്‍ രാജ്യത്തെ ജനതയെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നവരെ എന്ത് വില കൊടുത്തും തടയുമെന്ന ചാന്‍സലര്‍ മെര്‍കലിന്റെ മുസ്‌ലിം അനുകൂല പ്രസ്താവന മുസ്‌ലിംകള്‍ക്ക് വലിയൊരാശ്വാസമായാണ് അനുഭവപ്പെട്ടത്. 13 ''അല്‍പം പോലും പിന്നോട്ടില്ല''. ഡ്രസ്ഡനില്‍ പെഗിഡ റാലി നിരോധിച്ച് കൊണ്ടുള്ള പോലീസ് ഉത്തരവ് പുറത്ത് വന്നതിന് ശേഷം പെഗിഡ നേതാക്കളായ ലൂട്‌സ് ബച്ച്മാന്‍, കാതറിന്‍ ഓര്‍ട്ടല്‍ ഡ്രസ്ഡനില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിന്റ ദൃശ്യമാണിത്. നിരോധന ഉത്തരവ് ലംഘിച്ച് തങ്ങളിനിയും റാലി നടത്തുമെന്ന് തന്നെയാണ് ഇരുവരും പ്രഖ്യാപിക്കുന്നത്. എന്നാല്‍ റാലിയുടെ ആദര്‍ശത്തോട് പൂര്‍ണ വിയോജിപ്പാണെങ്കിലും റാലി നിരോധിക്കുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വിഘാതമാവുമെന്നാണ് ചാന്‍സലര്‍ മെര്‍കല്‍ അഭിപ്രായപ്പെട്ടത്. 6 പടിഞ്ഞാറ് മുഴുക്കെ മുസ്‌ലിം വിരുദ്ധ പ്രചാരങ്ങള്‍ ശക്തി പ്രാപിക്കുന്നുവോ എന്ന് ഈ ചിത്രം കണ്ടാല്‍ ന്യായമായും സംശയിച്ച് പോവും. ജനുവരി 19ന് 200 ലധികം പേര്‍ ഡെന്മാര്‍ക്ക് തലസ്ഥാനമായ കോപന്‍ഹേഗനില്‍ ഇസ്‌ലാമിക തീവ്രവാദത്തിനെതിരെ നടത്തിയ പ്രതിഷേധ മാര്‍ച്ചിന്റെ ദൃശ്യമാണിത്. അമേരിക്കയില്‍ മൂന്ന് മുസ്‌ലിം യുവാക്കള്‍ കൊല്ലപ്പെട്ടതും പള്ളിയും മദ്‌റസയും അജ്ഞാതര്‍ തീവെച്ച് നശിപ്പിച്ചതും ഈ യാഥാര്‍ത്ഥ്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.     വിവര്‍ത്തനം: റാഷിദ് ഒ.പി കടപ്പാട്: www.qantara.de                

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter