ന്യൂനപക്ഷ വിരുദ്ധതിയില്‍നിന്നായിരുന്നു ആര്‍.എസ്.എസ്സിന്റെ ഉദയം
rssമുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി വാജ്‌പേയി ആര്‍.എസ്.എസ് സ്ഥാപകനും 'സ്വാതന്ത്ര്യ സമര സേനാനി'യുമായ ഡോ. കെ.ബി. ഹെഡ്ഗ്വാറിന്റെ പേരില്‍ 1999 മാര്‍ച്ച് 18 ന് ഡല്‍ഹിയില്‍ ഒരു പോസ്റ്റല്‍ സ്റ്റാംപ് പുറത്തിറക്കിയിരുന്നു. അദ്ദേഹത്തിന്റെ 110 ാം ജന്മവാര്‍ഷികം അനുസ്മരിച്ചുകൊണ്ടായിരുന്നു ഇത്. ആര്‍.എസ്.എസ്സിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളെ അനുസ്മരിച്ചുകൊണ്ട് ഒരു പോസ്റ്റല്‍ സ്റ്റാംപ് പ്രസിദ്ധീകരിക്കപ്പെടുന്നത് സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ സംഭവമാണ്. ഇതിനു മുമ്പ് ഇതുപോലെയൊന്ന് ഉണ്ടായിട്ടില്ല. പ്രകാശന വേളയില്‍ മുമ്പിലിരിക്കുന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകരെ അഭിസംബോധനം ചെയ്തുകൊണ്ട് സംസാരിക്കവെ, ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ സമരസേനാനിയും രാജ്യസ്‌നേഹിയുമായ ഹെഡ്ഗ്വാറിന് നിഷേധിക്കപ്പെട്ട അര്‍ഹമായ സ്ഥാനം തിരിച്ചുനല്‍കി നീതി നടപ്പാക്കാന്‍ ഈ സ്റ്റാംപ് പ്രസിദ്ധീകരിക്കുകവഴി തന്റെ സര്‍ക്കാറിന് സാധിച്ചുവെന്ന് വാജ്‌പേയി അവകാശപ്പെടുകയുണ്ടായി. അന്നത്തെ ആര്‍.എസ്.എസ് ചീഫ് രജീന്ദര്‍ സിംഗ്, യൂണിയന്‍ മിനിസ്റ്റര്‍ എല്‍.കെ. അധ്വാനി തുടങ്ങിയവരും അന്ന് ആ പരിപാടിയില്‍ സംസാരിക്കുകയും ഹെഡ്ഗ്വാറിനെ ഒരു വിപ്ലവ നായകനായി അവതരിപ്പിക്കുകയും ചെയ്തു.4 ബ്രിട്ടീഷ് ഭരണാധികാരികളുടെ ശക്തിയെ വെല്ലുവിളിച്ച സ്വാതന്ത്ര്യ സമര സേനാനികളും വിപ്ലവ നായകരും ഈ സര്‍ക്കാര്‍ വഴിയോ മറ്റേതെങ്കിലും സര്‍ക്കാര്‍ മുഖേനയോ ആദരിക്കപ്പെടേണ്ടതുണ്ടോ എന്ന് ചര്‍ച്ച ചെയ്യേണ്ട സ്ഥലമല്ല ഇത്. മറിച്ച്, പ്രധാനമന്ത്രിയും അഭ്യന്തര മന്ത്രിയും ആര്‍.എസ്.എസ് മുഖ്യനും സ്വാതന്ത്ര്യസമരത്തില്‍ ഹെഡ്ഗ്വാറിന്റെ സംഭാവനകളെക്കുറിച്ച് തരിമ്പും സത്യസന്ധതയില്ലാതെ സംസാരിച്ചുവെന്നതാണ് ഇവിടത്തെ പ്രശ്‌നം. ആര്‍.എസ്.എസ് പ്രതിനിധാനം ചെയ്യുന്ന ഒരു സ്വാതന്ത്ര്യസമരപൂര്‍വ്വ ഇന്ത്യന്‍ ചരിത്ര പശ്ചാത്തലം സ്ഥാപിച്ചെടുക്കാനുള്ള കിണഞ്ഞ ശ്രമത്തിലായിരുന്നു അവര്‍. സാമ്രാജ്യത്വ വിരുദ്ധ സമരത്തില്‍ ഒരുനിലക്കും ഭാഗവാക്കാവുകപോലും ചെയ്തിട്ടില്ലാത്ത ആര്‍.എസ്.എസ്സിന് കോളനിവിരുദ്ധ സമര പാരമ്പര്യം ചാര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു ഇത്. എന്നാല്‍ വസ്തുതയാവട്ടെ, 1925 ല്‍ അതിന്റെ ഉല്‍ഭവം മുതല്‍ ഇന്ത്യന്‍ ജനതയുടെ ബ്രിട്ടീഷ് മേലാധികാരികള്‍ക്കെതിരെ നടത്തിയ സാമ്രാജ്യത്വ വിരുദ്ധ സമരങ്ങളെ തകിടംമറിക്കാനുള്ള ശ്രമങ്ങള്‍മാത്രമാണ് ആര്‍.എസ്.എസ് നടത്തിയിരുന്നത്. ബി.ജെ.പി ഗവണ്‍മെന്റ് ഗെഡ്ഗ്വാറിനെ ആദരിച്ചതിന് ഉപോല്‍ബലകമായ അദ്ദേഹത്തിന്റെ സ്വാതന്ത്ര്യ സമരത്തിലെ 'സംഭാവനകള്‍' സത്യത്തില്‍ 1925 ല്‍ താന്‍ ആര്‍.എസ്.എസ് സ്ഥാപിക്കുന്നതിനു വളരെ മുമ്പ് കോണ്‍ഗ്രസുകാരനായിരുന്നപ്പോള്‍ അദ്ദേഹം ചെയ്ത കാര്യങ്ങള്‍ മാത്രമാണ്. അദ്ദേഹം ആദ്യമായി ജയിലിലടക്കപ്പെട്ടത് ഖിലാഫത്ത് പ്രസ്ഥാന (1920-21) ത്തെ പിന്തുണച്ചുകൊണ്ട് ഒരു തീപ്പൊരിപ്രസംഗം നടത്തിയതിനാലായിരുന്നുവെന്നത് അധികമാര്‍ക്കും അറിയാല്‍ സാധ്യതയില്ല. അതിനെ തുടര്‍ന്ന് ഒരു വര്‍ഷക്കാലം അദ്ദേഹം ശക്തമായ ജയില്‍വാസത്തിന് വിധിക്കപ്പെടുകയായിരുന്നു. ആര്‍.എസ്.എസ് പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ആത്മകഥയില്‍ ഇങ്ങനെ കാണാം: 'സ്വാതന്ത്ര്യ പ്രസ്ഥാനത്തിലെ ഇതുവരെയുള്ള അനുഭവങ്ങള്‍ അദ്ദേഹത്തിന്റെ മനസ്സില്‍ ധാരാളം ചോദ്യങ്ങള്‍ ഉയര്‍ത്തി. ഇതല്ലാതെ മറ്റേതെങ്കിലും വഴികള്‍ കണ്ടെത്തേണ്ടതുണ്ടെന്ന് അദ്ദേഹത്തിന് തോന്നി.' ഇതേപുസ്തകത്തില്‍തന്നെ 1925 ഓടെ ഹെഡ്ഗ്വാര്‍ 'ഹിന്ദുത്വ'യിലേക്ക് ആകര്‍ഷിക്കപ്പെട്ടുവെന്നും സൂചിപ്പിക്കുന്നതായി കാണാം: 'തന്റെ നൈപുണ്യത്തിലൂടെ അദ്ദേഹം പിന്നീട് പുതിയൊരു വഴി (ശാഖ) കണ്ടെത്തി. നിലവിലുള്ള എല്ലാ വഴികളില്‍നിന്നും വ്യത്യസ്തമായിരുന്നു അത്. പൊതുപ്രവര്‍ത്തനങ്ങള്‍ ചെയ്യലും വിവിധ ശ്രമങ്ങള്‍ നടത്തലും അങ്ങനെ സ്വാതന്ത്ര്യം നേടലുമായിരുന്നു അത്.'6 ബ്രിട്ടീഷ് ഭരണാധികാരികള്‍ക്കെതിരെ ഇന്ത്യന്‍ ജനത സംഘടിതമായി നടത്തിയിരുന്ന സമരപോരാട്ടങ്ങളെ തകര്‍ത്ത്, മതപരമായ വഴികളില്‍ അതിനെ ഛിദ്രീകരിക്കുന്ന ഒരു വഴി ഹെഡ്ഗ്വാര്‍ പ്രത്യക്ഷ്യത്തില്‍തന്നെ സ്വീകരിക്കുകയായിരുന്നുവെന്നതാണ് വസ്തുത. മുഹമ്മദലി ജിന്ന പില്‍കാലത്ത് കടന്നുപോയ ഒരു വഴിയായിരുന്നു ഇത്. rss 1ഹെഡ്ഗ്വാര്‍ രണ്ടാമതൊരു തവണയും ബ്രിട്ടീഷ് ഗവണ്‍മെന്റിനാല്‍ കാരാഗൃഹത്തിലടക്കപ്പെടുന്നുണ്ട്. രണ്ടാമത് ജയിലിലടക്കപ്പെടാനുണ്ടായ കാരണം ഈ ആത്മകഥയില്‍ ഇങ്ങനെ വിശദീകരിക്കുന്നു: '(1930 ല്‍) ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ വിവിധ നിയമങ്ങളെ ഭേദിക്കാനായി ഗാന്ധിജി ആഹ്വാനം ചെയ്തു. ദണ്ഡി യാത്ര നടത്തി ഗാന്ധിജി തന്നെ ഉപ്പുസത്യാഗ്രഹം തുടങ്ങി. ഇതില്‍ സംഘത്തില്‍പെട്ട ആരുംതന്നെ പങ്കെടുക്കരുതെന്ന് ഡോ. ഹെഡ്ഗ്വാര്‍ എല്ലാവരെയും വിവരമറിയിച്ചു. എന്നിരുന്നാലും ആരെങ്കിലും വൈയക്തികമായി അതില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അത് വിലക്കിയില്ല. സംഘത്തിന്റെ ഉത്തരവാദപ്പെട്ട പ്രവര്‍ത്തകര്‍ സത്യാഗ്രഹത്തില്‍ പങ്കെടുക്കരുതെന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്.' അതേസമയം, ഹെഡ്ഗ്വാര്‍ തീര്‍ത്തും വൈയക്തികമായി ഗാന്ധിജിയുടെ ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തു. ഇതിനു പിന്നില്‍ അദ്ദേഹത്തിന് ചില നിഗൂഢ അജണ്ടകളുണ്ടായിരുന്നു. ആര്‍.എസ്.എസ് പ്രസിദ്ധീകരിച്ച അതേ ആത്മകഥയില്‍നിന്നുതന്നെ അതിന്റെ ചില സൂചനകള്‍ നമുക്ക് മനസ്സിലാക്കാന്‍ കഴിയും: 'സ്വാതന്ത്ര്യ തൃഷ്ണയോടും ആത്മാര്‍പ്പണ സന്നദ്ധതയോടും അതില്‍ തന്നെപ്പോലെ പങ്കെടുക്കാനെത്തുന്ന പ്രഗല്‍ഭ വ്യക്തിത്വങ്ങളുമായി തന്റെ 'സംഘ'ത്തെക്കുറിച്ച് സംസാരിക്കുകയും അങ്ങനെ അവരെ അതിന്റെ പ്രവര്‍ത്തകരാക്കി മാറ്റുകയും ചെയ്യാനാവുമെന്ന ഒരാത്മവിശ്വാസം ഹെഡ്ഗ്വാറിനുണ്ടായിരുന്നു.' ഇതേ ആശയത്തില്‍തന്നെ ആത്മകഥയില്‍ മറ്റൊരിടത്ത് ഇങ്ങനെ കാണാം: 'ജയില്‍വാസ കാലത്ത് ഒരു നിമിഷ നേരത്തേക്കുപോലും ഹെഡ്ഗ്വാര്‍ തന്റെ മനസ്സില്‍നിന്നും 'സംഘ'ത്തെക്കുറിച്ച ചിന്തകള്‍ ഒഴിവാക്കിയതേയില്ല. ജയിലിലുണ്ടായിരുന്ന കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരുമായി അദ്ദേഹം അടുത്ത ബന്ധം സ്ഥാപിച്ചു. 'സംഘ'ത്തെക്കുറിച്ച് പറഞ്ഞുമനസ്സിലാക്കിക്കൊടുക്കുകയും ഭാവിയില്‍ ഇതുമായി ഒത്തുപ്രവര്‍ത്തിക്കാന്‍ അവരുടെ സഹകരണം ഉറപ്പുവരുത്തുകയും ചെയ്തു. 'സംഘ'ത്തിന്റെ ഭാവിപദ്ധതികളെ വിപുലപ്പെടുത്താനുള്ള ഒരു വലിയ പദ്ധതിയുമായാണ് അദ്ദേഹം ഒടുവില്‍ ജയിലില്‍നിന്നും പുറത്തുവന്നത്.' ഹെഡ്ഗ്വാര്‍ തന്റെ ജയില്‍വാസം തെരഞ്ഞെടുത്തത് ഒരിക്കലും ആത്മാര്‍ത്ഥതയോടെയായിരുന്നില്ലെന്നും കോണ്‍ഗ്രസ് അണികള്‍ക്കിടയില്‍ ഭിന്നതയും വിള്ളലും സൃഷ്ട്കിക്കാന്‍വേണ്ടിയായിരുന്നുവെന്നും ഇതില്‍നിന്നും വ്യക്തമാണ്. ഗാന്ധിജിയുടെ നിസ്സഹകരണ പ്രസ്ഥാനത്തില്‍ പങ്കെടുത്തതും മത ജാതി ഭേദമന്യേ രാജ്യത്തെ എല്ലാവരും സംഘടിതമായി പോരാടുകയെന്ന ബാനര്‍ ഉയര്‍ത്തിപ്പിടിച്ച് ജയിലിലേക്കു പോയിരുന്നതും ഇതേ പ്രവര്‍ത്തകരായിരുന്നു. താമസിയാതെത്തന്നെ, വര്‍ഗീയവും വിഭാഗീയവുമായ സംഘടനകള്‍ തങ്ങളുടെ അണികളെ അവരുടെ ദുഷ്ട പദ്ധതികള്‍ക്കായി ഉപയോഗപ്പെടുത്തുന്നുണ്ടെന്ന കാര്യം കോണ്‍ഗ്രസ് നേതൃത്വം തിരിച്ചറിഞ്ഞു. ഇത്തരം പദ്ധതികളെ തകര്‍കുന്നതിന്റെ ഭാഗമായി 1934 ല്‍ ആള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി ഒരു തീരുമാനമെടുത്തു. കോണ്‍ഗ്രസ് അണികളെ ആര്‍.എസ്.എസ്, ഹിന്ദു മഹാസഭ, മുസ്‌ലിംലീഗ് തുടങ്ങിയ കൂട്ടായ്മകളില്‍ ചേരുന്നതിനെ വിലക്കുന്നതായിരുന്നു ഈ തീരുമാനം. rss 2ഹെഡ്ഗ്വാര്‍ രണ്ടു തവണ ജയിലില്‍ പോയതും കോണ്‍ഗ്രസിന്റെ ക്ഷണത്തിലായിരുന്നുവെന്നത് ഇവിടെ അടിവരയിട്ടു മനസ്സിലാക്കേണ്ടതാണ്. കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ കോളനി വിരുദ്ധ സമരങ്ങളില്‍ പങ്കെടുത്തതിനാണ് വാജ്‌പേയി സര്‍ക്കാര്‍ അദ്ദേഹത്തെ ആദരിച്ചതെങ്കില്‍ അത് തീര്‍ച്ചയായും പ്രസ്താവ്യം തന്നെ. അതല്ല, നേരെമറിച്ച് ആര്‍.എസ്.എസ് സ്ഥാപകനെന്ന നിലക്കാണ് അദ്ദേഹം ആദരിക്കപ്പെട്ടതെങ്കില്‍ അദ്ദേഹത്തിന് ക്രഡിറ്റ് അവകാശപ്പെടാന്‍ കഴിയുന്ന ഒരേയൊരു 'സംഭാവന' ഹിന്ദു രാജ്യം എന്ന ഏറെ വര്‍ഗീയവും ഭിന്നിപ്പിക്കുന്നതുമായ ഒരു ആശയത്തെ പ്രചരിപ്പിച്ചുവെന്നത് മാത്രമാണ്. ഇന്ത്യയിലെ സ്വാതന്ത്ര്യ പ്രസ്ഥാനത്തെ തകിടംമറിക്കുകയും വിഘടിപ്പിക്കുകയും ചെയ്യുന്നതായിരുന്നു ഈ ആശയം. 1947 നു മുമ്പ് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ കരങ്ങളില്‍നിന്നും ഇന്ത്യയെ മോചിപ്പിക്കാന്‍ ആര്‍.എസ്.എസ് എന്ത് മൂവ്‌മെന്റാണ് നയിച്ചത് എന്നറിയാന്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് എല്ലാ നിലക്കുമുള്ള അവകാശമുണ്ട്. കൊളോണിയല്‍ ഭരണത്തിനു കീഴില്‍ അവരുടെ നേതാക്കളും അണികളും അനുഭവിച്ച യാതനകളെക്കുറിച്ച വിവരങ്ങള്‍ അവര്‍ രാജ്യവുമായി പങ്ക് വെച്ചേമതിയാവൂ. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടുകവഴി ആരാണ് അവര്‍ക്കിടയില്‍നിന്നും രക്തസാക്ഷ്യം വരിച്ചതെന്നും ആരാണ് ജയിലില്‍ പോവേണ്ടിവന്നതെന്നും അവര്‍ നമ്മോട് തുറന്നുപറയേണ്ടതുണ്ട്? വിവ. സിനാന്‍ അഹ്മദ്

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter