സൂഫിസം, ആധുനികത, ഇസ്‍ലാം: പുതിയ തുര്‍ക്കിയിലെ മുസ്‍ലിം വിശേഷങ്ങള്‍
istanbul3   തുര്‍ക്കി എന്ന നാടിന്റെ പഴയ കാല വിവരണങ്ങള്‍ അത്ര സുഖകരമായിരുന്നില്ല. ചിരി മാഞ്ഞു പോയ ഒരു കാലത്തിന്റെ പാരായം പറച്ചിലും സംഘര്‍ഷഭരിതമായ ചരിത്രത്തെ മുന്‍നിര്‍ത്തി ചാര്‍ത്തപ്പെട്ട ‘യൂറോപിന്റെ രോഗി’  എന്ന ഇരട്ടപ്പേരും ഇറക്കുമതി ചെയ്ത യൂറോപ്യന്‍ സംസ്കൃതിയുടെ കണക്കറ്റ പ്രകടനങ്ങളും നിറഞ്ഞതായിരുന്നു അവ. എന്നാല്‍ മതവിരുദ്ധമായിപ്പോയ മതേതരത്വത്തില്‍ നിന്നും പതുക്കെ മോചനം നേടിത്തുടങ്ങിയിരിക്കുന്നുവെന്നതാണ് പുതിയ തുര്‍ക്കിയുടെ വര്‍ത്തമാനം. ആധുനികത, ഇസ്‍ലാം, സൂഫിസം തുടങ്ങിയവയുടെ സുന്ദരമായ സമ്മിശ്രണം അവിടെ സാധ്യമായിരിക്കുന്നു. ഇസ്‍ലാമിന്റെയും സൂഫി ധാരകളുടെയും ചരിത്രത്തില്‍ തുര്‍ക്കി അതിന്റെ പഴയ സ്ഥാനം തിരിച്ചുപിടിച്ചിരിക്കുന്നു. അര നൂറ്റാണ്ടിനപ്പുറത്തു കമാല്‍ അത്താ തുര്‍ക് എന്ന മതവിരോധിയുടെ ക്രുദ്ധ ചെയ്തികളില്‍ തകര്‍ന്നടിഞ്ഞതില്‍ പിന്നെ മുസ്‌ലിം തുര്‍ക്കി എന്നു പൊതുവേ വായിക്കപ്പെടാറില്ല. അതിനു മുമ്പും മുസ്‌ലിം ഭരണസിരാ കേന്ദ്രം എന്നതിലപ്പുറം ഒരു മുസ്‌ലിം രാഷ്ട്രം എന്നു പറയുന്നെതില്‍ എവിടെയോ അതിശയോക്തിയുള്ള പോലെയായിരുന്നു വെപ്പ്. എന്നാല്‍ ഏറ്റവും പുതിയതും അതേപോലെ പഴയതും ആയ കാലങ്ങളെ ഉള്‍ചേര്‍ത്തുവെക്കുമ്പോള്‍ മുസ്‌ലിം സമൂഹത്തിനു സന്തോഷിക്കാന്‍ വകയുള്ള ഒരുപാടു കാര്യങ്ങള്‍ തുര്‍ക്കിയുടെ ചരിത്രത്തില്‍ നിന്നെടുക്കാനുണ്ട്. അബു അയ്യൂബുല്‍ അന്‍സ്വാരി(റ)യെന്ന വിഖ്യാതനായ സ്വഹാബി വര്യനിലൂടെയാണ് തുര്‍ക്കിയിലേക്ക് ഇസ്‍ലാം  ആഗമിക്കുന്നത്. പ്രവാചകന്റെ കാലത്ത് തന്നെ ഇസ്‍ലാമിനെ ഉള്‍കൊള്ളാന്‍ തക്ക സൗഭാഗ്യമുള്ള ഹൃദയം കിട്ടിയ രാഷ്ട്രം. പിന്നീട് ചരിത്രതിലുടെനീളം വിരലോടിക്കുമ്പോള്‍ കാണാം ഇസ്‍ലാമിക  ഖിലാഫത്തില്‍ നിന്നെല്ലാം തുര്‍ക്കിയിലേക്ക് നീളുന്ന സൂചികകള്‍. പോയ്പോയ മിസ്‍റിന്റെയും ബാഗ്‌ദാദിന്റെയും ദിമെഷ്കിന്റെയും പോലെ മുസ്‌ലിം രാജവംശങ്ങളിലോന്നിന്റെ തലസ്ഥാന നഗരി ആയി മാറി തുര്‍ക്കി. ഇസ്‍ലാമിന്റെ ലേബലില്‍ സല്ജൂഖികള്‍ ചെയ്തുകൂട്ടിയ വേണ്ടാദീനങ്ങള്‍ ഒരുപാട് ഉണ്ടെങ്കിലും നന്മയുള്ള പ്രവര്‍ത്തനങ്ങളില്‍ തുര്‍ക്കി അതിന്റെ പങ്കാളിത്തം അറിയിച്ചു. ഒരു പക്ഷെ ഉസ്മാനിയ്യ ഖിലാഫത്തിലൂടെ ഖിലാഫത്തിന്‍റെ ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ട തുര്‍ക്കി അറേബ്യന്‍ രാഷ്ട്രങ്ങളോടൊപ്പം നില്‍ക്കുന്ന ഒരു മുസ്‌ലിം  രാഷ്ട്രമാണ്. ഇപ്പറഞ്ഞതെല്ലാം പല മുസ്‌ലിം രാഷ്ട്രങ്ങളുടെയും കാര്യത്തില്‍ സുപ്രധാനമായിക്കൊള്ളനമെന്നില്ല. എന്നാല്‍ തുര്‍ക്കിയുടെ അന്തര്‍ഗതങ്ങളില്‍ ലീനമായ ആത്മീയ സരണികളെ തിരിച്ചറിയുമ്പോള്‍ ആണ് മുസ്‌ലിം തുര്‍ക്കിക്കൊപ്പം ക്രിയാത്മകമായ ഒരു സംസ്കൃതിയും തെളിഞ്ഞു വരിക. മഹിതമായ സ്വൂഫി ത്വരീഖതുകള്‍ കൊണ്ടു അലങ്കരിക്കപ്പെട്ട് കിടക്കുന്നതാണ് അതിന്റെ ചരിത്രം. സ്വൂഫിയും തത്വജ്ഞാനിയും കവിയുമായിരുന്ന മൗലാനാ ജലാലുദ്ദീന്‍ റൂമി എന്ന പേര് മതി തുര്‍ക്കിയിലെ സ്വൂഫിസത്തിന്റെ ആഴവും പരപ്പുമളക്കാന്‍. സ്വൂഫിസത്തിന്റെ കുറിച്ചായാലും മറ്റു മതപ്രവര്‍ത്തനങ്ങളെ കുറിച്ചായാലും മുസ്‌ലിം തുര്‍ക്കിയെ കുറിച്ച് പറയുമ്പോള്‍ പ്രഥമ ഗണനീയമായ പേര് റൂമിയുടേത് തെന്നെയാണ്. റൂമിയെ കുറിച്ച് പറയാം. 1207 ല്‍ സെപ്റ്റംബര്‍ മാസം 30 നു പേര്‍ഷ്യയുടെ വടക്ക് കിഴക്കന്‍ പ്രവിശ്യയായ ബല്‍ഖിലെ ഒരു ഭക്ത കുടുംബത്തിലാണ് റൂമി ജനിക്കുന്നത്. മംഗോളുകളുടെ ആക്രമണങ്ങളും കൊലവിളികളും ഭയന്ന്‍ ഒരു ദശകക്കാലം ചുറ്റിത്തിരിഞ്ഞ് ഒടുവില്‍ 1220 ല്‍ തുര്‍ക്കിയിലെ കൊനിയയില്‍ സ്ഥിരതാമസമാക്കി ഈ കുടുംബം. മതാധ്യപനങ്ങളിലൂടെയും സയ്യിദ് ബുര്‍ഹാനുദ്ദീന്‍, ഷംസുദ്ദീന്‍ തിബരീസി തുടങ്ങിയ പ്രമുഖ വ്യക്തികളുമായുള്ള ബന്ധങ്ങളിലൂടെയും റൂമിയിലെ സൂഫി ജ്ഞാനവും ദൈവ ബോധവും ശക്തിപ്പെട്ടു. ശംസുദ്ദീന്‍ തിബരീസി എന്ന മഹാന്‍ റൂമിയുടെ ജീവിതത്തിലെ നാഴികകല്ലാണ്. ഇന്നും ലോകത്താകമാനം അറിയപ്പെടുന്ന റൂമിയുടെ ചരിത്രത്തില്‍ തിബരീസിയെ മാറ്റി നിറുത്താനെ ആവില്ല. ഒരു സൂഫിയില്‍ നിന്ന് മാനുഷ്യകുലത്തോട് സ്നേഹനുരാഗം പൊഴിച്ച അതുല്യനായ കവിയിലേക്കുള്ള റൂമിയുടെ യാത്രക്ക് പാലമിട്ടത് തിബരീസിയാനെന്നതാണ് വസ്തുത. rumi tomb റൂമി മ്യൂസിയം, കൊനിയ തുര്‍ക്കി. ഇവിടെയാണ് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നത്. 24,660 ഈരടികളിലായി പരന്നുകിടക്കുന്ന ഏഴു വാള്യങ്ങളുള്ള   മസ്‌നവിയാണ്   തന്റെ വിരചിതമായ ആത്മീയ സംബന്ധമായ രചനകളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നതെന്ന് പലരും അഭിപ്രായപ്പെടുന്നു. കൃതിയുടെ അധിക ഭാഗവും തന്റെ മാതൃഭാഷയായ ഫരിസിയിലും ബാക്കി അറബിയിലുമാണ്. ദൈവസ്നേഹത്തെ മുഖ്യ വിഷയമാക്കി  മനുഷ്യന്റെ പ്രശ്ന പരിഹാരത്തിലേക്കും ജീവിതാര്‍ത്ഥങ്ങളിലേക്കും ദൈവസാമീപ്യത്തിലേക്കും കൂട്ടിക്കൊണ്ടുപോവുകയാണ് ഈ  കൃതി ചെയ്യുന്നത്. ലോകത്തെ തന്നെ ഏറ്റവും വലിയ ആത്മീയ-അതീന്ദ്രിയ ജ്ഞാന പ്രകാശന സംബന്ധിയായ ഈ കൃതിയില്‍ സൂഫിസം, ധര്‍മം, മതം, സംസ്‌കാരം, രാഷ്ട്രീയം, അഭ്യന്തര പ്രശ്‌നങ്ങള്‍  തുടങ്ങി അനവധി വിഷയങ്ങള്‍ അനാവൃതമാകുന്നുണ്ട്.  മസ്നവി മുസ്‍ലിം ലോകത്തെ നിരവധി പ്രതിഭകളെയും സാഹിത്യത്തെയും ആഴത്തില്‍  സ്വാധീനിക്കുകയുണ്ടായി. ദീവാനെ ശംസ് എന്നപേരില്‍ റൂമി മറ്റൊരു കവിതാസമാഹാരം തയ്യാറാക്കിയിട്ടുണ്ട്. അതില്‍ ശംസ് തിബ്‌രീസിയുടെ അപദാനങ്ങള്‍ ആണ് നിറഞ്ഞു നില്‍ക്കുന്നത്. 45,000 ഈരടികളുള്ള ഈ കൃതി ഫാരിസിയിലാണ് ക്രോഡീകരിച്ചിട്ടുള്ളത്. ഫീഹി മാ ഫീഹി അദ്ദേഹത്തിന്റെ ആദ്ധ്യാത്മിക ചിന്തകളുടെ മറ്റൊരു സമാഹാരാമാണ്. ജലാലുദ്ദീന്‍ റൂമി 1273 ഡിസംബര്‍ 17 സൂര്യാസ്തമയ സമയം ലോകത്തോട് വിടപറഞ്ഞു. അഞ്ച് സമുദായത്തില്‍ പെട്ട ആളുകളാണ് അദ്ദേഹത്തിന്റെ ജനാസ പിന്തുടര്‍ന്നത്.  അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന പതിമൂന്നാം നൂറ്റാണ്ടില്‍ മൗലാനാ ശവകുടീരം കൊനിയയിലാണ് സ്ഥിചെയ്യുന്നത്. ഇതിനോടനുബന്ധമായി ഒരു പള്ളി, മൗലാനാ മ്യുസിയം, നൃത്ത മുറി, ദര്‍വീശ് കോട്ടേഴ്‌സ്, സ്‌കൂള്‍,   മൗലവി ത്വരീഖത്തിലെ മറ്റു ആചാര്യന്മാരുടെ ഖബറുകള്‍ തുടങ്ങിയവ നിലകൊള്ളുന്നു. ലോകത്തിന്റെ നാനാഭാഗത്തുനിന്നും  വിവിധയിനം തീര്‍ത്ഥാടകര്‍ ഇവിടേക്ക് ആകര്‍ഷിക്കപ്പെടുന്നു. ജലാലുദ്ദീന്‍ റൂമി സ്ഥാപിച്ച മൗലവി ഥരീഖത്തിന്റെ ആചാര്യന്മാര്‍ ഇന്ന് ആത്മീയരംഗത്തെ ചുറ്റിത്തിരിയുന്ന ദര്‍വീശൂമാര്‍ എന്നാണ് അറിയപ്പെടുന്നത്. മുല്ലാ നസുറുദ്ദീന്‍ ഹോജ എന്ന വിശ്വ വിഖ്യാതനായ പണ്ഡിതനും സൂഫി വര്യനുമായ വ്യക്തിയാണ് മറ്റൊരാള്‍. നര്‍മ്മവും ചിന്തയും ഒരു പോലെ അടക്കം ചെയ്ത ആത്മീയ വചസ് കൊണ്ട് ഉള്ളകം പ്രകാശിതമാക്കിയ പണ്ഡിതനായിരുന്നു മുല്ല. തുര്‍കിയിലെ കൊനിയക്കടുത്തുള്ള അക്ശേയിറില്‍ സ്ഥിതി ചെയ്യുന്ന മഖ്‌ബറയിലെത്തുന്ന പതിനായിരങ്ങള്‍ തുര്‍ക്കിക്ക് മുസ്‌ലിം ലോകത്തിനു സമര്‍പ്പിക്കാനാവുന്ന ഒരു സാക്ഷ്യപത്രം തന്നെ ആണ്. റൂമിയും മുല്ലയും അതു പോലെതെന്നെ മറ്റനേകം സ്വൂഫിവര്യന്മാരും ധന്യമാക്കിയ തുര്‍കിയുടെ ചരിത്രം വിസ്മൃതമാക്കുന്നതില്‍ അത്താ തുര്‍ക് വിപ്ലവത്തിന് സാരമായ പങ്കുണ്ട്. സ്വൂഫി ചിഹ്നങ്ങളാല്‍ പ്രകാശിതമായിരുന്ന തുര്‍കിയെ മതേതരവത്കരിക്കാന്‍ അത്താ തുര്‍ക് കണ്ടെത്തിയ മാര്‍ഗം അവയെ തകര്‍ക്കുകയായിരുന്നു. ശതാബ്ദക്കാലങ്ങളുടെ പഴമ മണക്കുന്ന സ്വൂഫി ദര്‍ബാറുകളില്‍ അതാ തുര്‍ക്കിന്റെ കഴുക കണ്ണുകള്‍ വലയിട്ടു. പള്ളികളും ദര്‍സുഖാനകളും ദര്‍ബാറുകളും സൂഫി ചിഹ്നങ്ങളും നിറഞ്ഞു നിന്നിരുന്ന  തുര്‍ക്കിക്ക് പൊടുന്നനെ മതകീയമായ ഉണര്‍വ് നഷ്ടപ്പെട്ടു. അപ്പോഴാണ് നാം കുറച്ചു മുന്‍പ് പറഞ്ഞ പോയ വിവരണങ്ങള്‍ തുര്‍കിക്ക് മേല്‍ ചാര്‍ത്തപ്പെട്ടത്. അപ്പോഴാണ്‌ റൂമിയുടെ തുര്‍ക്കിയെ എല്ലാവരും മറന്നു കളഞ്ഞത്. അതാ തുര്‍ക് വിപ്ലവ കാലത്തെ ചരിത്രത്തില്‍ നിന്ന്‌ അഭിമാനപുരസരം എടുത്തു കാട്ടാന്‍ പറ്റിയ ഒരു പേര് ഉണ്ട്; അതാണ്‌ ബദീഉസ്സമാന്‍ സഈദ് നൂര്‍സി. നൂര്‍സി എന്ന ആധുനിക തുര്‍ക്കിയുടെ നവോത്ഥാന നായകന്‍ തന്റെ രാഷ്ട്രത്തിനായി യാത്നിച്ചപ്പോഴാനു നഷ്ടമായ പലതും തുര്‍കിക്ക്   തിരിച്ചുകിട്ടിയത്. തുര്‍കിയുടെ വഴി കളങ്കപങ്കിലമായ യൂറോപ്യന്‍ സംസ്കൃതിയുടെതല്ലന്നു അദ്ദേഹം ഇവിടെത്തുകാരെ  ബോധ്യപ്പെടുത്തി. രിസാലെ നൂര്‍ പോലെയുള്ള വിഖ്യാത ഗ്രന്ഥങ്ങളിലൂടെ അവരുടെ മസ്തിഷ്കങ്ങളിലേക്ക് ചിന്തകളായി അദ്ദേഹം പടര്‍ന്നു കയറി. ദൈവ ബോധവും പുരോഗമനവും നിറഞ്ഞ പ്രവര്‍ത്തനങ്ങളിലൂടെ തുര്‍കിയുടെ പുനരുത്ഥാനത്തിന് അദ്ദേഹം ശിലയിട്ടു. അതിനായി അദ്ദേഹത്തിന് നല്‍കേണ്ടി വന്ന വില വലുതാണ്. ഈ യത്നത്തിന് വേണ്ടി ശഹീദാവേണ്ടി വന്നു എന്ന് മാത്രമല്ല മരണശേഷം അദ്ദേഹത്തിന്റെ ഭൗതിക ശരീരം പോലും അവഗണന നേരിട്ടു. ഇന്നും നൂര്‍സി യുടെ കബര്‍ അജ്ഞാതമാണ്. അത്താ തുര്‍ക്കിന്റെ ക്രൂര കിങ്കരന്മാരുടെ മര്‍ദനങ്ങളില്‍ നിഷ്കാസിതമായിപ്പോയതാണ് ഖബര്‍ എന്നും  അതല്ല അവരുടെ കണ്ണകലങ്ങള്‍ക്കപ്പുറത്ത് എവിടെയോ മറമാടപ്പെട്ടുവെന്നും പല സംസാരങ്ങളുണ്ട്. എന്തൊക്കെയായാലും ലോക ചരിത്രത്തില്‍ തന്നെ ത്യാഗ നിര്‍ഭരമായ ജീവിതത്തിന്റെ മാത്രകയാണ് സഈദ് നൂര്‍സി. നൂര്‍സി എന്ന ഒരാളുടെ പേരില്‍ നിന്നാണ് പുതിയ തുര്‍ക്കിയെ വായിച്ചു തുടങ്ങേണ്ടത്. അദ്ദേഹം തുടങ്ങിവെച്ച നവോത്ഥാന പ്രവര്‍ത്തനം വഴി തുര്‍കിക്ക് മുന്നോട്ടുള്ള വഴിയില്‍ പ്രോജ്വലമായ ഒരു മുസ്‌ലിം തുര്‍കി തെളിഞ്ഞു വന്നു. 99% മുസ്‌ലിംകള്‍ ഉള്ള തുര്‍കിയിലെ മനുഷ്യര്‍ അവരുടെ പേരിന്റെ അര്‍ഥം മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു. കാലാനുഗതമായ മാറ്റങ്ങളെ തിരിച്ചറിഞ്ഞുള്ള മത പ്രവര്‍ത്തനങ്ങള്‍ തുര്‍കിയെ ജീവോന്മുഖക്കിയിട്ടുണ്ട്. ഒരു പക്ഷെ നമ്മുടെ നാടുകളിലടക്കം മാതൃകയാക്കാവുന്ന രീതിയില്‍ ഒരു  മുസ്‌ലിം തുര്‍ക്കി നവോത്ഥാനം ചെയ്യപ്പെടുന്നുണ്ട്. സുചിന്തിതവും ക്രിയാത്മകവുമായ പ്രവര്‍ത്തനങ്ങളിലൂടെ മതവിശ്വാസത്തിന്റെ തെളിമ കൈവരിക്കാനും മറ്റുള്ളവരില്‍ അത് നടപ്പിലാക്കാനും ശ്രമിക്കുന്ന സംഘടനകളെയും പ്രസ്ഥാനങ്ങളെയും ഇത്തരുണത്തില്‍ ഓര്‍ക്കാതെ വയ്യ. ഫത്ഫുല്ല ഗുലന്‍ മൂവ്‍മെന്റ്,നൂര്‍സി മൂവ്മെന്റ് തുടങ്ങിയവയെല്ലാം ഇപ്പറഞ്ഞതിന്റെ രാജതോദാഹരണങ്ങളാണ്. മതേതരത്വം ഒരു രാഷ്ട്രത്തിന്റെ തലയില്‍ കെട്ടിവെച്ച പരിമിതികളെ സശ്രദ്ധം ഗൗനിച്ചു തന്നെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കായി അവര്‍ നടത്തുന്ന ശ്രമങ്ങള്‍ പ്രശംസിച്ചു ഫലിപ്പിക്കാനാവാത്ത അത്ര വലുതാണ്‌. Whirling dervishes perform a traditional "Sema" ritual during a ceremony, one of many marking the 741st anniversary of the death of Mevlana Jalaluddin Rumi, in Istanbul തുര്‍കിയിലെ സൂഫിസത്തെ കുറിച്ച് സംസാരിക്കേ വിഖ്യാതമായ സ്വൂഫി സംഗീത നൃത്തത്തെ കുറിച്ച് പരാമര്‍ശിക്കാതിരിക്കുന്നത് അനുചിതമവും. സമാ എന്ന പേരിലറിയപ്പെടുന്ന ഈ ആത്മീയ ചടങ്ങ് ഒരോ തുര്‍കിക്കാരന്റെ ആത്മാവിലും മനസ്സിലും അലിഞ്ഞു ചേര്‍ന്നിരിക്കുന്ന ഒന്നാണ്. മൗലാനാ ജലാലുദ്ദീന്‍ റൂമിയുടെ മൗലവി ത്വരീഖത്തിന്റെ ഭാഗമായാണ് ഇത് നടത്തപ്പെടുന്നത്. ഈ ത്വരീഖത്ത് പിന്തുടര്‍ച്ചക്കാര്‍ തന്നെയാണ് ആത്മീയാനുഭൂതി പകരുന്ന ഈ ചടങ്ങിന്റെ നടത്തിപ്പുകാര്‍. സുപ്രധാനമായ ഏഴ് ഭാഗങ്ങള്‍ അടങ്ങിയിരിക്കുന്ന ഈ ചടങ്ങ് ദിക്റില്‍ അലിഞ്ഞു ചേര്‍ന്നു കൊണ്ടിരിക്കുന്ന മുരീദുമാര്‍ വലതു വശത്ത് നിന്ന് ഇടത്തോട്ട് നടന്നു കറക്കം തുടങ്ങുന്നതാണ് ആദ്യ ഭാഗം. ദികിര്‍ന്റെയും നഅത് ഷെരീഫിന്റെയും  ചെറിയ ശബ്ദത്തില്‍ പ്രശാന്തമായ ആ സദസില്‍ പിന്നെയുള്ളത് ഒരു മുഴക്കമാണ്‌. അതിനു പിന്നാലെ സ്വൂഫി താളലയതിലുള്ള സംഗീതം. പിന്നെ പരസ്പരം അഭിവാദ്യം ചെയ്തു മുഖ്യ ആകര്‍ഷണമായ നൃത്തം ആണ്. വലതു കൈ മുകളിലോട്ടും ഇടതു കൈ താഴോട്ടുമായി പ്രത്യേകതരത്തില്‍ കറങ്ങുന്ന മുപ്പതോളം പേരുടെ നൃത്തകാഴ്ചയാണത്. കുടകറക്കം പോലെ ആത്മീയ നിര്‍വൃതിയില്‍ അലിഞ്ഞു ചേര്‍ന്ന അവരുടെ മണിക്കൂറുകള്‍ നീണ്ട പ്രകടനം നയനാന്ദകരം എന്നതിലുപരി ഒരു ആത്മീയാനുഭൂതി കൂടിയാണ്. പ്രാര്‍ത്ഥനയും ഖുര്‍ആന്‍ കീര്‍ത്തനവുമായി മാസ്മരികമായ ഈയൊരു അന്തരീക്ഷം അവസാനിക്കും. ഒരു ആത്മീയ ചടങ്ങ് എന്നതിനപ്പുറം തുര്‍ക്കിയുടെ സാംസ്കാരിക ജീവിതത്തിന്റെ പരിപ്രേക്ഷ്യം കൂടിയാണിത്. മൊത്തത്തില്‍ തുര്‍കിയില്‍ വന്നു കഴിഞ്ഞു മാറ്റങ്ങളെ ഒരു തിരിച്ചറിവിന്റെ ഭാഗമായി മനസ്സിലാക്കുന്നതയിരിക്കും ശരി. പരമ്പരാഗത പൈതൃകങ്ങള്‍ക്ക് പുതു ജീവന്‍ കൈ വരുമ്പോള്‍ തുര്‍കിയെ കുറിചുള്ള വെപ്പുകളിലും മാറ്റം വരുമെന്നുറപ്പ്.  

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter