അലപ്പോ: കനല്‍പഥങ്ങളില്‍ കണ്ണീരുണങ്ങാതെ...
allയുദ്ധക്കെടുതികളുടെ തീരാനോവുകളുമായി സിറിയ കനല്‍പാതകള്‍ താണ്ടുകയാണിപ്പോഴും. മായാത്ത പുകച്ചുരുളുകളും നിശ്ശബ്ദമാവാത്ത പോര്‍വിളികളും തോരാത്ത ബോംബ് വര്‍ഷങ്ങളും ഒരു ജനതയുടെ സ്വസ്ഥതയും സമാധാനവും തല്ലിക്കെടുത്താന്‍ തുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിടുന്നു. വിമതസേനയുടെ അധികാരവലയത്തിലുള്ള അലപ്പോ യാണ് ഭൂപടത്തിലെ ഉണങ്ങാത്ത കണ്ണീരായി ഇന്നും ലോകത്തോട് വിതുമ്പുന്നത്. ഒരു രാജ്യം രണ്ടാവുക, ഭരണപക്ഷവും മറുപക്ഷവും തമ്മില്‍ നിരന്തര യുദ്ധത്തിലേര്‍പ്പെടുക, മാരകായുധ പ്രഹരങ്ങളും ബോംബ് വര്‍ഷങ്ങളും രാപ്പകലുകള്‍ വ്യത്യാസമില്ലാതെ ഒരു ജനതയെ അപഹരിക്കുക... പശ്ചിമേഷ്യയുടെ ഭൂപടത്തില്‍ കാലങ്ങളായി തുടരുന്ന ഈ പ്രവണത അറുതിയാവാതെ തന്നെ തുടരുകയാണ്. യുദ്ധങ്ങള്‍ ബാക്കിവെക്കുന്ന ഉണങ്ങാത്ത മുറിപ്പാടുകളുമായാണ് ഇപ്പോള്‍ അലപ്പോ പുളയുന്നത്. ആഭ്യന്തരയുദ്ധത്തിന്റെ അണയാത്ത അഗ്നിഗോളങ്ങളില്‍ ജീവിതവും സ്വപ്‌നവും കരിഞ്ഞൊടുങ്ങിയവരുടെ ഭാരം പേറുകയാണിപ്പോള്‍ ഈ നാട്. എന്നെങ്കിലുമൊരു നാള്‍ എല്ലാം ഒടുങ്ങുമെന്ന പ്രതീക്ഷയില്‍ നാളെയുടെ പ്രഭാതം കാത്തിരിക്കുന്നവര്‍ക്ക് മുന്നില്‍ നിരാശയുടെ കട്ടിപ്പുതപ്പ് വീണ്ടും കുമിഞ്ഞുകൂടുന്നു. അല്‍പ്പം സമാധാനത്തിന് വേണ്ടി അലപ്പോ ഇനിയെത്ര നാള്‍ കാത്തിരിക്കണം. ജനിച്ചുവീഴുന്ന വിരിപ്പില്‍ പോലും ഇന്നലെ വര്‍ഷിച്ച ബോംബിന്റെ ചാരം മണക്കുന്നുണ്ട്. ഇളം ചുണ്ടുകളില്‍ മുലപ്പാല്‍ ചുരത്തുമ്പോഴും ഉമ്മമനസ്സില്‍ കത്തിയാളുന്നുണ്ട് അടുത്തനിമിഷത്തെ ആയുസ്സിനെക്കുറിച്ചോര്‍ത്തുള്ള ആധി. കൂടപ്പിറപ്പുകള്‍ക്കൊപ്പം കളിച്ചുല്ലസിക്കാന്‍ തന്റെ ഇക്കമാരെല്ലാം എവിടെയെന്നു പരതുന്ന ബാല്യങ്ങള്‍. ചിരി വിടരുന്ന വിദ്യാലയമുറ്റങ്ങളിലേക്ക് അക്ഷരങ്ങളെ തേടി പറന്നുപോകാന്‍ ഈ ചിത്രശലഭങ്ങള്‍ക്ക് ചിറകുകളില്ല. ഭൂമിയെ ആദ്യമായി കാണുന്ന ഇളം നയനങ്ങളില്‍ പോലും രക്തക്കറകള്‍ തെറിച്ചുവീണിരിക്കുന്നു. യുദ്ധങ്ങള്‍ മുറിവേല്‍പ്പിച്ച നാടുകള്‍ക്ക് പറയാനുള്ളതെല്ലാം കണ്ണീരിലെഴുതിയ ഇത്തരം അനുഭവങ്ങള്‍. all-1ഹൃദയം മുറിക്കുന്ന ചിത്രങ്ങളാണ് അലപ്പോയിലൂടെ പായുന്ന ഓരോ കാമറക്കണ്ണുകളും ലോകത്തിന് കൈമാറിക്കൊണ്ടിരിക്കുന്നത്. വിമതരുടെ അധികാരവലയത്തിലുള്ള അലപ്പോയില്‍ പടക്കോപ്പുകളുമായി ഔദ്യോഗിക പരിവേഷത്തോടെ സര്‍ക്കാറാണ് പോരാളിയായി എത്തുന്നത്. പിന്നെ ഒരു നാടിനെ ചാരമാക്കിയെടുക്കാനുള്ള പുറപ്പാടുകള്‍. പക്ഷേ ഒരു ശത്രുവിനെ തുരത്താന്‍ ബലികഴിക്കുന്നത് ആയിരം പച്ചമനുഷ്യരെയാണ് എന്ന സത്യം എന്തുകൊണ്ട് മറക്കാന്‍ ശ്രമിക്കുന്നു എന്നതാണ് വിചിത്രം. പറന്നുയരാന്‍ വെമ്പുന്ന ഇളം ബാല്യങ്ങള്‍ പോലും ചാരത്തിലമര്‍ന്നുപോവുന്നു ഈ യുദ്ധമൈതാനങ്ങളില്‍. പിറന്നമണ്ണില്‍ ഓടിനടക്കുന്ന ഇളം ജന്‍മങ്ങള്‍ അകാലത്തില്‍ ഞെട്ടറ്റുവീഴുന്ന ദാരുണമായ രംഗങ്ങള്‍. ഇന്നലെ കണ്ടിരുന്ന ഉപ്പയെ ആരു കൊണ്ടുപോയെന്നുപോലുമറിയാതെ ഇന്നലത്തെ സനാഥന്‍ ഇന്ന് അനാഥനാവുന്നു. ചേതനയറ്റ പ്രിയതമന്റെ ശരീരത്തിന് മുന്നില്‍ നെഞ്ച് പൊട്ടിക്കരയുന്ന ഉമ്മയെ കാണുമ്പോള്‍ അന്തിച്ചു നില്‍ക്കുകയാണവന്‍, ആരെടുത്തു തന്റെ ഉപ്പച്ചിയെ എന്ന ചോദ്യവുമായി. ആരുടെയൊക്കെയോ ആര്‍ത്തിയും വാശിയും തമ്മിലുരസുമ്പോള്‍ ആളിക്കത്തുന്ന യുദ്ധാഗ്നികള്‍ ഓരോ നാടുകളിലും ബാക്കിയാക്കുന്നത് ഇത്തരത്തില്‍ ചിതറിത്തെറിച്ച ചിത്രങ്ങളാണെന്ന് ലോകം തിരിച്ചറിയേണ്ടിയിരിക്കുന്നു. all-2ദൈനംദിനമെന്നോണം പരശ്ശതം പേര്‍ അലപ്പോയില്‍ മരിക്കുകയോ മുറിവേല്‍ക്കുകയോ ചെയ്യുമ്പോഴും ലോക മാധ്യമങ്ങള്‍ വേണ്ടത്ര പരിഗണന നല്‍കാത്തത് നല്‍കാത്തത് ഖേദകരം തന്നെ. കഴുകക്കണ്ണുമായി പറക്കുന്ന വേട്ടപ്പക്ഷികള്‍ക്ക് കുട പിടിക്കാന്‍ ഇത്തരം മൗനങ്ങള്‍ പ്രേരകമായേക്കാമെന്ന് മാധ്യമങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്. ഏച്ചുകെട്ടിയ ജീവിതങ്ങള്‍ തളര്‍ന്നുകിടക്കുന്ന ആശുപത്രിക്കിടക്കകളിലേക്കാണ് അലപ്പോയില്‍ ഒടുവില്‍ വര്‍ഷിച്ച ചില ബോംബുകള്‍ പതിച്ചത്. അതിനു മുമ്പ് നടന്ന വ്യോമാക്രമണത്തില്‍ 150 മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. പൊലിഞ്ഞുപോയ ജീവനുകളില്‍ അനേകം ബാല്യങ്ങള്‍. യുദ്ധക്കെടുതികള്‍ക്ക് ശമനിമില്ലാതെ അലപ്പോ ഇപ്പോഴും കത്തുകയാണ്. മുകളില്‍ പോര്‍വിമാനങ്ങളും താഴെ ഒളിപ്പിച്ചുവെച്ച ചാവേറുകളും നടുവില്‍ ഒന്നുമറിയാത്ത കുറേ പച്ചമനുഷ്യരും. തങ്ങളുടെ അതിര്‍ത്തികള്‍ ആരെക്കൊയോ പിടിച്ചെടുത്തതിന് അവരിപ്പോഴും ബോംബ് വിഴുങ്ങുക തന്നെയാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter