ചരിത്രം തിളങ്ങിയ വിശുദ്ധതീരം

chaliyamമലബാറിലെ തീരപ്രദേശമായതുകൊണ്ട് എണ്ണമറ്റ സുകൃതങ്ങള്‍ കിട്ടിയ നാടാണു ചാലിയം. ക്രിസ്ത്വബ്ദത്തിനു മുമ്പുതന്നെ ഈ കൊച്ചുതീരത്തു ജനവാസമുണ്ടായിരുന്നു. സുലൈമാന്‍ നബി (അ)-ന്റെ മഹാസാമ്രാജ്യത്തിന് 'ഓഫിര്‍' എന്ന തുറമുഖവുമായി വ്യാപാരബന്ധം ഉണ്ടായിരുന്നുവെന്നു ബൈബിള്‍ പഴയ നിയമത്തില്‍ പരാമര്‍ശമുണ്ട്. പ്രസ്തുത തുറമുഖം ഇന്നത്തെ ബേപ്പൂരാണെന്നാണു ചരിത്രകാരന്മാരുടെ ഒരു നിഗമനം. ഇതനുസരിച്ച്, ബേപ്പൂര്‍-ചാലിയം തുറമുഖം മൂവായിരം വര്‍ഷം മുമ്പുതന്നെ സജീവമായിരുന്നു. അറബികളുടെ കടല്‍സഞ്ചാരമാര്‍ഗത്തിലെ ഇന്ത്യന്‍ തുറമുഖങ്ങളുടെ കൂട്ടത്തില്‍ സയ്യിദ് സുലൈമാന്‍ നദ്‌വിയെപ്പോലുള്ളവര്‍ ചാലിയത്തെ എണ്ണുന്നത് ഇതിനു പിന്‍ബലമേകുകയുംചെയ്യുന്നു. കാലങ്ങള്‍ക്കു ശേഷം താബിഉകളും തബഉത്താബിഉകളും അവര്‍ക്കുശേഷമുള്ളവരുമായ നിരവധി അറേബ്യക്കാര്‍ ഈ വിശുദ്ധ തീരത്തണഞ്ഞു. സമ്പന്നമായ സംസ്‌കാരവും പൈതൃകവും ഈ കൊച്ചു ദേശത്തിനവര്‍ കൈമാറുകയുംചെയ്തു. ഖാസിമാരുടെയും ആലിമുകളുടെയും ആഹ്വാനപ്രകാരം, കേരളക്കരയില്‍വന്ന് അക്രമങ്ങള്‍ അഴിച്ചുവിട്ട പറങ്കികള്‍ക്കെതിരെ ചാലിയത്തെ മുസ്‌ലിംകള്‍ ധീരമായി പോരാടിയത് അധിനിവേശവിരുദ്ധ ചരിത്രത്തിലെ മായാത്ത മുദ്രകളാണ്. റശീദുദ്ദീന്‍, അബുല്‍ഫിദാ, അല്‍ബീറൂനി, ഇബ്‌നു ബഥൂഥഃ തുടങ്ങിയ അറേബ്യന്‍ സഞ്ചാരികള്‍ 'ശാലിയാത്' എന്നു പരിചയപ്പെടുത്തിയ ചാലിയം, വൈജ്ഞാനികരംഗത്തു സൃഷ്ടിച്ച ഏതാനും ശോഭനചിത്രങ്ങള്‍ മാത്രമാണിവിടെ പ്രതിപാദിക്കുന്നത്. തീരമുണരുന്നു മക്കയില്‍നിന്നു കേരളത്തിലെത്തിയ ആദ്യ പ്രബോധനസംഘം കേന്ദ്രീകരിച്ചതു മലബാറിലെ തീരപ്രദേശങ്ങളിലായിരുന്നു. ഈമാനികാവേശമായിരുന്നു അവരുടെ ഏറ്റവും വലിയ കൈമുതല്‍. ചെന്നിടത്തെല്ലാം അവര്‍ക്കു വലിയ സ്വീകാര്യത ലഭിച്ചു. സംഘത്തിലെ ഹബീബ് ഇബ്‌നു മാലിക് അഞ്ചുമാസം ചാലിയത്തു താമസിച്ചു. ഇസ്‌ലാമിന്റെ ഭദ്രമായ സംസ്ഥാപനം ലക്ഷ്യമാക്കിയ അദ്ദേഹവും അനുയായികളും, മതസംഹിതകള്‍ വിശ്വാസികളുടെ മനസ്സില്‍ രൂഢമൂലമാക്കുകയും വരുംകാലങ്ങളില്‍ ഈ മഹത്തായ ആശയത്തിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വംനല്‍കാന്‍ അനുയോജ്യമായ ഒരു വിശ്വാസിവൃന്ദത്തെ തയ്യാറാക്കുകയും ചെയ്ത ശേഷമാണു പ്രദേശം വിട്ടത്. അങ്ങനെ ഇസ്‌ലാമിക വിശ്വാസ പ്രമാണങ്ങള്‍, തത്ത്വസംഹിതകള്‍, കര്‍മ്മശാസ്ത്ര വിവരങ്ങള്‍ തുടങ്ങിയ അനിവാര്യ ജ്ഞാനങ്ങളുടെ പഠനത്തിനു വഴിയൊരുങ്ങി. അജ്ഞതയുടെ ഘനാന്ധകാരം മാത്രമുണ്ടായിരുന്നിടത്ത് ഒരു നുറുങ്ങുവെട്ടമായി തുടങ്ങിയ 'അല്ലാഹുവിന്റെ പ്രകാശം' അധികം വൈകാതെ ഒരു പ്രകാശഗോപുരമായി മാറി. ഫലത്തില്‍, പ്രദേശത്തെ ഗണ്യഭാഗം ജനം ഇസ്‌ലാംമതത്തെ വാരിപ്പുണര്‍ന്നു. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, ഇസ്‌ലാമിനു വേരൂന്നാനും വളര്‍ന്നു പന്തലിക്കാനും പറ്റിയ സമ്പുഷ്ടമായ മണ്ണാക്കി അല്ലാഹു ചാലിയത്തെ മാറ്റി. കേരളത്തിന്റെ ഇസ്‌ലാമികാവിര്‍ഭാവം മുതല്‍ ഇന്നോളംവരെയുള്ള ചരിത്രത്തിലെ സ്പഷ്ടമായ വസ്തുതയാണിത്. ഉറച്ച മുന്നേറ്റങ്ങള്‍ മുസ്‌ലിം കൈരളിയുടെ ദീന്‍സംബന്ധിയായ പല വിഷയങ്ങളിലും മുന്നില്‍ സഞ്ചരിച്ച പാരമ്പര്യത്തിന്റെ പരിമളമാണു ചാലിയത്തടിച്ചുവീശുന്നത്. കേരളത്തിലെ ആദ്യ ഇസ്‌ലാമാശ്ലേഷണ സംഘത്തില്‍ ബാണപ്പള്ളി പെരുമാളോടും സഹോദരി ശ്രീദേവിയുടെ പുത്രന്‍ മഹാബലിയോടുമൊപ്പം മക്കയിലേക്കു പുറപ്പെട്ടതു നാലു ചാലിയത്തുകാരായിരുന്നു. മാത്രമല്ല, മുസ്‌ലിമായി കേരളത്തില്‍ തിരിച്ചെത്തിയതു പെരുമാളൊഴികെയുള്ളവരായിരുന്നുതാനും. കോഴിക്കോടുജില്ലയിലെ ആദ്യ മസ്ജിദ് ചാലിയം പുഴക്കരപ്പള്ളിയാണ്. മലബാറിലെ പ്രഭാജ്യോതിസ്സുകളായിരുന്ന കോഴിക്കോടുഖാസിമാരുടെ പ്രഥമ ആസ്ഥാനമാണു ചാലിയം. അറബിയില്‍ ഗ്രന്ഥരചന നടത്തിയ ആദ്യ മലയാളി, 'ഉംദതുല്‍ അസ്വ്ഹാബ് വനുസ്ഹതുല്‍ അഹ്ബാബി'ന്റെ രചയിതാവായ ഖാസി റമസാന്‍ അശ്ശാലിയാത്തിയാണ്. അദ്ദേഹത്തിന്റെ മകന്‍ ഖാസി ഫഖ്‌റുദ്ദീന്‍ അബൂബക്ര്‍ കേരളത്തിലെ അറിയപ്പെട്ട ആദ്യ അറബിക്കവിയുമാണ്. ഏറ്റവും പഴക്കമുള്ള അറബി-മലയാള കൃതിയായി കണ്ടെടുക്കപ്പെട്ടതാകട്ടെ ക്രി. 1617 (ഹി. 1027)-ല്‍ ഖാസി മുഹമ്മദ് എഴുതിയ മുഹ്‌യിദ്ദീന്‍മാലയാണ്. ഇതിലെ 'കോഴിക്കോട്ടത്തുറതന്നില്‍ പിറന്നോവര്‍, കോര്‍വ ഇതൊക്കെയും നോക്കിയെടുത്തോവര്‍' എന്ന വരിയിലെ 'കോഴിക്കോട്ടത്തുറ', ചാലിയത്തെ 'കോഴിക്കോടന്‍തറ'യെന്ന തറവാടാണ്. കേരളത്തിലെ പ്രൗഢമായ ആദ്യകാല ദര്‍സുകളിലൊന്നാണു 'ചാലിയംദര്‍സ്'. മുസ്‌ലിംകളുടെ മതപരവും ഭൗതികപരവുമായ വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള കേരളത്തിലെ പ്രഥമ വഖ്ഫുസംരംഭങ്ങളിലൊന്ന് ചാലിയം മദ്‌റസതുല്‍ മനാര്‍ സ്‌കൂളിനാണ്. ഇങ്ങനെ തുടരുന്നു ചാലിയം സ്വന്തമാക്കിയ പാരമ്പര്യത്തിന്റെ പെരുമവിശേഷങ്ങള്‍. പ്രാരംഭകാല ദര്‍സ് ഇസ്‌ലാമിന്റെ വ്യാപനം നടന്നിരുന്ന ദേശങ്ങളില്‍ ഖാസിമാര്‍, ഖഥീബുമാര്‍, ഇമാമുമാര്‍, മുദര്‌രിസുമാര്‍ മുതലായവര്‍ പള്ളിയില്‍വെച്ചു നടത്തിയിരുന്ന ഇസ്‌ലാമികാധ്യാപന രീതിയാണല്ലൊ ദര്‍സുകൊണ്ടുള്ള വിവക്ഷ. ഈയര്‍ഥത്തില്‍ ഇസ്‌ലാമിക സാന്നിധ്യം മുതല്‍ത്തന്നെ ചാലിയത്തു ദര്‍സിന്റെ സാന്നിധ്യവുമുണ്ട്. താനൂര്‍ വലിയ കുളങ്ങരപ്പള്ളിയില്‍ ദര്‍സാരംഭിക്കുന്നത് ഹി. ഏഴാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലാണ്. മഖ്ദൂം കുടുംബം പൊന്നാനിയിലെത്തുന്നത് ഹി. ഒമ്പതാം നൂറ്റാണ്ടിലുമാണ്. എന്നാല്‍, ഇതിനെല്ലാം മുമ്പുതന്നെ ചാലിയത്ത് ഇസ്‌ലാമിക വൈജ്ഞാനികരംഗം പുഷ്ടിപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ഇവിടെയെത്തിയ അറബ് കുടുംബങ്ങളുടെ പിന്‍തലമുറക്കാരോടൊപ്പം ദീനീവിജ്ഞാനം നേടിയ നാട്ടുകാരും ബേപ്പൂര്‍, പൊന്നാനി, വെളിയങ്കോട്, പെരുമ്പടപ്പ് തുടങ്ങിയ പ്രദേശങ്ങളില്‍ ദീന്‍ വളര്‍ത്തുന്നതില്‍ പങ്കാളികളായിട്ടുണ്ട്. ക്രി. പതിനാലാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ ഖാസിയായിരുന്ന ഫഖ്‌റുദ്ദീന്‍ ഉസ്മാനുമുമ്പ് നാല്‍പതോളംപേര്‍ ചാലിയം കേന്ദ്രീകരിച്ചു ഖാസിമാരായിട്ടുണ്ടെന്നാണ് അനുമാനിക്കപ്പെടുന്നത്. മുസ്‌ലിംകള്‍ക്കൊന്നടങ്കം നേതൃത്വംവഹിച്ചിരുന്ന ഇവരിലേറെപ്പേരും വലിയ പാണ്ഡിത്യത്തിനുടമകളും വൈജ്ഞാനികരംഗത്തു സ്തുത്യര്‍ഹമായ സേവനങ്ങളര്‍പ്പിച്ചവരുമായിരിക്കുമെന്നു തീര്‍ച്ച. ഇക്കാലത്തെ ചരിത്രരേഖകള്‍ നഷ്ടപ്പെട്ടതുമൂലം വ്യക്തമായ ചിത്രം മനസ്സിലാക്കാന്‍ കഴിയില്ലെന്നു മാത്രം. വ്യക്തമായ രേഖ ലഭ്യമായ ക്രി. പതിനഞ്ചാം നൂറ്റാണ്ടു മുതലുള്ള കോഴിക്കോട്ടെ ഖാസിമാരുടെ സംഭാവനകള്‍ അവരുടെ പൂര്‍വ്വികരെക്കുറിച്ചു മനസ്സിലാക്കാന്‍ ധാരാളമാണ്. ചാലിയം ജുമുഅത്തുപള്ളിയില്‍ അന്ത്യവിശ്രമംകൊള്ളുന്ന ഖാസി സൈനുദ്ദീന്‍ റമസാന്‍ ശാലിയാത്തി കോഴിക്കോട് മിശ്കാല്‍ പള്ളി, കുറ്റിച്ചിറ ജുമുഅത്തുപള്ളി, മുച്ചുന്തിപ്പള്ളി എന്നിവിടങ്ങളില്‍ ദര്‍സുനടത്തിയിരുന്നു. മേല്‍പറയപ്പെട്ട അദ്ദേഹത്തിന്റെ മകന്‍ ഖാസി ഫഖ്‌റുദ്ദീന്‍ അബൂബക്‌റിനു ചാലിയത്തെയും കോഴിക്കോട്ടെയും ദര്‍സുകളില്‍ പഠിച്ചശേഷം ഹിജാസില്‍ പോയി ഇമാം ജലാലുദ്ദീന്‍ മഹല്ലിയുടെ ശിഷ്യത്വത്തില്‍ ഉപരിപഠനം നടത്താന്‍ ഭാഗ്യംലഭിച്ചു. നാട്ടില്‍ തിരിച്ചെത്തിയ ശേഷം അദ്ദേഹം വര്‍ഷങ്ങളോളം കോഴിക്കോട്ട് അധ്യാപനം നടത്തുകയും പില്‍ക്കാല മുദര്‌രിസുമാര്‍ക്കു മാതൃകയായ ദര്‍സീ സിലബസ്സിനുടമയാകുകയുംചെയ്തു. നഹ്‌വ്, സ്വര്‍ഫ്, ഫിഖ്ഹ്, തസ്വവ്വുഫ് തുടങ്ങിയ വിഷയങ്ങളില്‍ മലബാറിലെ ധാരാളം പണ്ഡിതന്മാരും മുദര്‌രിസുമാരും ഖാസി അബൂബക്ര്‍ തുടങ്ങിവെച്ച പാഠ്യപദ്ധതി പിന്തുടര്‍ന്നിരുന്നു. 'ഫഖ്‌രിയ്യഃ പാഠ്യപദ്ധതികള്‍' (അല്‍മനാഹിജുല്‍ ഫഖ്‌രിയ്യഃ) എന്ന പേരിലാണത് അറിയപ്പെട്ടത്.  ഇദ്ദേഹത്തിന്റെ പ്രമുഖ ശിഷ്യനാണ് ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം അല്‍കബീര്‍. നഹ്‌വ്, ഫിഖ്ഹ്, ഉസ്വൂലുല്‍ ഫിഖ്ഹ് തുടങ്ങിയ വിഷയങ്ങള്‍ മഖ്ദൂമവര്‍കള്‍ ഏഴുവര്‍ഷം ഇദ്ദേഹത്തിന്റെ ദര്‍സില്‍ പഠിച്ചിട്ടുണ്ട്. 'തഖ്മീസുല്‍ ബുര്‍ദഃ'യെന്ന പേരില്‍ 'ഖസ്വീദതുല്‍ ബുര്‍ദഃ'ക്കു വ്യാഖ്യാനമെഴുതിയതു പോലെ 'ഖസ്വീദതു ബാനത് സുആദി'നും ഖാസി അബുബക്ര്‍ വ്യാഖ്യാനമെഴുതിയിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടില്‍ ചാലിയത്തെ പഴയ പള്ളികളിലെല്ലാം സജീവമായി ദര്‍സുകള്‍ നടന്നിരുന്നു. ധാരാളം ഉന്നതരായ ആലിമുകള്‍ ഇവിടെ ദര്‍സുനടത്തുകയും അനേകം യോഗ്യരായ പണ്ഡിതന്മാര്‍ ഇവിടെനിന്നു പഠിച്ചു കര്‍മ്മഗോദയിലിറങ്ങുകയും ചെയ്തിട്ടുണ്ട്. ജുമുഅത്തുപള്ളി ഖഥീബായിരുന്ന അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ചെറിയപള്ളിയിലും നാദാപുരം അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ കണ്ട്‌റംപള്ളിയിലും സൂപ്പിയകം കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍, ശേഖുംതൊടി മുഹമ്മദ്‌കോയ മുസ്‌ലിയാര്‍, പൂളക്കണ്ടി ബാവ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ നെടിയപള്ളിയിലും ദര്‍സുനടത്തിയിട്ടുണ്ട്. പൊന്നാനി കുഞ്ഞാവുട്ടി മുസ്‌ലിയാര്‍, അബൂബക്ര്‍ ഇബ്‌നു അഹ്മദ് അല്‍അലവി എന്ന ചെറിയമുണ്ടം കുഞ്ഞിപോക്കര്‍ മുസ്‌ലിയാര്‍, പെരിങ്ങത്തൂര്‍ മുഹമ്മദ് മുസ്‌ലിയാര്‍, കുറ്റൂര്‍ കമ്മുമുസ്‌ലിയാര്‍, കൈപ്പറ്റ മമ്മുട്ടി മുസ്‌ലിയാര്‍, കൈപ്പറ്റ മുഹമ്മദ് മുസ്‌ലിയാര്‍, ഓ.കെ. സൈനുദ്ദീന്‍കുട്ടി മുസ്‌ലിയാര്‍, ശിഹാബുദ്ദീന്‍ ഖബീലഃയിലെ ആദ്യ ബാഖവി ബിരുദധാരിയായ കെ.എം.എസ്.എ. പൂക്കോയ തങ്ങള്‍, ബാപ്പുട്ടി മുസ്‌ലിയാര്‍, മക്കരപ്പറമ്പ് അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍, അബ്ദുസ്സ്വമദ് മുസ്‌ലിയാര്‍ ബൈത്താനി, പാറന്നൂര്‍ പി.പി. ഇബ്‌റാഹീം മുസ്‌ലിയാര്‍, മോളൂര്‍ മാനുമുസ്‌ലിയാര്‍ തുടങ്ങിയ പ്രമുഖരാണ് ഈയടുത്തകാലത്തു ജുമുഅത്തുപള്ളിയില്‍ ദര്‍സുനടത്തിയത്. മമ്മുണ്ണി മുസ്‌ലിയാര്‍, പറമ്പില്‍പീടിക ബീരാന്‍കുട്ടി മുസ്‌ലിയാര്‍, മീറാന്‍ ഫൈസി, ചെര്‍പ്പുളശ്ശേരി മുഹമ്മദ് മുസ്‌ലിയാര്‍, പട്ടാമ്പി അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, കൊടുവള്ളി അബ്ദുല്ല മുസ്‌ലിയാര്‍, കുറ്റിക്കാട്ടൂര്‍ കുട്ടിഹസന്‍ ദാരിമി, കുറ്റിക്കാട്ടൂര്‍ അബ്ബാസ് മുസ്‌ലിയാര്‍, വെന്നിയൂര്‍ മുഹമ്മദ് മുസ്‌ലിയാര്‍, പടിക്കല്‍ മുഹമ്മദ് മുസ്‌ലിയാര്‍, മലപ്പുറം മുഹമ്മദ് മന്നാനി, മുറ്റന്നൂര്‍ മുഹമ്മദ് മുസ്‌ലിയാര്‍, കുറ്റിപ്പുറം ജഅ്ഫര്‍ തങ്ങള്‍, മുണ്ടക്കുളം അബ്ദുല്‍ ഗഫൂര്‍ ദാരിമി, അബ്ദുസ്സലാം മുസ്‌ലിയാര്‍, മൊയ്തീന്‍കുട്ടി ബാഖവി, ഖാസിമുല്‍ ഖാസിമി എന്നിവര്‍ സ്വിദ്ദീഖുപള്ളിയിലെ ദര്‍സിനും ഊര്‍ജ്ജസ്വലത പകര്‍ന്നു. മമ്മുണ്ണി മുസ്‌ലിയാരുടെ ദര്‍സ് ഇരുപതാം നൂറ്റാണ്ടില്‍ ചാലിയത്ത് ഏറ്റവും കൂടുതല്‍ കാലം ദര്‍സുനടത്തിയ പണ്ഡിതനാണ്, ചാവക്കാട് കാട്ടില്‍ ബാപ്പു മുസ്‌ലിയാരുടെ മകന്‍ മമ്മുണ്ണി മുസ്‌ലിയാര്‍. ചാലിയം സ്വിദ്ദീഖുപള്ളിയില്‍ ദര്‍സാരംഭിച്ച അദ്ദേഹം നാല്‍പതു വര്‍ഷമാണിവിടെ അധ്യാപനം നടത്തിയത്. ചാലിയത്തുകാര്‍ക്കിടയില്‍, വിശിഷ്യ തീരപ്രദേശത്തുകാര്‍ക്കിടയില്‍ വലിയ പരിവര്‍ത്തനം സൃഷ്ടിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. ചാലിയം ഹംസ മൗലവിയെപ്പോലെ പത്തോളം വലിയ പണ്ഡിതര്‍ അദ്ദേഹത്തിന്റെ ശിഷ്യത്തില്‍ വളര്‍ന്നവരാണ്. ഓ.കെ. ഉസ്താദിന്റെ ദര്‍സ് ചാലിയം ജുമുഅത്തുപള്ളിയില്‍ ഓ.കെ. സൈനുദ്ദീന്‍കുട്ടി മുസ്‌ലിയാര്‍ ദര്‍സുനടത്തിയ കാല്‍നൂറ്റാണ്ടുകാലം ചാലിയം ദര്‍സിന്റെ ചരിത്രത്തിലെ ശോഭനകാലമാണ്. 'ചാലിയത്തെ മൊയ്‌ല്യാര്' എന്നറിയപ്പെട്ട അദ്ദേഹം രണ്ടു വര്‍ഷത്തെ ഇടവേളയോടുകൂടെ 1953 മുതല്‍ 1979 വരെയാണിവിടെ ദര്‍സുനടത്തിയത്. ഇക്കാലയളവില്‍ ചാലിയത്തുവെച്ച് ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, പൊന്മള ഫരീദുദ്ദീന്‍ മുസ്‌ലിയാര്‍, ചാലിയം അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, ഫറോക്ക് അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, ചെര്‍ള അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, എ.വി. അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, അയനിക്കാട് മുഹമ്മദ് മുസ്‌ലിയാര്‍, വളപട്ടണം ഉസ്മാന്‍ മുസ്‌ലിയാര്‍, നന്തിയില്‍ എം.പി. മുഹമ്മദ് മുസ്‌ലിയാര്‍, പെരുമുഖം ബീരാന്‍കോയ മുസ്‌ലിയാര്‍, കിഴിശ്ശേരി ഹസന്‍കുട്ടി മുസ്‌ലിയാര്‍, സൈദ് മുഹമ്മദ് നിസാമി തുടങ്ങി എണ്ണിയാലൊടുങ്ങാത്ത പ്രമുഖര്‍ ഉസ്താദില്‍നിന്ന് ഓതിപ്പഠിച്ചിട്ടുണ്ട്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് മഹാനുഭാവന്റെ ശിഷ്യത്വം സ്വീകരിക്കാനെത്തിയ വിജ്ഞാനദാഹികളുടെ അതിബാഹുല്യം കാരണം, ഒടുവില്‍ വന്നവരെ മടക്കിഅയക്കേണ്ട ഗതിയാണുണ്ടായത്. കോട്ടുമല അബൂബക്ര്‍ മുസ്‌ലിയാരുടെയും ഓ.കെ. ഉസ്താദിന്റെയും ദര്‍സുകളില്‍നിന്നു വരുന്നവര്‍ക്ക് വെല്ലൂര്‍ ബാഖിയാത്തുസ്സ്വാലിഹാത്തില്‍ പ്രത്യേക പരിഗണന ലഭിച്ചിരുന്നുവെന്നതും നാമിവിടെ കൂട്ടിവായിക്കണം. വര്‍ത്തമാനകാലത്ത് മലബാറിന്റെ അഭിമാന കേന്ദ്രങ്ങളായിരുന്ന പള്ളിദര്‍സുകള്‍ ശുഷ്‌കിച്ചുകൊണ്ടിരിക്കുന്ന വര്‍ത്തമാനകാല സാഹചര്യത്തിലും നൂറ്റിയമ്പതോളം വിദ്യാര്‍ഥികള്‍ ചാലിയത്തെ ദര്‍സുകളില്‍ മതവിദ്യ നുകര്‍ന്നുകൊണ്ടിരിക്കുന്നു. കേരളത്തിലെ സമീപ-വിദൂര നാടുകളില്‍ നിന്നും കൊടക്, മംഗലാപുരം, ലക്ഷദ്വീപ് തുടങ്ങിയ കേരളേതര നാടുകളില്‍ നിന്നും പഠിതാക്കളെത്തുന്നു. മറ്റു ദര്‍സുകളില്‍ പ്രാഥമിക കിതാബുകള്‍ ഓതിയവരും ആദ്യമായി ഓതാന്‍ വരുന്നവരും അവരിലുണ്ട്. ഭക്ഷണത്തിനു ചെലവുകുടിയില്‍ പോകുന്നതു പലയിടത്തും നിന്നെങ്കിലും ഇവിടെയതു തുടര്‍ന്നുവരുന്നു. ആലിമുകളെയും മുതഅല്ലിമുകളെയും സ്‌നേഹിക്കുന്ന നാട്ടുകാരുമായി ഇണങ്ങിയും ഇഴുകിച്ചേര്‍ന്നും സന്തുഷ്ടരായാണു വിദ്യാര്‍ഥികള്‍ കഴിഞ്ഞുകൂടുന്നത്. പാഠ്യപദ്ധതി സാധാരണക്കാരായ ധാരാളം നാട്ടുകാര്‍ ദര്‍സിലെത്തിയ കാലത്ത് 'പത്തുകിതാബ്' പോലെയുള്ള കിതാബുകളും സാധാരണമായി ദര്‍സുകളില്‍ ഓതിയിരുന്ന ഫത്ഹുല്‍ മുഈന്‍, അല്‍ഫിയഃ തുടങ്ങിയ കിതാബുകളും കാര്യക്ഷമമായി പഠിപ്പിക്കപ്പെട്ടരുന്നു. മറ്റു ദര്‍സുകളില്‍ രണ്ടും മൂന്നും അതിലധികവും വര്‍ഷം ഓതിപ്പഠിച്ചവരായിരുന്നു ഓ.കെ. ഉസ്താദിന്റെ ദര്‍സിലെത്തിയിരുന്നത്. ജംഉല്‍ ജവാമിഅ്, മഹല്ലി, ബൈളാവി, മുല്ലാ ഹസന്‍, ബുഖാരി, മുസ്‌ലിം, ഖയാലിയോടുകൂടെ ശറഹുല്‍ അഖാഇദ്, മീര്‍ഖുഥ്ബിയോടുകൂടെ ഖുഥ്ബി തുടങ്ങിയ കിതാബുകളായിരുന്നു അന്നു പ്രധാനമായി ഓതപ്പെട്ടത്. മേല്‍ പറയപ്പെട്ട മിക്ക കിതാബുകള്‍ക്കു പുറമെ, മീസാന്‍, സന്‍ജാന്‍, ഇര്‍ശാദുല്‍ ഇബാദ്, രിയാളുസ്സ്വാലിഹീന്‍, അത്തുഹ്ഫതുല്‍ വര്‍ദിയ്യഃ, തഫ്‌സീറുല്‍ ജലാലൈനി, ബിദായതുല്‍ ഹിദായഃ, ഇഹ്‌യാഉ ഉലൂമിദ്ദീന്‍, ഇര്‍ശാദുല്‍ ഇബാദ്, ഇര്‍ശാദുല്‍ യാഫിഈ, മുര്‍ശിദുഥ്ഥുല്ലാബ്, ഹമാസഃ, അലിഫ് ലൈലഃ, മഖാമാത്, വിത്‌രിയ്യഃ, അഖീദതുല്‍ അവാം, ശറഹുത്തഹ്ദീബ് തുടങ്ങിയ കിതാബുകളും ഇന്നു ചാലിയത്തെ പള്ളിദര്‍സുകളില്‍ ഓതപ്പെടുന്നു. വെളിച്ചം വിതറിയ സ്മരണീയര്‍ ഇല്‍മിന്റെ വെള്ളിവെളിച്ചം വിതറാന്‍ തൗഫീഖുകിട്ടിയ, ഈ തീരത്തിന്റെ അനുഗ്രഹീത സന്തതികള്‍ ഒരുപാടുണ്ട്. ഇബ്‌നു ഹജരില്‍ ഹൈതമിയുടെ ശിഷ്യന്മാരെന്നു പറയപ്പെടുന്ന ആലിക്കകം തറവാട്ടിലെ വലിയ മമ്മിക്കുട്ടി മുസ്‌ലിയാര്‍, ചെറിയ മമ്മിക്കുട്ടി മുസ്‌ലിയാര്‍ തുടങ്ങി പുതുതലമുറക്കു പരിചയമില്ലാത്ത അനേകം മഹാന്മാര്‍ ഇവിടത്തെ ഖബ്ര്‍സ്താനില്‍ അന്ത്യവിശ്രമംകൊള്ളുന്നുണ്ട്. പരിചിതരില്‍ പ്രമുഖനാണ് അബുസ്സആദാത്ത് അഹ്മദ്‌കോയ അശ്ശാലിയാത്തി. പണ്ഡിത കുടുംബത്തില്‍ പിറന്നു പാണ്ഡിത്യത്തിന്റെ അനന്ത വിഹായസ്സില്‍ വിരാജിച്ച ശാലിയാത്തി വൈദ്യശാസ്ത്രമടക്കം വിവിധ വിജ്ഞാനശാഖകള്‍ അനായാസേന കൈപ്പിടിയിലൊതുക്കി. കഴിഞ്ഞ നൂറ്റാണ്ടില്‍ ചാലിയത്തിന്റെ യശസ്സ് വാനോളമുയര്‍ത്തിയ അദ്ദേഹത്തിന്റെ വ്യക്തിത്വം അത്യത്ഭുതമായിരുന്നു. വിജ്ഞാനത്തിന്റെ മാണിക്യമുത്തുകള്‍ തേടി ശാലിയാത്തി സമീപിച്ചവരെല്ലാം അറിവിന്റെ ആഴികളായിരുന്നു. സ്വന്തം പിതാവ് ആലിക്കുട്ടി മുസ്‌ലിയാര്‍, വെല്ലൂര്‍ ലഥീഫിയ്യഃ അറബിക്കോളേജിലെ സ്വദ്ര്‍ മുദര്‌രിസ് മുഹമ്മദ് മുഹ്‌യിദ്ദീന്‍ ഹുസൈന്‍, അബ്ദുര്‍റഹീം, അസ്സയ്യിദ് അബ്ദുല്‍ ജമീല്‍ അല്‍ഫശാവരീ, ഗുലാം റസൂല്‍ അല്‍മദ്‌റാസീ, അസ്സയ്യിദ് മുഹമ്മദ് റുക്‌നുദ്ദീന്‍ അല്‍ഖാദിരീ അല്‍വേലൂരീ, അസ്സയ്യിദ് മുഹ്‌യിദ്ദീന്‍ അബ്ദുല്ലഥീഫ്, അശ്ശൈഖ് മുഹമ്മദ് മിയാന്‍ അല്‍കന്‍ജുമുറാദാബാദീ, മഹ്മൂദുല്‍ മദ്‌റാസീ, ഖാളീ ഖുളാത്ത് ഉബൈദുല്ലാഹ്, മുഹമ്മദ് ഹിസ്ബുല്ലാഹ്, അസ്സയ്യിദ് അലീ മുര്‍തളാ അര്‌രിഫാഈ, മുഹമ്മദ് അബ്ദുല്‍ ഹാദീ, മുഹമ്മദ് അഹ്മദ് റസാഖാന്‍ എന്നിവര്‍ ഫിഖ്ഹില്‍ ശാലിയാത്തിയുടെ ശൈഖുമാരാണ്. ഇവരുടെയെല്ലാം പുണ്യങ്ങള്‍ ഒത്തുചേര്‍ന്ന ഒരു പണ്ഡിത പ്രഗല്ഭന്‍, അതായിരുന്നു ശാലിയാത്തി. കുശാഗ്രബുദ്ധി, നാനാതരം വൈജ്ഞാനിക ശാഖകളിലെ അവഗാഹം, അസാധാരണ ചിന്താപാടവം തുടങ്ങിയ വിശേഷണങ്ങള്‍ 'ആധുനിക ഗസ്സാലി'യെന്നു വിളിക്കപ്പെടാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കി. കേരളത്തിലെയും തമിഴ്‌നാട്ടിലെയും കര്‍ണാടകത്തിലെയും ദര്‍സുകളിലും അറബിക്കോളേജുകളിലും ദര്‍സുനടത്തിയ ശാലിയാത്തി, ഹൈദരാബാദ് നൈസാം സുല്‍ഥാന്‍ ഉസ്മാന്‍ അലീഖാന്റെ കീഴിലെ തെന്നിന്ത്യന്‍ മുഫ്തിമാരില്‍ ഒരാളാവുകവരെയുണ്ടായി. ഫിഖ്ഹിലും അഖീദഃയിലും മറ്റു വിഷയങ്ങളിലും ധാരാളം ഗഹനമായ രചനകള്‍ നിര്‍വ്വഹിച്ചിട്ടുണ്ട്. ഫത്‌വകള്‍ രേഖപ്പെടുത്തിവെക്കുന്ന ശീലം കേരളത്തിലെ പണ്ഡിതന്മാര്‍ക്കിടയില്‍ പൊതുവെ കുറവായാണു കാണപ്പെടുന്നത്. എന്നാല്‍ താന്‍ കൊടുത്ത ഫത്‌വകള്‍ കൃത്യമായി എഴുതിവെക്കുന്നതില്‍ ശാലിയാത്തി പ്രത്യേകം ശ്രദ്ധപുലര്‍ത്തിയിരുന്നു. 'അല്‍ഫതാവല്‍ അസ്ഹരിയ്യഃ ഫില്‍ അഹ്കാമിശ്ശറഇയ്യഃ വല്‍ഫുനൂനില്‍ ഇല്‍മിയ്യഃ'യും 'അല്‍ഫതാവദ്ദീനിയ്യഃ ബിതനക്കുബില്‍ ഹഫ്‌ലതില്‍ അയ്കിയ്യഃ'യുമാണ് ഫത്‌വാസമാഹാരങ്ങള്‍. നന്തി ദാറുസ്സലാം അറബിക്കോളേജടക്കം ഏഴ് അറബിക്കോളേജിലും അഞ്ചിലധികം പള്ളിദര്‍സുകളിലും അധ്യാപനംനടത്തിയ പണ്ഡിതനാണു ചാലിയം പി. അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍. 'മുസ്‌ലിം പള്ളികള്‍', 'മര്‍ഹൂം നന്തിയില്‍ എം.പി. മുഹമ്മദ് മുസ്‌ലിയാര്‍' തുടങ്ങി എട്ടു മലയാള പുസ്തകങ്ങളെഴുതി രചനാരംഗത്തും അദ്ദേഹം സാന്നിധ്യമറിയിച്ചു. എടവണ്ണപ്പാറ റശീദിയ്യഃ അറബിക്കോളേജ്, സുല്‍ത്താന്‍ബത്തേരി ദാറുല്‍ ഉലൂം അറബിക്കോളേജ്, ദക്ഷിണകേരളത്തിലെയും തമിഴ്‌നാട്ടിലെയും പത്തോളം പള്ളിദര്‍സുകള്‍ തുടങ്ങിയവയില്‍ അധ്യാപനംനടത്തിയ മറ്റൊരു പണ്ഡിതനാണു ബീമാപള്ളി ഹംസ മൗലവി എന്നറിയപ്പെട്ട ചാലിയം പി.സി. ഹംസ മൗലവി. ദാറുല്‍ ഇഫ്താഇല്‍ അസ്ഹരിയ്യഃ അഹ്മദ് കോയ ശാലിയാത്തിയുടെ അമൂല്യ വിജ്ഞാനീയ കലവറയാണ് 'ദാറുല്‍ ഇഫ്താഇല്‍ അസ്ഹരിയ്യഃ'. ദുര്‍ല്ലഭമായ ഒരുകൂട്ടം ഗ്രന്ഥങ്ങളിവിടെയുണ്ട്. കേരളീയനാല്‍ വിരചിതമായ ആദ്യ അറബിഗ്രന്ഥമായ റമസാന്‍ ശാലിയാത്തിയുടെ 'ഉംദതുല്‍ അസ്വ്ഹാബ് വനുസ്ഹതുല്‍ അഹ്ബാബി'ന്റെ ഏകപ്രതി, മഖ്ദൂം കബീര്‍ എഴുതിയ 'അല്‍അജ്‌വിബതുല്‍ അജീബഃ അനില്‍ അസ്ഇലതില്‍ ഗരീബഃ', റാഫിഈ ഇമാമിന്റെ 'മുഹര്‍റര്‍', ഫതാവാ ഇബ്‌നി ഹജരില്‍ ഹൈതമി, ഫത്ഹുല്‍ മുഈനിന്റെ ആദ്യ വ്യാഖ്യാനമായ അലീബാസ്വബ്‌രീന്റെ 'ഇആനതുല്‍ മുസ്തഈന്‍ ഫീ ഹല്ലി ഫത്ഹില്‍ മുഈന്‍', ഹിബ്രുഭാഷയില്‍ രചിക്കപ്പെട്ട ബൈബിളിന്റെയും തൗറാത്തിന്റെയും പ്രതികള്‍, ഉപനിഷത്തുകള്‍, മഹാഭാരതം, രാമായണം, ഭഗവദ്ഗീത തുടങ്ങിയ പല അമൂല്യ ഗ്രന്ഥങ്ങളും ഇവിടെയുണ്ട്. ചുരുക്കത്തില്‍ ചുരുക്കത്തില്‍, മുസ്‌ലിം കൈരളിയുടെ വൈജ്ഞാനിക ചരിത്രത്തില്‍ അനല്പമായ പ്രാധാന്യമുണ്ട് ചാലിയംദേശത്തിന്. 'ഇല്‍മി'ല്‍ അധിഷ്ടിതമായ ഇസ്‌ലാമിക ചൈതന്യം പാരമ്പര്യമായി കിട്ടിയതില്‍ സായുജ്യം കൊള്ളുകയാണിന്ന് ഈ പ്രദേശവും പ്രദേശത്തുകാരും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter