ശാസ്ത്രബോധംകൊണ്ടുമാത്രം പാരമ്പര്യത്തെ വിലയിരുത്താനാവില്ല
പ്രമുഖ എഴുത്തുകാരനും മാപ്പിള ഗവേഷകനും ബഷീہ ദി മാന്‍ തുടങ്ങി ധാരാളം ഡോക്യുമെന്ററികളുടെ കہത്താവുമായ എം.എ. റزാനുമായി ഡോ. ശഫീഖ് വഴിപ്പാറ നടത്തിയ അഭിമുഖം
മാപ്പിളമാരുടെ ഈടുവയ്പ്പുകള്‍ യഥാര്‍ത്ഥചരിത്രത്തില്‍ എങ്ങനെ പതിഞ്ഞുകിടക്കുന്നു?
അറേബ്യയില്‍ നിന്നും ഒരു സംഘമാളുകള്‍ മഹത്തായ ദൗത്യവുമായി ഇവിടെ വന്നുവല്ലോ. ഈ വന്നവര്‍ക്ക് രണ്ടു വര്‍ഗത്തെയാണ് നേരിടേണ്ടി വന്നത്. പോര്‍ച്ചുഗീസുകാരന്റെ വിവേചനത്തെയാണ് ഒന്ന്. മറ്റൊന്ന് ബ്രാഹ്മണ സവര്‍ണതയുടെ ആധിപത്യത്തെയും. ഇവയ്ക്കിടയില്‍ തദ്ദേശീയര്‍ പീഡിപ്പിക്കപ്പെടുകയും അവഗണിക്കപ്പെടുകയും ചെയ്തു. ജാതീയതയ്ക്കകത്ത് താഴ്ന്ന ജാതിക്കാര്‍ ഞെരിഞ്ഞമര്‍ന്നു. തദ്ദേശീയര്‍ക്കിടയിലെ ഇത്തരം ആധിപത്യ സ്വഭാവങ്ങള്‍ നിലനിന്നിരുന്ന ഒരു പരിസരത്താണ് സമത്വം ഉദ്‌ഘോഷിക്കുന്ന ഒരു മതം പരിചയത്തിനു വരുന്നത്. എല്ലാ അറിവും നിഷേധിക്കപ്പെട്ട തദ്ദേശീയ ജനതയ്ക്ക് മറ്റു സമൂഹത്തോടൊപ്പം ഓടിയെത്താന്‍ വേണ്ട അറിവാധികാരങ്ങള്‍ ഉണ്ടായിരിക്കണമെന്ന ബോധം മാപ്പിളമാര്‍ക്കുണ്ടായി. അങ്ങനെയാണ് യൂറോപ്യന്‍ നവോത്ഥാനത്തിനും അവരുടെ അധിനിവേശത്തിനും കൂട്ടുനിന്ന സവര്‍ണ ജ്ഞാന പദ്ധതിക്ക് ഒരു ബദല്‍ജ്ഞാനമണ്ഡലം മാപ്പിളമാര്‍ സൃഷ്ടിക്കുന്നത്.
യൂറോപ്യര്‍ മാപ്പിളമാരെ താഴ്ത്തിക്കെട്ടാന്‍ ശ്രമിച്ചിരുന്നു. ബ്രിട്ടീഷുകാര്‍ ‘മൂര്‍’ എന്നായിരുന്നു മാപ്പിളമാരെ വിളിച്ചിരുന്നത്; പ്രാഗ്തന്‍മാരാണ് എന്ന അര്‍ത്ഥത്തില്‍. അതിനെ റെസിസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങള്‍ സയ്യിദുമാരുടെ നേതൃത്വത്തില്‍ നടന്നു. സയ്യിദന്‍മാര്‍ ശുദ്ധന്‍മാരായിരുന്നു. പ്രവാചകന്റെ കുടുംബാനുയായികളാണ് അവര്‍. അവര്‍ക്ക് കളങ്കമില്ലായിരുന്നു. അവര്‍ക്ക് ഒരു സമിഷ്ഠിബോധം ഉണ്ടായിരുന്നു. യൂറോപ്യന് അത് ഇല്ലായിരുന്നു. മാപ്പിളമാരുടെ ഈടുവയ്പ്പുകളില്‍ ഈ സമിഷ്ഠിബോധം കാണാന്‍ കഴിയും.
ആ ഈടുവയ്പ്പുകള്‍ ഏതൊക്കെയായിരുന്നുവെന്നാണ് നമ്മള്‍ സംസാരിച്ചുതുടങ്ങിയത്?
പാശ്ചാത്യന്റെ ജ്ഞാനപദ്ധതിയെ ചെറുക്കാന്‍ ലോകത്തുള്ള സകല തദ്ദേശീയ ജ്ഞാനങ്ങളും അറബി മലയാളത്തില്‍ അച്ചടിക്കാന്‍ ശ്രമിച്ചവരാണ് മാപ്പിളമാര്‍. പതിനഞ്ചോളം വരുന്ന അറബി മലയാള അച്ചടി ശാലകളുണ്ടായിരുന്നു അക്കാലത്ത് നമുക്ക്. ചന്തുമേനോന്റെ പാശ്ചാത്യ സ്വാധീനമുള്ള നോവലായ ‘ഇന്ദുലേഖ’ യൂറോപ്പിലെ ഒരു ഹെന്റിറ്റടെബിള്‍ വായിച്ച് ഏഴുതിയതാണ്. ഇത് പ്രസിദ്ധീകരിക്കുന്നതിനു ഇരുപത്തിരണ്ടുകൊല്ലം മുമ്പ് പേര്‍ഷ്യന്‍ ഭാഷയിലെഴുതിയ ‘ചാര്‍ ദര്‍വേശ്’ എന്ന നോവല്‍ അറബി മലയാളത്തില്‍ വിവര്‍ത്തനം ചെയ്ത് പ്രസിദ്ധപ്പെടുത്തിയിരുന്നു മാപ്പിളമാര്‍. എ.ഡി. 1866-ല്‍ മാഹിന്‍ ആലിയുടെ പുത്രന്‍ മുഹിയിദ്ദീന്‍ ആണ് ഇതു പരിഭാഷപ്പെടുത്തിയത്. ഇതിന്റെ അറബി മലയാള പതിപ്പ് എന്റെ വീട്ടിലുണ്ടായിരുന്നു. എന്നാല്‍ ഇതിന്റെ ഇംഗ്ലീഷ് പതിപ്പ് ഇന്ത്യയില്‍ ‘പെന്‍ഗ്വിന്‍’ ഇറക്കിയത് 1994-ല്‍ മാത്രമാണ്.
ശുജായി മൊയ്തു മുസ്‌ലിയാരുടെ ലോക ചരിത്ര സംഗ്രഹം (ഫത്ഹുല്‍ ഫത്താഹ്) അറബി മലയാളത്തില്‍ എ.ഡി. 1892-ല്‍ തലശ്ശേരിയില്‍ അച്ചടിച്ചു. മലപ്പുറം കീഴ്പറമ്പിലെ ചെറിയ കുഞ്ഞിപ്പോക്കര്‍ ‘വിക്രമാദിത്യന്‍ കഥകള്‍’ അറബി മലയാളത്തിലാക്കി. എ.ഡി. 1877-ല്‍ ‘ആയിരത്തൊന്നു രാവുകള്‍’ അറബി മലയാളത്തില്‍ പ്രസിദ്ധപ്പെടുത്തി. തലശ്ശേരി സ്വദേശികളായ കാരിയാടന്‍ കുഞ്ഞിമൂസയും ടി.സി.കുഞ്ഞായനും ചേര്‍ന്നാണ് ഇത് വിവര്‍ത്തനം ചെയ്തത്. ‘അമീര്‍ ഹംസ’ പോലുള്ള അറേബ്യന്‍ നോവലുകള്‍ പിന്നീട് നമുക്ക് കിട്ടി. അറുപതുകളില്‍ എന്റെ വീട്ടില്‍ ലഭ്യമായിരുന്ന ‘അമീര്‍ ഹംസ’യുടെ അറബി മലയാള പതിപ്പാണ് എന്റെ ആദ്യനോവല്‍ വായനാനുഭവം. മലയാള നാമങ്ങളുടെ പര്യായ നിഘണ്ടു പോലും അറബി മലയാളത്തില്‍ പിറന്നു. ബദര്‍ പടപ്പാട്ടും മുഹ്‌യുദ്ദീന്‍ മാലയും സഫലമാലയും കപ്പപ്പാട്ടും ബദ്‌റുല്‍ മുനീറും പക്ഷിപ്പാട്ടും തുടങ്ങി ആയിരക്കണക്കിന് വരുന്ന സര്‍ഗാത്മക രചനകള്‍ മാപ്പിളമാരുടെ ഈടുവയ്പ്പുകളായി ചരിത്രത്തിലുണ്ട്.
പക്ഷേ, മുഖ്യധാരാചരിത്രം ഇവയെ വേണ്ടവിധം മനസിലാക്കിയിട്ടുണ്ടോ? ഹൈന്ദവ ഭക്തി സാഹിത്യങ്ങളായ ജ്ഞാനപ്പാനയും കൃഷ്ണഗാഥയും മറ്റും നമ്മുടെ ടെക്സ്റ്റു ബുക്കുകളില്‍ വരെ കാണാനാകും. എന്നാല്‍, അതിനു തൊട്ടപ്പുറത്തോ ഇപ്പുറത്തോ ഉള്ള മാപ്പിള സര്‍ഗരചനകള്‍ തഴയപ്പെടുകയും ചെയ്യുന്നു.
നമ്മുടെ ടെക്സ്റ്റ് ബുക്കുകള്‍ ഭൂരിപക്ഷത്തിന്റെ ബോധത്തിനനുസരിച്ചാണ് ഉണ്ടാവുന്നത്. നമ്മുടെ പാഠാവലികള്‍ വരുന്നത് പൊതുസമൂഹത്തിനുവേണ്ടിയാണ്. അതില്‍ നമുക്ക് മാത്രമായി അവര്‍ ഇടം കല്‍പ്പിക്കുന്നില്ല. മാപ്പിളകലാപാനന്തരം കൊണ്ടോട്ടി തങ്ങന്‍മാരുടെ സാമൂഹ്യവിരുദ്ധമായ മതസങ്കല്‍പ്പത്തെ തിരുത്തി ഏകദൈവ സങ്കല്‍പ്പത്തെ സ്ഥാപിച്ചെടുക്കുന്ന ചിന്താവ്യവഹാരമായിരുന്നു യഥാര്‍ത്ഥത്തില്‍ കൊണ്ടോട്ടി-പൊന്നാനി കൈതര്‍ക്കം. എ.ഡി. 1888-ല്‍ ശ്രീനാരായണഗുരു അരുവിപുറ പ്രതിഷ്ഠ നടത്തുമ്പോള്‍ തന്നെയാണ് മാപ്പിളമാര്‍ക്കിടയില്‍ ഇത് നടക്കുന്നത്. ഇവിടെ തര്‍ക്കവിഷയമായത് കേവല അധികാരമണ്ഡലമായിരുന്നില്ല, മതത്തിന്റെ പ്രത്യയശാസ്ത്രമായിരുന്നു. മാപ്പിളമാരുടെ ഇത്തരം ബൗദ്ധികവ്യവഹാരങ്ങള്‍ പൊതുസമൂഹത്തിലെത്താതെ ആ മതത്തിനകത്ത് മാത്രം വ്യാപരിക്കപ്പെട്ട് ഒടുങ്ങിപ്പോയി എന്നാണ്. മാപ്പിളമാര്‍ അറബിയിലെഴുതിയ നൂറുക്കണക്കിന് ഗ്രന്ഥങ്ങളും ആരാലും കാണാതെ പോയി. മെയിന്‍സ്ട്രീമില്‍ നമുക്ക് ഇടം കിട്ടിയിട്ടില്ല എന്നത് ശരിയാണ്. അമ്പതുകള്‍ക്ക് ശേഷം നമ്മള്‍ തന്നെ വേണ്ട പോലെ ഇത് ഉപയോഗിച്ചിട്ടില്ലല്ലോ. നമ്മള്‍ തന്നെ ഉപയോഗിക്കാത്ത ഒരു സാധനം പിന്നെന്തിനു പൊതുസമൂഹത്തിനുവേണം? കപ്പപ്പാട്ടും ജ്ഞാനപ്പാനയും താരതമ്യം ചെയ്ത് പഠിപ്പിക്കാവുന്നതാണ്.
അപ്പോള്‍, നമ്മള്‍ തന്നെയാണ് ആദ്യം ഇവയെ കയ്യൊഴിഞ്ഞത് എന്നാണ് മാഷ് പറയുന്നത്?
തീര്‍ച്ചയായും. കൊളോണിയല്‍ പിരിയഡിനുശേഷം വന്ന ജനത സ്വീകരിച്ച നിലപാട് ഇവിടെ പരിശോധിക്കേണ്ടതുണ്ട്. യൂറോപ്യന്‍മാരും അവരെ പിന്താങ്ങുന്നവരുമായ ആ ജനത സ്വത്വത്തെ പുറത്തു നിര്‍ത്തി. യൂറോപ്യന്‍ ജ്ഞാനവ്യവസ്ഥിതിക്കെതിരെ നിലകൊണ്ടിരുന്ന ‘ഓത്തുപള്ളികള്‍’ക്ക് പകരം മതത്തിനപ്പുറത്തുള്ള ‘ആധുനിക മദ്‌റസ’കളായി പരിവര്‍ത്തനപ്പെട്ട കാലം മെക്കാളെ പ്രഭുവിന്റെ വിദ്യാഭ്യാസ പദ്ധതി തലക്കുപിടിച്ച ഇന്ത്യന്‍ ധ്വരമാരുടെ കാലമാണ്. ഈ ഇന്ത്യന്‍ ധ്വരമാരോട് ചില മാപ്പിളമാരും ചേര്‍ന്നു. അതോടെ, യൂറോപ്യന്‍ ജ്ഞാനവ്യവഹാരങ്ങള്‍ മാത്രമാണ് മഹത്തരമെന്ന ചിന്ത മാപ്പിളമാര്‍ക്കും പകര്‍ന്നുകിട്ടി. അതു വരെ സ്വീകാര്യമായിരുന്ന അറബി മലയാള സാഹിത്യം സ്വാതന്ത്ര്യാനന്തരം മുസ്‌ലിം പരിഷ്‌കരണ വാദികള്‍ക്ക് നീചസാഹിത്യമായി മാറിയത് പാശ്ചാത്യ വിദ്യാഭ്യാസത്തോടുള്ള ഈ കൂറുകൊണ്ടാണ്. അറബി മലയാളത്തിന്റെ മഹത്തായ പാരമ്പര്യത്തെ മുഴുവന്‍ തിരസ്‌കരിച്ചുകൊണ്ടാണ് അവര്‍ പാശ്ചാത്യ നവോത്ഥാന ശൈലി സ്വീകരിച്ചത്. വൈക്കം മുഹമ്മദ് ബഷീര്‍ അടക്കമുള്ളവര്‍ പോയത് നവോത്ഥാനകാലത്തെ ഈ ഒരു അന്തരീക്ഷത്തിന്റെ ചുറ്റുപാടിലേക്കാണ്. ‘ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍’ന്നതില്‍ കുഞ്ഞു പാത്തുമ്മയെ ‘ബ്ലൗസാണ് കുപ്പായമല്ല’ എന്ന് നിസാര്‍ അഹ്മദ് തിരുത്തുന്നുണ്ട്. നമുക്ക് ഒരു കുപ്പായമുണ്ട്. നിങ്ങള്‍ക്കും പ്രാദേശികമായ രീതിയില്‍ ഒരു കുപ്പായമുണ്ട്. ഫെഡറല്‍ സംവിധാനത്തിലേക്ക് വരുമ്പോള്‍ പോലും സ്വന്തമായ ആവിഷ്‌കാരങ്ങള്‍ ഒരോരുത്തര്‍ക്കുമുണ്ട്. കലയും സാഹിത്യവുമൊക്കെ ഓരോരുത്തരും സൂക്ഷിക്കുന്നു. ആ ഒരു സ്വത്വപരമായ തിരിച്ചറിവാണ് ഓരോ ജനതക്കും വേണ്ടത്.
നാന്നൂറ് വര്‍ഷക്കാലത്തെ മാപ്പിളമാരുടെ മണ്ടത്തരമാണ് അറബി മലയാളമെന്ന് ബഷീര്‍ ഒരിക്കല്‍ പറഞ്ഞത് ഈ ഒരു ബോധത്തില്‍നിന്ന് തന്നെയാണോ?
മോയിന്‍കുട്ടി വൈദ്യരുടെ കൃതികള്‍ മലയാളത്തിലായിരുന്നില്ലെല്ലോ എഴുതപ്പെട്ടിരുന്നത്. മറ്റു സമൂഹങ്ങള്‍ക്ക് അതുകൊണ്ട് അതു വായിക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ മഹത്വം അവര്‍ക്ക് തിരിച്ചറിയാനും കഴിഞ്ഞില്ല. ആ ഒരു ദുഃഖം കൊണ്ടാണ് ബഷീര്‍ ഇത് പറഞ്ഞത്. പക്ഷേ, അതു വന്നതിന്റെ കാരണം ബഷീര്‍ നിരാകരിച്ചുമില്ല. വൈദ്യര്‍ എന്ന മഹാകവി ഇതാ ഇവിടെ എന്നു പറയാന്‍ നമുക്ക് കഴിഞ്ഞില്ല. ഇനി നമുക്ക് മലയാളത്തില്‍ എഴുതാം. ഇതാണ് ബഷീര്‍ പറയുന്നത്. എണ്‍പതുകളില്‍ ആണ് ഇത് പറയുന്നത്.
കേരള മുസ്‌ലിംകള്‍ക്കിടയില്‍ വഹാബിസം ശുദ്ധ ഇസ്‌ലാമിന്റെ പേരില്‍ ഉയര്‍ത്തിയ പരിഷ്‌കരണവാദങ്ങള്‍ മാപ്പിളയുടെ സാംസ്‌കാരിക ഈടുവയ്പ്പുകള്‍ നഷ്ടമാകാന്‍ കാണമായെന്ന വാദമുണ്ട്. കൊളോണിയല്‍ ബോധത്തിന്റെ തുടര്‍ച്ചയായി തന്നെയല്ലേ വഹാബിസത്തിന്റെ സാംസ്‌കാരിക കയ്യേറ്റങ്ങളും നടക്കുന്നത്?
എല്ലാ സമുദായങ്ങളും ശാസ്ത്രീയ ബോധത്തിലേക്ക് വരുന്നുണ്ട്. കൈവിരല്‍ ചൂട്ടാക്കി എന്ന് ഖാസി മുഹമ്മദ് പാടുമ്പോള്‍ എങ്ങനെ അതു സംഭവിക്കുന്നുവെന്ന് വഹാബികള്‍ ചോദിക്കുന്നു. രാമായണ മഹാഭാരതാദികളില്‍ ഇത്തരത്തിലുള്ള ധാരാളം പ്രയോഗങ്ങളുണ്ട്. അതിന്റെ സാഹിത്യം ആരും ചോദ്യം ചെയ്തിട്ടില്ല. ഇങ്ങനെ ശാസ്ത്രത്തിലൂടെ ചോദ്യം ചെയ്യുന്നത് പുരോഗതി അല്ല. ശാസ്ത്ര ബോധം വന്നപ്പോള്‍ എല്ലാ ഭാവനകളെയും നാം അടച്ചാക്ഷേപിച്ചു. അത് ഇതൊന്നും വേണ്ട എന്ന തോന്നല്‍ ഉണ്ടാക്കി. നോളജ് മാത്രം പോരാ, ഇമേജിനേഷന്‍ കൂടി വേണം. ഖാളി മുഹമ്മദിന് ഇത് ഉണ്ടായിരുന്നു.
വെള്ളിയാഴ്ചകളില്‍ എന്റെ വീട്ടില്‍ യാസീന്‍ ഓതിക്കഴിഞ്ഞാല്‍ ഞങ്ങള്‍ മുഹ്‌യിദ്ദീന്‍ മാല ഓതുമായിരുന്നു. പിന്നെ, പക്ഷിപ്പാട്ട്. ഇത് പതിവായിരുന്നു. ചെറിയ കാലത്തെ ഈ പതിവ് മറക്കാനാവില്ല. പണ്ട്, മൊഗ്രാലില്‍ പള്ളിയില്‍ വെച്ച് ഒരാള്‍ പക്ഷിപ്പാട്ട് പാടി. പ്രവാചകനോട് ഒരു പക്ഷി വന്ന് പരാതി പറയുന്നതാണ് രംഗം. ഇങ്ങനെയൊന്ന് ഇസ്‌ലാമിലില്ല എന്ന് ആളുകള്‍ പറഞ്ഞു. നേരെ അയാള്‍ മലപ്പുറത്തേക്ക് പോയി. മലപ്പുറത്തെ ആളുകള്‍ പറഞ്ഞു: ”ഇവിടെ ഒരു ബയാനിയ്യ പ്രസുണ്ട്. അവര്‍ ഇത്തരം കൃതികള്‍ അച്ചടിക്കും.” അത് അച്ചടിച്ചു. മലപ്പുറത്തുകാര്‍ക്കിടയില്‍ പ്രിയമായി. പിന്നീട് മൊഗ്രാലില്‍ നിന്നും പാട്ട് പാടാന്‍ ഒരാള്‍ മലപ്പുറത്ത് വന്നപ്പോള്‍ ഒരു വീട്ടില്‍ നിന്നും ഈ പക്ഷിപ്പാട്ട് കേള്‍ക്കുന്നു. അയാള്‍ അതിന്റെ ഒരു കോപ്പി വാങ്ങി മെഗ്രാലില്‍ കൊണ്ടുപോയി. പിന്നീട് അവരും അത് പാടാന്‍ തുടങ്ങി. പക്ഷിപ്പാട്ടിന്റെ ചരിത്രം അതാണ്.
അധിനിവേശ വിരുദ്ധതയുടെ ഭാഗമായി വിദേശികളുടെ ഭാഷയും സംസ്‌കാരവും വലിച്ചെറിഞ്ഞവരാണ് മാപ്പിളമാര്‍. അങ്ങനെ ചെയ്തത് അബദ്ധമായെന്ന് പറയുന്ന സാറന്‍മാരുടെ കൂട്ടത്തില്‍ താങ്കളില്ല എന്നാണ് സംസാരത്തില്‍ നിന്നും മനസിലാകുന്നത്.
ചരിത്രത്തില്‍നിന്നു തന്നെ മനസിലാകും മാപ്പിളമാരുടെ നിലപാടിന്റെ വ്യക്തത. ‘കയ്യൂര്‍’ എന്ന സ്ഥലത്ത് ഹിന്ദുക്കള്‍ സുബ്ബയ്യന്‍ എന്ന പോലീസുകാരനെ എറിഞ്ഞു കൊല്ലുന്നു. ഏറുകൊണ്ട് വെള്ളത്തില്‍ വീണു മരിക്കുന്നു. അയാള്‍ ബ്രിട്ടീഷുകാരന്റെ പ്രതിനിധിയായതുകൊണ്ടാണ് അവര്‍ അങ്ങനെ ചെയ്തത്. അതുപോലെ ബ്രിട്ടീഷുകാരന്റെ പ്രതിനിധിയായ ഭാഷയെയും മാപ്പിളമാര്‍ തിരസ്‌കരിച്ചു. അതിനെതിരെ അവര്‍ ബദല്‍ ജ്ഞാനവ്യവസ്ഥിതിയുണ്ടാക്കി. പതിനായിരത്തോളം കൃതികള്‍ അതില്‍ പിറവിയെടുത്തു. ഈ കൃതികളെല്ലാം ഒരു സാഹിത്യപ്രസ്ഥാനത്തെ പ്രതിനിധീകരിക്കുന്നതാണ്. പക്ഷേ, അമ്പതുകളോടെ സംസ്‌കാരത്തെ മൊത്തം നാം കയ്യൊഴിയുന്ന അവസ്ഥയാണുണ്ടായത്. ഇതൊന്നും ഇനി അടുത്ത തലമുറ പഠിക്കേണ്ടതില്ല എന്നു നമ്മള്‍ തീരുമാനിച്ചിരിക്കുന്നു. നമ്മുക്ക് എന്താണ് ഉള്ളത് എന്ന് വരുന്ന തലമുറയിലെ വിദ്യാര്‍ത്ഥികള്‍ ചോദിച്ചാല്‍ നമ്മള്‍ എന്നു മറുപടി പറയും. ആകെക്കൂടി ഒരു സാംസ്‌കാരിക ശുന്യത ഈ മുസ്‌ലിം സമൂഹത്തിനുണ്ട്.
യഥാര്‍ത്ഥത്തില്‍ മാപ്പിളമാര്‍ക്കിടയില്‍ പരിഷ്‌കരണ ബോധം രൂപപ്പെടുന്നത് വരേണ്യവര്‍ഗത്തില്‍ നിന്നാണോ? കൊടുങ്ങല്ലൂര്‍ പ്രസ്ഥാനത്തെ വിലയിരുത്തുമ്പോള്‍ അങ്ങനെ തോന്നുന്നു.
സാമൂഹ്യ പരിഷ്‌കരണമുയര്‍ത്തിയവര്‍ യഥാര്‍ത്ഥ മാപ്പിളയെ പ്രതിനിധാനം ചെയ്തവരായിരുന്നില്ല എന്നത് ശരിയാണ്. സാധാരണക്കാരായ മുസ്‌ലിംകളുടെ കര്‍തൃത്വം അവര്‍ക്കില്ലായിരുന്നു. കാരണം, അവര്‍ ഉയര്‍ന്നുവന്നത് സാമ്പത്തികമായി ഉയര്‍ന്ന അസ്തിത്വമുള്ളവരില്‍ നിന്നായിരുന്നു. അവര്‍ വിദ്യാഭ്യാസത്തിന്റെ ബ്രിട്ടീഷ് അജണ്ടകളില്‍ അമിതമായി വിശ്വസിച്ചു. ഒരു സ്‌കൂള്‍ വരുന്നു. ശരി തന്നെ. പക്ഷേ, അത് പ്രതിനിധാനം ചെയ്തത് അക്കാലത്തെ മുസ്‌ലിംകളുടെ ഉപരിവര്‍ഗത്തെയാണ്.
സാംസ്‌കാരിക ഇസ്‌ലാമിനെ ഒഴിവാക്കി ആധുനിക വിദ്യാഭ്യാസം മാത്രം നേടിയ മുസ്‌ലിംകള്‍ എന്തുനേടിയെന്ന ചോദ്യമുണ്ട്. ആധുനികത കീഴടക്കിയപ്പോള്‍ അവര്‍ മതത്തിന്റെ തനിമയും പൈതൃകവും കയ്യൊഴിഞ്ഞു. ഞാന്‍ കോടഞ്ചേരി സര്‍ക്കാര്‍ കോളേജില്‍ പഠിപ്പിക്കുന്ന കാലത്ത് ക്ലാസില്‍ പാപത്തെ കുറിച്ച് പറയുന്ന പാഠസന്ദര്‍ഭത്തില്‍ കുട്ടികളോട് പാപത്തിന്റെ പ്രായശ്ചിത്തത്തെ കുറിച്ച് അറിയുമോ എന്ന് ചോദിച്ചു. ക്രിസ്ത്യന്‍കുട്ടികളും മുസ്‌ലിം കുട്ടികളുമാണ് ക്ലാസില്‍ ഉണ്ടായിരുന്നത്. ക്രിസ്ത്യന്‍ കുട്ടികള്‍ ഞങ്ങള്‍ക്ക് അറിയാമെന്ന് പറഞ്ഞു. അവരുടെ മതത്തിലുള്ള കുമ്പസാരത്തെ കുറിച്ചും അതിന്റെ വചനങ്ങളെ കുറിച്ചും അവര്‍ പറഞ്ഞു. മുസ്‌ലിം കുട്ടികളോട് ഇസ്‌ലാം മതത്തില്‍ ഒന്നുണ്ടല്ലോ അത് അറിയുമോ എന്ന് ചോദിച്ചു. അവര്‍ ഒന്നും പ്രതികരിച്ചില്ല. ‘തൗബ’ എന്നൊന്നുണ്ട്, അത് കേട്ടിട്ടുണ്ടോ എന്ന് ഞാന്‍ ചോദിച്ചു. അങ്ങനെയൊന്ന് കേട്ടിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. അതിന്റെ വാചകങ്ങള്‍ ചൊല്ലാമോ എന്ന് ചോദിച്ചു. അവര്‍ക്ക് അത് അറിയില്ലായിരുന്നു. ഇതാണ് സമുദായത്തിന്റെ ആധുനിക വിദ്യാഭ്യാസ ചിത്രം.
കപ്പപ്പാട്ടും ജ്ഞാനപ്പാനയും തമ്മില്‍ ഒരു ദാര്‍ശനിക സമന്വയമുണ്ട്. അതിന്റെ രചയിതാക്കള്‍ പരസ്പരം കണ്ടിട്ടുണ്ടാവണം എന്നുള്ളതാണ്. പൂന്താനത്തിന് കുഞ്ഞായിന്‍ മുസ്‌ലിയാരുടെ സ്വാധീനം കിട്ടിയിട്ടുണ്ടാവണം. സൂഫി പ്രസ്ഥാനം ഭക്തിപ്രസ്ഥാനത്തെ സ്വാധീനിക്കുകയായിരുന്നോ ഏത് കാലത്തും?
ഇങ്ങനെ ഒരു പൊതുപ്രസ്താവത്തിന്റെ ആവശ്യമില്ല. കവികളെ വിടുക, കൃതികള്‍ കാണുക. ഭക്തിസാഹിത്യത്തിന്റെ ഭാഗമാണ് രണ്ടും. ഇന്ത്യന്‍ അവസ്ഥകളില്‍ നിന്ന് മുസ്‌ലിംകളും സാംസ്‌കാരികതയില്‍ നിന്ന് ഇന്ത്യന്‍ സമൂഹവും വാങ്ങലുകള്‍ നടത്തിയിട്ടുണ്ട്. കപ്പപ്പാട്ടിലും ജ്ഞാനപ്പാനയിലും ജീവിതത്തിന്റെ നശ്വരതയാണ് വിഷയം. ഈ സാമ്യതകള്‍ അവരുടെ കാലത്തിന്റെ ആത്മീയ ജീര്‍ണതയില്‍ നിന്നു രക്ഷപ്പെടുത്താനുള്ള ക്രാന്തദര്‍ശികളായ കവികളുടെ ചിന്തകളുടെ സാമ്യതകളാണ്. സൂഫിസവും ഭക്തി പ്രസ്ഥാനവും ഇതേ വഴിക്കാണ് നീങ്ങിയത്.
അറബി-മലയാളം ഒരു ഭാഷയാണോ? അതല്ല, മലയാളത്തിന്റെ വെറുമൊരു സമാന്തര ലിപിമാത്രമാണോ?
അറബി-മലയാളം മാത്രമായി കാണുന്നതു കൊണ്ടാണ് ഈ ചോദ്യം. അറബി-തമിഴ്, അറബി-കന്നഡ, അറബി തെലുങ്ക് തുടങ്ങി തെക്കെ ഇന്ത്യയെ മുഴുവന്‍ പ്രതിനിധാനം ചെയ്യുന്ന ഒരു ഭാഷാസ്വരൂപമാണത്. നിര്‍മിക്കപ്പെടുന്നതിന്റെ ഉദ്ദേശം സഫലമായാല്‍ ആ ഭാഷക്ക് പിന്നെ നിലനില്‍പ്പില്ല. കോളനി വത്ക്കരണ കാലത്തും സവര്‍ണാധിപത്യ കാലത്തും മാത്രമേ അത് നിലനില്‍ക്കൂ. പിന്നെയത് പതുക്കെ പിന്‍വാങ്ങും. ജനാധിപത്യവല്‍ക്കരണം വരുമ്പോള്‍ നിലവിലുള്ള അത്തരം ജനായത്ത ഭാഷകളിലേക്ക് ഈ ഭാഷ തര്‍ജ്ജമ ചെയ്യപ്പെടും. അറബി മലയാള ലിപിയില്‍ എഴുതപ്പെട്ട് ഇന്ന് മലയാള ലിപിയില്‍ അച്ചടിക്കുന്നതിന്റെ ഔചിത്യം അതാണ്. ഇത് അല്‍പം വൈകിപ്പോയതു കൊണ്ടാണ് അറബി മലയാളത്തിലെ വിശിഷ്ട രചനകള്‍ മലയാളീ സമൂഹത്തില്‍ സ്വാധീനം ചെലുത്താതെ പോയത്. ഒരു സ്വതന്ത്ര ആശയവിനിമയോപാധി മാത്രമായി ഇതിനെ കണ്ടാല്‍ മതി.
”കേരളീയ നവോത്ഥാനം വിമര്‍ശന വിധേയമാക്കിയ താലപ്പൊലിക്കൊപ്പമെങ്കിലും സാംസ്‌കാരിക നായകന്‍മാരെ സ്വീകരിക്കാന്‍ ഒരു ദഫ്മുട്ട് കൂടി ഉള്‍പ്പെടുത്താവുന്നതാണ്”. കെ.ഇ.എന്നിന്റെ ഈ അഭിപ്രായത്തെ എങ്ങനെ കാണുന്നു.
ബഹുസ്വരത പ്രതിനിധാനം ചെയ്യപ്പെടുക എന്നതാണ് ജനാധിപത്യത്തിന്റെ കാതല്‍. നാം ബഹു സാംസ്‌കാരിക സമൂഹമാണ്. ആദിവാസികള്‍ക്കടക്കം അവരുടേതായ സാംസ്‌കാരിക ഈടുവയ്പ്പുകളുണ്ട്. ഇവ പാഠപുസ്തകത്തില്‍ മാത്രമല്ല, എല്ലാ സംസ്‌കാരിക വ്യവഹാരങ്ങളിലും വരണം. ദഫ് മുട്ടും അതിലൊന്നാണ്. സാംസ്‌കാരിക നായകരെ സ്വീകരിക്കാന്‍ ഇത് രണ്ടും വേണ്ട. സാംസ്‌കാരിക നായകര്‍ക്ക് മാത്രമായി ഒരു സ്വീകരണ രീതി എന്തിന്?
മാപ്പിളപ്പാട്ട് പ്രസ്ഥാനത്തിന് എത്ര നൂറ്റാണ്ടിന്റെ പഴക്കം കാണും?
കൃത്യമായി പറയാനാവില്ല. ചരിത്രം പരിശോധിച്ചാല്‍ മിക്കവാറും 14,15 നൂറ്റാണ്ടില്‍ ലിപിയില്‍ എഴുതുന്ന മാപ്പിളപ്പാട്ട് പ്രസ്ഥാനം ആരംഭിച്ചിരിക്കാം. വാമൊഴി ഒരു പക്ഷേ ഒമ്പതാം നൂറ്റാണ്ടോടെ തന്നെ ഉണ്ടായെന്നിരിക്കാം. അറബിയില്‍ മാത്രമായി എഴുതപ്പെട്ട തഹ്‌രീള് പോലുള്ള രചനകള്‍ 12-15 നൂറ്റാണ്ടിന്നിടയില്‍ ഉണ്ടായതാണ്.
മാപ്പിളപ്പാട്ടുകള്‍ക്ക് ഇന്ന് സംഭവിച്ച അപചയത്തെ കുറിച്ച്. യഥാര്‍ത്ഥത്തില്‍ മാപ്പിളപ്പാട്ടുകള്‍ ആവിഷ്‌കാരത്തിലേക്ക് മാറിയത് അതിന്റെ മൂല്യത്തകര്‍ച്ചക്ക് കാരണമായിട്ടില്ലേ?
മാപ്പിളപ്പാട്ടുകളെ മുസ്‌ലിം സാംസ്‌കാരിക ലോകം ഒരിക്കലും ഗൗരവതരമായി പഠിച്ചില്ല. ഉത്തരേന്ത്യയില്‍ ഹിന്ദുസ്ഥാനീ സംഗീതത്തില്‍ നടന്ന പരീക്ഷണങ്ങളോ പരിഷ്‌കാരങ്ങളോ മാപ്പിളപ്പാട്ടില്‍ നടന്നിട്ടില്ല. അത് ഏതോ ഘട്ടത്തില്‍ സ്റ്റേഗ്‌മെന്റ് ആയിപ്പോയി. ഇന്നിപ്പോള്‍ അത് പരസ്യമാര്‍ക്കറ്റിന്റെയും യശപ്രാര്‍ത്ഥികളുടെയും ധനമോഹികളുടെയും കയ്യിലാണ്. രക്ഷപ്പെടുത്തണമെങ്കില്‍ മുസ്‌ലിം സാംസ്‌കാരികത തിരിച്ചുപിടിക്കണം.
പ്രകടിത കലാരൂപങ്ങളായ ഒപ്പന, കോല്‍ക്കളി, ദഫ്മുട്ട് മുതലായവക്ക് പില്‍ക്കാലത്ത് രൂപമാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടോ?
തീര്‍ച്ചയായും ഒരു കലാരൂപം അത് ഉണ്ടായ കാലഘട്ടത്തിന്റെ രൂപത്തിലോ സ്വഭാവത്തിലോ നിലനില്‍ക്കില്ല. മാറിക്കൊണ്ടേയിരിക്കും. ഒപ്പന, കോല്‍ക്കളി, ദഫ്മുട്ട് തുടങ്ങിയവയ്ക്കും ഇത് ബാധകമാണ്. ഒന്നും ശുദ്ധമായി നിലനില്‍ക്കില്ല. ബാലിശമാണ് വാദങ്ങള്‍. സാംസ്‌കാരിക നായകര്‍ സംസ്‌കാരത്തോടെ വന്നുപോകട്ടെ. കേരളീയ ഭൂപ്രകൃതി തന്നെ അവരെ ആരോഗ്യത്തോടെ സ്വീകരിക്കുന്നുണ്ട്.
Leave A Comment