മലയാള സിനിമയിലെ മാറുന്ന മുസ്‌ലിം പ്രതിനിധാനങ്ങള്‍
മലയാള സിനിമയിലെ മുസ്‌ലിം പ്രതിനിധാനം ഒടുങ്ങാത്ത ചര്‍ച്ചാ വിഷയമാണ്. വെള്ളപുതപ്പിച്ച്, തലയില്‍ തൊപ്പിയും നല്‍കി, മലപ്പുറം സ്ലാങ്ങ് വായില്‍ തിരുകി മാപ്പിളയെ എഴുന്നള്ളിപ്പിക്കാറാണ് പൊതുവേയുള്ള നടപ്പുരീതി. സിനിമ മാറിയപ്പോഴും പ്ലോട്ടുകളില്‍ കാതലായ മാറ്റങ്ങള്‍ വന്നുഭവിച്ചപ്പോഴും ഈ ശൈലിക്ക് ഒരു വിധ മാറ്റവും വന്നുകണ്ടില്ല. സിനിമകള്‍ കലാമൂല്യമുള്ളവയാണെങ്കിലും കൊമേഴ്‌സ്യലാണെങ്കിലും ഈ പ്രതിനിധാനം എന്നും ചര്‍ച്ചയാണ്. ഒരുപാട് മക്കളെയുണ്ടാക്കുന്ന, ഇതര മതസ്ഥരോട് ഏറെക്കുറെ അസഹിഷ്ണുക്കളായ, പൂര്‍വോപരി അതിയാഥാസ്ഥികരായ ഒരുപറ്റം ജനങ്ങള്‍ എന്ന അര്‍ഥത്തിലാണ് മുസ്‌ലിംകളെ പറ്റി വിശിഷ്യാ മലബാറിലെ മുസ്‌ലിംകളെപ്പറ്റി പൊതുവെയുള്ള സിനിമാ പ്രതിഷ്ഠകള്‍. മുസ്‌ലിംകളെക്കുറിച്ചുള്ള കൊളോണിയല്‍ വാര്‍പ്പുമാതൃകകളെ അപ്പടി വിഴുങ്ങിയവരും മതേതരനാട്യങ്ങള്‍ പൊലിപ്പിച്ചെടുക്കാനുള്ള ചിലരുടെ ശ്രമങ്ങളുമാണ് ഇതിനു പിന്നിലെ പ്രധാന കാരണങ്ങള്‍. മലബാറിലെ മുസ്‌ലിംകള്‍ സിനിമയോട് സ്വീകരിച്ചു വരുന്ന നിലപാട് ഒരര്‍ഥത്തില്‍ മാറ്റമില്ലാത്ത മുസ്‌ലിം പ്രതിനിധാനത്തിന്റെ കാരണങ്ങളിലൊന്നാണ്. സിനിമയിലെ പ്രതിനിധാനങ്ങള്‍ തങ്ങളെ ഒരു നിലക്കും ബാധിക്കില്ലെന്നതാണ് പ്രസ്തുത നിലപാട്.
കേരളത്തിലെ പൊതുജനങ്ങള്‍ക്കിടയില്‍ ഒരു വിനോദ ഉപാധി എന്ന നിലയിലാണെങ്കില്‍ പോലും സിനിമ ഒരു മാധ്യമമാണ്. അവയിലൂടെ സൃഷ്ടിച്ചെടുത്ത വാര്‍പ്പുമാതൃകകളും നടപ്പുരീതികളും കേരളീയ പൊതുബോധത്തില്‍ ഇന്നും തങ്ങി നില്‍ക്കുന്നുണ്ടെന്നതാണ് സത്യം. മാനാഞ്ചിറയില്‍ ഒരു ക്യാമ്പിനിടയില്‍ അവിടെയുണ്ടായിരുന്ന ഒരു പറ്റം പെണ്‍കുട്ടികളോട് ഇസ്‌ലാമിനെക്കുറിച്ച് സംസാരിച്ചപ്പോള്‍ അവരുടെ മറുപടി ഇതായിരുന്നു. ഞങ്ങള്‍ ഇതുവരെ കേട്ട, കണ്ട മുസ്‌ലിംകള്‍ അഡ്ജസ്റ്റുമെന്‍ുകള്‍ക്ക് തയ്യാറാകാത്ത, സ്ത്രീവിരുദ്ധരായ ഒരുപറ്റം കാര്‍ക്കശ്യക്കാരാണ് എന്നായിരുന്നു. അവര്‍ ഇസ്‌ലാമിനെ മനസ്സിലാക്കിയത് പ്രധാനമായും സിനിമയിലൂടെയായിരുന്നു. പ്രസ്തുത ബിംബവത്കരണങ്ങള്‍ ഋണാത്മകമായ സ്വാധീനങ്ങള്‍ സമൂഹ ഗാത്രത്തില്‍ ഏല്‍പിക്കുന്നുണ്ടെന്നതാണ് യാഥാര്‍ഥ്യം.
മതത്തിന്റെ ചങ്ങലക്കെട്ടുകള്‍ പൊട്ടിച്ചെറിയുന്ന സീനുകളും ഷോട്ടുകളും തീമുകളും ഇസ്‌ലാമിനെ സ്പര്‍ശിക്കുന്നത് സിനിമകളില്‍ സ്ഥിരം കാഴ്ചകളാണ്. സാമ്പ്രദായികമായ ഈ രീതി ഒട്ടനവധി സിനിമകളില്‍ ഏറെ പ്രത്യക്ഷവുമാണ്. മതാതിര്‍ത്തികള്‍ ഭേദിക്കുന്ന പ്രണയങ്ങള്‍, സഭ്യമല്ലാത്ത വസ്ത്രധാരണങ്ങള്‍, പുച്ഛം കലര്‍ന്ന ഡയലോഗുകള്‍ ഇവയെല്ലാം സമം ചേരുമ്പോഴാണ് അത്തരം സിനിമകള്‍ പൂര്‍ണമാവുന്നത്. സമീപകാലങ്ങളില്‍ പോലും പുറത്തിറങ്ങിയ ചില സിനിമകള്‍ പിന്തുടരുന്നതും ഈ ശൈലിയാണ്.
മലബാറിലെ മുസ്‌ലിമിന്റെ വ്യത്യസ്തമായ പ്രതിനിധാനത്തെ സംബന്ധിച്ച് പുറത്തിറങ്ങിയ ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രം മുസ്‌ലിം പ്രതിനിധാനത്തെ കയ്യടക്കത്തോടെ അവതരിപ്പിക്കുന്നുണ്ടെങ്കിലും നായികയുടെ ആവിഷ്‌കാരങ്ങള്‍ നമ്മുടെ അഡ്ജസ്റ്റുമെന്റുകള്‍ ഓര്‍മിപ്പിക്കുന്നുണ്ട്. ഹിജാബിന്റെയും മതചിട്ടകളുടെയും പരിരക്ഷയില്‍ നിന്ന് ഡാന്‍സ് പാര്‍ട്ടിയിലേക്ക് നായിക മതില്‍ ചാടുന്നിടത്ത് നമുക്കിത് ദര്‍ശിക്കാം. ഇന്ന് എന്റെ ഫ്രീഡത്തിന്റെ അവസാനദിനമാണ് കാരണം നാളെ എന്റെ എന്‍ഗേജ്‌മെന്റാണെന്നും പറയുമ്പോള്‍ ചിത്രം വ്യക്തം. തന്റെ കുടുംബം ഓര്‍ത്തോഡക്‌സാണെന്നും വീട്ടില്‍ കുഞ്ഞുങ്ങളെ നോക്കി മാത്രമിരിക്കാന്‍ തനിക്കാവില്ലെന്നുമുള്ള ഡയലോഗുകള്‍ നമുക്കിതിനോട് ചേര്‍ക്കാം.
മുസ്‌ലിം ജീവിതത്തെ കുറിച്ചും പ്രതിനിധാനത്തെക്കുറിച്ചും ചര്‍ച്ച ചെയ്യുന്ന ചിത്രങ്ങളാണെങ്കില്‍ പോലും മതാതീതമോ മതവിരുദ്ധമോ ആയ ചേരുവകള്‍ ചേരുമ്പോള്‍ മാത്രമേ ചിത്രം പൂര്‍ണമാവൂ എന്ന ക്ലീഷേയുടെ ഉദാഹരമാണ് തട്ടത്തിന്‍ മറയത്തും മൈലാഞ്ചി മൊഞ്ചുള്ള വീടും. മേലുദ്ധരിച്ച ചിത്രം പോലെ തന്നെ ഇവ രണ്ടിലും ഫോക്കസ് മതാതീതമായ പ്രണയമാണ്. മലയാള സിനിമയിലെ മുസ്‌ലിം പ്രതിനിധാനത്തെ സംബന്ധിച്ച പ്രശ്‌നമുയരുന്നതും ഇവിടെയാണ്. ഒരു മതത്തെക്കുറിച്ച് വിവരിക്കുന്നിടത്ത് മതവിരുദ്ധത അനിവാര്യമായിത്തീരുന്നതിന്റെ ലോജിക്ക് ഒട്ടും മനസ്സിലാവുന്നില്ല. ഇത്തരം പ്രണയങ്ങള്‍ വിജയിക്കുകയും മതം നിഷ്പ്രഭമായിത്തീരുകയും ചെയ്യുന്നിടത്താണ് ചിത്രങ്ങള്‍ അവസാനിക്കുകയും ചെയ്യുക. മതേതരനാട്യത്തിന്റെ കപടത ഇവിടെ വ്യക്തമാണ്. ഇതിന്റെ മറുവശം മതം രണ്ടാം കിടയാകുകയും മതേതര നാട്യക്കാര്‍ വമ്പന്‍ പട്ടങ്ങളോടെ ആഘോഷിക്കപ്പെടുകയും ചെയ്യുന്നു എന്നുള്ളത് യാഥാര്‍ഥ്യവുമാണ്.
മസാറുകളുമായും മഖ്ബറകളുമായും സൂഫീശ്രേഷ്ഠരുമായുമുള്ള മുസ്‌ലിംകളുടെ ബന്ധം ഏറെ പ്രകടമാണ്. മനസ്സിന്റെ അകത്തളങ്ങളില്‍ ജീവിതത്തിന്റെ പ്രതിസന്ധികള്‍ക്കിടയില്‍ അവര്‍ക്ക് ഊര്‍ജം പകരുന്നത് ഈയൊരു അലൗകിക ബന്ധമാണ്. സൂഫീപാരമ്പര്യത്തിന്റെ, അവ ചെലുത്തുന്ന സ്വാധീനത്തിന്റെ നേര്‍ക്കാഴ്ചകള്‍ കുറച്ചാണെങ്കിലും ചിത്രത്തില്‍ ദൃശ്യമാണ്. ചുരുക്കിപ്പറഞ്ഞാല്‍ കൊച്ചിസ്റ്റൈലില്‍ ഒരു മലബാരി മുസ്‌ലിം കഥ പറച്ചിലായിരുന്നു ഇത്. ഭക്ഷണവും പ്രണയവും നിര്‍ണായക റോളിലും. എന്നാല്‍ അടുത്തിടെ പുറത്തിറങ്ങിയ കെ.എല്‍ ടെന്‍ പത്ത് എന്ന ചിത്രം മാപ്പിള പ്രതിനിധാനത്തെ സംബന്ധിച്ച് ഒരു പുതിയ ശ്രമമാണ്. ചില അപാകതകള്‍ ഉള്‍ക്കൊള്ളുന്നുണ്ടെങ്കില്‍ കൂടി ഏറെക്കുറെ കൃത്യമായി, വിട്ടുവീഴ്ച ചെയ്യാതെ മാപ്പിള മുസ്‌ലിമിനെ അവതരിപ്പിക്കുന്നുണ്ട് ചിത്രത്തില്‍. ഇക്കാലമത്രയും സിനിമാ ഭൂപടത്തില്‍ നിന്ന് ഏറെ അകലെയായിരുന്നു മലപ്പുറം. സവര്‍ണ്ണയുക്തി ബോധങ്ങളും കൊളോണിയല്‍ വാര്‍പ്പുമാതൃകകളും മതേതതര നാട്യങ്ങളും നിര്‍മിച്ചെടുത്ത ചിട്ടവട്ടങ്ങളില്‍ വാ തുറക്കാനാവാതെ ആടിത്തീര്‍ത്ത മാപ്പിള കഥകളെ അല്‍പമെങ്കിലും ആത്മാര്‍ത്ഥയോടെ അവതരിപ്പിക്കാനുള്ള ശ്രമം. ചിത്രം വാണിജ്യ സൃഷ്ടിയാണെങ്കിലും അതുള്‍ക്കൊള്ളുന്ന പ്രതിനിധാനശ്രമങ്ങള്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്.
പരിഹാസപൂര്‍വമോ ഹാസ്യാത്മകമോ ആയി മാത്രം സിനിമ മേഖല കേട്ടു പരിചയിച്ച മലപ്പുറം മലയാളത്തെ ആത്മാവ് തൊട്ടു അവതരിപ്പിച്ചു. കൊച്ചി, തൃശൂര്‍, തിരുവനന്തപുരം തുടങ്ങിയ ഇതര ഭാഷാശൈലികള്‍ ഹര്‍ഷാരവത്തോടെ സ്വീകാര്യമായെങ്കില്‍ കൂടി അവക്കു പുറത്തായിരുന്നു പലപ്പോഴും മലപ്പുറത്തുകാരന്റെ ഭാഷ. അവയില്‍ നിന്ന് മുഖ്യധാരയിലേക്കുള്ള മുന്‍നടത്തം സാധ്യമാക്കാനുള്ള ശ്രമമായിട്ടു കൂടി ഇതിനെ വായിക്കാം.
മുസ്‌ലിം സ്വത്വാവിഷ്‌കാരത്തില്‍ ഒരു വിധ അഡ്ജസ്റ്റുമെന്റുകള്‍ക്കോ മുന്‍കാല വാര്‍പ്പുമാതൃകകള്‍ക്കോ വഴിപ്പെടാന്‍ തയ്യാറായില്ല എന്നതാണ് ഏറെ പ്രധാനം. മലപ്പുറം ആഖ്യാന കേന്ദ്രത്തില്‍ വരികയോ ആഖ്യാതാവ് തന്നെയാവുകയോ ചെയ്യുന്നത് അപൂര്‍വമായ മലയാള സിനിമാ ലോകത്തെ മലപ്പുറത്തെ മലപ്പുറത്ത് നിന്ന് തന്നെ നോക്കിക്കാണുകയാണിതിലൂടെ.
മുസ്‌ലിംകള്‍ കാത്തുസൂക്ഷിക്കുന്ന നൈതിക മൂല്യങ്ങള്‍-അവ പരസ്പര സ്‌നേഹമാവാം, മുതിര്‍ന്നവരോടുള്ള ബഹുമാനമാവാം, ലൈംഗിക പാപ ചിന്തകളാവാം-ഇതില്‍ ഗംഭീരമായി ആവിഷ്‌കരിക്കപ്പെടുന്നുണ്ട്. പലയിടത്തും ഹാസ്യത്തിന്റെ താങ്ങ് സ്വീകരിക്കുന്നുണ്ടെങ്കില്‍ കൂടി. അസഭ്യ വര്‍ഷങ്ങളോ, സെക്‌സോ, മയക്കുമരുന്നിന്റെ ഒടുക്കത്തെ സുഖിപ്പിക്കലോ ഒന്നുമില്ല. ബോംബ്, തീവ്രവാദം, അസഹിഷ്ണുത, ഇതര മതവിരോധം, സ്ത്രീ സ്വാതന്ത്ര്യ പോരാട്ടങ്ങള്‍.. അവയുമില്ല. പരമ്പാരഗതമായി സ്വീകരിച്ചു പോന്ന കൃതൃമ ചേരുവകളില്‍ നിന്നും മാറി ഒരു ചിത്രം എന്നു പറയാം.
ഇവിടെ ഏറെ ശ്രദ്ധിക്കേണ്ട വസ്തുത മുസ്‌ലിം പ്രതിനിധാനത്തില്‍ ഈ ചിത്രം കൊണ്ടുവന്ന മാറ്റമാണ്. കൊച്ചിയില്‍ നിന്ന് ദൂരദര്‍ശിനി വെച്ച് മലപ്പുറത്തേക്ക് നോക്കുന്നതിനു പകരം മലപ്പുറത്തുകാരന്‍ മലപ്പുറത്ത് നിന്ന് മലപ്പുറം ജീവിതത്തെ നോക്കിക്കൊണ്ടുള്ള ഒരുപകാരം. അപ്പോഴാണ് മഴ മയയുടെയും പുഴ പുയയുടെയും പര്യായമാവുക. സിനിമ പ്രദാനം ചെയ്യുന്ന രാഷ്ട്രീയവും ഇതു തന്നെയാണ്.
പൊളിറ്റിക്‌സും പ്രണയവും ഫുട്‌ബോളും പരസ്പരം ചുറ്റിപ്പിണയുമ്പോഴും മുസ്‌ലിംകള്‍ കാത്തുസൂക്ഷിക്കുന്ന മതാതിര്‍ത്തികള്‍ ഭേദിക്കുന്ന സൗഹൃദ സഹകരണ ബോധം തന്നെയാണ് ഇവിടെ മുഴച്ചുനില്‍ക്കുന്നത്. ഫാസിസത്തിന്റെ വര്‍ഗീയ-വിഭാഗീയ ശ്രമങ്ങള്‍ക്കിടയിലും മുസ്‌ലിം അപരവത്കരണത്തിന്റെ വ്യാപക ശ്രമങ്ങള്‍ക്കിടയിലും പ്രതിരോധത്തിന്റെ പുത്തന്‍ മോഡലുകള്‍ തീര്‍ക്കാന്‍ നമ്മെ സഹായിക്കുന്നത് ഈയൊരു പരസ്പര വിശ്വാസവും സഹകരണവുമാണ്. കല്പിത കഥകള്‍ കൊണ്ട് പൊതുജനത്തെ വിഭ്രമിപ്പിച്ച് മായയായ ബോധനിര്‍മിതികള്‍ക്കെതിരെയുള്ള ഒരു മറുമരുന്നെന്ന രീതിയിലും ഇതിനെ സമീപിക്കാനാവും.
പെറ്റു തളര്‍ന്ന തള്ളയായും അസഹിഷ്ണുതയുടെ രൗദ്രഭാവങ്ങളില്‍ തിമിര്‍ത്താടുന്ന തന്തയായും തീവ്രവാദത്തിന്റെ ചതുപ്പു നിലങ്ങളില്‍ ബോധ ശൂന്യനായി ചാടി വീഴുന്ന ചെക്കനായും ഹിജാബിന്റെ, പര്‍ദയുടെ ഉളളില്‍ കിടന്നു വിലപിക്കുന്ന നിസ്സാഹയായ പെണ്‍കൊടിയായും മാത്രം പ്രതിഷ്ഠിക്കപ്പെട്ടിരുന്ന മലബാറിലെ മുസ്‌ലിമിനെ നൈതിക മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന, പാര്‍ട്ടിയേതായാലും ജനങ്ങള്‍ക്ക് നന്മ വരണമെന്ന വിശാല മനസ്സിന്റെ ഉടമകളായ, രാഷ്ട്രീയ-കാല്‍പന്തു ശൗര്യത്തെ അതില്‍ മാത്രം തളച്ചിടുന്ന സുമനസ്സുകളായ ഒരു പറ്റം ആളുകളായി പുനര്‍ നിര്‍വചിക്കുമ്പോള്‍ അവിടെ നടക്കുന്നത് ഒരു തരം അപനിര്‍മാണമാണ്. അപരത്വത്തിനെതിരെയുള്ള പ്രതിരോധമാണ്.
ഇസ്‌ലാമിനകത്തെ മതകീയ അന്തസംഘര്‍ഷങ്ങളെയും വിഴുപ്പലക്കുകളെയും ഒതുക്കത്തോടെ വിമര്‍ശനവിധേയമാക്കുന്നുണ്ട് ചിത്രത്തില്‍. സമുദായത്തിനകത്ത് നിരന്തരമായി അരങ്ങേറുന്ന എന്നാല്‍ ഫലലഭ്യത കുറഞ്ഞ സംവാദങ്ങള്‍, തര്‍ക്കങ്ങള്‍ തുടങ്ങിയവ( ഉദാഹരണത്തിന് ചിത്രത്തില്‍ കാണിക്കുന്നത് ജിന്നു സംവാദത്തിന്റെ പോസ്റ്റര്‍) കേരളീയ മതരംഗത്തെ നിരന്തരം നവീകരിക്കാനും ചലനാത്മകമായി നിലനിര്‍ത്താനും ഇത്തരം സംവാദങ്ങളില്‍ ചിലത് ഉപകരിക്കുന്നുണ്ടെങ്കിലും ഏറെയും സമൂഹത്തെ കൊണ്ടെത്തിക്കുന്നത് നിഷ്ഫലമായ ബഹളമുഖങ്ങളിലേക്കാണ്. എല്‍. സി. ഡി പ്രഭാഷണങ്ങളിലെ തെറിപ്പൂരവും അശ്ലീലകസര്‍ത്തുകളും ഇവ സമം ചേരുമ്പോള്‍ ഉല്‍പാദിപ്പിക്കുന്നത് കലുഷിതമായ മതപരിസരങ്ങളെയാണ്. ഇവയാണ് ഒരു പോസ്റ്റര്‍ കൊണ്ട് സംവിധായകന്‍ ചോദ്യം ചെയ്യുന്നത്. ഇത്തരം സംവാദ ബാഹുല്യങ്ങളില്‍ നിന്നും സമുദായം മാറിനടക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്ന സന്ദേശം കൂടി അതുള്‍ക്കൊള്ളുന്നുണ്ട്.
ചിത്രം പ്രധാന്യത്തോടെ അവതരിപ്പിക്കുന്ന മറ്റൊരുഘടകമാണ് മാപ്പിള കലകള്‍. മലബാറിന്റെ സംസ്‌കാരത്തെയും പാരമ്പര്യത്തെയും അടയാളപ്പെടുത്തുന്ന മനോഹര ഗാനങ്ങള്‍, തലമുറകള്‍ പാടി പതം വരുത്തിയ സുലൈമാന്റെ സുലൈമാന്റെ, മയ പെയ്ത് പുയ വെള്ളം കര കവിഞ്ഞൊഴുകുമ്പോള്‍..ബത്തക്ക, ബത്തക്ക ബത്തക്ക..തുടങ്ങിയ നാടന്‍ ശീലുകള്‍ സിനിമയില്‍ കടന്നുവരുന്നുണ്ട്. മലബാറിന്റെ പൈതൃകത്തെ ചെപ്പിലൊളിച്ചു വെച്ച ഇത്തരം നാടന്‍ പാട്ടുകളും മറ്റും ആസ്വാദന മാത്ര സംഗീതത്തിന്റെ മായികതയില്‍ വിസ്മൃതിയിലേക്ക് വഴുതിത്തുടങ്ങിയിടത്താണ് ഈ ഇടപെടല്‍.
മാപ്പിളയുടെ അസ്തിത്വത്തിന്റെ യഥാര്‍ഥ പ്രതിനിധാനങ്ങള്‍ കുടികൊള്ളുന്നതും കുറച്ച് മുമ്പ് വരെ അവ പരിലസിച്ചതും നാടന്‍ ശീലുകളിലും പാട്ടുകളിലുമായിരുന്നു.
മൗലികതയിലൂന്നി മാപ്പിള മുസ്‌ലിം പ്രിതിനിധാനത്തെ സിനിമാ മേഖലയില്‍ അഴിച്ചു പണിയാനുള്ള ഒരു ശ്രമമെന്ന നിലയില്‍ കെ.എല്‍ ടെന്‍ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. മാപ്പിളയുടെ കാപട്യമായാലും സദാചാരമായാലും ഏറെ സത്യസന്ധമായി അവതരിപ്പിക്കപ്പെടണം. അപരന്‍ തീര്‍ത്ത കെണിവലകള്‍ പൊട്ടിച്ചെറിഞ്ഞ് മാപ്പിളയുടെ യഥാര്‍ഥ മുഖം അനാവൃതമാകണം.
ഈ ചിത്രത്തിലും അപവാദങ്ങള്‍ ഇല്ലെന്നു പറയാനാവില്ല. അസ്തഗ്ഫിറുള്ളാ എന്ന് പറഞ്ഞ് സ്ത്രീ ശരീരത്തിലേക്ക് ഏന്തിവലിഞ്ഞു നോക്കുമ്പോള്‍ അതിന്റെ ഉന്നം കൃത്യമാണ്. പൗരോഹിത്യത്തേയും സദാചാര ബോധത്തെയുമാണ് ഇവിടെ അനാവശ്യമായി വിചാരണ ചെയ്യുന്നത്. സംവിധായകന്റെ മതകീയ ലൈന്‍ ഇവിടെ പ്രവര്‍ത്തിച്ചിട്ടുണ്ടാകാം. കാരണം മലബാറിലെ പൗരോഹിത്യം/ പണ്ഡിത നേതൃത്വം കാലങ്ങളായി അവതരിപ്പിക്കപ്പെടുന്നത് തന്നെ സദാചാര നിര്‍മാതാക്കളായിട്ടാണ്. മുസ്‌ലിം ജീവിതങ്ങളില്‍ പണ്ഡിതര്‍ നിര്‍വഹിക്കുന്ന ധര്‍മ്മം യഥാര്‍ഥത്തില്‍ നിസ്സീമമാണ്. പണ്ഡിത വചനങ്ങളെ പ്രവാചക വചനങ്ങള്‍ക്ക് സമം പ്രാധാന്യം കല്‍പിക്കുന്നവരാണ്. ഇസ്‌ലാമിന്റെ മേല്‍ മതമൗലിക വാദത്തിന്റേയും കാര്‍ക്കശ്യത്തിന്റേയും ചായമടിച്ചപ്പോള്‍ അവയേറെയും നിസ്സംശയം പതിച്ചത് പണ്ഡിത നേതൃത്തിനു മുകളിലായിരുന്നു. പണ്ഡിതര്‍ നിര്‍വഹിച്ച പങ്കിനെ തിരിച്ചറിയാന്‍ ഇതുവരെ ആത്മാര്‍ഥമായ ഒരു ശ്രമവും ഉണ്ടായിട്ടില്ലെന്നത് ഖേദകരമാണ്. മറിച്ച് പണ്ഡിതരെ ലോകാവബോധം ഇല്ലാത്തവരും മതാന്ധത ബാധിച്ചവരുമായി അടയാളപ്പെടുത്താന്‍ നിരവധി ശ്രമങ്ങളുണ്ടായിട്ടുണ്ട്. കെ.എല്‍.പത്തും ഇതില്‍ നിന്ന് വിഭിന്നമല്ല. ലൈല മജ്‌നുവിന്റെ കവിതകള്‍ പഠിപ്പിക്കുന്നത് പ്രേമിക്കാനല്ലെന്നും അതിലെ പ്രയോഗങ്ങളും ഭാഷാസൗന്ദ്യര്യവും മനസ്സിലാക്കാനാണെന്നും ഉസ്താദ് നായകനോട് പറയുന്ന പശ്ചാത്തലം ഈയൊരു വാദത്തെ ശക്തമായി സ്ഥാപിക്കുന്നുണ്ട്.
മാത്രമല്ല, ഒരു ആണും പെണ്ണും കൂടുന്നിടത്ത് മൂന്നാമതായി പിശാചുണ്ടാവുമെന്നു ഉപദേശിക്കുന്ന ഉസ്താദിനെ തന്നെ പിശാചായി ചിത്രീകരിക്കുമ്പോള്‍ സമകാലിക സദാചാര കോലാഹലങ്ങളുമായും സദാചാര പോലീസിംങുമായും ഈ ത്രെഡിനുള്ള ബന്ധം വ്യക്തമാണ്. പൗരോഹിത്യത്തിന്റെ സദാചാര കാര്‍കശ്യത്തെ ഹാസ്യാത്മകമായി ഇടിച്ചുതാഴ്ത്തുകയാണ് ചിത്രം ചെയ്യുന്നത്. ഇതിനെ സംവിധായകനെ പ്രേരിപ്പിക്കുന്നത് അമിതമായ ഇന്റലക്ച്വല്‍ പശ്ചാതലം ഉല്‍പാദിപ്പിക്കുന്ന ഒരുതരം അപകര്‍ഷതാ ബോധമായിരിക്കും. മിക്ക സിനിമകളും ഈ ഒരു പൗരോഹിത്യ വിചാരത്തെ കാടനായും അണ്‍ ഡവലപ്ട് ആയും നിരന്തരം ചിത്രീകരിക്കുന്നിടത്ത് കൃത്യമായ ഒരു ഇടപെടല്‍ ഇന്നും വിദൂരത്താണ്. മലബാര്‍ മുസ്‌ലിം ജീവിതത്തില്‍ പണ്ഡിതര്‍/ പൗരോഹിത്യം ചെലുത്തിയ സ്വാധീനവും കൃത്യമായ ജീവിത ശൈലിയിലേക്ക് അവരെ പരിവര്‍ത്തിപ്പിച്ചെടുക്കുന്നതില്‍ അവര്‍ ചെലുത്തിയ അതീവ ശ്രദ്ധയും ഇത്തരം പ്രതിനിധാനങ്ങളിലൂടെ ഏറെ നിസാര വല്‍കരിക്കപ്പെടുന്നുണ്ട്. അഥവാ പണ്ഡിത കുലത്തെ പഴഞ്ചന്‍ മൗലാനമാരായി ഓരത്ത് നിര്‍ത്തുന്ന ഇളിഭ്യന്‍ ഏര്‍പ്പാട് പ്രസ്തുത ചിത്രവും അതേപടി പിന്തുടര്‍ന്നിട്ടുണ്ട്. വഅളിന്റെയും പ്രഭാഷണങ്ങളുടെയും സ്വാധീനം മദീനയിലേക്കുള്ള പാത ഗോളിലേക്കുള്ള പാതയാവുന്നിടത്ത് നമുക്ക് മനസ്സിലാക്കാം. പക്ഷേ അവ യാഥാര്‍ഥ്യബോധത്തോടെ അവതരിപ്പിക്കുന്നതില്‍ സിനിമ പരാജയമാണ്.
Leave A Comment