ചെറുപ്പം മുതലേ മനസ്സില്‍ ഇടം പിടിച്ചിരുന്നു നബി സ്‌നേഹം
kkpപ്രമുഖ എഴുത്തുകാരനും സാമൂഹിക സാംസ്‌കാരി രംഗങ്ങളിലെ സജീവ സാന്നിധ്യവുമായ കെ.പി. രാമനുണ്ണിയുമായി നടത്തിയ അഭിമുഖത്തില്‍നിന്ന്‌ എഴുത്തിന്റെ പ്രധാനദൗത്യം തന്നെയായി താങ്കള്‍ മതസൗഹാര്‍ദത്തെ ഏറ്റെടുത്തിരിക്കുകയാണല്ലോ. ഇതിനുള്ള കാരണം വിശദീകരിക്കാമോ? = എന്റെ നാടായ പൊന്നാനിയുടെ സംസ്‌കാരമാണ് എന്നിലെ എഴുത്തുകാരനെ വാര്‍ത്തെടുത്തത്. ദൈവത്തിന്റെ സ്വന്തംനാട് എന്ന പ്രയോഗത്തെ അക്ഷരാര്‍ഥത്തില്‍ ആവിഷ്‌കരിക്കുന്ന പാരമ്പര്യമായിരുന്നു പൊന്നാനിയുടേത്. അതായത് എല്ലാ മുനഷ്യരും ദൈവത്തിന്റെ മക്കളെന്ന ആശയത്തെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടു പൊന്നാനിയില്‍ ഹിന്ദുക്കളും മുസ്്‌ലിംകളും (എണ്ണത്തില്‍ കുറവാണെങ്കിലും) ക്രിസ്ത്യാനികളും കൂടിക്കഴിഞ്ഞു പോന്നു. മലബാര്‍ കലാപം, ചെറിയ തോതില്‍ കണിശമായിത്തീര്‍ന്ന അവസരത്തില്‍പ്പോലും എന്റെ നാട്ടില്‍ ഹിന്ദുമുസ്്‌ലിംബന്ധം സുദൃഢമായി തുടര്‍ന്നു. അതുകൊണ്ടുതന്നെ ഹിന്ദുക്കള്‍ മുസ്‌ലിംകളെയും മുസ്‌ലിംകള്‍ ഹിന്ദുക്കളെയും സ്വന്തത്തില്‍ സ്വന്തമായാണു കരുതിപ്പോന്നിരുന്നത്; ഒരമ്മപെറ്റ വ്യത്യസ്ത മുഖഛായയുള്ള സഹോദരനെന്ന പോലെ. ഈ അനുഭവ പരിസരത്തില്‍ ജീവിച്ചുവന്നതിനാല്‍ അതിന് വിരുദ്ധമായ കാര്യങ്ങള്‍ കാണുന്ന സമയത്ത് എന്നിലെ മനുഷ്യനും എഴുത്തുകാരനും പ്രക്ഷുബ്ധനായിത്തീരാറുണ്ട്. കോഴിക്കോട് കോളജ് പഠനത്തിനു വന്നകാലത്തു നഗരത്തിന്റെ സ്വഭാവമായ വര്‍ഗീയപരിഗണനകള്‍വച്ചുകൊണ്ടുള്ള സംസാരങ്ങളോടുള്ള പ്രതികരണമെന്ന നിലയിലാണ് 'സൂഫി പറഞ്ഞ കഥ' എന്ന നോവല്‍ പുറത്തു വന്നത്. മതപരമായ ആചാരങ്ങളില്‍ വ്യത്യാസങ്ങളുണ്ടെങ്കിലും ഹിന്ദുവും മുസ്്‌ലിമും ഈ നാടിന്റെ, ഒരേ സംസ്‌കാരം പങ്കുവയ്ക്കുന്ന മണ്ണിന്റെ മക്കളാണെന്ന സന്ദേശമാണു 'സൂഫി പറഞ്ഞ കഥ' ഉയര്‍ത്തിപ്പിടിക്കുന്നത്. നിങ്ങളുടെ ബിരിയാണിയുടെ മണമില്ലെങ്കില്‍ ഞങ്ങളുടെ ഭക്ഷണം പരിപൂര്‍ണമാകില്ല പൊന്നേയെന്നു 'ചരമ വാര്‍ഷിക'മെന്ന നോവലില്‍ ദാമോദരനെന്ന കഥാപാത്രം സ്‌നേഹിതനായ ഇസ്മാഈലിനോടു പറയുന്നുണ്ട്. 'ജീവിതത്തിന്റെ പുസ്തകം' എന്ന നോവലില്‍ മുസ്്‌ലിം സമുദായത്തിനുപരി ഇസ്‌ലാമിനെയും ഞാന്‍ അഭിമുഖീകരിക്കാന്‍ ശ്രമിക്കുന്നു. എഴുത്തില്‍ മാത്രമല്ല, ആക്ടിവിസത്തിലും താങ്കള്‍ മതമൈത്രിയുടെ പോരാളിയായി പ്രവര്‍ത്തിക്കാറുണ്ടല്ലോ. മാറാട് കലാപത്തെ തുടര്‍ന്നു താങ്കളും സി. അഷ്‌റഫും കൂടി ശബരിമല സന്ദര്‍ശിച്ചതു വലിയ വാര്‍ത്തയായിരുന്നു. എന്തായിരുന്നു ഇതിനുള്ള പ്രചോദനം? മതേതരത്വത്തെക്കുറിച്ചുള്ള താങ്കളുടെ കാഴ്ചപ്പാടെന്താണ്? = പാശ്ചാത്യരീതിയിലുള്ള മതേതരത്വമല്ല ഇന്ത്യക്ക് അനുയോജ്യമെന്നാണ് എന്റെ വിശ്വാസം. നമ്മുടെ ഭരണഘടന വിഭാവനചെയ്യുന്നതും മതസഹിതമായ മതേതരത്വത്തെയാണ്. എല്ലാ മതവിഭാഗങ്ങള്‍ക്കും സ്വന്തം മതപ്രവര്‍ത്തനങ്ങള്‍ പരസ്യമായിത്തന്നെ നടത്താനുള്ള അവകാശമുണ്ട്. സ്വന്തം മതതത്വങ്ങള്‍ പ്രചരിപ്പിക്കാനും അവകാശമുണ്ട്. ഇന്ത്യന്‍ പൗരന്മാര്‍ അന്യമതസ്ഥരുടെ ആചാരാനുഷ്ഠാനങ്ങളെ ബഹുമാനിക്കാനും ബാധ്യതപ്പെട്ടിരിക്കുന്നു. ഏതെങ്കിലും സമുദായത്തിന്റെ മതവികാരങ്ങള്‍ വ്രണപ്പെടുത്തി സംഘര്‍ഷമുണ്ടാക്കുന്നത് ഇന്ത്യന്‍ നിയമപ്രകാരം ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇന്ത്യന്‍ ഭരണഘടനാശില്‍പ്പികള്‍ ആവിഷ്‌കരിച്ച ഈ മതേതരസങ്കല്പം തീര്‍ത്തും ആരോഗ്യകരമാണെന്നാണ് എന്റെ വിശ്വാസം. കാരണം, എല്ലാ മതങ്ങളും ജനാധിപത്യപരമായ വിപ്ലവപ്രസ്ഥാനങ്ങളായാണു ചരിത്രത്തില്‍ ഉടലെടുത്തിട്ടുള്ളത്. ഇത്തരമൊരു പശ്ചാത്തലത്തില്‍ പരംപൊരുളിനുമുന്നില്‍ എല്ലാവരെയും സമന്മാരാക്കുന്ന ഒരു രാഷ്ട്രീയ ഉള്ളടക്കം എല്ലാ മതങ്ങള്‍ക്കും ഉണ്ട്. മാത്രമല്ല, ഉദാത്തമായ സങ്കല്‍പ്പസൃഷ്ടികളിലൂടെ മതങ്ങള്‍ മനുഷ്യനെ മൃഗത്വത്തില്‍നിന്ന് ഉയര്‍ത്തുകയും ചെയ്യുന്നു. എല്ലാ നല്ല കാര്യങ്ങളും ദുരുപയോഗപ്പെടുത്തിയാല്‍ അറുവഷളായിത്തീരുമെന്ന പ്രശ്‌നം മതത്തിന്റെ രംഗത്തുമുണ്ട്. വര്‍ഗീയതയും പരസ്പര പോരും സൃഷ്ടിക്കാന്‍ പലപ്പോഴും പൗരോഹിത്യവും നിക്ഷിപ്തതാല്‍പ്പര്യങ്ങളും മതത്തെ ഉപയോഗിക്കാറുണ്ട്. ചിലര്‍ മതത്തെ ദുരുപയോഗപ്പെടുത്തുന്നതുകൊണ്ടു മതത്തില്‍ ഉത്തേജിപ്പിക്കപ്പെടുന്ന സൂക്ഷ്മമായ രാഷ്ട്രീയനന്മകള്‍ കൈയൊഴിക്കുന്നതു ബുദ്ധിപൂര്‍വകമാകില്ല. അങ്ങനെയുള്ള വിവേകംകൊണ്ടുകൂടിയായിരിക്കണം നമ്മുടെ ഭരണഘടനാശില്‍പ്പികള്‍ വിശാലമായ നിലപാടു മതത്തിന്റെ കാര്യത്തിലും സ്വീകരിച്ചിട്ടുള്ളത്. മതരഹിതമായ ഭരണകൂടം തനിക്കു നരകത്തേക്കാള്‍ ഭയാനകമാണെന്നാണു രാഷ്ട്രപിതാവായ മഹാത്മാഗാന്ധി പറഞ്ഞത്. മതത്തിന്റെ മൗലികമൂല്യങ്ങളെയാണു അവിടെ അദ്ദേഹം അത്യന്താപേക്ഷിതമെന്ന് അംഗീകരിക്കുന്നത്. മതമൂല്യങ്ങളെയെല്ലാം പടിപ്പുറത്തുനിര്‍ത്തിക്കൊണ്ടുള്ള യാന്ത്രികമായ മതേതരത്വം വ്യക്തിക്കും സമൂഹത്തിനും ഗുണംചെയ്യില്ല. അതു മനുഷ്യനെ വെറും പദാര്‍ഥജീവിയാക്കുന്നു. എന്തും ചെയ്യാനുള്ള ലൈസന്‍സ് അനുവദിക്കുന്നു. ഫ്രാന്‍സ്, ബെല്‍ജിയം, തുടങ്ങിയ പല യൂറോപ്യന്‍ രാജ്യങ്ങളിലും ഒരു മതവ്യവഹാരവും പൊതുമണ്ഡലത്തിലേയ്ക്കു കൊണ്ടുവരാന്‍ അനുവാദമില്ലാത്ത മതേതരത്വമാണു നിലനില്‍ക്കുന്നത്. അതുകൊണ്ടായിരിക്കുമോ വളരെ വികസിതമായ അവസ്ഥയിലും അവിടെ മതഭീകരവാദികള്‍ പൊട്ടിപ്പുറപ്പെടുന്നതെന്നു ഞാന്‍ സംശയിക്കുന്നു. കടലുണ്ടിയില്‍ അബ്ദുറഹ്്മാന്‍ രാമനെ രക്ഷിക്കാന്‍ ശ്രമിച്ച് ട്രെയിനിനടിയില്‍പ്പെട്ട് മരിച്ച സംഭവത്തെ മുന്‍നിര്‍ത്തി 'ഇതാണ് ഇസ് ലാം' എന്ന പേരില്‍ താങ്കളൊരു ലേഖനമെഴുതിയിരുന്നല്ലോ. ആ ലേഖനത്തിനെതിരായി ഏതാണ് ഇസ്്‌ലാം എന്നു ചോദിച്ചുകൊണ്ട് കാരശ്ശേരി എഴുതിയ ലേഖനത്തെ തുടര്‍ന്ന് വിഷയം വിവാദമായി മാറുകയും ചെയ്തു. അക്കാര്യത്തെക്കുറിച്ച് താങ്കളുടെ നിലപാട് വ്യക്തമാക്കാമോ? മതത്തിന്റെ പേരുപറഞ്ഞ് വര്‍ഗീയവാദികളും ഭീകരവാദികളും അഴിഞ്ഞാടുന്ന കാലഘട്ടത്തില്‍ ഇതാണ് ഇസ്്‌ലാം എന്ന ലേഖനം അത്യന്തം പ്രസക്തമായിരുന്നു. അബ്ദുറഹ്്മാന്റെ ധീരോദാത്തമായ സത്പ്രവൃത്തിയെ ചൂണ്ടിക്കാട്ടി ഇതാണ് ഇസ്്‌ലാം എന്ന് ഞാന്‍ പറയുമ്പോള്‍ ആളുകളെ വെടിവച്ചു കൊല്ലുന്നതോ സ്ത്രീകളെ ചാട്ടക്കടിക്കുന്നതോ അല്ല ഇസ്്‌ലാം എന്നാണ് പ്രഖ്യാപിക്കപ്പെടുന്നത്. ഇസ്്‌ലാമിലെയും ഹൈന്ദവതയിലെയും നന്മകള്‍ ഉയര്‍ത്തിപ്പിടിച്ച് അതിലെ ഭീകരവാദികളെയും വര്‍ഗീയവാദികളെയും ആഞ്ഞടിക്കാനാണ് ഞാന്‍ ഇതാണ് ഇസ്്‌ലാം എന്ന ലേഖനമെഴുതിയത്. എന്നാല്‍ ഈ ലേഖനത്തോട് അത്യന്തം അപക്വവും പരിതാപകരവുമായ രീതിയിലാണ് കാരശ്ശേരി പ്രതികരിച്ചത്. അബ്ദുറഹ്്മാന്റെ പ്രവൃത്തി ഇസ്്‌ലാമാണെങ്കില്‍ ഭീകരവാദികള്‍ ഇസ്്‌ലാമിന്റെ പേരുപറഞ്ഞ് ആളെ കൊല്ലുന്നതും ഇസ്്‌ലാമല്ലേ എന്നായിരുന്നു അദ്ദേഹത്തിന്റെ കുതര്‍ക്കം. ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യനെ രക്ഷിച്ചു എന്നു മാത്രം പറഞ്ഞാല്‍ പോരേ എന്നാണ് കാരശ്ശേരിയുടെ ചോദ്യം. ഇതിന് എനിക്ക് പറയാനുള്ളത് ഭീകരവാദികള്‍ ഇസ്്‌ലാമിന്റെ പേര് പറഞ്ഞ് ആളുകളെ വെടിവച്ചു കൊല്ലുന്നുണ്ടെങ്കിലും അതല്ല ശരിയായ ഇസ്്‌ലാം എന്നു തന്നെയാണ്. അബ്ദുറഹ്മാന്‍ പ്രതിനിധീകരിക്കുന്ന ത്യാഗവും കാരുണ്യവും നന്മയും തന്നെയാണ് ശരിയായ ഇസ്്‌ലാം. പിന്നെ മത-സംസ്‌കാ-ദേശ നിര്‍മുക്തനായി ഒരു കേവല മനുഷ്യന്‍ ഈ ഭൂലോകത്ത് നിലനില്‍ക്കുന്നില്ല. മനുഷ്യന്‍ മനുഷ്യനായിരിക്കുമ്പോള്‍ തന്നെ അവന്‍ ഇന്ത്യക്കാരനും കേരളീയനും പൊന്നാനിക്കാരനും ഹിന്ദുവും മുസ്്‌ലിമും ഒക്കെയാണ്. കേവലം മനുഷ്യനും അവന്റെ വിവിധ സ്വത്വങ്ങളെ നിരാകരിക്കുന്ന ഒരു അധികാര തന്ത്രം കൂടിയാണ്. അതുകൊണ്ടാണ് മഹാകവി ഇടശ്ശേരി ഇസ്്‌ലാമെന്ന വന്‍മല എന്ന തന്റെ കവിതയില്‍ തന്റെ പ്രിയ സ്‌നേഹിതനായ അലവിയെ കൂറും പെരുമയുമുള്ള മുസ്്‌ലിമായി അടയാളപ്പെടുത്തിയത്. എന്റെ ലേഖനത്തിന്റെ ഉദ്ദേശ്യശുദ്ധി തിരിച്ചറിയാതെ കാരശ്ശേരി ഉയര്‍ത്തിയ കുതര്‍ക്കങ്ങള്‍ യാന്ത്രിക മതേതരത്വത്തിന്റെ പൊള്ളത്തരം വെളിച്ചത്തു കൊണ്ടുവന്നു എന്നുള്ളത് നല്ല കാര്യമാണ്. അതോടൊപ്പം സോഷ്യല്‍ മീഡിയയിലും മറ്റും വര്‍ഗീയവാദികള്‍ക്ക് അഴിഞ്ഞാടാനും ഒരവസരം അദ്ദേഹത്തിന്റെ ലേഖനം ഉണ്ടാക്കിക്കൊടുത്തു. നന്മയുമായി ഇസ്്‌ലാമിനെ കൂട്ടിവായിക്കുന്നത് കൂടി പൊറുപ്പിക്കാത്ത കാരശ്ശേരിയെപ്പോലുളളവരുടെ നിലപാട് ഇന്ത്യയിലെ ഫാസിസ്റ്റ് ശക്തികളുടെ ഇസ്്‌ലാം വിരുദ്ധ പ്രചാരണങ്ങള്‍ക്ക് മാത്രമേ ഗുണം ചെയ്യുകയുള്ളൂ. വെള്ളാപ്പള്ളിയുമായി കെ.പി രാമനുണ്ണിയെ സാമ്യപ്പെടുത്തിക്കൊണ്ട് അടുത്തിടെ കാരശ്ശേരി ഒരഭിപ്രായം പ്രകടിപ്പിച്ചിരുന്നുവല്ലൊ. എന്താണ് ഇതിനെക്കുറിച്ച് പറയാനുള്ളത്? മഹാകഷ്ടമെന്നു മാത്രമേ എനിക്കിതിനെക്കുറിച്ച് പറയാനുള്ളൂ. ലേഖനമെഴുത്തും സാമൂഹ്യവിമര്‍ശനവുമെല്ലാം മറ്റുള്ളവരെ തര്‍ക്കിച്ച് തോല്‍പ്പിച്ച് സ്വയം വിജയിച്ചു മുന്നേറാനുള്ള ഒരു മണ്ഡലമായി കാണുന്നതിന്റെ പ്രശ്‌നമാണ് കാരശ്ശേരിക്ക് പറ്റിയത്. നൗഷാദിന്റെ കാര്യത്തില്‍ വെള്ളാപ്പള്ളിയുടെ പ്രതികരണം വര്‍ഗീയത വളര്‍ത്താനായി മതത്തെ ഉപയോഗിക്കപ്പെടുന്നതിന്റെതായിരുന്നു. അബ്ദുറഹ്്മാന്റെ കാര്യത്തില്‍ ഞാന്‍ മതം പറഞ്ഞത് മതത്തിന്റെ മൂല്യങ്ങളുയര്‍ത്തിപ്പിടിച്ച് വര്‍ഗീയ വാദികളെ വിമര്‍ശിക്കാനാണ്. തലക്ക് വെളിവുള്ളവര്‍ക്കൊന്നും ഈ രണ്ട് കാര്യത്തെയും ഒരേ നുകത്തില്‍ കെട്ടാന്‍ സാധിക്കില്ല. അദ്ദേഹത്തിന് എന്നോട് വ്യക്തിപരമായി വിദ്വേഷമുള്ളതുകൊണ്ടായിരിക്കില്ല. പക്ഷേ, മറ്റുള്ളവരെ തര്‍ക്കിച്ച് തോല്‍പ്പിക്കാനുള്ള ഹാലില്‍ താനെന്താണ് ചെയ്യുന്നതെന്ന് അദ്ദേഹം തിരിച്ചറിയുന്നില്ല. സഹപ്രവര്‍ത്തകരുടെ വ്യക്തിത്വത്തിനും വിചാരവികാരങ്ങള്‍ക്കും തരിമ്പും വിലകല്പിക്കുന്നുമില്ല. ഇതാണ് ഇസ്്‌ലാം എന്ന എന്റെ ലേഖനത്തിനുള്ള പ്രതികരണത്തിലും കാരശ്ശേരി ഭൗതികമായ പ്രയോജനങ്ങള്‍ക്ക് വേണ്ടി ഞാന്‍ മുസ്്‌ലിം പ്രീണനം നടത്തുകയാണെന്ന് യാതൊരു തെളിവുമില്ലാതെ ധ്വനിപ്പിച്ചിരുന്നു. ഇപ്പോഴിതാ വെള്ളാപ്പള്ളിയുടേത് പോലുള്ള വര്‍ഗീയ സമീപനമാണ് എന്റേതെന്നും സൂചിപ്പിച്ചിരിക്കുന്നു. കാരശ്ശേരിയുടെ ലേഖനം പുറത്തുവന്നയുടന്‍ നാട്ടില്‍ നിന്നും വിദേശത്തുനിന്നുമായി എത്രയോ ഫോണ്‍കോളുകള്‍ എനിക്ക് വന്നു. എന്തിനാണ് ഈ കടുംകൈ കാരശ്ശേരി രാമനുണ്ണിയോട് ചെയ്യുന്നതെന്ന് ചോദിച്ചു. കാരണം അവര്‍ക്കറിയാം എഴുതിയ മൂന്ന് നോവലുകളിലും മതമൈത്രിയെ ഉയര്‍ത്തിപ്പിടിച്ച സാഹിത്യകാരനാണ് ഞാനെന്ന്. മാറാട് പോലുള്ള നിര്‍ഭാഗ്യകരമായ സാഹചര്യങ്ങളില്‍ സൗഹൃദ പുന:സ്ഥാപനത്തിനായി അങ്ങേയറ്റം പ്രവര്‍ത്തിച്ച ആക്ടിവിസ്റ്റുമാണ് ഞാനെന്ന്. പക്ഷേ, പ്രതിയോഗി എന്നെ സങ്കല്‍പ്പിച്ച് മലര്‍ത്തിയടിക്കുന്ന നിമിഷത്തില്‍ കാരശ്ശേരി ഇതൊന്നും ആലോചിച്ചില്ല. കരുതിക്കൂട്ടി ആയിരിക്കില്ലെങ്കിലും ഒരു ഇരുമ്പ് കിടാരം ശരീരത്തിലേക്ക് വലിച്ചെറിഞ്ഞാല്‍ അത് കൊള്ളുന്നവന് വേദനിക്കുക തന്നെ ചെയ്യും. ദശാബ്ദങ്ങളായുള്ള എഴുത്തു ജീവിതത്തില്‍ എന്നെ ഇത്ര പ്രയാസപ്പെടുത്തിയ ഒരു പരാമര്‍ശം മറ്റാരില്‍ നിന്നും ഉണ്ടായിട്ടില്ല. മുഹമ്മദ് നബിയുടെ ജീവിതം പശ്ചാത്തലമാക്കിയുള്ള നോവലാണല്ലോ 'ദൈവത്തിന്റെ പുസ്തം.' എന്താണ് ഇങ്ങനെയൊരു പ്രമേയം തിരഞ്ഞെടുക്കാന്‍ കാരണം? മുഹമ്മദ് നബിയുടെയും ശ്രീകൃഷ്ണന്റെയുമെല്ലാം ജീവിതത്തിലൂടെ കടന്നുപോകുന്ന ഒരു നോവലാണു 'ദൈവത്തിന്റെ പുസ്തകം'. തമോഗര്‍ത്ത സ്വാധീനത്താല്‍ ശ്രീകൃഷ്ണന്റെയും നബിയുടെയും ജീവിതങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നതും അവര്‍ 21 ാം നൂറ്റാണ്ടിനെ അഭിമുഖീകരിക്കുന്നതുമാണു നോവലിലെ പ്രമേയം. നോവല്‍ ഒരു ഫാന്റസിയാണെങ്കിലും അത്യന്തം സാമൂഹ്യരാഷ്ട്രീയ പ്രാധാന്യമുള്ള കാര്യങ്ങളാണ് ഇതില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. ഭൂലോകത്ത് വ്യത്യസ്ത കാലദേശങ്ങളില്‍ അവതരിച്ച പ്രവാചകരെല്ലാം ഒരേ ദൈവസന്ദേശമാണ് പകര്‍ന്നിട്ടുള്ളത് എന്നാണല്ലോ ഇസ്്‌ലാമിക വിശ്വാസം. അതുകൊണ്ടു തന്നെയാണ് മുഹമ്മദ് നബി (സ) തനിക്ക് മുന്‍പ് അവതരിച്ച പ്രവാചകന്‍മാരെയും വേദഗ്രന്ഥങ്ങളെയും ഒരുപോലെ ബഹുമാനിക്കണമെന്ന് അരുള്‍ ചെയ്തിട്ടുള്ളത്. ഇന്ത്യയില്‍ പ്രവാചകരെല്ലാം അവതാരങ്ങളായാണ് അറിയപ്പെട്ടിട്ടുള്ളത്. 'ദൈവത്തിന്റെ പുസ്തക'ത്തില്‍ ശ്രീകൃഷ്ണനെയും മുഹമ്മദ് നബിയെയും സഹോദരതുല്യരായാണ് ചിത്രീകരിക്കുന്നത്. ഓഷേ അദ്ദേഹത്തിന്റെ പ്രശസ്തമായ ഒരു പുസ്തകത്തില്‍ ശ്രീകൃഷ്ണന്റെയും മുഹമ്മദ് നബിയുടെയും സമാന സ്വഭാവങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ട്. ഡോ. മുഹമ്മദ് ഖാന്‍ ഡുറാനിയുടെ ഗീത ആന്‍ഡ് ഖുറാന്‍ എന്ന പുസ്തകത്തില്‍ ഭഗവദ്ഗീതയും വിശുദ്ധ ഖുര്‍ആനും തമ്മിലുള്ള അസംഖ്യം അതിശയകരമായ സാമ്യങ്ങള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഹിന്ദു-മുസ്്‌ലിം വിഭാഗീയത ചിലര്‍ കരുതിക്കൂട്ടി സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ഇന്നത്തെ ഇന്ത്യന്‍ അവസ്ഥയില്‍ അതിനെതിരായുള്ള ശക്തമായ പ്രതിരോധമായിരിക്കും 'ദൈവത്തിന്റെ പുസ്തക'മെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഹിന്ദുമതത്തിലെ ആത്മീയ മഹാത്മാക്കളായ ശ്രീരാമ കൃഷ്ണ പരമഹംസര്‍, വിവേകാനന്ദന്‍, ശ്രീനാരായണ ഗുരു തുടങ്ങിയവര്‍ അത്യന്തം സ്‌നേഹാദരങ്ങളോടെയാണ് റസൂലിനെ വിലയിരുത്തിയിട്ടുള്ളത്. ഇതില്‍ നിന്നും വ്യത്യസ്തമായി മുസ്്‌ലിം വിദ്വേഷം ഉള്ളില്‍ വച്ച് മുഹമ്മദ് നബിയെപ്പോലും ചെറുതാക്കി കാണിക്കാനുള്ള ദുഷ്പ്രവണത ചില വര്‍ഗീയ ശക്തികള്‍ പുലര്‍ത്തുന്നുണ്ട്. അതുകൊണ്ടുതന്നെ ഏറ്റവും കാരുണ്യവാനായ ദിവ്യവ്യക്തിത്വമായി ശ്രീകൃഷ്ണന്റെ ഏറ്റവും പ്രിയങ്കരനായി നബിയെ ചിത്രീകരിക്കുന്നതില്‍ ഇന്ന് ഒരു രാഷ്ട്രീയമുണ്ട്. ആ രാഷ്ട്രീയമാണ് 'ദൈവത്തിന്റെ പുസ്തക'ത്തില്‍ ഞാന്‍ ഏറ്റെടുത്തിരിക്കുന്നത്. നമുക്ക് കൃഷ്ണന്‍ എന്ന പോലെ ആണെന്നാണ് എന്റെ സുഹൃത്തായ ഖയ്യൂമിന് മുഹമ്മദ് നബിയുമെന്ന് എന്റെ അമ്മ പറയാറുണ്ടായിരുന്നു. ചെറുപ്പം മുതല്‍ മനസില്‍ വളര്‍ത്തിയെടുക്കപ്പെട്ട ആ നബിസ്‌നേഹം എനിക്ക് റസൂലിനെ ആവിഷ്‌കരിക്കുന്നത് എളുപ്പമാക്കിത്തീര്‍ത്തു. എന്നാലും അതിന് കുറേ പഠനങ്ങളും ഗവേഷണങ്ങളും വേണ്ടി വന്നിട്ടുണ്ട്. നോവലിലെ നബിഭാഗം ഒരു ആഴ്ചപ്പതിപ്പില്‍ കുറേശ്ശെ പ്രസിദ്ധീകരിച്ചപ്പോള്‍ വളരെ വികാരോഷ്മളമായ പ്രതികരണമാണ് മുസ്്‌ലിം സമുദായത്തില്‍ നിന്നുണ്ടായത്. സ്‌നേഹത്താല്‍ തൊണ്ടയിട്ടലറിക്കൊണ്ടുള്ള എത്രയോ ഫോണ്‍ കോളുകള്‍ എനിക്ക് നാട്ടില്‍ നിന്നും വിദേശത്തു നിന്നും ലഭിച്ചിട്ടുണ്ട്. (തയാറാക്കിയത് -ശ്രുതി സുബ്രഹ്മണ്യന്‍)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter