അറിവ് ഹൃദയത്തില്‍ വിനയം പകരുന്നതാവണം; അഹങ്കാരം അരുത്‌
vavadപ്രമുഖ സൂഫിവര്യന്‍ വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാരുമായി അഭിമുഖം നല്ല വാക്കുകളുടെ ഉദാഹരണം ശിഖരങ്ങള്‍ ആകാശത്തിലേക്ക് പരന്നതും വേരുകള്‍ അടിമണ്ണിലാഴ്‌നിന്നിറങ്ങിയതുമായ പൂമരം പോലെയാണെന്ന് ഖുര്‍ആനിക ഉപമയുണ്ട്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മുശാവറ അംഗവും സൂഫീവര്യനുമായ ശൈഖുനാ വാവാട് ഉസ്താദിന്റെ ജീവിതത്തെ ഈ ഖുര്‍ആനികാധ്യാപനത്തോട് ചേര്‍ത്തുവായിക്കാം. വിജ്ഞാനവും വിനയവും സൂക്ഷ്മതയും സ്‌നേഹവും സംലയിച്ച ഉസ്താദിന്റെ ജീവിതം ദീനീധന്യതയുടെ മേല്‍വിലാസമാണ്. എത്രയെത്ര ആളുകളാണ് നാടിന്റെ നാനാ ദിക്കുകളില്‍നിന്ന് ആ പുണ്യം പൂത്ത വീട്ടുമുറ്റത്ത് വന്നണയുന്നത്. ആവലാതികള്‍ക്കും വേവലാതികള്‍ക്കും പ്രശ്‌നങ്ങള്‍ക്കും പ്രയാസങ്ങള്‍ക്കും നിവര്‍ത്ത് നല്‍കി, പരിഹാരംകൊണ്ട് പുഞ്ചിരിക്കുന്ന മുഖത്തോടെയാണ് ഉസ്താദ് എല്ലാവരെയും മടക്കുന്നത്. വീട്ടിലെത്തിയപ്പോഴേ എല്ലാവര്‍ക്കുമെന്നപോലെ കാപ്പിയും കദളിപ്പഴവും ലഭിച്ചു. മകനും നന്തി ദാറുസ്സലാം ദഅ്‌വ കോളേജ് മുദരിസുമായ മുഹമ്മദ് ബാഖവി ഹൈത്തമിയുടെ ശിഷ്യന്‍മാരാണെന്ന് അറിഞ്ഞതോടെ പ്രത്യേകം സല്‍ക്കരിക്കാനും ഉസ്താദ് നിര്‍ദേശം നല്‍കിയിരുന്നു. സലാം പറഞ്ഞ് മടങ്ങുന്നതു വരെ പിതൃലാളനയോടെയാണു ജീവിതാനുഭവങ്ങള്‍ സംസാരിച്ചതും ഉപദേശങ്ങള്‍ നല്‍കിയതും. സംസാരിക്കുന്നതിനിടെ ചെമ്മാട് പഠിക്കുന്ന മകനെയുമായി ഒരുമ്മയെത്തി. ''അവനു മടിയൊന്നുമില്ല ഒരു ഹുദവിയായി വലിയ വീര്യമുള്ള മുസ്‌ലിയാരായിത്തീരും. ഞാന്‍ മരിച്ചിട്ടില്ലെങ്കില്‍ എന്നെ കാണാന്‍ വരണം കെട്ടോ'' എന്ന് അനുഗ്രഹിച്ച് കൈപ്പൊരുത്തവും നല്‍കി തിരിച്ചയക്കുന്നു.'എന്നെ വലുതാക്കിയൊന്നും എഴുതരുത്' എന്നു പറഞ്ഞ് പൊരുത്തത്തിന്റെ കൈമടക്കുംതന്ന് യാത്രയയ്ക്കുമ്പോള്‍ മനസ്സില്‍ അവാജ്യമായ എന്തോ അനുഭൂതി. പഠനമുഖം ഉസ്താദിന്റെ ദര്‍സ് ജീവിതം ആരംഭിക്കുന്നത് ബഹുവന്ദ്യരായ അണ്ടോണ അബ്ദുല്ല മുസ്‌ലിയാരുടെ അടുക്കല്‍നിന്നാണ്. ശേഷം കളരാന്തിരി ഹുസൈന്‍ കുട്ടി മുസ്‌ലിയാര്‍, മലയമ്മ നാരകശ്ശേരി അബൂബക്കര്‍ എന്നിവരുടെ ദര്‍സിലും ഇയ്യാട്ടുനിന്ന് ഇ.കെ. ഹസ്സന്‍ മുസ്‌ലിയാരുടെ ദര്‍സിലും പഠനം നടത്തി. വീണ്ടും അണ്ടോണ ഉസ്താദിന്റെ ദര്‍സിലെത്തി. അവിടെനിന്നാണ് ബിരുദം നേടാന്‍ പട്ടിക്കാട് ജാമിഅ: നൂരിയ്യ യിലേക്ക് പോവുന്നത്. അവിടെ പഠനം പൂര്‍ത്തീകരിക്കാന്‍ കഴിയാത്തത് ഉസ്താദ് ഇപ്പോഴും വിഷമത്തോടെയാണ് ഓര്‍ക്കുന്നത്. ജാമിഅയിലെ, ശൈഖുനാ ശംസുല്‍ ഉലമയുടെയും കോട്ടുമല ഉസ്താദിന്റെയും 'സബ്ഖു'കളെ ഉസ്താദ് ആത്മനിര്‍വൃതിയോടെയാണ് ഓര്‍മയില്‍ താലോലിക്കുന്നത്. ജാമിഅയിലെ ഉസ്താദിന്റെ ഉറ്റസുഹൃത്തും പ്രധാന 'ശരീക്കും' പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങളായിരുന്നു. ആ ആത്മ ബന്ധത്തെ കുറിച്ചു പറയുമ്പോള്‍ ഉസ്താദിന്റെ മുഖത്ത് സന്തോഷത്തിന്റെ പ്രഭ വല്ലാതെ വെളിച്ചംവീശുന്നുണ്ട്. പാണക്കാട് കുടുംബവുമായി അന്നു തുടങ്ങിയ ആത്മബന്ധം ഉസ്താദ് ഇന്നും കാത്തുസൂക്ഷിക്കുന്നു. ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാരാണ് ഉസ്താദ് ആദരവോടെ ഓര്‍ക്കുന്ന മറ്റൊരു വ്യക്തിത്വം. ഈ ആത്മബന്ധത്തെ കുറിച്ച് ഉസ്താദ് സംസാരത്തിനിടെ പലപ്പോഴും സൂചിപ്പിക്കുന്നുണ്ടായിരുന്നു. കളരാന്തിരി ഖാസിയായിരുന്ന അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, ഈയിടെ വഫാത്തായ എന്‍.വി. ഖാലിദ് മുസ്‌ലിയാര്‍ എന്നിവരുമായുള്ള സ്‌നേഹബന്ധത്തെയും ഉസ്താദ് അഭിമാനത്തോടെ ഓര്‍ക്കുന്നു. മമ്പുറം സയ്യിദലവി തങ്ങളോടും മടവൂര്‍ ശൈഖിനോടുമുള്ള ഉസ്താദിന്റെ അതിരറ്റ ബഹുമാനം സംസാരത്തിനിടയില്‍ നിന്നും നന്നായി വ്യക്തമായിരുന്നു. മഹാന്‍മാരുമായുള്ള ബന്ധമാണ് ജീവിതത്തിന്റെ കരുത്ത് എന്നു ഞങ്ങളെ സ്‌നേഹപൂര്‍വം ഉപദേശിക്കുന്നുണ്ടായിരുന്നു ഇടക്കിടക്ക്. സയ്യിദന്‍മാരോടും ഔലിയാഇനോടും ഉലമാഇനോടുമുള്ള ആദരവും ബഹുമാനവും ഉസ്താദിന്റെ എളിമയാര്‍ന്ന വാക്കുകളില്‍നിന്ന് എളുപ്പത്തില്‍ ഗ്രഹിച്ചെടുക്കാം. 12 വര്‍ഷം കത്തറമ്മലും ശേഷം കൊടുവള്ളി സിറാജിലും സേവനമനുഷ്ഠിച്ചു. പാണക്കാട് കുടുംബവുമായുള്ള ബന്ധം..? പാണക്കാട്ടെ സയ്യിദന്‍മാരെ കുറിച്ച് പറയുമ്പോള്‍ ഉസ്താദിന് നൂറ് നാവാണ്. പ്രത്യേകിച്ച് ഉമറലി തങ്ങളുമായുള്ള ആത്മബന്ധം ജീവിതത്തിലെ അമൂല്യസമ്പത്തായി ഉസ്താദ് കാത്തുവയ്ക്കുന്നു. ജാമിഅയിലെ പഠനകാലത്ത് പലവുരു ഉമറലി തങ്ങളോടൊപ്പം പാണക്കാട്ട് പോവുകയും പൂക്കോയ തങ്ങളെ കൊണ്ട് ദുആ ഇരപ്പിക്കുകയും ഉപദേശം തേടുകയും ചെയ്തത് ഇന്നലെ കഴിഞ്ഞ പോലെ ഉസ്താദ് ഓര്‍ക്കുന്നു. ഒരിക്കല്‍ അസുഖബാധിതനായപ്പോള്‍ പൂക്കോയ തങ്ങളെ കാണാന്‍ പോയി. നാല് മരുന്നുകള്‍ 14 ദിവസം കഴിക്കാന്‍ നിര്‍ദേശിച്ചു. രണ്ടു തവണ ഇതുപ്പോലെ ആവര്‍ത്തിച്ചെങ്കിലും രോഗം ഭേദമായില്ല. വീണ്ടും പാണക്കാട്ടെത്തി, ഈ മരുന്ന് കഴിച്ചിട്ട് യാതൊരുവിധ മാറ്റവുമില്ലെന്നു പറഞ്ഞപ്പോള്‍ പൂക്കോയ തങ്ങള്‍ ഗൗരവസ്വരത്തില്‍ പറഞ്ഞുവത്രേ: ''സുഖമാവാനല്ലേ മരുന്ന് തന്നത്. സുഖമാവുക തന്നെ ചെയ്യും.'' വീണ്ടും നാലു പൊതി മരുന്നുകള്‍ തന്നു. അതില്‍നിന്ന് ഒരു പൊതി കഴിക്കുമ്പോഴേക്ക് രോഗം മാറിയിരുന്നു. എന്ത് ആവശ്യങ്ങള്‍ വന്നാലും പാണക്കാട്ടു ചെന്ന് കാര്യം ബോധിപ്പിക്കലായിരുന്നു ഉസ്താദിന്റെ പതിവുരീതി. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുമായുള്ള ബന്ധവും അതുപോലെ തന്നെയായിരുന്നു. ഒരു മഹല്ലിലെ മദ്‌റസയുടെ വലുപ്പം കൂട്ടാന്‍ മറ്റൊരു വ്യക്തിയുടെ സ്ഥലം കൂടി ലഭിക്കേണ്ടതുണ്ടായിരുന്നു. ഈ ആവശ്യവുമായി ശിഹാബ് തങ്ങളെ ചെന്നു കണ്ടപ്പോള്‍ തങ്ങള്‍ പറഞ്ഞു: ''ഞാന്‍ വരേണ്ട ആവശ്യമൊന്നുമില്ല. റമളാനിലെ ഒരു പ്രത്യേക ദിവസം അദ്ദേഹത്തെ ചെന്നു കണ്ടാല്‍ മതി.'' തങ്ങള്‍ പറഞ്ഞതനുസരിച്ച് റമളാനില്‍ സ്ഥലമുടമയെ സമീപിച്ചു. എന്നാല്‍, വിഷയം സൂചിപ്പിക്കുംമുമ്പേ അദ്ദേഹം പറഞ്ഞു: ''നിങ്ങള്‍ ഇവിടെ വന്ന ആവശ്യം എനിക്കറിയാം. നിങ്ങള്‍ക്ക് ആവശ്യമുള്ള സ്ഥലം മദ്‌റസയ്ക്കു വേണ്ടി എടുത്തോളൂ.'' ഉസ്താദിന്റെ പ്രധാന ശൈഖായ ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാര്‍ പാണക്കാട്ടെ സയ്യിദന്‍മാര്‍ക്ക് നല്‍കിയ ബഹുമാനവും ഉസ്താദ് ഓര്‍ക്കുന്നു. എന്തു പരിപാടിയുണ്ടെങ്കിലും പാണക്കാട്ടെ സയ്യിദന്‍മാര്‍ എന്നെ കാത്തുനില്‍ക്കുമായിരുന്നു. എനിക്കാവട്ടെ, അവരുടെ കാലിനടിയില്‍നിന്ന് കൊഴിഞ്ഞുവീണ മണ്‍തരിയുടെ വിലപോലുമില്ല.'' ഒരിട, ചാപ്പനങ്ങാടി ഉസ്താദിന് ആളുകളുടെ ഹൃദയത്തിലുള്ളത് വായിച്ചെടുക്കാനുള്ള കഴിവ് ഉസ്താദ് ഓര്‍ത്തെടുത്തു. ഒരിക്കല്‍ വടക്കുഭാഗത്ത് ഒരു പരിപാടിക്ക് പോയപ്പോള്‍ ഭക്ഷണവീട്ടിലെ ഉടമ പലതരത്തിലുള്ള വിഭവങ്ങളാല്‍ സമൃദ്ധമായ വിരുന്നൊരുക്കിയിരുന്നു. ഇത് കണ്ടപ്പോള്‍ കൂടെയുള്ള ഒരു മുസ്‌ലിയാര്‍ പറഞ്ഞു: ''ഇതു ശരിയല്ല, ഇത്രയും വലിയൊരു ആലിമിനു മുന്നില്‍ ഇത് ഇസ്‌റാഫാണ്.'' ഇത് കേട്ടപ്പോള്‍ ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാര്‍ പ്രതവചിച്ചത് 'ഇത് ഇസ്‌റാഫല്ല, ഇക്‌റാമാണ്' എന്നാണ്. ആ വീട്ടുടമയുടെ മനസ് ഉസ്താദ് വായിച്ചെടുത്തിരുന്നു. മുഹമ്മദലി ശിഹാബ് തങ്ങള്‍ക്കു ശേഷം പാണക്കാട്ടെ മറ്റു സയ്യിദന്‍മാരുമായുള്ള സ്‌നേഹബന്ധം വാവാട് ഉസ്താദ് ഇപ്പോഴും നിലനിര്‍ത്തുന്നു. കണ്ണിയത്ത് ഉസ്താദുമായും ശംസുല്‍ ഉലമയുമായുമുള്ള ബന്ധം...? റഈസുല്‍ മുഹഖിഖീന്‍ കണ്ണിയത്ത് ഉസ്താദിന്റെ കറാമത്ത് നേരില്‍ കണ്ട അനുഭവമാണ് ഉസ്താദിനു പറയാനുള്ളത്. ഒരിക്കല്‍ ഒരു പള്ളി പുനര്‍നിര്‍മാണാവശ്യാര്‍ത്ഥം കണ്ണിയത്ത് ഉസ്താദ് നാട്ടില്‍ വന്നിരുന്നു. മഴ ലഭിക്കാതെ ബുദ്ധിമുട്ട് അനുഭവിക്കുന്ന സമയമായിരുന്നു അത്. നാട്ടുകാര്‍ ഉസ്താദിനെ സമീപിച്ച് ആവലാതി ബോധിപ്പിച്ചു. ഉസ്താദ് 'സുബ്ഹാനല്ലാഹി വല്‍ഹംദുലില്ലാഹി വലാഇലാഹ ഇല്ലല്ലാഹ്' എന്ന ദിക്ര്‍ ചൊല്ലാന്‍ പറയുകയും ശേഷം ദുആ ചെയ്യുകയും ചെയ്തു. ആ വരള്‍ച്ചക്കാലത്ത് മണിക്കൂറുകള്‍ക്കുള്ളില്‍ അവിടെ കോരിച്ചൊരിയുന്ന മഴ പെയ്തിറങ്ങി. അതായിരുന്നു കണ്ണിയത്ത് ഉസ്താദ് എന്ന വലിയ്യ്. ഒരു കറാഹത്ത് പോലും ചെയ്യാത്ത മഹാന്‍ ചെറിയ സുന്നത്തുകളുടെ കാര്യത്തില്‍ പോലും കാണിച്ച കണിശത ഉസ്താദ് ഓര്‍ക്കുന്നു. ഒരിക്കല്‍ കത്തറമ്മല്‍ പള്ളിയില്‍ വന്ന കണ്ണിയത്ത് ഉസ്താദ് പടിവാതില്‍ക്കല്‍ വച്ച് പള്ളിയില്‍ പ്രവേശിക്കുമ്പോഴുള്ള ദിക്ര്‍ പ്രാധാന്യപൂര്‍വം ചൊല്ലുന്നതു കണ്ടപ്പോള്‍ അവിടെയുള്ളവര്‍ അത്ഭുതത്തോടെ നോക്കുന്നുണ്ടായിരുന്നു. നബിചര്യയെ പൂര്‍ണമായി പകര്‍ത്തുന്നതില്‍ ഉസ്താദ് എപ്പോഴും ശ്രദ്ധാലുവായിരുന്നു. കണ്ണിയത്ത് ഉസ്താദിന്റെ ജീവിതം അറിയുന്നവര്‍ക്ക് പകര്‍ത്തിയെടുക്കാന്‍ ധാരാളമുണ്ട്-ആ ജീവിതത്തിന്റെ ഓരോ അനക്കത്തിലും അടക്കത്തിലും. ശൈഖുനാ ശംസുല്‍ ഉലമ ഉസ്താദിന്റെ പ്രധാന വഴികാട്ടിയാണ്. ജാമിഅയില്‍ വച്ചാണ് ശൈഖുനായുടെ ശിഷ്യത്വം സ്വീകരിക്കുന്നത്. അന്നു മുതല്‍ ശൈഖുനായുടെ ഉപദേശങ്ങളും മാര്‍ഗദര്‍ശനവും നിരന്തരം തേടിയിരുന്നു. ഉസ്താദിന്റെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ടുണ്ടായ ഒരു സംഭവം ഉസ്താദ് വിവരിച്ചു തന്നു. ഒരു വ്യക്തി (പേര് പറഞ്ഞില്ല)യുമായി മകളുടെ വിവാഹം നടത്താന്‍ ഉസ്താദിന് അതിയായ താല്‍പര്യമുണ്ടായിരുന്നു. അതിനുള്ള ശ്രമവും ആരംഭിച്ചിരുന്നു. എന്നാല്‍, ഒരു ദിവസം ശംസുല്‍ ഉലമ സ്വപ്‌നത്തില്‍ വന്നു പറഞ്ഞു: ''ആ ബന്ധം ഞമ്മക്ക് വേണ്ട. അത് മറന്നേക്ക്..'' അതോടെ ആ ബന്ധം ഉസ്താദ് വേണ്ടെന്നുവച്ചു. പില്‍ക്കാലത്ത് ശൈഖുനാ അന്നു പറഞ്ഞതിന്റെ പൊരുള്‍ ഉസ്താദ് കണ്ടറിഞ്ഞു. 'ഇല്‍മുല്‍ ഫിറാസതി'ല്‍ അഗ്രഗണ്യനാണല്ലോ ശൈഖുനാ ശംസുല്‍ ഉലമ. ഇങ്ങനെ വിവരിച്ചാല്‍ തീരാത്ത ഒരുപാട് അനുഭവങ്ങളാണ് ശൈഖുനായെ കുറിച്ച് ഉസ്താദിനു പറയുവാനുള്ളത്. (അവരുടെ ബറകത്ത് കൊണ്ട് നമ്മുടെ ഇല്‍മില്‍ നഫ്ഉം സിയാദത്തും ഉണ്ടാവട്ടെ എന്ന് ഇടക്കിടെ പ്രാര്‍ത്ഥിക്കുന്നുണ്ടായിരുന്നു.) കിഴിശ്ശേരി ഉസ്താദിനെ കുറിച്ച്...? വലിയ മഹാനായിരുന്നു തൃപ്പനച്ചി ഉസ്താദ്. പലപ്പോഴായി 'ഇവിടെ വരാറുള്ള ആളല്ലേ' എന്ന് ചോദിക്കുകയും കൂടെ അകത്ത് കൊണ്ടുപോയി സംസാരിച്ചതും ഉപദേശങ്ങള്‍ നല്‍കിയതും അവിസ്മരണീയമായ ജീവിതാനുഭവമായി ഉസ്താദ് കാണുന്നു. ഒരിക്കല്‍ മലയില്‍ വഅ്‌ള് പറയാന്‍ ക്ഷണിച്ചതും വഅളിനു മുമ്പ് തൃപ്പനച്ചി ഉസ്താദ് അല്‍പം പ്രസംഗിച്ചതും ഓര്‍ക്കുമ്പോള്‍ ഉസ്താദിന്റെ മുഖം പ്രസന്നമായിരുന്നു. സമസ്ത മുശാവറയിലെ ഒരു മെമ്പര്‍ എന്ന നിലക്ക്..? മുശാവറയില്‍ അംഗമാവാനോ അവിടെ യോഗങ്ങളില്‍ പങ്കെടുക്കാനോ ഉള്ള അര്‍ഹതയോ ഇല്‍മോ കഴിവോ എനിക്കില്ല. എത്രവലിയ മഹാപണ്ഡിതന്‍മാര്‍ സംഗമിച്ച ഇടമാണ് മുശാവറ. അവര്‍ ഇരുന്ന സ്ഥലത്ത് ഇരിക്കാനെങ്കിലും അല്ലാഹു തൗഫീഖ് നല്‍കിയല്ലൊ. കൂടാതെ, വലിയ ഉലമാക്കള്‍ക്കൊപ്പം പരിശുദ്ധ ദീനിനു സേവനം ചെയ്യാനുള്ള ഒരു അവസരവുമാണല്ലൊ. അല്ലാഹുവിനു സ്തുതി, അല്‍ഹംദുലില്ലാഹ്. എല്ലാറ്റിലുമുപരി മരണപ്പെട്ടാല്‍ ജനങ്ങള്‍ മയ്യിത്ത് നിസ്‌കരിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുമല്ലോ. അതാണ് ഏറ്റവും വലിയ സന്തോഷം. എത്രയെത്ര ഔലിയാക്കളാണ് സമസ്തയില്‍ സേവനം ചെയ്തു വിടപറഞ്ഞത്. അവരുടെ പൊരുത്തവും കാവലുമാണ് എപ്പോഴും തേടുന്നത്. ('മക്കളേ നിങ്ങളും ദുആ ചെയ്യണം' എന്ന് ഇടയ്ക്കിടെ ഓര്‍മിപ്പിക്കുന്നുണ്ടായിരുന്നു.) വഅ്‌ള് അനുഭവങ്ങള്‍...? ദര്‍സില്‍ പഠിക്കുന്ന കാലത്ത് അണ്ടോണ ഉസ്താദിന്റെ കൂടെ വഅ്‌ളിനു പോയ അനുഭവം ഉസ്താദിന്റെ ഓര്‍മയില്‍ ഒളിമങ്ങാതെ കിടക്കുന്നു. അന്ന് റാന്തല്‍ വിളക്കും കുടയുമായി കിലോമീറ്ററുകളോളം നടന്നായിരുന്നു വഅ്‌ളിനു പോയത്. 20ാം വയസ്സില്‍ തന്നെ ഉസ്താദ് വഅള് പറയാന്‍ വിവിധ ദിക്കുകളിലെത്തിയിരുന്നു. 'വഅ്‌ള്' പറയുന്നതിലൂടെ ജീവിതത്തില്‍ സന്തോഷവും മനസ്സമാധാനവും ഉണ്ടാവുമെന്നും സ്വജീവിതം ചിട്ടപ്പെടുത്തുന്നതിനു പ്രേരകമായി വര്‍ത്തിക്കുമെന്നും ഉസ്താദ് അടിവരയിടുന്നു. കൂടാതെ, സമൂഹത്തിന്റെ നാനാതുറകളില്‍പെട്ട പലആളുകളുമായി ബന്ധം സ്ഥാപിക്കുന്നതിനും അവരുടെ പ്രാര്‍ത്ഥനകളില്‍ ഉള്‍പ്പെടുന്നതിനും അവസരം ലഭിക്കുന്നു. മദ്‌റസകളുടെയും പള്ളികളുടെയും ആവശ്യങ്ങള്‍ക്കായിരുന്നു നാട്ടിന്‍പുറങ്ങളില്‍ വഅള് പരമ്പര നടത്തിയിരുന്നത്. എട്ടു കിലോമീറ്ററോളം നടന്ന് ഓമശ്ശേരിയില്‍ പോയി വഅള് പറഞ്ഞതും പാതിരാത്രിയില്‍ ഒറ്റക്ക് തിരിച്ചുപോന്നതും ഉസ്താദിന്റെ ഓര്‍മയിലെ മായാമുദ്രകളാണ്. അന്ന് എത്രയോ പ്രയാസങ്ങള്‍ സഹിച്ചും പ്രതിബദ്ധതകള്‍ തരണം ചെയ്തുമായിരുന്നു വഅളിന് പോയതും സദസ്സുകള്‍ സംഘടിപ്പിക്കപ്പെട്ടതും. ഇന്ന് എല്ലാറ്റിനും ആധുനിക സംവിധാനങ്ങളുണ്ടല്ലോ. വാഹനങ്ങളും യാത്രാസൗകര്യങ്ങളും ഏറെ വികാസം പ്രാപിക്കുകയും ചെയ്തു. അന്ന് എണ്ണമറ്റ ആളുകള്‍ ദൂരെ പ്രദേശങ്ങളില്‍നിന്നുവരെ ചൂട്ടും കത്തിച്ച് വഅള് കേള്‍ക്കാന്‍ വന്നിരുന്നു. ഇന്ന് വഅള് കേള്‍ക്കാന്‍ വരുന്നവരുടെ എണ്ണം വളരെ കുറവാണ്. മതബോധനത്തിനുള്ള ഏറ്റവും ഉചിതമായ രീതികളിലൊന്നാണ് വഅള് എന്നതില്‍ സംശയത്തിന് ഇടമില്ല. പഠിച്ച കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കാമല്ലോ. അതാണല്ലോ പ്രധാന ലക്ഷ്യവും. അന്ന് അണ്ടോണ ഉസ്താദ് തന്ന പൊരുത്തവും പ്രോത്സാഹനവുമാണ് ഇന്നും കരുത്തായി കാണുന്നത്. പുതു തലമുറയോട് ഉസ്താദിന് പറയാനുള്ളത്... ഇല്‍മിന്റെ പ്രാധാന്യവും മഹത്വവും വിവരണാതീതമാണ്. എങ്കിലും ആദരവിലധിഷ്ഠിതമായ ഇല്‍മ് കൊണ്ടേ ഇരുലോകവിജയം സാധ്യമാവൂ. ആദരവിന്റെ ആദ്യപടിയില്‍ വച്ചാണ് ഇല്‍മിന്റെ ആദ്യാക്ഷരം കുറിക്കപ്പെടുന്നത് എന്ന ബോധമാണ് നമുക്ക് വഴിവെളിച്ചമാവേണ്ടത്. ഇല്‍മ് നേടല്‍ കൊണ്ട് അല്ലാഹുവിന്റെ പ്രീതിയും പരലോകവിജയവും ലക്ഷീകരിക്കുന്നവര്‍ക്ക് ഉസ്താദുമാരെ ബഹുമാനിക്കലും ഖിദ്മത്ത് ചെയ്യലും അവരുടെ പൊരുത്തം നേടിയെടുക്കലും സദാ ദുആ സമ്പാദിച്ചെടുക്കലും അത്യന്താപേക്ഷിതമാണ്. പൂര്‍വിക പണ്ഡിതന്‍മാര്‍ അവരുടെ ഉസ്താദുമാരോട് വലിയ ബഹുമാനത്തോടെയാണ് സഹവസിച്ചിരുന്നത്. ഒരിക്കല്‍ പറവണ്ണ മുഹ്‌യുദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ എളേറ്റില്‍ വഅളിന് വന്നു. ആളുകള്‍ നേരത്തേതന്നെ തടിച്ചുകൂടിയിരുന്നു. പള്ളിയിലെത്തിയ പറവണ്ണ ഉസ്താദ് തന്റെ ഉസ്താദിന്റെ കാല് തടവിക്കൊടുക്കുന്നതും താഴ്മേയാടെ സംസാരിക്കുന്നതും അത്ഭുതത്തോടെ ഞാന്‍ നോക്കിനിന്നിട്ടുണ്ട്. അണ്ടോണ ദര്‍സില്‍ പഠിക്കുന്ന മകനെ കാണാനെത്തുന്ന കുഞ്ഞാലന്‍കുട്ടി മുസ്‌ലിയാര്‍ ഉസ്താദുമാര്‍ക്ക് ഖിദ്മത്ത് ചെയ്യാന്‍ ഞങ്ങളെ ഉപദേശിക്കുകയും ഉസ്താദിന് ആവശ്യമായ കാര്യങ്ങള്‍ ശ്രദ്ധയോടെ ചെയ്തുകൊടുക്കാന്‍ തന്റെ മകനെ ഓര്‍മപ്പെടുത്താന്‍ ഞങ്ങളെ ചുമതലപ്പെടുത്തുകയും ചെയ്യുമായിരുന്നു. ഇല്‍മില്‍ പുരോഗതി തേടുന്നവര്‍ പ്രധാനമായും നാലു കാര്യങ്ങള്‍ ശ്രദ്ധിക്കണം. വുളൂഅ് നിത്യമാക്കുക, മിസ്‌വാക്ക് വര്‍ധിപ്പിക്കുക, തഹജ്ജുദ് നിസ്‌കാരം രണ്ടു റക്അത്തെങ്കിലും പതിവാക്കുക, രഹസ്യത്തിലും പരസ്യത്തിലും തഖ്‌വയോടെ ജീവിക്കുക എന്നീ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇല്‍മില്‍ അല്ലാഹുവിന്റെ സഹായവും പൊരുത്തവും ഉണ്ടാവും. ആര്‍ജിച്ചെടുത്ത അറിവുകളെ നല്ല രീതിയില്‍ പ്രബോധനം ചെയ്യാന്‍ മുതഅല്ലിമുകള്‍ ശ്രദ്ധയുള്ളവരാവണം. ഒരാളെങ്കിലും നാം കാരണം നന്നായാല്‍ അതാണ് ദുന്‍യാവും അതിലുള്ളത് മുഴുവനും ലഭിക്കുന്നതിനേക്കാള്‍ അത്യുത്തമം എന്നാണല്ലോ പ്രവാചകാധ്യാപനം. ഇല്‍മ് പഠിക്കുമ്പോള്‍ മരണപ്പെട്ടാല്‍ ശഹീദിന്റെ പ്രതിഫലമാണല്ലോ വാഗ്ദാനം ചെയ്യപ്പെട്ടത്. ഇല്‍മിന്റെ വിഷയത്തില്‍ ഉസ്താദും ശിഷ്യനും തമ്മിലുള്ള ബന്ധവും ശരീക്കന്‍മാര്‍ തമ്മിലുള്ള ബന്ധവും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സ്‌നേഹിച്ചവരെ പോലെയാണ്. അവര്‍ക്ക് അര്‍ശിന്റെ തണല്‍ ലഭിക്കുമെന്ന് ഇതില്‍നിന്നു മനസ്സിലാക്കാം. 'മുതഅല്ലിമി'ന്റെയും 'ഔലിയാഇ'ന്റെയും തഅ്‌രീഫ് (നിര്‍വചനം) ഒരേ സ്വരം ഉള്‍ക്കൊള്ളുന്നവയാണ്. ഹൃദയം അല്ലാഹുവിന്റെ നൂറു(പ്രകാശം)മായി ബന്ധപ്പെട്ടവരാണ് ഔലിയാക്കള്‍. എന്നാല്‍, അല്ലാഹുവിന്റെ നൂറായ ഇല്‍മിനെ പഠിക്കുന്നവരാണ് മുതഅല്ലിമുകള്‍. അന്നത്തെ ദര്‍സും ഇന്നത്തെ പഠനസംവിധാനങ്ങളും. വിത്യാസങ്ങളെ എങ്ങനെ കാണുന്നു? അന്നത്തെ ദര്‍സ് പഠനകാലത്ത് പട്ടിണിയും പരിവട്ടവുമായിരുന്നു കൂട്ട്. നല്ല ഭക്ഷണം പോലും അപൂര്‍വ കാഴ്ചയായിരുന്നു. എങ്കിലും 'ചെലവ് വീട്ടുകാര്‍' സ്വന്തം മക്കളെ പോലെ ഗണിച്ച് ഉള്ളതിനെ പൊന്നാക്കി നല്‍കുമ്പോള്‍ അതുകൊണ്ട് സായൂജ്യരാവും. ആരോടും പരാതിയും പരിഭവവുമില്ല. ഇബാറത്തുകളെ കൊണ്ട് വിശപ്പടക്കിയ ദിനങ്ങളം അല്‍ഫിയ ബൈത്തുകളെ കൊണ്ട് ദാഹം തീര്‍ത്ത ദിനങ്ങളും ഏറെയാണ്. ഇന്ന് സൗകര്യങ്ങള്‍ വര്‍ധിച്ചു. പക്ഷേ, ഈ മേഖലയിലേക്ക് ആളുകള്‍ ഏറെ വരുന്നില്ല. ഇന്ന് പലരും പഠനശേഷം 'സ്വന്തം കാര്യം' നോക്കി പോവുന്ന രീതി വല്ലാതെ കാണുന്നുണ്ട്. ഇത് മാതൃകാപരമായ രീതിയല്ല. പഠിച്ച സ്ഥാപനത്തോടും അന്നം നല്‍കിയ നാട്ടുകാരോടുമുള്ള കടപ്പാടും സ്‌നേഹവും മരണം വരെ നിലനിര്‍ത്തണം. പഠിച്ചുകഴിഞ്ഞാല്‍ ഭാരിച്ച ഉത്തരവാദിത്തമാണ് ഓരോരുത്തര്‍ക്കുമുള്ളത്. ഈ ഉത്തരവാദിത്തത്തില്‍നിന്ന് ഒളിച്ചോടുന്നത് ശരിയല്ല. ഉസ്താദുമാര്‍ക്കും ഭക്ഷണം നല്‍കിയവര്‍ക്കും വേണ്ടി നിരന്തരം പ്രാര്‍ത്ഥിക്കുകയും അവരെ ഇടയ്ക്കിടെ സന്ദര്‍ശിക്കുകയും വേണം. അപ്പോഴേ ഇല്‍മ് പുഷ്‌കലമാവൂ. പ്രാര്‍ത്ഥനയാണല്ലോ ഏറ്റവും വലിയ കരുത്തും ശക്തിസ്രോതസ്സും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter