ബഹുസ്വരത: ഖുര്‍ആനിലും ചരിത്രത്തിലും
bahu'യാ അയ്യുഹന്നാസ്' അല്ലയോ മനുഷ്യ സമൂഹമേ. ഇതാണ് ഖുര്‍ആന്റെ സംബോധന രീതി. തൊഴിലാളി വര്‍ഗമേ, മുതലാളി വര്‍ഗമേ, സവര്‍ണരെ അവര്‍ണരെ മേലാളരെ, കീഴാളരെ.. എന്നീ സംബോധനങ്ങളുമായി ഇടപെടുന്ന പ്രത്യയ ശാസ്ത്രങ്ങളില്‍ നിന്നും വേറിട്ടൊരു സമീപനം. ജാതിക്കും മതത്തിനും ദേശത്തിനും അതിര്‍ വരമ്പിടാത്ത മനുഷ്യ മനസാണ് മാനവികതയുടെ കയ്യൊപ്പ് നേടുന്നത്. ദേശാതിര്‍ത്തികള്‍ക്ക് വേലികെട്ടി തടയുന്നതല്ല മനുഷ്യ മനസ്.സമൂഹങ്ങള്‍ക്കിടയില്‍ അസംതൃപ്തിയും ആശങ്കകളും അകറ്റാന്‍ സഹായകരമാവുക സഹനവും സൗഹൃദവും ജനങ്ങള്‍ക്കിടയില്‍ വളരുമ്പോഴാണ്. അവസര സമത്വവും സാമൂഹ്യനീതിയും ഇതിനു അനിവാര്യ ഘടകങ്ങളാണ്. വര്‍ധിച്ചുവരുന്ന ആശങ്കകള്‍ക്കു നിദാനം അസഹിഷ്ണുത നിലനില്‍ക്കുന്നതുകൊണ്ടാണ്. ഫ്രഞ്ചു വിപ്ലവത്തിന്റെ മുന്നോടിയായി കേട്ട സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മുദ്രാവാക്യത്തിനപ്പുറം ചിന്താബന്ധുരമായ ആശയപ്രപഞ്ചം സൃഷ്ടിക്കുന്നതാണ് 'സൗഹൃദം, സമത്വം, സമന്വയ'മെന്ന മുസ്‌ലിം ലീഗിന്റെ പ്രമേയം. ഫാസിസം ചങ്കിട്ടുകീറുന്ന നേരത്താണ് സൗഹൃദത്തിന്റെ കാണാചരടുമായി മുസ്‌ലിംലീഗിന്റെ കേരളയാത്ര. ബഹുസ്വര സമൂഹത്തില്‍ വൈവിധ്യങ്ങള്‍ക്കിടയില്‍ സൗഹൃദവും അവസര സമത്വവും ആശയ സമന്വയവും അനിവാര്യമായിത്തീര്‍ന്നിരിക്കുകയാണ്. മനുഷ്യ സംസ്‌കാരത്തിന്റെ ഏറ്റവും ഉന്നത നിലവാരമുള്ള സ്വഭാവ വിശേഷണമാണ് സഹിഷ്ണുത. മാനവികതയോടു പ്രതിബദ്ധതയുള്ള വിശ്വാസം സംസ്‌കാരത്തിന്റെ മഹനീയ സന്ദേശമാണ് ഇസ്‌ലാമിലുടനീളം കാണാന്‍ കഴിയുന്നത്. 'അല്ലാഹുവിന്റെ ഏകത്വം മനുഷ്യര്‍ക്കിടയില്‍ സമത്വം' ഇതു പ്രമേയമാക്കിയ പ്രത്യയശാസ്ത്രത്തിനു ഇതല്ലാതെ മറ്റൊരു ദാര്‍ശനിക മാനം ഉണ്ടാവുന്നതല്ല. ഇസ്‌ലാമോഫോബിയയിലൂടെ കള്ളപ്രചാരണം നടത്തുന്ന പാശ്ചാത്യ തീവ്രവാദികള്‍ വസ്തുതയോട് അല്‍പം പോലും നീതി കാണിക്കാത്തവരാണ്. 'മുസ്‌ലിംകള്‍ യേശുവിനെയും ക്രിസ്തുമതത്തേയും കൃത്യമായി വിശുദ്ധ ഖുര്‍ആനിലൂടെ പഠിച്ചവരും ഇഞ്ചീലിലും ഈസാനബിയിലും വിശ്വസിച്ചവരുമാണ്. ഇതുപോലെ പാശ്ചാത്യരായ ക്രിസ്ത്യാനികള്‍ ഇസ്‌ലാമിനെ പഠിക്കുകയും മനസിലാക്കുകയും ചെയ്തിരുന്നുവെങ്കില്‍ ചരിത്രത്തില്‍ ഒരു കളങ്കമായി അവശേഷിച്ച കുരിശുയുദ്ധം ഒരിക്കലും ഉണ്ടാകുമായിരുന്നില്ലെന്നു' നവ മുസ്‌ലിം പണ്ഡിതനായ മാര്‍മ്മെ ഡ്യൂക്ക് പിക്താള്‍ ഓര്‍മ്മിപ്പിക്കുന്നു. അദ്ദേഹം പാശ്ചാത്യനും ഖുര്‍ആന്‍ വ്യാഖ്യാതാവുമാണ്.സഹാബിയായ അനസുബുനുമാലിക്ക് (റ) ന്റെ വീട്ടില്‍ നൂറോളം വരുന്ന പ്രബലരായ ജൂത ഗോത്രത്തലവന്മാരെ പ്രവാചകന്‍ വിളിച്ചുവരുത്തി. മദീനാ സ്റ്റേറ്റിന്റെ സമാധാനം നിലനിര്‍ത്താനും തുല്യപങ്കാളിത്തത്തോടെ പൗരാവകാശം നിലനിര്‍ത്താനുമുള്ള പെരുമാറ്റച്ചട്ടം ആവിഷ്‌കരിച്ചു. രാഷ്ട്രത്തിനു നേരെയുണ്ടാകുന്ന ബാഹ്യ ശക്തികളുടെ ആക്രമണങ്ങളെ പ്രതിരോധിക്കാനും രാഷ്ട്രത്തിന്റെ ആഭ്യന്തര സുരക്ഷിതത്വം നിലനിര്‍ത്താനും മതസ്വാതന്ത്ര്യം സംരക്ഷിക്കാനുമുള്ള പ്രതിജ്ഞയായിരുന്നു ആ ചാര്‍ട്ട്. ഇതു ചരിത്രത്തിലെ വര്‍ണാഭമായ സംഭവമാണ്. നജ്‌റാനില്‍ നിന്നും പ്രവാചകനെ സന്ദര്‍ശിച്ച പത്രിയാക്കിസുമാര്‍ക്കു മസ്ജിദുന്നബവിയില്‍ പ്രാര്‍ത്ഥിക്കാന്‍ സൗകര്യമേര്‍പ്പെടുത്തിയ സംഭവം ഇമാം ഇബുനുല്‍ ഖയ്യിം സാദുല്‍ മആദില്‍ പ്രസ്താവിക്കുന്നുണ്ട്. ഇവിടെ സൗഹാര്‍ദ്ദം മാത്രമല്ല സ്‌നേഹം കൊണ്ടു തന്റെ രാഷ്ട്രത്തിലെ ന്യൂനപക്ഷങ്ങളെ വീര്‍പ്പുമുട്ടിക്കുന്നതായിരുന്നു. മദീനയിലെ ജൂതന്മാരോടും ക്രിസ്ത്യാനികളോടും മുസ്‌ലിംകളോടും ഒരേ രീതിയിലായിരുന്നു പ്രവാചകന്‍ പെരുമാറിയിരുന്നത്. അവര്‍ക്കിടയില്‍ അസഹിഷ്ണുതയുണ്ടാക്കുന്നതൊന്നും പ്രവാചകന്റെ ഭാഗത്തു നിന്നുണ്ടായിരുന്നില്ല. ബൈത്തുല്‍ മുഖദ്ദസ് ഇസ്‌ലാമിനധീനപ്പെട്ടപ്പോള്‍ നഗരത്തിന്റെ കവാടം തുറന്നു ആദ്യമായി പ്രവേശിക്കേണ്ടത് ഖലീഫ: ഉമര്‍ (റ) ആയിരിക്കണമെന്നായിരുന്നു ഫലസ്തീനിലെ ക്രൈസ്തവ മേധാവികളുടെ പ്രഖ്യാപനം. ഈ വിവരം സേനാനായകന്‍ ഹ: അബൂഉബൈദ (റ) ഖലീഫയെ അറിയിച്ചു. അന്നു ഫലസ്തീന്‍ നഗരസഭയുടെ മേയര്‍ സഫര്‍നിയൂസ് പത്രിയാക്കീസായിരുന്നു. അദ്ദേഹം നേരിട്ടു ഫലസ്തീന്‍ രാഷ്ട്രത്തിന്റെ കവാടം തുറക്കാനുള്ള താക്കോല്‍ ഉമര്‍ (റ) നെ ഏല്‍പ്പിക്കാമെന്നായിരുന്നു അറിയിച്ചത്. ഖലീഫ ഒരു സാധാരണ വാഹനത്തില്‍ പുറപ്പെട്ടു. യജമാനനും ഭൃത്യനും മാറി മാറി ഒട്ടകപ്പുറത്തു സഞ്ചരിച്ചു. സാധാരണ വേഷത്തില്‍ വളരെ വിനീതനായി വരുന്ന ഭരണാധികാരിയെ കണ്ടപ്പോള്‍ ആഡംബര പ്രിയരായ റോമാ സാമ്രാജ്യത്തിന്റെ ഉദ്യോഗ പ്രഭുക്കള്‍ക്കുണ്ടായ വിസ്മയം ഊഹാതീതമായിരുന്നു. എങ്കിലും തികഞ്ഞ ആദരവോടെ തന്നെ അവര്‍ ഖലീഫയെ വിശുദ്ധ നഗരിയിലേക്ക് ആനയിച്ചു. കലാവിരുതുള്ള പുരാതന ക്രിസ്ത്യന്‍ ദേവാലയമായ കോണ്‍സ്റ്റന്റൈന്‍ ചര്‍ച്ചിലായിരുന്നു സ്വീകരണമേര്‍പ്പെടുത്തിയത്. ചര്‍ച്ചിന്റെ കൊത്തുപണികളും ഗാംഭീര്യതയും ഉമര്‍ (റ) നോക്കിക്കണ്ടു. അതിനിടയില്‍ അസര്‍ നമസ്‌കാരത്തിന്റെ സമയമായി. ചര്‍ച്ചില്‍ ഉമര്‍ (റ) നു നമസ്‌കരിക്കാന്‍ അവര്‍ പരവതാനി വിരിച്ചു. ഉമര്‍ (റ) നോടു ക്രിസ്തീയ നേതാക്കളും പത്രീയാക്കിസും അവിടെ വെച്ചു നമസ്‌കരിക്കാന്‍ ആവശ്യപ്പെട്ടു. ഉമര്‍ (റ) അതു സ്വീകരിച്ചില്ല.'ഒരു കാലത്തു മുസ്‌ലിം ഖലീഫ അവിടെ വെച്ചു നമസ്‌കരിച്ചിരുന്നുവെന്ന കാരണം പറഞ്ഞു അജ്ഞരായ മുസ്‌ലിംകള്‍ ഈ ചര്‍ച്ചിന്മേല്‍ അവകാശമുന്നയിക്കുകയും അതിനെതുടര്‍ന്ന് മുസ്‌ലിം പള്ളിയാക്കി മാറ്റാന്‍ ഇടവരുമെന്നും പറഞ്ഞു ഖലീഫ ഈ അപേക്ഷ നിരസിക്കുകയാണുണ്ടായത്. ചര്‍ച്ചിന് പുറത്തു വെച്ചു ഉമര്‍ (റ) നമസ്‌കരിക്കുകയും ചെയ്തു. ഈ സ്ഥലം ജൂതന്മാര്‍ ആദരപൂര്‍വ്വം പരിഗണിച്ച സ്ഥലമായിരുന്നു. പാത്രിയാക്കിസു പ്രത്യേകം നിര്‍ണ്ണയിച്ചുകൊടുത്തതായിരുന്നു ഈസ്ഥലം. ഈ പള്ളി മസ്ജിദു ഉമര്‍ എന്ന പേരിലാണ് പില്‍ക്കാലത്ത് അറിയപ്പെട്ടത്. നാലു ഖലീഫമാരുടെ കാലത്തുണ്ടായ തുല്യനീതിയും സംരക്ഷണവും മതസ്വാതന്ത്ര്യവും ഹ: മുആവിയ്യ (റ)യുടെ രാജകീയ ഭരണകാലത്തും ന്യൂനപക്ഷങ്ങള്‍ക്ക് അനുഭവ വേദ്യമായിരുന്നു. മുആവിയ്യയുടെ കുടുംബ ഡോക്ടര്‍ ഇബ്‌നുഉസാലും ധനകാര്യവകുപ്പ് മേധാവി സരീജും കപ്പല്‍ ക്യാപ്റ്റന്‍ ഇബ്‌നു മീനായും ഇബ്‌നുന്നദീറും അമുസ്‌ലിംകളായിരുന്നു. ഡമാസ്‌കസ് പള്ളിയുടെ വിപുലീകരണം ആവശ്യമായിവന്നപ്പോള്‍ തൊട്ടടുത്തുള്ള യോഹന്നാന്‍ ചര്‍ച്ചിന്റെ സ്ഥലം പള്ളിക്കു എടുക്കുന്നതില്‍ ക്രിസ്ത്യാനികള്‍ പരാതിപ്പെട്ടപ്പോള്‍ മുആവിയ്യ (റ) മറ്റൊരു സ്ഥലം കണ്ടെത്തുകയായിരുന്നു. ഭൂകമ്പത്തില്‍ തകര്‍ന്ന ഒഡീസ്സാ ചര്‍ച്ച് അദ്ദേഹം പുതുക്കി പണിതു. ഫുസ്താതിലെ കനീസയുടെ പുനര്‍നിര്‍മ്മാണം നടത്തി. സിറിയയിലെ ക്രൈസ്തവ പുരോഹിതന്മാര്‍ക്ക് എവിടെയും ലഭിക്കാത്ത പദവിയാണ് മുആവിയ്യ (റ)യുടെ ഭരണകാലത്ത് ലഭിച്ചിരുന്നത്. മുസ്‌ലിം പള്ളിപോലെ മഠങ്ങേളയും ചര്‍ച്ചുകളേയും നികുതിയില്‍ നിന്നും ഒഴിവാക്കി. കോണ്‍സ്റ്റാന്റിനോപ്പിളിലുണ്ടായിരുന്ന അതിപുരാതന ദേവാലയം ജസ്റ്റീനിയന്‍ ചക്രവര്‍ത്തി എ.ഡി 574ല്‍ നിര്‍മ്മിച്ചതായിരുന്നു. പ്രവാചകന്‍ മുഹമ്മദ് നബി (സ) ശിശുവായിരിക്കുമ്പോള്‍ സുല്‍ത്താന്‍ മുഹമ്മദ് രണ്ടാമന്റെ കാലത്താണ് തുര്‍ക്കി പട്ടാളം കോണ്‍സ്റ്റാന്റിനോപ്പിള്‍ കീഴടക്കിയത്. പട്ടാളം ദേവാലയത്തില്‍ കയറുകയും ബാങ്ക് കൊടുക്കുകയും ദേവാലയം മുസ്‌ലിം പള്ളിയായി പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനെതിരില്‍ ഇസ്തംബൂളിലെ പണ്ഡിതന്മാര്‍ പ്രതിഷേധിക്കുകയും രോഷാകുലരായ തദ്ദേശവാസികളായ ക്രിസ്ത്യാനികളോട് മാപ്പു പറയുകയും ഈ നടപടിക്കു അനുവാദം നല്‍കിയവര്‍ക്ക് കഠിന ശിക്ഷ നല്‍കുകയും ചെയ്തു. ദേവാലയം ക്രിസ്ത്യാനികള്‍ക്കു തിരിച്ചേല്‍പ്പിച്ചപ്പോള്‍ അവരതു സ്വീകരിച്ചില്ല. അതൊരു മ്യൂസിയമായി പരിരക്ഷിക്കാനായിരുന്നു തീരുമാനം. ഡക്കാനില്‍ ഇരുപത്തഞ്ച് വര്‍ഷം ഭരണം നടത്തിയ ഔറംഗസീബ് ചക്രവര്‍ത്തി ഒരൊറ്റ ദേവാലയവും നശിപ്പിച്ചിട്ടില്ലെന്ന വസ്തുത ശ്രദ്ധേയമാണ്. അദ്ദേഹത്തിന്റെ മഖ്ബറക്ക് സമീപം രണ്ടു നാഴിക ദൂരത്തിലാണ് നൂറുകണക്കിന് വിഗ്രഹമുള്ള എല്ലോറയിലെ മഹാക്ഷേത്രം. സുല്‍ത്താന്‍ മഹ്മൂദ് ഗസ്‌നവി തലസ്ഥാനമായ ഗസ്‌നിയയില്‍ സുന്ദരമായൊരു ക്ഷേത്രം പണിതത് ബഹുസ്വര സംസ്‌കാരത്തിന്റെ നക്ഷത്ര ശോഭയുള്ള അധ്യായമാണ്. ഗുജറാത്തിലെ ഭരണം ലഭിച്ചപ്പോള്‍ അതിലെ ഗവര്‍ണ്ണര്‍ പദവി നല്‍കിയത് സോമനാഥക്ഷേത്രത്തിലെ സന്യാസിയായ ദേവസരമിന്നാണ്. തന്റെ സര്‍വ്വ സൈന്യാധിപന്മാര്‍ ഹിന്ദുക്കളായ തിലകനും സാവന്തറായിയുമായിരുന്നു.

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter