ജെ.എന്‍.യു: സംഘ്പരിവാറിനു മുമ്പില്‍ ഇന്ത്യ തോല്‍ക്കാതിരിക്കട്ടെ
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ മതേതരത്വ രാഷ്ട്രമാണ് ഇന്ത്യ എന്നാണല്ലോ വെപ്പ്. ഭരണഘടനയും അങ്ങനെത്തന്നെയാണ് പ്രഖ്യാപിക്കുന്നതും. എന്നാല്‍, രാജ്യസ്‌നേഹം ചിലരുടെ ഞരമ്പില്‍ മാത്രം ത്രസിക്കുന്ന വികാരമായും അവരെ മാത്രം വ്രണപ്പെടുത്തുന്ന വിഷയമായും മാറിയതുപോലെയുണ്ട് ഇന്നത്തെ പല സംഭവവികാസങ്ങളും. ചില പ്രത്യേക വിഭാഗങ്ങളെ മാത്രം നിയമത്തിന്റെ മുനമ്പില്‍ നിര്‍ത്തി പീഢിപ്പിക്കുമ്പോഴോ അവരുടെ എഴുത്തും എഴുന്നേല്‍പ്പും രാജ്യദ്രോഹമായി മുദ്രകുത്തപ്പെടുമ്പോഴോ ഈ ഞരമ്പുരോഗങ്ങള്‍ എവിടെയും പ്രകടമാകുന്നുമില്ല. രാജ്യമെന്നത് തങ്ങളുടെ അടുക്കളയിലെ ചോറാണെന്നാണ് ഇവന്മാര്‍ അടിക്കടി പറയാന്‍ ശ്രമിക്കുന്നത്. രാജ്യത്തിന്റെ ബഹുസ്വര മൂല്യങ്ങളും സഹവര്‍ത്തിത്വ പാരമ്പര്യങ്ങളും അവരുടെ ഡിഷ്‌നറിയില്‍നിന്നുതന്നെ അന്യം നില്‍ക്കുന്നു.
അലീഗറിന്റെയും ജാമിഅയുടെയും ന്യൂനപക്ഷ പദവികള്‍ക്കെതിരെയുള്ള വിറളിപിടിക്കുകളും ഒടുവില്‍ ജെ.എന്‍.യുവിന്റെ യശസ്സ് തകര്‍ക്കുന്ന തേര്‍വാഴ്ച്ചകളുമെല്ലാം മോദി സര്‍ക്കാര്‍ നോമ്പുനോറ്റ് കാത്തിരിക്കുന്ന അവരുടെ ചില അജണ്ടകളുടെ സാക്ഷാല്‍കാരത്തിലേക്കാണ് കാര്യങ്ങളെ കൊണ്ടെത്തിക്കാന്‍ ശ്രമിക്കുന്നത്. യൂണിവേഴ്‌സിറ്റിലെ ചില വിദ്യാര്‍ത്ഥികള്‍ അഫ്‌സല്‍ ഗുരുവിനെ അനുസ്മരിച്ചതാണോ തെറ്റ്? അതോ അദ്ദേഹത്തിന്റെ പേരില്‍ മുദ്രാവാക്യങ്ങളുയര്‍ന്നതോ? ജെ.എന്‍.യുവിനെ മനസ്സിലാക്കിയവര്‍ക്കറിയാം, വിവിധ കാഴ്ചപ്പാടുകളും അഭിപ്രായങ്ങളുമുള്ള വിദ്യാര്‍ത്ഥികളുടെ സജീവ സാന്നിധ്യമാണ് ഈ കലാലയത്തിന്റെ മേന്മതന്നെ. നമ്മുടെ നാട്ടിലെ കലാലയങ്ങളെപ്പോലെ ഏതെങ്കിലും ഒരു പാര്‍ട്ടിക്കും അവരുടെ ആദര്‍ശത്തിനും മാത്രം മേല്‍ക്കോഴ്മ സ്ഥാപിച്ച് മറ്റുള്ളവരുടെയെല്ലാം അഭിപ്രായങ്ങളെ അടിച്ചമര്‍ത്താന്‍ അവിടെ സാധ്യമല്ല. എല്ലാവര്‍ക്കും അവരുടെ അഭിപ്രായങ്ങള്‍ പറയാനും പ്രകടിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം അവിടെയുണ്ട്. അതാണ് ജെ.എന്‍.യുവിന്റെ മേന്മയും പ്രത്യേകതയും. ഫ്രീഡം ഓഫ് എക്പ്രഷന്‍ നിലനിര്‍ത്തുന്ന ആ ഒരു തുരുത്തിനെയും കൂടി തങ്ങളുടെ പാര്‍ട്ടി ഓഫീസാക്കാനാണ് മോദിയും രാജ്‌നാഥ് സിങുമെല്ലാം കിണഞ്ഞു ശ്രമിക്കുന്നത്. കാമ്പസിലെ എ.ബി.വി.പി അതിനുള്ള പാലങ്ങള്‍ വെച്ചുകൊടുക്കുകയും ചെയ്യുന്നു.
തങ്ങളുടെ അനുസ്മരണവും മുദ്രാവാക്യവും രാജ്യദ്രോഹമാണോ എന്നത് ജെ.എന്‍.യുവില്‍ ചര്‍ച്ചതന്നെയല്ല, പലരും അതിനെ പ്രശ്‌നവല്‍കരിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും. എന്തുകൊണ്ട് അത് ചെയ്തുകൂടായെന്നാണ് വിദ്യാര്‍ത്ഥികളുടെ ചോദ്യം. കാരണം, ആ വൈവിധ്യവും സ്വാതന്ത്ര്യവുമാണ് കാമ്പസിന്റെ വിജയവും. കേവലം ചില മുദ്രാവാക്യങ്ങള്‍കൊണ്ട് തകര്‍ന്നുവീഴുന്നതാണോ ഇന്ത്യയുടെ മതേതരത്വം എന്ന് അവരിന്നും ആവര്‍ത്തിച്ച് ചോദിക്കുന്നു. ഭൂരിപക്ഷം വിദ്യാര്‍ത്ഥികളടങ്ങുന്ന വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ ഇതിലും തീക്ഷ്ണതയേറിയ പല പ്രോഗ്രാമുകളും അവിടെ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. അവരെല്ലാം ഇന്ത്യക്കാരും ജന്മഗേഹമെന്ന നിലയില്‍ രാജ്യത്തെ സ്‌നേഹിക്കുന്നവരുമാണ്. രാജ്യം വളരണമെന്നും കക്ഷിത്വവും വര്‍ഗീയതയുമില്ലാതെ ഉന്നതി പ്രാപിക്കണമെന്നുമാണ് എല്ലാവരുടെയും ആഗ്രഹവും. പിന്നെ, ആക്ഷേപങ്ങളും ആരവങ്ങളുമുയരുന്നത് സര്‍ക്കാര്‍ ചെലവില്‍ മോദി ഭരണകൂടം നടത്തുന്ന വര്‍ഗീയ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കെതിരെ മാത്രമാണ്. ഇതിനെതിരെ മൗനം പാലിക്കാന്‍ എങ്ങനെയാണ് വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ക്ക് സാധിക്കുക? ജാതിയും മതവും നോക്കാതെ നീതി തൂക്കിലേറ്റപ്പെട്ടപ്പോഴെല്ലാം അതിനെതിരെ ശക്തമായ എതിര്‍പ്പുകള്‍ ഉണ്ടായിട്ടുണ്ട്. അത് ഉണ്ടാവുകയും ചെയ്യും. യാക്കൂബ് മേമന്റെ വധം അതിനൊരു ഉദാഹരണമാണ്. ബോംബെ സ്‌ഫോഡനവുമായി ബന്ധപ്പെട്ട് യഥാര്‍ത്ഥ കുറ്റവാളികടക്കം നൂറുക്കണക്കിനാളുകള്‍ നിയമത്തിനു മുമ്പില്‍ വരാതെ മാറ്റിനിര്‍ത്തപ്പെടുകയും ചില യാഥാര്‍ത്ഥ്യങ്ങള്‍ സത്യന്ധമായി തുറന്നുപറഞ്ഞതു കൊണ്ടുമാത്രം അദ്ദേഹം നിര്‍ദ്ദാക്ഷിണ്യം തൂക്കിലേറ്റപ്പെടുകയും ചെയ്തപ്പോള്‍ ഇതില്‍ നീതിയെവിടെയെന്ന് ചോദിച്ച് ജെ.എന്‍.യുവിലും മറ്റു പല കാമ്പസുകളിലും ശക്തമായ പ്രതിഷേധ റാലികളും കോലം കത്തിക്കലും നടന്നിട്ടുണ്ട്. ഇത് മനുഷ്യത്വം നശിക്കാത്ത ഒരു വിഭാഗം ഇന്നും ഇവിടെ ബാക്കിയുണ്ട് എന്നതിനുള്ള ഏറ്റവും വലിയ തെളിവാണ്. ഇന്ത്യയില്‍ അധികാരവും അഹങ്കാരവുമുപയോഗിച്ച് കലാപങ്ങളേതും നടക്കരുതെന്നും എല്ലാറ്റിലും നീതി പുലരണമെന്നും കൊതിക്കുന്നവരുടെ ദാഹമാണത്. ഇന്ത്യയിലെ കാമ്പസുകള്‍ നല്‍കുന്ന ഏറ്റവും വലിയ പ്രതീക്ഷയും ഈ മൂല്യ പ്രതിപത്തിയാണ്. മനുഷ്യനേതായാലും ജാതിയേതായാലും ജീവനുള്ള ഏല്ലാറ്റിനും നീതിനിഷ്ഠമായ ജീവിതം സാധ്യമാക്കണമെന്ന ആശയം അവ ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്. നാലാള്‍ അംഗബലം വരുന്ന വര്‍ഗീയ വിദ്യാര്‍ത്ഥി പ്രസ്ഥാനം കാമ്പസിന്റെ സ്പന്ദനങ്ങള്‍ ഒറ്റുകൊടുത്തതുകൊണ്ട് അസ്തമിച്ചുപോകുന്നതല്ല ഈ ദാഹം. നമ്മുടെ രാജ്യത്ത് കാവി പാഷാണം കൊണ്ട് ജീവനുള്ള വിദ്യാര്‍ത്ഥീ ആത്മാവുകള്‍ ചായം മുക്കപ്പെടാത്ത കാലമത്രയും മനുഷ്യാവകാശ വിഷയത്തില്‍ നമ്മുടെ കാമ്പസുകള്‍ ഉണര്‍ന്നുതന്നെയിരിക്കും. അതില്‍ യാതൊരു സംശയവുമില്ല. കാവി കാഴ്ചപ്പാടിനെ ബാധിക്കുമ്പോള്‍ മാത്രമാണ് സംഘിക്കു മാത്രമേ രാജ്യത്തെ സ്‌നേഹിക്കാന്‍ കഴിയൂ എന്ന തലത്തിലേക്ക് ചിലരുടെ ചിന്തകള്‍ എത്തുന്നത്. രാജ്യം സ്‌നേഹം സ്ഥിരീകരിക്കാന്‍ ആര്‍.എസ്.എസിന്റെ ഏതെങ്കിലും ലോക്കല്‍ കമ്മിറ്റിയുടെ വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റൊന്നും വാങ്ങാന്‍ മാത്രം അധ:പതിച്ചിട്ടില്ല ഇന്ത്യയിലെ പ്രബുദ്ധരായ ഇതര മത-സംഘടനാ വിഭാഗങ്ങള്‍ എന്നത് ഒരിക്കലും മായ്ക്കാനാകാത്ത വസ്തുതയാണ്.
രാജ്യത്തിന്റെ ഉന്നത ശീര്‍ഷരായ പലരുടെയും ഘാതകന്മാര്‍ സംപൂജ്യരായി ആദരിക്കപ്പെടുകയും നിയമങ്ങള്‍ ബാധകമാകാതെ വിലസുകയും ചെയ്യുന്ന രാജ്യത്ത് മുസ്‌ലിം നാമമുള്ളവര്‍ സംശയിക്കപ്പെടുമ്പോഴേക്കും സത്യം എന്ത് എന്നുപോലും അന്വേഷിക്കാതെ നിയമം നടപ്പാക്കാന്‍ ആയിരം നാവുകള്‍ ഉയരുന്നതെന്ത് എന്നതാണ് ഏവരെയും ചിന്തിപ്പിക്കുന്ന ഏറ്റവും വലിയ ചോദ്യം. ഈയൊരു സാധ്യതയെയാണ് കാവി ഭരണകൂടം ശക്തമായി ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഇതിനായി പലപ്പോഴും അവര്‍തന്നെയാണ് തിരക്കഥയൊരുക്കുന്നതെന്നതും മറ്റൊരു വസ്തുത. ജെ.എന്‍.യുവില്‍തന്നെ മുദ്രാവാക്യം വിളിച്ചത് എ.ബി.വി.പി പ്രവര്‍ത്തകരാണെന്ന് ക്യാമറകള്‍ സാക്ഷി പറയുന്നുണ്ട്. ദാദ്രിയില്‍ അഖ്‌ലാഖ് എന്ന വയോധികന്‍ മാട്ടിറച്ചി സൂക്ഷിച്ചുവെന്ന് ആക്രോശിക്കപ്പെടുകയും അങ്ങനെ വധിക്കപ്പെടുകയും ശേഷം അത് ആട്ടിറച്ചിയായിരുന്നുവെന്ന് വ്യക്തമാവുകയും ചെയ്തതുപോലെ ഇവിടെയും സത്യം പുറത്തുവരുന്നതിനു മുമ്പ് തങ്ങളുടെ വര്‍ഗീയ ലക്ഷ്യം സാധിച്ചെടുക്കുകയെന്നതാണ് ഈ നാടകത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ ഏറ്റവും ഹീനമായ ലക്ഷ്യം.
രാജ്യത്ത് താമസിക്കുന്നവര്‍ക്ക് താന്‍ ഈ രാജ്യത്തിന്റെ അവകാശിയാണെന്ന ബോധം നല്‍കാന്‍ ഇവിടത്തെ ഭരണ വര്‍ഗങ്ങള്‍ക്ക് കഴിതായെ പോകുന്നതാണ് പലപ്പോഴും നീതിക്കുവേണ്ടി കേഴാന്‍ ഇവിടത്തെ വിദ്യാര്‍ത്ഥികളെയും പൊതു ജനങ്ങളെയും പ്രേരിപ്പിക്കുന്നത്. ഈ പ്രശ്‌നത്തിനു പരിഹാരം കാണുന്നതിനു പകരം അവകാശത്തിനുവേണ്ടിയുള്ള സമരങ്ങളെ രാജ്യദ്രോഹമായി അവതരിപ്പിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ നാം കാണുന്നത്. അയാം ഫ്രം കശ്മീര്‍, നോട്ട് ഇന്ത്യന്‍ എന്നു പറയുന്ന വലിയൊരു വിഭാഗവും ഇന്ന് ഇന്ത്യന്‍ ക്യാമ്പസുകളില്‍ വളര്‍ന്നുവരുന്നുണ്ട്. ഭരണകൂടവും സൈന്യവും അവിടെ നടത്തുന്ന തുല്യതയില്ലാത്ത പീഢനങ്ങളും ആക്രമണങ്ങളുമാണ് ഇതിനു അടിസ്ഥാന കാരണം. ഈ കാരണങ്ങള്‍ക്ക് തക്കതായ പരിഹാരങ്ങള്‍ കൊണ്ടുവരികയും അതിനുള്ള വഴികളെക്കുറിച്ച് ചിന്തിക്കുകയും ചെയ്യുകയെന്നതാണ് ഈ പ്രശ്‌നമവസാനിപ്പിക്കാന്‍ ഏറ്റവും ആവശ്യമായിട്ടുള്ള കാര്യം. രാജ്യത്തെ ഓരോ പൗരനും ഒരു ഉടമസ്ഥാവകാശബോധം (awarness of belonging) നല്‍കാന്‍ കഴിയുകയെന്നതാണ് ഒരു നല്ല ഭരണകൂടത്തിനു ചെയ്യാന്‍ പറ്റുന്ന ഉത്തമമായൊരു കാര്യം. അതേ സമയം അന്യതാബോധം വളര്‍ത്തുന്നത് ഒരു രാജ്യത്തെ അരക്ഷിതാവസ്ഥയിലേക്കു വലിച്ചിടാനുള്ള എളുപ്പവഴിയുമായിരിക്കും.



Leave A Comment