മുഹ്‌യിദ്ദീന്‍ മാല എന്നെ എഴുത്തുകാരനാക്കി

 width=ജീവിതത്തില്‍ എന്നെ ഏറ്റവുമധികം ആകര്‍ഷിച്ച ഗ്രന്ഥം മുഹ്‌യിദ്ദീന്‍ മാലയാണ്. ആ കൃതിയുടെ അസാമാന്യമായ സാഹിത്യഭംഗി, ഹൃദയസ്പൃക്കായ കാവ്യഭാവന, സൂക്ഷ്മമായ പ്രതിബിംബങ്ങള്‍, സുന്ദരമായ കല്‍പ്പനകള്‍ എല്ലാം എന്നെ ആകര്‍ഷിച്ചു. ചെറുപ്പത്തില്‍ ഉപ്പൂമ(ഉപ്പയുടെ ഉമ്മ) ചൊല്ലുന്നത് കേട്ടാണ് ഞാനത് പഠിച്ചെടുക്കുന്നത്. നീട്ടിയും മണിച്ചും പ്രത്യേക ഈണത്തില്‍ ഉപ്പൂമ മാല ചൊല്ലുമ്പോള്‍ ഞാന്‍ അടുത്തിരുന്ന് കേള്‍ക്കും. ഓരോ തവണ കേള്‍ക്കുമ്പോഴും ആ സ്വരമാധുരിയുടെ വിശുദ്ധിയില്‍ ഞാനലിഞ്ഞുചേരും. ഉപ്പൂമയുടെ മടിയിലിരുന്ന് മാലയ്ക്കായി കാത്തിരുന്ന ആ നിമിഷങ്ങള്‍ എന്റെ കുട്ടിക്കാലത്തെ മധുരമേറിയ അനുഭവങ്ങളാണ്.  കാലങ്ങള്‍ക്കു ശേഷം മുഹ്‌യിദ്ദീന്‍ മാല വിശദമായി പഠിച്ചപ്പോള്‍ സാഹിത്യകല്‍പ്പനകളുടെ (ഇമേജറി) ഈ അത്ഭുതലോകം വിസ്മൃതമാകുന്നതില്‍ ഞാന്‍ ഏറെ ദുഃഖിച്ചു.

കുശമേറും രാവില്‍ നടന്നങ്ങുപോകുമ്പോള്‍ കൈവിരല്‍ ചൂട്ടാക്കി കാട്ടിക്കൊടുത്തോവര്‍

മുഹ്‌യിദ്ദീന്‍ മാലയില്‍ ഖാളി മുഹമ്മദ് മുഹ്‌യിദ്ദീന്‍ ശൈഖിനെ വിവരിക്കുന്ന ഒരു രംഗമാണിത്. കൂരിരുട്ടുള്ള രാത്രിയില്‍ സഹായിക്കാനാരുമില്ലാതെ നടന്നുപോകുന്ന ഒരു സാധാരണക്കാരനെ കൈവിരല്‍ ചൂട്ടാക്കിക്കാണിച്ച് വെളിച്ചത്തിലേക്കു വഴിനടത്തുന്ന ഒരു പ്രതിബിംബകല്‍പ്പന അത്യധികം അസാമാന്യമാണ്. ഇത്തരമൊരു പ്രതിബിംബം പിന്നീട് ഞാന്‍ വായിച്ചത് ആന്‍ഡേഴ്‌സന്റെ കഥയിലാണ്. എല്ലാ മുന്‍ധാരണകളെയും യുക്തിയെയും കൈവെടിഞ്ഞ് ഉപബോധമനസ്സിന്റെ ചിത്രങ്ങളെ കൃത്യമായി അവതരിപ്പിക്കുന്ന സര്‍റിയലിസത്തിന്റെ സാഹിത്യഘടകങ്ങള്‍ നമുക്ക് കൃത്യമായി വായിക്കാന്‍ കഴിയുന്ന വരികളാണ് മുഹ്‌യിദ്ദീന്‍ മാലയിലെ

കോഴീടെ മുള്ളോട് കൂവെന്ന് ചൊന്നാരെ കൂസാതെ കൂവി പറപ്പിച്ചു വിട്ടോവര്‍  എന്ന പ്രസിദ്ധമായ രണ്ടു വരികള്‍. നാല്‍പതുവട്ടം ജനാബത്തുണ്ടായോറ് നാല്‍പതുവട്ടവും ഒരു രാ കുളിച്ചോവര്‍

എന്ന വരി ഒരുപക്ഷേ, ലോക ക്ലാസിക്കുകളില്‍പോലും വായിക്കാന്‍ കഴിയാത്ത തരത്തില്‍ അസാമാന്യമായ പുരുഷശക്തിയുടെ അമ്പരപ്പിക്കുന്ന പ്രതിബിംബങ്ങള്‍ അവതരിപ്പിക്കുന്നു. ഓര്‍മയില്‍ നില്‍ക്കുന്ന ചില വരികള്‍ മാത്രം ഉദ്ധരിച്ചതാണിവിടെ. ഈ രീതിയില്‍, അസാമാന്യമായ സാഹിത്യഭംഗിയും കഥാതന്തുവും പ്രധാനം ചെയ്യുന്ന ഒട്ടനവധി രംഗങ്ങള്‍ മുഹ്‌യിദ്ദീന്‍ മാലയിലുണ്ട്. ഇതേക്കുറിച്ച് കൃത്യമായ പഠനവും ഗവേഷണവും ഇനിയും നടക്കേണ്ടതുണ്ട്. ചരിത്രവും സംസ്‌കാരവും സാഹിത്യഭംഗിയും സംയോജിക്കപ്പെട്ട ഇതിലെ ഓരോ വരിയെക്കുറിച്ചും ഗവേഷണം നടക്കണം. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, മുസ്‌ലിംകളില്‍ സുന്നികള്‍ പോലും മുഹ്‌യിദ്ദീന്‍ മാലയെക്കുറിച്ച് രാചനാപരമായ പഠനങ്ങള്‍ നടത്താന്‍ തയ്യാറാകുന്നില്ല.

മുമ്പു കാലങ്ങളില്‍ മുസ്‌ലിംകള്‍ വ്യാപകമായി അനുവര്‍ത്തിച്ചുപോന്നിരുന്ന ഉറുക്ക്, മന്ത്രം, വെള്ളം മന്ത്രിച്ചൂതല്‍ തുടങ്ങിയ സമ്പ്രദായങ്ങളെ പിന്തിരിപ്പനെന്നു പറഞ്ഞ് പരിഹസിച്ചുതള്ളുന്നത് സൂക്ഷ്മമായി പറഞ്ഞാല്‍ ചരിത്രബോധമില്ലാത്തതുകൊണ്ടാണ്. കളങ്കമില്ലാത്ത മനസ്സുകളുടെ വിശുദ്ധിയായിരുന്നു ഉറുക്കും മന്ത്രവും. എന്റെ ഉമ്മ ഇപ്പോഴും എന്നെ മന്ത്രിക്കാറുണ്ട്. കണ്ണേറില്‍നിന്നു രക്ഷ കിട്ടട്ടെ എന്നും പറഞ്ഞ് പലപ്പോഴും എന്നെ ഉമ്മ മന്ത്രിക്കും. ചില പ്രത്യേക ദിക്‌റുകള്‍ ചൊല്ലി ഉമ്മ എന്നെ ഊതുമ്പോള്‍ ഒരു പ്രത്യേക ആനന്ദമാണ്. എവിടെനിന്നും കിട്ടാത്ത ഒരു സമാശ്വാസം അനുഭവിക്കുന്ന പോലെ. ഊര്‍ജത്തിന്റെ ഒരു വലിയ പ്രവാഹം വിടരുന്ന പോലെ ഞാനത് ഇന്നും അനുഭവിക്കുന്നു.

ജലത്തെക്കുറിച്ചു മാത്രം 30 വര്‍ഷത്തോളം പഠനം നടത്തിയ ജപ്പാന്‍കാരനായ മസാറൂ ഇമോട്ടോ പറയുന്നത് ജലത്തിന് സ്വന്തമായ രീതിയില്‍ പ്രതികരണശേഷിയുണ്ടെന്നാണ്. 'സ്വയം ഊര്‍ജം പ്രധാനംചെയ്യുന്ന കണികകളാണ് ഓരോ ജലത്തുള്ളിയും'-അദ്ദേഹം തന്റെ ഗവേഷണത്തില്‍ സമര്‍ത്ഥിക്കുന്നു. അങ്ങനെ സ്വയം പ്രതികരിക്കാന്‍, ഊര്‍ജത്തിന്റെ കണികകള്‍ സ്വയം സൃഷ്ടിക്കാന്‍ ജലത്തിന്റെ ഒരു ചെറുതുള്ളിക്ക് കഴിയുമെങ്കില്‍ മന്ത്രിച്ചൂതിയ ജലത്തിലെ ഓരോ കണികയും ഊര്‍ജത്തിന്റെ വിസ്മയാവഹമായ പ്രവാഹമാണ് എന്ന് എനിക്കെങ്ങനെ വിശ്വസിക്കാതിരിക്കാനാവും?. പക്ഷേ, ഇത് ചെയ്യുന്നവര്‍ക്ക് അസാമാന്യമായ ഹൃദയവിശുദ്ധിയും പരസ്‌നേഹവും ഉണ്ടായിരിക്കണം. ഇല്ലെങ്കില്‍ അത് അന്ധവിശ്വാസമായി മാറും. മന്ത്രിച്ച ശേഷം ഉപ്പൂമ എന്റെ ചെവിയിലൂതുന്ന ശബ്ദം ഇപ്പോഴും ചെവിയില്‍ പ്രസരിക്കുന്ന വചനോര്‍ജം പോലെ. പ്രഗല്‍ഭനായ മനശ്ശാസ്ത്രജ്ഞന്റെ നാവില്‍ നിന്നു കിട്ടുന്ന കൗണ്‍സിലിങ്ങിനെക്കാള്‍ ആശ്വാസദായകമാണവ.

എന്നാല്‍, ശാസ്ത്രവും യുക്തിയും അവതരിപ്പിച്ച് ഇന്നു ചിലര്‍ ഇത്തരം ശീലങ്ങളെ എതിര്‍ക്കുന്നു. അനാവശ്യമായ പ്രചാരണങ്ങള്‍ മാത്രമാണവ. വിശ്വാസവും ശാസ്ത്രവും രണ്ടാണ്. രണ്ടിനെയും കൂട്ടിക്കലര്‍ത്തേണ്ട ആവശ്യമില്ല. നിസ്‌കരിക്കുന്നത് പാന്‍ക്രിയാസ് ഗ്രന്ഥികളെ ആരോഗ്യപൂര്‍ണമാക്കുകയും ഗ്രന്ഥികളെ ഉത്തേജിപ്പിക്കുകയും ചെയ്യുമെന്ന് അവര്‍ പറയും. എന്നാല്‍, ഇത്തരം ധാരണകള്‍ പുലര്‍ത്തുന്നത് അബദ്ധമാണ്. കാരണം, ശാസ്ത്രം മാറിക്കൊണ്ടേയിരിക്കും. നിസ്‌കാരം ആരോഗ്യത്തെ ഉത്തേജിപ്പിക്കുമെന്ന് ഇന്ന് ശാസ്ത്രം പറയുമെങ്കില്‍ നാളെ അത് പാന്‍ക്രിയാസ് ഗ്രന്ഥിയെ നശിപ്പിക്കുമെന്ന് പറയും. അപ്പോള്‍ ഇവരെന്തു ചെയ്യും. അതുകൊണ്ടു തന്നെ ഇത്തരം പ്രവര്‍ത്തനങ്ങളെ ശാസ്ത്രവുമായി ഘടിപ്പിക്കുന്നതിനെ ഞാനനുകൂലിക്കുന്നില്ല. സ്വയം സമര്‍പ്പണമാണ് വിശ്വാസം. അതുകൊണ്ടു തന്നെ അതില്‍ ലോജിക് കലര്‍ത്തേണ്ടതില്ല. ഉമ്മ എന്നെ മുളകും കുരുമുളകും ചേര്‍ത്തി മന്ത്രിക്കുമ്പോള്‍ അവ പകര്‍ന്നേകുന്ന ഊര്‍ജത്തെയാണ് ഞാന്‍ വിലമതിക്കുന്നത്. ഊര്‍ജം കാണാന്‍ പറ്റില്ല. പക്ഷേ, വിശ്വസിക്കില്ലെന്ന് പറയാനാകില്ല. കറന്റ് നാം കാണുന്നില്ലെങ്കിലും അതിന്റെ ഊര്‍ജം നാം അനുഭവിക്കുന്നു. അതിനെ അംഗീകരിക്കുന്നു. ഉമ്മ ഉഴിഞ്ഞൂതുമ്പോള്‍ ഉമ്മ ആവാഹിച്ചെടുക്കുന്ന വിശുദ്ധിയുടെ ഊര്‍ജം മുഴുവനായും എന്റെ ദേഹത്തേക്ക് പകരുകയാണ്. ഉമ്മയുടെ പ്രാര്‍ത്ഥനകള്‍ വെള്ളത്തിലേക്ക് സംക്രമിക്കുന്നു. ആ വെള്ളമാണ് ഞാന്‍ കുടിക്കുന്നത്, അല്ലെങ്കില്‍ ആ ഊര്‍ജമാണ് എന്നെ ഉഴിയുന്നതിലൂടെ ഞാനനുഭവിക്കുന്നത്. അതോടെ എന്റെ ശരീരം കൂടുതല്‍ റിലാക്‌സ്ഡ് ആകുന്നു. അപ്പോള്‍ ഞാനനുഭവിക്കുന്ന വികാരം പറഞ്ഞറിയിക്കാനാവില്ല.

പ്രാര്‍ത്ഥനയാണ് മനുഷ്യനെ മുന്നോട്ടുനയിക്കുന്ന ഏറ്റവും നല്ല പ്രചോദകം. പ്രാര്‍ത്ഥന കേവലം ഭക്തിപ്രകടനം മാത്രമല്ല. 'പ്രാര്‍ത്ഥന' എന്ന വാക്കിന് 'ആഗ്രഹം' എന്ന അര്‍ത്ഥം കൂടിയുണ്ട്. ആഗ്രഹങ്ങളാണ് പ്രാര്‍ത്ഥനകളാകുന്നത്. പ്രാര്‍ത്ഥനകളില്‍നിന്ന് മനസ്സിനു ലഭിക്കുന്ന പ്രതീക്ഷകളാണ് മനുഷ്യജീവിതത്തെ മുന്നോട്ടുനയിക്കുന്നത്. പ്രാര്‍ത്ഥിക്കുന്ന ഹൃദയങ്ങള്‍ കരുത്തിന്റെ പ്രതീകങ്ങളായിരിക്കും. പ്രാണിക് ഹീലിങ് എന്ന ചികിത്സാരീതി നിശ്ശബ്ദപ്രാര്‍ത്ഥനയുടെ ഒരു പുതിയ വകഭേദമാണ്. പക്ഷേ, എല്ലാത്തിനും ഹൃദയവിശുദ്ധി അനിവാര്യമാണ്. ഹൃദയവിശുദ്ധിയില്ലാത്തവര്‍ കൈകാര്യം ചെയ്യുമ്പോഴാണ് പ്രാര്‍ത്ഥനയുടെയും ഉറുക്കിന്റെയുമെല്ലാം വിശുദ്ധി തകരുന്നത്.

മുഹ്‌യിദ്ദീന്‍ മാല പോലെ എന്റെ സ്വകാര്യ ലൈബ്രറിയില്‍ ഞാന്‍ നിധിപോലെ സൂക്ഷിക്കുന്ന മറ്റൊരു ശേഖരമാണ് കെ.വി.എം.പന്താവൂരിന്റെ പുസ്തകങ്ങള്‍. അദ്ദേഹത്തിന്റെ 'ഔലിയാക്കള്‍ അത്ഭുതങ്ങളുടെ കലവറകള്‍' എന്ന വിവര്‍ത്തനഗ്രന്ഥം  പലതവണ വായിച്ചിട്ടുണ്ട്. അതിലെ നിമിഷങ്ങള്‍ക്ക് വര്‍ഷങ്ങളുടെ ദൈര്‍ഘ്യം എന്ന കഥ ഇപ്പോഴും എന്റെ ഓര്‍മയിലുണ്ട്.

ബാഗ്ദാദിലെ ഒരു പ്രധാന പള്ളിയില്‍ ഖത്തീബായിരുന്ന ഒരു ഇമാം ഒരുദിവസം ഖുര്‍ആന്‍ വായിക്കവെ  വിചാരണദിവസത്തിന് അമ്പതിനായിരം വര്‍ഷങ്ങളേക്കാള്‍ ദൈര്‍ഘ്യമുണ്ടാകുമെന്ന വചനം വായിക്കാനിടയായി. അവിശ്വാസികള്‍ക്ക് അമ്പതിനായിരം വര്‍ഷങ്ങളുടെ ദൈര്‍ഘ്യമുള്ളതായി വിചാരണദിവസം അനുഭവപ്പെടുമെന്നര്‍ത്ഥം. എന്നാല്‍ പുണ്യാത്മാക്കള്‍ക്ക് ഇത് കേവലം രണ്ടു റക്അത്ത് നിസ്‌കാരത്തിന്റെ ദൈര്‍ഘ്യം മാത്രമായേ അനുഭവപ്പെടൂ. ഒരേ കാലഗണന തന്നെ രണ്ടു പേര്‍ക്ക് എങ്ങനെ വ്യത്യസ്തമായി സമീപിക്കാനാകും എന്നായിരുന്നു അദ്ദേഹത്തിന്റെ ആലോചന. ആലോചനയില്‍ മുഴുകിയ അദ്ദേഹത്തിന് തന്റെ വിശ്വാസം നഷ്ടപ്പെടുന്നതു വരെയെത്തി. നേര്‍വഴി കാണിച്ചുതരാന്‍ അദ്ദേഹം അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചു. അന്ന് ജുമുഅ ദിവസം കുളിക്കാനായി ബാഗ്ദാദിലെ പ്രധാന നദിയിലേക്കു പോയി. വസ്ത്രം കരയില്‍  അഴിച്ചുവച്ച് നദിയില്‍ മുങ്ങി. ഒരു നിമിഷം കഴിഞ്ഞതേയുള്ളൂ. അദ്ദേഹം തല പുറത്തേക്കിട്ടു. നോക്കുമ്പോള്‍ പ്രദേശം ആകെ മാറിയതുപോലെ. ഒരു വിചിത്രമായ സ്ഥലം. അടുത്തുകണ്ട വ്യക്തി ആരാണെന്നു ചോദിച്ചപ്പോള്‍ ബാഗ്ദാദ് പള്ളിയിലെ ഖത്തീബ് ആണെന്നു പറഞ്ഞു. എന്തു ബാഗ്ദാദ് ഏതു പള്ളി എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഏതായാലും ആ നാട്ടിലെ പള്ളിയില്‍ ഒരു ഖത്തീബിനെ ആവശ്യമുണ്ടായിരുന്നു. നാട്ടുകാരുടെ ക്ഷണം സ്വീകരിച്ച് അദ്ദേഹം ആ പള്ളിയിലെ ഖത്തീബ് സ്ഥാനം ഏറ്റെടുത്തു. പിന്നീട് ഏറെക്കാലം അവിടെ ജോലി ചെയ്യുകയും അവിടെ വച്ചു തന്നെ വിവാഹം കഴിക്കുകയും ചെയ്തു. പിന്നീട് കാലമേറെ കഴിഞ്ഞശേഷം അദ്ദേഹം കുളിക്കാനായി നദിയിലിറങ്ങി തല പുറത്തിട്ടപ്പോള്‍ തന്റെ ആദ്യത്തെ സ്ഥലം. ബഗ്ദാദിലെ പഴയ പള്ളി. പഴയ ഖത്തീബ്, എല്ലാം പഴയ പടി. കാലസങ്കല്‍പ്പത്തിന്റെ  ഏറ്റവും നല്ല ദര്‍ശനം  ഈ കഥയില്‍ ഒളിഞ്ഞിരിപ്പുണ്ട്്. കാലസങ്കല്‍പ്പത്തെയും മനുഷ്യനന്മയെയും കുറിക്കുന്ന ഒട്ടനവധി കഥകള്‍  ആ പുസ്തകത്തില്‍നിന്ന് ഞാനേറെ വായിച്ചിട്ടുണ്ട്. പിന്നീട് ഇത്തരത്തിലുള്ള കഥകള്‍ വിവിധ ഭാഷകളിലെ ക്ലാസിക്കുകളില്‍ വായിക്കാനിടയായപ്പോള്‍ ഞാന്‍ ആ കഥകള്‍ വീണ്ടുമോര്‍മിക്കും. ഒരുതരം ഗൃഹാതുരത്വ സങ്കല്‍പ്പം പോലെ. ലുഖ്മാനുല്‍ ഹക്കീമിന്റെ ചരിത്രവും ഉപദേശങ്ങളും എന്ന കെ.വി.എം. പന്താവൂരിന്റെ മറ്റൊരു രചനയും എന്നെ ഏറെ ആകര്‍ഷിച്ചിട്ടുണ്ട്.

കാലസങ്കല്‍പ്പത്തെ ഏറ്റവും മനോഹരമായി വാഖ്യാനിച്ച  ഗ്രന്ഥമാണ് ഖുര്‍ആന്‍. ഖുര്‍ആനിലെ ഒരു അധ്യായം തുടങ്ങുന്നതു തന്നെ 'കാലമാണ് സത്യം' എന്നു പറഞ്ഞുകൊണ്ടാണ്. കാലം ഒരു മനശ്ശാസ്ത്ര ഘടകമാണ്. ഇഷ്ടപ്പെടുന്നവരുടെ കൂടെയിരിക്കുമ്പോള്‍ അതുവേഗം തീരുന്നതായി അനുഭവപ്പെടും. വെറുക്കുന്നവരോടൊപ്പമാണെങ്കില്‍ ദൈര്‍ഘ്യമേറെയുള്ളതായി അനുഭവപ്പെടും. കാലത്തിന്റെ ഈ സമസ്യകളെ സുന്ദരമായി വിവരിക്കുന്ന ഒട്ടനവധി സങ്കല്‍പ്പങ്ങള്‍ വിശുദ്ധ ഖുര്‍ആനില്‍നിന്ന് എനിക്കു വായിക്കാന്‍ സാധിച്ചിട്ടുണ്ട്.

മിത്തുകളും സൂഫികകഥകളും ചേര്‍ന്ന വായനാപരിസരങ്ങള്‍ പലപ്പോഴും എന്റെ നോട്ടക്കോണുകളായിരുന്നു.  തുഹ്ഫത്തുല്‍ മുജാഹിദീന്‍, കപ്പപ്പാട്ട്, നഫീസത്തുമാല തുടങ്ങിയ കൃതികള്‍ മുസ്‌ലിംകള്‍ക്കിടയില്‍നിന്നു  വന്ന മൗലികതയും ചിന്താശേഷിയുമുള്ള രചനകളാണ്. ഇന്ന് നമുക്കിവ അന്യാധീനപ്പെട്ടുപോവുന്നു.  അറബിമലയാളത്തിലെ ഇത്തരം മികച്ച സൃഷ്ടികളും 'ചന്തപ്പടിയും' 'തിരൂരങ്ങാടി'യും പഴയകാലത്ത് പുറത്തിറക്കിയ മഹത്ഗ്രന്ഥങ്ങളും  ചേര്‍ത്ത് ഒരു ആര്‍ക്കൈവ്‌സ് ഉണ്ടാക്കിയാല്‍ വരുംതലമുറയ്ക്ക് അതൊരു മുതല്‍ക്കൂട്ടായിരിക്കും. അല്ലെങ്കില്‍, ഒരു സമൃദ്ധമായ ചരിത്രശേഖരമായിരിക്കും നമുക്ക് നഷ്ടപ്പെടുക.

ഇന്ന് പലരംഗത്തുമെന്നപോലെ മൗലികത കുറഞ്ഞ പഠനങ്ങളും രചനകളുമാണ് പലപ്പോഴും പുറത്തുവരുന്നത്. പലതും അനുകരണങ്ങളും ആശ്രിതരചനകളുമാണ്. സര്‍ഗാത്മകതയും മനുഷ്യത്വവും നഷ്ടപ്പെട്ട രചനകള്‍. ഇത് മനുഷ്യന്റെ ചിന്താശേഷിയെ ദുര്‍ബലപ്പെടുത്തും. സമൂഹത്തിന്റെ ജ്ഞാനസമ്പാദനശീലങ്ങള്‍ക്ക് തുരങ്കംവയ്ക്കും.

എന്നും അപ്‌ഡേഷനായിരിക്കാനാണ് ഇസ്‌ലാം കല്‍പ്പിക്കുന്നത്. 'ചൈനയില്‍ പോയെങ്കിലും വിദ്യ നേടുക' എന്നാണ് പ്രവാചകര്‍ പഠിപ്പിച്ചത്. പക്ഷേ, പലപ്പോഴും പഴമയില്‍ കടിച്ചുതൂങ്ങാന്‍ തന്നെയായിരുന്നു നമ്മുടെ ശ്രമം. ഇതു നമ്മെ പിന്നോട്ടു വലിപ്പിച്ചു എന്നത് സത്യമാണ്. അരക്ഷിതബോധവും അപകര്‍ഷതയും അവസാനിപ്പിച്ച് കാലത്തിനുമീതെ സഞ്ചരിക്കാന്‍ നമുക്ക് കഴിയണം. മദ്‌റസയിലെ പാഠപുസ്തകങ്ങള്‍ കാലികവിഷയങ്ങളുമായി ബന്ധപ്പെടുത്തി  ആവശ്യമായ സന്ദര്‍ഭങ്ങളില്‍ പരിഷ്‌കരിക്കുകയും വിദ്യാര്‍ത്ഥികേന്ദ്രിത പഠനം സാധ്യമാക്കുകയും വേണം. അറബിക് കോളേജുകള്‍ ഇത്രയധികമുണ്ടായിട്ടും അറബി ഭാഷയും സാഹിത്യവും മലയാളത്തിന്റെ മുഖ്യധാരയില്‍ എത്തിക്കാന്‍ കഴിയാത്തതും ഖേദകരമാണ്. സാമൂഹിക നന്മ മുന്‍നിര്‍ത്തി ഇത്തരം വിഷയങ്ങള്‍ ഏറ്റെടുത്തുനടത്താന്‍ വളര്‍ന്നുവരുന്ന പണ്ഡിതസമൂഹം തയ്യാറാകുമെന്നാണ് എന്റെ പ്രതീക്ഷ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter