വിശുദ്ധ പശു രാജ്യം ഭരിക്കുന്ന കാലം
cooiപശുവുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ വര്‍ദ്ധിച്ചുവരുന്ന ദളിത് ആക്രമണങ്ങളുടെ വിഷയത്തില്‍ ദീര്‍ഘനാളത്തെ മൗനത്തിനു ശേഷം മോദി വായ തുറന്നത് മറ്റൊരു ചര്‍ച്ചക്ക് വഴിതുറന്നിരിക്കയാണിപ്പോള്‍. പശുത്തോല്‍ കടത്തിയെന്നാരോപിച്ചും മറ്റും ഗുജറാത്തില്‍ നടന്ന സംഭവങ്ങളും അതിനോട് ദളിതരുടെ ഭാഗത്തുനിന്നുണ്ടായ പ്രതികരണങ്ങളും തീക്ഷ്ണമായ അനുഭവങ്ങളാണ് ഗുജറാത്ത് സര്‍ക്കാറിന് സമ്മാനിച്ചിരിക്കുന്നത്. ഒടുവില്‍ പിടിച്ചുനില്‍ക്കാനാവാതെ മുഖ്യമന്ത്രിക്ക് രാജി വെക്കേണ്ട അവസ്ഥ പോലും ഉണ്ടായി അവിടെ. ഈയൊരു പശ്ചാത്തലത്തില്‍, യുപി ഇലക്ഷന്‍ മുന്നില്‍ കണ്ട്, ചില രാഷ്ട്രീയ കണ്ണുകളോടെ, ദളിതരെ പ്രീണിപ്പിച്ചുകൊണ്ട് മോദി നടത്തിയ പ്രസ്താവന പ്രധാനമന്ത്രിയുടെ വിധ്വംസക മുഖം തുറന്നുകാണിച്ചിരിക്കയാണ്. സഹോദരങ്ങള്‍ എന്നു സൂചിപ്പിച്ച് ദളിതരെ ചേര്‍ത്തുവെച്ചപ്പോള്‍ ഇന്ത്യയില്‍ ഗോ വിഷയവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ പീഡിപ്പിക്കപ്പെട്ട മുഹമ്മദ് അഖ്‌ലാഖ് അടക്കമുള്ള മുസ്‌ലിംകളുടെ കാര്യം പരാമര്‍ശിക്കുകപോലും ചെയ്യാതെ വിട്ടുകളയുകയായിരുന്നു പ്രധാനമന്ത്രി. കേവലം ദു:ഖിപ്പിക്കുന്നത് എന്നതിലപ്പുറം മുസ്‌ലിംകളുടെ ഹൃദയത്തെ കുത്തിനോവിക്കുന്നതാണ് ഈ സംഭവം. 'എനിക്ക് ഈ ആളുകളോട് പറയാനുള്ളത് ഇത്രമാത്രമാണ്: നിങ്ങള്‍ക്ക് ആരെയെങ്കിലും അക്രമിക്കണമെങ്കില്‍ എന്നെ അക്രമിക്കുക. എന്റെ ദളിത് സഹോദരങ്ങളെ അക്രമിക്കുന്നത് അവസാനിപ്പിക്കുക. നിങ്ങള്‍ക്ക് വെടിവെക്കണമെന്നുണ്ടെങ്കില്‍ എന്നെ വെടി വെക്കുക. എന്റെ ദളിത് സഹോദരങ്ങളെ വെക്കരുത്. ഈ കളി അവസാനിപ്പിക്കണം.' തന്റെ ഹൈദരാബാദിലെ പ്രസംഗത്തിലാണ് നരേന്ദ്ര മോദി ഇങ്ങനെ പറഞ്ഞത്. ശരിക്കും ദുഷ്ട ബുദ്ധിയുള്ള രാഷ്ട്രീയക്കാരനായാണ് മോദി ഇവിടെ പ്രത്യക്ഷപ്പെടുന്നത്. ഒരു ഭാഗത്ത് ദളിതരെ സംപ്രീതരാക്കാന്‍ അദ്ദേഹം ശ്രമിക്കുമ്പോള്‍ മറുഭാഗത്ത് യു.പി അസംബ്ലി തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഏറ്റവും കൂടുതല്‍ പേടിക്കുന്ന ദളിത്-മുസ്‌ലിം ഐക്യത്തെ തകര്‍ത്തെറിയാനാണ് അദ്ദേഹം ഈ പ്രസ്താവനയിലൂടെ ഒരുമ്പിട്ടിരിക്കുന്നത്. ബി.ജെ.പിക്ക് പേടിസ്വപ്‌നമായി മാറിയേക്കാവുന്ന ഈയൊരു കൂട്ടായ്മ ഇല്ലായ്മ ചെയ്യല്‍ തങ്ങളുടെ നിലനില്‍പ്പിന്റെ കൂടി ഭാഗമാണെന്ന തിരിച്ചറിവില്‍നിന്നാണ് മോദിയില്‍നിന്നും ബോധപൂര്‍വ്വമായ ഇത്തരമൊരു ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. ഗോരക്ഷകരില്‍നിന്നും പീഡനങ്ങള്‍ നേരിട്ട ദളിതരെ പ്രത്യേകമായി എടുത്തുപറഞ്ഞുള്ള പ്രീണിപ്പിക്കല്‍ നയം ഇന്ത്യയിലെ മുസ്‌ലിം സമൂഹത്തോടുള്ള പ്രത്യേകമായൊരു അവമതിപ്പിന്റെ ഭാഗമായിട്ടുണ്ടായതായാണ് വിലയിരുത്തല്‍. ഇതിലും ഭേദം ഇവ്വിഷയത്തില്‍ മോദിയുടെ മൗനം തന്നെയായിരുന്നുവെന്നാണ് മുസ്‌ലിം നേതാക്കള്‍ പറയുന്നത്. മുഹമ്മദ് അഖ് ലാഖ് ഉള്‍പ്പെടെ ധാരാളം പേര്‍ പശുവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ കൊല്ലപ്പെടുകയോ ആക്രമിക്കപ്പെടുകയോ ചെയ്തിട്ടും അത് രീഷ്ട്രീയ മേഖലകളിലും മറ്റും വലിയ ഒച്ചപ്പാടുകള്‍ സൃഷ്ടിച്ചിട്ടും മോദി ഇവിടെ ആ വിഷയം സൂചിപ്പിക്കുക പോലും ചെയ്യാതിരുന്നത് അദ്ദേഹത്തിന്റെ കപട മുഖം കൂടുതല്‍ പുറത്തുകൊണ്ടുവന്നിരിക്കയാണ്. അദ്ദേഹത്തിന്റെ ഉള്ളിലെ മുസ്‌ലിം വെറുപ്പിന്റെ പുതിയൊരു ആവിഷ്‌കാരമായാണ് ഇന്ത്യന്‍ ജനത ഇതിനെ മനസ്സിലാക്കുന്നത്. ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖിന്റെ കൊല നടന്നത് മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഡല്‍ഹിയില്‍ നിന്നും ഏറെ അകലെയായിരുന്നില്ല. ശേഷം, ഝാര്‍ഖണ്ഡിലെ മാംസക്കച്ചവടക്കാരായ മള്‌ലൂം, ഇനായത്തുല്ലാ ഖാന്‍ തുടങ്ങിയവര്‍ ഇതേ വിഷയത്തില്‍ അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്നു. ഹരിയാനയില്‍ ചില ചെറുപ്പക്കാരെ ഇതേ വിഷയം ആരോപിച്ച് പശുവിന്റെ മൂത്രം കുടിപ്പിക്കുകയും ചാണകം തീറ്റിക്കുകയും ചെയ്തിരുന്നു. ചുരുങ്ങിയ കാലയളവിനുള്ളില്‍ ഇങ്ങനെ അനവധി സംഭവങ്ങള്‍. പശു സംരക്ഷക സേന എന്ന പേരില്‍ വര്‍ഗീയതയുടെ പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി പുതിയൊരു വിഭാഗം ഭരണകൂടത്തിന്റെ പിന്‍ബലത്തില്‍ വിലസുന്നുവെന്നതാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. കഴിഞ്ഞ പത്തു മാസത്തിനിടയില്‍ യു.പി, ഝാര്‍ഖണ്ഡ്, കശ്മീര്‍, ഹരിയാന, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളിലെല്ലാം ഈ വിഭാഗത്തിന്റെ വിളയാട്ടം നടന്നതായി കാണാം. രാജ്യ സ്‌നേഹത്തെ പശുവിഷയത്തില്‍ ചുരുക്കി മനുഷ്യ ജീവന്റെ വില പോലും മറന്ന് അതിനുവേണ്ടി പ്രവര്‍ത്തിക്കുകയാണ് പശുവാദികള്‍. മോദിയുടെ മൗനമായിരുന്നു കാലങ്ങളായി അവരുടെ കരുത്തും ശക്തിയും. ഗുജറാത്തിലെ സ്വയം പ്രഖ്യാപിത പശു സംരക്ഷകര്‍ ചത്ത പശുവിന്റെ തൊലി എടുത്തതിന്റെ പേരില്‍ ദളിത് യുവാക്കളെ നഗ്നരാക്കി മര്‍ദ്ദിച്ചതോടെ ആര്‍.എസ്.എസിന്റെ തലോടലില്‍ കഴിയുന്ന അവിടത്തെ ഈ പശു ജാഗ്രത വിഭാഗം ശരിക്കും വെള്ളം കുടിച്ചിരിക്കുന്നു. ഈ സംഭവങ്ങളെ തുര്‍ന്ന് അവിടെ ദളിതര്‍ സംഘടിക്കുകയും ദിവസങ്ങളോളം നീണ്ടുനിന്ന പ്രക്ഷോഭങ്ങളാണ് അവരവിടെ സംഘടിപ്പിക്കുകയും ചെയ്തു. സംഭവത്തില്‍ പ്രതിഷേധിച്ച് ആത്മഹത്യാ ഭീഷണിയുമായും യുവാക്കള്‍ മുന്നോട്ടുവന്നു. പ്രക്ഷോഭക്കാര്‍ സുരേന്ദ്ര നഗറില്‍ ദേശീയ പാതയില്‍ ചത്ത പശുവിനെ ഇട്ട് ഗതാഗതം തടഞ്ഞു. ഒരു ട്രക്ക് നിറയെ പശുക്കളുടെ ജീര്‍ണാവശിഷ്ടങ്ങളുമായി വന്ന് കലക്ടറേറ്റിനു മുന്നില്‍ സരമം നത്തി. നാറുന്ന സമര വഴികള്‍ ഒന്നൊന്നായി തുടര്‍ന്നുവന്നതോടെ ഈ പ്രതിഷേധ മുന്നേറ്റം ഗുജറാത്ത് സര്‍ക്കാറിനെത്തന്നെ പ്രതിരോധത്തിലാക്കുകയായിരുന്നു. മുഖ്യമന്ത്രിക്കു രാജി വെക്കേണ്ട അവസ്ഥ വരേ അവിടെയുണ്ടായി. ഈ സംഭവങ്ങളുടെയെല്ലാം പശ്ചാത്തലത്തിലാണ് മോദി ഇപ്പോള്‍ 'പശു ജാഗ്രത വിഭാഗ'ത്തെ അക്ഷേപിച്ചുകൊണ്ട് മുന്നോട്ടുവന്നിരിക്കുന്നത്; ഒരു രാഷ്ട്രീയ പരിഹാസമായിട്ടാണെങ്കിലും. ദളിതരെ പ്രീണിപ്പിച്ചുകൊണ്ട് തങ്ങള്‍ക്ക് ഭീഷഷണിയായി മാറിയ ദളിത് ഐക്യം തകര്‍ക്കുക എന്നതുമാത്രമാണ് മോദി ഇതിലൂടെ ഉദ്ദേശിച്ചിരിക്കുന്നത്. അതേ സമയം മോദിയുടെ ഈ പ്രസ്താവനക്കെതിരെ ഹിന്ദു മഹാ സഭ അടക്കം ഹിന്ദു സംഘടനകള്‍ രംഗത്ത് വരികയും ചെയ്തിരിക്കുന്നു. മോദിയുടെ രാഷ്ട്രീയ അജണ്ടകള്‍ മനസ്സിലാക്കാത്തുകൊണ്ട് മാത്രമാണിത്. പശു വിഷയത്തില്‍ ഏറ്റവും കൂടുതല്‍ പീഡിപ്പിക്കപ്പെട്ട മുസ്‌ലിംകളെ വേദനിപ്പിച്ചുകൊണ്ട് ഈ ദളിത് പ്രീണനം വേണ്ടിയിരുന്നോ എന്നതാണ് ഇപ്പോള്‍ രാജ്യമാകെ ഉയര്‍ന്നുവന്നിരിക്കുന്ന ചോദ്യം. ന്യൂനപക്ഷ വിഭാഗങ്ങളുടെ ദൈന്യതയാര്‍ന്ന സമര ഘട്ടങ്ങളില്‍പോലും പ്രധാനമന്ത്രി വര്‍ഗീയ ദ്രുവീകരണത്തിന്റെ അതി ഹീനമായ കളികള്‍ കളിക്കുന്നത് ഏറെ അപലപനീയം തന്നെ. ഗുജറാത്തില്‍ സംഘടിക്കുക വഴി ഭരണകൂടത്തിന് ദളിതുകള്‍ നല്‍കിയ ഷോക്കാണ് ഇവിടെ പ്രതിഷേധത്തിന്റെ അനുകരണീയമായൊരു മാര്‍ഗം. ഇത്തരം അധിക്ഷേപങ്ങളെ തകര്‍ക്കാനെങ്കിലും സംഘടിക്കണമെന്ന ദളിത് പാഠം ഇവിടെ മുസ്‌ലിംകളുടെ കണ്ണ് തുറപ്പിക്കേണ്ടതുണ്ട്. വിവ. ഇര്‍ശാന അയ്യനാരി

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter