സുന്നി ഐക്യം: കഴുകനെത്തുംമുമ്പ് പിണക്കം പറഞ്ഞുതീര്‍ക്കുന്നതല്ലേ നല്ലത്
പത്തു വര്‍ഷം നീണ്ട ഇടക്കാല പിണക്കത്തിനു ശേഷം മുജാഹിദ് പ്രസ്ഥാനങ്ങള്‍ ഒന്നിക്കുമ്പോള്‍ ആദര്‍ശപരമായ ഭിന്നതകള്‍ക്കപ്പുറം അത് നല്‍കുന്ന ഒരുപാട് നല്ല സന്ദേശങ്ങളുണ്ട്. മുസ്‌ലിംകള്‍ രാഷ്ട്രീയ ഫാസിസത്തിനു മുമ്പില്‍ ഇര വല്‍കരിക്കപ്പെടുമ്പോള്‍ ഒന്നിച്ചുനില്‍ക്കണമെന്ന വലിയൊരു കാര്യമാണ് അതില്‍ പ്രധാനപ്പെട്ട ഒന്ന്. സലഫികള്‍ ഭീകരവാദത്തിന്റെ പേരില്‍ രാഷ്ട്രീയമായി വേട്ടയാടപ്പെട്ടപ്പോള്‍ ഭിന്നിച്ചുനിന്നതിന്റെ തിക്തഫലം ശരിക്കും തിരിച്ചറിഞ്ഞതുകൊണ്ടുതന്നെയാണ് ഒന്നിച്ചു നില്‍ക്കാനുളള ഈയൊരു തീരുമാനം. ഇതൊരിക്കലും ആദര്‍ശപരമായി അവര്‍ക്കിടയില്‍ തന്നെ രൂപപ്പെട്ട ഭിന്നതകളെ സമന്വയിപ്പിക്കുകയും പരിഹരിക്കുകയും ചെയ്യില്ല എന്ന കാര്യം തീര്‍ച്ചയാണ്. അത് എല്ലാവര്‍ക്കും വ്യക്തമായി അറിയും. എന്നിട്ടും ഐക്യപ്പെടാന്‍ തയ്യാറായി എന്നതാണ് ഇവിടെ ഏറെ പ്രശംസിക്കപ്പെടേണ്ട കാര്യം.
വിഘടിച്ചുപോയവര്‍തന്നെ ഐക്യത്തിന്റെ മാഹാത്മ്യം ഉള്‍കൊണ്ട് മാതൃസംഘടനയിലേക്കു തിരിച്ചുവന്ന് ഒന്നാവാന്‍ എളിമ കാണിച്ചുവെന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. ഹുസൈന്‍ മടവൂര്‍ ഇന്ന് (19-12-2016) ചന്ദ്രികയില്‍ എഴുതിയ ലേഖനത്തില്‍ വിനയത്തിന്റെ വഴിയില്‍ തന്റെ ഈ പുറപ്പാടിനുള്ള കാരണവും വ്യക്തമാക്കുന്നുണ്ട്. സന്തോഷത്തോടെ ഇനി മരിക്കാമല്ലോ എന്നാണ് അതില്‍ അദ്ദേഹം എടുത്തുപറയുന്ന ഒരു കാര്യം. താന്‍ കാരണമായി സമൂഹം വിഭജിക്കപ്പെടുകയും തനിക്കു ശേഷം ആ വിഭജനം സങ്കീര്‍ണമായി പ്രശ്‌നങ്ങളുണ്ടാവുകയും വേണ്ട എന്ന ഒരു നല്ല മനസ്സാവാം ഈ ഐക്യത്തിന് അദ്ദേഹത്തെ പ്രേരിപ്പിച്ചത്.
എന്നാല്‍, ഈയൊരു നല്ല മനസ്സ് കാന്തപുരത്തിനു കൂടി ഉണ്ടായിരുന്നുവെങ്കില്‍ എന്നാണ് കേരള മുസ്‌ലിംകളുടെ ഇന്നത്തെ പ്രാര്‍ത്ഥന. കേരള മുസ്‌ലിംകളില്‍ 90 ശതമാനം വരുന്ന സുന്നികള്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനഫലമായി ഭിന്നിച്ചിട്ട് 25 വര്‍ഷം കഴിഞ്ഞു. ഓരോ ദിവസവും കഴിഞ്ഞുപോകും തോറും ഇരുവിഭാഗവും തമ്മിലുള്ള വീറും വാശിയും കൂടിവരികയും തല്‍ഫലമായി സംഘര്‍ഷങ്ങളും അകല്‍ച്ചയും കൂടുകയും ചെയ്യുന്നു എന്നല്ലാതെ വിശ്വാസികള്‍ എന്ന നിലക്ക് സഹകരണത്തിലൂടെ പോവുക എന്നതിനെക്കുറിച്ച ഒരു ചിന്ത പോലും നടക്കുന്നില്ല. മുമ്പ് നിഷ്‌കാമ കര്‍മികളായ ചില സാത്വികര്‍ ഐക്യശ്രമങ്ങളുമായി മുന്നോട്ടുപോയിരുന്നുവെങ്കിലും കാന്തപുരം വിലങ്ങ് നില്‍ക്കുകയായിരുന്നു. സ്‌നേഹം ഊട്ടിയുറപ്പിക്കാനും സൗഹാര്‍ദം വളര്‍ത്താനും പള്ളി സ്ഥാപിക്കുകയും അതിനുവേണ്ടി ഒന്നിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടവര്‍ മുഴത്തിനു മുഴം പള്ളി സ്ഥാപിച്ച് പരസ്പരം വിഘടിക്കുകയാണ് ഇന്ന്. നല്ലപോലെ നടന്നുപോകുന്ന പള്ളികള്‍ പരസ്പരം കലഹിച്ച് അടച്ചുപൂട്ടുന്നു. എല്ലാറ്റിലുമപ്പുറം മാനസികമായ വലിയൊരു അകല്‍ച്ചയാണ് കേരളത്തിലെ മുസ്‌ലിംകള്‍ക്കിടയില്‍ ഈ ഭിന്നത സൃഷ്ടിച്ചിരിക്കുന്നത്.
കേരളത്തിലെ സംഘടിതമായ മുസ്‌ലിം കൂട്ടായ്മക്ക് എതിര് നിന്ന് ചിലരുടെ കയ്യടി നേടുകയെന്ന പൊളിറ്റിക്‌സാണ് ഇത്തരം ഘട്ടങ്ങളിലെല്ലാം കാന്തപുരം സ്വീകരിച്ചത്. ഇസ്‌ലാമിന്റെ സ്‌നേഹ പ്രപഞ്ചം തിരിച്ചറിഞ്ഞ് സഹകരണത്തോടെ ഒരുമിച്ചു പോവുകയും മുസ്‌ലിം ഉമ്മത്തിന്റെ യശസ്സ് നഷ്ടപ്പെടാതെ നോക്കുകയും ചെയ്യുന്നതിനു പകരം മത രംഗത്തും രാഷ്ട്രീയ രംഗത്തും സ്വന്തം ഫിഗര്‍ ചമയാനുള്ള വഴികള്‍ മാത്രമാണ് കാന്തപുരം എന്നും ശ്രദ്ധിച്ചത്. ഇവിടെയുള്ളവരെല്ലാം തനിക്കു കീഴില്‍ വരണമെന്ന അഹംഭാവമാണ് അദ്ദേഹത്തെ നയിക്കുന്നത്. അതുകൊണ്ടുതന്നെ സര്‍വ്വ ഐക്യ ശ്രമങ്ങളും ആ ആഗ്രഹത്തിനു മുമ്പില്‍ വിഫലമാകുന്നു. മുഖ്യധാരയില്‍നിന്നുളള തന്റെ ഭിന്നിപ്പിനും അടിസ്ഥാന കാരണം ഈ നേതാവാകാനുള്ള ത്വര തന്നെയായിരുന്നു.
തങ്ങളെ സഹായിക്കുന്നവരെയെല്ലാം തിരിച്ചും സഹായിക്കും എന്ന കപട രാഷ്ട്രീയ നയം അദ്ദേഹത്തെ പല വര്‍ഗീയ വിധ്വംസക ചേരികളുമായും അവിശുദ്ധ ബാന്ധവം സ്ഥാപിക്കുന്നതിലേക്കുവരെ കൊണ്ടെത്തിച്ചതായി കാണാം. മതത്തിന് വളക്കൂറുള്ള കേരള മണ്ണില്‍ മുസ്‌ലിംകള്‍ക്കിടയില്‍ കമ്യൂണിസത്തിന് വേര് ഉണ്ടാക്കിക്കൊടുത്ത അദ്ദേഹം കേരളത്തില്‍നിന്നും ബി.ജെ.പിയെ നിരന്തരം പ്രശംസിച്ചുകൊണ്ടിരിക്കുന്ന 'പണ്ഡിതന്‍' എന്ന ഖ്യാതിയും നേടി. താനും തനിക്കു കൂടെയുള്ളവരും മാത്രമാണ് ഇവിടത്തെ മുസ്‌ലിംകള്‍ എന്ന് തെറ്റായി ധരിച്ച് കേരള മുസ്‌ലിം ഉമ്മത്തിനെ ഫാസിസ്റ്റുകള്‍ക്കുമുമ്പില്‍ ഒറ്റുകൊടുക്കുകയായിരുന്നു അദ്ദേഹം തന്റെ പല പ്രവര്‍ത്തനങ്ങളിലൂടെയും. ഇന്ത്യയില്‍ ഇസ്‌ലാമിക ശരീഅത്തിനെതിരെ ഫാസിസ്റ്റ് ഭീഷണി ഉയര്‍ന്നപ്പോള്‍ അതിനെതിരെ കേരള മുസ്‌ലിംകള്‍ സംഘടിക്കുകയും യോഗം ചേരുകയും ചെയ്തപ്പോള്‍ കാന്തപുരം അതില്‍നിന്നും മാറിനിന്നു. കരിപ്പൂരില്‍ വിമാനങ്ങളുടെ ചിറകരിയരുതെന്ന മറ്റൊരു സമരത്തിന്റെ തിരക്കിലായിരുന്നു അവരന്ന്. തന്റെ വേദിയില്‍ മോദിക്കെതിരെ പ്രസംഗിച്ച സ്വാമിജിയെപ്പോലും തിരുത്തി തന്റെ മോദി ഭക്തി പരസ്യമാക്കി. ഡല്‍ഹിയില്‍ സൂഫി സമ്മേളനത്തില്‍ പങ്കെടുത്ത് മോദിക്കുമുമ്പില്‍ തന്റെ അപ്രമാദിത്വം ബോധ്യപ്പെടുത്തി. ഇങ്ങനെ നീണ്ടുപോകുന്നു കാന്തപുരത്തിന്റെ പോരിഷകള്‍! എന്നിട്ടും നല്ലൊരു ഭക്തനിര തന്നെ ആശീര്‍വദിച്ചുകൊണ്ട് പിന്നില്‍ ഉറച്ചുനില്‍ക്കുന്നുവെന്നതാണ് അദ്ദേഹത്തെ വീണ്ടും വീണ്ടും അപകടങ്ങളിലേക്ക് വലിച്ചുകൊണ്ടുപോകുന്ന ഏറ്റവും വലിയ ഘടകം.
ഫാസിസം വലിയ ഭീഷണിയാവുകയും മുസ്‌ലിംകള്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ഇക്കാലത്ത് സ്വയം വിഘടിച്ച് ഫാസിസത്തിന്റെ കുടക്കീഴില്‍ അഭയം തേടുകയാണോ അതോ ഡംഭു നാട്യങ്ങള്‍ മാറ്റിവെച്ച് വിനയാന്വിതരായി ഐക്യപ്പെടുകയാണോ വേണ്ടത് എന്നൊരു ചോദ്യം ഇവിടെ ഉയര്‍ന്നുവരുന്നുണ്ട്. വിവേകത്തിന്റെ വഴി, പേരിനു മാത്രമുള്ള പരസ്പര പിണക്കങ്ങള്‍ മറന്ന് ഇസ്‌ലാമിന്റെ പേരില്‍ ഐക്യപ്പെടുക എന്നതുതന്നെയാണ്. കേരള മുസ്‌ലിംകള്‍ അതിനെ തീര്‍ച്ചയായും കൊതിക്കുന്നുണ്ട്. കാലം അതിനെ തേടുകയും ചെയ്യുന്നു. പക്ഷെ, ഹുസൈന്‍ മടവൂര്‍ കാണിച്ച ആ വിനയത്തിന്റെ തിരിച്ചറിവ് കാന്തപുരത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാവുമോ എന്നതുമാത്രമേ സംശയമുള്ളൂ.
സുന്നി ഐക്യവുമായി ബന്ധപ്പെട്ട് ഈയിടെ നടന്ന ഒരു ചാനല്‍ ചര്‍ച്ചയില്‍ സുന്നി വിഘടനം തന്നെയാണ് നന്മ എന്ന നിലക്കാണ് കാന്തപുരം പക്ഷത്തെ പ്രതിനിധീകരിച്ച വ്യക്തി അഭിപ്രായ പ്രകടനം നടത്തിയിരുന്നത്. ഫാസിസവുമായും കമ്യൂണിസവുമായും രാജിയാകുമ്പോള്‍ അവരെ സംബന്ധിച്ചിടത്തോളം ഈ പിളര്‍പ്പ് വലിയ അനുഗ്രഹമായി വര്‍ത്തിച്ചിട്ടുണ്ടാവാം. പക്ഷെ, തങ്ങളിരിക്കുന്ന കിണറിന് പുറത്ത് പന്തലിച്ചുനില്‍ക്കുന്ന മുസ്‌ലിം ഉമ്മത്തിന് ഇത് എത്രമാത്രം വലിയ അപകടമാണ് വരുത്തിവെക്കുകയെന്നതിനെക്കുറിച്ച് ചിന്തിക്കാതിരിക്കാന്‍ കഴിയുമോ? ഇന്നു ഞാന്‍ നാളെ നീ എന്ന നിലക്കാണ് മുസ്‌ലിംകള്‍ക്കു മേല്‍ ഇന്ന് വെല്ലുവിളികള്‍ ഉയര്‍ന്നുനില്‍ക്കുന്നത്. ഈയൊരു അപകട സന്ധിയിലും ഐക്യത്തെക്കുറിച്ച് ചിന്തിക്കുകപോലും ചെയ്യാതെ, അനൈക്യത്തില്‍ രതി സുഖം നേടുമ്പോള്‍ നാം സ്വയം ചോദിച്ചുപോകുന്നു; ശരിക്കും നാം പ്രതിനിധാനം ചെയ്യുന്നത് പ്രവാചകരിലൂടെ അവതരിച്ച സ്‌നേഹത്തിന്റെ മതമായ ഇസ്‌ലാമിനെത്തന്നെയാണോ അതോ ഫാസിസത്തെയോ....?!!



Leave A Comment